ഈ പ്രപഞ്ചത്തിന് ഒരു ആസൂത്രകനുണ്ടെന്നത് അന്ധമായ വിശ്വാസമല്ല; ചിന്തിക്കുന്ന ആർക്കും അനുഭവപ്പെടുന്ന ഒരു യാഥാർഥ്യമാണ്. സ്രഷ്ടാവുണ്ടെന്ന അറിവ് കേവല വിശ്വാസത്തിലുപരിയായി തന്നെയും ചുറ്റുപാടുകളെയും ഗൗരവതരമായി നോക്കിക്കാണുന്നവർക്കെല്ലാമുണ്ടാവുന്ന യഥാതഥമായ അനുഭവമാണ്. അതുകൊണ്ട് തന്നെ, തന്റെ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചുകൊണ്ട് പ്രപഞ്ചസംവിധാനത്തിനുപിന്നിലെ മഹാചൈതന്യത്തെക്കുറിച്ച് മനസ്സിലാക്കുവാനാണ് ക്വുര്‍ആനിന്റെ കല്പന. കണ്ണുകൊണ്ട് കാണുകയും കാതുകൊണ്ട് കേള്‍ക്കുകയും ചെയ്ത് മനസ്സുപയോഗിച്ച് ചിന്തിക്കുവാനാണ് സ്രഷ് ടാവിന്റെ അസ്തിത്വത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യരോടാവശ്യപ്പെടുന്നത്. അന്ധമായി ദൈവവിശ്വാസിയാകുവാന്‍ പഠിപ്പിക്കുന്ന ഒരൊറ്റ സൂക്തം പോലും ക്വുര്‍ആനിലില്ല. ഈ വിഷയത്തില്‍ ഇസ്ലാമിനെപ്പോലെ ബുദ്ധിയെ പ്രവര്‍ത്തനക്ഷമമാക്കിയ മറ്റൊരു മതവുമില്ലെന്നതാണ് വസ്തുത. തന്നിലേക്കും തന്റെ ചുറ്റുപാടുകളിലേക്കും ദൃഷ്ടിപായിച്ച് പടച്ചവന്റെഅജയ്യതയെക്കുറിച്ച് മനസ്സിലാക്കുവാന്‍ മനുഷ്യരോട് ആഹ്വാനംചെയ്യുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ സാധാരണക്കാര്‍ മുതല്‍ ശാസ് ത്രജ്ഞര്‍വരെയുള്ളവരെ ചിന്തിപ്പിക്കുവാന്‍ പര്യാപ്തമാണ്.
പ്രവാചകന് ആദ്യമായി അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ നോക്കുക.: ‘സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമ ത്തില്‍ വായിക്കുക; മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു’. (96:1, 2).
മനുഷ്യരോട് സ്വന്തത്തെക്കുറിച്ച് ചിന്തിക്കുവാനാണ് ഈ സൂക്തം ആഹ്വാനംചെയ്യുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നാം ഒന്നുമല്ലായിരുന്നു. പിന്നെ പിതാവിന്റെ ശരീരത്തിലെ കോടിക്കണക്കിന് ബീജങ്ങളിലൊന്നും മാതാവിന്റെ ശരീരത്തിലെ അണ്ഡങ്ങളിലൊന്നുമായി, തികച്ചും അപരിചിതമായ രണ്ട് ഭാഗങ്ങളായിരുന്നു നാം. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് ബീജവും അണ്ഡവു ചേര്‍ന്ന സിക്താണ്ഡമു ണ്ടായി. അത് വളര്‍ന്ന് മാംസപിണ്ഡമായി. പിന്നീട് ഈ പിണ്ഡത്തിനകത്ത് അസ്ഥികൂടം രൂപപ്പെട്ടു. പ്രസ്തുത അസ്ഥികള്‍ പേശികളാല്‍ മറയ്ക്കപ്പെട്ടു. കണ്ണുകളും കാതുകളും നാക്കും മൂക്കും കൈകളും കാലുകളുമെല്ലാമുണ്ടായി. അങ്ങനെ ഒരു ദിവസം നാം ഭൂമിയിലേക്ക് വന്നു. ഇവിടത്തെ കോടിക്കണക്കിന് മനുഷ്യരില്‍ ഒരാളായി നാം ജീവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ശരീരത്തില്‍ വ്യത്യസ്തങ്ങളായ വ്യവസ്ഥകളുണ്ട്. പ്രസ്തുത വ്യവസ്ഥകളെല്ലാം പരസ്പരം ബന് ധപ്പെട്ടാണിരിക്കുന്നത്. അസ്ഥിവ്യൂഹവും ചംക്രമണവ്യൂഹവും മൂത്ര വ്യൂഹവും പ്രത്യുല്‍പാദനവ്യൂഹവും അന്തഃസ്രാവവ്യൂഹവുമൊന്നും മനുഷ്യന്റെ നിയന്ത്രണത്തിലല്ല നടക്കുന്നത്. അപരിചിതങ്ങളായ ബീജത്തെയും അണ്ഡത്തെയും പരസ്പരം സംയോജിപ്പിച്ച് സിക്താണ്ഡമുണ്ടാക്കി, അതില്‍ നിന്നു നമ്മെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവന്നവനാരോ അവന് തന്നെ ഈ വ്യവസ്ഥകളെ നിയന്ത്രിച്ചുനടത്തുവാനാവശ്യമായ സംവിധാനങ്ങള്‍ ശരീരത്തില്‍ ചെയ്തുവെച്ചിരിക്കുന്നു. സ്വന്തത്തെക്കുറിച്ച് ചിന്തിക്കുന്ന സാധാരണക്കാരനും മനുഷ്യശരീരത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രകാരനും ഒരേപോലെ സ്രഷ്ടാവിന്റെ വൈഭവം അനുഭവിച്ചറിയുന്നു.ക്വുര്‍ആന്‍ ചോദിക്കുന്നു: ‘നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥക്ക് ശേഷം അവന് നിങ്ങള്‍ക്ക് ജീവന് നല്കി’. (2:28)
‘തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അതിനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടി കര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു’. (23:12-14)
‘അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അവ സൃഷ്ടിച്ചുണ്ടാക്കുന്നത്? അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്?’ (56:58,59)
പെറ്റുവീഴുന്ന കുഞ്ഞിന് ആവശ്യമായതെല്ലാം സ്രഷ്ടാവ് അവനുചുറ്റും ഒരുക്കിവെച്ചിരിക്കുന്നു. കരയുമ്പോള്‍ തൊണ്ട വരളാതിരിക്കാനുള്ള സംവിധാനം. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്തുവാനുള്ള സംവിധാനം. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുവാനുള്ള സംവിധാനം. ഓക്സിജന്‍ വലിച്ചെടുക്കുവാനും കാര്‍ബണ്‍ഡയോക്സൈഡ് ഉഛ്വസിക്കാനുമാവശ്യമായ സംവിധാനങ്ങള്‍. ഇങ്ങനെ എന്തെന്ത് സംവിധാനങ്ങളാണ് സ്രഷ്ടാവ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്! കുഞ്ഞിന് ആവശ്യമായ സമീകൃതാഹാരം തയാര്‍ചെയ്യുന്നത് മാതാവ് തന്നെയാണ്. കുഞ്ഞിന് കൊടുക്കാന്‍ മുലപ്പാലിനോളം നല്ലൊരു ആഹാരവുമില്ലെന്നാണ് വാസ്തവം. കുഞ്ഞിന്റെ വളര്‍ച്ചക്കും പ്രതിരോധത്തിനുമാവശ്യമായ എല്ലാ പോഷകമൂല്യങ്ങളും മുലപ്പാലിലടങ്ങിയിരിക്കുന്നു. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടിക്ക് അല്പം പ്രായമാകുന്നതോടുകൂടി നല്‍കാനാവശ്യമായ പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളും അവന്റെ ചുറ്റുമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആടുകളുടെയും മാടുകളുടെയും പാല്. പശുവിന്റെയും എരുമയുടെയും പാല് കുട്ടികള്‍ക്ക് മാത്രമല്ല, വലിയവര്‍ക്കും പോഷകം നല്കുന്ന ഗുണസമ്പുഷ്ടമായ ഒരു ആഹാരമാണ്. പശുവിന്‍പാലില്‍ 87.2% വെള്ളവും 3.7% കൊഴുപ്പും 4.9% പഞ്ചസാരയും 3.5% പോഷകങ്ങളും മറ്റ് ഒട്ടേറെ ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. ആടുകളുടെയും മാടുകളുടെയും ശരീരത്തില്‍ മനുഷ്യനാവശ്യമായ പാല് നിര്‍മിക്കാന്‍വേണ്ട സംവിധാനങ്ങള്‍ ചെയ്തുവെച്ചത് ആരാണ്? അവയല്ല; നമ്മളുമല്ല. അവയെ യും നമ്മെയും സൃഷ്ടിച്ച തമ്പുരാന് തന്നെയാണെന്ന ഉത്തരമാണ് ഈ ചോദ്യത്തിന് പാല്‍ക്കാരനും ക്ഷീരഗവേഷകനും നല്കുവാനുള്ളത്. ക്വുര്‍ആന്‍ പറയുന്നത് നോക്കുക: ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങ ളിലുള്ളതില്‍നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയുംചെയ്യുന്നു’.
‘കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു പാഠമു ണ്ട്. അവയുടെ ഉദരങ്ങളില്‍ ഉള്ളതില്‍നിന്ന്-കാഷ്ടത്തിനും രക്ത ത്തിനുമിടയില്‍നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദായകമായ പാല് നിങ്ങള്‍ക്ക് കുടിക്കാനായി നാം നല്കുന്നു’ (23:21)
നമ്മുടെ നിലനില്പിനുതന്നെ ആധാരമായിട്ടുള്ള സസ്യലതാതികളെക്കുറിച്ച് ചിന്തിക്കുമ്പോഴും സ്രഷ്ടാവിന്റെ വൈഭവം നമുക്ക് ബോധ്യമാകുന്നു. പച്ചിലകളാണ് ഭൂമിയുടെ ഭക്ഷ്യനിര്‍മാണശാല. വേരുകള്‍ വെള്ളവും വളവും വലിച്ചെടുക്കുന്നു. അവ കാണ്ഡത്തിലൂടെ ഇലകളിലെത്തുന്നു. അന്തരീക്ഷത്തില്‍ നിന്ന് അവ കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുക്കുന്നു. ഇവയെല്ലാംകൂടി സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഇലകളിലെ ഹരിതകത്തില്‍വെച്ച് ഗ്ലൂക്കോസായി മാറുന്നു. ഈ പ്രവര്‍ത്തനത്തെയാണ് പ്രകാശസം ശ്ലേഷ ണം (photosynthesis) എന്നു പറയുന്നത്. പ്രകാശസംശ്ലേഷണത്തിലൂടെ നിര്‍മിക്കപ്പെടുന്ന ഗ്ലൂക്കോസാണ് സസ്യങ്ങളുടെയും ജന്തുക്കളുടെയും അടിസ്ഥാന ഭക്ഷണം. ജന്തുക്കള്‍ പുറത്തുവിടന്ന കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുത്ത് പകരം ജന്തുക്കള്‍ക്കാവശ്യമുള്ള ഓക്സിജന്‍ പുറത്തുവിടുകയെന്ന പ്രവര്‍ത്തനംകൂടി പ്രകാശസംശ്ലേഷണത്തോടൊപ്പം നടക്കുന്നുണ്ട്. ജന്തുക്കളുടെയും സസ്യങ്ങളുടെയും നിലനില്പ് പരസ്പരം പൂരകമായിട്ടാണെന്നര്‍ഥം. ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങള്‍ക്കോ, തിരിച്ചോ നിലനില്ക്കാന് കഴിയാത്ത അവസ്ഥ. സസ്യജാലങ്ങളുടെ നിലനില്പിന് പിന്നില്‍ കൃഷിക്കാരനും പക്ഷിശാസ്ത്രജ്ഞനും ഒരേപോലെ സ്രഷ്ടാവിന്റെ അസ്തിത്വം അനുഭവിച്ചറിയുന്നു. വിശുദ്ധക്വുര്‍ആന്‍ ചോദിക്കുന്നു: ‘എന്നാല്‍ നിങ്ങള്‍ കൃഷിചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ച്വളര്‍ത്തുന്നത്. അതല്ല, നാമാണോ അത് മുളപ്പിച്ച് വളര്ത്തുന്നവന്?’ (56:63,64)
വിത്ത് കുഴിച്ചിടുന്ന കൃഷിക്കാരന് അത് മുളച്ച് വളര്‍ന്ന് ഉല്‍പാദനക്ഷമമാക്കുന്നതില്‍ മൗലികമായ യാതൊരു പങ്കുമില്ല. വിത്തിന്റെ ബീജകോശത്തിലെ ജീനുകളില്‍ രേഖപ്പെടുത്തപ്പെട്ട വ്യവസ്ഥയനുസരിച്ചാണ് സസ്യവളര്‍ച്ച നടക്കുന്നത്. ആ വ്യവസ്ഥ തീര്‍ത്തും ദൈവിക മത്രെ.’അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും അവന് നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു. എല്ലാത്തരം ഫലവര്‍ഗങ്ങളും (അവന് ഉല്‍പാദിപ്പിച്ചുതരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്’. (16:11)
കാര്‍ഷികവിളകളുടെയും ജന്തുവര്‍ഗങ്ങളുടെയുമെല്ലാം നിലനില്പിനാവശ്യമായ സജ്ജീകരണങ്ങള്‍ പ്രകൃതിയില്‍ തന്നെയുണ്ട്. ഭൂമി സ്വയം ഭ്രമണംചെയ്യുന്നത് 23.50 ചെരിഞ്ഞിട്ടാണ്. ഈ ചെരിവാണ് ഋതുഭേദങ്ങള്‍ക്ക് കാരണമാകുന്നത്. ഋതുഭേദങ്ങളാണല്ലോ ഭൂമിയെ കൃഷിക്ക് പറ്റിയ ഗ്രഹമാക്കി മാറ്റുന്നത്. ഭൂമിയെ ജീവിതയോഗ്യമാക്കുന്നതില്‍ മഴക്കുള്ള പങ്ക് അതിപ്രധാനമാണ്. ഭൂമിയിലെ സമുദ്ര ങ്ങളില്‍നിന്നും ജലാശയങ്ങളില്‍നിന്നും സൂര്യതാപമേറ്റ് വെള്ളം നീരാവിയായി മാറി അന്തരീക്ഷത്തിലേക്ക് ഉയരുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ക്ക് ചുറ്റും പറ്റിക്കൂടി നീരാവി ഘനീഭവിക്കുന്നു. കുറെ യേറെ നീണ്ടതും സങ്കീര്‍ണവുമായ പ്രക്രിയയിലൂടെയാണ് ഇങ്ങനെ ഘനീഭവിച്ച മേഘങ്ങളില്‍നിന്ന് മഴയുണ്ടാകുന്നത്. കണ്ടുപിടിക്കപ്പെട്ട ആകാശഗോളങ്ങളില്‍ ഭൂമിയൊഴിച്ച് മറ്റൊന്നിലും ഈ രൂപത്തില്‍ മഴയുണ്ടാകുന്നില്ല. ഭൂമിയില്‍ ജീവന് നിലനിര്‍ത്താന്‍വേണ്ടി സ്രഷ്ടാവുണ്ടാക്കിയ ഒരു പ്രത്യേക സംവിധാനമാണ് മഴയെന്ന വസ്തുത കാലാവസ്ഥാനിരീക്ഷകനും കര്‍ഷകനും ഒരുപോലെ മനസ്സിലാക്കാന്‍ കഴിയും. മഴയോടനുബന്ധിച്ചുള്ള ഇടിമിന്നല്‍പോലും ഭൂമിയിലെ കാര്‍ഷികവിളകള്‍ക്ക് ഗുണദായകമാണ്. അന്തരീക്ഷത്തിലെ നൈ ട്രജനെ സസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന നൈട്രജന്‍ സംയുക്തങ്ങളാക്കി മാറ്റുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് ഇടിമിന്നലാണ്. ഇവ ഒരു വര്‍ഷത്തില്‍ പത്തുകോടി ടണ്‍ നൈട്രജന്‍ വള ങ്ങള് (സസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള നൈട്ര ജന്‍ മിശ്രിതങ്ങള്‍) ഉല്‍പാദിപ്പിക്കുന്നുണ്ടത്രെ.മഴയും ഇടിമിന്നലുമെല്ലാം പടച്ചതമ്പുരാന്റെ അസ്തിത്വത്തിനുള്ള തെളിവാണെന്നാണ് വിശുദ്ധക്വുര്‍ആന്‍ പറയുന്നത്. ‘ഭയവും ആശയും ഉളവാക്കികൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും അതുമൂലം നിങ്ങള്‍ക്ക തിന്റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന് നല്‍കുകയുംചെയ്യുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ. തീര്‍ച്ചയായും അതി ല്‍ ചിന്തിച്ചുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’. (30:24)
ഭൂമിയുടെ അന്തരീക്ഷമാണ് നമുക്കെല്ലാം ഇവിടെ ജീവിക്കാന്‍വേണ്ട സുരക്ഷിതത്വം പ്രദാനംചെയ്യുന്ന മറ്റൊരു ഘടകം. സൂര്യനില്‍നിന്നു വരുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെയും മറ്റും തട ഞ്ഞുനിര്‍ത്തുകയും നിര്‍ദോഷികളും ഭൂമിയില്‍ ജീവന് നിലനില്ക്കാന് ആവശ്യമുള്ളതുമായ രശ്മികളെ കടത്തിവിടുകയും ചെയ്തുകൊണ്ട് ഭൂമിക്കു മുകളില്‍ അരിപ്പപോലെ പ്രവര്‍ത്തിക്കുന്ന ഓ സോണ്‍ പാളിയാണ് ഭൂമിയില്‍ ജീവന് നിലനില്‍ക്കുവാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നത്. ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഉല്‍ക്കകളെ ഘര്‍ഷണം മൂലം കരിച്ചുകളഞ്ഞ് നശിപ്പിക്കുന്നതും അന്തരീക്ഷംതന്നെയാണ്. അന്തരീക്ഷം എല്ലാ അര്‍ഥത്തിലും നമ്മുടെയൊരു മേല്‍ക്കൂരതന്നെ. ഈ മേല്‍ക്കൂരക്ക് താഴെ ജീവിക്കുന്ന നമുക്ക് നമ്മുടെ സ്രഷ്ടാവിനെ അറിയാന്‍ അന്തരീക്ഷത്തില്‍ നമ്മു ടെ നിലനില്പിന് വേണ്ടി സംവിധാനക്കപ്പെട്ടിട്ടുള്ള കാര്യങ്ങളെക്കു റിച്ച് അല്പം ചിന്തിച്ചാല്‍മതി. ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ‘നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ മെത്തയും ഉപരിലോകത്തെ മേല്‍ക്കൂരയുമാക്കുകയും ഉപരിഭാഗത്തുനിന്നുള്ള വെള്ളം ചൊരിഞ്ഞുതന്നിട്ട് അതുമുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്പാദിപ്പിച്ച് തരികയും ചെയ്ത (നാഥന്). അതിനാല്‍ അറിഞ്ഞുകൊണ്ട് നിങ്ങ ള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്’. (2:22)
നമുക്കുചുറ്റും ജീവിക്കുന്ന നമ്മുടെ സഹജീവികളിലോരോന്നും സ്രഷ്ടാവിന്റെ വൈഭവം വിളിച്ചോതുന്നവയാണ്. പ്രാണികളിലെ എഞ്ചിനീയര്‍ എന്നു വിശേഷിപ്പിക്കാവുന്ന തേനീച്ചയെക്കുറിച്ച് പഠിച്ചാല്‍ മാത്രംമതി, ചിന്തിക്കുന്നവര്‍ക്ക് സര്‍വശക്തന്റെ ആസ്തിക്യം ബോധ്യമാകും. കുറഞ്ഞ മെഴുകും കുറഞ്ഞ അധ്വാനവും ഉപയോഗിച്ചുകൊണ്ട് ഉറപ്പിന് അല്പംപോലും കോട്ടംതട്ടാതെ ഏറ്റവും കൂടുതല്‍ അറകളുണ്ടാക്കാന്‍ തേനീച്ചകള്‍ക്ക് സാധിക്കും. തേനീച്ചക്കൂടുകളുടെ ജ്യാമിതീയമായ കൃത്യത ശാസ്ത്രജ്ഞന്മാരെ അല്‍ഭുതപ്പെടുത്തുന്നു. തേനീച്ചസമൂഹത്തില്‍ കാണുന്ന തൊഴില്‍ വിഭ ജനവും അല്‍ഭുതാവഹമാണ്. തേന്‍ ശേഖരിക്കാന്‍ ഒരുകൂട്ടര്‍; പ്രത്യുല്പാദനം നടത്താന്‍ മറ്റൊരുകൂട്ടര്‍; കൂടുണ്ടാക്കാന്‍ ഒരുവിഭാഗം; കൂടുകാക്കാന്‍ മറ്റൊരു വിഭാഗം; ഇങ്ങനെയാണ് തേനീച്ചസമൂഹത്തിന്റെ തൊഴില്‍ വിഭജനം. തങ്ങളുടെ ബാധ്യതകള്‍ ജീവന് ബലികഴിപ്പിച്ചും നിര്‍വഹിക്കുന്നവയാണ് തേനീച്ചകള്‍. അവ തമ്മിലുള്ള ആശയവിനിമയരീതി വിസ്മയാവഹമാണ്. തേന്‍ തേടി പുറ ത്തുപോകുന്ന തേനീച്ച തിരിച്ചെത്തിയശേഷം തേനിരിക്കുന്ന സ്ഥ ലത്തെക്കുറിച്ച് മറ്റ് തേനീച്ചകള്‍ക്ക് വിവരം നല്കാന്വേണ്ടി ഒരു പ്രത്യേകരീതിയിലുള്ള നൃത്തമാണ് ഉപയോഗിക്കുന്നത്. ‘വിംഗ്ള് ഡാന്‍സ്’ എന്നറിയപ്പെടുന്ന നൃത്തത്തില്‍ നിര്‍മിക്കുന്ന വൃത്തങ്ങ ളുടെ ആകൃതിയും ചരിവുംകണ്ട് മറ്റ് തേനീച്ചകള്‍ തേനിരിക്കുന്ന സ്ഥലത്തേക്ക് എത്രദൂരമുണ്ടെന്നും ഏത് ദിശയിലാണതെന്നും മന സ്സിലാക്കുന്നു. അവ വിസര്‍ജിക്കുന്ന തേന്‍ സിദ്ധൗഷധമാണെന്ന കാര്യം സുവിദിതമാണല്ലോ. തേനീച്ച ഈ കഴിവുകളൊന്നും തന്നെ സ്വന്തമായി വളര്‍ത്തിയെടുത്തതല്ല. വളരെ ചെറിയ മസ്തിഷ്കമുപയോഗിച്ച് ചിന്തിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ തേനീച്ചകള്‍ക്കാവുകയുമില്ല. പിന്നെ ആരാണവയ്ക്ക് ഈ കഴിവുകള്‍ നല്‍കുന്നത്? ഉത്തരം ‘തേനീച്ചയെ സൃഷ്ടിച്ചവന്’ എന്നുമാത്രമാണ്. വിശുദ്ധക്വുര്‍ആന്‍ പറഞ്ഞതെത്ര ശരി! ‘നിന്റെ നാഥന് തേനീച്ചകള്‍ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യന് കെട്ടിയുയര്‍ത്തുന്നതിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. എല്ലാത്തരം ഫലങ്ങളില്‍നിന്നും ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളില്നിന്ന് വ്യത്യസ്ത വര്‍ണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് അതില്‍ തീര്‍ച്ചയായും ദൃഷ്ടാന്തമുണ്ട്’. (16:68,69)
ഏതു ജീവികളെ എടുത്താലും സ്ഥിതി ഇതുതന്നെയാണ്. കര യില്‍ ജീവിക്കുന്ന ചെറുതും വലുതുമായ ജീവികള്‍; വെള്ളത്തില്‍ ജീവിക്കുന്നവ; പറക്കും പറവകള്‍. ഇവയെല്ലാം സ്രഷ്ടാവിന്റെ ആസ്തിക്യം നമുക്ക് വ്യക്തമാക്കിത്തരുന്നു.’എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവയുടെ കൂട്ടത്തില്‍ ഉദരത്തിന്മേല് ഇഴഞ്ഞുനടക്കുന്നവയുണ്ട്. രണ്ടുകാലില്‍ നടക്കുന്നവയും അവയിലുണ്ട്. നാലുകാലില്‍ നടക്കുന്നവയും അവയിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.’ (24:45)
മനുഷ്യരുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെടുന്ന ആകാശഗോളങ്ങളായ സൂര്യനും ചന്ദ്രനും എന്നെന്നും മനുഷ്യരെ അല്‍ഭുത പരതന്ത്രരാക്കിയിട്ടുണ്ട്. സൂര്യോദയവും അസ്തമയവുമായിരുന്നു പുരാതന മനുഷ്യരെ അത്ഭുതപ്പെടുത്തിയതെങ്കില്‍ സൂര്യനില്‍ നട ക്കുന്ന പ്രവര്‍ത്തനങ്ങളും അതിന്റെ സ്ഥാനവുമെല്ലാമാണ് ആധുനിക മനുഷ്യരെ അത്ഭുതപ്പെടുത്തുന്നത്. സൗരാന്തര്‍ഭാഗത്തെ ഊഷ്മാവ് ഏകദേശം 65 ലക്ഷം ഡിഗ്രി സെല്‍ഷ്യസാണ്. ഒരു ചതുര ശ്ര ഇഞ്ചില്‍ ഇവിടെ അനുഭവപ്പെടുന്ന മര്‍ദം ഒരു ലക്ഷം പൗണ്ട്! സൗരവസ്തുവിന്റെ ഭാരം, ഒരു ചതുരശ്രകിലോമീറ്ററിന് 703.1 ലക്ഷം കോടി കിലോഗ്രാമാണ്. സൗരയൂഥത്തിലെ ഊര്‍ജത്തിന്റെ സ്രോതസ്സായ സൂര്യനില്‍ ഊര്ജോല്പാദനം നടക്കുന്നത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ (ഹൈഡ്രജന്‍ ബോംബില്‍ നടക്കുന്ന പ്രവര്‍ത്തനം) വഴിയാണ്. അഥവാ ഓരോ സെക്കന്റിലും ആയിരക്കണക്കിന് ഹൈ ഡ്രജന്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു സെക്കന്‍ഡില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം 1023 ജൂള്‍ ആണ്. ക്ഷീരപഥമെന്ന (milky way) താരാസമൂഹ (galaxy) ത്തിലെ അംഗമാണ് സൂര്യന്. താരാസമൂഹത്തിന്റെ കേന്ദ്രത്തില്‍നിന്ന് ഏകദേശം 32000 പ്രകാശവര്‍ഷം അകലെയാണ് സൂര്യന് സ്ഥിതിചെയ്യുന്നത്. സൂര്യന് അതിന്റെ താരാസമൂഹകേന്ദ്രത്തെ വൃത്താകാരാമായ പഥത്തിലൂടെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ഭ്രമണത്തിന്റെ വേഗത സെക്കന്റില്‍ 250 കിലോമീറ്ററാണ്. താരാസമൂഹകേന്ദ്രത്തെ ഒരു പ്രാവശ്യം ചുറ്റാന്‍ സൂര്യനെടുക്കുന്ന സമയത്തിന്നാണ്-25 കോടിവര്‍ഷം-ഒരു കോസ്മിക് വര്‍ഷ(രീാെശര ്യലമൃ)മെന്ന് പറയുന്നത്.ഇങ്ങനെ സൂര്യനെക്കുറിച്ച് പഠിക്കുംതോറും സര്‍വശക്തന്റെ അജയ്യത നമുക്ക് കൂടുതല്‍ കൂടുതല്‍ മനസ്സിലാകുന്നു. അവന് കല്പിച്ചുവെച്ച കണക്കുകള്‍ അനുസരിച്ചാണ് സൂര്യചന്ദ്രന്മാര് ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത കണക്കുകള്‍ ഒരിക്കലും തെറ്റുകയില്ല. ക്വുര്‍ആന്‍ പറയുന്നത് നോക്കുക: ‘സൂര്യ ന് അതിന്ന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണിത്’. (36:38)
‘അവനത്രെ രാത്രി, പകല്‍, സൂര്യന്, ചന്ദ്രന് എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണ പഥത്തിലൂടെ നീന്തി(സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു’. (21:33)
പ്രപഞ്ചത്തിന്റെ വിസ്തൃതിയും അതില്‍ നമ്മുടെ സ്ഥാനവുമറി യുന്ന മനുഷ്യന് തീര്‍ച്ചയായും സ്രഷ്ടാവിനു മുമ്പില്‍ നമ്രശിരസ്കനായിപ്പോകും. പ്രപഞ്ചത്തില്‍ ആയിരക്കണക്കിന് ക്ലസ്റ്ററുകള്‍; ഓരോ ക്ലസ്റ്ററിലും ആയിരക്കണക്കിന് ഗാലക്സികള്‍; ഓരോ ഗാല ക്സിയിലും കോടിക്കണക്കിന് നക്ഷത്രങ്ങള്‍, പള്‍സാറുകള്‍, ക്വാസാറുകള്‍, നെബുലകള്‍, തമോഗര്‍ത്തങ്ങള്‍. ഗാലക്സികളിലൊന്നായ ക്ഷീരപഥത്തിലെ ഒരംഗമാണ് സൂര്യന്. വ്യാപ്തിയില്‍ ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടിയാണ് സൂര്യന്. ഏകദേശം പതിമൂന്നര ലക്ഷം ഭൂമികളെ സൂര്യനുള്ളില്‍ അടുക്കിവെക്കാമെന്നര്‍ഥം. സൂര്യന്റെ ലക്ഷക്കണക്കിന് ഇരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളും ക്ഷീരപ ഥത്തിലുണ്ട്. ഒരു ഇടത്തരം നക്ഷത്രമായ സൂര്യനുചുറ്റും ചുറ്റിത്തിരിയുന്ന ഒമ്പത് ഗ്രഹങ്ങള്‍. സൂര്യനെയും ഗ്രഹങ്ങളെയും കൂടാതെ ഉപഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ക്ഷുദ്രഗ്രഹങ്ങള്‍, ഉല്‍ക്കകള്‍ തുട ങ്ങിയവയും സൗരയൂഥത്തിലെ അംഗങ്ങളാണ്. ഒമ്പത് ഗ്രഹങ്ങളി ലൊന്നാണ് ഭൂമി. ഭൂമിയിലെ ആയിരക്കണക്കിന് ജീവജാലങ്ങളിലൊരു വര്‍ഗമാണ് നരവര്‍ഗം. മനുഷ്യവര്‍ഗത്തിലെ കോടിക്കണക്കിന്അംഗങ്ങളില്‍ ഓരോരുത്തരാണ് നമ്മളെല്ലാം. ക്ലസ്റ്ററുകളെയും ഗാലക്സികളെയും നക്ഷത്രങ്ങളെയും സൂര്യനെയും ഗ്രഹങ്ങളെ യും ഭൂമിയെയും ജീവജാലങ്ങളെയും മനുഷ്യനെയും പരിപാലിക്കുന്ന മഹാചൈതന്യത്തിനു മുന്നില്‍ നമ്മളോരോരുത്തരുടെയും കഴിവുകളും ശക്തിയും എത്രമാത്രം നിസ്സാരമാണെന്ന ബോധം അവയെക്കുറിച്ച് പഠിക്കുമ്പോള്‍ നമ്മളിലുണ്ടാകുന്നു. ഈ ബോധം മനുഷ്യരെ സ്രഷ്ടാവിനു മുന്നില്‍ നമ്രശിരസ്കരാക്കുന്നു. വിശുദ്ധക്വുര്‍ആന്‍ പറഞ്ഞതത്രെ ശരി: ‘ആകാശ ഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്കുപകാരപ്രദമായ വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ഭൂമിക്ക് അതുമുഖേന ജീവന് നല്‍കിയതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച’. (2:164)
‘ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും അവരുടെ അവധി അടു ത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ചു നോക്കിയില്ലേ?’
‘ഉപരിലോകങ്ങളും ഭൂമിയും മുറപ്രകാരം അല്ലാഹു സൃഷ്ടിച്ചിരി ക്കുന്നു. തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് അതില്‍ ദൃഷ്ടാന്ത ങ്ങളുണ്ട്.’ (7:185)
നമുക്കു ചുറ്റുമുള്ള വസ്തുക്കളിലേക്കും നമ്മിലേക്കുതന്നെയും നോക്കിക്കൊണ്ട് സ്രഷ്ടാവിനെക്കുറിച്ചു മനസ്സിലാക്കാനാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അന്ധമായ വിശ്വാസത്തിന് അത് പ്രേരിപ്പിക്കു ന്നില്ല. ഇസ്ലാം മനുഷ്യബുദ്ധിയോടാണ് സംസാരിക്കുന്നത്. പ്രപ ഞ്ചത്തിലെ ചെറുതും വലുതുമായ ഏതു വസ്തുവിനെയും ചൂഴ്ന്നു നില്ക്കുന്ന വിസ്മയകരമായ വ്യവസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ടാ ണ് പ്രപഞ്ചനാഥന്റെ അസ്തിത്വക്കുറിച്ച അവബോധത്തിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരെ നയിക്കുന്നത്. ഈ അവബോധം അന്ധമായ കേവല വിശ്വാസമല്ല; തെളിവുകൾ നമ്മെ ബോധ്യപ്പെടുത്തുന്ന അനുഭവമാണ്.