
ചരിത്രാസ്വാദനം
യസ്രിബ്
ഒരേ മാതാവിന്റെ ഉദരവുമായാണ് യസ്രിബ് ദേശത്തെ പ്രമുഖ ഗോത്രങ്ങളായ ഔസിന്റെയും ഖസ്റജിന്റെയും പൊക്കിൾകൊടി ബന്ധിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, കാലത്തിന്റെ ഏതോ നാല്ക്കവലയില് വെച്ച് അവര്‍ വഴിപിരിഞ്ഞ് ശത്രുമാര്ഗം തേടി. അവരുടെ മനസ്സിന്റെ സൂക്ഷ്മമായ കോണുകളില്‍ പോലും പോരിന്റെ കൊമ്പുകളുയിര്ക്കൊണ്ടു. രക്തദാഹം തീരാത്ത ഖഡ്ഗങ്ങളും അമ്പൊടുങ്ങാത്ത ആവനാഴികളും അവരുടെ അടയാളക്കാഴ്ചകളായി. ചോരപൊടിഞ്ഞ അഭിമാനത്തിൽ ബന്ധുക്കള്‍ പരസ്പരം കൊല്ലുന്ന അന്ധകാരങ്ങള്‍ പിറവിയെടുത്തു.
ഇരുകൂട്ടരും യുദ്ധം ചെയത് തളര്‍ന്നിരിക്കുമ്പോള്‍ പലിശക്ക് പണം നല്കി, ആയുധങ്ങള്‍ വാങ്ങാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് തദ്ദേശീയരായ യഹൂദർ ഔസിനും ഖസ്റജിനുമിടയിലെ പകയുടെ ഉമിത്തീ കെടാതെ സൂക്ഷിച്ചു. പലപ്പോഴും ശാമിലെ സൂക്കുകളിൽ നിന്ന് ആയുധുമെത്തിച്ചു കൊടുത്തതും കുടിലബുദ്ധികളായ ജൂതന്മാർതന്നെയായിരുന്നു. രണ്ടു കൂട്ടരും ഒന്നായി തങ്ങൾക്കെതിരെ തിരിഞ്ഞേക്കുമോ എന്ന ആശങ്ക ഈ നയോപായത്തിന് ആക്കം കൂട്ടി.
സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളുണ്ടായിരുന്നു അവരുടെ ആയുധക്കച്ചവടത്തിന്. അങ്ങനെ, ഇരു അറബ് ഗോത്രങ്ങൾക്കുമിടയിലുള്ള മതിലുകള്‍ കൂടുതല്‍ക്കൂടുതല്‍ ഉയരങ്ങൾ തേടി. മഞ്ഞുരുകുന്ന ദിനം കാത്തിരുന്നവര്‍ക്ക് കാലം സമ്മാനിച്ചത് ശീതയുദ്ധത്തിന്റെ ആശയറ്റ ഇരുളുകളാണ്.
എന്നാലും ചില സന്ദര്‍ഭങ്ങളില്‍ ജൂതന്റെ ചൂണ്ടയില്‍നിന്ന് കുതറിമാറി ഔസും ഖസ്റജും തങ്ങളുടെ ഉത്തമര്ണ്ണര്ക്കെതിരില് വെല്ലുവിളികളുയര്ത്തിയിട്ടുണ്ട്. അന്നൊക്കെ യഹൂദർ അവരുടെ നേരെ വിരല്‍ചൂണ്ടി ഗര്‍വോടെ പറയും, ”ഞങ്ങളെ നയിക്കാനുള്ള ഒരു പ്രവാചകന് അവതീര്ണ്ണനാകാന് സമയമായി, അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ നിങ്ങളെ വകവരുത്തും; ആദിനെയും ഇറമിനെയും വകവരുത്തിയതു പോലെ.”
ഒരിക്കലവർ തങ്ങളുടെ റബ്ബിയോട് ചോദിച്ചു, ”ആയുഷ്മന്‍, ഏതു ദിക്കില്‍ നിന്നാണ് നമ്മുടെ പ്രവാചകന് ആഗതനാവുക?” അന്നേരം റബ്ബി തെക്കു ദിക്കിലേക്ക് വിരല്‍ ചൂണ്ടി. യസ്രിബുകാർക്ക് മക്ക അവരുടെ തെക്കാണ്.
തങ്ങളുടെ കണ്ണുകളെ കുളിർപ്പിച്ചുകൊണ്ട് തലകാട്ടാനിരിക്കുന്ന പുതുനാമ്പിന്റെ കണികാത്ത് യഹൂദര്‍ ഇരിപ്പായി. അപ്പോഴാണ്, യസ്രിബിലെ അറബികളുടെ കാതുകളില്‍ വിവരമെത്തുന്നത്, മക്കയിൽ കുറയ്ഷികള്‍ക്കിടയില്‍ ഒരാള്‍ താന്‍ പ്രവാചകനാണെന്നവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്നിരിക്കുന്നു.
അവിടെ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി അവര്‍ കാതുകള്‍ തുറന്നുവെച്ച് വട്ടം പിടിച്ചു. മക്കക്കാരോ മക്കയില്‍ നിന്നു വന്നവരോ ആയവര്‍ എവിടെയെങ്കിലും വെച്ച് പുതിയ പ്രവാചകന്റെ കാര്യത്തിൽ വല്ലതും സംസാരിച്ചാല്‍ അവര്‍ അതില്‍ അതീവ താല്പര്യം കാട്ടി. കാരണം, ലോകത്തെ ഏറ്റവും പുരാതനമായ ആ മതവിശ്വാസത്തെക്കുറിച്ച് അവര്‍ക്ക് പലതും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, മക്കക്കാര്‍ ആ വിശ്വാസത്തിനുനേരെ പ്രകടിപ്പിച്ച അസ്കിതയും അസ്വസ്ഥതയും അസഹിഷ്ണുതയും കുറയ്ഷി പ്രവാചകന്റെ പാഠനങ്ങള്ക്ക് നേരെ യസ്രിബുകാർ പ്രകടിപ്പിച്ചില്ല.
യഹൂദരുമായുള്ള സഹവര്‍ത്തിത്വത്തിന്റെ ഇടവേളകളില്‍, ദൈവത്തിന്റെ ഏകത്വത്തെക്കുറിച്ചും മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും അവര്‍ സംവാദങ്ങള്‍ നടത്തുക പതിവായിരുന്നു.
ഒടുവുനാള്‍ മനുഷ്യന് ഉയിര്ത്തെഴുന്നേല്പ്പിക്കപ്പെടുമെന്ന് വിശ്വസിക്കാന്‍ ബഹുദൈവാരാധകര്‍ക്ക് പ്രയാസമായിരുന്നു.
“സൃഷ്ടിയും പിന്നെ മരണവും
പിന്നൊരു ഉയിർത്തെഴുന്നേല്പും
മുത്തശ്ശിക്കഥകളാണതെല്ലാം
പ്രിയ സഖീ, എൻ ഓമലാളേ.”
എന്ന് അവരിലെ കവികളിലൊരാൾ പാടിയതിന്റെ പിന്നാമ്പുറമതാണ്.
ഇത് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാകാം ജൂത റബ്ബികളിലൊരാൾ ഒരിക്കല്‍ തെക്കുഭാഗത്തേക്ക് കൈചൂണ്ടി പറഞ്ഞത്, ”ആ ഭാഗത്തുനിന്ന് പ്രവാചകനൊരാൾ വരാറായി; ഉയിര്ത്തെഴുന്നേല്പ്പുവിശ്വാസം അവന് നിങ്ങളില്‍ ഊട്ടിയുറപ്പിക്കും.”
മക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്വീകരിക്കാനായി യസ്രിബുകാരുടെ ശക്തമായ ഒരുക്കം ഉണ്ടായത് നേര്‍ക്കുനേരെയല്ലെങ്കിലും, ശാം ദേശത്തു നിന്ന് കുടിയേറിപ്പാര്‍ത്ത ഇബ്നുല്‍ ഹയ്യബാന്‍ എന്ന യഹൂദന്റെ വഴിയിലൂടെയായിരുന്നു. വരണ്ടുണങ്ങി ജീവസാന്നിധ്യം വറ്റാറായ നേരത്ത് മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ച് യസ്രിബിനെ ഒന്നിലധികം തവണ വരള്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണക്കാരനായിട്ടുണ്ടദ്ദേഹം. പ്രവാചകന് തന്റെ ആദ്യത്തെ ദൈവിക വെളിപാട് സ്വീകരിക്കുന്ന അതേ സന്ദര്‍ഭത്തിലാണ് ആ ജ്ഞാനവൃദ്ധന്‍ മരണമടയുന്നത്. ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനം ഉറപ്പായ വേളയില്‍ ഇബ്നുൽ ഹയ്യബാന്‍ പറഞ്ഞു,
”യഹൂദരേ, വീഞ്ഞിന്റെയും അപ്പത്തിന്റേയും നാട്ടില്‍നിന്ന് എന്നെ ദുരിതത്തിന്റെയും വിശപ്പിന്റെയും നാട്ടിലേക്ക് നയിച്ചതെന്തായിരുന്നു?”
”അങ്ങേക്കാണത് നന്നായറിയുക”- അവര്‍ പറഞ്ഞു.
”ഞാന്‍ ഈ നാട്ടിലേക്ക് വന്നത്”, അദ്ദേഹം പറഞ്ഞുതുടങ്ങി, “നിയോഗത്തിന്റെ സമയമടുത്തെത്തി നില്ക്കുന്ന ഒരു പ്രവാചകന്റെ ആഗമനത്തിലുള്ള പ്രതീക്ഷയിലാണ്. ഈ നാട്ടിലേക്ക് അദ്ദേഹം പലായകനായെത്തും. അദ്ദേഹം നിയുക്തനായെങ്കിലെന്നും അദ്ദേഹത്തെ പിന്തുടരാനായിരുന്നെങ്കിലെന്നും ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കാലം നിങ്ങള്ക്കടുത്തെത്തിയിരിക്കുന്നു.”
ജ്ഞാനവൃദ്ധന്റെ വാക്കുകള്‍ ചില യഹൂദ യുവാക്കള്‍ ഹൃദന്തത്തിലേറ്റു വാങ്ങി. അതാണവരെ പ്രവാചകന്റെ ആഗമനത്തോടെതന്നെ, അദ്ദേഹം യഹൂദനല്ലാതിരുന്നിട്ടും, ഇസ്ലാമിലെത്തിച്ചതും. യസ്രിബിലെ ഈന്തപ്പനത്തലപ്പുകളില് ചൂളംകുത്തിയ മന്ദസമീരണനില്‍ പ്രതീക്ഷ മാറ്റൊലി കൊണ്ടു.
അറബികള്‍ക്ക് മുഹമ്മദ് സ്വീകാര്യനായിരുന്നു; അദ്ദേഹത്തിന്റെ സന്ദേശം അസ്വീകാര്യവും. യഹൂദര്‍ക്ക് സന്ദേശം സ്വീകാര്യമായിരുന്നു; മുഹമ്മദ് അസ്വീകാര്യനും. തെരഞ്ഞെടുക്കപ്പെട്ട ജനതയില്‍ നിന്നല്ലാതെ ഒരു പ്രവാചകനോ? യഹൂദരുടെ പുരികക്കൊടി വില്ലുപോലെ വളഞ്ഞു. നെറ്റിത്തടത്തില്‍ നീരസത്തിന്റെ കൂട്ടച്ചുളിവുകള് തെളിഞ്ഞുവന്നു. എന്നാലും മക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കു വേണ്ടി അവര്‍ ക്ഷമകെട്ട് കാത്തിരുന്നു. യഹൂദരുടെ ഉള്ളകങ്ങളില്‍ കെടാതെ നിന്ന ഏകദൈവ സിദ്ധാന്തത്തോടുള്ള താല്പര്യം യസ്രിബിലെ അറബികളില്‍ കൗതുകം ജനിപ്പിച്ചു.
റബ്ബിമാരുടെ താല്പര്യം ദിവസം ചെല്ലുന്തോറും ഇരട്ടിക്കുകയാണ്. തങ്ങളായിരുന്നുവല്ലോ ഈ സുവിശേഷത്തിന്റെ വാഹകരാകേണ്ടിയിരുന്നത് എന്നവര്‍ അസൂയ പൂണ്ടു. അവര്‍ക്കറിയാമായിരുന്നു, പുരോഗമനോന്മുഖമായ ഭാസുര വിശ്വാസം എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങള്‍ താണ്ടുമെന്ന്.
ഖസ്റജ് ഗോത്രത്തിന് പ്രവാചകന്റെ കാര്യത്തില്‍ പ്രത്യേക താല്പര്യമുണ്ട്. പ്രവാചകനാണെന്നവകാശപ്പെടുന്ന മനുഷ്യന് തങ്ങളുടെ ബന്ധുവാണ്. കുട്ടിയായിരിക്കെ, പിതാവിന്റെ കബറിടം സന്ദര്‍ശിക്കാനും മറ്റുമായി തന്റെ മാതാവിനോടൊപ്പം അദ്ദേഹം യസ്രിബ് സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമപ്രായക്കാര്ക്കതോര്മയുണ്ട്. മുഹമ്മദിനെ തങ്ങള്‍ നീന്താന്‍ പഠിപ്പിച്ചതും പട്ടം പറത്താന്‍ പഠിപ്പിച്ചതുമായ സംഭവങ്ങള്‍ ഇന്നലെക്കണ്ട ദൃശ്യത്തിന്റെ തെളിമയോടെ അവരോര്‍ക്കുന്നു. അതുകഴിഞ്ഞ്, സിറിയയിലേക്കുള്ള യാത്രാമധ്യെ ഒന്നിലധികം തവണ പിന്നെയും അദ്ദേഹം യസ്രിബ് സന്ദര്‍ശിച്ചിട്ടുണ്ട്.
അങ്ങനെയാണെങ്കില്‍ ഔസുകാര്ക്കുമുണ്ട് പുതിയ പ്രവാചകനുമായി ബന്ധം. അവരുടെ നേതാക്കളിലൊരാളായ അബൂകയ്സ് ഒരു മക്കക്കാരിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അവരാകട്ടെ, വറകയുടെയും ഖദീജയുടെയും അമ്മായിയാണ്. അബൂകയ്സ് തന്റെ പത്നീ ഭവനങ്ങളില്‍ നിരവധി തവണ കഴിച്ചുകൂട്ടിയിട്ടുണ്ട്. അന്നൊക്കെ ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് വറക അദ്ദേഹത്തിന് പറഞ്ഞുകൊടുക്കുമായിരുന്നു.
ഇങ്ങനെ, പലപല ഘടകങ്ങള്‍ ചേര്‍ന്ന് പുതിയ മതത്തിന്റെ കുളിരണിഞ്ഞ സന്ദേശത്തെ യസ്രിബ് മരുപ്പച്ചയിലെ ജനങ്ങളുടെ മനസ്സുകളുടെ ആഴങ്ങളിലെത്തിച്ചിരിക്കുന്നു. എന്നാല്‍, ഇപ്പോള്‍ അവരുടെ ശ്രദ്ധ അതിലൊന്നുമല്ല. ഔസും ഖസ്റജും തമ്മിലുള്ള വഴക്കിന്റെ പുതിയൊരു തിര സമാധാനത്തിന്റെ തല്‍ക്കാലത്തേക്കെങ്കിലുമുള്ള മണലെഴുത്തിനെ മായ്ച്ചു കളഞ്ഞിരിക്കുന്നു.
സഹവര്‍ത്തിത്വത്തിന്റെ വന്‍കരയില്‍ വീണ്ടും ക്രോധം മുക്രയിട്ടു. കാലത്തിന്റെ കാറ്റ് മൂടിക്കളഞ്ഞ ശാത്രവത്തിന്റെ പഴയ കുഴികള്‍ വീണ്ടും കുഴിച്ച് യസ്രിബിലെ ജനങ്ങള്‍ ഔസും ഖസ്റജുമായിത്തിരിഞ്ഞ് അപ്പുറത്തും ഇപ്പുറത്തും പരസ്പരം കൊലവിളി നടത്തുന്ന പടയണിതീര്ത്തു.
ഇരുഭാഗത്തുമായി കൂടുതല്‍ക്കൂടുതല്‍ വംശങ്ങള്‍ കക്ഷി ചേര്‍ന്നുകഴിഞ്ഞു. യഹൂദരും പക്ഷം ചേര്‍ന്നു. നടന്ന മൂന്ന് ഏറ്റുമുട്ടലുകളിലും വിജയം മാത്രം പക്ഷം ചേരാതെ തെന്നിമാറിക്കളിച്ചു. ഇരു ഭാഗത്തും നിലയുറപ്പിച്ചിരുന്ന മനുഷ്യര്‍ പകപോക്കാന്‍ പാകത്തില്‍ പരസ്പരം കണ്ണില്‍ നോക്കിനിന്നു. നിമിഷം കഴിയുന്തോറും പകയും വിദ്വേഷവും ക്രോധവും വര്‍ധിച്ചു. നാലാമതൊരു ഏറ്റുമുട്ടല്‍ കൂടി നടക്കുമെന്ന് വിവേകമുള്ളവരൊക്കെ അഭിപ്രായപ്പെടുന്നു.
യസ്രിബുകാരിപ്പോള് അടക്കം പറയുന്നത് ഒരു പുതിയ വിശേഷത്തെക്കുറിച്ചാണ്. ഖസ്റജികള്ക്കെതിരില് തങ്ങളെ സഹായിക്കണമെന്ന് മക്കയിലെ കുറയ്ഷികളോട് ഔസ് ഗോത്രക്കാര്‍ അഭ്യര്ത്ഥിച്ചിരിക്കുകയാണത്രെ.
ഈ സവിശേഷ സന്ദര്‍ഭത്തിലാണ് കുറയ്ഷുമായുള്ള കരാര്‍ ഉറപ്പിക്കാനായി മക്കയിലെത്തിയ ഔസ് പ്രതിനിധി സംഘത്തെ തിരുദൂതർ ചെന്നു കണ്ടത്. കുറയ്ഷികളുടെ മറുപടിക്ക് കാക്കുകയാണവര്‍.
”നിങ്ങള്‍ വന്ന ഉദ്ദേശ്യത്തെക്കാള്‍ ഉത്തമമായ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?” നബി ചോദിച്ചു.
”അതെന്തായിരിക്കും?” അവര്‍ ആരാഞ്ഞു.
തിരുനബി അവര്‍ക്ക് വിസ്തരിച്ചു മറുപടി നല്കി. തന്റെ ദൗത്യത്തെക്കുറിച്ചും സന്ദേശത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. കുര്‍ആനില്‍ നിന്നുള്ള ചില സൂക്തങ്ങള്‍ അദ്ദേഹം അവര്‍ക്ക് ചൊല്ലിക്കൊടുത്തു. കുര്‍ആന്‍ സൂക്തങ്ങള്‍ കേട്ടു കഴിഞ്ഞപ്പോള്‍ സംഘത്തിലുണ്ടായിരുന്ന മുആദിന്റെ പുത്രന് ഇയാസ് അത്ഭുതംകൂറി, പറയാനുണ്ടായിരുന്നത് മറച്ചുവെച്ചതുമില്ല, ”ജനങ്ങളേ, ദൈവമാണ! നാം ഏതു ലക്ഷ്യത്തിനു വേണ്ടിയാണോ ഇവിടെ വന്നത്, അതിനെക്കാള്‍ ഉത്തമമാണ് ഇദ്ദേഹം പറയുന്ന കാര്യം. പക്ഷേ, സംഘത്തിന്റെ നേതാവ് ഒരു പിടി മണ്ണുവാരി ഇയാസിന്റെ മുഖത്തെറിഞ്ഞു. എന്നിട്ടയാള്‍ പറഞ്ഞു, ”നാം വന്നത് ഇതല്ലാത്ത മറ്റൊന്നിനുവേണ്ടിയാണ്.” ഇയാസ് മൗനത്തിലേക്ക് പിന്‍വാങ്ങി. പ്രവാചകന് തിരിച്ചുനടന്നു.
കുറയ്ഷ് അപ്പോഴേക്കും ഔസിന്റെ സഹായാഭ്യര്‍ത്ഥന തള്ളിയിരുന്നു. ഔസ് പ്രതിനിധി സംഘം യസ്രിബിലേക്ക് മടങ്ങി. ഇയാസിന്റെ ധൂസരമായ മനസ്സില്‍ ഒരു മേഘക്കീറ് മാര്‍ഗം തിരഞ്ഞു. അധികമായില്ല, ഇയാസ് മരണമഞ്ഞു. അദ്ദേഹത്തിന്റെ കൂട്ടുകാര്‍ പറഞ്ഞാണറിഞ്ഞത്, മരണംവരെ ഇയാസ് ഏകത്വത്തിന്റെ സാക്ഷിവാക്യങ്ങള് ആവര്ത്തിച്ചുരുവിട്ടിരുന്നുവത്രെ അങ്ങിനെ, യസ്രിബിൽ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ച വ്യക്തിയായി ഇയാസ് ബിന്‍ മുആദ്.
യുദ്ധവും പകയുംകൊണ്ട് രുധിരവർണമണിഞ്ഞ യസ്രിബിന്റെ ഭൂമി വീണ്ടും സമാധാനത്തിന്റെ പച്ചപ്പട്ടണിയാന്‍ ഒരുങ്ങുന്നതിന്റെ കൊടിയടയാളം അകലെ തെളിഞ്ഞുവന്നു.
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.