നബിചരിത്രത്തിന്റെ ഓരത്ത് -17

//നബിചരിത്രത്തിന്റെ ഓരത്ത് -17
//നബിചരിത്രത്തിന്റെ ഓരത്ത് -17
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -17

Print Now
ചരിത്രാസ്വാദനം

അംഗീകാരം

അനുഗ്രഹ കാലത്തിന്റെ അഭിരാമമായ സ്നേഹവീഥിയിൽ, കൃത്യമായിപ്പറഞ്ഞാല്‍, കുടുംബാംഗമായി അലി വന്ന സമയത്ത്, വിശിഷ്ടമായൊരംഗീകാരം മുഹമ്മദിനെത്തേടിയെത്തി. അന്നദ്ദേഹത്തിന് മുപ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ട്. കഅ്ബ പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് കുറയ്ഷികള്‍ കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന കാലം.

കഅ്ബയുടെ ചുമരുകള്‍ക്കന്ന് ഒരാള്‍ നിവര്‍ന്നു നിന്നാലുള്ളതിനെക്കാള്‍ അല്പം കൂടുതല്‍ ഉയരമേ ഉണ്ടായിരുന്നുള്ളൂ, മേല്‍ക്കൂരയുമില്ല. എന്നുവെച്ചാല്‍, വാതിലുകള്‍ ഭദ്രമായി അടച്ച് താഴിട്ടാലും ഒരുമ്പെടുന്ന ഒരാൾക്ക് കഅ്ബക്കുള്ളില്‍ പ്രവേശിക്കുക വളരെ എളുപ്പമാണ്. കുറച്ചിട മുമ്പാണ് നിലവറ കുഴിച്ച് ഭദ്രമായി നിക്ഷേപിച്ചിരുന്ന കഅ്ബ പുതുക്കിപ്പണിയാനുള്ള പണവും വസ്തുക്കളും മോഷണം പോയത്. സംസം കുഴിച്ച വേളയിൽ അബ്ദുൽ മുത്തലിബിനു ലഭിച്ചിരുന്ന സ്വർണമാനും ആയുധങ്ങളും അക്കാലത്തുതന്നെ കള്ളൻ കൈക്കലാക്കിയിരുന്നു.

മേല്‍ക്കൂര പണിയാനുള്ള ഉരുപ്പടികള്‍ സംഘടിപ്പിക്കാന്‍ കുറയ്ഷികള്‍ക്ക് പ്രയാസമൊന്നുമുണ്ടായിരുന്നില്ല. പ്രശ്‌നമതല്ല, പുതുക്കിപ്പണിയാനാണെങ്കിൽപോലും കഅ്ബ പൊളിക്കുന്നത് ദൈവങ്ങള്‍ ഇഷ്ടപ്പെടുമോ, അവരുടെ അനിഷ്ടം തങ്ങള്‍ക്ക് ദുരിതം തീർക്കുമോ എന്നൊക്കെയുള്ള ഭയം അവരെ വല്ലാതെ ഗ്രസിച്ചിരുന്നു. കഅ്ബയുടെ പുരാതനഘടനയില്‍ മാറ്റം വരുത്തുന്നത് ദുരന്തങ്ങളെ മാടിവിളിക്കലാണെന്ന് അവരിൽ ചിലർ ഉറച്ചുവിശ്വസിച്ചു.

പിന്നീടവര്‍ക്കതിന് ധൈര്യം ലഭിച്ചു. എങ്ങനെയെന്നല്ലേ? മക്കയിലെ കുന്നുകളില്‍നിന്ന് അക്കാലം ശക്തമായ ഒരു ജലപാതമുണ്ടായി; കഅ്ബയെ മലവെള്ളപ്പാച്ചിലുകളിൽ നിന്ന് സംരക്ഷിച്ചു നിർത്താനായി കെട്ടിയിരുന്ന ചിറയടക്കം തട്ടിത്തകർത്തുകൊണ്ട് ഭീമന്‍ കല്ലുകളുമായി ഇരമ്പിയാര്‍ത്ത് താഴ്‌വര താണ്ടിയ കുത്തൊഴുക്ക് കഅ്ബയുടെ പുരാതനമായ ചുമരുകള്‍ക്ക് ക്ഷതമേല്‍പ്പിച്ചതിനു ശേഷമേ അടങ്ങിയുള്ളൂ.

കഅ്ബയുടെ ചുമരിന്റെ തകര്‍ച്ച വിഷമത്തിന് പകരം ആശ്വാസമാണ് കുറയ്ഷികളുടെ മനസ്സിലുളവാക്കിയത്. ഇനിയിപ്പോള്‍ വിശുദ്ധഗേഹം പുതുക്കിപ്പണിയേണ്ടത് അവരുടെ ബാധ്യതയായി. അതിനായി അവര്‍ വസ്തുശേഖരണത്തില്‍ വ്യാപൃതരായി. പലിശയും കവർച്ചയുമടക്കം അധാർമ്മിക മാർഗത്തിലൂടെ ഉണ്ടാക്കിയ പണം വിശുദ്ധഗേഹത്തിന്റെ പുനർനിർമ്മാണത്തിൽ തരിമ്പും കലരരുതെന്ന് അവർ ദൃഢനിശ്ചയം ചെയ്തു.

ആകസ്മികമെന്നല്ലാതെന്തു പറയാന്‍! കപ്പല്‍ച്ചേതത്തില്‍പെട്ട്, കേടുപാടുകള്‍ തീര്‍ത്ത് കടലിലിറക്കാന്‍ പറ്റാത്തവിധം തകര്‍ന്ന ഒരു ഗ്രീക്ക് കപ്പല്‍ ചെങ്കടൽതീരത്തെ ജിദ്ദക്കടുത്ത് കരക്കടിഞ്ഞത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. പാക്കോമിയൂസ് എന്ന റോമന്‍ വ്യാപാരിയുടേതായിരുന്നു കപ്പല്‍. അപ്പോഴും പ്രദേശം വിട്ടുപോയിട്ടില്ലാത്ത പാക്കോമിയൂസിനെ ചെന്നു കാണാന്‍ തന്നെ കുറയ്ഷികള്‍ തീരുമാനിച്ചു. കുറയ്ഷി പ്രമുഖന്‍ വലീദിന്റെ, മുഗീറയുടെ മകൻ വലീദിന്റെ, നേതൃത്വത്തില്‍ അവര്‍ ആ വ്യാപാരിയെ സമീപിച്ചു.

കഅ്ബ പുതുക്കിപ്പണിയാനുള്ള അവരുടെ പദ്ധതി കേട്ട്, പാടെ തകര്‍ന്ന കപ്പലിന്റെ മരം എടുത്തുകൊള്ളാന്‍ അദ്ദേഹം അനുമതിനല്‍കി. ആ മരമാണ് പിന്നീടവര്‍ കഅ്ബയുടെ മേല്‍ക്കൂരയ്ക്കുള്ള ഉത്തരവും കഴുക്കോലുമായി ഉപയോഗിച്ചത്. തച്ചുവേലവിദഗ്ധന്‍ കൂടിയായിരുന്ന പാക്കോമിയൂസ് നിര്‍മ്മാണത്തില്‍ അവരെ സഹായിക്കാമെന്നേല്‍ക്കുകയും ചെയ്തു. മക്കയിലന്ന് അതിവിദഗ്ധനായ ഒരു കിബ്തി തച്ചനുമുണ്ടായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അയാള്‍ പാക്കോമിയൂസിനെ സഹായിക്കും.

പക്ഷേ, ഒരു പ്രശ്നമുണ്ട്, ആരു തുടങ്ങും പണി? ഭയാശങ്കകൾ അവരുടെ ചേലത്തുമ്പിൽ മണത്തുകൊണ്ട് പിറകെ നടന്നു. മുഹമ്മദിന്റെ പിതാമഹി, ഫാത്വിമയുടെ സഹോദരന്‍ അബൂവഹ്ബാണ് ആദ്യം അതിനു മുതിര്‍ന്നത്; കഅ്ബയുടെ ചുമരിന്റെ ഏറ്റവും മുകളിലത്തെ കല്ല് അയാള്‍ ഇളക്കി ഉയര്‍ത്തിയതും അത് കയ്യില്‍നിന്ന് വഴുതി പഴയ സ്ഥാനത്തു തന്നെ ചെന്നുനിന്നു.

ഉദ്വേഗകരമായ നിമിഷങ്ങൾ! ജനങ്ങളുടെ മനസ്സിലെ ശങ്ക വര്‍ധിച്ചു. പ്രാചീനഭവനത്തിന്റെ കല്ലുകള്‍ കേടുപാടുകള്‍ തീര്‍ക്കാനായിപ്പോലും നീക്കരുതെന്നോ? ഇതു ദേവന്മാരുടെ തീരുമാനം തന്നെയോ? തരാതരം ആശങ്കകളിൽ ആധി പെരുത്തുവന്നു.

ഭയത്തിൽ വിറങ്ങലിച്ച് സമയം നിശ്ചലം നിന്നപോലൊരു നിമിഷത്തെ വീണ്ടും ചലിപ്പിച്ചത് മഖ്സൂം ഗോത്രത്തിന്റെ മൂപ്പനും കവിയും പ്രാജ്ഞനുമായ വലീദിന്റെ, മുഗീറയുടെ മകൻ വലീദിന്റെ, ഇടപെടലായിരുന്നു. പിക്കാസ് കയ്യിലേന്തി അയാൾ വിളിച്ചുപറഞ്ഞു, “നിങ്ങൾക്കുവേണ്ടി ഞാനത് ചെയ്യാം.” കഅ്ബയുടെ നേരെ നടന്നടുത്തുകൊണ്ട് പ്രാർത്ഥനയിലെന്നവണ്ണം വലീദ് മന്ത്രിച്ചു, “ദൈവമേ, ഞങ്ങൾ നല്ലതല്ലാതെയൊന്നും ഉദ്ദേശിച്ചില്ല.” തുടർന്ന് ഹജറുൽ അസ്‌വദിന്റെയും റുക്നുൽ യമാനിയുടെയും ഇടയിലുള്ള ചുമർഭാഗം അയാൾ ഇടിച്ചുവീഴ്ത്തി. സ്വജനങ്ങൾക്കു മുമ്പിൽ നിശ്ചഞ്ചലനായിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

ശ്വാസമടക്കിപ്പിടിച്ച് പുരുഷാരം പിന്നോട്ട് മാറിനിന്നു. ഒന്നുകൂടി കാത്തിരിക്കാം, വലീദിന് അപകടം വല്ലതും പിണയുകയാണെങ്കില്‍ പണി ഇവിടെ വെച്ചുതന്നെ നിര്‍ത്തിക്കളയാം; ഇനി അയാള്‍ക്കൊന്നും സംഭവിച്ചില്ലെങ്കിലോ, നമുക്കെല്ലാം ചേര്‍ന്ന് ജോലി തുടരാം. തീരുമാനവുമായി അവര്‍ വീടകങ്ങളിലേക്ക് പിന്‍വാങ്ങി. പ്രാര്‍ത്ഥനകളാലും ആകുലതകളാലും നിർനിദ്രമായ ആ രാവ് പിടഞ്ഞുതീര്‍ന്നു.

പിറ്റേന്ന് പ്രഭാതത്തില്‍ മക്കക്കാർ കഅ്ബയുടെ പരിസരത്തെത്തി. അത്ഭുതം! വലീദിന് ഒന്നും സംഭവിച്ചിട്ടില്ല. ‘ഇതൊന്നും വലിയ കാര്യമല്ല’ എന്ന മട്ടിൽ നിറഞ്ഞ സംതൃപ്തിയിൽ വലീദ് നടന്നുവരുന്നതു കണ്ട് അവർ ആശ്വസ്തരായി. കഅ്ബയുടെ ചുമരുകള്‍ പൊളിച്ചുനീക്കുന്ന പണി വലീദ് തുടർന്നു; മക്കക്കാര്‍ അയാളെ പിന്തുർന്നു. ചുമരുകള്‍ മുഴുവന്‍ പൊളിച്ചുനീക്കിയതിനുശേഷം തറയിലെ പച്ചക്കല്ലുകള്‍ മാത്രം ബാക്കിയായി. ഇബ്‌റാഹിം പിതാമഹനും മകനും പാകിയിരുന്ന കല്ലുകള്‍ ഇളക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും വിജയിക്കാതെ ശ്രമം ഉപേക്ഷിക്കുകയിരുന്നു.

കുറയ്ഷികള്‍ വിശുദ്ധ ഭവനത്തിന്റെ പുനര്‍നിര്‍മ്മിതിക്കായുള്ള ചിട്ടവട്ടങ്ങളില്‍ മുഴുകി. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പഴയ കല്ലുകള്‍ മാത്രം മതിയാകുമായിരുന്നില്ല. അവര്‍ കുന്നുകളില്‍ നിന്ന് നരച്ച നീലനിറത്തിലുള്ള പാറക്കല്ലുകള്‍ കൊണ്ടുവന്നു; മുഹമ്മദും അതിൽ പങ്കുചേർന്നിരുന്നു.

പടവു തുടങ്ങി. പാരമ്പര്യ ഗോത്രഘടനയനുസരിച്ച് കുടുംബങ്ങളോരോന്നും വേറെവേറെ ഭാഗങ്ങളില്‍ ജോലി ചെയ്തു. കല്ലുകൾ തികയാതെ വന്നപ്പോൾ വിസ്തൃതിയിൽ അല്പം നീക്കുപോക്ക് നടത്തി ഹിജ്ർ ഇസ്മാഈൽ ഒഴിവാക്കി പടവു തുടർന്നു. ‘നോക്കണേ, കുറയ്ഷികളുടെ പിശുക്ക്’ എന്ന് അനന്തരകാലത്ത് ദേവാലയത്തിന്റെ ദിനസരി രചിച്ചവർ അതിന്റെ പേരിൽ അവരെ കളിയാക്കി.

ആളുയരത്തില്‍ ചുമര്‍ പൊങ്ങി; കിഴക്കെ ചുമരില്‍, കഅ്ബയുടെ ആണിക്കല്ലായ ശ്യാമശില – ഹജറുല്‍ അസ്‌വദ് – വെക്കേണ്ട ഉയരമെത്തി. ഇവിടെ ഒരു പുതിയ തര്‍ക്കം ഉയിര്‍ക്കൊള്ളുകയാണ്. നിസ്സാര കാര്യങ്ങളുടെ പേരില്‍ പരിസരങ്ങളിലെ ഗോത്രങ്ങള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും കൊമ്പുകോര്‍ക്കാറുണ്ട്.

ഉള്ളിലെ പ്രാചീന പ്രേരണയുടെ രൗദ്രതയിൽ വളര്‍ന്ന് ഒരുപക്ഷേ, ഈ തർക്കം ഒരു യുദ്ധത്തിലെത്തിയേക്കാം; അതൊരു നിസ്സാര പ്രശ്‌നമല്ലല്ലോ. ഹജറുല്‍ അസ്‌വദ്, ആര് യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്നതാണ് വിഷയം.

അതുവരെ ഒന്നിച്ചു നിന്ന് പ്രതിസന്ധിക്ക് പരിഹാരം പരതിയവർ അബ്ദുമനാഫും അബ്ദുദ്ദാറും ബനൂഅദിയ്യും ബനൂഅസദും ബനൂമഖ്സൂമുമായി ഭിന്നിച്ച് ഹിംസോദ്യുക്തരായി പരസ്പരം പേശിപെരുക്കി. പ്രശ്‌നം വളരെവളരെ ഗൗരവമുള്ളതാണ്, നിസ്സാരവല്‍ക്കരിച്ചതുകൊണ്ടായില്ല.

അബ്ദുദ്ദാര്‍ വംശവും അദിയ്യ് വംശവും ഈ മഹത്വം ആര്‍ക്കും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അതിനുവേണ്ടി ഏതറ്റംവരെയും അവര്‍ പോകുമത്രെ! രക്തം നിറച്ച പാത്രത്തില്‍ കൈമുക്കി അബ്ദുദ്ദാര്‍ പ്രതിജ്ഞയെടുത്തുകഴിഞ്ഞു. അതുവഴി രക്തദാഹികള്‍ എന്നപേരും സമ്പാദിച്ചു. സംഭ്രമങ്ങളുടെയും സ്തംഭനാവസ്ഥയുടെയും നാലഞ്ച് ദിനങ്ങള്‍ ഇഴഞ്ഞുനീങ്ങി.

പരിഹാരമില്ലാത്ത ഒരു പ്രശ്‌നവുമില്ല. കാതുകള്‍ വട്ടംപിടിച്ചുനില്‍ക്കുന്ന ജനങ്ങളോട് കൂട്ടത്തിലെ വയോധികന്‍ അബൂഉമയ്യ പറഞ്ഞു, ”കുറയ്ഷികളേ,” അയാൾ തൊണ്ട ശരിപ്പെടുത്തി. ”നിങ്ങള്‍ പരസ്പരം ഇടഞ്ഞു നില്‍ക്കുന്ന വിഷയത്തില്‍ ഒരു മധ്യസ്ഥനെ സ്വീകരിക്കുക.”

തീർച്ചയായും. പക്ഷേ, ആരുണ്ട് മക്കയിൽ അങ്ങനെയൊരു മധ്യസ്ഥന്‍?

പെരുകിപ്പെരുകി വന്ന ആകാംക്ഷക്ക് അറുതിവരുത്തിക്കൊണ്ട് അബൂഉമയ്യ തൊണ്ടയില്‍ നിന്ന് വാക്കുകള്‍ പണിപ്പെട്ട് മാന്തിയെടുത്തു, “സഫയുടെ ഭാഗത്തെ വഴിയിലൂടെ ഇവിടേക്ക് ആരാദ്യം കടുന്നവരുന്നുവോ, അയാളാകട്ടെ നമ്മുടെ മധ്യസ്ഥന്‍.” അവര്‍ക്ക് സമ്മതമായിരുന്നു.

വഴിക്കണ്ണുകളുമായി അവരിരുന്നു. സഫയുടെ ഭാഗത്തെ വഴിയിലൂടെ ആദ്യം കടന്നെത്തിയത് മുഹമ്മദായിരുന്നു; അവരുടെ പ്രിയപ്പെട്ട അല്‍അമീന്‍. ദരിദ്രരോടും അടിമകളോടുമൊക്കെ ദയാവായ്പ്പ് സൂക്ഷിക്കുന്ന അൽഅമീൻ. ഇയ്യിടയായുള്ള തന്റെ രീതിയനുസരിച്ച് തെല്ലിട വിട്ടുനിന്ന ശേഷം മക്കയിൽ തിരിച്ചെത്തിയതായിരുന്നു മുഹമ്മദ്.

മുഹമ്മദ് കടന്നുവരുന്നത് കണ്ടതും അനിച്ഛാപ്രേരണയിലെന്നവണ്ണം അവർ ആര്‍ത്തുവിളിച്ചു,
”ഓ! അത് അല്‍അമീനാണ്.”
മറ്റു ചിലര്‍ വിളിച്ചുപറഞ്ഞു,
”ഞങ്ങള്‍ക്കദ്ദേഹത്തിന്റെ തീര്‍പ്പ്
സ്വീകാര്യമാണ്.”
“അത് മുഹമ്മദാണ്”, സംതൃപ്തി കളിയാടിയ ശരീര ഭാഷയിൽ അവർ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അവരുടെ മനസ്സ് ആശ്വാസത്തിന്റെ ഇളംകുളിരിൽ തണുത്തു.

മക്കയിലാകെ കൂരിരുള്‍തീര്‍ത്ത് ഉരുണ്ടുകൂടിയ കരിങ്കാറുകള്‍ രംഗമൊഴിഞ്ഞു. പ്രശ്നം തീര്‍ക്കാന്‍ ഇന്ന് മക്കയില്‍ ജീവിച്ചിരിക്കുന്നവരില്‍ വെച്ചേറ്റവും അനുയോജ്യനായ ആളെത്തന്നെ അല്ലാഹു അവരിലേക്കെത്തിച്ചിരിക്കുന്നു. ഒരാളും മുഖം കോട്ടുകപോലുമുണ്ടായില്ല. സമഭാവനയുടെ പ്രത്യക്ഷീകരണമാണ് അവർക്ക് അൽഅമീൻ. കാര്യങ്ങള്‍ അവര്‍ മുഹമ്മദിനോട് വിശദീകരിച്ചു.

”ഒരു തുണി കൊണ്ടുവരൂ”, എല്ലാം ശ്രദ്ധിച്ച ശേഷം മുഴക്കമുള്ള സ്വരത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ കൊണ്ടുവന്ന തുണി അദ്ദേഹം നിലത്ത് വിരിച്ചു. ഹജറുല്‍അസ്‌വദ് എടുത്ത് വിരിച്ച തുണിയുടെ മധ്യത്തില്‍ വെച്ചു.

”ഓരോ വംശവും തുണിയുടെ അരു പിടിക്കട്ടെ.” അദ്ദേഹം ആവശ്യപ്പെട്ടു.
”ഇനി എല്ലാവരും ചേര്‍ന്ന് അതുയര്‍ത്തുക.”
അവര്‍ അതനുസരിച്ചു. നിശ്ചിത ഉയരത്തിലുയര്‍ന്നപ്പോള്‍ മുഹമ്മദ് സ്വന്തം കൈകൊണ്ട് ആ കല്ലെടുത്ത് യഥാസ്ഥാനത്ത് വെച്ചു.

രഞ്ജിപ്പിന്റെ പൂനിലാനിറവിൽ മരുസ്ഥലി പരിദീപ്തമായി. ഉടവാളുകൾ ഉറകളിലേക്ക് മടങ്ങി, നുരകുത്തി പതഞ്ഞൊഴുകിയ ക്രോധപ്പുഴ പാതിവഴിയിൽ മണലിലലിഞ്ഞു. മുഹമ്മദ് ജനമനസ്സിൽ ആദരവിന്റെയും സ്നേഹബഹുമാനങ്ങളുടെയും കൂടുതൽ ഉയരങ്ങൾ കീഴടക്കി. സങ്കീർണമായ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരം നിർദ്ദേശിക്കുന്ന അദ്ദേഹത്തിന്റെ ബുദ്ധിശക്തിയിലും പ്രായോഗികതയിലും നയതന്ത്രജ്ഞതയിലും അവർ ആഹ്ളാദിച്ചു. വരുംകാലത്തിന്റെ ദശാസന്ധികളിൽ തങ്ങളെ നയിക്കാനുള്ള നായകനെ അവർ കണ്ടെത്തിക്കഴിഞ്ഞു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Jazakallah very informative. Though I have subscribed I was not reading these articles

    now I am completely free as part of my treatment in medicity. May Almighty bless and reward abundantly Akbar Sahib and team for these efforts in the field of data. which is very important on this special situation.

    Zulficker 09.11.2022

Leave a comment

Your email address will not be published.