ഇസ്‌ലാമിലെ ബഹു ഭാര്യത്വം സ്ത്രീവിരുദ്ധമല്ലേ?

/ഇസ്‌ലാമിലെ ബഹു ഭാര്യത്വം സ്ത്രീവിരുദ്ധമല്ലേ?
/ഇസ്‌ലാമിലെ ബഹു ഭാര്യത്വം സ്ത്രീവിരുദ്ധമല്ലേ?

ഇസ്‌ലാമിലെ ബഹു ഭാര്യത്വം സ്ത്രീവിരുദ്ധമല്ലേ?

ലോകത്തെ മറ്റു സമൂഹങ്ങളിലേതുപോലെതന്നെ, പലപ്പോഴും മറ്റു സമൂഹങ്ങളെ കവച്ചുവെക്കുന്ന രീതിയില്‍ ബഹുഭാര്യത്വം അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. അനിയന്ത്രിതമായ അനുവാദമായിരുന്നു ഇക്കാര്യത്തില്‍ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നത്. ഇതിനൊരു നിയന്ത്രണമുണ്ടാക്കുകയും നാലില്‍ പരിമിതിപ്പെടുത്തുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. പല പ്രവാചകാനുചരന്മാര്‍ക്കും ഇസ്‌ലാം ആശ്ലേഷിക്കുന്നതിനു മുമ്പ് ഒരുപാട് ഭാര്യമാരുണ്ടായിരുന്നുവെന്ന വസ്തുത അറേബ്യന്‍ സമൂഹത്തില്‍ ഭാര്യമാരുടെ എണ്ണത്തിന് യാതൊരു പരിധിയുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്. ഗീലാനുബ്‌നു സല്‍മത്തുസ്സക്കഫിക്ക് പത്തുഭാര്യമാരുണ്ടായിരുന്നു. അമീറത്തുല്‍ അസദിക്ക് എട്ട് ഭാര്യമാരും നൗഫലുബ്‌നു മുആവിയത്തുദ്ദയ്‌ലമിക്ക് അഞ്ച് ഭാര്യമാരുമുണ്ടായിരുന്നു. ഇസ്‌ലാം സ്വീകരിക്കുന്ന സമയത്ത് ഇഷ്ടമുള്ള നാലു ഭാര്യമാരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഒഴിവാക്കാനാണ് പ്രവാചകന്‍ ല അവരോടാവശ്യപ്പെട്ടത്. കൈയും കണക്കുമില്ലാതെ എത്രയും ഭാര്യമാരെ വെച്ചുകൊണ്ടിരിക്കാമെന്ന അവസ്ഥ നിലനിന്നിരുന്ന സമൂഹത്തിലാണ് നീതി പുലര്‍ത്താനാവുമെങ്കില്‍ നാലു വരെ ആകാമെന്നും അതിനാവില്ലെങ്കില്‍ ഒന്നു മാത്രം മതിയെന്നുമുള്ള നിയമം കൊണ്ടുവന്നതെന്ന് സാരം.

അനിവാര്യമെന്നു തോന്നുന്നുവെങ്കില്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നു. അവര്‍ക്കിടയില്‍ നീതി പാലിക്കണമെന്ന നിബന്ധനയോടെ.

ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിനെ ആധുനികത വിലക്കുന്നു. നിയമാനുസൃതം ഒരു ഭാര്യ മാത്രമേ പാടുള്ളുവെന്ന് നിഷ്‌കര്‍ശിക്കുമ്പോള്‍തന്നെ കാള്‍ഗേളുകളുമായോ മറ്റോ ബന്ധം പുലര്‍ത്തുന്നതില്‍ അത് യാതൊരു തെറ്റും കാണുന്നില്ല.

ഏതാണ് സ്ത്രീകള്‍ക്ക് ഹിതകരമായ നിയമം?

വിവാഹേതര ബന്ധങ്ങള്‍, അതിന് എന്ത് പേരിട്ട് വിളിച്ചാലും ഇസ്‌ലാം അംഗീകരിക്കുന്നില്ല- വെറുക്കുന്നു എന്ന വസ്തുതയുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് നാം ഈ പ്രശ്‌നത്തെ പരിശോധിക്കേണ്ടത്. ഇസ്‌ലാമികമായ ഭരണക്രമം നിലനില്‍ക്കുന്ന രാഷ്ട്രത്തിലാണെങ്കില്‍ വ്യഭിചരിച്ചവര്‍ക്ക്- നാല് ദൃക്‌സാക്ഷികളുടെ സാക്ഷ്യം കൊണ്ട് കുറ്റം തെളിഞ്ഞാല്‍- വിവാഹിതരല്ലെങ്കില്‍ നൂറ് അടിയും വിവാഹിതരെങ്കില്‍ മരണം വരെ കല്ലേറും ലഭിക്കും. വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തെ ഇസ്‌ലാം എന്തുമാത്രം വെറുക്കുന്നുവെന്ന് ഈ ശിക്ഷകള്‍ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന സ്ഥാപനമായ കുടുംബത്തിന്റെ തകര്‍ച്ചക്കും അതുവഴി ധാര്‍മികത്തകര്‍ച്ചക്കും വ്യഭിചാരം നിമിത്തമാവുമെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ സദാചാര നിഷ്ഠമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി ശ്രമിക്കുന്ന ഒരു ദര്‍ശനത്തിന് അത് പൂര്‍ണമായി ഇല്ലാതാക്കുവാനാശ്യമായ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. അതോടൊപ്പം മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്ന നിയമങ്ങളില്‍ വികാരപൂര്‍ത്തീകരണമെന്ന ജൈവിക ആവശ്യം നിര്‍വഹിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാകുകയും വേണം. ഇവിടെയാണ് ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചതിലെ യുക്തി മനസ്സിലാക്കാനാവുന്നത്.

സദാചാരനിഷ്ഠമായ ഒരു സമൂഹത്തില്‍ ബഹുഭാര്യത്വം അനിവാര്യമാകുന്ന വൈയക്തികവും സാമൂഹികവുമായ അവസ്ഥകളുണ്ട്. വ്യക്തിപരമായ അവസ്ഥകളെ ഇങ്ങനെ സംക്ഷേപിക്കാം:

ഒന്ന്) പുരുഷന്റെ ലൈംഗികാസക്തി: ചില പുരുഷന്മാര്‍ക്കെങ്കിലും തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ഒരു സ്ത്രീ മതിയാകാതെ വരുന്ന സാഹചര്യങ്ങളുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. സ്ത്രീയുടെ ആര്‍ത്തവകാലം, പ്രസവകാലം തുടങ്ങിയ കാലയളവുകളില്‍ ലൈംഗികബന്ധം അസാധ്യമാണല്ലോ. ഇത്തരം അവസ്ഥകളില്‍ ലൈംഗിക വികാരം നിയന്ത്രിക്കാന്‍ കഴിയാത്തവരുണ്ടാകാം. ബഹുഭാര്യത്വം അല്ലെങ്കില്‍ വ്യഭിചാരമാണ് അത്തരം ആളുകള്‍ക്ക് മുന്നിലുള്ള മാര്‍ഗം.

രണ്ട്) ഭാര്യയുടെ ലൈംഗികശേഷിയില്ലായ്മ: സ്ത്രീകളിലെ ലൈംഗികശേഷിക്കുറവ് ചിലപ്പോള്‍ ചികില്‍സിച്ചുമാറ്റാന്‍ കഴിയാത്തതാവാം. ഏതുതരം ശേഷിക്കുറവാണെങ്കിലും അതു നിലനില്‍ക്കുന്ന കാലയളവില്‍ പുരുഷന് വികാരശമനത്തിന് മാര്‍ഗം വേണമെന്നാണ് പ്രകൃതിയുടെ താല്‍പര്യം. ഒന്നുകില്‍ ബഹുഭാര്യത്വം അല്ലെങ്കില്‍ വ്യഭിചാരം. അതുമല്ലെങ്കില്‍ വിവാഹമോചനം. ഇങ്ങനെ മൂന്നു മാര്‍ഗങ്ങളുണ്ട് പുരുഷനു മുമ്പില്‍. വ്യഭിചാരം അധാര്‍മികമാണ്. വിവാഹമോചനം അനുവദനീയമെങ്കിലും കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രമിക്കേണ്ട കാര്യമാണ്. ഇത്തരം ഒരവസ്ഥയില്‍ ബഹുഭാര്യത്വമാണ് ഏറ്റവും കരണീയമായിട്ടുള്ളത്.

മൂന്ന്) ഭാര്യയുടെ വന്ധ്യത: ഭാര്യ വന്ധ്യയാണെങ്കില്‍ പുരുഷനു മുമ്പില്‍ മൂന്നു മാര്‍ഗങ്ങളുണ്ട്. ഒന്ന്. ജീവിതകാലം മുഴുവന്‍ കുട്ടികളില്ലാതെ ജീവിക്കുക. രണ്ട്. വന്ധ്യയായ സ്ത്രീയെ വിവാഹമോചനം ചെയ്തുകൊണ്ട് മറ്റൊരുത്തിയെ വേള്‍ക്കുക. മൂന്ന്. വന്ധ്യയായ സ്ത്രീയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരുത്തിയെ വിവാഹം ചെയ്യുക.

ഒന്നാമത്തെ പരിഹാരം സ്വന്തത്തോടുചെയ്യുന്ന ക്രൂരതയാണ്. രണ്ടാമത്തേത് ഭാര്യയോടുള്ള ക്രൂരതയും: അവര്‍ ചെയ്ത തെറ്റുകൊണ്ടല്ല അവര്‍ വന്ധ്യയായിത്തീര്‍ന്നത്. മൂന്നാമത്തെ നിര്‍ദേശമാണ് മാനവികം. അതുവഴി ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ തന്‍േറതെന്നവണ്ണം വളര്‍ത്തിക്കൊണ്ട് സായൂജ്യമണിയാന്‍ വന്ധ്യയായ സ്ത്രീക്കും അവസരം ലഭിക്കുന്നു. അങ്ങനെ മാതൃത്വത്തിന്റെ ദാഹം ശമിപ്പിക്കുവാന്‍ അവള്‍ക്കും സാധിക്കുന്നു.

നാല്) ഭാര്യയുടെ മാറാവ്യാധി: ചില രോഗങ്ങള്‍ ലൈംഗികബന്ധത്തെയും ഗര്‍ഭധാരണത്തെയും വിലക്കുന്നവയായുണ്ട്. അത്തരം രോഗങ്ങളുള്ള സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ എന്തുചെയ്യണം? മാറാരോഗം കാരണം ഗാര്‍ഹികജോലികള്‍ ചെയ്യാന്‍ പ്രയാസപ്പെടുന്നവരുമുണ്ടാകും. ഇവിടെയെല്ലാം പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത് വ്യഭിചാരമോ വിവാഹമോചനമോ ബഹുഭാര്യത്വമോ ആണ്. മാറാവ്യാധി പിടിപെട്ട സ്ത്രീയെ ഒഴിവാക്കുന്നതിലൂടെ അവളെ വഴിയാധാരമാക്കുകയാണ് ചെയ്യുന്നത്. ഇവിടെയും മാനവികമായ മാര്‍ഗം ബഹുഭാര്യത്വംതന്നെയാണ്.

മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ വിവാഹമോചനമാണ് ചില മതഗ്രന്ഥങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്. മനുസ്മൃതിയുടെ കല്‍പന കാണുക:

വന്ധ്യാഷ്ട മേധി വേദ്യാബ്‌ദേ ദേശമേതുമൃതപ്രജാ

ഏകാ ദശേ സ്ത്രീ ജനനീ സത്യസ്ത്വപ്രിയ വാദിനീ

(മനുസ്മൃതി 9:81)

(വന്ധ്യയായ ഭാര്യയെ എട്ടു വര്‍ഷം കഴിഞ്ഞും, ചാപിള്ള പ്രസവിക്കുന്നവളെ പത്തുവര്‍ഷം കഴിഞ്ഞും, പെണ്ണുമാത്രം പ്രസവിക്കുന്നവളെ പതിനൊന്നുവര്‍ഷം കഴിഞ്ഞും, അപ്രിയം പറയുന്നവളെ ഉടനെയും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യേണ്ടതാണ്. ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ടതില്ല).

യുക്തിവാദത്തിന്റെ പരിഹാരവും വിവാഹമോചനംതന്നെ. നിരീശ്വരത്വത്തിന്റെ ഏറ്റവും വലിയ തത്ത്വജ്ഞാനിയായി അറിയപ്പെടുന്ന ബര്‍ട്രന്‍ഡ് റസ്സല്‍ നിര്‍ദേശിക്കുന്ന പരിഹാരം കാണുക:

‘സന്താനങ്ങളില്ലാത്ത വൈവാഹിക ജീവിതത്തില്‍, ഇരുകൂട്ടരും നന്നായി പെരുമാറുവാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ടെന്നുവരികിലും, വിവാഹമോചനംതന്നെയാണ് ഏറ്റവും നല്ല പരിഹാരം’ Marriage and Morals, Page:96)

ഇത്തരം അവസരങ്ങളില്‍ ബഹുഭാര്യത്വമോ വിവാഹമോചനമോ വ്യഭിചാരമോ ഏതാണ് ഒരു സ്ത്രീ ഭര്‍ത്താവില്‍നിന്ന് ആഗ്രഹിക്കുക? സന്മാര്‍ഗനിഷ്ഠയും സ്‌നേഹവതിയുമായ സ്ത്രീ തീര്‍ച്ചയായും കാംക്ഷിക്കുന്നത് ബഹുഭാര്യത്വമായിരിക്കും. ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചിരിക്കുന്നത് സ്ത്രീകളുടെകൂടി രക്ഷ കണക്കിലെടുത്തുകൊണ്ടാണ്. ഖുര്‍ആനിക ദര്‍ശനം മാനവികമാണെന്ന വസ്തുതയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.

ബഹുഭാര്യത്വം സാമൂഹികമായ അനിവാര്യതയായിത്തീരുന്ന സന്ദര്‍ഭങ്ങളുമുണ്ട്. അവയെ ഇങ്ങനെ സംക്ഷേപിക്കാം:

ഒന്ന്) സ്ത്രീ-പുരുഷ അനുപാതത്തിലുണ്ടാവുന്ന വ്യത്യാസം: ഇതു രണ്ടു രൂപത്തില്‍ സംഭവിക്കാം; സ്വാഭാവികമായും യുദ്ധത്തിന്റെ ഫലമായും. ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ഏതാണ്ട് എല്ലാ സമൂഹങ്ങളിലും എല്ലാ കാലഘട്ടങ്ങളിലും സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കൂടുതലായിരുന്നുവെന്ന വസ്തുതയാണത്. ആധുനിക ശാസ്ത്രം ഈ അവസ്ഥക്ക് വിശദീകരണം നല്‍കുന്നുണ്ട്. മനുഷ്യരുടെ ജനിതകനില പ്രകാരം ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗവ്യത്യാസം ഏതാണ്ട് സമമായിരിക്കുമെങ്കിലും പെണ്‍ഭ്രൂണത്തിന് ആണ്‍ഭ്രൂണത്തെക്കാള്‍ രോഗപ്രതിരോധശേഷി കൂടുതലായതിനാല്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികളായിരിക്കുമത്രേ. ആയിരം ആണ്‍കുട്ടികള്‍ക്ക് ഏകദേശം ആയിരത്തിപത്ത് പെണ്‍കുട്ടികള്‍ എന്ന നിരക്കിലായിരിക്കും ഈ വ്യത്യാസമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

യുദ്ധത്തിന് ശേഷമുണ്ടാകുന്ന അവസ്ഥയാണ് മറ്റൊന്ന്. സ്വാഭാവികമായും യുദ്ധത്തില്‍ പങ്കെടുക്കുന്നത് പുരുഷന്മാരായിരിക്കും. അങ്ങനെ സ്ത്രീ- പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമുണ്ടാവും. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയിലെ അമ്പത് ലക്ഷം പുരുഷന്മാരാണ് മരിച്ചുവീണത്. യുദ്ധത്തിന് മുമ്പ് അവിടത്തെ സ്ത്രീ-പുരുഷ അനുപാതം സമമായിരുന്നുവെങ്കില്‍ യുദ്ധശേഷം അമ്പത് ലക്ഷം സ്ത്രീകള്‍ അധികമായി ഭവിച്ചിട്ടുണ്ടാകുമെന്നര്‍ത്ഥം. ഭര്‍ത്താക്കന്മാരെ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജപ്പാനിലെയും ജര്‍മനിയിലെയും സ്ത്രീകള്‍ പ്രകടനം നടത്തി. അവരുടെ  വീടുകള്‍ക്കു മുമ്പില്‍ ‘ഒരു സായാഹ്‌ന അതിഥിയെ ആവശ്യമുണ്ട് (wanted an evening guest)  എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് ജര്‍മനിയുടെ മാത്രം അവസ്ഥയല്ല. യുദ്ധം കഴിഞ്ഞാല്‍ ഏതു സമൂഹത്തിലുമുണ്ടാവുന്ന സ്വാഭാവികമായ സ്ഥിതിവിശേഷമാണ്.

സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ വര്‍ധിക്കുമ്പോള്‍ മൂന്നു പ്രതിവിധികളാണ് സമൂഹത്തിന് സ്വീകരിക്കുവാന്‍ കഴിയുക.

  1. ഓരോ പുരുഷനും ഓരോ സ്ത്രീയെ മാത്രം വിവാഹം ചെയ്യുക. ബാക്കിയുള്ള സ്ത്രീകള്‍ ലൈംഗികതൃഷ്ണ ഒതുക്കിക്കൊണ്ട് ജീവിക്കുക.
  2. ഓരോ പുരുഷനും ഓരോ സ്ത്രീയെ വിവാഹം ചെയ്യുക. ബാക്കിയുള്ള സ്ത്രീകള്‍ വ്യഭിചാരത്തിലേര്‍പ്പെടുക.
  3. പ്രാപ്തരും ഭാര്യമാരോട് നീതിയില്‍ വര്‍ത്തിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നവരുമായ പുരുഷന്മാര്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുക.

ഈ മൂന്നു പരിഹാരങ്ങളില്‍ ഏതാണ് മാനവികം? വിവാഹത്തിന് കഴിയാത്ത സ്ത്രീകളെ പരിഗണിക്കുമ്പോള്‍  ഒന്നാമത്തെ പ്രതിവിധി ക്രൂരവും പ്രകൃതിവിരുദ്ധവുമാണ്. രണ്ടാമത്തെ പ്രതിവിധിയാകട്ടെ ധാര്‍മിക വ്യവസ്ഥയെ തകര്‍ക്കുന്നതിലൂടെ സമൂഹത്തെ നശിപ്പിക്കാന്‍ പോന്നതാണ്. മൂന്നാമത്തെ പ്രതിവിധിതന്നെയാണ് സദാചാരനിഷ്ഠമായ സമൂഹത്തിന്റെ നിലനില്‍പ് കാംക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കുക. അതുകൊണ്ടാണല്ലോ 1948- ല്‍ മ്യൂണിക്കില്‍ സമ്മേളിച്ച ലോകയുവജനസംഘടന ജര്‍മനിയുടെ പ്രശ്‌നത്തിന് പരിഹാരമായി ബഹുഭാര്യത്വം നിര്‍ദേശിച്ചത്. ഇസ്‌ലാം നിര്‍ദേശിക്കുന്ന പരിഹാരവും ഇതുതന്നെ. ഒരു പരിഹാരം, ലോക യുവജനസംഘടന നിര്‍ദേശിക്കുമ്പോള്‍ മാനവികവും ഇസ്‌ലാം നിര്‍ദേശിക്കുമ്പോള്‍ അപരിഷ്‌കൃതവുമാകുന്നതെങ്ങനെയാണ്?

ഇത്തരമൊരു പ്രതിസന്ധിക്ക്, പരിശുദ്ധാത്മാവ് സകലസത്യത്തിലും വഴി നടത്തുന്നുവെന്ന് വിശ്വസിക്കുന്ന ക്രൈസ്തവസഭക്ക് നിര്‍ദേശിക്കുവാന്‍ കഴിയുന്ന പ്രതിവിധിയെന്താണ്? അധികം വരുന്ന സ്ത്രീകളെ എന്തു ചെയ്യണമെന്നാണ് അവര്‍ക്ക് പറയാനുള്ളത്? അവരെയെല്ലാം കര്‍ത്താവിന്റെ മണവാട്ടികളാണെന്ന മിഥ്യാബോധത്തില്‍ കുരുക്കി കന്യാസ്ത്രീകളാക്കാമെന്ന് സഭ കരുതുന്നുവോ? അതല്ല, ധാര്‍മികതയുടെ അതിരുകള്‍ അതിലംഘിച്ച് വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുവാന്‍ സഭ അവര്‍ക്ക് കൂട്ടുനില്‍ക്കുമോ? സത്യത്തില്‍, ഏകഭാര്യാവ്രതമാണ് തങ്ങളുടെ മതത്തിന്റെ അനുശാസനയെന്ന് വീരവാദം മുഴക്കുന്നവരുടെ കൈയില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്ന സാമൂഹികസാഹചര്യത്തില്‍ സ്വീകരിക്കേണ്ടത് എന്തു നിലപാടാണെന്നതിനെക്കുറിച്ച യാതൊരു ധാരണയുമില്ലെന്നതാണ് യാഥാര്‍ഥ്യം.

ബഹുഭാര്യത്വത്തെ അപരിഷ്‌കൃതമായി കാണുന്ന യുക്തിവാദികളുടെ കൈയില്‍ ഈ സാമൂഹിക സാഹചര്യത്തിനുള്ള പരിഹാരം വ്യഭിചാരമാണ്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടുള്ള വ്യഭിചാരം! ബര്‍ട്രാന്‍ഡ് റസ്സല്‍ എഴുതുന്നു:

‘മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ സാമ്പത്തിക കാരണങ്ങളാല്‍ പുരുഷന്മാരില്‍ മിക്കവരും നേരത്തേ വിവാഹിതരാവുന്നത് അസാധ്യമായി കരുതുകയും അതേസമയം സ്ത്രീകളില്‍ കുറേപേര്‍ക്ക് വിവാഹിതരാവാന്‍തന്നെ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള തുല്യാവകാശം സ്ത്രീകളുടെ ചാരിത്ര്യത്തെ സംബന്ധിച്ച പരമ്പരാഗത സങ്കല്‍പത്തില്‍ ഒരു മാറ്റം ആവശ്യപ്പെടുന്നു.  ലൈംഗികബന്ധം അനുവദിക്കപ്പെടുന്നുവെങ്കില്‍ (സത്യത്തില്‍ അത് നിലനില്‍ക്കുന്നുണ്ട്) സ്ത്രീകള്‍ക്കും അത് അനുവദിക്കപ്പെടണം. സ്ത്രീകള്‍ മിച്ചം വരുന്ന  നാടുകളില്‍ അവിവാഹിതരായി കഴിയുന്ന സ്ത്രീകളെയെല്ലാം ലൈംഗികാനുഭൂതിയില്‍നിന്ന് ഒഴിച്ചുനിര്‍ത്തുന്നത് വ്യക്തമായ അനീതിയാണ്. വനിതാ പ്രസ്ഥാനങ്ങളുടെ ആദ്യകാല വക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവരുടെ ആധുനികരായ അനുയായികള്‍ ഇവ വ്യക്തമായി നോക്കിക്കാണുന്നുണ്ട്. ഈ അഭിപ്രായങ്ങളെ അനുകൂലിക്കാത്തവര്‍ സ്ത്രീ ലൈംഗികതയോട് നീതി ചെയ്യുന്നതിന് എതിരാണെന്ന് പറയേണ്ടിവരും (Marriage and morals, Page 59)

സ്വതന്ത്ര ലൈംഗികത അനുവദിക്കപ്പെടുന്ന സമൂഹത്തില്‍ സന്താനോല്‍പാദനം വിവാഹവൃത്തിയില്‍ മാത്രം ഒതുക്കണമെന്നും വിവാഹബാഹ്യമായ ലൈംഗികവേഴ്ചകളെല്ലാം ഗര്‍ഭനിരോധന മാര്‍ഗങ്ങളുപയോഗിച്ചുകൊണ്ടുള്ളതായിരിക്കണമെന്നും റസ്സല്‍ നിര്‍ദേശിക്കുന്നുണ്ട്.

സ്ത്രീ-പുരുഷ അനുപാതത്തില്‍ വ്യത്യാസമുണ്ടാവുന്ന സാമൂഹിക സാഹചര്യങ്ങൡ സാധിക്കുന്ന പുരുഷന്മാര്‍ ഒന്നിലധികം സ്ത്രീകളെ ഭാര്യമാരാക്കിവെച്ചുകൊണ്ട് അവര്‍ക്കിടയില്‍ നീതിയോടുകൂടി വര്‍ത്തിക്കണമെന്ന ഖുര്‍ആനിക നിര്‍ദേശമോ അധികം വരുന്ന സ്ത്രീകള്‍ വ്യഭിചാരത്തിലേര്‍പ്പെടണമെന്ന യുക്തിവാദ നിര്‍ദേശമോ ഏതാണ് മാനവികം? സ്ത്രീയോട് നീതി ചെയ്യുന്നത് ഏത് നിര്‍ദേശമാണ്?

അവിഹിതബന്ധം മൂലം സ്ത്രീ ക്രൂരമായി വഞ്ചിക്കപ്പെടുന്നുവെന്നതല്ലേ സത്യം! ഏതു നിമിഷവും അവളെ പുറംതള്ളാം. ഈ ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിനെ-ഒരു ഗര്‍ഭ നിരോധനമാര്‍ഗവും നൂറുശതമാനം കുറ്റമറ്റതല്ലെന്നോര്‍ക്കുക- അതിന്റെ പിതാവിനോട് ചേര്‍ക്കാന്‍ പോലും അവള്‍ക്ക് അവകാശമില്ല. അവളുടെ മാംസളത കുറയുകയും തൊലി ചുളിയുകയും ചെയ്താല്‍ പിന്നെ അവളെ ആരും തിരിഞ്ഞുനോക്കുകയില്ല. അവകാശങ്ങളുള്ള അധികൃതമായ ഭാര്യ എന്ന പദവിയോ വേശ്യ എന്ന പേരോ ഏതാണ് അഭികാമ്യം? ഒന്നാമത്തെതായിരുന്നാലും നാലാമത്തെതായിരുന്നാലും അവകാശങ്ങളുള്ള അധികൃത ഭാര്യ എന്ന പദവിയും പെരുമാറ്റവും ലഭിക്കുവാന്‍ ഏതു സ്ത്രീക്കും അവകാശമുണ്ടെന്നാണ് ഇസ്‌ലാമിന്റെകാഴ്ചപ്പാട്. സപത്‌നിയായി ജീവിച്ച് തന്റെയും സന്താനങ്ങളുടെയും ചെലവുകള്‍ കണക്കുതീര്‍ത്തു വാങ്ങുകയും ഭര്‍ത്താവിന്റെ മരണശേഷം താനും കുട്ടികളും സ്വത്തില്‍  അവകാശികളുമായിത്തീരുകയും ചെയ്യുന്നതോ, ഒരു അവകാശവുമില്ലാതെ വേശ്യയായി ജീവിക്കുകയും അവസാനം നരകിച്ച് സമൂഹത്തിന് ഭാരമായിത്തീരുന്നതോ ഏതാണ് സ്ത്രീക്ക് അഭിമാനകരമായിട്ടുള്ളത്?

രണ്ട്) വിധവകളുടെയും അനാഥകളുടെയും സംരക്ഷണം: വിധവകളെയും അനാഥകളെയും  സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഈ ബാധ്യത യഥോചിതം നിര്‍വഹിക്കുന്നതിന് ബഹുഭാര്യത്വം ചിലപ്പോള്‍ അനിവാര്യമായിത്തീരുമെന്ന് കാണാനാവും. യുദ്ധങ്ങളിലും പൊതുജീവിതത്തിലെ അത്യാഹിതങ്ങളിലുമെല്ലാം കൂടുതല്‍ മരണപ്പെടുന്നത് പുരുഷന്മാരാണല്ലോ. അപ്പോള്‍ വിധവകളും അവരുടെ അനാഥരായ മക്കളും കൂടുതലായുണ്ടാവുകയും അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയായിത്തീരുകയും ചെയ്യുന്നു.

വിധവകളുടെ സംരക്ഷണമെന്നു പറയുമ്പോള്‍ കേവലം ഭക്ഷണസാമഗ്രികളോ പാര്‍പ്പിടമോ നല്‍കിയതുകൊണ്ട് അത് പൂര്‍ത്തിയാവുമെന്ന് പറയാന്‍ വയ്യ. പലപ്പോഴും വിധവകളായിത്തീരുന്നത് യുവതികളായിരിക്കും. അവര്‍ക്ക് ഒന്നോ രണ്ടോ കുട്ടികളുണ്ടെങ്കിലും മജ്ജയും മാംസവുമുള്ള മനുഷ്യരെന്ന നിലക്ക് ലൈംഗിക വികാരവുമുണ്ടാകും. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ലഭിക്കുന്നതുകൊണ്ട് ലൈംഗികതൃഷ്ണ ശമിപ്പിക്കപ്പെടുകയില്ലല്ലോ. അവരെ അങ്ങനെ വിടുന്നത് അസാന്മാര്‍ഗിക വൃത്തികളിലേക്ക്  ചായുന്നതിന് കാരണമാകും. സമൂഹത്തിന്റെ ധാര്‍മികതയെതന്നെ തകര്‍ക്കുന്ന നടപടിയാണത്. അപ്പോള്‍ അവര്‍ പുനര്‍വിവാഹം ചെയ്യപ്പെടണം. അതാണ് വിധവകളെ സംരക്ഷിക്കുന്നതിനുള്ള യഥാര്‍ഥ മാര്‍ഗം.

ആരാണ് വിധവകളെ സംരക്ഷിക്കുന്നതിന് സന്നദ്ധരാവുക? വിശേഷിച്ചും ഒന്നോ രണ്ടോ കുഞ്ഞുങ്ങളുള്ള വിധവകളാണെങ്കില്‍ പൊതുവേ പുരുഷന്മാര്‍ ആദ്യഭാര്യമാരായി വിധവകളെ സ്വീകരിക്കാന്‍ മടിക്കും. ഈ മടി പ്രകൃതിപരമായതിനാല്‍ അവര്‍ അക്കാര്യത്തില്‍ വിമര്‍ശിക്കപ്പെടുന്നത് നീതിയല്ല. ഇവിടെയാണ് ബഹുഭാര്യത്വം വിധവകളുടെ സംരക്ഷണത്തിനെത്തുന്നത്. ഒരു പുരുഷന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയായിത്തീരാന്‍ അവള്‍ സന്നദ്ധയാണെങ്കില്‍ മാനുഷികമായ എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ അവള്‍ക്ക് സാധിക്കും.

അനാഥകള്‍ക്കും അമ്മയുടെ രണ്ടാം വിവാഹം ആശ്വാസവും സംരക്ഷണവുമാണ് നല്‍കുക. അനാഥാലയങ്ങളില്‍ എന്തൊക്കെ സൗകര്യങ്ങളുണ്ടായാലും ഒരു കുടുംബത്തിന്റെ സാഹചര്യമുണ്ടാവുകയില്ലല്ലോ. ചെറുപ്പത്തില്‍തന്നെ അമ്മയില്‍നിന്നു പറിച്ചെടുക്കപ്പെട്ട് അനാഥാലയത്തില്‍ അയക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മനോനിലയെ അത് കുറച്ചൊന്നുമല്ല ബാധിക്കുക. അമ്മയുടെ മടിയില്‍ വളരേണ്ട കാലത്ത് അവര്‍ അവിടെതന്നെ വളരണം. ഒരു കുടുംബാന്തരീക്ഷത്തില്‍തന്നെ ജീവിക്കുവാന്‍ അവര്‍ക്ക് അവസരം ലഭിക്കണം. ഇതിനുള്ള അവസരമൊരുക്കാന്‍ വിധവയുടെ രണ്ടാം വിവാഹത്തിന് സാധിക്കുന്നു. ധാര്‍മികബോധവും മതനിഷ്ഠയുമുള്ളയാളാണ് അമ്മയുടെ പുതിയ ഭര്‍ത്താവെങ്കില്‍ പിതാവിന്‍േറതിന് തുല്യമായ പെരുമാറ്റവും സംതൃപ്തമായ കുടുംബാന്തരീക്ഷവും ആ അനാഥകള്‍ക്ക് ലഭിക്കുന്നു. അനാഥാലയത്തിലെ ജീവിതത്തെക്കാള്‍ എത്രയോ ഉത്തമമാണ് ഇതെന്നുള്ളതാണ് സത്യം.

വിധവകള്‍ക്ക് നിത്യദുഃഖമാണ് പല മതങ്ങളും നിഷ്‌കര്‍ഷിക്കുന്നത്. മനുസ്മൃതിയുടെ വിധി നോക്കുക.

ആ സീതാ മരണാല്‍ക്ഷാന്താ നിയതാ ബ്രഹ്മചാരിണീ

യോ ധര്‍മ്മ ഏക പത്‌നി നാം കാംക്ഷന്തി നമനുത്തമം (5:158)

(ഭര്‍ത്താവു മരിച്ചശേഷം സ്ത്രീ ജീവാവസാനം വരെ സഹനശീലയാ യും പരിശുദ്ധയായും ബ്രഹ്മധ്യാനമുള്ളവളായും മദ്യ-മാംസഭക്ഷണം ചെയ്യാത്തവളായും ഉല്‍കൃഷ്ടയായ പതിവ്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു)

ഇത്തരം നിയമങ്ങളില്‍നിന്നാണ് കാലക്രമേണ ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയും മരിക്കണമെന്ന സതി സമ്പ്രദായം ഉടലെടുത്തത്. ഇസ്‌ലാമാകട്ടെ വിധവകളുടെ പ്രശ്‌നങ്ങളെ തൊട്ടറിയുകയും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ബഹുഭാര്യത്വം വഴി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ക്ക് നടുവില്‍നിന്ന് കണ്ണടച്ച് ഇരുട്ടാക്കുവാന്‍ അത് ആരോടും ആവശ്യപ്പെടുന്നില്ല. അത്തരം അവസരങ്ങളില്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുവാന്‍ അത് അനുവാദം നല്‍കുന്നു. വിധവകളുടെയും അനാഥകളുടെയും സംരക്ഷണത്തിനുതകുന്ന തികച്ചും മാനവികമായ ഒരു സംവിധാനമാണത്. അതുകൊണ്ടുതന്നെ ഇത്തരം ഒട്ടനവധി അവസരങ്ങളില്‍ ബഹുഭാര്യത്വം സ്ത്രീയുടെ സംരക്ഷണത്തിനെത്തുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

ബഹുഭാര്യത്വമനുവദിക്കുന്നതിലൂടെ ഇസ്‌ലാം സ്ത്രീകളെ തരംതാഴ്ത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന വസ്തുതയാണിവിടെ വ്യക്തമാവുന്നത്. സദാചാരനിഷ്ഠമായ ഒരു സാമൂഹിക സംവിധാനം കാംക്ഷിക്കുന്നവര്‍ക്കൊന്നുംതന്നെ ബഹുഭാര്യത്വത്തെ അപ്പടി അധിക്ഷേപിക്കുവാന്‍ കഴിയില്ല.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ