സാമൂഹ്യ പരിഷ്കരണത്തിന്റെ നബിമാതൃക -1

//സാമൂഹ്യ പരിഷ്കരണത്തിന്റെ നബിമാതൃക -1
//സാമൂഹ്യ പരിഷ്കരണത്തിന്റെ നബിമാതൃക -1
ലീഡർഷിപ്പ്‌

സാമൂഹ്യ പരിഷ്കരണത്തിന്റെ നബിമാതൃക -1

സാമൂഹ്യശാസ്ത്ര പഠനത്തിലെ അതിപ്രധാനമായ വ്യവഹാരങ്ങളിൽ ഒന്നാണ് പ്രത്യയശാസ്ത്രം. പ്രത്യയശാസ്ത്രത്തിന്റെ ആംഗല സംജ്ഞയായ ഐഡിയോളജിക്ക് (Ideology) ദർശനം, ആശയങ്ങളുടെ ശാസ്ത്രം, സിദ്ധാന്ത സംഹിത എന്നിങ്ങനെയാണ് അർത്ഥം. ഒരു സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ മേഖലയെ ചലിപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ സംഹിത എന്ന നിലയ്ക്ക് പ്രത്യയശാസ്ത്രത്തെ വളരെ വിശാലമായ അർത്ഥത്തിൽ ജീവിതവീക്ഷണമെന്നോ ദർശന സംഹിതയെന്നോ പറയാം. മനുഷ്യന്റെ ചിന്തയെയും പ്രവർത്തനങ്ങളെയും ഇടപെടലുകളെയും രൂപപ്പെടുത്തുന്നതിൽ അനല്പമായ പങ്കുവഹിക്കുന്ന പ്രത്യയശാസ്ത്രത്തെ പാശ്ചാത്യ ചിന്തകർ വളരെ ഗഹനമായി നിർവചിച്ചിട്ടുണ്ട്. “സാമൂഹ്യജീവിതത്തിലെ മൂല്യങ്ങളുടെയും ചിഹ്നങ്ങളുടെയും അർത്ഥങ്ങളുടെയും ഉൽപ്പാദന പ്രക്രിയ,”(1) “ഒരു സമൂഹത്തിന്റെയോ വർഗ്ഗത്തിന്റെയോ പൊതുവായ ആശയകൂട്ടം,”(2) “താറുമാറായ മാധ്യമങ്ങളെ വ്യവസ്ഥാപനം ചെയ്യൽ,”(3) “നിലവിലുള്ള രാഷ്ട്രീയ ശക്തിയെ നിയമാനുസൃതമാക്കാൻ സഹായിക്കുന്ന ആശയങ്ങൾ,”(4) “പ്രവർത്തിയിലേക്കു നയിക്കുന്ന ചിട്ടപ്പെടുത്തിയ കാഴ്ചപ്പാടുകൾ,”(5) “ഭാഷാപരവും പ്രാതിഭാസികവുമായ യാഥാർത്ഥ്യത്തിന്റെ സന്ദേഹം”(6) തുടങ്ങിയവയെല്ലാം അവയിൽ ചിലതാണ്.

ലോകത്ത് വ്യത്യസ്ത സമയങ്ങളിൽ വിവിധങ്ങളായ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രങ്ങൾ കൊടുങ്കാറ്റുകൾ ഉയർത്തിവിടാൻ ശ്രമിച്ചിട്ടുണ്ട്. യാദൃശ്ചികമായി ഉണ്ടാവുന്നതിന് പകരം ജീവിക്കുന്ന കാലത്തോടും ഭരണകൂടത്തോടുമുള്ള പ്രതിഷേധങ്ങളും നിർദ്ദേശങ്ങളും ബദൽ മാർഗങ്ങളുമായിട്ടൊക്കെയാണ് പല പ്രത്യയശാസ്ത്രങ്ങളും രൂപപ്പെട്ടത്. നഷ്ടപ്രതാപങ്ങളുടെ അസ്ഥിപജ്ഞരങ്ങളിൽനിന്ന് വീണ്ടെടുക്കലിന്റെയും കെട്ടിപ്പടുക്കലിന്റെയും അദ്ധ്യായം ആരംഭിക്കുന്നുവെന്ന ധ്വനി ഉയർത്തിയാണ് ഇവയിൽ പലതിന്റെയും കടന്നുവരവ്. ഇരുട്ടിന്റെ മഹാഗഹനത വകഞ്ഞ് അരുണകിരണങ്ങൾ ഉദിച്ചു തുടങ്ങി എന്നാണ് പല പ്രത്യയശാസ്ത്രങ്ങളുടെയും പ്രയോഗവൽക്കരണം ആരംഭിച്ചപ്പോൾ ജനങ്ങൾ വിചാരിച്ചത്. എന്നാൽ ഇരുട്ടിൽ നിന്ന് കൊടും കൂരിരുട്ടിലേക്ക് അന്ധർ അന്ധരെ നയിക്കുന്നതുപോലെയാണ് ഇവയുടെ സഞ്ചാരമെന്ന് വൈകാതെ തന്നെ ജനത്തിന് ബോധ്യപ്പെട്ടു. പക്ഷേ അവയൊക്കെ പ്രയോഗവൽക്കരിക്കാൻ കഴിയാത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞ ആശയങ്ങളുടെ ഭാണ്ഡക്കെട്ടുകൾ മാത്രമാണെന്ന് മനുഷ്യർക്ക് ബോധ്യപ്പെട്ടപ്പോഴേക്കും നികത്താനാവാത്ത നഷ്ടങ്ങളാണ് അവരെ തേടിയെത്തിയിരുന്നത്. മനുഷ്യ വിമോചന പ്രത്യയശാസ്ത്രമായി പ്രത്യക്ഷപ്പെട്ടവയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മാർക്സിസം എന്ന ആശയത്തിൽനിന്ന് പന്ത്രണ്ടോളം രാഷ്ട്രങ്ങൾ പിന്തിരിഞ്ഞു നടന്നു കഴിഞ്ഞപ്പോഴേക്കും ഒന്നരക്കോടി മനുഷ്യജീവനുകളാണ് മാർക്സിസത്തിന്റെ സിദ്ധാന്ത വൽക്കരണത്തിനു വേണ്ടി കൊലചെയ്യപ്പെട്ടത്. അതിരുകളില്ലാത്ത ലൈംഗികാസക്തി, കുറ്റകൃത്യങ്ങൾക്കുള്ള പ്രേരണ, കളിപ്പാട്ടം പിടിക്കുന്ന കുട്ടി പോലും ഗർഭം ധരിക്കേണ്ടി വരുന്ന അതിക്രമങ്ങളുടെ ആധിക്യം, ഗർഭചിദ്രങ്ങൾ, മാനസിക സംഘർഷങ്ങൾ, അച്ഛൻ ആരാണെന്നറിയാതെ വളരുന്ന മക്കൾ, ലൈംഗികരോഗങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രത്യാഘാതങ്ങളാണ് വിപണിയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കടന്നുവന്ന മുതലാളിത്തത്തിന്റെ പ്രവർത്തനഫലമായി ഇന്നും നാം അനുഭവിക്കുന്നത്.(7)

ലോകത്ത് മാനവമോചനത്തിന്റെ വിപ്ലവഗാനങ്ങൾ പാടിവന്ന, പ്രത്യേകിച്ച് ഭൗതികവാദ ആശയങ്ങളുടെ മൂശയിൽ വാർത്തെടുത്ത പ്രത്യയശാസ്ത്രങ്ങൾക്ക് വളരെ കുറഞ്ഞ ആയുസ്സ് മാത്രമേ അവയുടെ പ്രവർത്തന മണ്ഡലങ്ങളിൽ ലഭിച്ചിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം. സ്ത്രീ-പുരുഷ സഞ്ചിതങ്ങളെ കാലവേഗത്തോടൊപ്പം സഞ്ചാരപ്രാപ്യമാക്കാൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അഭൂതപൂർവമായ എണ്ണം പെരുകിലിന് സാക്ഷിയായ പ്രത്യയശാസ്ത്രങ്ങൾ ഇന്ന് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കാലയവനിക പ്രാപിക്കുമ്പോൾ പതിനാലര നൂറ്റാണ്ട് മുമ്പ് മുഹമ്മദ് നബി (സ) ഉയർത്തിവിട്ട ആശയങ്ങൾ യാതൊരുവിധ മാറ്റത്തിരുത്തലുകളുടെയും ആവശ്യമില്ലാതെ ജനകോടികളുടെ ഹൃദയാന്തരാളങ്ങളിൽ പ്രൗഢിയോടെ നിലനിൽക്കുന്നുവെന്നതും വാസ്തവമാണ്.

ലോകപ്രശസ്തനായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയി അഭിപ്രായപ്പെട്ടു: “സാമൂഹിക ചട്ടക്കൂടിന് ആഴത്തിൽ സേവനങ്ങൾ അർപ്പിച്ച പരിഷ്കർത്താക്കളിൽ ഒരാളാണ് മുഹമ്മദ് എന്നതിൽ യാതൊരു സംശയവും വേണ്ട. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ തന്നെ മതിയാകുന്നതാണ്. അവിടുന്ന് ഒരു രാജ്യത്തെ തന്നെ സത്യത്തിന്റെ ബോധോദയത്തിലേക്ക് നയിച്ചു. അതിനെ ശാന്തിയിലേക്കും സമാധാനത്തിലേക്കും തിരിയുന്നതാക്കി. വിനയത്തെ ഇഷ്ടപ്പെടുന്നതാക്കി. രക്തച്ചൊരിച്ചിലിൽ നിന്നും നരബലിയിൽ നിന്നും അതിനെ നിരോധിച്ചു. അതിനു വികസനത്തിലേക്കും നാഗരികതയിലേക്കുമുള്ള വാതിൽ തുറന്നു കൊടുത്തു. ഇത് അതീവ കരുത്തനായ ഒരാൾക്കു മാത്രം സാധിക്കുന്ന ഒന്നാണ്. അങ്ങിനെയുള്ള ഒരു മനുഷ്യൻ ബഹുമാനത്തിനും ആദരവിനും തികച്ചും അർഹനാണ്.”(8)

വിജ്ഞാന ഭണ്ഡഗാരങ്ങളായ വൻ മ്യൂസിയങ്ങളിലെ ഗ്രന്ഥാവലികളിൽ ബുദ്ധിജീവികളുടെ കണ്ണും നട്ടിരുന്നുള്ള ഗൗരവപൂർണ്ണമായ പഠനങ്ങളുടെ ഫലമായി പുറത്തുവന്ന പല പ്രത്യയശാസ്ത്രങ്ങളും എട്ടുനിലയിൽ പൊട്ടി വീണപ്പോൾ സ്വന്തം നാമം പോലും എഴുതാനും വായിക്കാനും അറിയാത്തത്ര നിരക്ഷരനായ ഒരു ആട്ടിടയന്റെ നാല്പത് വയസ്സിന് ശേഷമുള്ള വാക്കും പ്രവർത്തിയും ഒരു ജനതയെ മുഴുവൻ മാറ്റിപ്പണിയാൻ കാരണമായത് എന്തുകൊണ്ടായിരിക്കും? ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ കോടിക്കണക്കിന് ജനങ്ങൾ ഇപ്പോഴും ആ മനുഷ്യനെ മാതൃകാ പുരുഷനാക്കി ജീവിക്കുന്നതിനുള്ള ചേതോവികാരം എന്തായിരിക്കും? ആ മനുഷ്യനെ ഉന്നംവച്ചുള്ള വ്യത്യസ്ത ദിക്കുകളിൽ നിന്നുള്ള കത്തിയേറുകൾ അതിദ്രുതം തുടർന്നു കൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ സന്ദേശങ്ങളിൽ ആകൃഷ്ടരാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതിന് പിന്നിലെ രസതന്ത്രമെന്തായിരിക്കും?

ഇവിടെ സാമൂഹിക പരിഷ്കരണത്തിന് വ്യത്യസ്ത സിദ്ധാന്തങ്ങൾ മുന്നോട്ടു വെച്ച ഭൗതിക പ്രത്യയശാസ്ത്രങ്ങളും മുഹമ്മദ് നബി(സ)യുടെ പ്രവാചകൻ എന്ന നിലയിലുള്ള ജീവിതവും തമ്മിലുള്ള വ്യത്യാസങ്ങളെ പഠന വിധേയമാക്കുമ്പോൾ മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. പതനത്തിലേക്കും പരാജയത്തിലേക്കും ഭൗതിക പ്രത്യയശാസ്ത്രങ്ങളെ കൊണ്ടെത്തിച്ചതിന്റെ കാരണങ്ങളും അതിൽ നിന്ന് മനസ്സിലാവും.

1. ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റമറ്റ ആശയം

പ്രത്യയശാസ്ത്രങ്ങളും പ്രവാചക ജീവിതവും തമ്മിൽ വേർപിരിയുന്ന ഒന്നാമത്തെ വഴിയാണിത്. മനുഷ്യന്റെ തലച്ചോർ അവന്റെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുടെ നടുവിൽ നിന്നുകൊണ്ട് പദാർത്ഥ ലോകത്തെ അപഗ്രഥിക്കുകയാണ് ചെയ്യുന്നത്. നന്മയും തിന്മയും പദാർത്ഥാതീതമായ അസ്തിത്വമുള്ള പരികല്പനകൾ ആണ്. അതുകൊണ്ടുതന്നെ അവയെ കണിശമായി വ്യവഛേദിക്കുക അവന്റെ ബുദ്ധിക്ക് അസാധ്യമാണ്. അതോടൊപ്പം മനുഷ്യന്റെ സാമൂഹ്യ സാഹചര്യം അവൻറെ തലച്ചോറിൽ ഏൽപ്പിക്കുന്ന മുൻധാരണകളെ കുടഞ്ഞെറിയുവാനും മനുഷ്യമസ്തിഷ്കത്തിന് കഴിയുകയില്ല.

മാർക്സിസം അടക്കമുള്ള ഭൗതിക ദർശനങ്ങൾക്കെല്ലാം പറ്റിയ ഒന്നാമത്തെ അബദ്ധം ഇവിടെയാണ്. കാരണം അവയെല്ലാം രൂപപ്പെട്ടത് ചില മനുഷ്യരുടെ തലച്ചോറുകളിൽ നിന്നായിരുന്നു. നമ്മുടെ നൂറ്റാണ്ടിന്റെ തത്വചിന്തയെന്ന് പലരും വിശേഷിപ്പിച്ച മാർക്സിസത്തിന് എന്താണ് സംഭവിച്ചത്? ശാസ്ത്രം മുതൽ സാഹിത്യം വരെയുള്ള വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ പ്രഭാവം തെളിയിക്കാൻ കഴിഞ്ഞിട്ടും ഭൗതിക തത്വശാസ്ത്രങ്ങളുടെ അനിവാര്യമായ പതനം കമ്മ്യൂണിസത്തിനുമുണ്ടായി. യുഗപ്രഭാവരായ എഴുത്തുകാരെയും ചരിത്രകാരന്മാരെയും, മന:ശാസ്ത്രജ്ഞൻമാരെയും, ചിത്രകാരന്മാരെയും ചലചിത്രകാരന്മാരെയും, തത്വചിന്തകരെയും ശിൽപികളെയുമെല്ലാം സൃഷ്ടിക്കുവാൻ കഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന മാർക്സിസം ഇന്ന് സൃഷ്ടിയുടെ ആറ് ദിവസങ്ങൾക്ക് ശേഷം ദീർഘമായി വിശ്രമിക്കുന്ന യഹൂദ ദൈവത്തെ പോലെ ചരിത്രത്തിലെ വിശാലമായ ചവറ്റുകൊട്ടയിൽ അനന്തമായ ശയനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒരിക്കലും ഉണരാത്ത ശയനം.!(9)

എന്തേ ഇത്തരമൊരു പതനത്തിന് മാർക്സിസം വിധേയമായി? സൈദ്ധാന്തികമായി പ്രധാനമായും രണ്ട് പിഴവുകളാണ് അതിന് സംഭവിച്ചത്.

ഒന്ന്, വിരുദ്ധ ഭാവങ്ങളുടെ സംഘട്ടനങ്ങളിലാണ് പദാർത്ഥത്തിന്റെ നിലനിൽപ്പെന്ന് വാദിച്ച മാർക്സ് പ്രപഞ്ചത്തിലെ നിയമങ്ങൾക്ക് പിന്നിൽ പദാർത്ഥാതീതമായ ഒരു ശക്തിയുണ്ടായിരിക്കാനുള്ള സാധ്യതയെ പൂർണ്ണമായും നിഷേധിച്ചു.(10) സൂക്ഷ്മ പ്രപഞ്ചം മുതൽക്ക് സ്ഥൂല പ്രപഞ്ചം വരെയുള്ള എല്ലാറ്റിലും കണ്ടെത്തിയ അതേ വൈരുദ്ധ്യം തന്നെ ചരിത്രത്തിലും പ്രയോഗിക്കാൻ ശ്രമിച്ചതാണ് മാർക്സിന് പറ്റിയ രണ്ടാമത്തെ തെറ്റ്. (11) മനുഷ്യബുദ്ധിയുടെ പരിമിതിയെ സംബന്ധിച്ച അജ്ഞതയോ തങ്ങളുടെ അല്പബുദ്ധിയുടെ മേലുള്ള അഹങ്കാരമോ ആണ് മാർക്സിസം അടക്കമുള്ള ഭൗതിക ദർശനങ്ങൾ നിലംപൊത്താൻ കാരണം. ഇവിടെയാണ് മുഹമ്മദ് നബി(സ)യും അദ്ദേഹം പ്രബോധനം ചെയ്ത ആശയങ്ങളും മറ്റു ദർശനങ്ങളിൽ നിന്നും അതിന്റെ ഉപജ്ഞാതാക്കളിൽ നിന്നും വ്യത്യസ്തമാവുന്നത്.

സർവകലാശാലകളുടെയും പുസ്തകശാലകളുടെയും പടി ചവിട്ടാത്ത മുഹമ്മദ് നബി(സ)യുടെ വാക്കും പ്രവർത്തികളും ഒരു വലിയ സമൂഹത്തിന്റെ പരിവർത്തനത്തിന് കാരണമായത് ദൈവിക നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരവും ചെയ്തികളും എന്നതാണ്. “അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശം ആയി നൽകപ്പെടുന്ന ഒരു ഉൽബോധനം മാത്രമാകുന്നു”(12) എന്നാണ് വിശുദ്ധ ഖുർആൻ നബി(സ)യുടെ സന്ദേശങ്ങളെ കുറിച്ച് പറഞ്ഞത്. ഇവിടെ മുഹമ്മദ് നബി (സ) സ്വന്തം തലച്ചോറിൽ അദ്ദേഹത്തിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളുടെ നടുവിൽ നിന്നുകൊണ്ട് സ്വന്തമായി രൂപപ്പെടുത്തിയ ആശയങ്ങളിലേക്ക് സമൂഹത്തെ ക്ഷണിക്കുകയല്ല ചെയ്തത്. മറിച്ച് അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങൾ മുഴുവൻ സർവലോക സൃഷ്ടാവിന്റെ മാർഗദർശനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ലഭിച്ചതാണ്. തെറ്റുപറ്റാത്ത അറിവിന്റെ ഉടമസ്ഥനായ പ്രപഞ്ചനാഥൻ അദ്ദേഹത്തിന് ദിവ്യ ബോധനത്തിലൂടെ കൈമാറിയ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് റസൂൽ (സ) സമൂഹത്തെ പരിഷ്കരിക്കാൻ വേണ്ടി പരിശ്രമിക്കുന്നത്. മുഹമ്മദ് നബി (സ) പടച്ചതമ്പുരാൻ അവതരിപ്പിച്ച ആശയങ്ങളിലേക്കാണ് സമൂഹത്തെ നയിച്ചത് എന്നതുകൊണ്ടുതന്നെ പ്രവാചകൻ പഠിപ്പിച്ച ഏതെങ്കിലും ഒരാശയം തെറ്റാണെന്ന് പറയാൻ ഭൂമിയിൽ ഒരാൾക്കും കഴിയില്ല. അവിടുന്ന് പഠിപ്പിച്ച നന്മ നൂറ് ശതമാനം നന്മയും അവിടുന്ന് വിലക്കിയ തിന്മ നൂറ് ശതമാനം തിന്മയുമായിരുന്നു. കാലദേശങ്ങൾക്കനുസരിച്ച് അദ്ദേഹം പ്രബോധനം ചെയ്ത ആശയങ്ങളിൽ ഒരു മാറ്റത്തിരുത്തലിന്റെയും ആവശ്യമില്ല. ഏതു കാലഘട്ടത്തിനും യോജിക്കുംവിധം ജീവിതത്തിൻറെ മാറുന്ന അവസ്ഥയ്ക്ക് അനുസരിച്ച് യോജിച്ചു പോകാൻ കഴിവുള്ള ഒരേയൊരു ആശയം പ്രവാചകൻ മുഹമ്മദിന്റെ നാവിലൂടെ വന്ന സന്ദേശം മാത്രമാണെന്നാണ് പ്രശസ്ത ഐറിഷ് നാടകകൃത്തും സാഹിത്യത്തിന് ഓസ്കാറും നോബൽ പ്രൈസും ലഭിച്ച ഏക വ്യക്തി കൂടിയായ ജോർജ് ബർണാഡ്ഷാ അഭിപ്രായപ്പെട്ടത്.(13)

(തുടരും)

 

Ref:

1. Raymond Williams, Quated in Ideology- Ed.by Terry Eagleton ( Verso: London: New York, 1994) Page 175

2. Ibid – Page – 175

3. Hebermas, in Ideology – Ed.by Terry Eaglton-Page – 1

4. Terry Eagleton, Ideology An Introduction, 4th Edition, ( Verso: London: New York, 1994)

5. LN Moskvichov, The End of Ideology Theory: Illusions and Realality

6. Paul De Man, Quated in Ideology – Page -15

7. മുതലാളിത്തം മതം മാർക്സിസം, എം. എം. അക്ബർ, നിച്ച് ഓഫ് ട്രൂത്ത്, പേജ് – 64

8. The Rule of Prophet Muhammad by Leo Tolstoy,
https://www.alsiraj.net>html

9. മാർക്സിസം മരിച്ചുവോ? പന്ന്യൻ രവീന്ദ്രൻ – എം.എം. അക്ബർ – ദഅവ ബുക്സ് – പേജ് – 12

10. അതേ പുസ്തകം – പേജ് – 22

11. അതേ പുസ്തകം – പേജ് – 23

12. ക്വുർആൻ – 53:3, 4

13. George Bernad Shaw – The Genuine Islam-Vol- 1- No.8, 1996

print

No comments yet.

Leave a comment

Your email address will not be published.