നബി(സ)യുടെ കാലത്ത് ബൈത്തുൽ മുഖദ്ദിസോ?

/നബി(സ)യുടെ കാലത്ത് ബൈത്തുൽ മുഖദ്ദിസോ?
/നബി(സ)യുടെ കാലത്ത് ബൈത്തുൽ മുഖദ്ദിസോ?

നബി(സ)യുടെ കാലത്ത് ബൈത്തുൽ മുഖദ്ദിസോ?

മുഹമ്മദ് നബി(ﷺ)യുടെ നിശാപ്രയാണത്തെക്കുറിച്ച് പറയുന്നത് ഖുര്‍ആനില്‍ പതിനേഴാം അധ്യായത്തിന്റെ ഒന്നാം വചനത്തിലാണ്. പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്:
”തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക്–അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു–നിശായാത്ര ചെയ്യിച്ചവന്‍ എത്രയോപരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാംകാണിച്ചുകൊടുക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ” (വി.ഖു: 17:1)

‘ഒരൊറ്റ രാത്രികൊണ്ട് മുഹമ്മദ് നബിയെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് നിശായാത്ര ചെയ്യിച്ചുവെന്ന് പറയുമ്പോള്‍ ഇങ്ങനെ രണ്ട് സ്ഥലങ്ങള്‍ നിലനില്‍ക്കണമല്ലോ. എന്നാല്‍ മസ്ജിദുല്‍ അഖ്‌സായെന്ന പേരില്‍ ഇന്ന് ജെറുസലേമില്‍ നിലനില്‍ക്കുന്ന കെട്ടിടം നിര്‍മ്മിക്കപ്പെട്ടത് മുഹമ്മദ് നബിക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. സോളമന്‍ നിര്‍മിച്ച ജെറുസലേം ദേവാലയമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നതെങ്കില്‍ അത് മുഹമ്മദ് നബിയുടെ കാലത്ത് നിലനിന്നിരുന്നില്ലെന്നുറപ്പാണ്. ക്രിസ്താബ്ദം 70ല്‍ തന്നെ–ഖുര്‍ആനില്‍ പറഞ്ഞ ഇസ്രാഇന് അഞ്ചര നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അത് തകര്‍ക്കപ്പെട്ടിട്ടുണ്ട്. പിന്നെയെങ്ങനെയാണ് ജെറുസലേം ദേവാലയത്തിലേക്ക് മുഹമ്മദ് നബി നിശായാത്ര നടത്തുക? യഹൂദരില്‍നിന്ന് ജെറുസലേം ദേവാലയത്തെക്കുറിച്ച് കേട്ടറിഞ്ഞ മുഹമ്മദ് നബി അത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് നിശായാത്ര നടത്തിയെന്ന കഥ മെനഞ്ഞെടുത്തത്‘- വിമര്‍ശകരുടെ വാദം ഇങ്ങനെ പോകുന്നു.

ഈ വാദങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് നോക്കുവാന്‍ മസ്ജിദുല്‍ അഖ്‌സാ, മസ്ജിദുല്‍ ഹറാം തുടങ്ങിയ പദങ്ങളുടെ വിവക്ഷയെന്താണെന്ന് പരിശോധിക്കണം. ‘മസ്ജിദ്‘ എന്ന അറബി പദം ‘സജദ‘യെന്ന ധാതുവില്‍നിന്നുണ്ടായതാണ്. ‘സജദ‘യെന്നാല്‍ സാഷ്ടാംഗം ചെയ്യുക എന്നര്‍ത്ഥം. സുജൂദ് അഥവാ സാഷ്ടാംഗം ചെയ്യപ്പെടുന്ന സ്ഥല(ഇസ്മുമകാന്‍)മാണ് ‘മസ്ജിദ്‘. പൊതുവായി ‘ആരാധനാ സ്ഥലം‘ എന്നുംഅര്‍ത്ഥം പറയാം. സര്‍വ്വശക്തനായ സ്രഷ്ടാവിനെ ആരാധിക്കുവാന്‍ വേണ്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്തെക്കുറിച്ചുകൊണ്ടാണ് ഖുര്‍ആനില്‍ ‘മസ്ജിദ്‘ എന്ന് പ്രയോഗിച്ചിരിക്കുന്നത്. ജെറുസലേം ദേവാലയത്തിന്റെ തകര്‍ച്ചയെ സൂചിപ്പിക്കുന്ന ഖുര്‍ആനിക വചനത്തിലും ആരാധനാലയത്തെക്കുറിക്കാന്‍ ‘മസ്ജിദ്‘ (17:7) എന്നുതന്നെയാണ് പ്രയോഗിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. മസ്ജിദ് എന്ന പദത്തിന് ആരാധനാ സ്ഥലം എന്ന്മാത്രമെ അര്‍ത്ഥമുള്ളൂ; ഒരു കെട്ടിടമുണ്ടെങ്കിലും ഇല്ലെങ്കിലും സര്‍വ്വശക്തന് ആരാധനകളര്‍പ്പിക്കപ്പെടുന്ന സ്ഥലത്തെക്കുറിക്കുവാന്‍ മസ്ജിദ് എന്ന്പറയും. ‘മസ്ജിദ്‘ എന്ന പദം ഒരു കെട്ടിടത്തെക്കുറിക്കുന്നില്ല, പ്രത്യുത ചെയ്യുന്ന പ്രവൃത്തിയെ –ആരാധന–മാത്രമാണ് ദ്യോതിപ്പിക്കുന്നത് എന്നര്‍ത്ഥം.

സഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു ഹദീസ് ഇക്കാര്യം കുറെക്കൂടി വ്യക്തമായി മനസ്സിലാക്കിത്തരുന്നു.

ജാബിര്‍ (റ)ല്‍നിന്ന് നിവേദനം: തിരുമേനി (ﷺ) അരുളി: എനിക്ക് മുമ്പുള്ളവര്‍ക്ക് നല്‍കാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക് അല്ലാഹു നല്‍കിയിരിക്കുന്നു. ഒരു മാസത്തെ വഴിദൂരത്തെ ഭയംകൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടു. ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യുവാനുള്ള സ്ഥലമായും ശുചീകരിക്കുവാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചുതന്നു. എന്റെ അനുയായികളില്‍ ഏതെങ്കിലും ഒരാള്‍ക്ക് നമസ്‌കാര സമയം എത്തിയാല്‍ (പള്ളിയും വെള്ളവും ഇല്ലെങ്കിലും) അവിടെവെച്ച് അവന്‍ നമസ്‌കരിക്കട്ടെ. ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക് അനുമതി നല്‍കിയിരിക്കുന്നു. എനിക്കുമുമ്പ് ആര്‍ക്കും അത് അനുവദിച്ചുകൊടുത്തിരുന്നില്ല. ശുപാര്‍ശ എനിക്ക് അനുവദിച്ചുതന്നു. നബിമാരെ അവരവരുടെ ജനതയിലേക്ക് മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചിരിക്കുന്നതാകട്ടെ മനുഷ്യരാശിയിലേക്ക് ആകമാനവും” (സഹീഹുല്‍ ബുഖാരി).

മുമ്പുള്ള പ്രവാചകന്മാര്‍ക്കൊന്നും നല്‍കപ്പെടാത്ത, മുഹമ്മദ് നബി(ﷺ)ക്ക് മാത്രമായി നല്‍കപ്പെട്ടിട്ടുള്ള അഞ്ച് കാര്യങ്ങളില്‍ രണ്ടാമതായി പറഞ്ഞ കാര്യം ശ്രദ്ധിക്കുക: ”ഭൂമിയെ (സര്‍വ്വവും) എനിക്ക് സാഷ്ടാംഗം ചെയ്യുവാനുള്ള സ്ഥലമായും ശുചീകരിക്കുവാനുള്ള ഒരു വസ്തുവായും അല്ലാഹു അംഗീകരിച്ചുതന്നു. എന്റെ അനുയായികളില്‍ ഏതെങ്കിലും ഒരാള്‍ക്ക് നമസ്‌കാര സമയം എത്തിയാല്‍ (പള്ളിയും വെള്ളവും ഇല്ലെങ്കിലും)അവിടെവെച്ച് അവന്‍ നമസ്‌കരിക്കട്ടെ”.

ഇവിടെ ‘സാഷ്ടാംഗം ചെയ്യുവാനുള്ള സ്ഥലം‘ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘മസ്ജിദ്‘ എന്ന പദത്തെയാണ്. മുമ്പുള്ള പ്രവാചകന്മാര്‍ക്കും അനുയായികള്‍ക്കുമെല്ലാം സാഷ്ടാംഗത്തിനായി ചില പ്രത്യേക സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നുവെന്നും അവിടെവെച്ചുള്ള ആരാധനകള്‍ മാത്രമെ സ്വീകാര്യമായി പരിഗണിക്കപ്പെട്ടിരുന്നുള്ളൂവെന്നും മുഹമ്മദ് നബിയോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിയെന്നും അദ്ദേഹത്തിന്റെ സമുദായത്തിന് ഭൂമിയില്‍ എവിടെവെച്ചും ആരാധനകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്നുമാണല്ലോ ഈ പരാമര്‍ശം വ്യക്തമാക്കുന്നത്. മുഹമ്മദ് നബി (ﷺ)യുടെ സമുദായത്തിന് ഭൂമി മുഴുവന്‍ മസ്ജിദാണെന്ന് പറയുമ്പോള്‍ ഭൂമിയില്‍ എല്ലായിടത്തും ആരാധനകള്‍ക്കായി മന്ദിരമുണ്ടാക്കിയിട്ടുണ്ട് എന്ന് ആരും മനസ്സിലാക്കുന്നില്ല. ഭൂമിയില്‍ എവിടെവെച്ചും സാഷ്ടാംഗം നമിക്കുവാനും ആരാധനകള്‍ അര്‍പ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നാണല്ലോ ഇതിന്നര്‍ത്ഥം. മസ്ജിദ് എന്ന പദം ഒരു കെട്ടിടത്തെക്കുറിക്കുന്നില്ലെന്ന വസ്തുതയാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.

വിമര്‍ശിക്കപ്പെട്ട സൂക്തത്തില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്കുള്ള നിശാപ്രയാണത്തെക്കുറിച്ചാണല്ലോ സൂചിപ്പിച്ചിരിക്കുന്നത്. മസ്ജിദുല്‍ അഖ്‌സായെക്കുറിച്ച് മുഹമ്മദ് നബി (ﷺ)തെറ്റിദ്ധരിച്ചുകൊണ്ട് എഴുതിയതാണെന്ന വിമര്‍ശകരുടെ വാദം അംഗീകരിച്ചാല്‍ തന്റെ കണ്‍മുമ്പിലുള്ള കാര്യങ്ങളെക്കുറിച്ചുപോലും അദ്ദേഹം തീരെ ബോധമില്ലാത്തവനായിരുന്നുവെന്ന് പറയേണ്ടിവരും. മക്കയിലെ കഅ്ബാലയത്തിന് ചുറ്റുമുള്ള വിശുദ്ധ ദേവാലയമാണ്മസ്ജിദുല്‍ ഹറാം എന്ന് അറിയപ്പെടുന്നത്. കഅ്ബാലയത്തിന് ചുറ്റുംഇപ്പോള്‍ നിലനില്‍ക്കുന്ന രീതിയിലുള്ള ഒരു കെട്ടിടം നബി (ﷺ)യുടെ നിശായാത്രയുടെ കാലത്ത് ഉണ്ടായിരുന്നതായി ഒരു ചരിത്രരേഖയുമില്ല. എന്നാല്‍ കഅ്ബാലയത്തിന് ചുറ്റുമുള്ള നിര്‍ണിതമായ പ്രദേശങ്ങള്‍ ഇബ്രാഹീം (عليه السلام) നബിയുടെ കാലംമുതല്‍തന്നെ ഹറം എന്ന് വിളിക്കപ്പെട്ടിരുന്നു. കഅ്ബാലയത്തിന് ചുറ്റും നിര്‍ണിതമായ സ്ഥലത്തെഉദ്ദേശിച്ചുകൊണ്ട് ഖുര്‍ആനില്‍തന്നെ മസ്ജിദുല്‍ ഹറാം എന്ന്പറഞ്ഞിട്ടുമുണ്ട്.

”മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അവര്‍ നിങ്ങളോട് അവിടെവെച്ച് യുദ്ധം ചെയ്യുന്നതുവരെ” (വി.ഖു. 2:191).

”ഇനി ആര്‍ക്കെങ്കിലും അത് (ബലിമൃഗം) കിട്ടാത്തപക്ഷം ഹജ്ജിനിടയില്‍ മൂന്നുദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴുദിവസം ചേര്‍ത്ത് ആകെ 10 ദിവസം നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവരല്ലാത്തവര്‍ക്കാകുന്നു ഈ വിധി” (വി.ഖു. 2:196).

ഇവയില്‍നിന്ന് ഇബ്രാഹീം നബി (عليه السلام) നിര്‍ണയിക്കുകയും മക്കാവിജയത്തിന്റെ ദിവസം നബി (ﷺ) അനുചരനായ തമീമുബ്‌നു ഖുസാഅ(റ)യെ പറഞ്ഞയച്ച് ഉറപ്പിക്കുകയും ചെയ്ത അതിര്‍ത്തിക്കകത്തെ പ്രദേശങ്ങളെ പൊതുവായി ഉദ്ദേശിച്ചുകൊണ്ടാണ് ഖുര്‍ആന്‍ മസ്ജിദുല്‍ ഹറാം എന്ന് പറഞ്ഞിട്ടുള്ളതെന്ന് വ്യക്തമാണ്. മാത്രവുമല്ല, ഇസ്‌റാഇനെക്കുറിച്ച് വിശദീകരിക്കുന്ന ഹദീസുകളില്‍ നിശായാത്രയാരംഭിച്ചത് മസ്ജിദുല്‍ ഹറാമില്‍ നിന്നാണെന്നും ഉമ്മുഹാനീ(റ)യുടെ വീട്ടില്‍നിന്നാണെന്നും പറഞ്ഞിട്ടുമുണ്ട്. കഅ്ബാലയത്തിനടുത്തായിരുന്നു ഉമ്മു ഹാനീ(റ)യുടെ വീട്. ഉമ്മു ഹാനീ(റ)യുടെ ഗൃഹത്തില്‍നിന്ന് ആരംഭിച്ച നിശായാത്രയെക്കുറിച്ച് ഖുര്‍ആനിലും ഹദീസുകളിലുമെല്ലാം മസ്ജിദുല്‍ ഹറാമില്‍നിന്ന് എന്ന് പറഞ്ഞതില്‍നിന്നുതന്നെ മസ്ജിദുല്‍ ഹറാം എന്നതുകൊണ്ട് ഒരു കെട്ടിടമല്ല വിവക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. വാദത്തിനുവേണ്ടി വിമര്‍ശകരുടെ വാദം അംഗീകരിച്ചാല്‍പോലും മുഹമ്മദ് നബി തന്നെ ഇസ്രാഅ് ആരംഭിച്ചത് മസ്ജിദുല്‍ ഹറാമില്‍ നിന്നാണെന്നും ഉമ്മു ഹാനീ(റ)യുടെ വീട്ടില്‍ നിന്നാണെന്നും പറയുമ്പോള്‍ ഇവിടെ ഒരു പ്രത്യേക കെട്ടിടമല്ല പ്രത്യുത കഅ്ബാലയത്തിന് ചുറ്റുമുള്ള സാഷ്ടാംഗം ചെയ്യപ്പെടുന്ന സ്ഥലം എന്നാണ് അദ്ദേഹം മസ്ജിദുല്‍ ഹറാംകൊണ്ട് വിവക്ഷിച്ചിട്ടുള്ളതെന്ന് സമ്മതിക്കേണ്ടിവരും. മസ്ജിദുല്‍ ഹറാമിനെക്കുറിച്ച പരാമര്‍ശങ്ങളില്‍ ഒരു പ്രത്യേക കെട്ടിടമല്ല ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത വിമര്‍ശകര്‍ക്കുപോലും അംഗീകരിക്കാതിരിക്കാനാവില്ല എന്നര്‍ത്ഥം.

ഇതേപോലെന്നെയാണ് ‘മസ്ജിദുല്‍ അഖ്‌സാ‘യെക്കുറിച്ച പരാമര്‍ശങ്ങളുടെ സ്ഥിതിയും. ‘അങ്ങേ അറ്റത്തെ സാഷ്ടാംഗസ്ഥാനം‘ എന്നാണ് മസ്ജിദുല്‍ അഖ്‌സായെന്നാല്‍ അര്‍ത്ഥം. സോളമന്‍ നിര്‍മിച്ച ദേവാലയത്തെ ബേത്ത്–ഹ–മിഖ്ദാഷ് (Bet ha-Miqdash) എന്നാണ് യഹൂദന്മാര്‍ വിളിക്കുന്നത്. അറബിയില്‍ ‘ബൈത്തുല്‍ മുഖദ്ദസ്‘ എന്ന് പറയുന്ന ഈ ദേവാലയം നിന്നസ്ഥലമാണ് മസ്ജിദുല്‍ അഖ്‌സാ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സോളമന്‍ നിര്‍മിച്ച ദേവാല യത്തിന്റെ അറ്റകുറ്റപണികള്‍ യോശിയാവ് തീര്‍ത്തതായും ക്രിസ്തുവിന് 586 വര്‍ഷങ്ങള്‍ക്ക് മുമ്പ് നെബുക്കദ് നെസര്‍ അത് തകര്‍ത്തതായും അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം യഹൂദര്‍ വീണ്ടും അത് പണിതതായും നെഹമിയായുടെ നിര്‍ദ്ദേശപ്രകാരം അതിന്റെ മതിലുകളും കോട്ടകളുമെല്ലാം വീണ്ടും പണിതതായുമെല്ലാം നമുക്ക് ബൈബിള്‍ പഴയനിയമത്തില്‍നിന്ന് മനസിലാകുന്നുണ്ട്. ഈ ദേവാലയം പിന്നീട് പൂര്‍ണമായി നശിപ്പിക്കപ്പെട്ടത് ക്രിസ്താബ്ദം 70ല്‍ റോമാക്കാരുടെ ഭരണകാലത്താണ്. സോളമന്റെ കാലംമുതല്‍ ഏകദൈവാരാധന നിര്‍വ്വഹിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ബൈത്തുല്‍ മുഖദ്ദസ് എന്ന വസ്തുത ബൈബിളില്‍നിന്നുതന്നെ വ്യക്തമാണെന്നര്‍ത്ഥം.

ഇസ്രായീല്യര്‍ വിശുദ്ധ സ്ഥലമായി ഗണിച്ചിരുന്ന ബേത്ത്–ഹ–മിഖ്ദാഷിലായിരുന്നു പ്രാര്‍ത്ഥനകള്‍ക്കും ബലിയര്‍പ്പണത്തിനും മറ്റ് കൂദാശകള്‍ക്കുമെല്ലാം ജനം ഒരുമിച്ച് കൂടിയിരുന്നത്. അവിടെ വെച്ചായിരുന്നു യാഹ്‌വെക്ക് മുമ്പില്‍ യഹൂദ പുരോഹിതന്മാര്‍ സാഷ്ടാംഗം നമിച്ചിരുന്നത്. ജറുസലേം ദേവാലയത്തിലെ ആരാധനയെക്കുറിച്ച് യഹൂദവിജ്ഞാന കോശം പറയുന്നത് കാണുക:

”കല്‍ക്കരിക്കഷ്ണങ്ങള്‍ പെറുക്കിയെടുത്ത പുരോഹിതന്‍ വിശുദ്ധസ്ഥലത്ത് പ്രവേശിച്ച് ജ്വലിച്ചുകൊണ്ടിരിക്കുന്ന അള്‍ത്താരയിലേക്ക് അവ എറിയുകയും സ്വയം സാഷ്ടാംഗം നമിക്കുകയും ചെയ്ത ശേഷം അവിടെ നിന്ന് പിരിയുന്നു. പിന്നെ നറുക്കെടുപ്പിലൂടെ സുഗന്ധം പുകയ്ക്കുവാനായി തെരഞ്ഞെടുക്കപ്പെട്ട പുരോഹിതന്‍ തന്റെ കയ്യില്‍ കുന്തിരിക്കത്തിന്റെ താലവുമായി കടന്നുവരുന്നു. കര്‍മ്മത്തിന് ഉത്തരവാദപ്പെടുത്തപ്പെട്ട പുരോഹിതനും അയാളെ അനുഗമിക്കുന്നു. ഈ പുരോഹിതന്റെ നിര്‍ദ്ദേശമനുസരിച്ചാണ് അനുഷ്ഠാനങ്ങള്‍ നടക്കുന്നത്. അയാള്‍ ‘പുകയ്ക്കുക‘യെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രമെ മറ്റേയാള്‍ പുകയ്ക്കുകയുള്ളൂ. ഹാളിനും അള്‍ത്താരക്കുമിടയിലുള്ള സ്ഥലത്തുനിന്ന് ജനം നീങ്ങിക്കഴിഞ്ഞാല്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി നിയോഗിക്കപ്പെട്ട പുരോഹിതന്‍ സുഗന്ധം പുകയ്ക്കുകയും സ്വയം സാഷ്ടാംഗം നമിച്ച് പിരിയുകയും ചെയ്യുന്നു. വിശുദ്ധ സ്ഥലത്ത് സുഗന്ധം പുകയ്ക്കല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ദേവാലയത്തിനകത്തും പുറത്തും കൂടിയിരിക്കുന്ന ജനം പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. സുഗന്ധം പുകച്ചപുരോഹിതന്‍ പോയതിനുശേഷം പുരോഹിതന്മാരെല്ലാം വരിവരിയായി വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുകയും സ്വയം സാഷ്ടാംഗം നമിച്ചശേഷം പുറത്തുപോവുകയും ചെയ്യുന്നു”. (“Temple” Encyclopaedia Judaica: CD Rom Edition: 1997, Judaica Multimedia (Israel) Limited)

പ്രധാനികളായ പല റബ്ബിമാരും യെരൂശലേം ദേവാലയത്തിനകത്തുവെച്ച് മാത്രമെ സാഷ്ടാംഗം നമിക്കാന്‍ പാടുള്ളൂവെന്ന് വാദിച്ചിരുന്നുവെന്ന യഹൂദ വിജ്ഞാനകോശത്തിന്റെ പ്രസ്താവന ശ്രദ്ധേയമാണ് (Ibid). മുന്‍ പ്രവാചകന്മാര്‍ക്കെല്ലാം ചില പ്രത്യേക സ്ഥലങ്ങള്‍ മസ്ജിദുകളായി (സാഷ്ടാംഗസ്ഥലം) നിശ്ചയിച്ചിരുന്നുവെന്ന നടേസൂചിപ്പിക്കപ്പെട്ട ഹദീസിലെ പ്രസ്താവന ഇതോട് ചേര്‍ത്ത് വായിക്കുക.

മസ്ജിദുല്‍ അഖ്‌സയിലേക്കാണ് നിശാ പ്രയാണമുണ്ടായതെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ഒരു പ്രത്യേക കെട്ടിടമല്ല വിവക്ഷിക്കുന്നതെന്നും ‘അങ്ങേയറ്റത്തെ സാഷ്ടാംഗ സ്ഥാനമായ ബൈത്തുല്‍ മുഖദ്ദസ്സ് സ്ഥിതിചെയ്തിരുന്ന സ്ഥലമാണെന്നുമുള്ള വസ്തുതകള്‍ വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

ഇസ്രായീല്യര്‍ക്ക് സാഷ്ടാംഗത്തിനുവേണ്ടി നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ബൈത്തുല്‍ മുഖദ്ദസ് സ്ഥിതിചെയ്തിരുന്ന മസ്ജിദുല്‍ അഖ്‌സായെന്നും അത് ഒരു പ്രത്യേക കെട്ടിടമെന്ന നിലയ്ക്കല്ല ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതെന്നുമുള്ള വിശദീകരണത്തെ ഖണ്ഡിക്കുവാന്‍വേണ്ടി സഹീഹുല്‍ ബുഖാരിയിലുള്ള ഒരു ഹദീസ് വിമര്‍ശകര്‍ ഉദ്ധരിക്കാറുണ്ട്. പ്രസ്തുത ഹദീസ് ഇങ്ങനെയാണ്:

”അബൂദര്‍റ് (റ)നിവേദനം: ഞാന്‍ ചോദിച്ചു. ദൈവദൂതരേ ആദ്യമായി ഭൂമിയില്‍ സ്ഥാപിതമായ പള്ളിയേതാണ്? നബി (ﷺ) അരുളി: മസ്ജിദുല്‍ഹറാം. പിന്നീട് ഏത് പള്ളിയാണെന്ന് ഞാന്‍ ചോദിച്ചു. നബി (ﷺ) അരുളി: മസ്ജിദുല്‍ അഖ്‌സാ. എത്രകൊല്ലം ഇടവിട്ടാണ് ഇവ രണ്ടും സ്ഥാപിതമായത്? നബി (ﷺ) അരുളി: നാല്‍പത് കൊല്ലം ഇടവിട്ട്. ഇനി എവിടെവെച്ചാണോ നമസ്‌ക്കാര സമയമായത് അവിടെവെച്ച് നീ നമസ്‌കരിച്ചുകൊള്ളുക. തീര്‍ച്ചയായും അതിലാണ് പുണ്യമിരിക്കുന്നത്. (സഹീഹുല്‍ ബുഖാരി)

ഈ ഹദീസില്‍ പറഞ്ഞിരിക്കുന്നത് മസ്ജിദുല്‍ അഖ്‌സായുടെ നിര്‍മ്മിതിയെക്കുറിച്ചാണെന്നും അതുകൊണ്ടുതന്നെ നിര്‍മ്മിക്കപ്പെട്ട ഒരുകെട്ടിടമാണ് മസ്ജിദുല്‍ അഖ്‌സാകൊണ്ട് വിവക്ഷിക്കപ്പെടുന്ന തെന്നുമാണ് വിമര്‍ശകരുടെ വാദം. അബ്രഹാം നിര്‍മിച്ചതെന്ന് കരു തപ്പെടുന്ന കഅ്ബയുടെയും സോളമന്‍ നിര്‍മിച്ച ദേവാലയത്തിന്റെയും നിര്‍മാണത്തിനിടയ്ക്ക് നാല്‍പതുവര്‍ഷത്തെ ഇടവേള മാത്രമാണുള്ളതെന്ന് പറഞ്ഞ മുഹമ്മദ് നബി (ﷺ)യെ പരിഹസിക്കുവാനും ചില വിമര്‍ശകര്‍ ഒരുമ്പെടുന്നുണ്ട്.

ഹദീസിനെക്കുറിച്ച വിമര്‍ശനങ്ങള്‍ക്ക് പ്രഗല്‍ഭരായ ഹദീസ് പണ്ഡിതന്മാര്‍തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. പ്രസ്തുത മറുപടി ഇങ്ങനെ സംക്ഷേപിക്കാം.

ഒന്ന്) ഇബ്രാഹീം നബി (عليه السلام)യല്ല മസ്ജിദുല്‍ ഹറാമിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന് മുമ്പുതന്നെ അത് നിലനിന്നിരുന്നുവെന്ന് ഖുര്‍ആനില്‍ നിന്നുതന്നെ വ്യക്തമാവുന്നുണ്ട്.

”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍നിന്ന് (ചിലരെ)കൃഷിയൊന്നുമില്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു” (വി.ഖു. 14:37)

രണ്ട്) ഏകദൈവാരാധനയ്ക്കുവേണ്ടി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ കേന്ദ്രമാണ് കഅ്ബ.

”തീര്‍ച്ചയായും മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയിലുള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു)” (വി.ഖു. 3:96)

ആദിമനുഷ്യനായ ആദമിന്റെ കാലംമുതല്‍ തന്നെ ഈ ആരാധനാ കേന്ദ്രമുണ്ടായിരുന്നു. ഇബ്രാഹീം നബി പ്രസ്തുത കേന്ദ്രത്തില്‍ ഒരു ആലയം പണിയുകയാണ് ചെയ്തത്.

മൂന്ന്) ബൈത്തുല്‍ മുഖദ്ദസ് സ്ഥാപിച്ചത് സുലൈമാനാ(അ)ണെന്ന് ഖുര്‍ആനിലോ ഹദീസുകളിലോ കാണുന്നില്ല. ആദമിന്റെയോ പുത്രന്മാരുടെയോ കാലത്ത്–കഅ്ബാ നിര്‍മാണത്തിന് നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കണം ഈ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്.

നാല്) ഇബ്രാഹീം നബി (عليه السلام)ക്ക് മുമ്പുതന്നെ കഅ്ബാലയമുണ്ടായിരുന്നുവെന്നതുപോലെ സുലൈമാന്‍ നബി (عليه السلام)ക്കുമുമ്പും മസ്ജിദുല്‍ അഖ്‌സയുണ്ടായിരുന്നു. ഇബ്രാഹിം നബിയും സുലൈമാന്‍ നബിയും പ്രസ്തുത സ്ഥലങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും അവിടെ ദേവാലയങ്ങള്‍ പണിയുകയുമാണ് ചെയ്തത്. സോളമന് മുമ്പുതന്നെ ജെറുസലേമില്‍ ഒരു വിശുദ്ധ സ്ഥലമുണ്ടായിരുന്നുവെന്നതിലേക്ക് ബൈബിള്‍ പഴയനിയമം സൂചനകള്‍ നല്‍കുന്നുണ്ട്.

ജെറുസലേം നഗരത്തിലെ ഒരു പ്രധാന കേന്ദ്രമായ മോരിയാ മലയെക്കുറിച്ച് ബൈബിള്‍ നിഘണ്ടു എഴുതുന്നത് കാണുക:

”മോരിയാ മല–ഓഫാല്‍ കുന്നിന് വടക്കാണ് മോരിയാ മല സ്ഥിതിചെയ്തിരുന്നത്. പുരാതന കാലംമുതല്‍ ഇത് കാനന്യര്‍ക്ക് ഒരു വിശുദ്ധസ്ഥലമായിരുന്നു. അബ്രഹാം തന്റെ മകനായ ഇസ്ഹാഖിനെ ബലികഴിക്കുന്നതിന് പോയതും ഇവിടെതന്നെ. ഉല്‍പത്തി 22: 8 (റവ. എ.സി.ക്ലെയിറ്റണ്‍: ബൈബിള്‍ നിഘണ്ടു. പേജ് 447).

ആദാമിന്റെ കാലംമുതല്‍ ആദരിക്കപ്പെട്ട ഒരു ആരാധനാസ്ഥലമായതുകൊണ്ടാകാം ഈ സ്ഥലം പ്രത്യേകമായി പരിഗണിക്കപ്പെട്ടത്. ഇതുകൊണ്ടുതന്നെയാവണം സോളമന്‍ അവിടെത്തന്നെ ഒരു ദേവാലയം സ്ഥാപിച്ചത്. നടേ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ ഉണ്ടെന്ന് വിമര്‍ശകര്‍ ഉന്നയിച്ച അബദ്ധം യഥാര്‍ത്ഥത്തില്‍ അവരുടെ മൂഢസങ്കല്‍പങ്ങളില്‍നിന്ന് ഉയിര്‍ക്കൊണ്ടതാണെന്ന സത്യമാണ് ഇവിടെ വ്യക്തമാകുന്നത്. ഭൂമിയില്‍ മാനവന്‍ കാല് കുത്തിയതിനുശേഷം ആദ്യമായി നിര്‍ണയിക്കപ്പെട്ട ആരാധനാസ്ഥലമായ മസ്ജിദുല്‍ ഹറാമില്‍നിന്ന് രണ്ടാമതായി ഉണ്ടാക്കിയ മസ്ജിദുല്‍ അഖ്‌സായിലേക്കാണ് മുഹമ്മദ് നബി (ﷺ) നിശാപ്രയാണം നടത്തിയത്. പ്രത്യേകമായി അനുഗ്രഹിക്കപ്പെട്ട ഒരു പ്രദേശത്തുനിന്ന് അതേപോലെ തന്നെയുള്ള മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയാണിത്; ഒരു കെട്ടിടത്തില്‍നിന്ന് മറ്റൊരു കെട്ടിടത്തിലേക്കുള്ള യാത്രയല്ല. ഖുര്‍ആനില്‍ അബദ്ധങ്ങള്‍ ചികയുന്നവര്‍ക്കാണ്, ഖുര്‍ആനിനല്ല യഥാര്‍ത്ഥത്തില്‍ തെറ്റ്പറ്റുന്നത് എന്ന വസ്തുതയാണ് ഇവിടെയും നാം കാണുന്നത്.

print