സ്ത്രീയെ ലൈംഗികോപകരണം മാത്രമായാണോ ഇസ്‌ലാം കാണുന്നത്?

/സ്ത്രീയെ ലൈംഗികോപകരണം മാത്രമായാണോ ഇസ്‌ലാം കാണുന്നത്?
/സ്ത്രീയെ ലൈംഗികോപകരണം മാത്രമായാണോ ഇസ്‌ലാം കാണുന്നത്?

സ്ത്രീയെ ലൈംഗികോപകരണം മാത്രമായാണോ ഇസ്‌ലാം കാണുന്നത്?

ഇസ്‌ലാം സ്ത്രീയെ ലൈംഗികജീവിയായി ആപതിപ്പിച്ചുവെന്നും അതുകൊണ്ടാണ് ഇസ്‌ലാം ബഹുവഭാര്യത്വം പോലെയുള്ള കാര്യങ്ങൾ അനുവദിച്ചന്നതെന്നുമാണ് ആരോപണം. അവളുടെ വ്യക്തിത്വത്തിന്റെ പ്രകാശനത്തിന് പറ്റുന്ന കാര്യങ്ങളൊന്നും ഇസ്‌ലാം അനുവദിച്ചിട്ടില്ലെന്നും ഇസ്‌ലാം ഈ രംഗത്ത് സ്ത്രീയെ തീരെ പരിഗണിച്ചിട്ടില്ലെന്നും ആരോപിക്കപ്പെടുന്നു.

സ്ത്രീയും പുരുഷനും ലൈംഗികജീവികളാണെന്ന് സമര്‍ഥിക്കാന്‍ വേണ്ടി തന്റെ ആയുസ്സ് മുഴുവനും ചെലവഴിച്ച ഫ്രോയിഡിനെ അംഗീകരിക്കുകയും ആദരിക്കുകയും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് ശരി എന്നു വാദിക്കുകയും ചെയ്യുന്നവര്‍ സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മാത്രമെന്തുകൊണ്ടാണ് ഏകപക്ഷീയമായ നിലപാടെടുക്കുന്നത്? ലൈംഗികജീവിയെന്നതിന് ലൈംഗികത മാത്രം കഴിയുന്ന ഒരാള്‍ എന്ന അര്‍ഥം ഫ്രോയിഡ് കൊടുത്തിട്ടില്ല. സെക്‌സിനുള്ള ഒരുപകരണം മാത്രമാണ് സ്ത്രീയെന്ന് ഇസ്‌ലാമും പറഞ്ഞിട്ടില്ല. മനുഷ്യന്റെ നാഗരിക മുന്നേറ്റങ്ങള്‍ക്കെല്ലാമുള്ള അടിത്തറയായി വര്‍ത്തിച്ചത് ലൈംഗികതയെ പ്രത്യുല്‍പാദനത്തിനപ്പുറത്ത് തൃപ്തിക്കുവേണ്ടിയും സ്‌നേഹത്തിനുവേണ്ടിയുമുള്ള ഏര്‍പ്പാടാക്കി മനുഷ്യന്‍ പരിണമിപ്പിച്ചതാണ് എന്നാണ് ഫ്രോയിഡ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ശരിതെറ്റുകള്‍ ഇപ്പോള്‍ നമ്മുടെ വിഷയമല്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. മനുഷ്യന്റെ വൈയക്തികവും കുടുംബപരവും സാമൂഹികവുമായ സ്വാസ്ഥ്യത്തിന് ലൈംഗികത അനിവാര്യമാണ് എന്നുള്ള സത്യം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

മനുഷ്യരുടെ സ്വാസ്ഥ്യവും സമാധാനവും ലൈംഗിക സംതൃപ്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ലൈംഗിക സംതൃപ്തി മനുഷ്യന് അനിവാര്യമാണ്. ആ തൃഷ്ണ പൂര്‍ത്തീകരിക്കപ്പെടണം. പൂര്‍ത്തീകരിക്കപ്പെടേണ്ട ലൈംഗികതയില്‍ പുരുഷന് അവന്റെ പങ്കുണ്ട്, സ്ത്രീക്ക് അവളുടെ പങ്കുണ്ട്. സ്ത്രീയുടെ ലൈംഗികചോദനവും ലൈംഗികതലവും ലൈംഗികമായ ആസ്വാദനവും പുരുഷന്റേതില്‍ നിന്ന്് വ്യത്യസ്തമാണ്. പുരുഷന്റേത് സ്ത്രീയില്‍ നിന്നും വ്യത്യസ്തമാണ്. എന്നാല്‍ ഇവ തമ്മില്‍ ഒരു പാരസ്പര്യം നില നില്‍ക്കുന്നുമുണ്ട്. ഇത് വളരെ കൃത്യമായി മനസ്സിലാക്കാന്‍ ആള്‍ഫ്രഡ് കിന്‍സെയുടെ റിപ്പാര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മതി. അതില്‍ Sexual behaviour in the human male എന്നും  Sexual behaviour in the human female എന്നും രണ്ടായി തന്നെ തരംതിരിക്കുന്നുണ്ട്. മനുഷ്യന്റെ സ്വാസ്ഥ്യത്തിനും അവന്റെ നിലനില്‍പ്പിനും അവന്റെ പുരോഗതിക്കും അവന്റെ അസ്തിത്വത്തിന് തന്നെയും അനിവാര്യമായ ലൈംഗികയുടെ അതിന്റെ തൃപ്തമായ പൂര്‍ത്തീകരണത്തില്‍ പുരുഷന് അവന്റെ പങ്കുണ്ട്, സ്ത്രീക്ക് അവളുടെ പങ്കുണ്ട്. ആ പങ്കു നിര്‍വഹിക്കുവാന്‍ പറ്റിയ രൂപത്തിലാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്; പുരുഷനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അവന്റെ പങ്ക് നിര്‍വഹിക്കുവാന്‍പറ്റിയ രൂപത്തില്‍ തന്നെ. സ്ത്രീക്ക് പ്രത്യുല്‍പാദനത്തില്‍ കൂടുതല്‍ പങ്കുണ്ട് എന്നതിനാല്‍ ആ പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട് പ്രയാസങ്ങള്‍ സഹിക്കേണ്ടതും ബാധ്യതകളുള്ളതും  പ്രശ്‌നങ്ങളുള്ളതും അബലതകള്‍ കടന്നുവരുന്നതും സ്ത്രീക്കാണ്. അതിനാല്‍ സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷന്റെ ഉത്തരവാദിത്തമാണെന്ന് ഇസ്‌ലാം പറഞ്ഞുവെന്ന് മാത്രമേയുള്ളു.

വിവാഹം കുടുംബമെന്ന സ്ഥാപനത്തിലേക്കുള്ള പ്രവേശനമാണ്. ലൈംഗിക സംപൂര്‍ത്തീകരണം രണ്ടുപേര്‍ക്കും ആവശ്യമാണ്. രണ്ടുപേരുടെയും വ്യക്തിപരമായ സ്വാസ്ഥ്യത്തിന് അത് അനിവാര്യമാണ്;  കുടുംബത്തിലെ സമാധാനത്തിന് അനിവാര്യമാണ്; സാമൂഹികമായ നന്മകള്‍ക്കും അനിവാര്യമാണ്. ഫ്രോയിഡിന്റെ പഠനങ്ങളെടുത്ത് നോക്കിയാല്‍ രസകരമായ ചില കാര്യങ്ങള്‍ നമ്മളറിയും. സാമൂഹ്യദ്രോഹികളായി അറിയപ്പെടുന്ന ആളുകളുടെ മനോവിശ്ലേഷണത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം ഇവയുടെയെല്ലാം അടിസ്ഥാനകാരണം അതൃപ്തമായ ലൈംഗികതയാണെന്നാണ്. അപ്പോള്‍ സമൂഹത്തിന്റെ സ്വാസ്ഥ്യത്തിന് സംതൃപ്ത ലൈംഗികത ആവശ്യമാണ്. അതിന് സ്ത്രീ ആവശ്യമാണ്; അവിടെ പുരുഷനും ആവശ്യമാണ്. അവിടെ രണ്ടു കൂട്ടര്‍ക്കും അവരുടേതായ റോളുകളുണ്ട്. പാരസ്പര്യത്തിന് അനിവാര്യമായ നിയമങ്ങള്‍ ആവശ്യമായി വരുന്നത് ഇവിടെയാണ്.
പെണ്ണിന്റെയും ആണിന്റെയും ലൈംഗികതകൾ വ്യത്യസ്തമാണ്. ഇവയുടെ പാരസ്പര്യത്തെക്കുറിച്ച് പഠിക്കാന്‍ മാസ്‌റ്റേഴ്‌സിനും ജോണ്‍സണും സ്വന്തത്തെ തന്നെ സമര്‍പ്പിക്കേണ്ടി വന്നു. ഭാര്യഭര്‍ത്താന്മാരായ അവരുടെ ലൈംഗിക ചോദനയെക്കുറിച്ച്, അവരുടെ ലൈംഗികസ്വഭാവങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണവര്‍ പുറത്ത് വിട്ടത്. സ്ത്രീയുടെ ലൈംഗികതയെക്കുറിച്ചോ, അവളുടെ ലൈംഗികമായ  അസ്തിത്വത്തെക്കുറിച്ചോ പൂര്‍ണമായി അവള്‍ക്ക് തന്നെ പൂർണമായും അറിയില്ലെന്നാണ് അവരുടെ പഠനങ്ങൾ വ്യക്തമാക്കിയത്. . പുരുഷന്റേതും അങ്ങനെത്തന്നെ. അവന്റെ സാധ്യതകളെന്തൊക്കെയെന്നും, അവളുടെ സാധ്യതകളെന്തൊക്കെയെന്നും കൃത്യവും വ്യക്തമായി അവര്‍ക്കറിയില്ല. ആ സാധ്യതകളെ മുഴുവനും പൂര്‍ണമായി പ്രകാശിപ്പിക്കാന്‍ കഴിയുന്ന രൂപത്തിലുള്ളതാകണം അവരുടെ പാരസ്പര്യവുമായി ബന്ധപ്പെടുന്ന നിയമങ്ങള്‍. പുരുഷന് വേണ്ടി സ്ത്രീ നിയമമുണ്ടാക്കിയാലും സ്ത്രീക്ക് വേണ്ടി പുരുഷന്‍ നിയമമുണ്ടാക്കിയാലും അവ മാനവികമാകുകയില്ല. രണ്ടിനും അപ്രായോഗികതയുണ്ടാകും. സ്ത്രീക്ക് വേണ്ടി സ്ത്രീ നിയമമുണ്ടാക്കിയാലും തഥൈവ. അതിന് പുരുഷപ്രകൃതിയെ ഉള്‍ക്കൊള്ളാനാവാതെ അത് ഒറ്റപ്പെട്ടുപോകും. പുരുഷന് വേണ്ടി പുരുഷന്‍ നിയമമുണ്ടാക്കിയാലും അങ്ങനെത്തന്നെയാണുണ്ടാവുക.
ഇവിടെയാണ് രണ്ടുപേരെയും കൃത്യമായി അറിയാവുന്ന പടച്ചവന്റെ നിയമങ്ങള്‍ പ്രസക്തമാകുന്നത്. ആ നിയമത്തിന് മാത്രമെ സ്തീപുരുഷ പാരസ്പര്യത്തെ പ്രകാശമാനമാക്കാനാവൂ; രണ്ടു പേര്‍ക്കും പൂര്‍ണാര്‍ഥത്തിലുള്ള ആസ്വാദനം നല്‍കൂ; പടച്ചവന്റെ നിയമത്തില്‍ സ്ത്രീക്ക് കൊടുത്ത സ്ഥാനമല്ല പുരുഷന് കൊടുത്തിരിക്കുന്നത്. ആ സ്ഥാനങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. അതിനെ കേവലം വിമര്‍ശനാത്മകമായി കണ്ട് പ്രാകൃതവല്‍ക്കരിക്കാന്‍ വേണ്ടി ശ്രമിക്കുമ്പോഴാണ് കുഴപ്പം.

ലൈംഗികതയുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങളുടെ അടിത്തറ അവരുടെ പാരസ്പര്യത്തിലാണ് ഊന്നുന്നത്. ലൈംഗികത അനിവാര്യമാണ് രണ്ടു കൂട്ടര്‍ക്കും. ആ ലൈംഗികപൂര്‍ത്തീകരണത്തിന്റെ ഓരോ രംഗത്തും പെണ്ണ് സംരക്ഷിക്കപ്പെടണം. എന്തുകൊണ്ട്? പെണ്ണിന് മറ്റൊരു വലിയ ദൗത്യം ഏറ്റെടുക്കാനുണ്ട്; മാതാവാകുകയെന്ന ദൗത്യം. അതുകൊണ്ടാണ് വിവാഹത്തിന്റെ സമയത്ത് പെണ്ണിന് മഹര്‍ കൊടുക്കണമെന്ന് ഇസ്‌ലാം പ്രത്യേകമായി പറഞ്ഞത്. രണ്ടുകൂട്ടര്‍ക്കും ലൈംഗികത ആവശ്യമാണെങ്കില്‍  പിന്നെ  പെണ്ണിന് പുരുഷന്‍ ധനം കൊടുക്കണമെന്ന നിയമം എന്തുകൊണ്ടുണ്ടാകുന്നു; രണ്ട് പേര്‍ക്കും ആവശ്യമുള്ള വിവാഹത്തില്‍ പെണ്ണിന് ധനം ആവശ്യപ്പെടാനുള്ള അവകാശം എന്തുകൊണ്ടുണ്ടാകുന്നു? ലൈംഗികത വഴി ജൈവികമായ നഷ്ടങ്ങളുണ്ടാകുന്നത് പെണ്ണിനാണ്. അവളുടെ കൂടുതല്‍ സമര്‍പ്പണം ആവശ്യമുണ്ടവിടെ. കുടുംബമെന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിന്ന് പെണ്ണിന്റെ സമര്‍പ്പണം കൂടുതലാവശ്യമുണ്ട്. സ്ഥാപനത്തിന്റെ നിലനില്‍പിന്ന് അനിവാര്യമാണ് വിവാഹം; അത് സ്ത്രീ ശാക്തീകരണത്തിനെതിരല്ല.  മറിച്ച്, പെണ്ണ് വിചാരിച്ചാലേ ഗര്‍ഭിണിയാകാന്‍ കഴിയൂ. പെണ്ണ് വിചാരിച്ചാലേ പ്രസവിക്കാന്‍ കഴിയൂ. പെണ്ണിനേ മുലയൂട്ടാന്‍ കഴിയൂ. പെണ്ണിനേ കുട്ടികള്‍ക്ക് ചെറിയ പ്രായത്തിലുള്ള മാനസികവികാസത്തിനാവശ്യമായ ഗൃഹാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയൂ. ഇതെല്ലാം പുരുഷനാവശ്യമാണ്; സ്ത്രീക്ക് ആവശ്യമാണ്; അടുത്ത തലമുറക്കാവശ്യമാണ്; സമൂഹത്തിനാവശ്യമാണ്; കുടുംബത്തിന്റെ സ്വാസ്ഥ്യത്തിന് ആവശ്യമായ മാതൃത്വമെന്ന കടമ അവള്‍ നിര്‍വഹിക്കുമ്പോള്‍ പുരുഷന്‍ അവള്‍ക്ക് താങ്ങാകണം. അവളെ ഒരു സാമ്പത്തിക ജീവിയായി കണ്ടുകൂടാ. സാമ്പത്തികസ്രോതസ്സ് അവളല്ല. അത് പുരുഷനായിത്തീരണം. അതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

ലൈംഗികത പൂര്‍ത്തീകരിക്കപ്പെടേണ്ട  അനിവാര്യമായ വികാരണമാണെന്ന് തന്നെയാണ് ഇസ്‌ലാമിന്റെ വീക്ഷണം.  സ്ത്രീയെയും പുരുഷനെയും  ആ വികാരം നിലനില്‍ക്കുന്ന ജീവികളായി കാണണം. പ്രസ്തുത വികാരത്തിന്റെ പൂര്‍ത്തീകരണം വിവാഹത്തിലൂടെ നടക്കണം. കുടുംബജീവിതത്തിന്റെ ഓരോ രംഗത്തും അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും കൃത്യമായി പഠിപ്പിക്കുന്നുണ്ട് ഇസ്‌ലാം. അതല്ലാതെ സ്ത്രീ വിരോധമോ പുരുഷ വിരോധമോ ഇസ്‌ലാമിക നിയമങ്ങളിലില്ല. ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും അങ്ങനെ തന്നെ. സ്ത്രീയുടെ ഏതെങ്കിലും ഒരവകാശം അതുവഴി നിഷേധിക്കപ്പെടുന്നില്ല. അതേസമയം ബഹുഭാര്യത്വം നിരോധിക്കുകയും ഒപ്പം തന്നെ ധാര്‍മികജീവിതം നിര്‍ബന്ധിക്കുകയും ചെയ്യുന്നത് പുരുഷന്റെ അടിസ്ഥാനപരമായ പ്രകൃതി ചിലയാളുകള്‍ക്കെങ്കിലും അടിച്ചമര്‍ത്തേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നു. ആ രംഗത്തെ പ്രഗല്‍ഭരായ ആളുകളുടെ പഠനമാണിത്. ഇവിടെ ഇസ്‌ലാമിക നിയമം പെണ്ണിനെ പരിഗണിക്കുന്നു. അവളുടെ അവസ്ഥകള്‍ പൂര്‍ണമായും മനസ്സിലാക്കുന്നു. അവളെ അടിച്ചമര്‍ത്തുവാനോ പ്രയാസപ്പെടുത്താനോ ഇസ്‌ലാം ഉദ്ദേശിക്കുന്നില്ല. ഇസ്‌ലാമിലെ നിയമങ്ങള്‍ അവളോട് യാതൊരുവിധ അനീതിയും ചെയ്യുന്നില്ല.

print