ഖുർആൻ സംരക്ഷിതഗ്രന്ഥം -7

//ഖുർആൻ സംരക്ഷിതഗ്രന്ഥം -7
//ഖുർആൻ സംരക്ഷിതഗ്രന്ഥം -7
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -7

Print Now
നാസിഖും മൻസൂഖും -2

മൂന്നു തരം ദുർബലപ്പെടുത്തലുകൾ

മൂന്നു രൂപത്തിൽ ഖുർആനിൽ ദുർബലപ്പെടുത്തൽ അഥവാ നസ്ഖ് ഉണ്ടായിട്ടുണ്ട് എന്നാണ് ഹദീഥുകളുടെ അടിസ്ഥാനത്തിൽ അഹ്‌ലു സ്സുന്നയുടെ പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നത്. പാരായണം നിലനിർത്തിക്കൊണ്ട് നിയമങ്ങൾ ദുർബലപ്പെടുത്തുന്നതാണ് ഒന്നാമത്തെ ഇനം. അതിനുള്ള ഉദാഹരണമാണ് മദ്യനിരോധനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ അവതരിപ്പിക്കപ്പെട്ട, നേരത്തെ സൂചിപ്പിച്ച വചനങ്ങൾ. പാരായണം ഇല്ലാതെയായി നിയമങ്ങൾ അവശേഷിച്ചതാണ് രണ്ടാമത്തെ ഇനം. പാരായണവും അതിലെ നിയമങ്ങളും ദുർബലപ്പെടുത്തിയതാണ് മൂന്നാമത്തേത്. സാങ്കേതികമായി പറഞ്ഞാൽ ഹുക്മ് (നിയമം) നസ്ഖ് ചെയ്ത് തിലാവത്ത് (പാരായണം) നിലനിർത്തുന്നത് ഒന്നാമത്തെ തരം. തിലാവത്ത് നസ്ഖ് ചെയ്ത് ഹുക്മ് നിലനിർത്തിയത് രണ്ടാമത്തെ തരം. തിലാവത്തും ഹുക്മും നസ്ഖ് ചെയ്തതാണ് മൂന്നാമത്തേത്. ഒന്നാമത്തേതിനെ ‘നസ്ഖ് അൽ ഹുക്മ് ദൂന ത്തിലാവ’ എന്നും രണ്ടാമത്തേതിനെ ‘നസ്ഖ് അത്തിലാവ ദൂനൽ ഹുക്മ്’ എന്നും മൂന്നാമത്തേതിനെ ‘നസ്ഖ് അത്തിലാവ വൽ ഹുക്മ്’ എന്നുമാണ് വിളിക്കുക.

സൂറത്തുന്നൂറിലെ ഇരുപത്തിയേഴാമത്തെ വചനത്തിലെ “സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക്‌ സലാം പറയുകയും ചെയ്തിട്ടല്ലാതെ” എന്ന കൽപന അതേ സൂറത്തിലെ തന്നെ ഇരുപത്തിയൊമ്പതാം വചനത്തിലെ “ആള്‍ പാര്‍പ്പില്ലാത്തതും, നിങ്ങള്‍ക്ക്‌ എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതിന്‌ നിങ്ങള്‍ക്ക്‌ കുറ്റമില്ല” എന്ന കൽപന വഴിയും സൂറത്തുൽ മുജാദിലയിലെ പന്ത്രണ്ടാം വചനത്തിലെ “സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അതിന്നു മുമ്പായി ഏതെങ്കിലുമൊന്ന് ദാനം ചെയ്യുക” എന്ന കൽപനയെ അതിന്നടുത്ത വചനത്തിലെ “നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക” എന്ന കൽപന വഴിയും ദുർബലപ്പെടുത്തിയതാണ് ‘നസ്ഖ് അൽ ഹുക്മ് ദൂന ത്തിലാവ’ക്ക് പണ്ഡിതന്മാർ ഉദാഹരിച്ച രണ്ട് കാര്യങ്ങൾ. മദ്യപാനം ഘട്ടങ്ങളായി നിരോധിച്ചതും ഇതിനുള്ള ഉദാഹരണങ്ങളിലൊന്നാണ്.

റജ്‌മിന്റെ ആയത്ത്

പാരായണം ദുർബലപ്പെടുത്തി വിധി നിലനിർത്തിയ രണ്ടാമത്തെ തരം നസ്‌ഖിന് (നസ്ഖ് അത്തിലാവ ദൂനൽ ഹുക്മ്) പ്രധാനമായും പണ്ഡിതന്മാർ ഉദാഹരിച്ചിട്ടുള്ളത് കല്ലെറിയലിന്റെ(റജ്മ്) ഖുർആനികവചനമാണ്. ഇക്കാര്യം വിശദീകരിക്കുന്ന ഹദീഥുകൾ ബുഖാരിയിലും മുസ്‌ലിമിലുമുണ്ട്. സ്വഹീഹുൽ ബുഖാരി, കിത്താബുൽ ‘ഹുദൂദി’ലെ ബാബുൽ ‘ഇഅതിറാഫി ബി സ്സിനാ’യിൽ ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം ചെയ്ത ഹദീഥിൽ ഇങ്ങനെ വായിക്കാം: ഉമർ (റ) പറഞ്ഞു: “കുറെ കാലം കഴിയുമ്പോൾ ആളുകൾ കല്ലെറിഞ്ഞു കൊല്ലലിന്റെ (റജ്മ്) ആയത്തുകൾ വിശുദ്ധഗ്രന്ഥത്തിൽ ഞങ്ങൾ കാണുന്നില്ല എന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. ക്രമേണ അല്ലാഹു ഇറക്കിയ ഈ ഉത്തരവാദിത്വം ഒഴിവാക്കിക്കൊണ്ട് അവർ വഴിപിഴക്കുകയും ചെയ്യും. അറിയുക വ്യഭിചാരി വിവാഹിതനാണെങ്കിൽ, കുറ്റം സാക്ഷികൾ മുഖേനയോ ഗർഭത്തിലൂടെയോ കുറ്റസമ്മതം കൊണ്ടോ തെളിയിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (നിവേദകന്മാരുടെ പരമ്പരയിൽ പെട്ട ഒരാളായ) സുഫ്‌യാൻ (റ) കൂട്ടിച്ചർത്തു: ഞാൻ ഈ നിവേദനം ഇങ്ങനെയാണ് മനഃപാഠമാക്കിയത്: ഉമർ (റ) ഇങ്ങനെ കൂടി പറഞ്ഞിട്ടുണ്ട്: “തീർച്ചയായും അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തിനുശേഷം ഞങ്ങളുമെല്ലാം കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്.”

സ്വഹീഹ് മുസ്‌ലിമിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’യിലും സുനനു അബൂദാവൂദിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബുൻ ‘ഫീ റജ്‌മിലും’ ഈ ഹദീഥ് ചെറിയ വ്യത്യാസങ്ങളോടെ നിവേദനം ചെയ്തിട്ടുണ്ട്.

വൃദ്ധരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്ന് പഠിപ്പിക്കുന്നതിനു വേണ്ടി അവതരിക്കപ്പെടുകയും പിന്നീട് വചനങ്ങൾ ദുർബലപ്പെടുത്തുകയും വിധി നിലനിർത്തുകയും ചെയ്ത വചനമേതാണെന്ന് ഹദീഥ് ഗ്രൻഥങ്ങളിൽ കാണാൻ കഴിയും. ഇമാമുമാരായ അബ്ദുല്ലാഹി ബ്നു ഇമാം അഹ്​മദിന്റെ സവാഹിദുൽ മുസ്നദിലും (21207) അബ്ദുർറസാഖിന്റെ മുസന്നഫിലും (5990) ഇബ്നു ഹിബ്ബാനിന്റെ സ്വഹീഹയിലും (4428) ഹാക്കിമിന്റെ മുസ്തദ്‌റക്കിലും (8068) ബൈഹഖിയുടെ അസ്സുനനിലും (16911) ഇബ്നു ഹസമിന്റെ മഹല്ലിയിലും (12/ 175) സ്വഹീഹായ സനദോടെ ഉദ്ധരിക്കപ്പെട്ട ഹദീഥിൽ സൂറത്തുൽ അഹ്സാബിന്റെ ഭാഗമായി “വൃദ്ധനോ വൃദ്ധയോ വ്യഭിചരിച്ചാൽ അവരെ കല്ലെറിഞ്ഞു കൊല്ലുക; അവർക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷയാണത്; പ്രതാപവാനും യുക്തിജ്ഞനുമാകുന്നു അല്ലാഹു.”(الشَّيْخُ وَالشَّيْخَةُ إِذَا زَنَيَا فَارْجُمُوهُمَا الْبَتَّةَ نَكَالًا مِنَ اللهِ وَاللهُ عَزِيزٌ حَكِيمٌ) വെന്ന വചനം തങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഉബയ്യു ബ്നു കഅബ് (റ) നിവേദനം ചെയ്തതായി കാണാൻ കഴിയും. മുസ്‌ലിം സമുദായത്തിന്റെ അശ്രദ്ധയാൽ നഷ്ടപ്പെട്ടു പോയ വചനമല്ല ഇതെന്നും ഇങ്ങനെയൊരു വചനമുണ്ടായിരുന്നെന്ന് പ്രവാചകാനുചരന്മാർക്ക് അറിയാമായിരുന്നുവെന്നും ഈ വചനം ദുർബലപ്പെടുത്തിയെങ്കിലും അതിലുള്ള വിധികൾ നില നിർത്തുകയാണുണ്ടായത് എന്നുമുള്ള വസ്തുതകൾ സുതരാം വ്യക്തമാക്കുന്നുണ്ട് ഈ ഹദീഥുകൾ.

ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനിയുടെ (റ) ഉമറിൽ(റ) നിന്നുള്ള നിവേദനത്തിൽ നിന്ന് ഈ വചനത്തെക്കുറിച്ച പ്രവാചകനിർദേശമെന്തായിരുന്നുവെന്ന് കൃത്യമായും മനസ്സിലാകുന്നുണ്ട്. “ഉമർ (റ) പറഞ്ഞു: ഈ വചനം ഇറങ്ങിയപ്പോൾ ഞാൻ പ്രവാചകനടുത്ത്(സ) ചെന്ന് ചോദിച്ചു: “ഞാൻ ഇത് രേഖപ്പെടുത്തട്ടെ” പ്രവാചകൻ (സ) അത് ഇഷ്ടപ്പെടാത്തതു പോലെ എനിക്ക് തോന്നി. അതിന്നു ശേഷം ഉമർ (റ) പറഞ്ഞു: “അവിവാഹിതനായ വൃദ്ധൻ വ്യഭിചാരിച്ചാൽ അടി കിട്ടുന്നതും വിവാഹിതനായ യുവാവ് വ്യഭിചാരിച്ചാൽ കല്ലെറിയപ്പെടുന്നതും നീ കാണുന്നില്ലേ?” (ഇമാം ഹാക്കിമിൽ നിന്നും ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി ഉദ്ധരിച്ചത്: ഫത്ഹുൽ ബാരി, കിത്താബുൽ ഹുദൂദ്, ബാബുൽ ഇഹ്തിറാഫ് ബി സ്സിന; 6827 നമ്പർ ഹദീസിന്റെ വിശദീകരണം)

പാരായണം നസ്ഖ് ചെയ്ത് വിധി നിലനിർത്തിയ വചനത്തിന് ഉദാഹരണമാണ് റജ്മിന്റെ ആയത്തെന്ന് ഇമാം നവവി (റ) വ്യക്തമാക്കുന്നുണ്ട്. വൃദ്ധരായ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലണമെന്ന് കൽപിക്കുന്ന വചനം നസ്ഖ് ചെയ്യപ്പെടുകയും വിവാഹിതരായ വ്യഭിചാരികളെയെല്ലാം എറിഞ്ഞു കൊല്ലണമെന്ന നിയമം പ്രാബല്യത്തിൽ വരികയുമാണ് ചെയ്തത്. പ്രവാചകാനുചരന്മാരൊന്നും തന്നെ ഈ വചനം ഖുർആനിന്റെ ഭാഗമായി എഴുതിവെച്ചിട്ടില്ലെന്ന സത്യം വചനം ദുർബലപ്പെട്ടതാണെന്ന വസ്തുതയും പ്രസംഗപീഠത്തിൽ വെച്ച് ഈ വചനത്തിലെ നിയമം നിലനിൽക്കുന്നതാണെന്ന് ഉമർ (റ) പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന പ്രവാചകാനുചരന്മാരിൽ ഒരാൾ പോലും അതിനെതിരെ യാതൊന്നും പറഞ്ഞില്ലെന്ന സത്യം ഇതിലെ നിയമം നിലനിൽക്കുന്നെണ്ടെന്ന വസ്തുതയുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം സമർത്ഥിക്കുന്നു. (ഇമാം നവവി: ശറഹ് സ്വഹീഹ് മുസ്‌ലിം, കിതാബുൽ ഹുദൂദ്, ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’ 3201ആം നമ്പർ ഹദീഥിന്റെ വ്യാഖ്യാനം)

വിശുദ്ധവചനമായി പഠിപ്പിച്ചുവെങ്കിലും ഖുർആനിന്റെ രേഖയിൽ എഴുതിവെക്കാൻ പ്രവാചകൻ (സ) സമ്മതിക്കാതിരുന്ന വചനമാണിതെന്ന് ഉമറുൽ ഫാറൂഖിൽ(റ) നിന്ന് ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി നിവേദനം ചെയ്ത മുകളിൽ ഉദ്ധരിച്ച സംഭവം സുതരാം വ്യക്തമാക്കുന്നുണ്ട്. വിവാഹിതരായ വ്യഭിചാരികളെ കല്ലെറിഞ്ഞ് കൊല്ലണമെന്ന അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട വിധിയെങ്ങാനും എഴുതപ്പെട്ട ഖുർആനിൽ ഇല്ലെന്ന കാരണത്താൽ വിസ്മരിക്കപ്പെടുമോയെന്ന ആവലാതിയാണ് ഉമറിന്റെ ബുഖാരിയും മുസ്‌ലിമുമെല്ലാം നിവേദനം ചെയ്ത ഹദീഥിലുള്ളത്. ഖുർആനിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉമറുൽ ഫാറൂഖ് കരുതിയിരുന്നുവെന്ന് അതിൽ നിന്ന് മനസ്സിലാക്കിക്കൂടാത്തതാണ്. അബൂബക്കറിന്റെ(റ) ഭരണകാലത്ത് ക്രോഢീകരിക്കപ്പെട്ട ഖുർആൻ പതിപ്പിൽ നിന്ന് നഷ്ടപ്പെട്ടു പോയതാണ് ഈ വചനമെന്നാണ് ഉമർ (റ) കരുതിയിരുന്നതെങ്കിൽ താൻ ഭരണാധികാരിയായിരുന്ന പന്ത്രണ്ട് വർഷങ്ങൾക്കിടയിൽ അത് ഖുർആനിൽ എഴുതിച്ചേർക്കുന്നതിന് അദ്ദേഹം പരിശ്രമിക്കുമായിരുന്നുവെന്നുറപ്പാണ്. അബൂബക്കറിന്റെ കാലത്ത് നിർമിക്കപ്പെട്ട ഖുർആൻ പതിപ്പിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടുവെന്നല്ല കാർക്കശ്യത്തോടെയുള്ള ഉമറിന്റെ പരാമർശം വെളിപ്പെടുത്തുന്നത്, പ്രത്യുത വിശുദ്ധ കൽപനകളിലൊന്നായി പഠിപ്പിക്കപ്പെട്ട കല്ലെറിയലിന്റെ നിയമം ഖുർആനിലില്ലെന്ന കാരണം പറഞ്ഞ് നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായിക്കൂടായെന്ന സൂക്ഷ്മതയാണ്. ക്രാന്തദർശിയായ ആ പ്രവാചകാനുയായി ദീർഘദർശനം ചെയ്തത് തന്നെ സംഭവിച്ചുവെന്നതിന് ചരിത്രം സാക്ഷിയാണ്. അദ്ദേഹത്തിന്റെ കാലത്തിനുശേഷം വർഷങ്ങൾക്കുള്ളിൽ തന്നെ ഖവാരിജുകളും മുഅ്‌തസിലുകളും ഖുർആനിലില്ലെന്ന കാരണം പറഞ്ഞ് കല്ലെറിയലിന്റെ നിയമത്തെ നിരാകരിച്ചു. പ്രസ്തുത നിരാകരണം ഹദീഥ് നിഷേധികളിലൂടെ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.

മനുഷ്യരുടെ ദുരാഗ്രഹത്തെക്കുറിച്ച ആയത്ത്

നസ്ഖ് അത്തിലാവ ദൂനൽ ഹുക്‌മിനുള്ള മറ്റൊരു ഉദാഹരണമാണ് ‘ആദം സന്തതിക്ക് സമ്പത്തിന്റെ രണ്ട് താഴ് വര ഉണ്ടെങ്കിലും അവൻ ഒന്ന് കൂടെ ആഗ്രഹിക്കും’ എന്ന വചനം. അതേക്കുറിച്ച് വിശദീകരിക്കുന്ന ഹദീഥ് കാണുക: “അബൂ ഹർബ് ബ്നു അബുൽ അസ് വദ് (റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: ബസറയിലെ ഖുർആൻ പാരായണക്കാരെ അബൂമൂസൽ അശ് അരി (റ) തന്റെ അടുത്തേക്ക് വരുത്തി. അവർ നൂറു പേരുണ്ടായിരുന്നു. അവർ ഖുർആൻ ഓതിയപ്പോൾ അദ്ദേഹം പറഞ്ഞു: ബസറയിലെ ഖുർആൻ പാരായണക്കാരെന്ന നിലയിൽ ഇവിടെയുള്ളവരിൽ ഏറ്റവും ഉത്തമർ നിങ്ങളാണ്. അതിനാൽ നിങ്ങൾ നിങ്ങളുടെ പാരായണം തുടർന്നുകൊണ്ടിരിക്കുക. പക്ഷെ, ദീർഘമായുള്ള പാരായണം നിങ്ങളുടെ ഹൃദയത്തെ കടുത്തതാക്കിത്തീർക്കരുത്; നിങ്ങൾക്ക് മുമ്പുള്ളവരുടെ ഹൃദയം കടുത്തതായിത്തീർന്നതു പോലെ. സൂറത്തുൽ ബറാഅത്തിന്റെ അത്രയും ദൈർഘ്യവും ഗാംഭീര്യവുമുള്ള ഒരു അദ്ധ്യായം ഞങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നു. പക്ഷെ, “സമൃദ്ധമായ രണ്ട് താഴ്വരകൾ സ്വന്തമായുണ്ടായാലും ആദമിന്റെ മകൻ മൂന്നാമതൊന്നിനു വേണ്ടി ആഗ്രഹിച്ചുകൊണ്ടിരിക്കും. ആദമിന്റെ പുത്രന്റെ വയർ നിറക്കാൻ മണ്ണിനല്ലാതെ മറ്റൊന്നിനും കഴിയില്ല” (لَوْ كَانَ لاِبْنِ آدَمَ وَادِيَانِ مِنْ مَالٍ لاَبْتَغَى وَادِيًا ثَالِثًا وَلاَ يَمْلأُ جَوْفَ ابْنِ آدَمَ إِلاَّ التُّرَابُ) എന്ന ഒരു വചനമൊഴിച്ച് അതിലുള്ള ബാക്കിയെല്ലാം ഞാൻ മറന്നുപോയി. അതേപോലെത്തന്നെ മുസബ്ബിഹാത്തിന്റെ സൂറത്തുകളെപ്പോലെയുള്ള ഒരു സൂറത്ത് ഞങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നു. “സത്യവിശ്വാസികളേ, നിങ്ങളെന്തിനാണ് പ്രവർത്തിക്കാത്തത് പറയുന്നത്” (يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لاَ تَفْعَلُونَ) എന്നും “നിങ്ങളുടെ കഴുത്തുകളിൽ തന്നെ സാക്ഷ്യം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു; പുനരുത്ഥാനനാളിൽ അതേക്കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടും”(.فَتُكْتَبُ شَهَادَةً فِي أَعْنَاقِكُمْ فَتُسْأَلُونَ عَنْهَا يَوْمَ الْقِيَامَةِ ) എന്നുമുള്ള വചനങ്ങളൊഴിച്ച് ബാക്കിയെല്ലാം ഞാൻ അതിൽ നിന്ന് മറന്നുപോയി.” (സ്വഹീഹ് മുസ്‌ലിം, കിതാബുസ്സകാത്ത്, ബാബു ലൗ അന്ന ലിബിനി ആദമ വാദിയൈനി ലബ്തആ ഥാലിഥൻ)

പ്രസിദ്ധ ഹദീഥ് നിരൂപകനായ ഇബ്നു ഹജർ അൽ-അസ്ഖലാനി ഈ വചനങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഈ വചനങ്ങൾ ക്വുർആനിന്റെ ഭാഗമാണെന്ന് നബി (സ) പറഞ്ഞതാകാം; അല്ലെങ്കിൽ ഖുദ്‌സിയായ ഹദീഥുമാകാം, അല്ലാഹുവിനാണ് അറിയുക. ആദ്യം പറഞ്ഞതാണ് ശരിയെങ്കിൽ ഈ വചനങ്ങളുടെ പാരായണം അല്ലാഹു തന്നെ ദുർബലപ്പെടുത്തിയതാണ്; അതിന്റെ വിധി നിലനിൽക്കുന്നതുമാണ്. അബൂ ഉബൈദ് (റ) അദ്ദേഹത്തിന്റെ ഫദായിലുൽ ക്വുർആൻ എന്ന ഗ്രന്ഥത്തിൽ അബൂ മൂസയുടെ(റ) ഹദീസിൽ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം സമർത്ഥിക്കുന്നുണ്ട്. സൂറത്തു തൗബയുടെ അത്ര വലിയൊരു സൂറത്ത് അവർക്ക് മനപാഠമായിരുന്നെന്നും അത് പിന്നീട് വിസ്മരിക്കപ്പെട്ടു എന്നും പ്രസ്തുത ഹദീഥിലുണ്ട്. (ഫത്ഹുൽ ബാരി: (11/258))

മുലകുടി ബന്ധത്തെക്കുറിച്ച വചനം

പാരായണവും വിധിയും ദുർബലപ്പെടുത്തുകയെന്ന, മൂന്നാമത്തെ തരം നസ്ഖിന് (‘നസ്ഖ് അത്തിലാവത്തു വൽ ഹുക്മ്) ഉദാഹരണമാണ് മുലകുടി ബന്ധത്തെക്കുറിച്ച വചനം. വിവാഹബന്ധം നിഷിദ്ധമാക്കുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുലകുടിക്കണമെന്ന് നിർദേശിക്കുന്ന വചനം ഖുർആനിലുണ്ടായിരുന്നുവെന്ന് ആയിശ (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹദീഥ് കാണുക: “ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുലകുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു” (സ്വഹീഹ് മുസ്‌ലിം, കിതാബുർ റിദ്വാഅ, ബാബുത്തുഹ്‌രീമി ബി ഖംസി റദ്വആത്തിൻ)

പത്ത് മുലകുടിയിലൂടെയാണ് മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയെന്ന് പഠിപ്പിക്കുന്ന വചനം ഖുർആനിലുണ്ടായിരുന്നുവെന്നും അത് പിന്നീട് ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നുമുള്ള ആയിശ(റ)യുടെ പരാമർശത്തിൽ നിന്ന് വചനങ്ങളും വിധികളും ദുർബലപ്പെടുത്തുന്ന രീതി പ്രവാചകാനുചരന്മാർക്ക് പരിചയമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. മുഹമ്മദ് നബി (സ) ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് ഇത് സംഭവിച്ചതെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നുണ്ട്. പ്രവാചകൻ (സ) പഠിപ്പിക്കുകയും അനുചരന്മാരെങ്കിലും എടുത്ത് മാറ്റുകയും ചെയ്ത സൂക്തങ്ങളോ ഖുർആനിൽ നിന്ന് അബദ്ധവശാൽ നഷ്ടപ്പെട്ടുപോയ വചനങ്ങളോ അല്ല ഇവയൊന്നും തന്നെ. ഖുർആൻ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത പ്രവാചകൻ (സ) തന്നെ, തന്റെ അനുചരന്മാരോട് ഖുർആൻരേഖയിൽ എഴുതേണ്ടതില്ലെന്ന് കൽപിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്ത വചനങ്ങളാണിവ. അല്ലാഹു അവതരിപ്പിച്ച ചില വചനങ്ങൾ നില നിർത്തേണ്ടതില്ലെന്ന് അവൻ തന്നെ തീരുമാനിച്ചതിനുള്ള ഉദാഹരങ്ങൾ മാത്രമാണ് ഇവ. ഖുർആനിന്റെ അഖണ്ഡതയെ ഈ വചനങ്ങൾ ഒരു അർത്ഥത്തിലും ചോദ്യം ചെയ്യുന്നില്ല.

ദീർഘമായ സൂറത്തുൽ അഹ്സാബ്

നസ്ഖ ത്തിലാവത്തു വൽ ഹുക്മിനുള്ള ഉദാഹരണങ്ങൾ പ്രതിപാദിക്കുന്ന വേറെയും ഹദീഥുകളുണ്ട്. റജ്മിന്റെ ആയത്തിനെക്കുറിച്ച് പറയുന്ന നേരത്തെ ഉദ്ധരിച്ച ഇമാമുമാരായ അബ്ദുല്ലാഹി ബ്നു ഇമാം അഹ് മദിന്റെ സവാഹിദുൽ മുസ്നദിലും(21207) അബ്ദുർറസാഖിന്റെ മുസന്നഫിലും (5990) ഇബ്നു ഹിബ്ബാനിന്റെ സ്വഹീഹയിലും (4428) ഹാക്കിമിന്റെ മുസ്തദ്‌റക്കിലും (8068) ബൈഹഖിയുടെ അസ്സുനനിലും (16911) ഇബ്നു ഹസമിന്റെ മഹല്ലിയിലും (12/175) നിവേദനം ചെയ്ത ഹദീഥിന്റെ പൂർണരൂപം ഇങ്ങനെയാണ്: “ആസിം ഇബ്‌നു ബഹ്‌ദല (റ) പറയുന്നു: സുർറിനോട് ഉബയ്യിബ്നു കഅ്ബ് (റ) ചോദിച്ചു: “എത്ര ദീർഘമായാണ് നിങ്ങൾ സൂറത്തുൽ അഹ്‌സാബ് പാരായണം ചെയ്യുന്നത്? അല്ലെങ്കിൽ എത്ര വചനങ്ങളാണ് അതിലുള്ളത്?” അദ്ദേഹം പറഞ്ഞു: “എഴുപത്തിമൂന്ന് വചനങ്ങൾ”. ഉബയ്യ് പ്രതിവചിച്ചു: “അത്രമാത്രമോ? അത് സൂറത്തുൽ ബഖറയുടെ അത്ര വലുതായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിൽ ഞങ്ങൾ ഇങ്ങനെ പാരായണം ചെയ്തിരുന്നു: “വൃദ്ധനോ വൃദ്ധയോ വ്യഭിചരിച്ചാൽ അവരെ കല്ലെറിഞ്ഞു കൊല്ലുക; അവർക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷയാണത്; പ്രതാപവാനും യുക്തിജ്ഞനുമാകുന്നു അല്ലാഹു”

നിരവധി ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുള്ള ഈ ഹദീഥിന്റെ നിവേദകപരമ്പര സ്വീകാര്യമാണെന്ന് ഇമാമുമാർ ഇബ്‌നു ഹസമും (റ) ഇബ്നു കഥീറും (റ) സമർത്ഥിച്ചിട്ടുണ്ട്. ( തഫ്സീർ ഇബ്നുകഥീർ 6/335)

ഇന്ന് നമ്മുടെ കയ്യിലുള്ള സൂറത്തുൽ അഹ്‌സാബിന്റെ ആയത്തുകൾ ഒഴികെ മറ്റെല്ലാ ആയത്തുകളും അല്ലാഹു ഉയർത്തുകയാണ് ചെയ്തതെന്ന നിലപാടാണ് വിവരമുള്ളവർ ഇവ്വിഷയകമായി എടുത്തതെന്നും പാരായണവും വിധികളും ദുർബലമാക്കപ്പെട്ടതിന് ഉദാഹരണമാണ് ഈ വചങ്ങളെന്നും ഇമാം ഖുർത്തുബി സൂറത്തുൽ അഹ്സാബിന്റെ വിശദീകരണത്തിൽ പറയുന്നുണ്ട്. (ഇമാം ഖുർത്തുബി: അൽ ജാമിഉൽ അഹ്കാമിൽ ഖുർആൻ 33/1)

ബിഅ്‌റു മഊനയെക്കുറിച്ച ആയത്ത്

ബിഅ്‌റു മഊന സംഭവത്തിന് ശേഷം അവതരിക്കപ്പെട്ട ആയത്തിനെക്കുറിച്ച് പറയുന്ന ഹദീഥുകളിലുമുള്ളത് നസ്ഖു ത്തിലാവത്തു വൽ ഹുക്മിനുള്ള ഉദാഹരണമാണ്: ഹദീഥ് ഇങ്ങനെയാണ്: “അനസ് ബ്നു മാലിക്കിൽ നിന്ന് നിവേദനം: ബിഅ്‌റു മഊനയിൽ വെച്ച് തന്റെ അനുചരന്മാരെ കൊന്നവർക്കെതിരെ മുപ്പതു ദിവസം പ്രവാചകൻ (സ) പ്രഭാതത്തിൽ ശാപപ്രാർത്ഥന നടത്തി. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിച്ചവരായ റിഈൽ, ദക്‌വാൻ, ഉസയ്യ എന്നീ ഗോത്രങ്ങളെയാണ് അദ്ദേഹം ശപിച്ചത്. ബിഅ്‌റു മഊനയിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് മഹത്വത്തിന്റെ ഉടയവനും മഹോന്നതനുമായ അല്ലാഹു അവതരിപ്പിച്ച വചനം അത് ദുർബലപ്പെടുത്തപ്പെടുന്നത് വരെ ഞങ്ങൾ ഓതാറുണ്ടായിരുന്നു: (അതിങ്ങനെയായിരുന്നു): ‘ഞങ്ങൾ ഞങ്ങളുടെ നാഥനെ കണ്ടുമുട്ടിയെന്ന സന്തോഷവാർത്ത ഞങ്ങളുടെ ജനതയെ അറിയിക്കുക; അവൻ ഞങ്ങളെയും ഞങ്ങൾ അവനെയും തൃപ്തിപ്പെട്ടിരിക്കുന്നു” ( بَلِّغُوا قَوْمَنَا أَنْ قَدْ لَقِينَا رَبَّنَا فَرَضِيَ عَنَّا وَرَضِينَا عَنْهُ)

(സ്വഹീഹ് മുസ്‌ലിം, കിത്താബിൽ മസാജിദി വ മാവാദ്വി ഇസ് സ്വലാത്തി, ബാബി സ്തിഹ്ബാബിൽ ഖുനൂത്തി ഫീ ജമീഇ സ്വലാത്തി ഇദാ നസ്സലത്ത് ബിൽ മുസ്‌ലിമീന നാസിലത്തൻ)

നസ്‌ഖിനു പിന്നിലുള്ള യുക്തി

നസ്ഖ് ചെയ്യുന്നതിന്റെ യുക്തിയെന്താണെന്നും എന്തിനുവേണ്ടിയാണ് മൂന്നുതരത്തിലുമുള്ള നസ്ഖുകളെന്നുമെല്ലാം ഖുർആൻ അവതരിപ്പിച്ച അല്ലാഹുവിനാണ് കൃത്യമായി അറിയുക. അഗാധജ്ഞാനിയും സൂക്ഷമജ്ഞാനിയും അവനാണല്ലോ. എന്നാൽ ഇത്തരം ദുർബലപ്പെടുത്തലുകൾ കൊണ്ടുള്ള ചില പ്രയോജനങ്ങളെക്കുറിച്ച് പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുണ്ട്. അവ ഇങ്ങനെയാണ്:

1) തിന്മകൾ കടന്നുവരാനുള്ള സാഹചര്യങ്ങൾ പോലും ഇല്ലായ്മ ചെയ്യാനായി ചിലപ്പോൾ കർക്കശമായ നിയമങ്ങൾ വേണ്ടി വന്നേക്കും. പ്രസ്തുത സാഹചര്യങ്ങൾ ഇല്ലാതായാൽ കർക്കശമായ നിയമങ്ങൾ നീക്കി പകരം കൂടുതൽ എളുപ്പമുള്ള നിയമങ്ങൾ നടപ്പാക്കാവുന്നതാണ്. പ്രയാസങ്ങളില്ലാതെ പ്രസ്തുത നിയമങ്ങൾ അനുസരിക്കാൻ അതുവഴി എക്കാലത്തുമുള്ള വിശ്വാസികൾക്ക് കഴിയും.

2) സമൂഹത്തിൽ വേരൂന്നിയ തിന്മകളിൽ ചിലത് ഒറ്റയടിക്ക് ഇല്ലാതെയാക്കാൻ കഴിയില്ല. അവയിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ ഘട്ടം ഘട്ടമായുള്ള നിയമങ്ങളുടെ നടപ്പാക്കൽ വഴി സാധിക്കും.

3) നിയമങ്ങൾ നിഷ്കർഷിക്കുവാനും മാറ്റുവാനും അധികാരമുള്ളവനാണ് അല്ലാഹു. ഒരിക്കൽ അവൻ പഠിപ്പിച്ച നിയമം അവൻ തന്നെ മാറ്റി പുതിയത് നൽകുമ്പോൾ അത് ചോദ്യം ചെയ്യാതെ അനുസരിക്കുകയാണ് വിശ്വാസികളുടെ ബാധ്യത. പ്രസ്തുത ബാധ്യതാനിർവഹണത്തിൽ എത്രത്തോളം സമർപ്പിതരാണ് ഓരോ വിശ്വാസിയുമെന്ന് പരിശോധിക്കുവാൻ ഇത്തരം നിയമമാറ്റങ്ങൾ വഴി കഴിയും.

4) നിയമങ്ങൾ നിർമ്മിക്കുവാനും മാറ്റുവാനുമെല്ലാം അല്ലാഹുവിനുള്ള ഏകപക്ഷീയമായ അധികാരത്തെക്കുറിച്ച് വിശ്വാസികളെ ബോധ്യപ്പെടുത്തുക വഴി സൂക്ഷ്മജ്ഞനായ അവൻ നിശ്ചയിച്ച നിയമങ്ങളെ സ്വന്തം യുക്തിക്കും ബുദ്ധിക്കും ദഹിക്കുന്നതാണെങ്കിലും അല്ലെങ്കിലും ചോദ്യം ചെയ്യാതെ അനുസരിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കും.

നസ്‌ഖിന്റെ വൃത്തം

‘നസ്ഖ്’ എന്ന പദത്തിന് നീക്കം ചെയ്യുകയെന്നാണ് അർത്ഥമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അർത്ഥ കല്‍പനയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ പ്രവര്‍ത്തനകാലം അവസാനിച്ചിട്ടുള്ളതായി അറിയിക്കുക, ഒരു വാക്കിന്റെ പ്രത്യക്ഷത്തിലുള്ള അർത്ഥമല്ല ഇവിടെ യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് കാണിക്കുക. ഒരിടത്ത് ഏതെങ്കിലും ഉപാധിയോടുകൂടി പറയപ്പെട്ട നിയമത്തിന് ആ ഉപാധി നിര്‍ബന്ധമല്ലെന്ന് കാണിക്കുക, സാമാന്യമായി പറയപ്പെട്ട ഒരു ലക്ഷ്യം കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും പ്രത്യേകമായിട്ടുള്ള ഒന്നാണെന്ന് മനസ്സിലാക്കുക, ഇസ്‌ലാമിന് മുമ്പുണ്ടായിരുന്ന ഏതെങ്കിലും പതിവുകളെ നീക്കം ചെയ്യുക എന്നിങ്ങനെ പല കാര്യങ്ങള്‍ക്കും നസ്ഖ് എന്ന് പൂര്‍വകാലത്തെ ചില പണ്ഡിതന്മാര്‍ പറഞ്ഞതായി കാണുന്നുണ്ട്. ഇങ്ങനെയാകുമ്പോള്‍ നസ്ഖിന്റെ വൃത്തം വലുതാകുകയും സ്വാഭാവികമായും കുറെയേറെ സൂക്തങ്ങള്‍ ഈ വൃത്തത്തിന് അകത്താവുകയും ചെയ്യും. അതുകൊണ്ടാണ് ചില ഗ്രന്ഥങ്ങളില്‍ ഇരുന്നൂറിലധികം ഖുര്‍ആന്‍ സൂക്തങ്ങള്‍ നസ്ഖ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് എഴുതിയിരിക്കുന്നത്. അല്ലാതെ, പ്രസ്തുത സൂക്തങ്ങളിലെ നിയമങ്ങളെല്ലാം ദുര്‍ബലപ്പെട്ടുവെന്ന അര്‍ഥത്തിലല്ല.

ദുര്‍ബലപ്പെടുത്തപ്പെട്ട വിധികളോടുകൂടിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ തുലോം വിരളമാണ് എന്നുള്ളതാണ് വാസ്തവം. കേവലം വിരലിലെണ്ണാവുന്നവ മാത്രം. ഇതു മനസ്സിലാക്കാതെ പുസ്തകമെഴുതിയ ചില പില്‍ക്കാല രചയിതാക്കള്‍ക്ക് വന്നുഭവിച്ച അബദ്ധമാണ് ഇരുന്നൂറോളം സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന വിചാരം സൃഷ്ടിക്കപ്പെട്ടതിന് കാരണം. നസ്ഖിന് ദുര്‍ബലപ്പെടുത്തപ്പെടുകയെന്ന അര്‍ഥ കല്‍പന മാത്രം പരിഗണിക്കുകയും മുന്‍ഗാമികള്‍ മന്‍സൂഖ് ആയി ഗണിച്ച എല്ലാ സൂക്തങ്ങളിലെ വിധികളും ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്യുകയാണ് അവര്‍ ചെയ്തത്. സത്യത്തില്‍ പ്രസ്തുത സൂക്തങ്ങളൊന്നുംതന്നെ നിയമം ദുര്‍ബലമാക്കപ്പെട്ടവയല്ല; പ്രത്യുത നിയമപ്രാബല്യമുള്ളവതന്നെയാണ്. ഉദാഹരണത്തിന് “പാശ്ചാത്യവും പൗരസത്യവും അല്ലാഹുവിനുള്ളതാണ്. എങ്ങോട്ട് തിരിഞ്ഞാലും അവിടെ ദൈവസാന്നിധ്യമുണ്ട്.” (ക്വുര്‍ആന്‍ 1: 115) എന്ന വചനത്തെ ക്വിബ്‌ല കഅ്ബയാണെന്ന് അറിയിക്കുന്ന ആയത്ത് (2: 144) കൊണ്ട് ദുര്‍ബലപ്പെടുത്തിയെന്ന് പറയാവുന്നതാണ്. എന്നാല്‍ യാത്രയിലെ സുന്നത്ത് നമസ്‌കാരങ്ങളില്‍ ആദ്യആയത്തിന്റെ നിയമം ശേഷിക്കുന്നുണ്ടെന്ന് കർമശാസ്ത്രവിശാരദന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

ഖുര്‍ആന്‍ ദൈവികമാണെന്ന വസ്തുതയാണ് ഈ ദുര്‍ബലപ്പെടുത്തലുകളെല്ലാം വ്യക്തമാക്കുന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട ദുർബലപ്പെടുത്തലുകൾ ഉദാഹരണം. മുഹമ്മദ് (ﷺ) പ്രവാചകത്വലബ്ധിക്കു മുമ്പുതന്നെ മദ്യപിക്കാത്തയാളായിരുന്നു. അദ്ദേഹം മദ്യത്തിനെതിരെ നിയമമുണ്ടാക്കുകയായിരുന്നെങ്കില്‍ ചിലപ്പോൾ അത് ഒറ്റയടിക്ക് മദ്യം നിര്‍ത്തുവാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലാകാമായിരുന്നു. മനുഷ്യ മനസ്സിന്റെ അവസ്ഥാന്തരങ്ങളെയും മാറ്റത്തിന്റെ രീതിശാസ്ത്രത്തെയും കുറിച്ച് നന്നായറിയുക സ്രഷ്ടാവിനാണല്ലോ. അതുകൊണ്ടുതന്നെയായിരിക്കണം മദ്യനിരോധനം അവന്‍ ഘട്ടങ്ങളായി നടപ്പാക്കിയത്. അങ്ങനെ ഘട്ടങ്ങളായി നടപ്പാക്കുമ്പോള്‍ ആദ്യഘട്ടങ്ങളിലെ നിയമങ്ങള്‍ പിന്നീട് ദുര്‍ബലപ്പെടുക സ്വാഭാവികമാണ്. ഈ ദുര്‍ബലപ്പെടുത്തല്‍ പോലും സര്‍വജ്ഞനായ അല്ലാഹുവില്‍നിന്നുള്ളതാണ് ഖുര്‍ആനെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നതെന്നർത്ഥം.

മൻസൂഖായ ആയത്തുകളെന്തിന് ?

നിയമങ്ങൾ ഭേദഗതി ചെയ്ത ചില ഖുർആൻ വാക്യങ്ങൾ അല്ലാഹു അതേപോലെത്തന്നെ നിലനിർത്തി. ചിലവയുടെ നിയമവും പാരായണവും ദുർബലപ്പെടുത്തി. മറ്റു ചിലവയുടെ പാരായണം ദുർബലപ്പെടുത്തി; നിയമം നിലനിർത്തി. ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു? കൃത്യമായ കാരണമറിയുക അല്ലാഹുവിനു മാത്രമാണ്. എന്നാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ചില പ്രയോജനങ്ങളുണ്ട്. പണ്ഡിതന്മാർ വിശദീകരിച്ച പ്രസ്തുത പ്രയോജനങ്ങളാണ് നേരത്തെ സൂചിപ്പിച്ചത്. ഖുര്‍ആന്‍ കേവലമായ ഒരു ധര്‍മശാസ്ത്രഗ്രന്ഥം മാത്രമല്ല; സമൂഹിക മാറ്റത്തിന്റെ മാര്‍ഗദര്‍ശകഗ്രന്ഥംകൂടിയാണ്. സാംസ്‌കാരികമായി വട്ടപ്പൂജ്യത്തിലായിരുന്ന ഒരു സമൂഹത്തെ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചതെങ്ങനെയെന്ന് മനസ്സിലാക്കുന്നതിനും അത്തരം സാഹചര്യങ്ങളില്‍ ഖുര്‍ആനിക നിര്‍ദേശങ്ങളെ എങ്ങനെ പ്രയോഗവത്കരിക്കണമെന്ന് എക്കാലത്തുമുള്ള നിയമവിശാരദന്മാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാകാം അല്ലാഹു ചില സൂക്തങ്ങളെ അവയുടെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുപോലും ഖുര്‍ആനില്‍ നിലനിര്‍ത്തിയത്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത സാഹചര്യങ്ങളിലെ നിയമങ്ങളുടെ നിർധാരണത്തിന് ഇത്തരം സൂക്തങ്ങള്‍ വളരെയേറെ ഉപകാരപ്രദങ്ങളാണ്.

ഖുര്‍ആനും നബിചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഈ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമൂഹം നേരിടുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക ഓരോ കാലത്തെയും പണ്ഡിതന്മാരുടെ ബാധ്യതയാണ്. ഓരോ പുതിയ പ്രശ്‌നവും നേരിടേണ്ടിവരുമ്പോള്‍ സമാനമായ പ്രശ്‌നങ്ങളില്‍ ഖുര്‍ആനും നബിചര്യയും എന്തെല്ലാം നിലപാടുകളാണ് സ്വീകരിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പണ്ഡിതന്മാര്‍ പരിഹാരം നിര്‍ദേശിക്കുക. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഖുര്‍ആനും നബിചര്യയും സ്വീകരിച്ച നിലപാടുകളെക്കുറിച്ച് അറിവില്ലെങ്കില്‍ ഇത് അസാധ്യമാകുമായിരുന്നു. നിയമം ദുര്‍ബലപ്പെടുത്തപ്പെട്ടുവെങ്കിലും, വ്യത്യസ്ത സാഹചര്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ സംരക്ഷിക്കപ്പെട്ടതിനാൽ തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മതവിധികൾ നിർധരിക്കുവാൻ മുസ്‌ലിം സമൂഹത്തിന് പ്രയാസപ്പെടേണ്ടി വരുന്നില്ല. ഇസ്‌ലാമിമിക കർമശാസ്ത്രത്തിലെ അനുബന്ധപ്രമാണമായ സദൃശ്യാനുമാനത്തിന് (ഖിയാസ്) ഏറെ പ്രയോജനപ്പെടുന്നതാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ നടപ്പാക്കപ്പെടുകയും ആ സാഹചര്യങ്ങൾ ഇല്ലാതെയായപ്പോൾ ദുർബലപ്പെടുത്തുകയും ചെയ്ത വചനങ്ങൾ എന്നർത്ഥം. അതും ഇത്തരം വചനങ്ങൾ അവശേഷിപ്പിച്ചതിന് കാരണമാവാം. അങ്ങനെ ഭാവിയിലേക്ക് ആവശ്യമില്ലാത്ത വചനങ്ങളെയാകാം പാരായണവും വിധികളും ദുർബലപ്പെടുത്തിയത്. ബാക്കിയെല്ലാം അല്ലാഹുവിനാണറിയുക. അവനാണല്ലോ സൂക്ഷ്മജ്ഞനും അഗാധജ്ഞനും.

No comments yet.

Leave a comment

Your email address will not be published.