നാം പരിശ്രമിക്കുന്നത് പൂമ്പാറ്റകളെപ്പോലെ പറക്കുവാനാണ്

//നാം പരിശ്രമിക്കുന്നത് പൂമ്പാറ്റകളെപ്പോലെ പറക്കുവാനാണ്
//നാം പരിശ്രമിക്കുന്നത് പൂമ്പാറ്റകളെപ്പോലെ പറക്കുവാനാണ്
ലീഡർഷിപ്പ്‌

നാം പരിശ്രമിക്കുന്നത് പൂമ്പാറ്റകളെപ്പോലെ പറക്കുവാനാണ്

Print Now

മരത്തിനുപിന്നിലെ ശലഭക്കൂടില്‍ നിന്ന് പുറത്തുവരാന്‍ പ്രയാസപ്പെടുന്ന പൂമ്പാറ്റയെ കണ്ടത് ഒരു ദിവസം നേരം വെളുക്കുമ്പോഴാണ്. ചെറിയൊരു തുളയുണ്ടാക്കി കൊക്കൂണില്‍ നിന്ന് പുറത്തുകടക്കാനായിരുന്നു അതിന്റെ ശ്രമം. കൗതുകത്തോടെ ഞാനത് നോക്കിനിന്നു. ശലഭക്കൂടില്‍ നിന്ന് പുറത്തുവരാന്‍ ശലഭമെടുക്കുന്ന സമയദൈര്‍ഘ്യം എന്നെ അക്ഷമനാക്കി. ഞാനതിനെ സഹായിക്കാന്‍ തീരുമാനിച്ചു. കുമ്പിട്ടുനിന്ന് ആ കൊക്കൂണ്‍ തുളയില്‍ ഞാന്‍ ഊതി. എന്റെ നിശ്വാസത്തിന്റെ ചൂടും ശക്തിയും വഴി ശലഭക്കൂട് പൊട്ടുകയും അതുവഴി പൂമ്പാറ്റയ്ക്ക് പുറത്തുവരാന്‍ എളുപ്പമാവുകയും ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്. എന്റെ സര്‍വശക്തിയുമുപയോഗിച്ച് ഞാന്‍ ഊതി -ശലഭക്കൂട് പൊട്ടി. എന്റെ കണ്ണുകള്‍ക്കു മുന്നിലിതാ ഒരു അത്ഭുതം! തുറന്ന കൂടില്‍ നിന്ന് മെല്ലെ പുറത്തുവന്ന പൂമ്പാറ്റ എന്നിലുണ്ടാക്കിയ ഭീതി ഞാനൊരിക്കലും മറക്കില്ല. അതിന്റെ ചിറകുകള്‍ ചുളിഞ്ഞു പിന്നോട്ടു മടങ്ങിയാണിരുന്നത്. പരിക്ഷീണിതനായിരുന്നു പൂമ്പാറ്റ. തന്റെ വിറയാര്‍ന്ന ഉടലുകൊണ്ട് ചിറകുകള്‍ വിടര്‍ത്താനുള്ള അതിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കുമ്പിട്ടുനിന്ന് ഊതിക്കൊണ്ട് ചിറകുവിടര്‍ത്താന്‍ അതിനെ സഹായിക്കുവാനുള്ള എന്റെ ശ്രമവും വിജയിച്ചില്ല. സൂര്യനുകീഴില്‍ തികച്ചും പ്രകൃതിപരമായി നടക്കേണ്ട തായിരുന്നു ശലഭക്കൂട് പൊട്ടിച്ചുള്ള പൂമ്പാറ്റയുടെ വിരിയല്‍ പ്രക്രിയ. സ്വാഭാവികമായും അവധാനതയോടെയും നടക്കേണ്ടതാ യിരുന്നു അത്. എനിക്കത് മനസ്സിലായപ്പോഴേക്ക് സമയം വൈകി. എന്റെ നിശ്വാസങ്ങള്‍ ചിത്രശലഭത്തെ നിര്‍ബന്ധിച്ചത് നിശ്ചയിക്കപ്പെട്ട സമയത്തി നുമുമ്പ് കൂട്ടില്‍നിന്ന് പുറത്തുവരാനാണ്. അത് ശലഭത്തിന് വിനയായി. ചുക്കിച്ചുളിഞ്ഞു മടങ്ങിയ ചിറകോടെ പുറത്തെത്തിയ അത് നിലനില്‍ക്കുവാന്‍ ഏറെ ബുദ്ധിമുട്ടി. ഏറെ താമസിയാതെ എന്റെ കൈപ്പത്തിയില്‍ അത് ചത്തുവീണു. ഏതാനും നിമിഷങ്ങള്‍ മാത്രം ജീവിച്ച ആ കൊച്ചുശരീരമാണ് എന്റെ മനഃസാക്ഷിയില്‍ ഏറ്റവുമധികം ഭാരമുണ്ടാക്കിയതെന്നു ഞാന്‍ വിശ്വസിക്കുന്നു. പ്രകൃതിയുടെ മഹാനിയമങ്ങള്‍ തെറ്റിക്കുന്നത് മഹാപാപമാണെന്ന തിരിച്ചറിവുണ്ടായത് അതില്‍ നിന്നാണ്. നാം തിരക്കുകൂട്ടരുത്; നാം അക്ഷമരാ വുകയും അരുത്. ബാഹ്യമായ താളക്രമത്തെ നാം ആത്മവിശ്വാസത്തോടെ അനുസരിക്കണം.’

പ്രസിദ്ധ ഗ്രീക്ക് കവിയും നോവലിസ്റ്റുമായ നികോസ് കസാന്‍ദ്‌സാകീസ് എഴുതിയ ‘ഗ്രീക്കുകാരനായ സോര്‍ബ’ (Sorba the Greek) എന്ന നോവലില്‍, കേന്ദ്രകഥാപാത്രമായ അലക്‌സിസ് സോര്‍ബ തന്റെ ക്രീറ്റ് ദ്വീപിലേക്കുള്ള യാത്രയ്ക്കിടയില്‍ പറയുന്ന കഥകളിലൊന്നാണിത്. പ്രകൃതി നിയമങ്ങളുടെ താളക്രമത്തെയും അവധാനതയോടെ അവ പിന്‍തുടരാതെ, തിരക്കുകൂട്ടുന്നതിന്റെ അപകടത്തെയും സുന്ദരമായി വരച്ചുകാണിക്കുന്നതാണീ കഥ. പ്രകൃതിയുടെ രീതികള്‍ക്ക് അതിന്റെ താളക്രമമുെണ്ടന്നും മനുഷ്യന്റെ തിരക്കുകൂട്ടലുകളാണ് അത് നശി പ്പിക്കുന്നതെന്നും ഈ തിരക്ക് ആത്യന്തികമായി നാശമാണെന്നും മാത്രമല്ല ഈ കഥയിലൂടെ കസാന്‍ദ്‌സാകീസ് പറഞ്ഞുപോകുന്നത്; മനുഷ്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം അവനെ പറക്കാന്‍ പര്യാപ്തമാക്കുന്ന പരീക്ഷണങ്ങളാണ് എന്നുകൂടിയാണ്. പറക്കാനാഗ്രഹിക്കുന്നവര്‍ പ്രതിസന്ധികളില്‍ നിന്ന് രക്ഷപെടാന്‍ കൂറുക്കുവഴികള്‍ തേടുകയോ പ്രയാസങ്ങളില്‍പെട്ട് പൊട്ടിക്കരയുകയോ അല്ല, അവയിലൂടെ അവധാനതയോടെ മുന്നോട്ടുപോയി ശക്തിയാര്‍ജ്ജിക്കുകയാണ് ചെയ്യേണ്ടതെന്ന പാഠം കഥാകാരന്‍ പറയാതെ പഠിപ്പിക്കുന്നു. ഉയരങ്ങളില്‍ പറക്കുകയും ആകര്‍ഷകമായ സൗന്ദര്യം കൊണ്ട് സമൂഹത്തിന് നന്മ നല്‍കുകയും ചെയ്ത മനുഷ്യശലഭങ്ങളുടെയെല്ലാം ചരിത്രത്തില്‍ പ്രതിസന്ധികളുടെ കൊക്കൂണുകളോട് അവധാനതയോടെ പൊരുതിയ ഏടുകളാ ണുള്ളത്. പരീക്ഷണങ്ങളില്‍ പതറിയവരും കുറുക്കുവഴികളിലൂടെ നിലനില്‍ക്കാന്‍ ശ്രമിച്ചവരുമെല്ലാം ചുക്കിച്ചുളിഞ്ഞ ചിറകുകളോടെ, തങ്ങളുടെ ദൗത്യം നിര്‍വഹിക്കാനാവാതെ ‘അകാല’ചരമം പ്രാപിക്കുകയാണ് ചെയ്തിട്ടുള്ളത്.

പരീക്ഷണങ്ങളുടെ പെരുമഴക്കാലത്താണ് മുസ്‌ലിംലോകമുള്ളതെന്ന് ആര്‍ക്കും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. ഇസ്‌ലാംനിന്ദയും ഇസ്‌ലാംവിമര്‍ശനങ്ങളും ഇസ്‌ലാംതെറ്റിദ്ധാരണകളുമെല്ലാം ചരിത്രത്തിന് ഏറെ പരിചയമുള്ള പ്രതിഭാസങ്ങളാണ്. എന്നാല്‍ ഇസ്‌ലാം ഭീതിയെ തങ്ങളുടെ രാഷ്ട്രീയായുധമായി ഉപയോഗിക്കുകയും അതുപയോഗിച്ച് അധികാരക്കസേരകളിലെത്തുകയും ചെയ്യുകയെന്ന അപൂര്‍വതയുടേതാണ് ഈ സഹസ്രാബ്ദത്തിന്റെ തുടക്കം. ഇസ്‌ലാംഭീതി ഒരു രാഷ്ട്രീയായുധമായിത്തീരുമ്പോള്‍ അതു നിലനില്‍ക്കേണ്ടത് അതിന്റെ ഗുണഭോക്താക്കളുടെയെല്ലാം ആവശ്യമായിരിക്കും. സാമ്രാജ്യത്വവും ഫാഷിസവുമെല്ലാം ഇന്ന് ഉപയോഗിക്കുന്ന ഈ ആയുധം നശിക്കാതെ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളാണ് മുസ്‌ലിം ലോകത്തെ പരീക്ഷണാത്മകമാക്കുന്നത്. ഇതിനു സമാനമായ അവസ്ഥകള്‍ ഭൂതകാലത്ത് വിരളമായേ ഉണ്ടായിട്ടുള്ളൂ. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെല്ലാം ഇതിനേക്കാള്‍ വലിയ വെല്ലുവിളികളുണ്ടായിട്ടുണ്ട് എന്നത് നേരാണ്. എന്നാല്‍ ഇസ്‌ലാമും മുസ്‌ലിമും ആയുധങ്ങളായിത്തീരുകയും അതുപയോഗിച്ച് ജനാധിപത്യക്രിയയാല്‍ അധികാരത്തി ലെത്തുകയും ചെയ്യുന്നവര്‍ തങ്ങളുടെ അധികാരമുപയോഗിച്ച് മുസ്‌ലിംകളെ ആയുധങ്ങളാക്കി നിലനിര്‍ത്തുകയും ചെയ്യുകയെന്ന പ്രതിഭാസം പുതിയതാണ്. പുതിയ കാലത്തെ ഈ പ്രതിസന്ധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിനനുസരിച്ചാണു ദൈവദാ സന്‍മാരെന്ന നിലയിലുള്ള നമ്മുടെ വ്യക്തിത്വവും മാനവര്‍ക്കുവേണ്ടി ഉയര്‍പ്പിക്കപ്പെട്ട ഉത്തമസമുദായമെന്ന നിലയ്ക്കുള്ള ഉമ്മത്തിന്റെ അസ്തിത്വവും തീരുമാനിക്കപ്പെടുക. മക്കയും മദീനയും ബദ്‌റും ഉഹ്ദും ഹുദൈബിയ്യയും മക്കാവിജയവും അഹ്‌സാബും മുഅ്ത്വ യുമെല്ലാം പഠിപ്പിക്കുന്നത് ഒരേ ഇസ്‌ലാമിന്റെ നിലനില്‍പുപാഠങ്ങളാണെന്ന് ഉള്‍ക്കൊണ്ടുകൊണ്ട് ശത്രുവിന്റെ ആയുധമാകാതിരിക്കാന്‍ എങ്ങനെ കഴിയുമെന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ട സമയമാണിത്. പ്രസ്തുത ചിന്തയുടെ സര്‍ഗാത്മ കതയാണ് പുതിയ സഹസ്രാ ബ്ദത്തിലെ മുസ്‌ലിം വ്യക്തിത്വത്തിന്റെയും സമുദായാസ്തിത്വത്തിന്റെയും ഭാവി നിര്‍ണയിക്കുക.

ആയുധപ്രയോഗവും ആയുധങ്ങളായിത്തീരലും രണ്ടാണെന്ന തിരിച്ചറിവാണ് ഒന്നാമതായുണ്ടാവേണ്ടത്. ആയുധപ്രയോഗമുണ്ടാകുമ്പോള്‍ എന്തു ചെയ്യണമെന്ന് മക്കയും മദീനയും നമുക്ക് പറഞ്ഞു തരുന്നുണ്ട്. ‘യാസിര്‍ കുടുംബമേ, ക്ഷമിക്കുക; നിങ്ങളുടെ പ്രതിഫലം സ്വര്‍ഗമാണ്’ എന്ന മക്കയിലെ പ്രവാചകസമാശ്വാസവും  ‘ഇനി ഇങ്ങോട്ടുള്ളതല്ല യുദ്ധം; അങ്ങോട്ടു പോയാണ്’ എന്ന അഹ്‌സാബിനുശേഷമുള്ള നബിപ്രഖ്യാപനവും തമ്മിലുള്ള ദൂരത്തില്‍ നിന്ന് നിര്‍ധരിച്ചെടുക്കാന്‍ കഴിയുന്നതാണ് ആയുധങ്ങളോടുള്ള മുസ്‌ലിം വ്യക്തിയുടെയും ഉമ്മത്തിന്റെയും പ്രതികരണമെന്താവണമെന്ന്. ഗോത്രാധിപത്യത്തിന്റെയും രാജാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും ഭൂതകാലത്തിന് പരിചയമുള്ളതല്ല ശത്രുവിനെ തങ്ങളുടെ ആയുധമാക്കിത്തീര്‍ത്ത് വിയര്‍പ്പൊഴുക്കാതെ വിജയിക്കുകയെന്ന ജനാധിപത്യ ത്തിന്റെ നാലാം തലമുറ യുദ്ധതന്ത്രം. പ്രസ്തുത തന്ത്രമാണ് ലോകമെങ്ങുമുള്ള മുസ്‌ലിംകളെ ഭീകരവാദികളാക്കുന്നതിനുവേ ണ്ടിയുള്ള ശ്രമത്തിനു പിന്നിലുള്ളത്. കാര്യമായ ഊര്‍ജ്ജമോ പടയോ ആവശ്യമില്ലാത്ത യുദ്ധം വിവരസാങ്കേതികവിദ്യയുടെ നൂതനസാധ്യതകള്‍ ഉപയോഗപ്പെടുത്തി മുസ്‌ലിം യുവതയുടെ തലച്ചോറിലേക്ക് ഭീകരതയുടെ വൈറസുകളെ കയറ്റിവിടുകയെന്ന തന്ത്രമാണ് ഇന്ന് വിജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അല്‍പം ആശയങ്ങളും അവയെ ഉദ്ദേശിച്ച രൂപത്തില്‍ വക്രീകരിച്ചവതരിപ്പിക്കുവാന്‍ സാമര്‍ത്ഥ്യ മുള്ള ബുദ്ധിജീവികളും കൂടുതല്‍ സാങ്കേതികവിദ്യയുപയോഗിച്ചു കൊണ്ടുള്ളതാണീ യുദ്ധം. മുസ്‌ലിം യുവതയെ ആയുധങ്ങ ളാക്കിത്തീ ര്‍ത്ത് സ്വദേശത്തും വിദേശത്തും അവര്‍ പൊട്ടിച്ചാകുമ്പോള്‍ പിന്നില്‍ കളിക്കുന്നവര്‍ക്ക് ലഭിക്കുന്നത് വിയര്‍പ്പൊഴുക്കാതെയുള്ള അധികാര ലബ്ധിയാണ്; തകരുന്നത് മുസ്‌ലിംകള്‍; തകര്‍ക്കുന്നത് മുസ്‌ലിംകളെയും അവരുടെ സ്ഥാപനങ്ങളെയും നാട്ടുകാരെയും; ആയുധങ്ങളും ലക്ഷ്യസ്ഥാനങ്ങളും മുസ്‌ലിംകള്‍! ശത്രുക്കള്‍ക്ക് ലഭിക്കുന്നതാകട്ടെ വിയര്‍പ്പോ പണമോ ഊര്‍ജ്ജമോ ചെലവഴിക്കാതെയുള്ള അധികാരം!

ഇസ്‌ലാം ഭീതിയുടെ പുതിയകാലം മുസ്‌ലിംകളോടാവശ്യപ്പെടുന്നത് പൂമ്പാറ്റയാകാനാണ്; സ്വന്തം ദൗത്യം തിരിച്ചറിഞ്ഞ് അതിനുള്ള പരീ ക്ഷണകാലത്തെ അവധാനതയോടെ നേരിട്ടു പറക്കാനുള്ള ചിറകുകളും ആകര്‍ഷിക്കാനുള്ള സൗന്ദര്യവും നേടിയെടുക്കാനാണ്. ചിറകു കള്‍ നേടുന്നതിന് കുറുക്കുവഴികളില്ല. കുറുക്കുവഴികളുടെ ഊത്തുമായി സമുദായത്തെ സ്‌നേഹിക്കാന്‍ വരുന്നവര്‍ യഥാര്‍ത്ഥത്തില്‍ അവരെ വികലാംഗരും നിലനില്‍ക്കാന്‍ കഴിയാത്തവരുമക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. പുതിയ കാലത്തെ പരീക്ഷണങ്ങളെ എങ്ങനെ നേരിടണ മെന്ന് ഗവേഷണം ചെയ്യേണ്ട ബാധ്യതയുള്ള പണ്ഡിതന്‍മാരില്‍ ചിലരെങ്കിലും കത്തുന്ന വീട്ടിലെ ഊരുന്ന കഴുക്കോലിനായി നെട്ടോട്ടം നടത്തുന്നതില്‍ പുതുമയൊന്നുമില്ല. മതത്തിനും അവര്‍ക്കുമിടയില്‍ ഹൃദയത്തിനും ആമാശയത്തിനുമിടയിലുള്ള ദൂരമുണ്ടെന്ന് ജനിതക മായിത്തന്നെ തെളിയിച്ചവരാണവര്‍. ഇസ്‌ലാം ഭീതി ആയുധമായിത്തീരുന്ന ജനാധിപത്യലോകക്രമത്തിലെ ബൗദ്ധിക പ്രതിരോധത്തെ ക്കുറിച്ച ആത്മാര്‍ത്ഥമായ ഗവേഷണങ്ങളാണുണ്ടാവേണ്ടത്. അതിന് മുന്നില്‍ നില്‍ക്കുന്നവരായിരിക്കും മുസ്‌ലിം ഉമ്മത്തിന്റെ ഭാവിയെ നിര്‍ണയിക്കുക.

കസാന്‍ദ്‌സാകീസിന്റെ മറ്റൊരു പൂമ്പാറ്റക്കഥയുണ്ട്; ഫ്രാന്‍സിസ് പുണ്യാളന്‍ (St. Francis) എന്ന നോവലിലാണ് അത് പറഞ്ഞിരിക്കുന്നത്. ‘ഒരു ശലഭപ്പുഴു: അത് ഇഴഞ്ഞിഴഞ്ഞ് സ്വര്‍ഗകവാടത്തിലെത്തി. ഏറെ പ്രയാസപ്പെട്ടാണ് അത് അവിടെയെത്തിയത്. സ്വര്‍ഗവാതിലിലെ ത്തിയ സന്തോഷത്തോടെ അത് വാതിലില്‍ മുട്ടി. അകത്തുനിന്നുള്ള മറുപടി; ‘സ്വര്‍ഗത്തില്‍ പുഴുക്കള്‍ക്ക് പ്രവേശനമില്ല.’ പിന്നെയും ഇഴ ഞ്ഞിഴഞ്ഞ് പുഴു ഭൂമിയിലേക്കു മടങ്ങി. ‘ശലഭമാവുകയാണ് പുഴുവിന്റെ ദൗത്യം. തന്റെ ദൗത്യം നിര്‍വഹിക്കാതെ ചെന്നാല്‍ എങ്ങനെ സ്വര്‍ഗത്തിലെത്താനാണ്’ എന്നാണ് അന്ത്യത്തില്‍ കഥാകാരന്‍ ചോദിക്കുന്നത്.

അറിയുക; ശലഭമാവുകയെന്ന ദൗത്യം നിര്‍വഹിക്കാതെ പുഴുവായി ജീവിക്കുന്നവര്‍ എന്നും പുഴുവായിത്തന്നെ തുടരും. പരീക്ഷണങ്ങ ളുടെ കൊക്കൂണില്‍ കയറി ശലഭമായിത്തീര്‍ന്നാലേ ഭൂമിയില്‍ പറക്കാനാവൂ; ആകാശത്ത് സ്വര്‍ഗവാതില്‍ തുറക്കപ്പെടുന്നതും അവര്‍ക്കു വേണ്ടി തന്നെ!

ഏതാനും ക്വുര്‍ആന്‍ വാക്യങ്ങള്‍ ശ്രദ്ധിക്കുക.

”നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകു ന്നില്ല. അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല. എന്നാല്‍ അല്ലാഹു അവന്റെ ദൂതന്‍മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരെ (അദൃശ്യജ്ഞാനം അറിയിച്ചുകൊടുക്കുവാനായി ) തെരഞ്ഞെടുക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുവിന്‍. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കു മഹ ത്തായ പ്രതിഫലമുണ്ട്.” (3:179)

”കുറച്ചൊക്കെ ‘ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോ ഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാൽ അവര്‍ (ആക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.” (2:155-157)

”അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?” (3:142)

”ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ടുമാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” (29:2-3)

 

No comments yet.

Leave a comment

Your email address will not be published.