നേതൃസ്ഥാനം ഉത്തരവാദിത്തമാണ്

//നേതൃസ്ഥാനം ഉത്തരവാദിത്തമാണ്
//നേതൃസ്ഥാനം ഉത്തരവാദിത്തമാണ്
ലീഡർഷിപ്പ്‌

നേതൃസ്ഥാനം ഉത്തരവാദിത്തമാണ്

Print Now
ഏതൊരു സംവിധാനങ്ങളുടെയും ശാസ്ത്രീയമായ നടത്തിപ്പിന്നാവശ്യമായ ഒന്നാണ് ശരിയായ  നേതൃത്വം എന്നത്. ഗുണപരമായ നേതൃത്വം നൽകുവാൻ ആളില്ലാതെ വരുമ്പോഴാണ് കുടുംബ ബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും സ്ഥാപനങ്ങളിലുമെല്ലാം പരാജയത്തിന്റെ കൈപ്പുനീർ ഉറവയായി മാറുന്നത്. നേതൃത്വം ഒരു ഉത്തരവാദിത്തമായി കാണുവാനും ആ ഉത്തരവാദിത്തനിർവഹണത്തിൽ പിഴവുകൾ സംഭവിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് മനസിലാക്കുവാനും  കഴിയുന്നവർക്കാണ് ജീവസുറ്റ നേതാക്കന്മാരായിത്തീരുവാൻ സാധിക്കുകയുള്ളു.

ഇസ്‌ലാം  അധികാരത്തെ വലിയ ഉത്തരവാദിത്തമായിട്ടാണ് കാണുന്നത്. ഓരോരുത്തരും വ്യത്യസ്‌ത മേഖലകളിൽ ഉത്തരവാദിത്തമുള്ളവരാണെന്നും ആ ഉത്തരവാദിത്തം പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണെന്നും പ്രവാചകൻ (സ) പഠിപ്പിക്കുന്നുണ്ട്. ഇബ്നു ഉമർ (റ) പറയുന്നു  നബി (സ) പറഞ്ഞതായി ഞാൻ കേട്ടിരിക്കുന്നു. നിങ്ങൾ ഓരോരുത്തരും ഉത്തരവാദിത്തമുള്ളവരാണ്. എല്ലാവരും അവരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്. ഒരാൾക്ക് അയാളുടെ കുടുംബത്തിൽ ഉത്തരവാദിത്തമുണ്ട് അതിനെ കുറിച്ച് ആയാൾ ചോദ്യം ചെയ്യപ്പടുന്നതാണ്.  ഒരു സ്‌ത്രീ ആവളുടെ ഭർതൃവീട്ടിലെ ഉത്തരവാദിത്തമുള്ളവളാണ് അതിനെകുറിച്ച് അവൾ ചോദിക്കപ്പെടുന്നതാണ്. ഒരു സേവകൻ അയാളുടെ യജമാനന്റെ  സമ്പത്തിൽ ഉത്തരവാധിത്തമുള്ളവനാണ്  അതിൽ അയാൾ ചോദ്യംചെയ്യപ്പടുന്നതാണ്. നിങ്ങളിൽ ഓരോരുത്തരും ഉത്തരവാധിത്തമുളവരാണ്, അതിനെക്കുറിച് ചോദ്യം ചെയ്യപ്പെടുന്നതുമാണ്.( ബുഖാരി, മുസ്‌ലിം)

ഏതെങ്കിലും ഉത്തരവാദിത്തങ്ങൾ ഒരാളിൽ ഏൽപ്പിക്കപെട്ടാൽ അയാൾ അതിലൂടെ ജനങ്ങളെ സേവിക്കുകയും  അവരുടെ പ്രയാസങ്ങൾ ദൂരികരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അല്ലാത്തപക്ഷം അയാളുണ്ടാക്കുന്ന പ്രശ്നങ്ങൾ അയാളിലും സംഭവിക്കുമെന്നും നബി (സ) പറയുകയും പ്രാർത്ഥിക്കുകയും ചെതിട്ടുണ്ട്. മുഹമ്മദ് നബി (സ) പറഞ്ഞു. നിങ്ങൾ കാര്യങ്ങൾ എളുപ്പമാക്കുക,ഞെരുക്കമുണ്ടാക്കാരുത്. നിങ്ങൾ മറ്റുള്ളവരെ സമാധാനിപ്പിക്കുക , വെറുപ്പിക്കരുത് (ബുഖാരി, മുസ്‌ലിം)  നബി (സ) ഇങ്ങനെ പ്രാർത്ഥിക്കുകയുണ്ടായി .  അല്ലാഹുവേ എന്റെ സമുദായത്തിന്റെ വല്ലകാര്യവും ഒരാൾ ഏറ്റെടുത്തിട്ട് അവരെ ബുദ്ധിമുട്ടിച്ചാൽ അവനെ നീ ബുദ്ധി മുട്ടിക്കേണമേ. എന്റെ സമുദായത്തിന്റെ വല്ല കാര്യവും ഏറ്റെടുത്തിട്ട്  അവരോട് സൗമ്യമായി വല്ലവനും വർത്തിച്ചാൽ അവനോടു നീ സൗമ്യത കാണിക്കേണമേ (മുസ്‌ലിം)

നബി (സ)  യുടെ ജീവിതം പരിശോധിക്കുന്നവർക്ക്  ഉത്തരവാദിത്ത നിർവഹണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അധികാരം ഉപയോഗിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും. അധികാരം എന്ന പദം ഉപയോഗിച്ച് മറ്റുള്ളവരെ പ്രയാസപ്പെടുത്തി സുഖജീവിതം നയിക്കുന്നതിന് പകരം സ്വന്തം ജീവിതത്തിൽ ത്യാഗങ്ങൾ ചെയ്യേണ്ടിവന്നപ്പോഴും പരലോകജീവിതത്തിൽ സമാധാനം ലഭിക്കുന്നതിന് തടസ്സമായി ഒന്നും പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. താനിഷ്ടപ്പെടുന്നപോലെ ജീവിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കിത്തരുവാൻ ഒട്ടേറെ അനുയായികൾ ഉണ്ടായിരിക്കെ തന്നെ പനയോല പായയിൽ കിടന്നുറങ്ങി  അനുയായികളെ വേദനിപ്പിക്കുമാറ്  ശരീരത്തിൽ ഓലയുടെ അടയാളങ്ങളോടെ  എഴുന്നേൽക്കുന്ന മുഹമ്മദ് നബി (സ)  തന്റെ നേതൃപാടവം ഉപയോഗിച്ചത് മറ്റുള്ളവരുടെ ക്ഷേമത്തിന്നായിരുന്നു എന്ന് നമുക്ക് മനസിലാക്കാം. ഉമർ (റ) പറയുന്നു. …”അപ്പോൾ പായയുടെ അടയാളം ഞാൻ പ്രവാചകന്റെ പാർശ്വത്തിൽ കണ്ടു. അന്നേരം ഞാൻ കരഞ്ഞു. അതുകണ്ടപ്പോൾ അവിടുന്ന് ചോദിച്ചു: “നിന്നെ കരയിപ്പിച്ച കാര്യമെന്താണ്?’ ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, നിശ്ചയമായും കിസ്‌റയും കൈസറും എന്തൊരു ഭൗതിക സുഖത്തിലാണ്. അങ്ങാകട്ടെ അല്ലാഹുവിന്റെ ദൂതനാണ്’. നബി(സ) പ്രതിവചിച്ചു: “അവർക്ക് ഇഹലോകവും നമുക്ക് പരലോകവുമാണുള്ളതെന്നതിൽ നിനക്ക് തൃപ്തിയില്ലേ?” (ബുഖാരി).

യുദ്ധ തടവുകാരിൽ  നിന്നും തന്നെ സഹായിക്കാൻ  ഭൃത്യനെ നൽകണമെന്ന തന്റെ പുത്രിയുടെ ആവശ്യത്തോടുള്ള പ്രതികരണം  നബി (സ) യുടെ അധികാര വ്യക്തിത്വം  ശരിക്കും ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. അലി (റ) വിൽ നിന്ന് നിവേദനം. “ആട്ടുകല്ലിൽ ധാന്യം പൊടിക്കുന്നതുകൊണ്ടുള്ള പ്രയാസത്തെപ്പറ്റി (പ്രവാചക പുത്രിയും അലി (റ) യുടെ ഭാര്യയുമായ) ഫാത്വിമ(റ), ആവലാതിപ്പെട്ടു. അപ്പോഴാണ് പ്രവാചകൻ(സ)ക്ക് ഒരു യുദ്ധത്തടവുകാരനെ ലഭിച്ച വിവരം അവർ അറിയുന്നത്. ഉടനെ അവർ പ്രവാചകന്റെയടുക്കൽ ചെന്ന് തനിക്ക് ഒരു ഭൃത്യനെ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രവാചകൻ(സ) ആ ആവശ്യത്തോട് യോജിച്ചില്ല. അപ്പോളവർ ആഇശ(റ)യുടെ അടുക്കൽ ചെന്ന് കാര്യം പറഞ്ഞു. നബി(സ) വന്നപ്പോൾ ആഇശ(റ) നബി(സ) യോട് അക്കാര്യം സൂചിപ്പിച്ചു. അപ്പോൾ നബി . ഞങ്ങളുടെ അടുക്കൽ വന്നു. ഞങ്ങളുടെ കിടപ്പുമുറിയിൽ പ്രവേശിച്ചു. ഞങ്ങൾ എഴുന്നേൽക്കുവാൻ തുനിഞ്ഞു. അവിടെത്തന്നെ കിടക്കുവാൻ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കാൽപാദങ്ങളുടെ തണുപ്പ് എന്റെ നെഞ്ചിൽ അനുഭവപ്പെട്ടു. എന്നിട്ടദ്ദേഹം പറഞ്ഞു: “നിങ്ങളിരുവരും എന്നോട് ആവശ്യപ്പെട്ടതിനേക്കാൾ ഉത്തമമായ ഒരു കാര്യം നിങ്ങൾക്കു ഞാൻ അറിയിച്ചുതരട്ടെ? നിങ്ങൾ കിടക്കാനൊരുങ്ങുമ്പോൾ 34 തവണ “അല്ലാഹു അക്ബർ’ എന്നും 33 തവണ “അൽഹംദുലില്ലാഹ്’ എന്നും 33 തവണ “സുബ്ഹാനല്ലാഹ്’ എന്നും പറയുക. നിശ്ചയമായും നിങ്ങൾ ചോദിച്ചതിനേക്കാൾ നിങ്ങൾക്ക് ഉത്തമമാണിത്” (ബുഖാരി).

ഒരു നേതാവിനെ സംബന്ധിച്ചേടത്തോളം അയാളുടെ ഉത്തരവാദിത്ത  നിർവഹണത്തിന്റെ  ഭാഗമാണ് നീതിയിലതിഷ്ഠിതമായി തന്റെ കൂടെ യുള്ളവരോട് വർത്തിക്കുക എന്നത്. ഒരു ജനതയോട് വിദ്വേഷമുണ്ടെങ്കിൽ പോലും അവരോട് അനീതി കാണിക്കുവാൻ പാടില്ല എന്നതാണ് ഖുർആനിന്റെ ഭാഷ്യം. അള്ളാഹു പറയുന്നു ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു’. (ഖുർആൻ 5: 8)

തനിക്കും താനിഷ്ടപ്പെട്ടവർക്കുമെല്ലാം  എതിരായി നീതി നിർവ്വഹിക്കേണ്ട സന്ദർഭമുണ്ടായപ്പോൾ  മുഹമ്മദ് നബി (സ) അത്തരം രംഗങ്ങൾ കൈകാര്യം ചെയ്തത് ഉത്തരവാദിത്ത നിർവഹണത്തിലെ നീതിയുടെ ആഴവും പരപ്പും ബോധ്യപ്പെടുന്നതാണ് ചില വചനങ്ങൾ ശ്രദ്ധിക്കുക.

‘നബി(സ) ബദ്റിന്റെ ദിവസം തന്റെ അനുയായികളുടെ നിര ശരിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.വരി നേരെയാക്കാനായി തന്റെ കയ്യിൽ ഒരു വടിയുണ്ടായിരുന്നു. അങ്ങനെ ബനൂ അദിയ്യുകാരുടെ  ബന്ധുവായ സവാദ്ബ്ന്  ഗസിയ്യയുടെ അടുത്തു കൂടി നബി(സ) നടന്നുപോയപ്പോൾ വരിയിൽ നിന്ന് തെറ്റി നിന്ന അദ്ദേഹത്തിന്റെ വയറ്റത്ത് ആ വടി കൊണ്ട് ഒന്നു തട്ടി. എന്നിട്ട് പറഞ്ഞു. “സവാദ്, നേരെ നിൽക്ക്.” അപ്പോൾ അദ്ദേഹം പറഞ്ഞു. “അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്നെ വേദനിപ്പിച്ചു. നിശ്ചയം അല്ലാഹു താങ്കളെ സത്യവും നീതിയുമായിട്ടാണ് നിയോഗിച്ചിട്ടുള്ളത്. അതിനാൽ എന്നെ പ്രതികാരം ചെയ്യാൻ അനുവദിക്കണം.” അങ്ങനെ നബി(സ) തന്റെ വയർ അദ്ദേഹത്തിന് കാണിച്ചുകൊടുത്തിട്ട് പ്രതിക്രിയ ചെയ്തുകൊള്ളാൻ പറഞ്ഞു. സവാദ്(റ) നബി(സ) യെ കെട്ടിപ്പിടിച്ച് പ്രവാചകന്റെ വയറ്റത്ത് ചുംബിച്ചു. അപ്പോൾ നബി(സ) അദ്ദേഹത്തോട് ചോദിച്ചു. “സവാദേ, എന്താണ് നിന്നെ ഇതിന് പ്രേരിപ്പിച്ചത്? അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, ഈ സന്ദർഭത്തിൽ എന്റെ അവസാനബന്ധം അങ്ങയുമായിട്ടാകണമെന്നും എന്റെ ചർമം അങ്ങയുടെ ചർമവുമായി സ്പർശിക്കണമെന്നും ഞാൻ ആഗ്രഹിച്ചു.” അങ്ങനെ നബി(സ) അദ്ദേഹത്തിന് നന്മക്കായി പ്രാർഥിച്ചു.” (സിൽസില സ്വഹീഹ്)

ആഇശ(റ) യിൽ നിന്ന് നിവേദനം: “മഖ്സൂം ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ ഒരിക്കൽ മോഷണം നടത്തി. ആളുകൾ പറഞ്ഞു. ഇക്കാര്യം നബി(സ) യെ അറിയിക്കാൻ ആരുണ്ട്? എന്നാൽ ആരും അതിന് ധൈര്യം കാണിച്ചില്ല. അപ്പോൾ ഉസാമത്തുബ്നു സൈദ് അക്കാര്യം തിരുമേനിയോട് പറഞ്ഞു. അന്നേരം നബി(സ) പറഞ്ഞു: തങ്ങളിൽ പെട്ട ഒരു പ്രമാണി മോഷണം നടത്തിയാൽ ബനൂ ഇസ്റാഈൽ അയാളെ വെറുതെ വിടുമായിരുന്നു. എന്നാൽ ഒരു ദുർബലൻ മോഷ്ടിച്ചാൽ അവർ അയാളുടെ കൈവെട്ടുകയും ചെയ്യും. (എന്റെ മകൾ) ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിൽ ഞാൻ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും ” (ബുഖാരി )

ചുരുക്കത്തിൽ അധികാരം അത് ചെറുതാണെങ്കിലും അല്ലെങ്കിലും വലിയ ഉത്തരവാദിത്തം തന്നെയാണ്. പ്രസ്തുത ഉത്തരവാദിത്തം നിർവഹിക്കുന്നതിലെ പിഴവുകൾ പരലോകത്തിൽ ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണെന്ന തിരിച്ചറിവാണ് ഓരോരുത്തർക്കുമുണ്ടാവേണ്ടത്. അങ്ങിനെ വരുമ്പോൾ നീതിയിലധിഷ്ടിതമായി കാര്യങ്ങൾ തീരുമാനിക്കുവാനും നടപ്പിൽ വരുത്തുവാനും നമുക്ക് സാധിക്കും. അവർക്ക് തന്നെയാണ് ഏറ്റവും നല്ല ഒരു നേതാവാകുവാൻ സാധിക്കുന്നതും.

4 Comments

 • Masha allah

  Syed mohammed 08.03.2019
 • മാഷാ അല്ലാഹ്

  Arshad nazar 09.03.2019
 • Good Article, Ma Sha Allah

  Safeer Rahman 11.03.2019
 • بارك الله فيكوم

  Nabeel Karadan 15.03.2019

Leave a comment

Your email address will not be published.