ഒരു സമൂഹത്തിനിടയിൽ ജീവിക്കുമ്പോൾ ചിലരെ ചില കാര്യങ്ങൾ (തന്റെ വയസ്സ്, പദവി, പ്രസിദ്ധി, പാണ്ഡിത്യം, ധനം തുടങ്ങിയവ) വളരെ നെഗറ്റീവായി സ്വാധീനിക്കും. അവ മുഖേന താൻ എല്ലാം കൊണ്ടും പരിപൂർണ്ണനാണെന്ന തോന്നലുള്ളിലുണ്ടാവുന്നു. തന്റെ കുറവുകളെ മനസിലാക്കാതെയും തന്റേതല്ലാത്ത സത്യങ്ങളെ കാണാതിരിക്കുകയും ചെയ്യുന്നു. അങ്ങനെ യഥാർത്ഥ സത്യങ്ങളെ തള്ളിക്കളയുകയും താനാണ് മറ്റുള്ളവരേക്കാൾ മുന്തിയവനുമെന്ന അഹങ്കാരം അയാളിൽ പിടിമുറുക്കുന്നു, തന്നേക്കാൾ അറിവു കുറഞ്ഞവരോ പ്രായം കുറഞ്ഞവരോ പദവി കുറഞ്ഞവരോ തന്നെ സമീപിക്കുമ്പോൾ പ്രത്യേകിച്ചും ഈ അഹന്ത അയാളിൽ വർദ്ധിക്കുന്നു, അതു മുഖേന അയാളുടെ സ്വർഗപ്രവേശം പോലും തടസ്സമാവുമെന്നതിലാണ് ഈ വിഷയത്തിനിവിടെ ഗൗരവമേറുന്നത്.
അബ്ദുല്ലാഹിബ്നു മസ്ഊദ് -رضي الله عنه- പറഞ്ഞു: നബി ﷺ അരുളി: ഹൃദയത്തിൽ അണുത്തൂക്കം അഹങ്കാരമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. ഒരാൾ പറഞ്ഞു: നിശ്ചയം ഒരാൾ തന്റെ കുപ്പായവും തന്റെ ചെരിപ്പും നല്ലതാവുന്നതിനെ ഇഷ്ടപ്പെടുന്നില്ലേ ? തിരുദൂതർ ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ഭംഗിയുള്ളവനും ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്, അഹങ്കാരമെന്നാൽ സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിസാരമാക്കലുമാണ്.”
മറ്റുള്ളവരെ ശ്രദ്ധിച്ച് കേൾക്കുക, അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന ഈ പ്രധാനമായ രണ്ടു കാര്യങ്ങളിൽ മനസിന് കൂടുതൽ പരിശീലനം നൽകേണ്ടതുണ്ട്.
നമ്മളേക്കൾ പ്രായം കുറഞ്ഞവരോ കഴിവ് കുറഞ്ഞവരോ നമ്മുടെ അഭിപ്രായങ്ങളെ നിരൂപണം നടത്തുകയോ തിരുത്തുകയോ ചെയ്താൽ അയാളുടെ പക്ഷത്താണ് സത്യമെങ്കിൽ ആ സത്യത്തെ ഉൾക്കൊള്ളാൻ നമുക്ക് സാധിക്കണം, അതാണ് പക്വത, അതുതന്നെയാണ് വിനയം.
പുതിയൊരു വാർത്തയുമായി വന്ന ഒരു കൊച്ചു പക്ഷിയുടെ അഭിപ്രായത്തെ സ്വീകരിച്ചപ്പോൾ മഹാനായ സുലൈമാൻ നബി – عليه السلام- ക്കും ബൽകീസെന്ന രാഞ്ജിക്കും അവരുടെ സമൂഹത്തിനും പ്രതാപവും നന്മയും വർദ്ധിച്ചുവെന്നല്ലാതെ വിപത്തുകളൊന്നും ബാധിച്ചില്ലായെന്ന സൂറത്തുന്നംല്: 22ാം സൂക്തം നമ്മെ പഠിപ്പിക്കുന്നുണ്ട്.
മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ശ്രദ്ധയോടെ കേൾക്കാനും അതിലെ സത്യങ്ങളെ സ്വീകരിക്കാനും തയ്യാറാവുന്നതിലാണ് നന്മകളുള്ളത്, സമുദായത്തിന് ഭദ്രതയും പ്രതാപവും വർദ്ധിക്കുന്നത്, അല്ലാത്തപക്ഷം ഛിദ്രതയും ഈർഷതയും പകപോക്കലുകളുമെല്ലാം നിറഞ്ഞ് സങ്കർഷഭരിതമായിത്തീരും അന്തരീക്ഷം.
എളിമയും താഴ്മയും ഒരന്തസ്സാണ്, അവ മനുഷ്യന് സൗന്ദര്യമാണ്, യഥാർത്ഥ ബുദ്ധിമതികളുടേയും പക്വമതികളുടേയും അടയാളം തന്നെ അവയൊക്കെയാണ്, അതുകൊണ്ടാണല്ലോ മണ്ടനും പണ്ഡിതനും വാക്കുതർക്കമുണ്ടായാൽ മണ്ടൻ ജയിക്കുന്നത് ! സത്യത്തിന്റെ ആളുകൾ കൂടുതൽ എളിമയുള്ളവരാകണം, അതു മൂലമാണ് മറ്റുള്ളവരിൽ കൂടുതൽ സ്വാധീനമുണ്ടാവുന്നതെന്ന് ഓർക്കുകയും വേണം.
മഹാനായ ഇബ്നു അബ്ദിൽ ബറിന്റെ തംഹീദ് എന്ന പുസ്തകത്തിൽ മദീനയിലെ മഹാപണ്ഡിതരിലൊരാളായിരുന്ന ഇബ്നു അബീ ദിഅ്ബിന്റെ ഒരു കഥ പരാമർശിക്കുന്നുണ്ട്,
ഗാസി ബ്നു ഖൈസ് സ്പെയിനിൽ നിന്നും ആദ്യമായി മദീനയിലേക്ക് യാത്ര വന്ന കാലത്ത് മസ്‌ജിദുന്നബവിയിൽ പ്രവേശിക്കുമ്പോൾ ഇബ്നു അബീ ദിഇ്ബും പള്ളിയിലേക്ക് കയറുകയുണ്ടായി, ഇബ്നു അബീ ദിഅ്ബ് രണ്ട് റക്അത്ത് നമസ്കരിക്കാതെ കയറിയപാടെ പള്ളിയിലിരുന്നു, ഇതു കണ്ട ഗാസി ബ്നു ഖൈസ് അദ്ദേഹത്തോട്: പള്ളിയിൽ കയറിയാലുള്ള തഹിയ്യത്തെന്താണ് താങ്കൾക്കറിയില്ലേ എന്ന് പറഞ്ഞ് രണ്ട് റക്അത്ത് നമസ്കരിക്കുവാനായി അദ്ദേഹത്തോട് ആവശ്യപ്പെട്ടു, ഇബ്നു അബീ ദിഅ്ബ് എണീറ്റു നമസ്കാരം പൂർത്തിയാക്കിയപ്പോഴേക്കും അദ്ദേഹത്തിന്റെ ചുറ്റിലും മതപഠന വിദ്യാർത്ഥികൾ പതിവു പോലെ തടിച്ചു കൂടി, അദ്ദേഹം ക്ലാസാരംഭിച്ചപ്പോഴേക്കും ഇതു കാണുന്ന ഗാസി ബിൻ ഖൈസിന് വല്ലാതെ വിഷമവും ലജ്ജയും അനുഭവപ്പെട്ടു, ആ മാന്യദേഹം ആരാണെന്ന് തിരക്കി, മദീനയിലെ മഹാ പണ്ഡിതൻ ഇബ്നു അബീ ദിഅ്ബാണദ്ദേഹമെന്നറിഞ്ഞപ്പോൾ ഗാസി ബ്നു ഖൈസിന് കൂടുതൽ ചമ്മലുണ്ടാവുകയും ശൈഖിനോട് മാപ്പപേക്ഷിക്കുകയും ചെയ്തു: ശൈഖ് പറഞ്ഞു: പ്രിയ സഹോദരാ, നിങ്ങൾക്ക് കുറ്റമില്ല, താങ്കളെന്നോട് ഒരു നന്മ കൽപിച്ചു, ഞാൻ താങ്കളെ അനുസരിച്ചു !
ഇസ്‌ലാമിക ലോകത്ത് ഇതു പോലുള്ള സുന്ദരങ്ങളായ ഒരുപാട് ഏടുകൾ ഇനിയുമുണ്ട്, ആ ഇതളുകൾ വീണ്ടും നിവർത്തപ്പെടുമ്പോൾ പണ്ഡിതർക്കും വിദ്യാർത്ഥികൾക്കും നേതാക്കാൾക്കും അണികൾക്കുമൊക്കെ ഇടയിൽ വിട്ടുവീഴ്ചയും താഴ്മയും എളിമയും പൂത്തുലയട്ടെയെന്ന് പ്രത്യാശിക്കുന്നു.
ഈ എഴുത്ത് നന്നായിട്ടുണ്ട്… അതിലേറെ നമ്മൾക്ക് ആ അധ്യായത്തെ പകർത്താൻ പറ്റിയ രീതിയിലുള്ള ശൈലി… അല്ലാഹു അനുഗ്രഹിക്കട്ടെ.. ✨️
Masha Allah
Barak Allah