സാമൂഹ്യ പരിഷ്കരണത്തിന്റെ നബിമാതൃക -2

//സാമൂഹ്യ പരിഷ്കരണത്തിന്റെ നബിമാതൃക -2
//സാമൂഹ്യ പരിഷ്കരണത്തിന്റെ നബിമാതൃക -2
ലീഡർഷിപ്പ്‌

സാമൂഹ്യ പരിഷ്കരണത്തിന്റെ നബിമാതൃക -2

2. സ്ഫടിക സമാനമായ വിശുദ്ധിയുള്ള ജീവിതം

മറ്റുള്ള പ്രത്യയശാസ്ത്രങ്ങളിൽനിന്ന് മുഹമ്മദ്(സ)യുടെ പ്രബോധന പ്രവർത്തനത്തെ വ്യതിരിക്തമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് അദ്ദേഹത്തിൻറെ തെളിമയാർന്ന ജീവിതം. സാമൂഹ്യ പരിഷ്കർത്താക്കളെക്കുറിച്ച് നാം സംസാരിക്കുമ്പോൾ പലപ്പോഴും അവരുടെ ആശയങ്ങളും വീക്ഷണങ്ങളും ഗ്രന്ഥങ്ങളുമാണ് നമ്മുടെ ചർച്ചയിൽ വരാറുള്ളത്. മാർക്സിന്റെ ഗ്രന്ഥങ്ങളെ കുറിച്ച് നാം ഘോരഘോരം പ്രസംഗിക്കുന്നു, മിഷേൽ ഫൂക്കോയുടെ വീക്ഷണങ്ങളെ കുറിച്ച് നാം തൊണ്ടകീറുന്നു, സാർത്രിന്റെ പ്രബന്ധങ്ങളെ കുറിച്ച് നാം വാചാലരാകുന്നു. അതേസമയം ബുദ്ധിജീവികളുടെ വ്യക്തിജീവിതത്തിലേക്ക് നാം പ്രവേശിക്കാറില്ല. എന്നാൽ ബൗദ്ധികമായി അവരുടെ അടുത്തുപോലും എത്താത്ത ഒരു സാധാരണക്കാരൻ കാത്തുസൂക്ഷിക്കുന്ന ജീവിതവിശുദ്ധി പോലും വലിയ ദർശനങ്ങളുടെ നിർമ്മാതാക്കൾക്ക് ഇല്ല എന്നാണ് വാസ്തവം. പ്രമുഖ ചരിത്രകാരനും പത്രപ്രവർത്തകനുമായ പോൾ ജോൺസൺ എഴുതിയ ‘ഇന്റലെക്ച്വൽസ്'(Intellectuals) എന്നൊരു പുസ്തകമുണ്ട്. മാർക്സും ഫൂക്കോയും സാർത്രുമടങ്ങുന്ന ദാർശനികരുടെ ജീവിതം ഇഴകീറി പരിശോധിക്കുന്ന പുസ്തകമാണത്. ആ പുസ്തകത്തിൽ പോൾ ജോൺസൺ ഇവരുടെയെല്ലാം ജീവിതം അനാവരണം ചെയ്യുമ്പോൾ നാം ഏറ്റിക്കൊണ്ട് നടക്കുന്ന പല ബുദ്ധിജീവികളുടെയും മൂടുപടം അഴിഞ്ഞുവീഴുന്നത് നമുക്ക് കാണാം.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരും, അതിരുവിട്ട ലൈംഗിക വൈകൃതങ്ങളിൽ ഏർപ്പെടുന്നവരും, അമ്മയടക്കമുള്ള ഏറ്റവും അടുത്ത ബന്ധുക്കളോട് പോലും വൃത്തികെട്ട രൂപത്തിൽ പെരുമാറുന്നവരും, പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചവരുമൊക്കെ ആയിട്ടാണ് പല ദാർശനികരുടെയും ജീവിതം അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവിടെ നാം റസൂൽ(സ)യുടെ ജീവിതത്തിലേക്ക് വരിക. അവിടുത്തെ വാക്കും പ്രവർത്തിയും, അകവും പുറവും, ജീവിതവും ആദർശവും തമ്മിൽ എന്തെങ്കിലും ഒരു വൈരുദ്ധ്യമുണ്ടെന്ന് കടുത്ത ഇസ്‌ലാം വിമർശകർക്കുപോലും പറയാൻ കഴിയില്ല. മുഹമ്മദ് നബിയുടെ ജീവിതത്തെ വിമർശിക്കുന്ന സകല ഇസ്‌ലാം വിമർശകരോടും അവരുടെയെല്ലാം പ്രത്യയശാസ്ത്രത്തിന്റെ ഊർജ്ജസ്രോതസ്സായി വിലയിരുത്തപ്പെടുന്ന മഹാ ബുദ്ധിജീവികളിൽ ആരുടെയെങ്കിലും ജീവിതത്തെ ലോകത്തിനുമുന്നിൽ തുറന്നുവെച്ച് ‘പറഞ്ഞത് മാത്രമേ അവർ പ്രവർത്തിച്ചിട്ടുള്ളൂവെന്ന്’ പ്രഖ്യാപിക്കാൻ ആർക്കെങ്കിലും കഴിയുമോ?

“തീർച്ചയായും നിങ്ങൾക്ക് പ്രവാചകനിൽ ഉത്തമമായ മാതൃകയുണ്ട്.”(14) എന്നാണ് വിശുദ്ധ ക്വുർആൻ പറഞ്ഞിട്ടുള്ളത്. ഒരേസമയം ഒമ്പതോളം ഭാര്യമാരുടെ ഭർത്താവും, അതേ സമയം ഒരു രാഷ്ട്രത്തിന്റെ നേതാവും, സത്യവിശ്വാസികളുടെ ഇമാമും, വിദേശ രാഷ്ട്ര പ്രധിനിതികളുമായി കൂടിക്കാഴ്ച നടത്തുന്നയാളും, വ്യത്യസ്ത തലങ്ങളിലുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നയാളും, ഒരു പാട് ശത്രുക്കളുള്ളയാളുമൊക്കെയായ പ്രവാചകനെ നോക്കിയാണ് നിങ്ങൾക്കദ്ദേഹത്തിൽ ഉത്തമ മാതൃകയുണ്ടെന്ന് ക്വുർആൻ പ്രഖ്യാപിക്കുന്നത്. അവിടുത്തെ ജീവിതത്തിന്റെ ഒരു മേഖലയിലും ഒരു പുഴുക്കുത്തു പോലുമില്ലെന്നാണ് ഈ പ്രഖ്യാപനത്തിന്റെ പൊരുൾ. ഗ്രന്ഥകർത്താവും ഓക്സ്ഫോർഡിലെ പ്രൊഫസറും ആയിരുന്ന റവറന്റ് ബോസ്വർത്ത് സ്മിത്ത് എഴുതുന്നു: മൊത്തത്തിൽ നോക്കിയാൽ അൽഭുതം ഇതാണ്, വ്യത്യസ്തങ്ങളായ ഏത് അവസ്ഥകളിലും മുഹമ്മദിന് മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മരുഭൂമിയിലെ ആട്ടിടയൻ എന്ന നിലയിലാകട്ടെ, ഒരു വ്യാപാരി എന്ന നിലയിലാകട്ടെ, ഹിറാഗുഹയുടെ ഏകാന്തതയിലാകട്ടെ, ഒരു പരിഷ്കർത്താവ് എന്ന നിലയിലാകട്ടെ, മദീനയിലേക്കുള്ള പാലായനത്തിലാകട്ടെ, അവസാനം എല്ലാവരാലും അംഗീകരിക്കപ്പെട്ട വിജയശ്രീലാളിതൻ എന്ന നിലയിലാകട്ടെ, പേർഷ്യയിലെ കൈസറിനും, ഗ്രീക്കിലെ ഹെർക്കുലീസിനും തുല്യൻ എന്ന നിലയിലാകട്ടെ ഒരു മാറാത്ത വ്യക്തിത്വത്തെ നമുക്ക് പിന്തുടരാൻ കഴിയും. ബാഹ്യ സാഹചര്യങ്ങൾ എത്രയൊക്കെ മാറിയിട്ടും അവയ്ക്കനുസൃതമായി കാര്യമായൊന്നും മാറാത്ത വേറെ ഏതെങ്കിലും വ്യക്തിത്വം ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.(15)

3. വ്യവസ്ഥിതി മാറ്റത്തിനു പകരം മനസ്ഥിതി മാറ്റത്തിലൂടെയുള്ള സാമൂഹ്യ പരിഷ്കരണം

ലോകത്തെ ഒരുവിധമെല്ലാ ഭൗതിക പ്രത്യയശാസ്ത്രങ്ങളും പൊതുവിൽ സാമൂഹ്യ പരിഷ്കരണത്തിന് രീതിശാസ്ത്രമായി ഉയർത്തിപ്പിടിക്കുന്നത് വ്യവസ്ഥിതി മാറ്റത്തിലൂടെയുള്ള സാമൂഹ്യ പരിവർത്തനമാണ്.
അഥവാ നിലനിൽക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയെ കലാപങ്ങളിലൂടെ അട്ടിമറിച്ച് പുതിയൊരു ഭരണകൂട വ്യവസ്ഥിതി നിലവിൽ വരുത്തിക്കൊണ്ടാണ് മുഖ്യധാരാ ദർശനങ്ങളെല്ലാം സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി പരിശ്രമിച്ചത്. എന്നാൽ റസൂൽ (സ) ഈ രീതിശാസ്ത്രത്തെ ഒരിക്കലും പിന്തുടർന്നില്ല. മക്കയിൽ പതിമൂന്ന് വർഷം എല്ലാ സാഹചര്യങ്ങളും പ്രതികൂലമായിട്ടും, പ്രബോധന സ്വാതന്ത്ര്യം പോലും നിഷേധിച്ചിട്ടും ആ സാമൂഹ്യ വ്യവസ്ഥിതിയെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങളൊന്നും റസൂൽ(സ) നിർവഹിക്കുന്നേയില്ല. ഒരു മനുഷ്യന് സഹിക്കാവുന്നതിലപ്പുറം പീഡനങ്ങൾ അനുഭവിച്ചിട്ടും പ്രവാചകനും അനുചരന്മാരും സായുധവിപ്ലവത്തിലൂടെ മക്കയുടെ സാമൂഹ്യക്രമത്തെ അട്ടിമറിക്കാനുള്ള യാതൊരു പ്രവർത്തിയും നടത്തിയില്ല. അങ്ങനെയുള്ള പരിശ്രമങ്ങൾ അബദ്ധമായിരിക്കും എന്നായിരുന്നു പ്രവാചക നിലപാട്. മറിച്ച് മനുഷ്യർ സംസ്കരിക്കപ്പെടേണ്ടത് അടിസ്ഥാനപരമായി മനസ്സിലൂടെയാണെന്നാണ് അവിടുന്ന് പഠിപ്പിച്ചത്. മനസ്സിനെ സംസ്കരിച്ച് നല്ലൊരു വ്യക്തിയായി, ആ വ്യക്തിയിലൂടെ അദ്ദേഹത്തിൻറെ കുടുംബവും, അങ്ങനെയുള്ള കുടുംബങ്ങളിലൂടെ സമൂഹവും മാറുമെന്നാണ് സാമൂഹ്യ പരിഷ്കരണത്തിന് നബി (സ) തെരഞ്ഞെടുത്ത മുൻഗണനാ ക്രമം. മനസ്ഥിതി മാറ്റത്തിലൂടെയുള്ള വ്യവസ്ഥിതി മാറ്റം. “മതത്തിൻറെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സന്മാർഗ്ഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു”(16) എന്ന ക്വുർആനിന്റെ പ്രഖ്യാപനം ഈ ഒരു രീതി ശാസ്ത്രവുമായിക്കൂടി ബന്ധപ്പെട്ട് വേണം മനസ്സിലാക്കാൻ.

ഭരണകൂടത്തെ അട്ടിമറിച്ചു പുതിയൊരു രാഷ്ട്രീയ വ്യവസ്ഥയുണ്ടാക്കി ആ ഭരണകൂടത്തിന്റെ അധികാരമുപയോഗിച്ച് ആളുകളുടെ മേൽ ആശയം അടിച്ചേൽപ്പിക്കുന്ന രീതി ഇസ്ലാമിന് അന്യമാണ് എന്ന് പ്രവാചക ജീവിതം വായിക്കുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കും. ജനങ്ങൾ കമ്മ്യൂണിസ്റ്റാവാതെ രാഷ്ട്രം കമ്മ്യൂണിസ്റ്റായതാണ് സോവിയറ്റ് റഷ്യയുടെ തകർച്ചയ്ക്ക് കാരണമെന്ന് പല ബുദ്ധിജീവികളും അഭിപ്രായപ്പെടുമ്പോൾ മനസ്ഥിതി മാറ്റത്തിലൂടെയാണ് വ്യവസ്ഥിതി മാറ്റമുണ്ടാകേണ്ടതെന്ന പ്രവാചക നിലപാടിന്റെ അന്തസത്തയാണ് അവിടെ നമുക്ക് കാണാൻ കഴിയുന്നത്.

4. ത്യാഗപൂർണ്ണമായ ജീവിതം

റസൂൽ(സ)യുടെ സാമൂഹ്യപരിഷ്കരണത്തെ വ്യതിരിക്തമാക്കുന്ന നാലാമത്തെ ഘടകം അദ്ദേഹത്തിൻറെ സാമൂഹിക പരിഷ്കരണ ദൗത്യം വിജയിപ്പിക്കുന്നതിന് വേണ്ടി അവിടുന്ന് അനുഭവിച്ച ത്യാഗതീവ്രതയാണ്. നാൽപത് വയസ്സുവരെ മക്കയിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായും വിശ്വസ്തനായും ജീവിച്ച മുഹമ്മദ് (സ) തനിക്ക് ലഭിച്ച ദിവ്യ സന്ദേശം പ്രചരിപ്പിക്കാൻ തുടങ്ങിയ അന്നുമുതൽ പലരാലും വേട്ടയാടപ്പെടാൻ തുടങ്ങി. അന്നുവരെ പ്രിയപ്പെട്ടവരായിരുന്നവർക്ക് പിന്നീടദ്ദേഹം ശത്രുവായി മാറി. സഹനത്തിന്റെ ലേപനം കൊണ്ട് മറക്കാൻ പറ്റാത്ത പീഡനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടിവന്നു. അദ്ദേഹത്തോടുള്ള അക്രമങ്ങൾ അവിടുന്ന് പ്രബോധനം ചെയ്ത ആശയങ്ങൾ സ്വീകരിക്കാത്ത തിരുദൂതന്റെ ബന്ധുക്കൾക്ക് പോലും ഏൽക്കേണ്ടിവന്നു.

മൂന്ന് വർഷത്തെ പ്രവാചകൻ(സ)യുടെ ശി അബു അബീത്വാലിബിലെ ജീവിതം കണ്ണീരോടു കൂടിയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല. പ്രവാചകനും, അനുചരന്മാർക്കും, അദ്ദേഹത്തിന്റെ ആശയങ്ങൾ സ്വീകരിക്കാത്ത എന്നാൽ അദ്ദേഹത്തെ സഹായിക്കുന്ന ബന്ധുക്കൾക്കും ഏർപ്പെടുത്തിയ ആ ഊരുവിലക്ക് ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ദാരിദ്ര്യത്തിന്റെ ആധിക്യം മൂലം അവർക്ക് പച്ചിലകളും തോലുകളുമെല്ലാം ഭക്ഷിക്കേണ്ടി വന്നു. പട്ടിണിയുടെ കാഠിന്യം സഹിക്കവയ്യാതെ പിഞ്ചുമക്കളും സ്ത്രീകളും വാവിട്ടുകരഞ്ഞു. അവരുമായുള്ള എല്ലാ ബന്ധങ്ങളും ആശയവിനിമയങ്ങളും സാധന കൈമാറ്റങ്ങളും വിഛേദിച്ചു.(17)
എന്നാൽ ഈ ക്രൂരതകൾക്ക് മുന്നിലൊന്നും പ്രവാചകൻ പതറിയില്ല. തന്റെ ദൗത്യം അവസാനിപ്പിച്ചില്ല. പ്രലോഭനങ്ങളുടെ വർണ്ണപകിട്ടുകൾക്ക് നടുവിൽ ആദർശത്തെ പണയം വെച്ചില്ല. തനിക്ക് ഈ ലോകത്തുനിന്ന് ഇത് ഉയർത്തിപ്പിടിച്ചതിൻറെ പേരിൽ പ്രത്യേകിച്ച് കാര്യലാഭമൊന്നും ഉണ്ടാവുകയില്ല എന്ന് അറിയാമായിരുന്നിട്ടും ദൈവിക സന്ദേശം എന്ന നിലയിൽ തന്റെ പദ്ധതികളുമായി അദ്ദേഹം മുന്നോട്ടുപോയി. ഇവിടെ സ്വന്തം ദൗത്യത്തോടുള്ള പ്രതിബദ്ധതയിൽ പ്രവാചകൻ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം ഉജ്ജലമായി നിൽക്കുന്നത് നമുക്ക് കാണുവാൻ കഴിയും.

5. പ്രചരിപ്പിച്ച ആശയങ്ങളെ പ്രയോഗവൽക്കരിക്കുന്ന ഒരു സമൂഹമുണ്ടായി

ഭൗതിക സാമൂഹ്യ പരിഷ്കർത്താക്കളുടെയെല്ലാം സ്വപ്നങ്ങൾ പരാജയപ്പെടുകയാണ് ചെയ്തതെന്ന് നമുക്കറിയാം. സ്വകാര്യ സ്വത്തില്ലാത്ത ലോകം എന്ന മാർക്സിന്റെയും ഏംഗൽസിന്റെയും സ്വപ്നം പരിപൂർണമായും പരാജയപ്പെട്ടത് നമ്മുടെ മുമ്പിലുണ്ട്. എന്നാൽ റസൂലിനെ(സ) പരിശോധിക്കുക. അദ്ദേഹം പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് പീഡനങ്ങളുടെയും പ്രയാസങ്ങളുടെയും പ്രതികൂല സാഹചര്യത്തിൽ തളരാതെ പതറാതെ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. അതിന്റെ പരിണിത ഫലമെന്നോണം അദ്ദേഹത്തിന്റെ ആശയങ്ങൾക്കനുസൃതമായ ഒരു വ്യവസ്ഥിതി മദീനയിൽ രൂപം കൊണ്ടു. അങ്ങിനെ ഒരു സമൂഹം കേവലം ഇരുപത്തിമൂന്ന് വർഷങ്ങൾകൊണ്ട് തന്റെ കൺമുന്നിൽ സൃഷ്ടിച്ചുകൊണ്ടാണ് പ്രവാചകൻ ഈ ലോകത്തോട് വിട പറഞ്ഞത്. കേവലം കുറെ ആശയങ്ങൾ പ്രചരിപ്പിച്ചു എന്നതിനപ്പുറം ആ ആശയങ്ങളെ കൃത്യമായി പ്രയോഗവൽക്കരിക്കുന്ന ഒരു സമൂഹം നിലവിൽ വരിക എന്നത് ലോകത്ത് ഒരുപക്ഷെ മറ്റൊരു സാമൂഹ്യ പരിഷ്കർത്താവിനും സാധ്യമാവാത്ത ഒന്നാണ് പ്രവാചകൻ ചുരുങ്ങിയ കാലംകൊണ്ട് രൂപപ്പെടുത്തിയത്.

കേരളത്തെ ആരാധനാലയങ്ങളിലെ പെൺപ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നവോത്ഥാന പ്രസംഗങ്ങൾ കൊണ്ട് മുഖരിതമാക്കുന്ന മാർക്സിസ്റ്റ് – ഇടതുപക്ഷ ബുദ്ധിജീവികൾ സാമൂഹ്യപരിഷ്കരണ രംഗത്തെ മാർക്സിസ മടക്കമുള്ള ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ പരാജയവും സാമൂഹ്യ പരിഷ്കരണത്തിന്റെ നബി മാതൃകയും പഠിക്കുന്നത് നന്നായിരിക്കും.

Reference:

14. ക്വുർആൻ 33:21

15. Muhammad and Muhammadanism – London, 1874

16. ക്വുർആൻ 2:256

17. മുഹമ്മദ് നബി (സ) ജീവചരിത്ര സംഗ്രഹം – ശൈഖ് സ്വഫിയ്യുർറഹ്മാൻ മുബാറക് പൂരി, വിവ. സലീം സുല്ലമി – യുവത ബുക്ഹൗസ് – പേജ് – 136

print

1 Comment

  • സാമൂഹ്യ പരിഷ്കരണത്തിന്റെ പ്രവാചക മാതൃക ഉജ്ജ്വലമാണ്.

    Anshif 11.11.2020

Leave a comment

Your email address will not be published.