സംതൃപ്തകുടുംബം ഇസ്‌ലാമിന്റെ നിർദ്ദേശങ്ങൾ

//സംതൃപ്തകുടുംബം ഇസ്‌ലാമിന്റെ നിർദ്ദേശങ്ങൾ
//സംതൃപ്തകുടുംബം ഇസ്‌ലാമിന്റെ നിർദ്ദേശങ്ങൾ
സംതൃപ്ത കുടുംബം

സംതൃപ്തകുടുംബം ഇസ്‌ലാമിന്റെ നിർദ്ദേശങ്ങൾ

സാമൂഹിക വളർച്ചയുടെ അടിസ്ഥാന ഘടകമാണ് കുടുംബം. കുടുംബത്തിന്റെ വളർച്ചയും തളർച്ചയും നാഗരിക പുരോഗതിയെയും അതിന്റെ പതനത്തെയും ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. കുടുംബമായി കഴിയുക എന്നത് കേവലം ഭൗതികാസക്തിയല്ല മറിച്ച് സൃഷ്ടിപ്പിന്റെ താൽപര്യമാണ്. മനുഷ്യനിൽ അന്തർലീനമായ കഴിവുകളുടെ വികാസത്തിനും അവന്റെ വ്യക്തിത്വത്തിന്റെ സഫലീകരണത്തിനും പ്രകൃതി നിശ്ചയിച്ച ഉപാധിയാണത്. അതുകൊണ്ടുതന്നെ കുടുംബ സംവിധാനത്തെ എതിർക്കുന്നവർ പ്രകൃതിയെയാണ് യഥാർത്ഥത്തിൽ എതിർക്കുന്നത്.

മുന്തിരിവള്ളിക്ക് വളരാൻ ഒരു താങ്ങ് ആവശ്യമായതു പോലെ മനുഷ്യനും വളർന്നു പടരാൻ ഒരു താങ്ങ് ആവശ്യമാണ്. കുടുംബവും സമൂഹവുമാണ് മനുഷ്യന് വളരാനുള്ള ആ താങ്ങ്. അത് ലഭിച്ചില്ലെങ്കിൽ മനുഷ്യൻ ഉണങ്ങി നശിച്ചു പോകും.ഒരാളുടെ കുടുംബജീവിതത്തിലെ വിജയവും സംതൃപ്തിയും അദ്ദേഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നതുപോലെ അവിടെയുണ്ടാകുന്ന പരാജയവും അസംതൃപ്തിയും നിഴൽപോലെ അദ്ദേഹത്തെ പിന്തുടരുകയും ചെയ്യും എന്നത് ഒരു സത്യമാണ്.

സമാധാനത്തിന്റെ തണലും സന്തോഷത്തിന്റെ തണുപ്പും ലഭിക്കേണ്ട വീടകങ്ങളിൽ നിന്ന് അവ കിട്ടാതെ വരുമ്പോൾ മനുഷ്യൻ കടുത്ത നൈരാശ്യത്തിൽ അകപ്പെടും. ആ നൈരാശ്യം ലഹരിയിലേക്കും അവിഹിതങ്ങളിലേക്കും ഒരുവേള ആത്മഹത്യയിലേക്കും അവനെ കൊണ്ടെത്തിക്കും.പുതിയ കാലത്ത് മനുഷ്യർ തമ്മിലുള്ള ഭൗതികമായ അകലം വളരെ കുറവാണ്. എത്ര വിദൂരത്തുള്ളവരുമായും കണ്ടും കേട്ടും ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങളുണ്ട്.എന്നാൽ മനുഷ്യ മനസ്സുകൾ തമ്മിലുള്ള അടുപ്പം വളരെയേറെ അകന്നുകൊണ്ടിരിക്കുകയാണ്. കുടുംബകോടതികളിൽ കുന്നുകൂടുന്ന കേസുകൾ, പ്രശ്നപരിഹാരത്തിനായി മന:ശാസ്ത്ര വിദഗ്ധരെ സമീപിക്കുന്നവരുടെ വർധന, മനോരോഗികളുടെ ബാഹുല്യം, ആത്മഹത്യയിൽ അഭയം തേടുന്നവരുടെ ഞെട്ടിപ്പിക്കുന്ന കണക്ക് തുടങ്ങിയവയെല്ലാം കുടുംബജീവിതത്തിന്റെ താളാത്മകത എത്രത്തോളം തകിടം മറിഞ്ഞുവെന്ന് വിളിച്ചറിയിക്കുന്നുണ്ട്.

മനുഷ്യ നാഗരികത പുരോഗതിയുടെ ഉത്തുംഗശൃംഗങ്ങൾ കയറിയിട്ടും കുടുംബമെന്ന ചെറിയ സ്ഥാപനത്തിൽ അടിപതറി തെന്നിവീണ് ജീവിതം ചിതറിത്തെറിക്കുമ്പോൾ അതിന് പരിഹാരം അന്വേഷിക്കേണ്ടത് സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിൽ നിന്നു തന്നെയാണ്.കോടികൾ മുതൽ മുടക്കിയ മണിമാളികകളിൽ രാത്രി ഉറങ്ങാൻ പോലും സാധിക്കാത്തവിധം മനസ്സ് അസ്വസ്ഥമാകുമ്പോൾ ദൈവിക നിയമങ്ങളുടെ ആധാരശിലയിൽ വീടിനെ പടുത്തുയർത്തുമ്പോൾ മാത്രമേ സ്വസ്ഥതയുള്ളൊരു ജീവിതം ആ വീട്ടിൽ സാധ്യമാവുകയുള്ളൂ എന്ന് മനസ്സിലാക്കണം.

കുടുംബം ഇസ്ലാമിൽ

കുടുംബത്തിന്റെ ഉത്ഭവം, ധർമം, സ്വഭാവം, ഘടന എന്നിവയെക്കുറിച്ച് ഇസ്ലാമിന് വ്യക്തവും കൃത്യവുമായ കാഴ്ചപ്പാടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനിന്റെ വ്യാവഹാരിക വിധികളിൽ മൂന്നിലൊന്നോളം കുടുംബത്തെയും അതിന്റെ ക്രമീകരണത്തെയും സംബന്ധിച്ചാണ്.വിവാഹം, വിവാഹമോചനം, അനന്തരാവകാശം ഇവയെക്കുറിച്ചൊക്കെ നീണ്ട വിവരണങ്ങൾ തന്നെ ഖുർആനിൽ കാണാം.അതിന്റെ വിശദീകരണമെന്ന നിലക്കുള്ള പ്രവാചക വചനങ്ങൾ മറ്റൊരു രീതിയിലും രൂപത്തിലും അവതരിപ്പിക്കുകയാണ് ആധുനിക ലോകത്തെ ഫാമിലി കൗൺസിലർമാർ ചെയ്യുന്നത്.

കുടുംബ ബന്ധത്തിൻറെ അടിസ്ഥാനം ദാമ്പത്യജീവിതമാണ്. അതിനെ ഒരു ദൈവാനുഗ്രഹം ആയിട്ടാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. ‘അവൻതന്നെയാണ് വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും, വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിൻറെ രക്ഷിതാവ് കഴിവുള്ളവനാകുന്നു'(ഖുർആൻ: 25:54).

‘അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിൽ നിന്നു തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക് പുത്രന്മാരെയും പൗത്രൻമാരെയും ഉണ്ടാക്കിത്തരികയും വിശിഷ്ട വസ്തുക്കളിൽ നിന്ന് അവൻ നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അസത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിൻറെ അനുഗ്രഹങ്ങളെ നിഷേധിക്കുകയുമാണോ ചെയ്യുന്നത് ‘(ഖുർആൻ: 16:72)

ബ്രഹ്മചര്യത്തെ വിമർശിക്കുകയും വിവാഹത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് വചനങ്ങൾ ഇസ്ലാമിക പ്രമാണങ്ങളിൽ കാണുവാൻ സാധിക്കും. പ്രവാചകാനുയായിയായ അനസ് (റ)പറയുന്നത് കാണുക: “നബി (സ) ഞങ്ങളോട് വിവാഹം കഴിക്കുവാൻ കൽപ്പിക്കുകയും ബ്രഹ്മചര്യം അനുഷ്ടിക്കുന്നത് ശക്തിയായി നിരോധിക്കുകയും ചെയ്തിരിക്കുന്നു”(അഹ്മദ്). മറ്റൊരിക്കൽ തിരുദൂതൻ(സ) അരുളി: “വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പകുതി പൂർത്തിയായി- ബാക്കി പകുതിയിൽ അയാൾ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ”(ബൈഹഖി).
പ്രവാചകൻ പറയുന്നു: “വിവാഹം എൻറെ ചര്യയിൽ പെട്ടതാണ്. എൻറെ മാർഗത്തിൽ നിന്ന് മാറി പോകുന്നവൻ നമ്മിൽപ്പെട്ടവനല്ല”(സുനനു ഇബ്നുമാജ).
ഒരു കുടുംബത്തിന്റെ ആരംഭം ദാമ്പത്യജീവിതം ആയതുകൊണ്ട് തന്നെ അഴകും ഉറപ്പുള്ളൊരു കുടുംബത്തിന് വേണ്ടിയുള്ള പണിയാരംഭിക്കേണ്ടത് ഭാര്യ-ഭർത്താക്കൻമാരിൽ നിന്നു തന്നെയാണ്.

കുടുംബ നേതൃത്വം

കുടുംബത്തിന്റെ നായകത്വം പ്രകൃതിയും ശരീഅത്തും പുരുഷനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ‘പുരുഷന്മാർ സ്ത്രീകളുടെ രക്ഷകർത്താക്കൾ ആകുന്നു.അല്ലാഹു അവർക്ക് (പുരുഷന്മാർക്ക്)മറ്റവരെ (സ്ത്രീകളെ)ക്കാൾ ശ്രേഷ്ഠത നൽകിയതു കൊണ്ടും അവർ തങ്ങളുടെ ധനത്തിൽനിന്ന് ചെലവഴിക്കുന്നതു കൊണ്ടുമാണിത്'(4:34) എന്ന് വിശുദ്ധ ഖുർആനിൽ കാണുവാൻ സാധിക്കും. സ്ത്രീ-പുരുഷ ശരീരത്തെ കുറിച്ചും ഇരുവരുടെയും മാനസിക നിലവാരത്തെ കുറിച്ചും പഠിച്ച ഏതൊരാൾക്കും മേലുദ്ധരിച്ച ഖുർആനിക സൂക്തത്തിന്റെ ശാസ്ത്രീയവും മാനവികവുമായ കൃത്യത എത്രത്തോളം ശരിയാണെന്ന് ബോധ്യപ്പെടും.പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു എന്നതിന് ഖുർആൻ ഉപയോഗിച്ച പദം ‘ഖവ്വാം’എന്നാണ്. ഒരാളുടെയോ, ഒരു സ്ഥാപനത്തിന്റെയോ കാര്യങ്ങൾ യഥോചിതം കൊണ്ടുനടക്കുകയും മേൽനോട്ടം വഹിക്കുകയും അതിനാവശ്യമായത് സജ്ജീകരിക്കുകയും ചെയ്യുന്ന വ്യക്തിക്കാണ് അറബിയിൽ ‘ഖവ്വാം’ എന്നും ‘ഖയ്യിം’ എന്നുമെല്ലാം പറയുന്നത്(എം എം അക്ബർ – സ്ത്രീ മതങ്ങളിലും ദർശനങ്ങളിലും – പേജ് 46). ഭാര്യ,മക്കൾ, മാതാപിതാക്കൾ എന്നിങ്ങനെ ഒരുപാട് ആളുകൾ അടങ്ങിയ കുടുംബമെന്ന സ്ഥാപനത്തിന്റെ സംരക്ഷണവും മേൽനോട്ടവും ഇസ്ലാം ഏൽപ്പിച്ചിട്ടുള്ളത് പുരുഷനെയാണെന്ന് സാരം. എന്നാൽ പുരുഷന്മാർ എല്ലാ നിലക്കും സ്ത്രീകളെക്കാൾ ശ്രേഷ്ഠരാണ് എന്ന് ഇതിനർത്ഥമില്ല. കുടുംബത്തിന്റെ മേൽനോട്ടച്ചുമതല ഏറ്റെടുക്കാനുള്ള കഴിവും യോഗ്യതയും പരിഗണിക്കുമ്പോൾ അവർക്ക് മികവുണ്ട് എന്നാണ്. അതുകൊണ്ടാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം അവരെ ഏൽപ്പിച്ചത്.

സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക പ്രകൃതിക്കും മാനസികാവസ്ഥയും അനുസരിച്ചാണ് ഇസ്ലാം അവർക്ക് അവരുടേതായ ബാധ്യതകളും അവകാശങ്ങളും ജോലികളും വേർതിരിച്ച് നൽകിയിട്ടുള്ളത്.ഇവിടെ സ്ത്രീയുടെയും പുരുഷന്റെയും യോഗ്യതകൾ തുല്യമാണ് എന്ന് സത്യസന്ധനായ ഒരാൾക്കും വാദിക്കാൻ കഴിയുകയില്ല.ആൺ തന്റെ കൈവിരൽ തുമ്പു വരെ പുരുഷനും സ്ത്രീ കാൽ വിരൽ തുമ്പ് വരെ പെണ്ണുമാണ് എന്ന പ്രസിദ്ധ ലൈംഗിക ശാസ്ത്രജ്ഞനായ ഹാവ് ലോക് എല്ലിസിന്റെ അഭിപ്രായം നൂറ് ശതമാനം ശരിയാണെന്ന് സ്ത്രീ-പുരുഷ ശാരീരിക-മാനസിക അവസ്ഥകൾ അപഗ്രഥിച്ചവർക്കെല്ലാം ബോധ്യപ്പെടും. പുരുഷന്റെ എല്ലുകൾ അധ്വാനത്തിനു പറ്റിയ രീതിയിൽ ഉള്ളവയാണെങ്കിൽ സ്ത്രീയുടേത് ഗർഭധാരണത്തിന് അനുയോജ്യമായതാണ്. കഠിനാധ്വാനത്തിന് ആവശ്യമായ പേശികളാണ് പുരുഷന് ഉള്ളതെങ്കിൽ മാംസളതയും മിനുസവും നൽകുന്ന കൊഴുപ്പാണ് സ്ത്രീ ശരീരത്തിൽ ഉള്ളത്.അധ്വാനത്തിന് പറ്റിയ രീതിയിലുള്ള ആണിന്റെ കൈകൾ, ആലിംഗനത്തിന് പറ്റുന്ന പെണ്ണിന്റെ കൈകൾ… ഇങ്ങനെ പോകുന്നു ശാരീരിക വ്യത്യാസങ്ങൾ… അലിവാർന്ന ഹൃദയം, അതിലോലമായ മനസ്സ്, പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതം, നിരന്തരം നിർഗളിക്കുന്ന സ്നേഹവായ്പ്, നുരഞ്ഞു പൊങ്ങുന്ന വൈകാരികത …ഇവയെല്ലാം സ്ത്രീമനസ്സ് വികാര പ്രധാനമാണെന്ന് വ്യക്തമാക്കുന്നു.എന്നാൽ പുരുഷ മനസ്സിൻറെ അവസ്ഥയോ? ചിന്തിച്ചുള്ള പ്രതികരണം, പാരുഷ്യത്തോടെയുള്ള പെരുമാറ്റം, അവധാനതയോടു കൂടിയുള്ള പ്രത്യുത്തരം, ആലോചനയോടെയുള്ള പ്രവർത്തനം ഇവയാണ് പുരുഷ മനസ്സിന്റെ പ്രതിബിംബം. ഇവ വിചാര പ്രധാനമാണ്. അധ്വാനത്തിന് പറ്റിയ രീതിയിൽ പുരുഷമനസ്സ് സംവിധാനിക്കപ്പെട്ടിരിക്കുന്നു എന്ന് സാരം…( അതേ പുസ്തകം : പേജ്: 45)

ആധുനികയുഗം കുടുംബത്തിലും സമൂഹത്തിലും സ്ത്രീയെ പുരുഷനു തുല്യയാക്കാൻ സർവ്വശക്തിയുമുപയോഗിച്ച് ശ്രമിച്ചിട്ടുണ്ട്. (ഇപ്പോഴും ശ്രമിക്കുന്നു).പക്ഷേ ഇന്നുവരെ അത് വിജയിച്ചിട്ടില്ല.ചില സ്ത്രീകൾ തങ്ങളുടെ സ്ത്രൈണ ഗുണങ്ങളും ഉത്തരവാദിത്തങ്ങളും വലിച്ചെറിഞ്ഞ് ഒരു പരിധിയോളം പുരുഷന്മാരെ അനുകരിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നല്ലാതെ. അതാകട്ടെ ആ സ്ത്രീകൾ സമൂഹത്തിനോ രാഷ്ട്രത്തിനോ ഒരു പ്രയോജനവും ചെയ്തിട്ടില്ലെന്നും കാണാം. ഏതാനും കൃത്രിമ പുരുഷന്മാർക്ക് പകരം യഥാർത്ഥ സ്ത്രീകളെ നഷ്ടപ്പെടുത്തുന്നത് ബുദ്ധിക്ക് യോജിച്ച പണിയല്ല.

പുരുഷന്റെ/ഭർത്താവിൻറെ ഉത്തരവാദിത്തങ്ങൾ

1. സംരക്ഷണം പരിപാലനം

ഒരു കുടുംബത്തിന് മേൽനോട്ടം വഹിക്കാനുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ പ്രത്യേകതകൾ നേരത്തെ വിശദീകരിച്ചു. ആ ഗുണങ്ങളെല്ലാം ഒത്തുചേർന്നത് കൊണ്ടുതന്നെ കുടുംബത്തിന്റെ നിയന്ത്രണാധികാരം ക്രിയാത്മകമായി ഉപയോഗിക്കാൻ പുരുഷൻ സന്നദ്ധമാകേണ്ടതുണ്ട്. ഒരു പദവി അല്ലെങ്കിൽ അവകാശം എന്നതിലുപരി ഒരു ഉത്തരവാദിത്തമാണ് പുരുഷന് കുടുംബത്തിനു മേലുള്ള രക്ഷാകർതൃത്വം.

പുരുഷന്റെ നായകത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് തന്നെ ‘അവർ തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നതിനാലും’ എന്നുകൂടി ഖുർആൻ പറയുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ചുമതല വഹിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കുവാൻ സാധിക്കും.

അല്ലാഹു അറിയിക്കുന്നു: “അവർക്ക് മര്യാദപ്രകാരം ഭക്ഷണവും വസ്ത്രവും നൽകാൻ കുട്ടിയുടെ പിതാവ് കടപ്പെട്ടവനാണ്” (ഖുർആൻ 2:233).

ഭാര്യയോടുള്ള ബാധ്യതകൾ എന്തൊക്കെയാണെന്ന് പ്രവാചകൻ (സ)യോട് ഒരു അനുചരൻ ചോദിച്ചപ്പോൾ പ്രവാചകൻ (സ) പ്രതിവചിച്ചു: “നീ ആഹരിക്കുന്നുവെങ്കിൽ അവളെയും ആഹരിപ്പിക്കുക, നീ വസ്ത്രം ധരിക്കുന്നുവെങ്കിൽ അവൾക്കും വസ്ത്രം നൽകുക, മുഖത്ത് അടിക്കാതിരിക്കുക, പുലഭ്യം പറയാതിരിക്കുക, കിടപ്പറയിൽ വെച്ചല്ലാതെ അവളുമായി വിട്ടുനിൽക്കാതിരിക്കുക”(അബൂദാവൂദ്).

ഹജ്ജ് വേളയിൽ നടത്തിയ വിഖ്യാതമായ വിടവാങ്ങൽ പ്രസംഗത്തിൽ പ്രവാചകൻ(സ) അരുൾചെയ്തു: “സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, മര്യാദപ്രകാരം ഭക്ഷണവും വസ്ത്രവും നൽകൽ നിങ്ങൾക്ക് അവരോടുള്ള ബാധ്യതയാകുന്നു”(മുസ്ലിം).

ഭർത്താവ് ന്യായമായ നിലയിൽ ചെലവിനു നൽകുന്നില്ലെങ്കിൽ മിതമായ നിലയിൽ അയാളുടെ ധനം എടുത്തുപയോഗിക്കാൻ ഭാര്യക്ക് അവകാശമുണ്ട്. ആയിശ(റ)വിൽ നിന്ന് നിവേദനം: അബൂസുഫിയാന്റെ ഭാര്യ ഹിന്ദ് നബിയോട് പരാതി പറഞ്ഞു: “അബൂസുഫിയാൻ പിശുക്കനാണ്. എനിക്കും കുട്ടികൾക്കും ആവശ്യമായത് നൽകാറില്ല. അദ്ദേഹം അറിയാതെ ഞാൻ എടുക്കുന്നത് ഒഴികെ”. അപ്പോൾ അവിടുന്ന് പറഞ്ഞു:”നിനക്കും കുട്ടികൾക്കും ന്യായമായ ആവശ്യത്തിനു അനിവാര്യമായത് എടുത്തുകൊള്ളുക” (ബുഖാരി, മുസ്ലിം).

പ്രവാചകൻ പറഞ്ഞതായി അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് നിവേദനം ചെയ്യുന്നു: “താൻ ചെലവിനു കൊടുക്കാൻ കടപ്പെട്ടവരെ അവഗണിക്കുന്നത് ഗുരുതരമായ പാപമാണ് “(അബൂദാവൂദ്).

പ്രവാചകൻ പറഞ്ഞു: “അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിച്ച ദീനാർ, അടിമയുടെ മോചനത്തിന് വിനിയോഗിച്ച ദീനാർ, അഗതിക്ക് വേണ്ടി ചെലവഴിച്ച ദീനാർ, ഭാര്യക്ക് വേണ്ടി വിനിയോഗിച്ച ദീനാർ ഇവയിൽ ഏറ്റവും അധികം പ്രതിഫലം ലഭിക്കുക ഭാര്യക്ക് വേണ്ടി ചെലവഴിച്ച ദീനാറിനാണ്”(മുസ്ലിം).

പ്രവാചകൻ പറഞ്ഞതായി അബൂമസ്ഊദ് (റ)വിൽ നിന്ന് നിവേദനം: “അല്ലാഹുവിൻറെ പ്രതിഫലം പ്രതീക്ഷിച്ച് ആരെങ്കിലും തന്റെ കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നു വെങ്കിൽ അതും അവന്റെ ദാനമായി പരിഗണിക്കുന്നതാണ് ” (ബുഖാരി,മുസ്ലിം).

2. സ്നേഹം

ദയയും വാത്സല്യവും ക്ഷിപ്രവൈകാരികതയും സ്ത്രീ മനസ്സിന്റെ പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെ വികാരപ്രധാനമായ അവളുടെ മനസ്സിന് സ്നേഹവും കരുതലും കിട്ടേണ്ടത് അനിവാര്യമാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ സ്നേഹത്തിന്റെയും കാരുണ്യത്തെയും പ്രധാന സ്രോതസ്സുകളായിരുന്ന മാതാപിതാക്കളെയും ഉറ്റവരെയും വിട്ട് അതുവരെ അന്യനായിരുന്ന നിങ്ങളുടെ കൂടെ ജീവിക്കാൻ തയ്യാറായ അവളോട് പ്രണയാർദ്രമായ സമീപനം പുലർത്താൻ ഭർത്താവിന് സാധിക്കേണ്ടതുണ്ട്. ഭർത്താവിന്റെ സ്നേഹവും പരിലാളനയും കുറയുന്നുവെന്ന് ഭാര്യക്ക് തോന്നിത്തുടങ്ങുമ്പോൾ മുതൽ മാനസികമായി അവൾ തളരാൻ തുടങ്ങും.

പ്രവാചകൻ പറഞ്ഞു: “നിങ്ങളിൽ ഏറ്റവും നല്ലവർ തങ്ങളുടെ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുന്നവരാണ്”(അഹ്മദ്, തിർമുദി).

3. ബഹുമാനം

സ്നേഹമെന്നത് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാനിടയുള്ള ഒരു വികാരമാണ്.എന്നാൽ ഒരു ഭർത്താവ് ഭാര്യയോട് ഏത് സന്ദർഭത്തിലും ബഹുമാനത്തോടും കാരുണ്യത്തോടും കൂടി വർത്തിക്കണം. അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപിഷ്ടമായതാണ് വിവാഹമോചനം എന്നാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്. നിലവിലുള്ള ഇണയുമായി ഒരു നിലക്കും മുന്നോട്ടുപോകാൻ കഴിയാതെ വരുമ്പോഴാണ് ദമ്പതികൾക്ക് വിവാഹമോചനത്തിനുള്ള അനുവാദം നൽകുന്നത്. എന്നാൽ ആ സമയത്ത് ബഹുമാനസൂചകമായി മാന്യമായ പാരിതോഷികം നൽകണമെന്നും ഖുർആൻ അനുശാസിക്കുന്നുണ്ട് (2: 241). കാരണം തന്റെ ഭർത്താവിന്റെയും മക്കളുടെയും ഉയർച്ചക്ക് വേണ്ടി സ്വന്തത്തെക്കാളുപരി അവൾ പരിശ്രമിച്ചിട്ടുണ്ട്.അവൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ മഹത്വവും വലുപ്പവും തിരിച്ചറിയുക, അത് അംഗീകരിക്കുക, വ്യത്യസ്ത മേഖലകളിൽ നിന്ന് അവൾക്ക് നേരെ വരാൻ സാധ്യതയുള്ള പീഢകളെ പ്രതിരോധിക്കുന്ന പടച്ചട്ടയായി മാറുക എന്നൊക്കെയാണ് ഭാര്യയോടുള്ള ബഹുമാനം കൊണ്ട് അർത്ഥമാക്കുന്നത്.ദമ്പതികൾ ഇരുവരും മനുഷ്യരായതുകൊണ്ടുതന്നെ ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ പരസ്പരം അടിച്ചേൽപ്പിക്കലുകൾ പാടില്ല.തന്റെ ഒരു വാക്കും പ്രവർത്തനവും അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഒരു ഭർത്താവിന് കഴിയേണ്ടതുണ്ട്. ആരാണ് മുസ്ലിംകൾക്കിടയിൽ ഉൽകൃഷ്ടനായവൻ എന്ന് റസൂൽ (സ) യോട് ഒരു അനുചരൻ ചോദിച്ചപ്പോൾ നാവും കൈയും മുഖേനെ മറ്റുള്ളവർക്ക് ഉപദ്രവം ഏൽപ്പിക്കാതിരിക്കാത്തവൻ എന്നായിരുന്നു മറുപടി.

4. ക്ഷമ, സഹനം, വിട്ടുവീഴ്ച

അധിക വിവാഹമോചനങ്ങളുടെയും ദാമ്പത്യ പിണക്കങ്ങളുടെയും അടിസ്ഥാനകാരണം നിസ്സാരകാര്യങ്ങൾ പ്രതിയുള്ള വഴക്കുകളും, ആ വഴക്കിൽ നിന്നുണ്ടാകുന്ന ദേഷ്യവും ആയിരിക്കും. മറ്റു പല വികാരങ്ങളെയും പോലെ സ്രഷ്ടാവ് മനുഷ്യപ്രകൃതിയിൽ നിക്ഷേപിച്ച വികാരമാണ് ദേഷ്യവും.എന്നാൽ അത് പ്രകടിപ്പിക്കുന്നതിന് ചില മാർഗനിർദേശങ്ങൾ അവൻ നൽകിയിട്ടുണ്ട്. അവയ്ക്കതീതമായി പ്രവർത്തിക്കുമ്പോൾ അത് ശരീരത്തെയും മനസ്സിനെയും അതിലുപരി പരലോക ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നതായിരിക്കും.

ചുറ്റുപാടും തിന്മകൾ കാണപ്പെടുമ്പോൾ അവയെ തിന്മയെ കൊണ്ടുതന്നെ നേരിടണമെന്നല്ല പ്രത്യുത നന്മ, വിട്ടുവീഴ്ച,ക്ഷമ എന്നിവയിലൂടെ നേരിടുക എന്നതാണ് ഇസ്ലാമികാധ്യാപനം.

“നന്മയും തിന്മയും സമമല്ല. അതിനാൽ ഏറ്റവും നല്ലത് കൊണ്ട് തിന്മയെ നീ തടുക്കുക. അപ്പോൾ നീയും ആരും തമ്മിൽ ശത്രുതയുണ്ടോ അവൻ നിന്റെ ഉറ്റസ്നേഹിതനെ പോലെ ആകുന്നതാണ്. (ഖുർആൻ: 41: 34)

മുസ്ലിംകളുടെ സ്വഭാവത്തെപ്പറ്റി ഖുർആൻ പറയുന്നു. “അവർ ജനങ്ങൾക്ക് മാപ്പ് ചെയ്യുന്നവരും ആകുന്നു. അല്ലാഹു നന്മ ചെയ്യുന്നവരെ സ്നേഹിക്കുന്നു” (ഖുർആൻ 3:134)

“നീ ഭംഗിയായി വിട്ടുവീഴ്ച ചെയ്യുക” (ഖുർആൻ: 15:85)

“നീ വിട്ടുവീഴ്ച കൈക്കൊള്ളുകയും നല്ലത് കൽപിക്കുകയും മൂഢൻമാരിൽ നിന്ന് പിന്തിരിയുകയും ചെയ്യുക”( ഖുർആൻ7:199).

5. ശിക്ഷണം

കുടുംബത്തിൻറെ മേൽനോട്ട ചുമതല പുരുഷന് നിർബന്ധമാക്കുകയും അതിൽ വീഴ്ച വരുത്തുന്നത് ഗുരുതരമായ പാപമായി കാണുകയും ചെയ്യുന്ന ഇസ്ലാം ഇണകളും മക്കളും ഒരു പരീക്ഷണം കൂടിയാണെന്ന് ഉണർത്തുന്നുണ്ട്.

“വിശ്വാസികളേ, നിങ്ങളുടെ ഇണകളിലും സന്താനങ്ങളിലും നിങ്ങൾക്ക് ശത്രുക്കളുണ്ട്. അവരെ സൂക്ഷിക്കണം. നിങ്ങൾ വിട്ടുവീഴ്ച ചെയ്യുകയും സഹിഷ്ണുത കാട്ടുകയും മാപ്പ് നൽകുകയുമാണെങ്കിൽ, നിശ്ചയം അല്ലാഹു ധാരാളം പൊറുക്കുന്നവനും കാരുണ്യവുമാകുന്നു. നിശ്ചയം നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലം”(ഖുർആൻ 64: 14,15)

കുടുംബം ഒരാൾക്ക് പരീക്ഷണമായി മാറുന്നത് പ്രധാനമായും രണ്ട് തരത്തിലായിരിക്കുമെന്ന് ഈ വചനത്തെ വിശദീകരിക്കുമ്പോൾ ഇസ്ലാമിക പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഒന്ന്,അല്ലാഹു എൽപ്പിച്ച കുടുംബ നായകത്വമെന്ന ഉത്തരവാദിത്വം കൃത്യമായി ചെയ്തുതീർക്കുന്നതിനു പകരം കുടുംബത്തെ സ്നേഹിക്കാതെയും, മാന്യമായ ഉപജീവനവും പരിരക്ഷയും നൽകാതിരിക്കുമ്പോഴുണ്ടാവുന്ന പരലോകത്തെ ശിക്ഷ. രണ്ട്, അല്ലാഹുവിന്റെ വിധിവിലക്കുകളെ വിലമതിക്കുകയോ, മറ്റുള്ളവരുടെ അവകാശ ബാധ്യതകളെക്കുറിച്ച് ഓർക്കുകയോ ചെയ്യാത്ത വിധം ഭാര്യയോടും മക്കളോടുമുള്ള സ്നേഹത്തിൽ കെട്ടു പിടഞ്ഞു പോവുകയും ഭാര്യയും മക്കളും അയാളെ സ്നേഹത്തിന്റെ കയറിൽ കുടുക്കി കഠിന ശത്രുക്കൾക്കുപോലും സാധിക്കാത്ത വിധം നാശത്തിന്റെ പാതയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്യുക എന്നാണ്.രണ്ടിനും മധ്യേയുള്ള മാർഗം സ്വീകരിക്കാൻ ഒരു കുടുംബ നാഥന് സാധിക്കേണ്ടതുണ്ട്. ഇസ്ലാമികാന്തരീക്ഷമുള്ള ഒരു ഗാർഹിക ചുറ്റുപാട് നിർമ്മിച്ചാൽ ഈ പരീക്ഷണത്തിൽ വിജയിക്കുവാൻ സാധിക്കും. കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയുംഭൗതിക പുരോഗതിയിൽ എത്രത്തോളം ശ്രദ്ധയൂന്നുന്നുവോ അതിലപ്പുറം അനശ്വരലോകത്തെ മോക്ഷത്തിനു വേണ്ടി പരിശ്രമിക്കാൻ ഒരു പുരുഷന് കഴിയേണ്ടതുണ്ട്.

സ്ത്രീയുടെ/ഭാര്യയുടെ കടമകൾ

1. ബഹുമാനം, അനുസരണം

വെള്ളമൊഴിക്കുമ്പോള്‍ ഉണർവോടെ തല ഉയർത്തി നിൽക്കുന്ന ചെടികളെ കണ്ടിട്ടില്ലേ അതുപോലെയാണ് പുരുഷന്മാർക്കു ബഹുമാനം. ഭാര്യയുടെ അടുത്തു നിന്നു ഒരല്പം ബഹുമാനം കിട്ടിയാല്‍ മതി അതയാളെ വല്ലാതെ ഉന്മേഷവാനാക്കും.

ഭർത്താവിനോടുള്ള അനുസരണം, ബഹുമാനം എന്നിവ ഒരു സ്ത്രീയുടെ സ്വർഗനരകങ്ങൾ നിർണയിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്.
ഒരിക്കൽ ഒരു സ്ത്രീയോട് പ്രവാചകൻ (സ) പറഞ്ഞു: “ഭർത്താവ് നിന്റെ സ്വർഗവും നരകവുമാണ്”(അഹ്മദ്).

മാതാപിതാക്കളുടെ പക്കൽ നിന്ന് എത്രവലിയ അനിഷ്ടകരമായ സംഭവങ്ങൾ കണ്ടാലും ബഹുമാനത്തിന്റെയും ആദരവിന്റെയും അനുസരണത്തിന്റെയും പരിധിയിൽ നിന്നു കൊണ്ടായിരിക്കും മക്കൾ അവരെ തിരുത്തുക. അതേ സമീപനമായിരിക്കണം ഒരു ഭാര്യക്ക് തന്റെ ഭർത്താവിനോടുണ്ടാവേണ്ടതെന്നാണ് ഇസ്ലാമിക വീക്ഷണം.

ആയിശ(റ)യിൽ നിന്ന് നിവേദനം: സ്ത്രീക്ക് ഏറ്റവും കൂടുതൽ കടപ്പാട് ആരാണെന്ന് അന്വേഷിച്ചപ്പോൾ അവിടുന്ന് അരുൾചെയ്തു: “തന്റെ ഭർത്താവിനോട് “.ഞാൻ ചോദിച്ചു പുരുഷന് ഏറ്റവുമധികം ബാധ്യത ആരോടാണ് തിരുമേനി(സ) പറഞ്ഞു: “മാതാവിനോട്”(ഹാകിം).

പ്രവാചകൻ പറയുന്നു: ഒരു മനുഷ്യനോട് മറ്റൊരാൾക്ക് സാഷ്ടാംഗം ചെയ്യാൻ ഞാൻ ആജ്ഞാപിക്കുമായിരുന്നെങ്കിൽ സ്ത്രീയോട് തന്റെ ഭർത്താവിന് സുജൂദ് ചെയ്യാൻ കൽപിക്കുമായിരുന്നു”(തിർമുദി)

വിശുദ്ധഖുർആൻ സദ് വൃത്തകളുടെ സവിശേഷതകൾ വിവരിക്കവെ പറഞ്ഞു: “ഉത്തമ വനിതകൾ അനുസരണ സ്വഭാവമുള്ളവരും രഹസ്യങ്ങൾ സൂക്ഷിക്കുന്നവരുമാണ്”(ഖുർആൻ: 4:34).

2. സംതൃപ്തിപ്പെടുത്തൽ

ദാമ്പത്യ ജീവിതത്തിലെ പ്രധാന ലക്ഷ്യം സംതൃപ്തിയും മന:സമാധാനവും ലഭിക്കുക എന്നതാണ്. അതിനാൽ ഭാര്യ ഭർത്താവിനെ പരമാവധി സംതൃപ്തനാക്കാൻ ശ്രമിക്കണം.
പ്രവാചകൻ (സ) പറഞ്ഞു: “ഏതെങ്കിലും ഒരു സ്ത്രീ മരിക്കുമ്പോൾ അവളുടെ ഭർത്താവ് അവളെ സംബന്ധിച്ച് സംതൃപ്തനായിരിക്കുന്നുവെങ്കിൽ അവൾ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്” (തിർമുദി).

പ്രവാചകൻ (സ) മറ്റൊരിക്കൽ അരുളി: ഒരാൾ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിക്കുകയും അവൾ വിസമ്മതം കാണിക്കുകയും അതിന്റെ പേരിൽ അവളോട് കോപിച്ച നിലയിൽ രാത്രി കഴിച്ചു കൂട്ടുകയും ചെയ്താൽ പ്രഭാതംവരെ മലക്കുകൾ അവളെ ശപിച്ചു കൊണ്ടിരിക്കും”(ബുഖാരി, മുസ്ലിം).

നബി പറഞ്ഞു: “ഭർത്താവ് തൻറെ ഭാര്യയെ ആവശ്യത്തിന് വിളിച്ചാൽ അവൾ അടുക്കളയിൽ ആയിരുന്നാൽ പോലും ചെന്നു കൊള്ളട്ടെ”(തിർമുദി, നസാഈ).

ഭാര്യയുടെ അശ്രദ്ധകാരണം ഭർത്താവും ഭർത്താവിന്റെ അശ്രദ്ധകാരണം ഭാര്യയും അവിഹിതത്തിലേക്ക് നീങ്ങുവാൻ ഇടയാകരുത് എന്ന നിർബന്ധ താല്പര്യം ഉള്ളതുകൊണ്ടാണ് ഇസ്ലാം ഈ വിഷയം ഇത്ര കണിശമായും കർക്കശമായും സൂചിപ്പിക്കുന്നത്.വ്യത്യസ്ത അഭിരുചികളും താല്പര്യങ്ങളുമുള്ള ആളായിരിക്കും ഭർത്താവ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ തിരിച്ചറിയാൻ ഭാര്യക്ക് സാധിച്ചാൽ വസന്തം വിരിയുന്ന ഇണജീവിതത്തിന് അത് കാരണമാകും. ഭാര്യയുടെ വികാരത്തെ മനസ്സിലാക്കുവാൻ ഭർത്താവിനും കഴിയണം.

നബി(സ) പറഞ്ഞു: “ഒരു സ്ത്രീ അവളുടെ ഭർത്താവിന്റെ താല്പര്യങ്ങൾ നിർവഹിച്ചു കൊടുക്കാതെ അല്ലാഹുവിനോടുള്ള ബാധ്യതകൾ നിർവഹിച്ചവളാവുകയില്ല”(ഹാക്കിം).

3. വീടിന്റെ ആഭ്യന്തര നിയന്ത്രണം

വീടുമായി ബന്ധപ്പെട്ട ബാഹ്യമായ കാര്യങ്ങൾ നടത്തേണ്ടത് പുരുഷനാണെങ്കിൽ ആഭ്യന്തര കാര്യങ്ങളുടെ നിർവ്വഹണം സ്ത്രീയുടെ ബാധ്യതയാണ്.
പ്രവാചകൻ പറഞ്ഞു: “സ്ത്രീ ഭർത്താവിന്റെ വീടിന്റെയും കുട്ടികളുടെയും ഭരണാധികാരിയാണ്. അവളുടെ പ്രജകളെക്കുറിച്ച് അവൾ വിചാരണ ചെയ്യപ്പെടുന്നതാണ്”(ബുഖാരി,മുസ്‌ലിം)

സ്വന്തം ശരീരത്തെയും ഭർത്താവിന്റെ സമ്പത്തിനെയും തിൻമകളിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്നതു തന്നെയാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ ആഭ്യന്തര മേഖലയിൽ അവൾക്ക് പ്രധാനമായും ശ്രദ്ധിക്കാനുള്ളത്. ആരുമായും ഇടപഴകാനുള്ള സൗകര്യം വിരൽതുമ്പിലുള്ള പുതിയകാലത്ത് തന്റെ ശരീരവും മനസും പ്രിയതമനല്ലാതെ മറ്റാർക്കും ഒരു രൂപത്തിലും പങ്കുവെക്കില്ല എന്ന് ഉറപ്പ് വരുത്താൻ ഭാര്യക്ക് കഴിയണം.അതേപോലെ വിഭവ വിനിയോഗ രംഗത്ത് ധനം അല്ലാഹുവിന്റേതാണ്, അതെവിടുന്ന് കിട്ടി, എങ്ങനെ ചെലവഴിച്ചു എന്നീ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മരണശേഷം ഒരാൾക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന പ്രവാചകന്റെ താക്കീത് മുറുകെപ്പിടിക്കാനും സാധിക്കണം.

4. മക്കളുടെ വിദ്യാലയമാവുക

ഒരു സ്ത്രീയുടെ ഏറ്റവും വലിയതും മഹത്വമേറിയതുമായ പ്രത്യേകത അവളുടെ മാതൃത്വം തന്നെയാണ്.
ഭൂമിയിലെ ഏറ്റവും മഹിതമായ കാര്യവും മാതൃത്വമാണ്‌. അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ദനായ തിയോഡര്‍ റൈക്ക്‌ ‘സ്ത്രീപുരുഷന്മാരര്ക്കി ടയിലെ വൈകാരിക വൈജാത്യങ്ങള്‍’ എന്ന കൃതിയില്‍ മാതൃത്വത്തില്‍ അഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു :”ധൈഷണികരംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമന്യേ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട്‌ അനുഗ്രഹീതരാണ്‌. ഞങ്ങളില്ലെങ്കില്‍ മനുഷ്യരാശിയുടെ വേരുപോകും. കാരണം. മക്കൾക്കു ജന്മം നൽകുന്നത് ഞങ്ങളാണ്‌. വരും തലമുറയുടെ സാന്നിദ്ധ്യം അതു വഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു.”

മക്കളെ പ്രസവിക്കുവാനും വളർത്തുവാനുമുള്ള ശാരീരികവും മാനസികവു മായ കഴിവുകൾ ചെറുപ്രായം മുതൽ തന്നെ പെൺകുട്ടിയിൽ സജ്ജീകരിച്ചുകൊണ്ടിരിക്കും. ആ കഴിവുകൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്നതാണ് സ്ത്രീ ജീവിതത്തിന്റെ ഏറ്റവും വലിയ വിജയം. ആ വിജയം സാക്ഷാത്കരിക്കണമെങ്കിൽ, അഥവാ മക്കൾ ഇഹത്തിലും പരത്തിലും ഉപകരിക്കണമെങ്കിൽ ഗർഭധാരണം മുതൽ അവർക്ക് പ്രായപൂർത്തിയാവുന്നത് വരെ മതാവിന്റെ പരിപൂർണ്ണ പരിചരണവും ശ്രദ്ധയും അത്യന്താപേക്ഷിതമാണ്.

നബി (സ) പറഞ്ഞു: “സന്മാർഗത്തിലാക്കുന്നത് അല്ലാഹുവാണ്. മര്യാദ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്”(ബുഖാരി).

ഏതൊരാളുടെയും ആദ്യ വിദ്യാലായം വീടാണല്ലോ. പ്രഥമ ഗുരു മാതാവും. അവരില്നിെന്ന്‌ ലഭിക്കുന്ന അറിവും അഭ്യാസങ്ങളും അനുഭവങ്ങളും ജീവിതാന്ത്യം വരെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുതന്നെ മനുഷ്യരാശിയുടെ സ്വഭാവനിര്ണലയം നടത്തുന്നതും ഗതി നിശ്ചയിക്കുന്നതും മാതാവെന്ന സ്ത്രീയാണ്‌. അങ്ങനെ വരുമ്പോള്‍ സ്ത്രീ സമൂഹത്തെയും പൊതുജീവിതത്തെയും പൂര്ണ്മായി നിയന്ത്രിക്കുന്ന ശക്തികേന്ദ്രമായി മാറുന്നു.

മലയാളത്തിന്റെ പ്രശസ്ത കവിയായിരുന്ന ഒളപ്പമണ്ണയുടെ വരികൾ:
“ഒക്കെയും കണ്ടുമടങ്ങുമ്പോഴല്ലോ
മക്കളെ നിങ്ങൾ അറിഞ്ഞിടുന്നു
നാടായ നാടൊക്കെ കണ്ടുവെന്നാകിലും
വീടാണ് ലോകം വലിയ ലോകം”.
‘മസ്കൻ’ എന്ന പദമാണ് വീടിന് ഖുർആൻ പ്രയോഗിച്ചിട്ടുള്ളത്.മനസ്സിന് സ്വസ്ഥതയും സമാധാനവും സന്തോഷവും പകർന്നുകൊടുക്കുന്ന ഇടം എന്ന് സാരം. സമാധാനം,ശാന്തി എന്നൊക്കെ അഭിധാനമുള്ള മതത്തിന്റെ അനുയായികൾ ആ മത നിർദേശങ്ങൾ മാർഗദർശനമാക്കിയ കുടുംബാന്തരീക്ഷം സൃഷ്ടിച്ചെടുത്താൽ ആ വീട് ഈ ഭൂമിയിലെ സ്വർഗമായി അനുഭവപ്പെടും.തീർച്ച.

print

3 Comments

  • GOOD WRITING

    ASHIK MANJERI 11.03.2019
  • 👏👏👏👏👏👏 ഉഷാർ…

    Firoz shinu 15.06.2019
  • വളരെ പഠനാർഹം, കാലോചിതം

    കുഞ്ഞിമുഹമ്മദ് 07.06.2020

Leave a comment

Your email address will not be published.