
പരിഹാസം
”അബുല്‍ വലീദ്, താങ്കള്‍ക്കിതെന്തുപറ്റി?”
മുഹമ്മദുമായി സംസാരിച്ച് അയാളെ വീഴ്ത്താൻ തനിക്കാകും എന്ന ആത്മവിശ്വാസത്തോടെ സദസ്സു വിട്ട് പോയ റബീഅയുടെ മകൻ ഉത്ബയുടെ അടിമുടി ഭാവപ്പകർച്ച ശ്രദ്ധിച്ച കൂട്ടത്തിലൊരാൾ അനിച്ഛാപ്രേരണയിലെന്നവണ്ണം ചോദിച്ചു.
മുഖത്ത് സദാ കളിയാടിയിരുന്ന ശാന്തചിത്തത ഇപ്പോൾ അവിടെയില്ലെങ്കിലും അക്ഷോഭ്യനായി ഉത്ബ മറുപടി നല്‍കി, ”ഇന്നുവരെ കേള്‍ക്കാത്ത മാതിരിയുള്ള വചനങ്ങള്‍ ഞാന്‍ കേട്ടു. അതു കവിതയല്ല. ദൈവമാണ! അത് ക്ഷുദ്രവിദ്യയോ ആഭിചാരമോ അല്ല.”
“കുറയ്ഷ്, നിങ്ങളെനിക്ക് ചെവിതരിക, ഞാന്‍ പറയുന്നതുപോലെ ചെയ്യുക. ഈ മനുഷ്യന്നും അയാളുടെ സന്ദേശത്തിന്നുമിടയില്‍ കയറിനിന്ന് തടസ്സം സൃഷ്ടിക്കാതിരിക്കുക. മുഹമ്മദ് അദ്ദേഹത്തിന്റെ ദൗത്യം നിറവേറ്റട്ടെ. ദൈവമാണേ, ഞാനദ്ദേഹത്തിന്റെ മുഖത്തുനിന്നുകേട്ട വാക്കുകള്‍ ഒരു സുവിശേഷം പോലെ ഈ നാട്ടിൽ സ്വീകരിക്കപ്പെടും.
“അറബികള്‍ അദ്ദേഹത്തെ കൈയൊഴിയുകയാണെങ്കില്‍ മറ്റൊരു കൂട്ടരുടെ കൈയാൽ അവര്‍ അതിജയിക്കപ്പെടും. അദ്ദേഹം അറബികളെ കീഴടക്കിക്കഴിഞ്ഞാല്‍പ്പിന്നെ അദ്ദേഹത്തിന്റെ ശക്തിയായിരിക്കും നിങ്ങളുടെ ശക്തി. അങ്ങനെ ലോകത്തുതന്നെ ഏറ്റവും സുഭഗരായ സമൂഹം നിങ്ങളുടേതായിരിക്കും; അതോര്‍മ്മവെക്കുക.”
മുഹമ്മദിനെക്കുറിച്ചുള്ള ഉത്ബയുടെ നല്ല വാക്കുകള്‍ അവരുടെ ഞരമ്പുകളെ പിടപ്പിച്ചു, രക്തം തിളപ്പിച്ചു. അവര്‍ പറഞ്ഞു, ”അബുല്‍ വലീദ്, പട്ടുപോലെയുള്ള നാവുകൊണ്ട് അയാള്‍ താങ്കളെയും കയ്യിലെടുത്തുവല്ലെ.”
ഉത്ബ പറഞ്ഞു, ”ചങ്ങാതിമാരേ, ഞാനെന്റെ അഭിപ്രായം നിങ്ങളുടെ മുമ്പില്‍ വെച്ചുവെന്നുമാത്രം, നിങ്ങള്‍ക്കു നല്ലതെന്നു തോന്നിയത് നിങ്ങള്‍ ചെയ്യുക.”
അയാള്‍ പിന്നീട് അവരെ എതിര്‍ത്തതേയില്ല. നൈമിഷികമായ ആശ്ചര്യത്തില്‍ കവിഞ്ഞ് ഒരു പ്രതികരണവും കുര്‍ആന്‍ വാക്യങ്ങള്‍ ആ കുറയ്ഷി പ്രമുഖനില്‍ ചെലുത്തിയില്ല എന്നുവരുമോ! അതല്ലെങ്കില്‍ നൂറായിരം ആശങ്കകളുടെ സൂചിക്കുഴയിലൂടെ സഞ്ചരിച്ച് അങ്ങനെയൊരു തീരുമാനത്തിലെത്തുന്നതാണ് തന്റെ പദവിക്കനുയോജ്യം എന്നയാള്‍ തീർച്ചയാക്കിയതാകുമോ!!
ഉത്ബ മുഹമ്മദിനു മുമ്പില്‍ ചൊരിഞ്ഞ മോഹനവാഗ്ദാനങ്ങളൊന്നും ഫലം കൊയ്തില്ലെന്ന ചവര്‍ക്കുന്ന സത്യത്തിന്റെ നെഞ്ചൂക്കിലും കുറയ്ഷ് നിരാശരായില്ല. അവരിലൊരാള്‍ പറഞ്ഞു, ”കുറയ്ഷ്, മുഹമ്മദിന്റെ അടുത്തേക്ക് നിങ്ങൾ ഒരാളെ അയക്കാത്തതെന്ത്? എന്നിട്ട്, നമുക്കയാളുമായി തര്‍ക്കവിതര്‍ക്കങ്ങളിലേര്‍പ്പെടാം. വക്കാണിച്ചുനോക്കാം. മുഹമ്മദിനെ പിന്തിരിപ്പിക്കാനായി ഏതെങ്കിലും മാര്‍ഗം നാം പരീക്ഷിക്കാതെ വിട്ടുകളഞ്ഞുവെന്ന് ആർക്കും പറയാനവസരം നൽകരുത്.”
അപ്പറഞ്ഞതു ന്യായം. സമയം കളയാതെ മുഹമ്മദിനടുത്തേക്ക് ഒരാളെ വിട്ടു. അയാള്‍ പ്രവാചകനോടു പറഞ്ഞു, ”താങ്കളുടെ സമുദായത്തിലെ കുലീനരായവര്‍ ഒത്തുകൂടിയിരിക്കുകയാണ്. അവര്‍ താങ്കളുമായി ചിലതെല്ലാം സംസാരിക്കാനാഗ്രഹിക്കുന്നു.”
അങ്ങനെയൊരു നിമിഷത്തെ കാത്തിരിക്കുകയായിരുന്നുവല്ലോ തിരുദൂതർ. അന്നേരംതന്നെ കുറയ്ഷികൾ അയച്ച ദൂതനു പിന്നാലെ അദ്ദേഹം നടന്നു; മനസ്സ് നിറയെ പ്രതീക്ഷയും ഹൃദയം നിറയെ ആഹ്ളാദവുമായി. കുറയ്ഷ് അവരുടെ നിലപാടു മാറ്റിയേക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
കുറയ്ഷി പ്രമുഖരുടെ ഇടതൂര്‍ന്ന സാന്നിധ്യത്തിലേക്ക് മുഹമ്മദ് കടന്നുചെന്നു. ഇവരിലാരെയെങ്കിലും സത്യത്തിലേക്ക് വഴികാണിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ അവരെക്കണ്ട് സംസാരിച്ചതും മനസ്സില്‍ തളിരിട്ട പ്രതീക്ഷയുടെ പൂക്കള്‍ ക്ഷണനേരത്തിൽ വാടിയുണങ്ങി. നേരത്തെ ഉത്ബ നിരത്തിയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമായിരുന്നു അവര്‍. അവിളംബം തിരുമേനി പറഞ്ഞു, ”എനിക്ക് പിശാച് ബാധയുണ്ടായിട്ടില്ല. ഞാന്‍ നിങ്ങള്‍ക്കിടയില്‍ നിന്ന് ആദരവ് തേടുന്നുമില്ല. എനിക്ക് നിങ്ങളുടെ രാജാവാകുകയും വേണ്ട. എന്നാല്‍, അല്ലാഹുവെന്നെ നിങ്ങള്‍ക്കിടയില്‍ ഒരു പ്രവാചകനായി നിയോഗിച്ചിരിക്കുന്നു; എനിക്കൊരു ഗ്രന്ഥവും നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു സുവിശേഷകനും മുന്നറിയിപ്പുകാരനുമാകാന്‍ എന്നോട് അവന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. നോക്കൂ, ഇവിടെ വെച്ചിതാ ഞാനാ സന്ദേശം നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങളത് സ്വീകരിക്കുന്നുവെങ്കില്‍ ഈ ലോകത്തും വരുംലോകത്തും നിങ്ങള്‍ക്ക് നല്ലത്; അതല്ല, നിങ്ങളത് തിരസ്‌കരിക്കുന്നുവെങ്കില്‍ നമുക്കിടയില്‍ അല്ലാഹു വിധി കല്‍പ്പിക്കുന്നതു വരെ ഞാന്‍ ക്ഷമാപൂര്‍വം കാത്തിരിക്കും.
ചുറ്റും വെട്ടം പരത്തി ഉജ്ജ്വലമായി ജ്വലിക്കുന്ന വെണ്‍ചിരാതിന്റെ തെളിഞ്ഞ വെളിച്ചം അവര്‍ക്ക് കാണാവുന്നതേയുള്ളൂ. എന്നാല്‍, ഏതെല്ലാമോ ശാഠ്യങ്ങളുടെ ദുര്‍ഭൂതങ്ങള്‍ അവരെ പിന്നോട്ടു തള്ളിക്കൊണ്ടിരുന്നു; പുകയുന്ന പകയുടെ നടുവിലേക്ക് അഥവാ, അവര്‍ തുടങ്ങിയേടത്തേക്കുതന്നെ.
അദ്ദേഹം മുമ്പോട്ടുവെച്ച നിര്‍ദേശങ്ങള്‍ അവര്‍ സ്വീകരിക്കണമെങ്കില്‍, താന്‍ പ്രവാചകനാണെന്ന് അവര്‍ക്ക് തോന്നുംവിധം എന്തെങ്കിലും വിദ്യകള്‍ അദ്ദേഹം അവരുടെ മുമ്പിൽ കാണിക്കണം. ഒരു കൂട്ടർക്ക് കാണേണ്ടതിതാണ്:
”ഈ പര്‍വതം നീക്കിമാറ്റി ഇവിടെ സമനിരപ്പായ നിലം സൃഷ്ടിക്കാന്‍ നിങ്ങൾ നിങ്ങളുടെ ദൈവത്തോടാവശ്യപ്പെടാത്തതെന്ത്? അവിടെ ഒരു വനിക തീര്‍ക്കട്ടെ. എന്നിട്ട്, ഇറാകിലും സിറിയയിലും കാണുന്നതുപോലെയുള്ള അരുവികള്‍ അതിലൂടെ സ്വച്ഛന്ദമൊഴുകട്ടെ.”
മറ്റൊരാൾക്ക് പ്രവാചകന്‍ കാണിച്ചുകൊടുക്കേണ്ടത് ഇങ്ങനെയാണ്: ”മരണമടഞ്ഞ ഞങ്ങളുടെ പൂര്‍വപിതാക്കളെ നിങ്ങൾ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാത്തതെന്ത്? കുസയ്യും അക്കൂട്ടത്തിലുണ്ടാകട്ടെ. എന്നിട്ട്, ഞങ്ങള്‍ക്കദ്ദേഹത്തോട് ചോദിക്കണം, നിങ്ങൾ പറയുന്നത് സത്യമാണോ എന്ന്.”
വേറെ ചിലര്‍ക്ക് മുഹമ്മദിന്റെ ജീവിത സാഹചര്യം മെച്ചപ്പെട്ടുകണ്ടാല്‍ മതി. അതല്ലെങ്കില്‍ ഒരു മാലാഖ ഇറങ്ങിവന്ന് നബി പറയുന്നതു മുഴുവന്‍ സത്യമാണെന്ന് പ്രഖ്യാപിക്കുക. വായില്‍ വന്നതൊക്കെ അവര്‍ നബിയോടാവശ്യപ്പെട്ടുകൊണ്ടിരുന്നു.
”ഈ ചെടിച്ച മരുഭൂമിയില്‍ നിങ്ങൾക്കായി ഒരാരാമം തീര്‍ത്തുതരാന്‍ നിങ്ങളുടെ ദൈവത്തോടു പറയുക. ഞങ്ങള്‍ക്കും അറിയണമല്ലോ, നിങ്ങളുടെ ദൈവത്തിന്റെയടുത്ത് നിങ്ങൾക്കെത്രമാത്രം സ്ഥാനമുണ്ടെന്ന്…”
പരിഹാസത്തിൽ ഉയർന്നു പൊങ്ങിയ പൊട്ടിച്ചിരിയില്‍ അന്തരീക്ഷം അമര്‍ന്നു. ഒടുക്കം തിരുമേനി പറഞ്ഞു, ”നിങ്ങളീ ആവശ്യപ്പെട്ടതു മുഴുവന്‍ എന്റെ നാഥനോട് ഞാന്‍ ചോദിക്കാന്‍ പോകുന്നില്ല. ഞാനതിനുവേണ്ടി നിയുക്തനായവനുമല്ല. അല്ലാഹു എന്നെ അയച്ചിരിക്കുന്നത് താക്കീത് നല്‍കുവാനും സുവിശേഷമറിയിക്കാനുമാണ്.
സത്യത്തിന്റെ കഴുത്ത് പിടിച്ചു ഞെരിക്കാന്‍ എന്തൊരാവേശമായിരുന്നു കുറയ്ഷി പ്രമുഖര്‍ക്ക്! പ്രവാചകന്റെ വാക്കുകള്‍ അവരെ കൂടുതല്‍ക്കൂടുതല്‍ അഹങ്കാരികളാക്കി. അവര്‍ പറഞ്ഞു, ”എങ്കില്‍ ആകാശം തുണ്ടുകളായി ഞങ്ങളുടെ തലക്കുമേല്‍ പതിക്കട്ടെ.” പരിഹാസം കുര്‍ആനിനു നേരെയായിരുന്നു. ”അത് തീരുമാനിക്കേണ്ടത് അല്ലാഹുവാണ്. അവനങ്ങനെ ഇച്ഛിച്ചാല്‍ അതവന്‍ ചെയ്തതുതന്നെ.” പ്രവാചകന്‍ പറഞ്ഞു.
നിന്ദാദ്യോതകമായ ചില കണ്‍ചലനങ്ങളല്ലാതെ അവര്‍ ഒന്നും മറുത്തു പറഞ്ഞില്ല. പിന്നീടവര്‍ മറ്റൊരു പ്രശ്‌നത്തിലേക്കു കടന്നു.
”മുഹമ്മദ്, നിങ്ങൾക്കിതെല്ലാം പഠിപ്പിച്ചുതരുന്നത് യമാമക്കാരനായ റഹ്മാന്‍ എന്നു പേരുള്ള ഒരു ചങ്ങാതിയാണെന്നതല്ലേ ശരി? അയാളുടെ വാക്കുകളൊന്നും ഞങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല” – ജനപിന്തുണ സമ്മാനിച്ച മുഷ്‌കില്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ വിശേഷണമായി കുര്‍ആനില്‍ ഇടക്കിടെ പരമദയാലു എന്ന അര്‍ത്ഥത്തില്‍ അര്‍റഹ്മാന്‍ എന്ന് ആവര്‍ത്തിച്ചു വരുന്നതിലേക്കുള്ള സൂചനയായിരുന്നു അത്. പ്രവാചകന്‍ മൗനിയായി നിന്നതേയുള്ളൂ. നബി പുലർത്തുന്ന മൗനത്തിന്റെ ആയുധങ്ങൾക്കുള്ള മൂര്‍ച്ച അവരെ അസ്വസ്ഥരാക്കി.
അവര്‍ പറഞ്ഞു,
”മുഹമ്മദ്, ഇപ്പോള്‍ ഞങ്ങള്‍ക്കു ബോധ്യമായി, ന്യായം ഞങ്ങളുടെ ഭാഗത്താണ്. അതിനാല്‍, ദൈവത്തെപ്പിടിച്ച് ഞങ്ങളിതാ ആണയിടുന്നു, ഞങ്ങള്‍ നിങ്ങളെ തോല്‍പ്പിച്ചു നിലംപരിശാക്കുകയോ നിങ്ങൾ ഞങ്ങളെതോല്‍പ്പിക്കുകയോ ചെയ്യുന്നതുവരെ ഞങ്ങള്‍ നിങ്ങളെ സമാധാനത്തോടെ ജീവിക്കാനനുവദിക്കുകയില്ല. നിങ്ങളോട് ഞങ്ങള്‍ക്കിപ്പോഴുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയുമില്ല ഞങ്ങള്‍.”
കാരണത്തിനും അകാരണത്തിനും അണപൊട്ടിയൊഴുകുന്ന പകയായിരുന്നുവല്ലോ അവരുടെ വിശേഷമുദ്ര. കോപംകൊണ്ട് കണ്ണു തുറിച്ച് ഒരുത്തന്‍ പറഞ്ഞു, ”നിങ്ങൾ പറയുന്ന ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുമ്പില്‍ ഹാജരാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളിൽ വിശ്വസിക്കുകയില്ല.”
ഇതു കേട്ടതും പ്രവാചകന്‍ ഇരുന്നേടത്തുനിന്നെഴുന്നേറ്റ് രംഗം വിടാനൊരുങ്ങി. അന്നേരം മഖ്‌സൂം വംശജനായ അബൂ ഉമയയ്യുടെ പുത്രന്‍ അബ്ദുല്ല ചാടി എഴുന്നേറ്റു. പരിഹാസം കുത്തിനിറച്ച വാക്കുകളില്‍ അയാള്‍ പറഞ്ഞു,
”ഒരു കോണിയെടുത്ത് അതിലൂടെ ആകാശത്തേക്കു കയറിച്ചെന്ന് നാലു മലക്കുകളെയുമായി തിരിച്ചുവന്ന് അവരെക്കൊണ്ടു പറയിക്കണം, നിങ്ങൾ പറയുന്നതു മുഴുവന്‍ സത്യമാണെന്ന്. അതുവരെ ഞാന്‍ നിങ്ങളുടെ മതത്തിൽ വിശ്വസിക്കുകയില്ല. അഹങ്കാരം കൊണ്ട് കലിതുള്ളിയ അബ്ദുള്ള അടുത്ത ശ്വാസത്തില്‍ ഇത്രകൂടി പറഞ്ഞു, ”ഇനി നിങ്ങൾ അങ്ങനെയൊക്കെ ചെയ്താലും ഈ ഞാന്‍ വിശ്വസിക്കാന്‍ പോകുന്നില്ല.” വഴികേടിന്റെ അത്യഗാധമായ ഒരു ഗര്‍ത്തത്തിലേക്കയാള്‍ നിലതെറ്റി വീണു.
അബ്ദുല്ല, തന്റെ പിതാവ് വഴി അബൂജഹ്‌ലിന്റെ സഹോദരനായി വരും. എന്നാല്‍ അയാളുടെ ഉമ്മ ആതിക, അബ്ദുല്‍ മുത്തലിബിന്റെ മകളാണ്. സഹോദരനോടുള്ള സ്‌നേഹത്താലാണ് അബ്ദുല്ല എന്നവർ മകന് പേരിട്ടത്. അതുകൊണ്ടുതന്നെ, കനം തൂങ്ങുന്ന ഹൃദയവുമായാണ് പ്രവാചകന്‍ വീട്ടിലെത്തുന്നത്. മച്ചുനന്റെ പെരുമാറ്റം ഒരു വലിയ മുറിവായി അദ്ദേഹത്തിന്റെ ഹൃദയത്തെ നീറ്റി. വളരെ അടുത്ത ഒരാളില്‍ നിന്ന് ഇത്ര കടുത്ത നിന്ദ അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. താനും തന്റെ ജനതയും എത്ര അകലങ്ങളിലായാണ് നിലകൊള്ളുന്നതെന്നദ്ദേഹം മനസ്സിലാക്കി. അപ്പോഴും പ്രതീക്ഷയുടെ ലയാനുവര്‍ത്തികളായ വിദൂരസ്ഥ ശബ്ദങ്ങള്‍ ആകാശത്തിന്റെ അനന്തതയെ പിളര്‍ത്തി കടന്നെത്തി. അതിന്റെ സ്‌നേഹപ്പടര്‍പ്പില്‍ അദ്ദേഹം ആബദ്ധനാവുകയും ചെയ്തു.
മഖ്‌സൂം വംശത്തില്‍ നിന്നുതന്നെ അദ്ദേഹത്തിനടുത്തേക്ക് അദൃഷ്ടമായ ഒരു സഹായഹസ്തം നീണ്ടുവന്നു. തന്റെ മറ്റൊരമ്മായി, ബര്‍റയുടെ പുത്രന്‍ അബൂസലമ വഴിയാണ് ആ സഹായമെത്തിയത്. അബൂസലമയ്ക്ക്
ഒരു മച്ചുനനുണ്ട്. അദ്ദേഹം ധനാഢ്യനുമാണ് – അര്‍കം; അര്‍കമിന്റെ പുത്രന്‍ അര്‍കം. അദ്ദേഹം പ്രവാചകന്റെ അടുത്തത്തി മുസ്‌ലിമാകുന്നതിന്നായുള്ള സാക്ഷ്യവാക്യങ്ങള്‍ ഉറക്കെച്ചൊല്ലി. “അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.” പിന്നീട് സഫാ കുന്നിന്റെ അടിവാരത്തുള്ള സ്വന്തം വീട് അദ്ദേഹം ഇസ്‌ലാമിക സേവനത്തിനുവേണ്ടി സമര്‍പ്പിച്ചു. അന്നുമുതല്‍ മക്കയിലെ വിശ്വാസികള്‍ക്ക് ഒത്തുകൂടാനും നിര്‍ഭയരായി പ്രാര്‍ത്ഥിക്കാനുമുള്ള അരുമയായൊരു ഭവനമായി അര്‍കമിന്റെ വീട് അഥവാ ദാറുല്‍ അര്‍കം പരിവര്‍ത്തിക്കപ്പെട്ടു.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.