ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും -2

//ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും -2
//ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും -2
ഖുർആൻ / ഹദീഥ്‌ പഠനം

ക്വുർആൻ ക്രോഡീകരണവും വിമർശനങ്ങളും -2

Print Now

ക്വുർആൻ ക്രോഡീകരണവും ബന്ധപ്പെട്ട വിഷയങ്ങളും ധാരാളം വിമർശനങ്ങളുള്ള മേഖലയാണ്. ഈ വിമർശനങ്ങൾ കൂടുതലും അവ്യക്തവും ദുർബലവുമായ ഹദീസുകളുടെ ചുവട് പിടിച്ചുള്ളവയാണ്. മറ്റ് ചിലതാകട്ടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും. ക്വുർആനിലെ ആയത്തുകൾ പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് സ്ഥാപിക്കാനാണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. സത്യസന്ധമായ പരിശോധനകൾ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള സകല ആരോപണങ്ങളും വ്യാജമാണ് എന്ന് കണ്ടെത്താൻ കഴിയും.

ചുവടെ ചർച്ചചെയ്യുന്ന വിമർശനങ്ങൾ പലതും ക്വുർആനിൽ നിന്നും ദുർബലപ്പെടുത്തിയ (നസ്ഖ് ചെയ്ത) ആയത്തുകളുമായി ബന്ധമുള്ളവയാണ്. അതിനാൽ എന്താണ് ദുർബലപ്പെടുത്തൽ(നസ്ഖ്) എന്ന് അറിഞ്ഞിരിക്കൽ അനിവാര്യമാണ്.

മുൻഗാമികളായ പണ്ഡിതന്മാർ നീക്കം ചെയ്യുക എന്ന അർത്ഥത്തിലും പിൻഗാമികൾ ഒരു മത നിയമത്തെ ദുർബലപ്പെടുത്തുക എന്ന അർത്ഥത്തിലുമാണ് നസ്ഖിനെ കണ്ടിട്ടുള്ളത്. രണ്ട് വീക്ഷണങ്ങളും തത്വത്തിൽ ഒന്ന് തന്നെയാണ്. ഒരു നിയമത്തെ ഭേദഗതി ചെയ്യാൻ മറ്റൊരു നിയമം കൊണ്ടുവരിക, ഒരു നിയമം പൂർണ്ണമായി ദുർബലപ്പെടുത്തുക, ദുർബലപ്പെടുത്തിയതിന് പകരം മറ്റൊരു നിയമം കൊണ്ടുവരിക എന്നിങ്ങനെ പലതും നസ്ഖിന്റെ പരിധിയിൽ വരും. നസ്ഖ് എന്ന വിഷയം ഏറെ പരന്നതും അതെല്ലാം ചർച്ചചെയ്യൽ ഇവിടെ അനിവാര്യവുമല്ല എന്നതിനാൽ വിമർശന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം നമുക്ക് പരിശോധിക്കാം.

നീക്കം ചെയ്യുക എന്ന അർത്ഥത്തിൽ ഹദീസിലൂടെയല്ലാതെ ക്വുർആൻ സ്വയം നസ്ഖ് ചെയ്തവ മൂന്ന് തരമാണ്.

1) പാരായണവും നിയമവും ഒരുപോലെ നസ്ഖ് ചെയ്യുക.

ഇത്തരത്തിൽ നസ്ഖ് സംഭവിച്ചാൽ ക്വുർആനിൽ നിന്നുമുള്ള പ്രസ്തുത ഭാഗങ്ങൾ പാരായണം ചെയ്യുവാനോ ആ വചനങ്ങളിലെ വിധികൾ നിലനിർത്തുവാനോ പാടില്ല. ഈ ആയത്തുകൾ ക്വുർആൻ ക്രോഡീകരിക്കുമ്പോൾ രേഖപ്പെടുത്തിയിട്ടുമില്ല.

2) നിയമം നിലനിർത്തി പാരായണം മാത്രം നസ്ഖ് ചെയ്യുക.

ഇത്തരത്തിൽ നസ്ഖ് ചെയ്യുന്ന വചനങ്ങളുടെ പാരായണം നടത്തുവാൻ പാടില്ല. അത് പിന്നീട് ക്വുർആനിന്റെ ഭാഗം അല്ലാതാകും. എന്നാൽ അവയുടെ വിധി നിലനിൽക്കുകയും ചെയ്യും.

3) പാരായണം നിലനിർത്തി നിയമം നസ്ഖ് ചെയ്യുക.

ഈ ആയത്തുകളെ ക്വുർആനിൽ പാരായണം ചെയ്യാവുന്നതും എന്നാൽ അവയുടെ വിധികൾ ദുർബലപ്പെടുകയോ മറ്റ് വിധികളാൽ മാറ്റപ്പെടുകയോ ചെയ്തിട്ടുണ്ടാകും.

ഈ വിഷയവുമായി ബന്ധപ്പെട്ട് ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഉസൂലു തഫാസീർ(ക്വുർആൻ വ്യാഖാനിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനം) എന്ന ശാഖയിലുള്ള നിരവധി ഗ്രന്ഥങ്ങളിലും പ്രസ്തുത വിഷയത്തിന് വേണ്ടുവോളം പ്രാധാന്യം നൽകിയിട്ടുണ്ട്.

നിലവിലുള്ള ഒരു നിയമം നീക്കം ചെയ്ത് പകരം വേറെ ഒരു നിയമം നടപ്പിലാക്കുന്നത് കേവലം യുക്തിപരം അല്ലെന്നും ഏറ്റവും വലിയ യുക്തിമാനും സർവ്വജ്ഞാനിയുമായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അങ്ങനെ ഉണ്ടാകാൻ പാടില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ ഇപ്രകാരം വാദിക്കുന്ന ആളുകൾക്ക് അല്ലാഹു തന്നെ പരിശുദ്ധ ക്വുർആനിലൂടെ വ്യക്തമായ മറുപടി നൽകുന്നുണ്ട്. അല്ലാഹു പറയുന്നു, “നാം വല്ല ആയത്തും നസ്ഖ് ചെയ്യുകയോ, അല്ലെങ്കിൽ അത് വിസ്മരിപ്പിച്ചു കളയുകയോ ചെയ്യുന്ന പക്ഷം, അതിനേക്കാൾ ഉത്തമമോ അതുപോലെയുള്ളതോ ആയ മറ്റൊന്നിനെ നാം കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന് നിനക്ക് അറിഞ്ഞുകൂടേ?”(1) മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു, “ഒരു ആയത്തിന്റെ സ്ഥാനത്ത് നാം വേറൊരു ആയത്ത് പകരം ആക്കുന്നതായാൽ അല്ലാഹുവാകട്ടെ താൻ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഏറ്റവും അറിയുന്നവനുമാണ്”.(2)

ഈ ആയത്തുകളിൽ തന്നെ അല്ലാഹു വിമർശകർക്ക് വ്യക്തമായ മറുപടി നൽകുകയാണ്. ഒരു ആയത്ത് നസ്ഖ് ചെയ്താൽ മറ്റൊരു ആയത്ത് കൊണ്ടോ അതിനേക്കാൾ മികച്ചത് കൊണ്ടോ അത് അവൻ തന്നെ പരിഹരിക്കും.

ക്വുർആനിൽ എത്ര ആയത്തുണ്ട്, എത്ര ഇല്ല, നസ്ഖ് ഉണ്ടോ, മനപ്പൂർവ്വം ഒഴിവാക്കിയതാണോ, അല്ലേ എന്നൊക്കെ അന്വേഷിക്കുന്നതിനെക്കാൾ ഈ രണ്ട് ചട്ടക്കൂടിലുള്ള വചനങ്ങളിൽ അപാകത വല്ലതും തെളിയിക്കാൻ ശ്രമിക്കുന്നതാകും ആരോപണം നടത്തുന്നവർക്ക് ഉചിതമായത്. പക്ഷേ ക്വുർആൻ ഇറങ്ങിയ അന്നുമുതൽ ഇന്ന് വരെ ആർക്കും അതിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇത്രമാത്രം കൂട്ടിച്ചേർക്കലുകളും മാറ്റത്തിരുത്തലുകളും ഒരു ഗ്രന്ഥത്തിൽ ഉണ്ട് എന്ന് വാദിക്കുന്നവർക്ക് അതുകൊണ്ട് എന്തുണ്ടായി എന്ന് കൂടി തെളിയിക്കൽ അനിവാര്യമാണ്. കുറച്ച് സാധാരണക്കാരായ മനുഷ്യരെ കുറഞ്ഞ കാലത്തേക്ക് സംശയത്തിലാക്കാം എന്നല്ലാതെ മറ്റൊരു നേട്ടവും അവർക്കില്ല. എന്നിരുന്നാലും ഇത്തരം വിഷയങ്ങളിൽ മുസ്‌ലിം പണ്ഡിതന്മാർ സ്വീകരിച്ച നിലപാടുകളും മറുപടികളും എന്താണ് എന്ന് മനസ്സിലാക്കുമ്പോൾ മാത്രമാണ് ഈ വിഷയം പൂർണമാകുക.

ക്വുർആൻ അപൂർണ്ണമാണ് എന്ന് സ്ഥാപിക്കാൻ കൊണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു തെളിവാണ് സ്വഹീഹുൽ ബുഖാരിയിലെ വിവാഹിതരായ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലാൻ പറയുന്ന ആയത്ത് നഷ്ടപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ്. ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു : ഉമർ (റ) പറഞ്ഞു : “കുറെ കാലങ്ങൾ കഴിയുമ്പോൾ ആളുകൾ റജ്മിന്റെ(കല്ലെറിഞ്ഞു കൊല്ലൽ) ആയത്തുകൾ വിശുദ്ധഗ്രന്ഥത്തിൽ ഞങ്ങൾ കാണുന്നില്ല എന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. ക്രമേണ അല്ലാഹു ഇറക്കിയ ഈ ഉത്തരവാദിത്വം ഒഴിവാക്കിക്കൊണ്ട് അവർ വഴിപിഴക്കുകയും ചെയ്യും. അറിയുക വ്യഭിചാരി വിവാഹിതനാണെങ്കിൽ, കുറ്റം സാക്ഷികൾ മുഖേനയോ ഗർഭത്തിലൂടെയോ കുറ്റസമ്മതം കൊണ്ടോ തെളിയിക്കപ്പെട്ടാൽ റജ്മിന്റെ(കല്ലെറിഞ്ഞു കൊല്ലൽ) ശിക്ഷ നൽകേണ്ടതാണ്. സുഫ്‌യാൻ (റ) പറഞ്ഞു ; ഉമർ (റ) ഇപ്രകാരം കൂടി പറഞ്ഞു : “തീർച്ചയായും അല്ലാഹുവിന്റെ ദൂതൻ റജ്മ് നടത്തിയിട്ടുണ്ട്, അപ്രകാരംതന്നെ അദ്ദേഹത്തിനുശേഷം ഞങ്ങളും.”(3) സമാന ആശയങ്ങൾ ഉള്ള ഹദീസുകൾ ധാരാളം ഉണ്ട്.(4)

നഷ്ടപ്പെട്ടു പോയി എന്ന് ആരോപിക്കുന്ന വചനം, “വൃദ്ധൻ ആകട്ടെ വൃദ്ധ ആകട്ടെ വ്യഭിചരിച്ചാൽ അവരെ കല്ലെറിഞ്ഞു കൊല്ലുക” എന്നതാണ്.(5) ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽ ബാരിയിൽ ഇബ്‌നു ഹജർ അൽ-അസ്ഖലാനി (റഹ്) പറയുന്നത്: ഉമർ (റ) പറഞ്ഞു: ” ഈ വചനം ഇറങ്ങിയപ്പോൾ ഞാൻ പ്രവാചകൻ(സ)യെ സമീപിച്ച് ഞാൻ ഇത് രേഖപ്പെടുത്തട്ടെ എന്ന് ചോദിച്ചു. പ്രവാചകൻ അത് ഇഷ്ടപ്പെടാത്ത പോലെ എനിക്ക് തോന്നി.(6)

പ്രവാചകൻ (സ) ഈയൊരു വചനം ക്വുർആനിന്റെ എഴുത്തിൽ രേഖപ്പെടുത്തി വെക്കേണ്ടതല്ല എന്ന് പറഞ്ഞതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവം. ഈ വചനങ്ങൾ ക്വുർആനിന്റെ ഭാഗമാകരുത് എന്ന് നബി(സ)ക്ക് അല്ലാഹു ദിവ്യബോധനം നൽകി എന്ന് വേണം കരുതാൻ. ഈ വചനം നസ്ഖിന്റെ രണ്ടാമത്തെ രൂപമായി മേൽ പ്രസ്താവിച്ചതുമായി ബന്ധപ്പെട്ടതാണ്. അതായത് പാരായണം ദുർബലപ്പെട്ടതാണ് എന്നും വിധി(ഹുക്ക്മ്) ദുർബലപ്പെട്ടിട്ടില്ലെന്നും ആ വിധി ഇന്നും ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണെന്നും പ്രസ്തുത സംഭവങ്ങളെ ഉദ്ധരിച്ചുകൊണ്ട് പണ്ഡിതന്മാർ വ്യതമാക്കുന്നു.(7)

ഉമർ (റ) പ്രവാചകന്റെ (സ) അടുക്കൽ പോലും ഈ വിഷയത്തിൽ ഇത്രത്തോളം ശ്രദ്ധചെലുത്തുവാനുള്ള കാരണം ജനങ്ങൾ പിൽക്കാലത്ത് ഈ ഒരു വിധിയെ നിഷേധിക്കും എന്ന ഭയത്താലാണ്. പക്ഷേ അദ്ദേഹത്തിന്റെ അനുയായികൾ ഒരിക്കലും ക്വുർആനിൽ ആ ആയത്ത് കൂട്ടിച്ചേർക്കാൻ അദ്ദേഹത്തെ അനുവദിക്കുകയോ സ്വയം അപ്രകാരം ചെയ്യുകയോ ഉണ്ടായില്ല. കാരണം ആ വചനം ക്വുർആനിൽ രേഖപ്പെടുത്തേണ്ടതല്ല എന്ന് അവർ പ്രവാചകനിൽ (സ) നിന്നും മനസ്സിലാക്കിയിരുന്നു. ക്വുർആൻ ക്രോഡീകരിക്കുന്ന സമയത്ത്‌ ഒരു ആയത്ത് ക്വുർആനിലുള്ളതാണ് എന്ന് സ്ഥാപിക്കാൻ രണ്ട് സാക്ഷികൾ കൂടി വേണമെന്നിരിക്കെ ഉമർ (റ) ഈ വിഷയത്തിൽ ഒറ്റക്കായിരുന്നു എന്ന് വേണം കരുതാൻ. ആളുകൾ ഈ വിധി ശരീഅത്തിൽ നിന്ന് ഒഴിവാക്കുമോ എന്ന ഭയം തന്നെയാണ് അദ്ദേഹത്തെ ഇപ്രകാരം ചിന്തിപ്പിച്ചത്.

പ്രസ്‌തുത വിഷയത്തിൽ ഇബ്‌നു ഹജർ അസ്ഖലാനി പറയുന്നത് നോക്കുക “ഈ ആയത്തിന്റെ പാരായണം നസ്ഖ് ചെയ്യുകയും വിധി നിലനിർത്തുകയും ചെയ്തു. പക്ഷേ ഉമർ (റ) ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ഖവാരിജുകൾ ഭൂരിഭാഗവും മുഅ്‌തസിലികളിൽ ചിലരും ഈ വിധിയെ ദുർബലപ്പെടുത്തി.(8)

ചുരുക്കത്തിൽ വിമർശകർ പറയുന്നത് പോലെ പ്രവാചകാനുചരന്മാരോ മറ്റാരെങ്കിലുമോ മനഃപൂർവം ഒഴിവാക്കിയ ഒന്നല്ല റജ്മിന്റെ ആയത്ത്. അല്ലാഹുവിന്റെ തീരുമാനപ്രകാരം പാരായണം ചെയ്യേണ്ട രൂപത്തിൽ ക്വുർആനിൽ ഉണ്ടാകേണ്ടതല്ല ഈ ആയത്ത് എന്ന് നബി (സ) കല്പിച്ചത് തന്നെയാണ്.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റനേകം ഹദീസുകളും കാണാം. ആസിം ഇബ്‌നു ബഹ്‌ദല വഴി സിർറിലൂടെ നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഉബയ്യിബ്നു കഅ്ബ് (റ) ചോദിച്ചു: “എത്രയാണ് നിങ്ങൾ സൂറത്തുൽ അഹ്‌സാബ് പാരായണം ചെയ്യുന്നത്? അല്ലെങ്കിൽ എത്ര വചനങ്ങളാണ് അതിലുള്ളത്? അദ്ദേഹം പറഞ്ഞു: “എഴുപത്തിമൂന്ന് വചനങ്ങൾ”. അദ്ദേഹം പറഞ്ഞു: “അത്രമാത്രമോ, ആ അധ്യായം സൂറത്തുൽ ബഖറയുടെ അത്ര വലുതായിരുന്നു. അതിൽ റജ്മിന്റെ ആയത്തും ഉണ്ടായിരുന്നു.(9) ധാരാളം ഗ്രന്ഥങ്ങളിൽ വന്നിട്ടുള്ള ഈ ഹദീസ് സ്വഹീഹാണെന്ന് ഇബ്‌നു ഹസമും (റ) ഇബ്നു കഥീറും (റ) രേഖപ്പെടുത്തിയിട്ടുണ്ട്.(10)

സൂറത്തുൽ അഹ്‌സാബിന്റെ തുടക്കത്തിൽ ഇമാം ക്വുർത്തുബി (റ) തന്റെ തഫ്സീറിൽ പറയുന്നത് നോക്കുക, “പണ്ഡിതന്മാർ ഈ വിഷയത്തിൽ എടുത്തിട്ടുള്ള നിലപാട് എന്തെന്നാൽ ഇന്ന് നമ്മുടെ കയ്യിലുള്ള സൂറത്തുൽ അഹ്‌സാബിന്റെ ആയത്തുകൾ ഒഴികെ മറ്റെല്ലാ ആയത്തുകളും അല്ലാഹു ഉയർത്തുകയാണ് ചെയ്തത്. ഇത് നസ്ഖിന്റെ ഒരു ഇനമാണ്”. മേൽ സൂചിപ്പിച്ച ഒന്നാമത്തെ വിഭാഗം നസ്ഖിനുള്ള ഉദാഹരണമാണിത്. ആയത്തും അതിന്റെ വിധിയും ഒരുപോലെ ദുർബലപ്പെടുത്തിയിരിക്കുന്നു.

ഈ ഹദീസുമായി ബന്ധപ്പെട്ട് ഇമാം സുയൂഥി (റ) പറയുന്നത് നോക്കുക, “നാം വല്ല ആയത്തും നസ്ഖ് ചെയ്യുകയോ, അല്ലെങ്കിൽ അത് വിസ്മരിപ്പിച്ചു കളയുകയോ ചെയ്യുന്ന പക്ഷം” എന്ന ആയത്തിൽ അല്ലാഹു പറഞ്ഞപ്രകാരമുള്ള നസ്ഖ് ആണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. മനഃപാഠമാക്കിയത്തിന് ശേഷം അല്ലാഹു അത് വിസ്മരിപ്പിക്കുകയും അവരുടെ ഹൃദയത്തിൽ നിന്ന് അത് മായിച്ചുകളയുകളും ചെയ്തു. ഇത് നബി (സ) കാലത്തേക്ക് മാത്രം നിർണയിക്കപ്പെട്ടതാണ്. അദ്ദേഹത്തിന് ശേഷം നസ്ഖ് ഉണ്ടാകുകയില്ല.(11)

എഴുപത് മുസ്‌ലിം ക്വുർആൻ പണ്ഡിതന്മാർ കൊല്ലപ്പെട്ട ബിഅ്‌റു മഊന സംഭവത്തിന് ശേഷം നബി(സ)യും അനുചരന്മാരും ഓതിയിരുന്ന ഒരു ആയത്തും(12) “നിങ്ങളുടെ പിതാക്കളിൽ നിന്നും നിങ്ങൾ ഒന്നും ആഗ്രഹിക്കരുത്” എന്ന ആയത്തും(13) അല്ലാഹു നസ്ഖ് ചെയ്തവയാണ്.

ആദം സന്തതിക്ക് സമ്പത്തിന്റെ രണ്ട് താഴ്വര ഉണ്ടെങ്കിലും അവൻ ഒന്ന് കൂടെ ആഗ്രഹിക്കും എന്ന ഒരു വചനം ഉണ്ടായിരുന്നതായി അബൂമൂസൽ അശ്അരി (റ) നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം. മുസബ്ബിഹാത്തുകളെ പോലെ വലുതും സൂറത്തു തൗബ പോലെ ശക്തമായതുമായ ഒരു അദ്ധ്യായം തന്നെ ഉണ്ടായിരുന്നതായി ഈ ഹദീസിൽ അദ്ദേഹം പറയുന്നു.(14)

ഈ ഹദീസുമായി ബന്ധപ്പെട്ട് ഇബ്നു ഹജർ അൽ-അസ്ഖലാനി അദ്ദേഹത്തിന്റെ ഹദീസ് ഗ്രന്ഥത്തിൽ പറയുന്നു. “ഈ വചനങ്ങൾ ക്വുർആനിന്റെ ഭാഗമാണെന്ന് നബി (സ) പറഞ്ഞതാകാം അല്ലെങ്കിൽ ഖുദ്‌സിയ്യായ ഹദീസുമാകാം, അല്ലാഹുവിന് അറിയാം, ഒന്നാമത്തെ അഭിപ്രായമാണ് ശരി എങ്കിൽ ഈ വചനങ്ങളുടെ പാരായണം അല്ലാഹു നസ്ഖ് ചെയ്തതാണ്, അതിന്റെ വിധി നിലനിൽക്കുന്നതുമാണ്. അബൂ ഉബൈദ്(റ) അദ്ദേഹത്തിന്റെ ഫദായിലുൽ ക്വുർആൻ എന്ന ഗ്രന്ഥത്തിൽ അബൂ മൂസയുടെ (റ) ഹദീസിൽ ഉദ്ധരിച്ചുകൊണ്ട് ഇത് സ്ഥാപിക്കുന്നുണ്ട്. സൂറത്തു തൗബയുടെ അത്ര വലിയൊരു സൂറത്ത് അവർക്ക് മനപാഠമായിരുന്നെന്നും അത് പിന്നീട് വിസ്മരിക്കപ്പെട്ടു എന്നും പ്രസ്തുത ഹദീസിൽ കാണാം.(15) അബുൽ അബ്ബാസ് ക്വുർത്തുബി (റ) അദ്ദേഹത്തിന്റെ അൽമഫ്‌ഹമിലും ഇമാം സുയൂഥി (റ) അദ്ദേഹത്തിന്റെ ദീബാജിലും ഈ വിഷയം പറയുന്നുണ്ട്.

സ്വഹാബിമാർ തങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് കൂട്ടിയതും കുറച്ചതുമല്ല ക്വുർആനിൽ ഉള്ളത്. എന്താണോ ക്വുർആനിൽ ഉള്ളത് അതൊക്കെയും അല്ലാഹുവിൽ നിന്നുള്ളതാണ്. എന്താണോ അതിൽ ഇല്ലാത്തത് അതൊക്കെയും അല്ലാഹു വേണ്ട എന്ന് നിശ്ചയിച്ചവയാണ്.

Reference

1. ക്വുർആൻ: 2:106
2. ക്വുർആൻ: 16:101
3. സ്വഹീഹുൽ ബുഖാരി : 6829
4. മുസ്‌ലിം : 1691, അബൂ ദാവൂദ് : 4418
5. മുസ്‌നദ് അഹ്മദ് : 21086
6. ഫത്ഹുൽ ബാരി; കിത്താബുൽ ഹുദൂദ്; ബാബുൽ ഇഹ്തിറാഫ് ബി സിന; 6327 നമ്പർ ഹദീസിന്റെ വിശദീകരണം.
7. അൽ സിന്ധി, ശറഹ് സുനനു ഇബ്‌നു മാജ, കിതാബുൽ ഹുദൂദ്, ഹദീസ് 3201 ന്റെ വിശദീകരണം.
8. ഫത്ഹുൽ ബാരി, ഹദീസ് 6328 ന്റെ വിശദീകരണം.
9. അബ്ദില്ലാഹി ബ്നിൽ ഇമാം അഹ്മദ്; സവാഇദിൽ മുസ്‌നദ്-21207, അബ്ദുറസാഖ്; മുസന്നഫ്-5990, സ്വഹീഹ് ഇബ്‌നു ഹിബ്ബാൻ-4428, ഹാക്കിം; മുസ്തദർക്ക്-8068, സുനനു ബൈഹഖീ-16911, ഇബ്നു ഹസം; മഹല്ലി-(12/175)
10. തഫ്സീർ ഇബ്നു കഥീർ-(6/335)
11. ദീബാജ്‌ അലാ സ്വഹീഹി മുസ്‌ലിം-(3/129)
12. സ്വഹീഹുൽ ബുഖാരി: (3064)
13. ബുഖാരി (6830), മുസ്‌ലിം (1691)
14. മുസ്‌ലിം: (1050)
15. ഫത്ഹുൽ ബാരി: (11/258)

(തുടരും)

No comments yet.

Leave a comment

Your email address will not be published.