ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം

//ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം
//ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം
ചരിത്രം

ഫാത്വിമ(റ): പ്രവാചക(സ്വ)ന്റെ റൈഹാൻ പുഷ്പം

Print Now
പേര്: ഫാത്വിമ (റ)
ഓമനപ്പേര്: സഹ്റാ
പിതാവ്: മുഹമ്മദ് ബ്നു അബ്ദില്ലാഹ് (സ്വ)
മാതാവ്: ഖദീജ ബിൻത് ഖുവൈലിദ് (റ)
ഭർത്താവ്: അലി ഇബ്ന് അബീത്വാലിബ് (അ)
മക്കൾ: അൽ ഹസൻ, അൽ ഹുസൈൻ, ഉമ്മുകുല്‍സൂം, സൈനബ്
ഹസനും ഹുസൈനും: പ്രവാചക തിരുമേനിയുടെ രണ്ട് സൗഗന്ധികങ്ങൾ!
സ്വർഗ യുവാക്കളുടെ രണ്ടു നായകന്മാർ!
ഫാത്വിമ ബിൻത് മുഹമ്മദ്: മുഹമ്മദ് നബി(സ്വ)യുടെ നാലാമത്തെ മകളായി അവർ ജനിച്ചു.
മൂത്ത മകൾ സൈനബ്
രണ്ടാമത്തെ മകൾ റുക്വയ്യ
മൂന്നാമത് ഉമ്മു കുല്‍സൂം
തന്റെ പിതാവ് പ്രവാചകനായി നിയോഗിതനാകുന്നതിനും അഞ്ചു വർഷം മുമ്പാണ് ഫാത്വിമ (റ) ജനിക്കുന്നത്; മക്കയിൽ.
നാലു മക്കളിൽ പ്രവാചകനോട് ഏറെ മുഖസാമ്യം ഫാത്വിമ (റ) ക്കായിരുന്നു.
ഫാത്വിമ (റ) യോട് പ്രവാചകന് അനിർവചനീയമായ വാത്സല്യവുമായിരുന്നു.
ഫാത്വിമ (റ) യെ പ്രവാചകൻ (സ്വ), എന്റെ കരള്‍ക്കഷ്ണമേ എന്ന് സ്നേഹപൂർവം വിളിക്കുമായിരുന്നു.
അവരെ കാണുമ്പോഴൊക്കെ പ്രവാചകന് അതിരറ്റ സന്തോഷമായിരുന്നു. ഏറ്റവും ഇളയ മകളായതു കൊണ്ടാകാം. മറ്റു പെൺമക്കളെല്ലാം വിവാഹം കഴിഞ്ഞു പോയതു കൊണ്ടുമാകാം. നബി (സ്വ) ഫാത്വിമ (റ) യെ അങ്ങേയറ്റം സ്നേഹിച്ചു. ലാളിച്ചു. പരിഗണിച്ചു.
പെൺമക്കൾ ഓരോ വീട്ടിലേയും തുളസിപ്പൂക്കളാണ്. അകം നിറയെ സുഗന്ധം പൊഴിക്കുന്ന തുളസിപ്പൂക്കൾ!
തന്റെ കരള്‍ക്കഷ്ണമായ മകൾ ഫാത്വിമ (റ) പുഞ്ചിരിതൂകി കടന്നു വന്നപ്പോൾ, തന്നിലേക്കടുപ്പിച്ചു നിർത്തി, ആ നെറ്റിത്തടം മണത്തു കൊണ്ട് പ്രവാചക തിരുമേനി (സ്വ) പറഞ്ഞു: ഇതെന്റെ സുഗന്ധം പൊഴിക്കുന്ന തുളസിപ്പൂ, ഇവളുടെ ഉപജീവനം അല്ലാഹുവിങ്കലാണ്.
ഇവളുടെ ഉപജീവനം അല്ലാഹുവിലാണ് എന്ന് പ്രവാചകൻ പറഞ്ഞത്, സ്വന്തം മകളോടുള്ള സ്നേഹ പ്രകടനത്തിനു മാത്രമായിട്ടാകാൻ തരമില്ല.
തന്റെ ചുറ്റുമുള്ളവർ കേൾക്കാൻ.
പെൺകുഞ്ഞ് എന്ന് കേൾക്കുന്ന മാത്രയിൽ മനംപിരട്ടലനുഭവപ്പെട്ടിരുന്ന സമൂഹം അറിയാൻ.
പെൺകുഞ്ഞുങ്ങളെ അല്ലാഹുവിനും ആൺകുഞ്ഞുങ്ങളെ തങ്ങൾക്കുമായി വീതംവെച്ചെടുത്ത ജനതയെ ശക്തമായൊരു സന്ദേശം പഠിപ്പിക്കാൻ.
അങ്ങനെ, കാടുപിടിച്ച സ്വന്തം ധാരകണളെ തിരുത്താൻ! ഇതിനൊക്കെയാകണം. അതെ, ഇതിനൊക്കെത്തന്നെയാണെന്ന് പെൺകുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രവാചക ശ്രേഷ്ഠൻ നൽകിയ സാരോപദേശങ്ങൾ വായിച്ചാൽ നമുക്ക് ബോധ്യപ്പെടും.
പെൺകുഞ്ഞ് അപമാനമല്ല, അവൾ അധിക ബാധ്യതയുമല്ല. പെൺകുഞ്ഞുങ്ങളെ ലഭിച്ചവർ അനുഗൃഹീതരാണ്. പിതാവിന്റെ സ്വർഗ പ്രവേശനത്തിന് ഹേതുവാകുന്നവരാണ് പെൺമണികൾ. പ്രവാചക മൊഴികൾ അത് പറഞ്ഞു തരുന്നുണ്ട്.
ആയിശ (റ) നിവേദനം. നബി (സ്വ) അരുളി: പെൺകുഞ്ഞുങ്ങളാൽ ഏതെങ്കിലും തരത്തിൽ പരീക്ഷിക്കപ്പെടുകയും അതിൽ ക്ഷമിക്കുകയും ചെയ്തവന്, അവർ നരകാഗ്നിയിൽ നിന്നുള്ള സുരക്ഷയായി തീരുന്നതാണ്. (തിർമിദി)
പെൺകുഞ്ഞിന്റെ ജനനം ജീവിതത്തിന്റെ അപശകുനമായി വിശ്വസിച്ച അറേബ്യൻ ജനതയുടെ മനസ്സിൽ ആശയുടേയും പ്രതീക്ഷയുടേയും കിരണമായി അവരെ പ്രതിഷ്ഠിച്ചത് മഹാനായ പ്രവാചകനാണ്. നബി ശിഷ്യൻ ഉഖ്ബത്ത് ബ്നു ആമിർ (റ) നബി (സ്വ) യിൽ നിന്നും ശ്രവിച്ച ഒരു തിരുമൊഴി നിവേദനം ചെയ്തത് ഇപ്രകാരമാണ്.
മൂന്ന് പെൺമക്കളുള്ള ഒരാൾ അവരെ പോറ്റാനുള്ള അധ്വാനത്തിൽ ക്ഷമിക്കുകയും, അന്ന പാനീയങ്ങളൂട്ടിയും, ആവശ്യമായ വസ്ത്രങ്ങൾ നൽകിയും അവരെ സുരക്ഷിതമായി വളർത്തുകയും ചെയ്താൽ, അന്ത്യനാളിൽ അവന് ആ മൂന്ന് പെൺമക്കളും നരകാഗ്നിയിൽ നിന്നുള്ള സുരക്ഷാ കവചമായി വർത്തിക്കുന്നതാണ്. (ഇബ്നു മാജ)
സത്യമായിട്ടും ഇത് സത്യം മാത്രം പറയുന്ന പ്രവാചകന്‍റെ വാക്കാണ്.
അല്ലാഹുവില്‍ നിന്ന് ലഭ്യമാകുന്ന വഹിയ്യനുസൃതം മാത്രം കാര്യങ്ങളെ
വിശദീകരിക്കുന്ന പ്രവാചകന്‍! തന്നിഷ്ടത്തിനനുസരിച്ച് അവിടുന്നൊന്നും
മൊഴിയാറില്ല.
എന്‍റെയും നിങ്ങളുടെയും രക്തത്തില്‍ പിറന്ന ഒരേയൊരു പെണ്‍കുഞ്ഞ്
എനിക്കുണ്ടാക്കുന്ന നേട്ടത്തെ സംബന്ധിച്ചാണ് റസൂലിന്‍റെ സുവിശേഷം.
ഞാനവളെ പരിഗണിച്ചാല്‍, അവള്‍ക്കു വേണ്ട ശിക്ഷണങ്ങള്‍ നല്‍കിയാൽ,
അല്ലാഹുവിനേയും അവന്‍റെ ദീനിനേയും സംബന്ധിച്ച അറിവുകള്‍ പകര്‍ന്നു
നല്‍കിയാൽ, സ്വഭാവ നിഷ്ഠയോടെ വളര്‍ത്തി വലുതാക്കിയാല്‍, ചാരിത്ര്യ
ശുദ്ധിയോടെയും അഭിമാന ബോധത്തോടെയും ജീവിക്കാനുള്ള
മതപാഠങ്ങളേകിയാല്‍, ഞാന്‍ സ്വര്‍ഗവഴിയിലാണെന്ന് പഠിപ്പിക്കുന്നൂ, എന്‍റെ
പ്രവാചകന്‍(സ്വ).
പെണ്‍കുഞ്ഞുങ്ങളോട് അറേബ്യന്‍ സമൂഹത്തിനുണ്ടായിരുന്ന മനസ്ഥിതി
എന്തായിരുന്നൂ എന്ന് വിശുദ്ധ ഖുര്‍ആൻ വ്യക്തമാക്കിയത് വായിച്ചിട്ടില്ലെ?
തീര്‍ത്തും പ്രതിലോമകരം!
പെണ്‍കുഞ്ഞ്, അവള്‍;
അപമാനമായിരുന്നു
അപ:ശകുനമായിരുന്നു
പ്രാരാബ്ധമായിരുന്നു!
അതു കൊണ്ടു തന്നെ;
അവള്‍ അവഗണിക്കപ്പെട്ടു
അവള്‍ ജീവനോടെ കുഴിച്ചു മൂടപ്പെട്ടു
അവള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു
പെണ്‍കുഞ്ഞ് ജനിച്ചു എന്ന വാര്‍ത്ത കേള്‍ക്കുന്ന ഒരു ജാഹിലീ
അറബിയുടെ മനസ്സ് വിശുദ്ധ ക്വുര്‍ആൻ വരച്ചു കാണിച്ചിട്ടുണ്ട്.
അതിങ്ങനെയാണ്:
അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത
നല്‍കപ്പെട്ടാൽ കോപാകുലനായിട്ട് അവന്‍റെ മുഖം കറുത്തിരുണ്ട് പോകുന്നു.
അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍
ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ
വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ
(എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന
തീരുമാനം എത്ര മോശം! (നഹ്ല്‍: 58, 58)
ഹാ! എത്രമാത്രം സൗന്ദര്യമാണ് ഈ വരികള്‍ക്ക്!
എത്രമാത്രം ശക്തിയാണ് ഇതിലെ പ്രഖ്യാപനങ്ങള്‍ക്ക്!
എന്താണ് ആ സൗന്ദര്യവും ശക്തിയുമെന്നറിയാന്‍ ഒരിക്കല്‍കൂടി അവ
വായിച്ചു നോക്കണം;
ഒരു പെകുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാൽ…
അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തില്‍….
അതെ; പെണ്‍കുഞ്ഞിന്‍റെ ജനനം സന്തോഷവാര്‍ത്തയാണെന്ന് ആദ്യമായി
ലോകത്തെ ബോധ്യപ്പെടുത്തിയത് ഇസ്‍ലാമാണ്!
അപമാന ഭയത്താല്‍ പെണ്‍കുഞ്ഞിനെ കുഴിച്ചു മൂടാനെടുത്ത തീരുമാനം ‘എത്രമോശം’!’ എന്ന് ആണിന്‍റെ മുഖത്തു നോക്കി സഗൗരവം,
ശക്തമായിപ്പറഞ്ഞ മതവും ഇസ്‌ലാം തന്നെ!

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞

നമുക്ക് ഫാത്വിമയിലേക്കു തന്നെ വരാം. ചെറുപ്പത്തില്‍ തന്നെ അനിതര
സാധാരണമായ വ്യക്തിത്വമായിരുന്നു ഫാത്വിമയുടേത്. പ്രായമാകും മുമ്പെ
വാത്സല്യനിധിയായ ഉമ്മ മരണപ്പെട്ടു. മൂത്ത സഹോദരിമാര്‍
വിവാഹിതരായി വീടു വിട്ടു. ഫാത്വിമ തനിച്ച്.
ഉപ്പയുടെ തണലില്‍ അവര്‍ ജീവിച്ചു.
ഉപ്പക്കു തണലായി അവര്‍ ജീവിച്ചു.
ഏതു പ്രശ്നത്തേയും ധീരമായി നേരിടാനുള്ള അവരുടെ കഴിവ്
വേറെത്തന്നെയാണ്.
ചരിത്രത്തില്‍ ഒരു സംഭവമുണ്ട്. മുഹമ്മദു നബി(സ്വ) ഇസ്‍ലാമിക പ്രബോധനം
ആരംഭിച്ചിരിക്കുന്നു. രഹസ്യ പ്രബോധനം വിട്ട് പരസ്യമായ
പ്രബോധനത്തിലേക്ക് തിരുമേനി(സ്വ) പ്രവേശിച്ചു. സ്വന്തം കുടുംബത്തില്‍
നിന്ന് തുടങ്ങിയ ഉദ്ബോധനം അദ്ദേഹം നാട്ടുകാരിലേക്കും തിരിച്ചു.
അല്ലാഹുവിന്‍റെ ദൂതനാണ് താന്‍ എന്ന് ആളുകളെ അദ്ദേഹം അറിയിച്ചു
അല്ലാഹുവിനെ പരിചയപ്പെടുത്തി
അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി.
ബഹുദൈവാരാധന പ്രപഞ്ച സ്രഷ്ടാവിനോടുള്ള നന്ദികേടാണെന്നും,
അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് മനുഷ്യരുടെ ധര്‍മ്മമെന്നും
പ്രവാചകന്‍ അവരെ ഓര്‍മ്മപ്പെടുത്തി.
പക്ഷെ, ജനങ്ങള്‍ അദ്ദേഹത്തെ തെറ്റിധരിച്ചു.
തങ്ങളുടെ ആരാധ്യരെ മുഹമ്മദ് നിന്ദിക്കുകയാണ് എന്നവര്‍ ആരോപിച്ചു.
പിതാക്കളും പൂര്‍വികരും ആചരിച്ചു പോന്ന വിശ്വാസങ്ങളേയും
ആചാരങ്ങളേയും മുഹമ്മദ് ലംഘിക്കുകയാണെന്നും സമൂഹത്തില്‍
പുതിയൊരു കുഴപ്പത്തിന് കളമൊരുക്കുകയാണെന്നും അവര്‍ ആക്ഷേപിച്ചു.
പിന്നീടങ്ങോട്ട് മക്കയിലെ ബഹുദൈവാരാധകരില്‍ നിന്ന് മുഹമ്മദു നബിക്ക്
മര്‍ദ്ദനങ്ങളും ഉപദ്രവങ്ങളുമായിരുന്നു.
പ്രവാചകനോട് ശത്രുക്കള്‍ കാണിച്ച് അത്തരം ഉപദ്രവമുറയില്‍ നിന്നുമുള്ള
ഒരേടാണ്, മഹതി ഫാത്വിമ (റ) യെ പഠിക്കുമ്പോള്‍ നാം വായിക്കാന്‍
പോകുന്നത്.
പ്രവാചകന്‍ കഅബാലയത്തിന്‍റെ ചെരുവില്‍ നമസ്കരിക്കുകയാണ്.
കുറച്ചകലെ അത് നോക്കി നില്‍ക്കുകയാണ് ആറുപേരടങ്ങുന്ന ഒരു സംഘം.
അബൂജഹല്‍ ബ്ന്‍ ഹിഷാം
ഉത്ബത് ബ്ന്‍ റബീഅ
ശയ്ബത് ബ്ന്‍ റബീഅ
വലീദ് ബ്ന്‍ ഉത്ബ
ഉമയ്യത്ത് ബ്ന്‍ ഖലഫ്
ഉഖ്ബത്ത് ബ്ന്‍ അബീ മുഈത്വ്
അവര്‍ പരസ്പരം എന്തൊക്കെയോ പറയുകയാണ്.
അന്നതിന് ദൃക്ഷായായിരുന്ന അബ്ദുല്ലാഹി ബ്ന്‍ മസ്ഊദ്(റ) എന്ന
കൗമാരക്കാരന്‍ ആ സംഭവം വിവരിക്കുകയാണ്.
നബി തിരുമേനി (സ്വ) നമസ്കാരത്തിലാണ്. അതു കണ്ട അബൂ ജഹല്‍
കൂട്ടുകാരോടായി പറഞ്ഞു: ഇന്നലെ അറുത്ത ഒട്ടകത്തിന്‍റെ കുടല്‍ മാല
കൊണ്ടു വന്ന്, മുഹമ്മദ് സുജൂദ് ചെയ്യുമ്പോള്‍ അവന്‍റെ തോളില്‍
കൊണ്ടിടാന്‍ നിങ്ങളിലാര്‍ക്കാണ് ധൈര്യമുള്ളത്?
ഉഖ്ബത്തിനെ ചൂണ്ടി മറ്റുള്ളവര്‍ പറഞ്ഞു; അതിന് യോഗ്യന്‍ ഇതാ ഇവന്‍
തന്നെ. അവരൊന്നടങ്കം ഉഖ്ബത്തിന് ആവേശം കേറ്റി.
അവന്‍ നടന്നു. ഒട്ടകത്തിന്‍റെ കുടല്‍ മാല വലിച്ചിഴച്ചു കൊണ്ടു വന്ന്
സുജൂദില്‍ കിടക്കുകയായിരുന്ന പ്രവാചകന്‍റെ തോളില്‍ അതിനെയവന്‍
വലിച്ചിട്ടു!
ഭാരിച്ച ഒട്ടകക്കുടല്‍മാല.
പ്രവാചകന് എഴുന്നേല്‍ക്കാനാകുന്നില്ല.
ഇബ്നു മസ്ഊദ് നോക്കിനില്‍ക്കുകയാണ്
തന്‍റെ വിശുദ്ധനായ പ്രവാചകന്‍റെ കഴുത്തില്‍ ചീഞ്ഞ കൂടല്‍മാല ചാര്‍ത്തി
ആടിയും പാടിയും ചിരിക്കുകയാണ് കശ്മലന്മാര്‍
അതികായന്മാരായ ആ ദുഷ്ടന്‍മാരോട് എങ്ങനെ പ്രതിരോധിക്കാന്‍
സാധിക്കും വെറും കൗമാരക്കാരനായ തനിക്ക്. എന്‍റെ മനസ്സ് വല്ലാതെ
വേദനിച്ചു.
പ്രവാചകന്‍ സുജൂദില്‍ തന്നെയാണ്.
അപ്പോഴാണ് ഒരു ചാട്ടുളി കണക്കെ പ്രവാചകന്‍റെ പുത്രി ഫാത്വിമ (റ)
അവിടേക്ക് പാഞ്ഞെത്തുന്നത്. സംഭവം കണ്ട ആരോ ഒരാള്‍ അവരെ
പ്രസ്തുത സംഭവം അറിയിക്കുകയായിരുന്നു. അവര്‍ തന്‍റെ
പിതാവിനടുത്തേക്ക് ഓടിയടുത്തു.
തിരുമേനിയുടെ ചുമലിലെ ഒട്ടകക്കുടല്‍മാല അവര്‍ എടുത്തു മാറ്റി. അന്നവര്‍
അതു മാറ്റിയിടാന്‍ നന്നെ പണിപ്പെട്ടു കാണണം. വെറും പന്ത്രണ്ടൊ
പതിമൂന്നൊ വയസ്സുള്ള പെണ്‍കുട്ടിയാണ് അവരന്ന്.
പ്രവാചകന്‍ (സ്വ) നമസ്കാരം തുടര്‍ന്നു. ഫാത്വിമ(റ) നേരെ
അബൂജഹലിന്‍റെയും കൂട്ടരുടേയും അടുക്കലേക്ക് സധൈര്യം നടന്നു ചെന്നു.
ആടിപ്പാടി കളിയാക്കിച്ചിരിച്ച് മാറി നില്‍ക്കുന്ന ആ കശ്മലപ്പടയുടെ
മുഖത്തു നോക്കി ആ പെണ്‍ക്കുട്ടി കണക്കിനു പറഞ്ഞു. തന്‍റെ പിതാവിനെ
അന്യായമായി ദ്രോഹിച്ചതിന് അവരോട് കയര്‍ത്തു. അബൂജഹലിന് ആദ്യ
അനുഭവമായിരുന്നു അത്. ഫാത്വിമയുടെ കോപത്തിനു മുന്നില്‍ പകച്ചു
പോയ ആ കശ്മലസംഘം മെല്ലെ പിന്‍വലിഞ്ഞ് സ്ഥലം കാലിയാക്കി.
നബി തിരുമേനി (സ്വ) അപ്പോഴേക്കും തന്‍റെ നമസ്കാരം
പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.
ഫാത്വിമ പിതാവിനടുക്കേലക്ക് ചെന്നു.
പുറത്തും മുഖത്തുമുണ്ടായിരുന്ന മാലിന്യങ്ങള്‍ തുടച്ചു നീക്കി
ആ തിരുനെറ്റിയില്‍ സ്നേഹാദരവുകളുടെ ചുടുമുത്തങ്ങള്‍ നല്‍കി
തന്‍റെ കരള്‍ക്കഷ്ണത്തിന്‍റെ മുഖത്തേക്ക് പുഞ്ചിരിയോടെ
നോക്കുകയായിരുന്നു, പ്രവാചകനപ്പോള്‍
അപ്പോഴും ആ കുഞ്ഞു മുഖത്ത് കോപത്തിന്‍റെ കനല്‍ കത്തി
നില്‍ക്കുന്നുണ്ടായിരുന്നു!
നബി (സ്വ) ഒരു വേള തന്‍റെ തിരുകരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തി.
എന്നിട്ട്
ഇപ്രകാരം പ്രാര്‍ത്ഥിച്ചു:
അല്ലാഹുവേ, ഞാനിതാ അബൂജഹലിനെ, ഉത്ബയെ, ശയ്ബയെ, വലീദിനെ,
ഉമയ്യയെ, ഉഖ്ബയെ നിന്‍റെ കരങ്ങളിലേല്‍പ്പിക്കുകയാണ്.
അതെ, ഇതുമാത്രം ഇത്രമാത്രമായിരുന്നു പ്രവാചക തിരുമേനിയുടെ പ്രാര്‍ത്ഥന!
ശേഷം അദ്ദേഹം കഅബയുടെ ചാരത്തു നിന്നും എഴുന്നേറ്റു. തന്‍റെ
കരള്‍ക്കഷ്ണത്തിന്‍റെ കൈപിടിച്ച് വീട്ടിലേക്ക് പതുക്കെ നടന്നു.
ഫാത്വിമ; പക്വമതിയാണവര്‍, വ്രീളാമുഖിയാണവർ, സംസാര വിമുഖയാണവര്‍.
പക്ഷെ, അന്നാദ്യമായ് താനൊരു തികഞ്ഞ ധീരകൂടിയാണ്
എന്നറിയിക്കുകയായിരുന്നു മഹതി ഫാത്വിമ(റ).

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞

മുഹമ്മദ് നബി (സ്വ) മക്കക്കാരുടെ ഉപദ്രവങ്ങളില്‍ ഭയപ്പെട്ടു മാറിയില്ല.
അല്ലാഹു ഏല്‍പ്പിച്ച പ്രവാചകത്വമെന്ന ഉത്തരവാദിത്തം ഭയലേശമെന്യെ
അദ്ദേഹം നിര്‍വഹിക്കാൻ തന്നെ തീരുമാനിച്ചു.
ആരൊക്കെ സഹായികളായി കൂടെയുണ്ടാകും എന്ന് ആലോചിക്കാന്‍
നിന്നില്ല. അല്ലാഹു കൂടെയുണ്ടാകും എന്നു മാത്രം ഉറപ്പുണ്ട്.
ഇതിനകം തന്നില്‍ വിശ്വസിച്ച് ഇസ്‌ലാമിക മാര്‍ഗ്ഗത്തിൽ നിലകൊണ്ടവര്‍
വിരലിലെണ്ണാവുന്നവരേ ഉള്ളൂ.
രഹസ്യമായ പ്രബോധനം നിര്‍ത്തുവാനും സ്വന്തം കുടുംബാംഗങ്ങളോട്
ഇസ്‌ലാമിന്‍റെ മൗലിക ആദര്‍ശമായ ലാ ഇലാഹ ഇല്ലല്ലാഹ് തുറന്നു
പറയുവാനും അദ്ദേഹത്തോട് അല്ലാഹു കല്‍പ്പിച്ചു. ഖുര്‍ആനിലെ ആ
കല്‍പന ഇപ്രകാരമാണ്.
നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക. നിന്നെ പിന്തുടര്‍ന്ന
സത്യവിശ്വാസികള്‍ക്ക് നിന്‍റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക. ഇനി
അവര്‍ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങള്‍
പ്രവര്‍ത്തിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന് നീ പറഞ്ഞേക്കുക.
പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേല്‍പിക്കുകയും
ചെയ്യുക. (ശുഅറാഅ്: 214-217)
ഈ കല്‍പനയോടെയാണ് നബി (സ്വ) അതിന് തയ്യാറായത്.
അദ്ദേഹം തന്‍റെ കുടുംബത്തെ വിളിച്ചു
അടുത്ത കുടുംബാംഗങ്ങളെ മുഴുവന്‍ ക്ഷണിച്ചു
തുടര്‍ന്നദ്ദേഹം തന്‍റെ ഗോത്രബന്ധുക്കളെ മുഴുവന്‍ സംബോധനചെയ്തു.
ബനൂ കഅബ് ഗോത്രമേ, ബനൂ അബ്ദിമനാഫ് ഗോത്രമേ, ബനൂ ഹാശിം
ഗോത്രമേ, ബനൂ അബ്ദില്‍ മുത്തലിബ് ഗോത്രമേ, നിങ്ങള്‍ അല്ലാഹുവുമായി
നേരിട്ട് നിങ്ങളെ കച്ചവടം ചെയ്യുവീന്‍. അല്ലാഹുവില്‍ നിന്ന് വല്ലതും
നിങ്ങള്‍ക്ക് ചെയ്തു തരാന്‍ എനിക്ക് സാധ്യമല്ല. നിങ്ങളുടെ ശരീരങ്ങളെ
നരകാഗ്നിയില്‍ നിന്നും നിങ്ങള്‍ സംരക്ഷിക്കുവീന്‍.
പിതൃവ്യരായ അബൂത്വാലിബിനോടും അബ്ബാസിനോടും അമ്മായിയായ
സ്വഫിയ്യയോടുമായും അദ്ദേഹം ഇതു തന്നെ ആവര്‍ത്തിച്ചു.
പിന്നീടദ്ധേഹം തന്‍റെ കരള്‍ക്കഷ്ണമായ മകള്‍ ഫാത്വിമ (റ) യെ വിളിച്ചു
കൊണ്ട് ഇപ്രകാരം പറഞ്ഞു:
മുഹമ്മദിന്‍റെ പുത്രി ഫാത്വിമാ,
അല്ലാഹുവിന്‍റെ ദൂതന്‍റെ പുത്രി ഫാത്വിമാ,
നിന്‍റെ ശരീരത്തെ നരകത്തില്‍ നിന്നും നീ രക്ഷപ്പെടുത്തിക്കോളൂ, എന്‍റെ
ധനത്തില്‍ നിന്ന് നിനക്ക് ചോദിക്കാം, ഞാന്‍ നിനക്ക് തരുന്നതാണ്. പക്ഷെ,
അല്ലാഹുവില്‍ നിന്ന് നിനക്കായെന്തെങ്കിലും ചെയ്തുതരാന്‍
എനിക്കാകുന്നതല്ല. (തഫ്സീര്‍ അത്ത്വബരിയുടെ പ്രസ്തുത ആയത്തുകള്‍ക്കുള്ള
വിശദീകരണങ്ങള്‍ നോക്കുക)
സ്വന്തം കുടുംബത്തിലെ അന്നത്തെ ചെറു കണ്ണിയോടും ദൈവികമായ
ഉത്തരവാദിത്തം കണിശമായി നിര്‍വഹിക്കുകയായിരുന്നു പ്രവാചകന്‍.
പ്രവാചകനതു പറയുമ്പോള്‍ മഹതി ഫാത്വിമ(റ)
അവിശ്വാസിനിയൊന്നുമായിരുന്നില്ല. തന്‍റെ വാത്സല്യനിധിയായ ഉമ്മ
ഖദീജയോടൊപ്പംതന്നെ പിതാവിന്‍റെ പ്രവാചകത്വമംഗീകരിക്കുകയും
മുസ്‌ലിമയായി ജീവിതം തുടങ്ങുകയും ചെയ്ത വിശ്വാസിനിയായിരുന്നു
അവര്‍.
പക്ഷെ, പ്രവാചകനൊരു ഉദ്ദേശ്യമുണ്ടായിരുന്നു;
ഫാത്വിമ തന്‍റെ ഇളയ മകളാണ്
ഫാത്വിമ തനിക്കു പ്രിയങ്കരിയാണ്
ഫാത്വിമ തന്‍റെ കരള്‍ക്കഷ്ണമാണ്
ഫാത്വിമ തന്‍റെ റയ്ഹാനാണ്
എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണത്!
ആ ഫാത്വിമക്കു പോലും അല്ലാഹുവില്‍ നിന്ന് വല്ല ഉപകാരവും വാങ്ങി
നല്‍കാൻ പ്രവാചകനായ തനിക്ക് സാധ്യമല്ല എന്ന വസ്തുത
കുടുംബ-ഗോത്രാംഗങ്ങളെ മുഴുവന്‍ അദ്ദേഹത്തിന് അറിയിക്കണമായിരുന്നു.
ഇത് പ്രവാചകന്‍റെ രീതിയാണ്.
ലോകത്തെ ഒരു നേതാവും ശീലിച്ചിട്ടില്ലാത്ത രീതി…                                                                                                                                                                                                                                                          (തുടരും)

6 Comments

 • Masha Allah good article.

  Naseeb 18.03.2019
 • ماشاء الله

  Mubashira 18.03.2019
 • بارك الله فيكم اللهم علمتني بما ينفعني و ينفعني ماعلمتني

  അബുഅജ്മൽ എടപ്പാൾ 19.03.2019
 • Subhanallah 😍

  Afsal 20.03.2019
 • കണ്ണീരോടെല്ലാതെ വായിക്കുവാൻ കഴിയുന്നില്ല ആ കാലഘട്ടത്തിലെ ഉന്മത്തി ലക്ഷത്തിലൊരശംപോലും പ്രയാസം ഇന്നത്തെ ഉന്മത്തിനില്ല

  Haris TV 20.03.2019
 • الله اكبر الله اكبر ولله الحمد

  محمد باشا باركونام 20.03.2019

Leave a comment

Your email address will not be published.