മൂസ(അ)യുടെ കാലത്ത് ക്രൂശീകരണമുണ്ടായിരുന്നോ?

/മൂസ(അ)യുടെ കാലത്ത് ക്രൂശീകരണമുണ്ടായിരുന്നോ?
/മൂസ(അ)യുടെ കാലത്ത് ക്രൂശീകരണമുണ്ടായിരുന്നോ?

മൂസ(അ)യുടെ കാലത്ത് ക്രൂശീകരണമുണ്ടായിരുന്നോ?

മൂസാനബി(عليهالسلام)യുടെ കാലത്ത് ക്രൂശീകരണം ഒരു ശിക്ഷയായി നിലനിന്നിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നിലധികം ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ചില സൂക്തങ്ങളുടെ സാരം കാണുക:

”നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും, തീര്‍ച്ച”(വി.ഖു.7:124). ”അവന്‍(ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ. തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞുകൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിര്‍വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചുകളയുകയും നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്” (വി.ഖു. 26:49).

”അവന്‍(ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ചുകഴിഞ്ഞുവെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണ് അവന്‍. ആകയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍നിന്നായി മുറിച്ചുകളയുകയും ഈന്തപ്പന തടികളില്‍ നിങ്ങളെ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളില്‍ ആരാണ് ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും” (വി.ഖു. 20:71).

മൂസാനബി(عليهالسلام)യുടെ മുമ്പ് യൂസുഫ് നബി (عليهالسلام)യുടെകാലത്തുതന്നെ ക്രൂശീകരണം നിലനിന്നിരുന്നതായി സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുമുണ്ട്. യൂസുഫ് നബി (عليهالسلام)യോടൊപ്പം ജയിലിലടക്കപ്പെട്ടയാളുടെ സ്വപ്‌നത്തിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനത്തെക്കുറിച്ച് പരാമര്‍ശിക്കവെ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്കാണാം: ”ജയിലിലെ രണ്ട് സുഹൃത്തുക്കളേ എന്നാല്‍ നിങ്ങളിലൊരുവന്‍ തന്റെ യജമാനന് വീഞ്ഞ് കുടിപ്പിച്ചുകൊണ്ടിരിക്കും. എന്നാല്‍ മറ്റേയാള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങളിരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു” (വി.ഖു. 12:41)

മൂസാനബി (عليهالسلام)ക്ക് മുമ്പുതന്നെ ഈജിപ്തില്‍ നിലനിന്നിരുന്ന ഒരു ശിക്ഷാമുറയായാണ് ഖുര്‍ആന്‍ ക്രൂശീകരണത്തെ പരിചയപ്പെടുത്തുന്നത് എന്ന് ഈ സൂക്തങ്ങളില്‍നിന്ന് സുതരാം വ്യക്തമാണ്.

പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനഗ്രന്ഥങ്ങളിലൊന്നുംതന്നെ ഫറോവമാരുടെകാലത്ത് ക്രൂശീകരണം നിലനിന്നതായി വ്യക്തമാക്കുന്ന രേഖകള്‍ അവതരിപ്പിക്കുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ അതുകൊണ്ടുമാത്രം അന്ന് അങ്ങനെയൊരു ശിക്ഷാസമ്പ്രദായം തന്നെ നിലനിന്നിരുന്നില്ലായെന്ന് പറയാനാവില്ല. പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനത്തിന് അവിടെനിന്ന് ഉല്‍ഖനനം ചെയ്‌തെടുത്ത ശിലാരേഖകളെയും സീലുകളെയും പ്രതിമകളെയുമെല്ലാമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയിൽ ‍നിന്ന് മാത്രമായി ഈജിപ്തിന്റെ ഒരു സമ്പൂര്‍ണ്ണ ചരിത്രം നിര്‍മിക്കാനാവില്ല. ഇവയില്‍ രേഖപ്പെടുത്തപ്പെടാത്ത നിരവധി കാര്യങ്ങളുണ്ടായിരിക്കാം. രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളില്‍ തന്നെ വായിക്കാന്‍ കഴിയാത്തവയുണ്ടായിരിക്കാം; വായിക്കാന്‍ കഴിഞ്ഞവയില്‍ തന്നെ സ്ഖലിതങ്ങളുണ്ടാകുവാനുള്ള സാധ്യതയും പൂര്‍ണമായി തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ പൗരാണിക ഈജിപ്തിനെക്കുറിച്ച പഠനങ്ങള്‍ അവിടെ ക്രൂശീകരണം നിലനിന്നിട്ടില്ലായെന്ന് വ്യക്തമാക്കുന്ന രേഖകള്‍ വെളിപ്പെടുത്താത്തിടത്തോളം അവിടെ ക്രൂശീകരണമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഖുര്‍ആനിക പരാമര്‍ശങ്ങള്‍ അബദ്ധമാണെന്ന് പറയാനാകില്ല.

ഖുര്‍ആനിക പരാമര്‍ശങ്ങള്‍ക്ക് ഉപോല്‍ബലകമായ രേഖകള്‍ ലഭിച്ചിട്ടില്ലാത്തതുപോലെതന്നെ അതിനെ നിഷേധിക്കുന്ന രേഖകളുമില്ലാത്ത സ്ഥിതിക്ക് ആ പരാമര്‍ശങ്ങളില്‍ അബദ്ധമാരോപിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

എന്താണ് ക്രൂശീകരണം? ‘ഓക്‌സ്‌ഫോര്‍ഡ് കംപാനിയന്‍ ടു ദ ബൈബിള്‍’പറയുന്നത് കാണുക: ”വധശിക്ഷയായോ മൃതശരീരത്തെ പ്രദര്‍ശിപ്പിക്കുന്നതിന്നായോ കുരിശിലോ മരത്തിലോ ഒരാളെ ആണിയടിക്കുകയോ ബന്ധിക്കുകയോ ചെയ്യുക”. (Bruce M Metzger Michael D Coogan (Ed), Oxford Companion to the Bible, 1993, Oxford University Press, Oxford & Newyork page 141) ഇന്ന്

ക്രൈസ്തവര്‍ മതചിഹ്‌നമായി ഉപയോഗിക്കുന്ന രീതിയിലുള്ളതായിരുന്നില്ല ആദ്യകാലത്തെ കുരിശ്. ഒരു മരത്തടിയില്‍ കൈകളും കാലുകളും അരക്കെട്ടുമെല്ലാം ആണിയില്‍ തറച്ച് ഇഞ്ചിഞ്ചായികൊല്ലുന്ന സമ്പ്രദായമാണ് ക്രൂശീകരണത്തിന്റെ ആദിമരൂപം. പിന്നീട്എക്‌സ് (X) ആകൃതിയില്‍ രണ്ട് തടികള് ‍വെച്ച് അതില്‍ ക്രൂശീകരിക്കുന്നരീതിയുണ്ടായി. അതിനും ശേഷമാണ് ഒരു തടിമരത്തിന്റെ മുകള്‍ഭാഗത്ത് മറ്റൊരു മരക്കഷണം കൂട്ടിവെച്ച് ടി (T) ആകൃതിയിലും ഇന്ന് ക്രൈസ്തവര്‍ മതചിഹ്‌നമായി ഉപയോഗിക്കുന്ന + ആകൃതിയിലുമെല്ലാമുള്ളകുരിശുകളുണ്ടായത്. അതുകൊണ്ടാണ് ‘മരത്തിലോ കുരിശിലോ ആണിയടിച്ചുകൊല്ലുന്നതാണ് ക്രൂശീകരണം‘ എന്ന് ഓക്‌സ്‌ഫോര്‍ഡ് കംപാനിയന്‍ ടു ദി ബൈബിളില്‍ പറഞ്ഞത്. ആണിയടിച്ച് കൊല്ലുകയെന്നകര്‍മ്മമാണ്, അതിനുപയോഗിക്കുന്ന വസ്തുവിന്റെ ആകൃതിയല്ല ക്രൂശീകരണത്തെ അന്വര്‍ത്ഥമാക്കുന്നത് എന്ന് സാരം.

മരത്തില്‍ തറച്ചുകൊല്ലുന്ന ഏര്‍പ്പാട് മോശയുടെ കാലത്തും യോസഫിന്റെ കാലത്തുമെല്ലാം നിലനിന്നിരുന്നുവെന്നതിന് ബൈബിള്‍തന്നെ തെളിവുകള്‍ നല്‍കുന്നുണ്ട്. യോസഫിന്റെ സ്വപ്‌നവ്യാഖ്യാനത്തെക്കുറിച്ച് ഉല്‍പത്തി പുസ്തകം പറയുന്നത് ഇങ്ങനെയാണ്: ”യോസഫ് പറഞ്ഞു: ഇതാണ് സ്വപ്‌നത്തിന്റെ വ്യാഖ്യാനം. മൂന്ന് കുട്ട മൂന്ന് ദിവസമാണ്. മൂന്ന്ദിവസത്തിനകം ഫറോവാന്‍ നിന്റെ തലവെട്ടി നിന്നെ കഴുമരത്തില്‍ കെട്ടിത്തൂക്കും. പക്ഷികള്‍ നിന്റെ മാംസം ഭക്ഷിക്കും” (ഉല്‍പത്തി 40:18-19)

ഇക്കാര്യം പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ ‘ക്രൂശിക്കുക‘യെന്നാണ്പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

മോശ എഴുതിയതായി കരുതപ്പെടുന്ന ആവര്‍ത്തന പുസ്തകത്തിലുംമരത്തില്‍ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച പരാമര്‍ശങ്ങളുണ്ട്: ”വധശിക്ഷഅര്‍ഹിക്കുന്ന കുറ്റം ചെയ്തവനെ വധിച്ച് മരത്തില്‍ തൂക്കിക്കഴിഞ്ഞാല്‍അയാളുടെ ജഡം രാത്രി മുഴുവന്‍ ആ മരത്തില്‍ കിടക്കരുത്. ആ ദിവസംതന്നെഅയാളെ സംസ്‌ക്കരിക്കണം. തൂക്കിക്കൊല്ലപ്പെടുന്നവന്‍ ദൈവത്താല്‍ശപിക്കപ്പെട്ടവനാണ്. നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിതരുന്ന ദേശം നീ മലിനമാക്കരുത്” (ആവ 21:22-23)

മോശക്ക് ശേഷം വന്ന യോശുവയുടെ കാലത്തും ഈ ശിക്ഷാ രീതിനിലനിന്നിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്: ”ആയിയിലെരാജാവിനെ വൈകുന്നേരംവരെ ഒരു മരത്തില്‍ കെട്ടിത്തൂക്കിയിട്ടു.സൂര്യാസ്തമയം ആയപ്പോള്‍ യോശുവയുടെ കല്‍പനപ്രകാരം ശവംമരത്തില്‍നിന്ന് ഇറക്കി; നഗരവാതില്‍ക്കലിട്ടു. അവര്‍ അതിനുമുകളില്‍ ഒരുകല്‍ക്കൂന ഉണ്ടാക്കി. അത് ഇന്നോളം അവിടെയുണ്ട്” (യോശുവ 8:29)

ആവര്‍ത്തന പുസ്തകത്തിലെ ‘മരത്തില്‍ തൂക്കപ്പെട്ടവനെ‘ക്കുറിച്ച പരാമര്‍ശങ്ങളെ യേശുവില്‍ ആരോപിക്കപ്പെട്ട ക്രൂശീകരണവുമായി പൗലോസ് ബന്ധിപ്പിക്കുന്നത് കാണുക: ”നമുക്കുവേണ്ടി ശാപവിധേയനായിത്തീര്‍ന്ന ക്രിസ്തു നിയമത്തിന്റെ ശാപത്തില്‍ നിന്ന് നമ്മെ മോചിപ്പിച്ചിരിക്കുന്നു. ‘മരത്തില്‍ തൂങ്ങി മരിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരാണ്‘ എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. അങ്ങനെ അബ്രാഹാമിന് ദൈവം നല്‍കിയ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ വിജാതീയര്‍ക്കും ലഭിക്കാനും തത്ഫലമായി വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവ് വിശ്വാസം വഴി നമുക്കും ലഭിക്കാനും യേശുക്രിസ്തുഅരുള്‍ചെയ്തു” (ഗലാത്യര്‍ 3:13)

അപ്പോസ്തല പ്രവൃത്തികളിലും യേശുവിനെക്കുറിച്ച് പറയുമ്പോള്‍ ‘അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു‘ (അപ്പോ 10:39) വെന്നാണ്പറയുന്നത്. ഇതില്‍നിന്നെല്ലാം യോസഫിന്റെ കാലത്ത് നിലനിന്നതും മോശ ആവര്‍ത്തനപുസ്തകത്തില്‍ പറഞ്ഞതും യോശുവ നടപ്പിലാക്കിയതുമെല്ലാം യേശുവിന്റെ കാലത്ത് നിലനിന്നിരുന്ന ക്രൂശീകരണത്തിന്റെ തന്നെ വ്യത്യസ്ത രൂപങ്ങളായിരുന്നുവെന്ന് സുതരാം വ്യക്തമാണ്.

ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈജിപ്തുകാര്‍ക്കിടയില്‍ ക്രൂശീകരണമെന്ന ശിക്ഷാ സമ്പ്രദായം നിലനിന്നിരുന്നതായി ബൈബിള്‍പണ്ഡിതന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്മിത്തിന്റെ ബൈബിള്‍ ഡിക്ഷ്ണറി പറയുന്നത് കാണുക: ”ഈജിപ്തുകാരുടെയും (ഉല്‍പത്തി 40:19), കാര്‍ത്തേജിനിയന്മാരുടെയും പേര്‍ഷ്യക്കാരുടെയും (എസ്‌തേര്‍ 7:10) അസീറിയക്കാരുടെയും സ്‌കീത്യരുടെയും ഇന്ത്യക്കാരുടെയും ജര്‍മന്‍കാരുടെയും വളരെ ആദ്യകാലം തൊട്ടുതന്നെ ഗ്രീക്കുകാരുടെയും റോമക്കാരുടെയും ഇടയില്‍ ക്രൂശീകരണം ഉപയോഗിക്കപ്പെട്ടിരുന്നു. ആദിമയഹൂദന്മാര്‍ക്ക് ഈ ശിക്ഷാ സമ്പ്രദായം അറിയാമായിരുന്നോയെന്ന വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. യഹൂദന്മാര്‍ റോമക്കാരില്‍നിന്നായിരിക്കണം ഈ സമ്പ്രദായം സ്വീകരിച്ചത്. ഇത് ഏറ്റവുംഭീകരമായ മരണരീതിയായി എല്ലാവരും ഒരുപോലെ അംഗീകരിച്ചിരുന്നു” (“Crucifixion” Smith’s Bible Dictionary Online)

പുരാതന ഈജിപ്തില്‍ ക്രൂശീകരണം നിലനിന്നതിന് തെളിവുകളില്ലെന്ന് പറഞ്ഞ് ഖുര്‍ആനില്‍ അബദ്ധം ആരോപിക്കുന്നതിന് മുമ്പ് മിഷനറിമാര്‍ സ്വന്തം വേദഗ്രന്ഥം ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കേണ്ടതായിരുന്നു. യോസഫിന്റെയും മോശയുടെയും കാലത്ത് ക്രൂശീകരണം നിലനിന്നിരുന്നുവെന്ന് പറയുന്നത് ഖുര്‍ആന്‍ മാത്രമല്ല; ബൈബിളും കൂടിയാണ്. ഇരുവേദഗ്രന്ഥങ്ങളും ഒരുപോലെ പറയുന്ന ഇക്കാര്യത്തിന് വിരുദ്ധമായ തെളിവുകള്‍ പുരാതന ഈജിപ്തിനെക്കുറിച്ച പഠനങ്ങള്‍ നല്‍കാത്തിടത്തോളം ഇതില്‍ അബദ്ധമാരോപിക്കുന്നതില്‍ യാതൊരു കഴമ്പുമില്ല.

print