വ്യഭിചാരാരോപണം,ഇസ്‌ലാമിന്റെ നിലപാട്.

/വ്യഭിചാരാരോപണം,ഇസ്‌ലാമിന്റെ നിലപാട്.
/വ്യഭിചാരാരോപണം,ഇസ്‌ലാമിന്റെ നിലപാട്.

വ്യഭിചാരാരോപണം,ഇസ്‌ലാമിന്റെ നിലപാട്.

കുറ്റവാളികള്‍ അല്ലാത്തവര്‍ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് ഇസ്‌ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാനതത്ത്വം. അതുകൊണ്ടുതന്നെ സംശുദ്ധമായി ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ നാലു സാക്ഷികളെ ഹാജരാക്കുവാന്‍ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപിക്കപ്പെടുന്നവരല്ല, പ്രത്യുത ആരോപിക്കുന്നവരാണ് ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്:”ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് അധര്‍മകാരികള്‍” (ഖുര്‍ആന്‍ 24:4).

പതിവ്രതകളെപ്പറ്റി ആരോപണങ്ങള്‍ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോബിയാണ്. അത്തരമാളുകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയൊന്നുമല്ല. എണ്‍പതടി കിട്ടുമെന്ന് വന്നാല്‍ ആരും അത്തരം ദുരാരോപണങ്ങളുമായി നടക്കുകയില്ല. നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപണം ഉന്നയിക്കുവാന്‍ ആരും മുതിരുകയില്ല. ആരോപണങ്ങള്‍ പുകഞ്ഞ് നാലാളുടെ മുമ്പില്‍ നടക്കാന്‍ വയ്യാതെയായ എത്രയെത്ര പേര്‍ നമ്മുടെ സമൂഹ ത്തിലുണ്ട്. നമ്മുടെ മീഡിയകള്‍ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നത് ഇത്തരം ഗോസിപ്പുകള്‍ ഉപയോഗിച്ചുകൊണ്ടാണല്ലോ. ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങളെല്ലാം ഇസ്‌ലാമിക സമൂഹത്തിന് അന്യമായിരിക്കും. മാന്യന്‍മാരെ അകാരണമായി ആരോപണങ്ങളില്‍ മുക്കിക്കൊല്ലുന്ന അവസ്ഥ ആ സമൂഹത്തില്‍ നിലനില്‍ക്കുകയില്ല. ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ അവരെ പരസ്യമായി എണ്‍പത് അടി അടിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന.

വ്യഭിചാരത്തിന് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷകള്‍ കഠിനമാണ്. വിവാഹിതരെങ്കില്‍ കല്ലെറിഞ്ഞുകൊല്ലുക! അവിവാഹിതരെങ്കില്‍ പരസ്യമായി നൂറടി! ഇത്തരം ശിക്ഷകള്‍ വിധിച്ച ഇസ്‌ലാം അതോടൊപ്പംതന്നെ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കുവാന്‍ ആവശ്യമായ നിയമങ്ങള്‍ കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. നാലു ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ മറ്റൊരാളുടെ പേരില്‍ വ്യഭിചാരാരോപണമുന്നയിക്കുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ കുടുങ്ങും. അവര്‍ക്ക് എണ്‍പത് അടി വീതം ലഭിക്കും. കള്ള സാക്ഷ്യത്തിനുള്ള സാധ്യത ഇവിടെ തീരെ വിരളമാണ്. ഒരു പാടുപേര്‍ കണ്ടുവെന്ന് ഉറപ്പുണ്ടായാല്‍ മാത്രമേ ഒരാള്‍ ഇത്തരം ആരോപണം ഉന്നയിക്കാന്‍ മുതിരുകയുള്ളൂ. അതുകൊണ്ടുതന്നെ നിരപരാധി ശിക്ഷിക്കപ്പെടുവാന്‍ ഉള്ള സാധ്യത തീരെയില്ലെന്നുതന്നെ പറയാം.

print