ക്ഷമിക്കുക; നാം വിശ്വാസികളാണ്

//ക്ഷമിക്കുക; നാം വിശ്വാസികളാണ്
//ക്ഷമിക്കുക; നാം വിശ്വാസികളാണ്
ഖുർആൻ / ഹദീഥ്‌ പഠനം

ക്ഷമിക്കുക; നാം വിശ്വാസികളാണ്

Print Now
രീക്ഷണനിര്‍ഭരമാണ് മനുഷ്യജീവിതം. വിശ്വാസവും ഭയഭക്തിയും ഉണ്ടായി എന്നത്‌കൊണ്ട് പരീക്ഷണങ്ങള്‍ക്ക് വിധേയരാവില്ല എന്നില്ല. മറിച്ച് ഒരാളുടെ വിശ്വാസ ദാര്‍ഢ്യത അവന്റെ പരീക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കുകയും, ദീനീ പ്രതിബദ്ധതയിലും വിശ്വാസത്തിലുമുള്ള കുറവ് പരീക്ഷണങ്ങളിലൂടെ ലഘൂകരിക്കുകയുമാണ് ചെയ്യുക. ഈ അടിസ്ഥാനത്തില്‍ ഏറ്റവും ശക്തമായി പരീക്ഷണത്തിന് വിധേയരായവര്‍ പ്രവാചകന്‍മാരും, പിന്നീട് ശ്രേഷ്ഠതയില്‍ അവരോടടുത്തവരുമാണെന്ന് റസൂലിന്റെ (സ) വചനങ്ങളിലൂടെ നമുക്ക് മനസിലാക്കാവുന്നതാണ്.

നമ്മുടെയൊക്കെ ജീവിതത്തില്‍ ഒട്ടനവധി ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നേരിടേണ്ടി വരാറുണ്ട്. നന്മകൊണ്ടും തിന്‍മകൊണ്ടും അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ നമ്മെ തേടിയെത്താറുണ്ട്. സന്താപ പരീക്ഷണങ്ങളിലും, സന്തോഷ പരീക്ഷണങ്ങളിലും സന്തുലിതമായി പ്രതികരിക്കാന്‍ കഴിയുന്നവരാണ് വിജയികള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സിനെ പതറാതെ നിയന്ത്രിച്ചുനിര്‍ത്തി നമുക്ക് പിണഞ്ഞ മുസീബത്തുകള്‍ സഹിക്കുവാനുള്ള കഴിവിനാണ് ‘അസ്സ്വബ്‌റ്’ അഥവാ ക്ഷമ എന്നു പറയുന്നത്.

അല്ലാഹുവിന്റെ തിരുദൂതന്‍ (സ) ഇപ്രകാരം പറയുകയുണ്ടായി: ‘വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ !! അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണം ചെയ്യുന്നു. ഒരു സത്യവിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും അതാവില്ല. സന്തോഷകരമായ വല്ലതും അവനുണ്ടായാല്‍ അവന്‍ അല്ലാഹുവിന് നന്ദി ചെയ്യുകയായി, അതവന് ഗുണകരമായി മാറുന്നു. ദോഷകരമായ വല്ലതും അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമ അവലംബിക്കും, അതും അവന് ഗുണകരമായി മാറുന്നു.’ വലിയൊരു തത്വമാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. സുഖത്തിലും ദുഃഖത്തിലും ഇഹലോകത്ത് മനസ്സമാധാനവും പരലോകത്ത് പുണ്യവുമാണ് വിശ്വാസിക്ക് ലഭിക്കുന്നത്. നന്മ കൈവരുമ്പോള്‍ അത്യാഗ്രഹവും അതിമോഹവും അലട്ടിക്കൊണ്ടിരിക്കുകയും, നിരാശകൊണ്ട് പൊറുതിമുട്ടുകയും ചെയ്യുന്നവര്‍ക്ക് പരലോകത്ത് പോകട്ടെ, ഇഹലോകത്ത് പോലും എന്ത് സുഖമാണനുഭവിക്കാന്‍ കഴിയുക? ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍മാരാണ് അത്തരക്കാര്‍ എന്ന കാര്യത്തില്‍ സംശയമില്ല. ക്ഷമിച്ചാല്‍ വിജയവും, രോഗവും തളര്‍ച്ചയും, അല്ലലും അലട്ടലുമില്ലാത്ത സ്വര്‍ഗം സമ്മാനമായി ലഭിക്കും. അതിനാല്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് നന്നായി ക്ഷമിക്കുക തന്നെ. ക്ഷമയോടെ കര്‍മ്മരംഗത്തിറങ്ങിയാല്‍ വിജയം സുനിശ്ചിതമാണ്.

ക്വുര്‍ആന്‍ പറയുന്നത് കാണുക: ‘സത്യവിശ്വാസികളെ, നിങ്ങള്‍ ക്ഷമിക്കുകയും, ക്ഷമയില്‍ മികവ് കാണിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച്
ജീവിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം’. (ആലു ഇംറാന്‍:200)

എല്ലാം കഴിഞ്ഞതിന് ശേഷം, സംഭവിക്കേണ്ടതെല്ലാം സംഭവിച്ചശേഷം ക്ഷമിക്കുക എന്നതല്ല ഇസ്‌ലാമിലെ ക്ഷമ. ആപത്ത് വരുന്ന ആദ്യഘട്ടത്തിലാണല്ലോ കൂടുതല്‍ അസഹ്യത അനുഭവപ്പെടുന്നത്. ആ സന്ദര്‍ഭത്തില്‍ ക്ഷമിക്കുന്നതാണ് ഇസ്‌ലാമിലെ ക്ഷമ. നബി (സ) പറയുന്നു: ‘ഒന്നാമത്തെ പ്രഹരമേല്‍ക്കുമ്പോഴാണ് ക്ഷമ കൈകൊള്ളേണ്ടത്.’ (ബുഖാരി).

വേദനകളും പ്രയാസങ്ങളും ക്ഷമിക്കുന്നത് കൊണ്ട് മാത്രം പാപമുക്തി നേടി സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. ദു:ഖവേളകളിലും പരീക്ഷണ സന്ദര്‍ഭങ്ങളിലും ക്ഷമ മുറുകെ പിടിച്ച് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കേ ആ സൗഭാഗ്യം ലഭിക്കുകയുള്ളു. ക്വുര്‍ആന്‍ പറഞ്ഞു തരുന്നത് അതാണ്. ‘ഭയം, വിശപ്പ്, ധനനഷ്ടം, ആള്‍നഷ്ടം, വിളനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്. അപ്പോള്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. അതായത് ആപത്തു ബാധിച്ചാല്‍ ‘നാം അല്ലാഹുവിന്റേതാണ്, അവന്റെയടുക്കലേക്ക് മടങ്ങേണ്ടവരുമാണ്’ എന്നു പറയുന്നവര്‍ക്ക് തങ്ങളുടെ നാഥന്റെ പക്കല്‍നിന്നുള്ള അനുഗ്രഹ-കാരുണ്യങ്ങള്‍ അവര്‍ക്കാണ്. അവരാണ് സന്‍മാര്‍ഗപ്രാപ്തരും.’ (അല്‍ബഖറ:155).

ഒരു ചെറിയ വേദനയോ പ്രയാസമോ വരുമ്പോഴേക്കും രോഗത്തെയും ചിലപ്പോള്‍ അല്ലാഹുവിനെ തന്നെയും ശപിക്കുന്ന വര്‍ത്തമാനങ്ങള്‍ പറയുന്ന ആളുകളെ സമൂഹത്തില്‍ കാണാന്‍ കഴിയും. തന്റെ വിധിയെ പഴിച്ച് കരഞ്ഞു കഴിഞ്ഞു കൂടുകയും ശാപവാക്കുകള്‍ കൊണ്ട് അപഹസിക്കുകയും ചെയ്യുന്നവര്‍ മഹാനിര്‍ഭാഗ്യവാന്‍മാരാണ്.

നബി (സ) പറയുന്നു: ‘ക്ഷമ ആദ്യഘട്ടത്തിലാണ് വേണ്ടത്.’
‘ഉപജീവനം ലഭിക്കാനുള്ള കാലവിളംബം, അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് അത് തേടിപ്പിടിക്കാന്‍ നിങ്ങള്‍ക്ക് പ്രേരണയാവരുത്. കാരണം, അല്ലാഹുവിന്റെ പക്കലുള്ളത് അവനെ അനുസരിക്കുന്നതു മുഖേനയല്ലാതെ പ്രാപിക്കാനാവില്ല’. (ബൈഹക്വി).

മറ്റൊരു തിരുമൊഴി നമ്മുക്കിപ്രകാരം കാണാം: ‘നിങ്ങളാരും എന്തെങ്കിലും വിഷമം ബാധിക്കുമ്പോഴേക്കും മരിക്കാനാഗ്രഹിക്കരുത്. കൂടാതെ കഴിയില്ലെങ്കില്‍ അയാള്‍ ഇങ്ങിനെ പ്രാര്‍ഥിച്ചുകൊള്ളട്ടെ. ‘അല്ലാഹുവേ, എനിക്ക് ജീവിതം ഗുണകരമായിരിക്കുന്ന കാലത്തോളം എന്നെ നീ ജീവിപ്പിക്കുക! മരണമാണ് ഗുണകരമെന്ന് വന്നാലുടനെ എന്നെ മരിപ്പിക്കുകയും ചെയ്യുക!’. (ബുഖാരി, മുസ്‌ലിം).

പരീക്ഷണ ഘട്ടങ്ങള്‍ മനുഷ്യജീവിതത്തിലെ നിസ്സഹായ സന്ദര്‍ഭങ്ങളാണെന്ന കാര്യത്തില്‍ സന്ദേഹമില്ല. ഭൗതിക ജീവിതത്തിലെ പല വിപത്തുകളും ചിലപ്പോള്‍ മനുഷ്യനില്‍ അത്യഗാധമായ സ്വാധീനം ചെലുത്തും. താനേറെ സ്‌നേഹിക്കുന്ന പൊന്നോമന മക്കളുടെയോ, മാതാപിതാക്കളുടെയോ മരണം ചിലരെ വല്ലാതെ തളര്‍ത്തിയേക്കാം. പക്ഷെ, അതവരെ ശുദ്ധി ചെയ്‌തെടുക്കാനുള്ള സന്ദര്‍ഭങ്ങളൊരുക്കാറുണ്ട്. ആ കാരണങ്ങളാല്‍ ഒട്ടേറെ നന്മകളിലേക്കും പ്രതിഫലങ്ങളിലേക്കും വിശ്വാസികള്‍ നയിക്കപ്പെടുന്നു. റസൂല്‍ (സ) പറയുന്നു: ‘സത്യവിശ്വാസികളായ സ്ത്രീപുരുഷന്‍മാര്‍ക്ക് അവരുടെ ദേഹത്തിനും, സന്താനങ്ങള്‍ക്കും, സമ്പത്തിനും ആപത്ത് ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ പാപമുക്തരായി അവര്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നതാണ്’. (ഇമാം തുര്‍മുദി)

ആപത്തുകളെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നത് കാരണം അവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കഴിഞ്ഞിട്ടുണ്ടാകുമെന്ന പാഠമാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. പനി ബാധിച്ചു കിടക്കുന്ന ഒരു സ്വഹാബി വനിതയെ സന്ദര്‍ശിച്ച നബിയോടവര്‍ പനിയെ പഴിച്ചുകൊണ്ട് പ്രയാസങ്ങള്‍ പറഞ്ഞു. ‘പനിയെ പഴിക്കരുത്, തീര്‍ച്ചയായും അത് ഉല ഇരുമ്പിന്റെ കറ കളയുന്നത് പോലെ മനുഷ്യന്റെ പാപങ്ങളെ നീക്കിക്കളയും’ എന്നായിരുന്നു പ്രവാചകന്റെ പ്രതികരണം. രോഗത്തെ പഴിക്കുന്നതിലൂടെ അത് മുഖേന ലഭിക്കാവുന്ന നേട്ടങ്ങള്‍ നഷ്ടമായിത്തീരും എന്നതാണ് നബി (സ) ഇവിടെ പഠിപ്പിക്കുന്നത്.

ക്വുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറഞ്ഞതായി ഇങ്ങനെ കാണാം. ‘രണ്ടു കണ്ണുകളുടെ കാര്യത്തില്‍ ഞാനെന്റെ ദാസനെ പരീക്ഷിക്കുകയും, എന്നിട്ടവനതില്‍ ക്ഷമിക്കുകയും ചെയ്താല്‍ ഞാനവന് അതിന്റെ പേരില്‍ സ്വര്‍ഗം പകരമായി നല്‍കും’. രോഗികളെ സംബന്ധിച്ച് എത്രമാത്രം ആശ്വാസകരമായ വാഗ്ദാനങ്ങളാണ് ഈ നബിവചനത്തിലൂടെ സംജാതമാകുന്നത്. ദുനിയാവിലെ ജീവിതം സുഖദു:ഖ സമ്മിശ്രമാണ്. ഏതെങ്കിലും തരത്തില്‍ കഷ്ടവും, നഷ്ടവും, പ്രായസവും, പ്രതിസന്ധിയും അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിടുമ്പോള്‍ അവനതില്‍ നിരാശനും ദു:ഖിതനുമാകുന്നു. മറിച്ച് സത്യവിശ്വാസി അത്തരം സന്ദര്‍ഭങ്ങളില്‍ അവയെല്ലാം പരീക്ഷണങ്ങളായി കരുതി ക്ഷമ അവലംബിക്കുന്നു. അതിലൂടെ ലഭിക്കുന്നതോ, ശാശ്വതമായ പരലോക വിജയവും. അതാണ് അല്ലാഹു പറഞ്ഞതും: ക്ഷമാശീലര്‍ക്ക് തന്നെയാകുന്നു, തങ്ങളുടെ പ്രതിഫലം കണക്കു നോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്. (സൂറ. സുമര്‍ 10). ഈ പ്രതിഫലം ലഭിക്കുന്നവരില്‍ ഉള്‍പ്പെടാനത്രെ ഓരോരുത്തരും ശ്രമിക്കേണ്ടത്. ക്ഷമയും, നമസ്‌കാരവും, മറ്റു ആരാധനാ കര്‍മ്മങ്ങളും ദിക്‌റുകളുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹവും ഇഷ്ടവും അവസാനം നമ്മുടെ പരമ ലക്ഷ്യമായ സ്വര്‍ഗവും ലഭിക്കാന്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട സത്ഗുണങ്ങളാണ്. ക്ഷമയും നമസ്‌കാരവും ബന്ധപ്പെടുത്തി അല്ലാഹു പറയുന്നത് നോക്കൂ: ‘ക്ഷമയും നമസ്‌കാരവും വഴി നിങ്ങള്‍ സഹായം തേടിക്കൊള്ളുവിന്‍. നിശ്ചയമായും ഇത് വലിയ (ഭാരിച്ച) കാര്യം തന്നെയാകുന്നു; ഭക്തന്‍മാര്‍ക്കൊഴികെ’. (അല്‍-ബഖറ 45).

പ്രയാസഘട്ടങ്ങളില്‍ ജാറങ്ങളിലേക്കും, ആള്‍ദൈവങ്ങളിലേക്കും, ജിന്നുകളിലേക്കും മുഖം തിരിക്കുന്നവര്‍ ഇരുലോകവും നഷ്ടപ്പെട്ടവരായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല. കച്ചവടത്തിലും, കൃഷിയിലും നികത്താനാവാത്ത നഷ്ടം സംഭവിക്കുന്നവര്‍, അപകടങ്ങളില്‍ പെട്ട് അംഗവൈകല്യങ്ങള്‍ ബാധിക്കുന്നവര്‍, വികലാംഗരായ സന്താനങ്ങള്‍ ഉണ്ടാകുന്നവര്‍, ഇങ്ങനെ പലതരം പരീക്ഷണങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന ധാരാളം പേരെ നമ്മുക്കു ചുറ്റും കാണാവുന്നതാണ്. ഇത്തരം ഘട്ടങ്ങളില്‍ ഭരമേല്‍പിക്കേണ്ട ലക്ഷ്യത്തില്‍ ഭരമേല്‍പിക്കുന്നതിന് പകരം മറ്റു മാര്‍ഗങ്ങളിലേക്ക് തിരിയുന്ന ഇത്തരക്കാര്‍ വലിയ നേട്ടം കൊയ്യാമായിരുന്ന സവിശേഷ സന്ദര്‍ഭം കളഞ്ഞുകുളിച്ചവരാണെന്ന കാര്യത്തില്‍ സംശയേതുമില്ല. അശുഭ ചിന്തകളും, ജീവിത നൈരാശ്യവുമാണ് ബഹുഭൂരിപക്ഷം ആളുകളുടെയും പരാജയത്തിന് ഹേതുവായി തീരുന്നത്. അത്തരം അവസ്ഥയില്‍ മഹനീയമായ വിശ്വാസവും, കറകളഞ്ഞ തൗഹീദീ ആദര്‍ശവും ഇവര്‍ക്ക് കൈവിട്ടുപോകും. ഏതെങ്കിലും തരത്തില്‍ അല്‍പം ഞെരുക്കം അനുഭവിക്കുമ്പോഴേക്കും മടുപ്പ് ബാധിക്കുന്നവര്‍ക്ക് വിലപ്പെട്ടതൊന്നും നേടാനാവില്ലെന്ന യാഥാര്‍ത്ഥ്യം ആധുനിക സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.

‘തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു’ (2/153). അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമയവലംബിക്കണം. ഹറാമുകളില്‍ വീഴാതിരിക്കാനും നന്മകളില്‍ അതിര് വിടാതിരിക്കാനും ക്ഷമ അവലംബിക്കുമ്പോള്‍ അത് കൂടുതല്‍ അനുഗ്രഹങ്ങള്‍ക്ക് കാരണമാകുന്നു.

‘നിങ്ങള്‍ ക്ഷമ കൈകൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ അന്തിമഗൃഹം (സ്വര്‍ഗം) എത്ര മെച്ചം’ (റഅ്ദ്: 24). ക്ഷമാവലംബികളെ അല്ലാഹു സ്‌നേഹിക്കുന്നു. കയ്യും കണക്കുമില്ലാതെ അവര്‍ക്ക് പ്രതിഫലമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.

ഉമ്മുസലമ (റ) പ്രവാചകനില്‍ നിന്ന് കേട്ടതായി പറയുന്നു: ‘എന്തെങ്കിലും അത്യാഹിതം പിണയുമ്പോള്‍ അല്ലാഹു കല്‍പിച്ച പ്രകാരം ഒരു മുസ്‌ലിം ‘നാം അല്ലാഹുവിന്റെ അധീനത്തിലാണ്; അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്; എനിക്ക് സംഭവിച്ച വിപത്തില്‍ പ്രതിഫലം നല്‍കേണമേ; അതിനേക്കാള്‍ നല്ലതിനെ എനിക്ക് പകരം നല്‍കേണമേ’ എന്നു പറയുകയാണെങ്കില്‍ അവന് നല്‍കപ്പെട്ടതിനേക്കാളും മികച്ചത് അല്ലാഹു പ്രദാനം ചെയ്യും’.

നന്ദിക്കും പ്രതിഫലം; സഹനത്തിനും പ്രതിഫലം. നന്ദികേടിന് ശിക്ഷ, അക്ഷമക്ക് ചൂടും വേവും. അല്ലാഹു പറയുന്നത് നോക്കൂ: ‘നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍ നിങ്ങള്‍ നന്ദികേട് കാണിക്കുകയാളെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം ശ്രദ്ധേയമത്രെ. (സൂറ. ഇബ്‌റാഹീം 7). ക്ഷമക്ക് പ്രതിഫലമായി അല്ലാഹു മൂന്നു കാര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. മാപ്പ്, കരുണ, മാര്‍ഗദര്‍ശനം. ഇതില്‍പരം കാംക്ഷിക്കാന്‍ ആര്‍ക്ക് കഴിയും?

അദ്ധ്വാനങ്ങളും, ശ്രമങ്ങളും ഒരിക്കലും നിര്‍ത്തി വെക്കാതിരിക്കുകയും, ആലസ്സ്യം കൈവെടിഞ്ഞ് നിരന്തരം സല്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുക. ജീവിത വിജയത്തിനും, ആദര്‍ശവീഥിയിലെ പ്രബോധകസംഘത്തിന്റെ വളര്‍ച്ചക്കും ഇതൊന്നു മാത്രമാണ് അനിവാര്യോപാധി. ജീവിതനൈരാശ്യം ബാധിച്ച നവസമൂഹം ക്ഷമയുടെ ബാലപാഠം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് സമാധാനിക്കേണ്ടതാണ്. അത്തരം ഘട്ടങ്ങളില്‍ സത്യവിശ്വാസിയുടെ നാവില്‍നിന്നും പുറത്തു വരേണ്ടതിപ്രകാരമാകുന്നു. ‘തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിനുള്ളതാണ്, ഞങ്ങള്‍ അവങ്കലേക്കു മടങ്ങിച്ചെല്ലുന്നവരുമാണ്’.

പ്രയാസങ്ങളിലൂടെയും സഹനത്തിലൂടെയും മാത്രമാണ് ഒരാള്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനാവുക. അതിനായി ക്ഷമയവലംബിച്ച് പ്രവര്‍ത്തനനിരതരാവുക എന്നതാണ് ഒരു വിശ്വാസിയുടെ കടമ. ക്വുര്‍ആന്‍ നമ്മോട് പറയുന്നത് കാണുക: ‘എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരെളുപ്പമുണ്ടായിരിക്കും. ആകയാല്‍ നിനക്ക് ഒഴിവു കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. നിന്റെ രക്ഷിതാവിലേക്ക് തന്നെ നിന്റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.’ (സൂറ. ഇന്‍ശിറാഹ് 5-8).

‘ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ അദ്ധ്വാനങ്ങളും, ശ്രമങ്ങളും ഒരിക്കലും നിര്‍ത്തി വെക്കാതിരിക്കുകയും, ആലസ്യം കൈവെടിഞ്ഞ് നിരന്തരം സല്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുക. ജീവിത വിജയത്തിനും, ആദര്‍ശവീഥിയിലെ പ്രബോധകസംഘത്തിന്റെ വളര്‍ച്ചക്കും ഇതൊന്നു മാത്രമാണ് അനിവാര്യോപാധി. ജീവിതനൈരാശ്യം ബാധിച്ച നവസമൂഹം ക്ഷമയുടെ ബാലപാഠം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് സമാധാനിക്കേണ്ടതാണ്. അത്തരം ഘട്ടങ്ങളില്‍ സത്യവിശ്വാസിയുടെ നാവില്‍നിന്നും പുറത്തു വരേണ്ടതിപ്രകാരമാകുന്നു. ‘തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിനുള്ളതാണ്, ഞങ്ങള്‍ അവങ്കലേക്കു മടങ്ങിച്ചെല്ലുന്നവരുമാണ്’.ചൊരിഞ്ഞ് തരികയും, ഞങ്ങളെ നീ മുസ്‌ലിംകളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ’ (7/126).

ക്ഷമയെന്ന ഏറ്റവും മഹത്തായ, പ്രതിഫലാര്‍ഹമായ സത്സ്വഭാവമുള്ള വിശ്വാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ റബ്ബ് അനുഗ്രഹിക്കട്ടെ. ആമീന്‍.

(കഴിഞ്ഞ റമദാനില്‍ ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വനിതകള്‍ക്കായി നടത്തിയ പ്രബന്ധമത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായ കൃതി)

No comments yet.

Leave a comment

Your email address will not be published.