യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -2

//യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -2
//യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -2
മതതാരതമ്യ പഠനം

യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -2

Print Now

λόγoς (ലോഗൊസ്=വചനം)

യോഹന്നാന്‍ സുവിശേഷം ആരംഭിക്കുന്നത്, ”ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തിന്റെ കൂടെയായിരുന്നു. വചനം ദൈവമായിരുന്നു” എന്ന വാക്യം കൊണ്ടാണ്. അത് ഒന്നാം അദ്ധ്യായം ഒന്നാം വാക്യമായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ വാക്യത്തിലെ λόγoς (ലോഗോസ്) അല്ലങ്കില്‍ ‘വചനം’ എന്ന പദത്തിന് അമിതപ്രാധാന്യം നല്‍കി അത് യേശുവില്‍ ആരോപിച്ച് മിഷണറിമാര്‍ യേശുവിനെ ദൈവ പദവിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വാക്യത്തിലെ ‘വചനം’ എന്ന പദംകൊണ്ട് ബൈബിള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഈ പദത്തെ സംബന്ധിച്ച് ബൈബിള്‍ പണ്ഡിതന്‍മാരുടെ അഭിപ്രായമെന്താണ്? ‘വചനം’ എന്ന പദവും യേശുവിന്റെ ദൈവത്വവുമായി എന്തെങ്കിലും ബന്ധമുണ്ടോ? തുടങ്ങിയവയെ സംബന്ധിച്ച് ബൈബിളിന്റെയും ബൈബിള്‍ പണ്ഡിതന്‍മാരുടെ ഉദ്ധരണികളുടെയും വെളിച്ചത്തില്‍ ചര്‍ച്ചചെയ്യാം.

ലോഗൊസിനെ പറ്റി ബൈബിള്‍ വിജ്ഞാനകോശം പറയുന്നു: ‘ക്രിസ്തുവിന് മുമ്പ് 560 ല്‍ എഫസോസുകാരനായ ഹെറാക്ലീറ്റസാണ് ആദ്യമായി ഈ പദമുപയോഗിച്ചത്. യവന പശ്ചാത്തലത്തില്‍ ലോഗൊസിന് അതിപ്രധാനമായ സ്ഥാനമുണ്ട്. പ്രപഞ്ചത്തില്‍ വ്യാപരിക്കുന്ന താളാത്മകശക്തിയായിട്ടാണ് ഹെറാക്ലീറ്റസ് ലോഗൊസിനെ വിവക്ഷിച്ചത്. എന്നാല്‍ ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ രൂപപ്പെട്ട സ്റ്റോയിക് തത്വചിന്തകര്‍ അതിന് പരമപ്രധാനമായ സ്ഥാനം നല്‍കി. പ്രപഞ്ചത്തിലെ സകലതും നയിക്കുന്നതും നിയന്ത്രിക്കുന്നതും ലോഗൊസാണെന്ന് അവര്‍ പഠിപ്പിച്ചു. ഈ വിജ്ഞാനപാരമ്പര്യത്തില്‍ ലോഗൊസ് മനുഷ്യനില്‍ സ്ഥിതിചെയ്യുന്ന ബുദ്ധിശക്തിയോ പ്രപഞ്ചവ്യവസ്ഥ ക്രമീകരിക്കുന്ന ശക്തിയോ ആണ്. പ്ലേറ്റോ (ക്രി.മു 429-347) ഹെറാക്ലീറ്റസിന്റെ പ്രാപഞ്ചിക ക്രമീകരണത്തിനുപരിയായി യുക്തിസഹജമായ വിശകലനത്തെയും വ്യാഖ്യാനത്തെയും ലോഗൊസ്‌കൊണ്ടു സൂചിപ്പിച്ചു. അരിസ്റ്റോട്ടിലാകട്ടെ, നിര്‍വ്വചനം, അനുപാതം എന്നീ അര്‍ത്ഥത്തിലും പ്ലേറ്റോയെപോലെ യുക്തിസഹജമായ ചിന്തയേയും ഈ വാക്കുകൊണ്ടര്‍ത്ഥമാക്കി. മനുഷ്യനെ മറ്റുജീവജാലങ്ങളില്‍നിന്ന് വിഭിന്നവും ശ്രേഷ്ഠവുമാക്കുന്നത് ലോഗൊസാണെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. സ്റ്റോയിക് ദര്‍ശനത്തിന്റെ ഉപജ്ഞാതാവായ സെനോ (Zeno of Citium ക്രി.മു 335-283) വായു, തീ, ആത്മാവ് എന്നിവയായി ലോഗൊസ് വിവക്ഷിച്ചു. അരിസ്‌റ്റോട്ടിലിനും പ്ലേറ്റോക്കും മാനുഷിക യുക്തിചിന്ത, ഭൗമികമായപ്രാപഞ്ചിക യുക്തിചിന്തയ്ക്ക് അതീതമാണ്. സ്റ്റോയിക്കുകള്‍ക്ക് മാനുഷികമായ ലോെഗാസ് ആത്മാവിന്റെ ഭരണതത്വത്തിന്റെ ഭാഗവും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നതുമാകുന്നു’.(6)

ലോഗൊസിനെ സംബന്ധിച്ച് ബി. സി കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന തത്വചിന്തകന്‍മാരുടെ അഭിപ്രായങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. അവരാരും തന്നെ ദൈവീക അരുൾപ്പാടിലൂടെ അല്ലെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ഉരുവിട്ടതോ, രേഖപ്പെടുത്തിയതോ ആയ വാക്കുകളല്ല അത്. അവരുടെ മസ്തിഷ്‌കത്തില്‍ നിന്നും രൂപംകൊണ്ട അവരുടേതായ ചിന്തകളാണ്. ഈ ഉദ്ധരണികള്‍ യോഹന്നാനെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ബൈബിള്‍ വിവര്‍ത്തകനായ മോണ്‍ തോമസ് മുത്തേടന്‍ പറയുന്നത്. യോഹന്നാന്‍ 1:1 വചനത്തെ സംബന്ധിച്ച് അദ്ദേഹം പറയുന്നു: ‘പ്ലോട്ടിനസ്സിന്റെ നൂതന പ്ലേറ്റോണിയന്‍ സിദ്ധാന്തം യോഹന്നാന് ഉപോല്‍ബലകമായിരിക്കാം’.(7)

λόγoς അല്ലെങ്കില്‍ ‘വചനം’ എന്ന പദത്തിന് ‘പറയപ്പെട്ട വാക്ക്’ എന്നും ‘ഒരു പ്രസംഗം’ എന്നും അര്‍ത്ഥമുണ്ട്. ദൈവത്തെ സംബന്ധിച്ച വചനം എന്നത് ദൈവം അരുള്‍ച്ചെയ്ത ഒരു കാര്യത്തെയും ദൈവം നല്‍കിയ വെളിപാടിനെയും ദൈവേഷ്ടത്തെ വെളിപ്പെടുത്തുന്ന വേദവാക്യങ്ങളെയും കുറിക്കുന്നു. പുതിയനിയമത്തില്‍ ലോഗൊസ് എന്ന പദം ഏകദേശം 331 പ്രാവശ്യം ആവര്‍ത്തിക്കുന്നതായി കാണാം. ‘ലോഗൊസ്’ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത് യോഹന്നാന്‍ സുവിശേഷത്തിലാണ്. അവിടങ്ങളിലെല്ലാം ഈ പദം പ്രയോഗിച്ചിട്ടുള്ളത് നപുംസകാര്‍ത്ഥത്തിലാണ്. എന്നാല്‍ ബൈബിള്‍ വ്യാഖ്യാതാക്കള്‍ 1:1 വചനത്തിലെ ‘ലോഗൊസ്’ നെ യേശുവില്‍ ആരോപിക്കുന്നതിന് പുല്ലിംഗമാക്കാന്‍ ശ്രമിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കാരണം, യോഹന്നാന്‍ സുവിശേഷത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള വചനങ്ങള്‍ അതിന് സാക്ഷ്യം നില്‍ക്കുന്നുണ്ട്. അത് ശേഷം വിശദമാക്കാം. മിഷണറിമാര്‍ യോഹന്നാന്‍ 1:1 വചനം വക്രീകരിച്ചുകൊണ്ട് യേശുവിനെ ദൈവമാക്കുവാന്‍ ശ്രമിക്കുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ ബൈബിള്‍ പണ്ഡിതന്‍മാര്‍ ആ വാദത്തെ പൂര്‍ണമായി അംഗീകരിക്കുന്നില്ല. വേദപുസ്തക ഭാഷ്യം പറയട്ടെ!

‘വചനം ദൈവത്തിന്റെ സത്തതന്നെയെങ്കിലും ദൈവത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നില്ല. പ്രഥമവും പ്രധാനവുമായി ദൈവം സ്വയം വെളിപ്പെടുത്തുന്നവനാണ്. വചനം ദൈവത്തിന്റെ സ്വയം വെളിപാടാണ്. എന്നാല്‍ ഈ സ്വയം വെളിപാടും ദൈവവുമായി സമ്പൂര്‍ണൈക്യബന്ധം സ്ഥിതിചെയ്യുന്നു.’(8)

നാല്‍പത്തിയെട്ട് വേദപണ്ഡിതന്‍മാര്‍ ചേര്‍ന്ന് എഴുതിയ ബൈബിള്‍ നിഘണ്ടുവിലെ ലോഗൊസുമായി ബന്ധപ്പെട്ട ഒരു ഉദ്ധരണിയാണ് മേല്‍ സൂചിപ്പിച്ചത്. അവര്‍ ലോഗൊസിനെ ദൈവമായി അംഗീകരിക്കുന്നില്ല. കാര്യം ഇതൊക്കെയാണെങ്കിലും ക്രൈസ്തവലോകം ഭൂരിപക്ഷവും യേശുവിനെ ദൈവമായി വിശ്വസിക്കുന്നു.

ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് ബൈബിള്‍ കൊണ്ടാണെന്ന് മിഷണറിമാര്‍ പ്രത്യേകിച്ചും പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ പറയുന്നു. ഒരര്‍ത്ഥത്തില്‍ അത് വാസ്തവവുമാണ്. എങ്കില്‍ യേശുവിന്റെ ദൈവത്വം സ്ഥാപിക്കുവാന്‍ അവര്‍ കൊണ്ടുവരുന്ന ബൈബിള്‍ വചനങ്ങള്‍ മറ്റ് വചനങ്ങള്‍കൊണ്ട് സമര്‍ത്ഥിക്കാന്‍ കഴിയുമോ? ഇല്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ യേശുവിന്റെ ദൈവത്വത്തിനായി അവര്‍ കൊണ്ടുവരുന്ന വചനങ്ങള്‍ മറ്റ് ബൈബിള്‍ വചനങ്ങള്‍കൊണ്ട് ഖണ്ഡിച്ച് യേശുവിന്റെ മനുഷ്യത്വത്തിനുള്ള തെളിവായി സമര്‍ത്ഥിക്കാന്‍ കഴിയും.

”ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തിന്റെ കൂടെയായിരുന്നു. വചനം ദൈവമായിരുന്നു.” ഈ വാക്യത്തില്‍ λόγoς (logos=വചനം) എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. ഈ വാക്യം യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമാണുള്ളത്. അതിലെ ‘ലോഗൊസ്’ അല്ലെങ്കില്‍ ‘വചനം’ സത്യദൈവമാണ് അല്ലെങ്കില്‍ പ്രപഞ്ചസ്രഷ്ടാവാണ് എന്ന് യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമല്ല, ബൈബിളില്‍ എവിടെയും പറയുന്നില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ മിഷണറിമാര്‍ വ്യാഖ്യാനിച്ച്; അല്ല, ദുര്‍വ്യാഖ്യാനിച്ച് ദൈവമാക്കുവാന്‍ ശ്രമിക്കുകയാണ് പതിവ്. ആ വചനത്തെ അവര്‍ എത്രത്തോളം വ്യാഖ്യാനിക്കുന്നുവോ അത്രത്തോളം സങ്കീര്‍ണ്ണതയില്‍ അകപ്പെടുന്നതായി കാണാം. അത് കാണുക.

1:1 വാക്യത്തിലെ ‘ലോഗൊസ്’ ദൈവം അല്ലെങ്കില്‍ യേശുവാണ് എന്നാണല്ലോ അവരുടെ സങ്കല്‍പം. എങ്കില്‍ 1:1 വാക്യത്തിലെ ‘വചനം’എന്ന് വരുന്ന സ്ഥാനത്തെല്ലാം ‘ദൈവം’ എന്ന് ചേര്‍ത്ത് വായിക്കുക:

”ആദിയില്‍ ദൈവം ഉണ്ടായിരുന്നു. ദൈവം ദൈവത്തിന്റെ കൂടെയായിരുന്നു. ദൈവം ദൈവമായിരുന്നു”. എത്രത്തോളം ഭോഷത്വമാണത്.അതുകൊണ്ടാണ് സങ്കീര്‍ണ്ണതയില്‍ അകപ്പെടുമെന്ന് പറഞ്ഞത്. ഈസങ്കീര്‍ണ്ണതയ്ക്ക് കാരണം ബൈബിള്‍ വിവര്‍ത്തകരുടെ കൈക്രിയയാണ്. അഥവാ പരിഭാഷയില്‍ അവര്‍ കൃത്രിമം കാണിച്ചു എന്ന് സാരം. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍ ഗ്രീക്ക് മൂലം പരിശോധിക്കേണ്ടിയിരിക്കുന്നു. 1:1 വാക്യത്തിന്റെ ഗ്രീക്ക് മൂലവും അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും കാണുക. (താഴെ കൊടുത്ത ഗ്രീക്ക് മൂലം Alfred Marshall വിവർത്തനം ചെയ്ത The Interlinear KJV – NIV Parallel New Testament In Greek and English ബൈബിളിൽ നിന്നാണ് എടുത്തിട്ടുള്ളത്). കൂടുതൽ മനസ്സിലാക്കുവാൻ ഈയുള്ളവൻ എഴുതി ദഅവാ ബുക്സ് പ്രസിദ്ധീകരിച്ച യേശു മനുഷ്യനോ ദൈവമോ ? എന്ന പുസ്തകത്തിലെ 35-ആം പേജ് പരിശോധിക്കുക.

Ἐν ἀρχῆ ἧν ὁ λόγoς, καὶ ὁ λόγoς ἧν πρὸς
τὸν θεόν, καὶ θεός ἧν ὁ λόγoς.

ഗീക്ക് മൂലത്തിന്റെ ഉച്ചാരണം, ‘എന്‍ അര്‍കീ ഏന്‍ ഹൊ ലോഗൊസ്, കൈ ഹൊ ലോഗൊസ് ഏന്‍ പ്‌റൊസ് റ്റൊന്‍ തെഓന്‍, കൈ തെഒസ് ഏന്‍ ഹൊ ലോഗൊസ്’ എന്നാണ്. ഗ്രീക്ക്മൂലത്തിലെ ഓരോ വാക്കിന്റെയും അര്‍ത്ഥം കാണുക:

Ἐν(എന്‍)=In, ἀρχῆ(അര്‍കീ)=beginning, ἧν(ഏന്‍)=was, (ഹൊ)=the, λόγoς(ലോഗൊസ്)= word, καὶ(കൈ)=and, (ഹൊ)=the, λόγoς(ലോഗൊസ്)=word, ἧν(ഏന്‍)=was, πρὸς(പ്‌രോസ്)= with, τὸν θεόν (റ്റൊന്‍ തെഓന്‍)= God, καὶ(കൈ)=and, θεός(തെഒസ്)=God, ἧν(ഏന്‍)=was (ഹൊ)=the, λόγoς(ലോഗൊസ്)=word.  ഇതില്‍ തെഒസ് എന്ന പദത്തിന് ‘God’ എന്നല്ല അര്‍ത്ഥം കൊടുക്കേണ്ടത്. അത് തെറ്റായ വിവര്‍ത്തനമാണ്. ‘a god’ എന്നാണ് അവിടെ പരിഭാഷപ്പെടുത്തേണ്ടത്. അത് താഴെ സമര്‍ത്ഥിക്കുന്നുണ്ട്.

ഗ്രീക്ക് മൂലത്തില്‍ അടിവരയിട്ട പദം നോക്കുക. ‘വചനം ദൈവത്തിന്റെ കൂടെയായിരുന്നു’ എന്നിടത്ത് ‘ദൈവം’ എന്ന പദത്തിന്റെ ഗ്രീക്ക് രൂപം τὸν θεόν (Ton Theon) എന്നാണ്. ആ പദത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം ‘The God’ അല്ലെങ്കില്‍ ‘God’ അഥവാ ‘സത്യദൈവം’ എന്നാണ്. τὸν θεόν (Ton Theon) എന്ന പദത്തിലെ τὸν(Ton) എന്നത് Definite article ആണ്. ഇംഗ്ലീഷില്‍ ‘The’ യുടെ ഉപയോഗമാണതിനുള്ളത്. (ഗ്രീക്ക് ഭാഷയില്‍ indefinite article ഇല്ല, Definite article മാത്രമേയുള്ളു).

θεός ἧν ὁ λόγoς (തെഒസ് ഏന്‍ ഹൊ ലോഗൊസ്) അഥവാ ‘വചനം ദൈവമായിരുന്നു’ എന്ന ഭാഗത്ത് ‘ദൈവം’ എന്ന പദത്തിന്റെ ഗ്രീക്ക്‌രൂപം θεός (Theos) എന്നാണ്. ഇവിടെ θεός (Theos) എന്ന പദത്തിന് article ഇല്ലാത്തതിനാല്‍ അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ ‘god’ അല്ലെങ്കില്‍ ‘a god’ എന്നാണ് കുറിക്കേണ്ടത്.

ഗ്രീക്ക് മൂലത്തില്‍ τὸν θεόν (Ton Theon) ന് താഴെ ‘God’ എന്ന് കൊടുത്തിട്ടുള്ള പദം ശരിയായ പരിഭാഷയാണ്. എന്നാല്‍ ഗ്രീക്ക്മൂലത്തിലെ രണ്ടാം ഭാഗത്ത് θεός (Theos) ന് താഴെ ‘God’ എന്ന് കൊടുത്തത് ഗ്രീക്ക് ഗ്രാമറനുസരിച്ച് തെറ്റായ വിവര്‍ത്തനമാണ്.

മറ്റൊരു ഗ്രീക്ക് മൂലമായ ‘The Emphatic Diaglott containing Original Greek Text’ (Greek-English Interlinear Bible) ല്‍ യോഹന്നാന്‍ 1:1 വചനം രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്. (മേൽ സൂചിപ്പിച്ചതു പോലെ യേശു മനുഷ്യനോ ദൈവമോ എന്ന പുസ്തകത്തിലെ 36 -ആം പേജ് പരിശോധിക്കുക.)

Ἐν ἀρχῆ ἧν ὁ Λόγoς, καὶ ὁ Λόγoς ἧν πρὸς
τὸν Θεόν, καὶ θεός ἧν ὁ λόγoς.

Ἐν(എന്‍)=In, ἀρχῆ(അര്‍കീ)=beginning, ἧν(ഏന്‍)=was, (ഹൊ)=the, Λόγς(ലോഗൊസ്)= word, καὶ(കൈ)=and, (ഹൊ)=the, Λόγoς(ലോഗൊസ്)=word, ἧν(ഏന്‍)=was, πρὸς(പ്‌രോസ്)= with, τὸν Θεόν(റ്റൊന്‍ തെഓന്‍)= God, καὶ(കൈ)=and, θεός(തെഒസ്)=a god, ἧν(ഏന്‍)=was ὁ(ഹൊ)=the, Λόγoς(ലോഗൊസ്)=word.ഗ്രീക്ക് മൂലത്തില്‍ അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിക്കുക τὸν θεόν (Ton Theon) എന്ന പദത്തിന് താഴെ ‘God’ എന്ന് പരിഭാഷപ്പെടുത്തി. അത് ശരിയായ വിവര്‍ത്തനമാണ്. കാരണം θεόν (Theon) എന്ന പദത്തിനൊപ്പം τὸν (Ton) എന്ന ആര്‍ട്ടിക്കിള്‍ ഉണ്ട്. ഗ്രീക്ക് മൂലത്തില്‍ അടിവരയിട്ട രണ്ടാമെത്ത പദം നോക്കുക. θεός (Theos) എന്നാണ്. അതിന് താഴെ ‘a god’ എന്ന് വിവര്‍ത്തനം ചെയ്തു. ശരിയായ പരിഭാഷയാണത്. കാരണം θεός (Theos) എന്ന പദത്തിന് ‘article’ ഇല്ല. ഗ്രീക്ക് ഗ്രാമറനുസരിച്ച് ആര്‍ട്ടിക്കിള്‍ ഇല്ലാതെ വരുന്ന പദം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ആ പദം ‘ചെറിയ അക്ഷരത്തില്‍’ തുടങ്ങിക്കൊണ്ട് അതില്‍ ‘a’ അല്ലെങ്കില്‍ ‘an’ ചേര്‍ക്കുകയാണ് നിയമം. യോഹന്നാന്‍ 1:1 വചനത്തെ സംബന്ധിച്ച് ‘The Elements of New Testament Greek’ (Greek Grammar Book) പറയുന്നു:

‘In ancient manuscripts which did not differentiate between capital and small letters, there would be no way of distinguishing between Θεος (‘God’) and θεός (‘god’). Therefore as far as grammar alone is concerned, such a sentence could be printed: θεος ἐστιν ὁ Λογος which would mean either, ‘The Word is a god’, or, ‘The Word is the god’. The interpretation of John 1:1 will depend upon whether or not the writer is held to believe in only one God or in more than one god. It will be noticed that the above rules for the special uses of the difinite article are none of them rigid and without exceptions. It is wiser not to use them as a basis for theological argument until the student has reached an advaced stage in the knowledge of the language. (9)

മേല്‍ സൂചിപ്പിച്ച The Elements of New Testament Greek ലെ വിവരണപ്രകാരം θεός ἧν ὁ λόγoς (തെഒസ് ഏന്‍ ഹൊ ലോഗൊസ്) എന്ന വാക്യത്തെ ‘The word was a god’ എന്ന്തന്നെയാണ് പരിഭാഷപ്പെടുത്തേണ്ടത്. അഥവാ യോഹന്നാന്‍ 1:1 ലെ θεός (Theos) എന്ന പദത്തെ ‘a god’ എന്ന് വിവര്‍ത്തനം ചെയ്യണമെന്ന് സാരം.

പുരാതന കൈയെഴുത്ത് പ്രതികളെല്ലാം Uncials അഥവാ capital letters ല്‍ ആണ് എഴുതപ്പെട്ടത്. Codex Vaticanus, Codex Cinaticus, Codex Alexandrians തുടങ്ങിയ കൈയെഴുത്ത് പ്രതികള്‍ (Anciant-Greek-Manuscripts) Uncials വിഭാഗത്തില്‍പ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടോടുകൂടിയാണ് ഗ്രീക്കില്‍ ചെറിയക്ഷര ലിപികള്‍ (Cursives letters=Small letters) രൂപം കൊണ്ടത്. ഈ ലിപികളില്‍ എഴുതപ്പെട്ട കയ്യെഴുത്ത് പ്രതികളെ Cursives അല്ലെങ്കില്‍ Minucules ലിഖിതങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ പുസ്തകത്തില്‍ കൊടുത്തിട്ടുള്ള ഗ്രീക്ക് മൂലങ്ങള്‍ Cursives വിഭാഗത്തില്‍പെട്ടതാണ്.

യോഹന്നാന്‍ 1:1 വചനം New world Translation Holy Scriptures (English Bible) വിവര്‍ത്തനം ചെയ്തിട്ടുള്ളത് ഇപ്രകാരമാണ്.
”In the begining the Word was, and the Word was with God, and Word was a god”.
ഇത് ഗ്രീക്ക് മൂലത്തോട് യോജിച്ചുപോകുന്ന ഒരു വിവര്‍ത്തനമാണ്. അത് മലയാളത്തില്‍ ഇപ്രകാരം പരിഭാഷപ്പെടുത്താം.

”ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തിന്റെ കൂടെയായിരുന്നു, വചനം ഒരു ദേവനായിരുന്നു”. എന്നാല്‍ KJV, NIV, RSV തുടങ്ങിയ ഇംഗ്ലീഷ് ബൈബിളുകളെല്ലാം ”In the begining the Word was, and the Word was with God, and Word was God” എന്നാണുള്ളത്. അത് ഗ്രീക്ക്മൂലത്തിന് വിരുദ്ധമായ വിവര്‍ത്തനമാണ്.

കത്തോലിക്കസഭയുടെ POC ബൈബിള്‍, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പ്രൊട്ടസ്റ്റന്റുകാരുടെ സത്യവേദപുസ്തകം, C.R.L സൊസൈറ്റി (ഓശാന മൗണ്ട് ഇടമറ്റം) പ്രസിദ്ധീകരിക്കുന്ന ഓശാന ബൈബിള്‍ തുടങ്ങിയ മലയാള ബൈബിളുകള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത് ”ആദിയില്‍ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തിന്റെ കൂടെയായിരുന്നു, വചനം ദൈവമായിരുന്നു” എന്നാണ്. ഈ ബൈബിളുകളെല്ലാം വചനം ‘ഒരു ദേവന്‍ (a god) ആയിരുന്നു’ എന്നതിന് പകരം വചനം ‘ദൈവം (God) ആയിരുന്നു’ എന്ന് കൈക്രിയനടത്തി എന്നതാണ് വസ്തുത.

എന്നാല്‍ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച Good News, Today`s English Version Bible യോഹന്നാന്‍ 1:1 വചനം വളരെ വിചിത്രമായിട്ടാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അത് കാണുക:

”Before the world was created, the Word already existed; he was with God and he was the same as God”.

അഥവാ ”ലോകം സൃഷ്ടിക്കുന്നതിന് മുമ്പ് വചനം നിലനിന്നിരുന്നു; അവന്‍ ദൈവത്തിന്റെ കൂടെയായിരുന്നു. അവന്‍ ദൈവത്തെ പോലെയായിരുന്നു.”

മറ്റൊരു വിചിത്ര വിവര്‍ത്തനം The New English Bible ല്‍ കൊടുത്തിരിക്കുന്നത് കാണുക:

”When all things began, the Word already was. The Word dwelt with God, and what God was, the Word was” എന്നാണത്.

ഇവിടെ ‘what God was, the Word was’ എന്ന പ്രയോഗം ‘Word was God’ എന്ന വചനത്തിന്റെ അര്‍ത്ഥത്തേടു യോചിച്ചു പോകുന്നു.
യഥാര്‍ത്ഥത്തില്‍ . λόγoς (logos=word) അല്ലെങ്കില്‍ ‘വചനം’ കൊണ്ട്‌ ബൈബിള്‍ എന്താണ് ഉദ്ദേശിക്കുന്നത്? അത് പറയേണ്ടത് ബൈബിള്‍ തന്നെയാണ്. ബൈബിള്‍ വചനങ്ങളെ വ്യാഖ്യാനിക്കേണ്ടത് ബൈബിള്‍ കൊണ്ടാണെന്ന് ക്രൈസ്തവര്‍ പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്റ്‌സഭാ വിഭാഗങ്ങള്‍ പറയാറുണ്ട്. അതുകൊണ്ട് λόγoς (logos) എന്ന പദത്തെ ബൈബിള്‍കൊണ്ട് തന്നെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.

ഗ്രീക്ക് മൂലത്തിന്റെ അടിസ്ഥാനത്തില്‍ യോഹന്നാന്‍ 1:1 വചനം അവസാനിക്കുന്നത് θεός ἧν ὁ λόγoς (തെഒസ് ഏന്‍ ഹൊ ലോഗൊസ്) അഥവാ ‘The word was a god’ എന്ന വാക്യം കൊണ്ടാണല്ലൊ. ‘a god’ എന്ന പദത്തിന്റെ സ്ഥാനത്ത് θεός (തെഒസ്) എന്നാണുള്ളത്. θεός ന് ‘ദേവന്‍’ അല്ലങ്കില്‍ ‘ഒരു ദൈവം’ അഥവാ, ‘പല ദൈവങ്ങളില്‍ ഒരു ദൈവം’ എന്നാണ് അര്‍ത്ഥമുള്ളത്. അതോടൊപ്പം ‘പ്രവാചചകന്‍’ എന്ന് കൂടി അതിന് അര്‍ത്ഥമുണ്ടെന്ന് ബൈബിള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ഉദാഹരണമായി യോഹന്നാന്‍ 10:34-35 വചനങ്ങള്‍ നോക്കുക:

”Jesus answered them, ”Is it not written in your law, ” I said, you are gods? If he called them ‘gods’, to whom the word of God came…”. അതിന്റെ മലയാള വിവര്‍ത്തനം കാണുക:

”യേശു അവരോട്: ‘നിങ്ങള്‍ ദേവന്‍മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്‍മാര്‍ എന്നുപറഞ്ഞു”.ദൈവത്തിന്റെ അരുളപ്പാട് (the word of God) ഉണ്ടായിട്ടുള്ളവരെയാണല്ലൊ പ്രവാചകന്‍മാര്‍ എന്ന് പറയുന്നത്. ആ പ്രവാചകന്മാരെ ‘gods’ അല്ലെങ്കില്‍ ‘ദേവന്‍മാര്‍’ എന്നാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യോഹന്നാന്‍ 10:34,35 ന്റെ ഗ്രീക്ക് മൂലം കാണുക:  (താഴെ കൊടുത്ത ഗ്രീക്ക് മൂലം Alfred Marshall വിവർത്തനം ചെയ്ത The Interlinear KJV – NIV Parallel New Testament In Greek and English ബൈബിളിൽ നിന്നാണ് എടുത്തിട്ടുള്ളത്. Interlinear verses മനസ്സിലാക്കുവാൻ യേശു മനുഷ്യനോ ദൈവമോ ? എന്ന പുസ്തകത്തിലെ 39 -ആം പേജ് നോക്കുക).

Ἐγὠ εἶπα, θεοί  ἐστε;  Εἰ  ἐκείνους  εἶπεν  θεοὺς, πρὸς οὓς ὁ λόγος
τοῦ θεοῦ ἐγένετο, καὶ οὐ-δύναται λυθῆναι ἡ γραφή,

ഗ്രീക്ക് മൂലത്തില്‍ അടിവരയിട്ട പദങ്ങള്‍ നോക്കുക. അടിവരയിട്ട ഒന്നാമത്തെ θεοί (തെഒയ്) എന്ന പദത്തിന് താഴെ ‘gods’ എന്ന് വിവര്‍ത്തനം ചെയ്തിരി ക്കുന്നു. θεός (തെഒസ്) എന്ന പദത്തിന്റെ ബഹുവചനമാണ് θεοί (തെഓയ്). അടിവരയിട്ട രണ്ടാമത്തെ പദം നോക്കുക. Θεούς (തെഊസ്) എന്നാണത്. അതിന് താഴെയും ‘gods’ എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നു. θεός (തെഒസ്) എന്ന പദത്തിന്റെ മറ്റൊരു ബഹുവചനരൂപമാണ് θεούς (തെഊസ്). അതുകൊണ്ട് ‘വചനം ഒരു ദേവനായിരുന്നു’ എന്നത് യേശുവിന്റെ ദൈവത്വത്തിന് തെളിവല്ല. മറിച്ച് ഒരു പ്രവാചകനായിട്ടാണ് ആ വാക്യം നമ്മെ പരിചയപ്പെടുത്തുന്നത്. യോഹന്നാന്‍ 10:34-35 വചനത്തോട് 1:1 വചനം കൂട്ടിവായിക്കുമ്പോള്‍ അത് സ്പഷ്ടമാകുകയും ചെയ്യുന്നു.

പുതിയനിയമവും പഴയനിയമവും അടിമുടി പരിശോധിച്ചാല്‍ ‘വചനം’, ‘ദൈവത്തിന്റെ വചനം’, യഹോവയുടെ അല്ലെങ്കില്‍ ‘കര്‍ത്താവിന്റെ വചനം’ എന്നിങ്ങനെയുള്ള നിരവധി പരാമര്‍ശങ്ങള്‍ കാണാം. ബൈബിളിന്റെ വെളിച്ചത്തില്‍ യോഹന്നാന്‍ 1:1 ലെ ‘വചനം’ എന്നതു കൊണ്ടുദ്ദേശിക്കുന്നത് പ്രവാചകനെയാണെന്ന് മനസ്സിലായി. ‘വചനം’ എന്ന പദം മറ്റെന്തിനെയെല്ലാം സൂചിപ്പിക്കുന്നു എന്നുകൂടി പരിശോധിക്കാം.

മത്തായി സുവിശേഷം 13:19 ല്‍ യേശു പറയുന്നു: ”രാജ്യത്തിന്റ വചനം കേട്ടിട്ടു മനസ്സിലാകാതിരിക്കുന്നവനില്‍നിന്ന് അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് ദുഷ്ടന്‍ വന്ന് അപഹരിച്ചിരിക്കുന്നു.” ഇവിടെ വചനം ദൈവരാജ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഫിലിപ്പിയര്‍ 1:14 ല്‍ പറയുന്നു:

”മിക്കസഹോദരന്‍മാര്‍ക്കും എന്റെ ബന്ധനം നിമിത്തം കര്‍ത്താവില്‍ ആത്മധൈര്യം ലഭിച്ചതുകൊണ്ട് ഭയം കൂടാതെ ദൈവവചനം പ്രസംഗിക്കാന്‍ അവര്‍ കൂടുതല്‍ സന്നദ്ധരായിരിക്കുന്നു.” ഇവിടെ ലോഗൊസ് ദൈവത്തിന്റെ വാക്കുകളെ സൂചിപ്പിക്കുന്നു. വെളിപാട് പുസ്തകം 1:9ല്‍, ”നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവ വചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മാസ് എന്ന ദ്വീപിലായിരുന്നു”. ഇവിടെയും ദൈവത്തിന്റെ വചനത്തെയാണ് സൂചിപ്പിക്കുന്നത്. യേശുവിനെ വേറിട്ട് കാണിക്കുകയും ചെയ്യുന്നു.

യേശു പറയുന്നു: ”നീ അവരെ എനിക്കു തന്നു; അവര്‍ നിന്റെ വചനം പ്രമാണിച്ചിരിക്കുന്നു. നീ എനിക്കു തന്നതെല്ലാം നിന്റെ പക്കല്‍ നിന്നാകുന്നു എന്ന് അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. നീ എനിക്ക് തന്ന വചനം ഞാന്‍ അവര്‍ക്ക് കൊടുത്തു. അവര്‍ അത് കൈക്കൊണ്ട് ഞാന്‍ നിന്റെ അടുക്കല്‍നിന്ന് വന്നിരുന്നു എന്ന് സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു” (യോഹന്നാന്‍ 17:68). ”ഞാന്‍ അവനെ അറിയുകയും അവന്റെ വചനം പാലിക്കുകയും ചെയ്യുന്നു”(യോഹ 8:55).

ഈ വാക്യങ്ങള്‍ വളരെ ശ്രദ്ധേയമാണ്. കാരണം, വെളിപാടിലൂടെ ദൈവം യേശുവിന് കൊടുത്ത ‘വചനം’ അഥവാ ഉപദേശങ്ങള്‍ അല്ലെങ്കില്‍ അധ്യാപനങ്ങള്‍ തന്റെ അപ്പോസ്തലന്മാര്‍ക്കും മറ്റു വിശ്വാസികള്‍ക്കും എത്തിച്ചു കൊടുക്കുകയും അതവര്‍ ഉള്‍കൊള്ളുകയും താന്‍ ദൈവത്താല്‍ അയക്കപ്പെട്ടവനാണെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്തുവെന്ന് യേശു സത്യമിട്ട് പറയുകയാണിവിടെ. അത് പോലെ ദൈവത്തിന്റെ ‘വചനം’ (ലോഗൊസ്) പാലിച്ചു ജീവിക്കുന്നവനാണെന്ന് യേശു സ്വയം പറയുകയും ചെയ്യുന്നു. ഗ്രീക്കു മൂലത്തില്‍ ‘വചനം’ എന്ന് വരുന്ന ഭാഗങ്ങളിലെല്ലാം ‘ലോഗൊസ്’ അഥവാ ‘വചനം’ എന്നാണുള്ളത്. അതുകൊണ്ട് യോഹന്നാന്‍ 1:1 വാക്യം യേശുവിന്റെ ദൈവത്വത്തിന് തെളിവല്ല.

യോഹന്നാന്‍ 1:14 ല്‍ “വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു” എന്ന് കാണാം. അത് യേശുവിന്റെ മനുഷ്യാവതാരത്തെ അഥവാ ദൈവം മനുഷ്യനായി അവതരിച്ചു എന്നതിനെ സൂചിപ്പിക്കുന്നുവെന്നാണ് ക്രൈസ്തവ ഭാഷ്യം. വചനം എന്ന പദം ദൈവത്തെയല്ല സൂചിപ്പിക്കുന്നതെന്ന് 1:1 വചനത്തിന്റെ വിവരണത്തില്‍ നിന്നും മനസ്സിലാക്കി. എങ്കില്‍ 1:14 ലെ വചനം കൊണ്ടുദ്ദേശിക്കുന്നത് എന്താണ്?

യോഹന്നാന്‍ 1:14 വചനവും സങ്കീര്‍ത്തനം 33:6 വചനവും ചേര്‍ത്ത് വായിക്കുക. സങ്കീര്‍ത്തനത്തില്‍ പറയുന്നു: ”യഹോവയുടെ വചനത്താല്‍ ആകാശം നിര്‍മ്മിക്കപ്പെട്ടു.” അപ്പോള്‍ എന്താണ് ‘വചനം’? ‘ഉണ്ടാകട്ടെ’ എന്നതാണ് വചനമെന്ന് ജൂതക്രൈസ്തവ വേദഗ്രന്ഥം പറയുന്നു. ഉല്‍പത്തി ഒന്നു മുതല്‍ മുപ്പത്തിയൊന്ന് വരെയുള്ള വാക്യങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യന്‍ ഉള്‍പ്പെടെയുളള പ്രപഞ്ചത്തിലെ സര്‍വ്വവസ്തുക്കളും ‘ഉണ്ടാകട്ടെ’ എന്ന് ദൈവം പറഞ്ഞപ്പോള്‍ അവ ഇല്ലായ്മയില്‍നിന്നും ഉണ്ടായി എന്ന് സമര്‍ത്ഥിക്കുന്നത് കാണാം.

ബെബിള്‍ പറയുന്നു: ”ദൈവം അരുള്‍ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ അപ്പോള്‍ വെളിച്ചം ഉണ്ടായി” (ഉല്‍പത്തി1:3). ജലമധ്യത്തില്‍ ഒരുവിതാനം (ആകാശം) ഉണ്ടാകട്ടെ” (ഉല്‍പത്തി1:6). അപ്പോള്‍ വിതാനം അഥവാ ആകാശം ഉണ്ടായി. ”ദൈവം വീണ്ടും അരുള്‍ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ” അപ്പോള്‍ അവയുണ്ടായി (ഉല്‍പത്തി 1:14). ”വെള്ളത്തില്‍ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ: ഭൂമിയുടെ മീതെ ആകാശവിതാനത്തില്‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്‍പിച്ചു”(ഉല്‍പത്തി 1:20). അപ്പോള്‍ ജലജന്തുക്കളും പറവകളും ഉണ്ടായി. അങ്ങനെ നിലത്തെ മണ്ണ്‌കൊണ്ട് ദൈവം മനുഷ്യനെ രൂപപ്പെടുത്തി. ആദം എന്ന മനുഷ്യനുണ്ടായി. ആദമും യേശുവും ദൈവത്തിന്റെ വചനങ്ങളാണ്. അതുപോലെ ആകാശം, ഭൂമി, സൂര്യചന്ദ്രനക്ഷത്രാദികള്‍, നാല്‍ക്കാലികള്‍, ഇഴജന്തുക്കള്‍, പറവകള്‍, ഇവയെല്ലാം തന്നെ ‘ഉണ്ടാകട്ടെ’ എന്ന ദൈവത്തിന്റെ വചനമാണ്.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:”അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഈസായെ (യേശുവിനെ) ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്റെ രൂപം) മണ്ണില്‍നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകു എന്ന് പറഞ്ഞപ്പോള്‍ ഇതാ (ആദം) ഉണ്ടാകുന്നു”(3:59).

”അവള്‍ (മറിയം) പറഞ്ഞു: എന്റെ രക്ഷിതാവെ, എനിക്ക് എങ്ങനെയാണ് ഒരു കുട്ടി ഉണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലൊ. അല്ലാഹു പറഞ്ഞു: അതങ്ങനെതന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അത് ഉണ്ടാകുന്നു” (3:47). അപ്രകാരം ‘ഉണ്ടാകൂ’ എന്ന ദൈവത്തിന്റെ വചനത്തിലൂടെ യേശു ഉണ്ടായി, ബൈബില്‍ ഭാഷയില്‍ ‘വചനം മാംസമായി’.

ദൈവത്തിന് അസാദ്ധ്യമായി ഒന്നും തന്നെ ഇല്ലായെന്ന് ക്വുര്‍ആനും ബൈബിളും ഒരുപോലെ അംഗീകരിക്കുന്നു. യേശുവിന്റെ അമ്മയായ മറിയയോട് മാലാഖ പറയുന്നു: “ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ” (ലൂക്ക് 1:37).

അതുകൊണ്ട് ആദവും യേശുവും ദൈവത്തിന്റെ വചനമാണ്; ‘ഉണ്ടാവുക’ എന്ന വചനം. യോഹന്നാന്‍ ഒന്നാം അദ്ധ്യായം ഒന്നാം വാക്യത്തിലെ ‘വചനം’ ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രവാചകനെയാണ് സൂചിപ്പിക്കുന്നത്.

(തുടരും)

കുറിപ്പ്

6. ബൈബിള്‍ വിജ്ഞാനകോശം, ഏകവാല്യ വേദപുസ്തക നിഘണ്ടു, പുറം 890-891.

7. വിശുദ്ധഗ്രന്ഥം; സുവിശേഷം, മോണ്‍ തോമസ് മുത്തേടന്‍ പുറം 176.

8. വേദപുസ്തകഭാഷ്യം, ദൈവശാസ്ത്ര സാഹിത്യസമിതി പ്രസിദ്ധീകരണം, പുറം 910.

9. The Elements of New Testament Greek, J. W. Wenham, Cambridge, Page no 35.

1 Comment

  • ചരിത്ര ഗ്രന്ഥങ്ങൾ പഠിക്കാൻ സാധിക്കാത്തവർക്ക് വളരെ ഉപകാരപ്രദമാണ് ഈ ലേഖനങ്ങൾ.

    Ibrahim cm 03.07.2019

Leave a comment

Your email address will not be published.