സ്വഫിയ്യ(റ)യുടെ നബി’വിമർശന’ങ്ങൾ !!!
സ്വഫിയ്യ (റ) രക്തബന്ധങ്ങള്‍ക്കുമുകളില്‍ നീതിക്കും ആദര്‍ശത്തിനും സ്ഥാനം നല്‍കി ഉജ്ജ്വലമായ ചരിത്രം സൃഷ്ടിച്ചതിനെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ആത്യന്തികമായി ഒരു മനുഷ്യസ്ത്രീ ആയിരുന്നുവെന്ന വസ്തുത ആരും മറന്നുപോയിക്കൂടാത്തതാണ്. മനുഷ്യര്‍ക്കെല്ലാവര്‍ക്കും ബന്ധുക്കളോട് വികാരവായ്പുകളുണ്ടാകും; അവയില്ലാതാകുന്നതല്ല മഹത്വത്തിന്റെ ലക്ഷണം, മറിച്ച് സത്യം കാണാന്‍ സാധിക്കാത്ത തരത്തില്‍ അവ അമിത വളര്‍ച്ച നേടുന്നതിനെ നിയന്ത്രിക്കുന്നതാണ്. അതാണ് സ്വഫിയ്യ(റ)യുടെ കാര്യത്തില്‍ നാം കാണുന്നത്. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെ സംബന്ധിച്ച ബോധ്യങ്ങള്‍ മനസ്സില്‍ പടര്‍ന്നുവളര്‍ന്ന സ്ത്രീയാണെങ്കിലും ഉറ്റബന്ധുക്കള്‍ ഒരുമിച്ചൊരു യുദ്ധത്തില്‍ മരണപ്പെടുമ്പോള്‍ കുറച്ചു നേരത്തേക്കെങ്കിലും സ്വഫിയ്യ(റ)ക്ക് മനഃപ്രയാസം അനുഭവപ്പെട്ടാല്‍ അത് മനുഷ്യസഹജം മാത്രമാണ്. തന്റെ പിതാവിനും ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കും യുദ്ധങ്ങളിലും അനുബന്ധ നടപടികളിലും സംഭവിച്ചതിനെച്ചൊല്ലി ഇസ്‌ലാമിക സേനയുടെ പടനായകനായ നബി(സ)യോട് തനിക്ക് അനിഷ്ടം തോന്നിയതായി സ്വഫിയ്യ (റ) പറയുന്നത് ഒരു നിവേദനത്തിലുണ്ട്.(63) ഇസ്‌ലാം വിമര്‍ശകരുടെ ‘സ്വഫിയ്യ പഠന’ങ്ങളില്‍ കാര്യമായി ഉദ്ധരിക്കപ്പെടുന്ന ഒരു പാരമ്പര്യമാണിത്. വാസ്തവത്തില്‍, സ്വഫിയ്യ (റ) മലക്കല്ല, മനുഷ്യനാണെന്ന കാര്യം മാത്രം മനസ്സിലുണ്ടായാല്‍ മതിയാകും അസ്വാഭാവികമായ യാതൊന്നും അവരനുഭവിച്ച ആഘാതത്തിലില്ലെന്ന് തിരിച്ചറിയാന്‍. ഹുയയ്യോ കിനാനയോ വധിക്കപ്പെട്ടതില്‍ മകള്‍/ഭാര്യ എന്ന നിലയില്‍ സ്വഫിയ്യ(റ)ക്ക് സങ്കടമുണ്ടായി എന്ന് ‘ഗവേഷണങ്ങള്‍’ വഴി സമര്‍ത്ഥിക്കേണ്ട കാര്യമൊന്നുമില്ല. ഉറ്റ ബന്ധുക്കളുടെ വിഷമം കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനുള്ള ന്യായമായി ഒരു രാഷ്ട്രവും പരിഗണിക്കുകയുമില്ല. ഇവിടെ വിഷയം, നബി(സ)യോട് തോന്നിയ ഈ പ്രയാസം സ്വഫിയ്യ(റ)യുടെ മനസ്സില്‍ നിന്ന് മായുകയും അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും നബി(സ)യുടെ കൂടെപ്പോകാന്‍ തീരുമാനിക്കുകയും ഖയ്ബറില്‍ നിന്ന് മദീനയിലെത്തുന്നതുമുമ്പ് അദ്ദേഹത്തോടൊപ്പം സന്തോഷപൂര്‍വം കിടപ്പറ പങ്കിടുകയും ചെയ്തു എന്നതാണ്. മുഹമ്മദ് നബി (സ) പ്രവാചകനാണെന്ന അറിവും ഹുയയ്യും കിനാനയും അറിഞ്ഞുകൊണ്ട് സത്യം നിഷേധിക്കുകയായിരുന്നുവെന്ന ബോധ്യവും ഉണ്ടായിരിക്കെത്തന്നെ, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വധശിക്ഷക്കര്‍ഹമാകുമാറ് അവര്‍ ചെയ്ത ഗൗരവതരമായ രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ച് ഗൃഹജീവിതം മാത്രം നയിച്ചിരുന്ന സ്വഫിയ്യ (റ) ബോധവതിയായിരുന്നിരിക്കില്ലല്ലോ. ഖയ്ബറില്‍വെച്ച് സ്വഫിയ്യ(റ)യുമായി കണ്ടുമുട്ടിയപ്പോള്‍ അക്കാര്യങ്ങള്‍ നബി (സ) വളരെ വിശദമായി അവര്‍ക്കു പറഞ്ഞുകൊടുക്കുകയും എന്തുകൊണ്ട് മദീന അവര്‍ രണ്ടുപേരെയും കൊന്നു എന്ന് ആശയക്കുഴപ്പങ്ങള്‍ക്കിടയില്ലാത്ത വിധം സ്വഫിയ്യ(റ)യെ ബോധ്യപ്പെടുത്തുകയുമുണ്ടായി. ഇതോടെ, സ്വഫിയ്യ(റ)യുടെ മനസ്സില്‍നിന്ന് യുദ്ധനടപടികളെയോര്‍ത്തുണ്ടായ പ്രയാസം പൂര്‍ണമായി നീങ്ങിപ്പോവുകയും അവര്‍ നബിജീവിതത്തെ ആശ്ലേഷിക്കുകയും ചെയ്തു എന്നതാണ് സത്യം. ഇക്കാര്യങ്ങള്‍ വിമര്‍ശകര്‍ ഉദ്ധരിക്കുന്ന പരാമൃഷ്ട ഹദീഥിന്റെ ബാക്കി ഭാഗങ്ങള്‍ വായിച്ചാല്‍ തന്നെ വ്യക്തമാകും. ‘എന്റെ പിതാവ് അറബികളെ പ്രവാചകനെതിരില്‍ ഇളക്കിവിട്ടതിനെക്കുറിച്ചും സമാനമായ കുറേ കാര്യങ്ങള്‍ ചെയ്തതിനെക്കുറിച്ചും നബി (സ) എനിക്ക് വിശദീകരിച്ചു തന്നുകൊണ്ടേയിരുന്നു; എന്റെ മനസ്സില്‍നിന്ന് അവരെയോര്‍ത്തുള്ള വിഷമം പോകുന്നതുവരേക്കും’ എന്ന ആശയത്തിലാണ് സ്വഫിയ്യ (റ) തുടര്‍ന്ന് സംസാരിക്കുന്നത്. സ്വഫിയ്യ(റ)യുടെ ‘നബിവിരോധം’ തെളിയിക്കാന്‍ വിമര്‍ശകര്‍ ഉദ്ധരിക്കുന്ന രേഖ പൂര്‍ണമായി വായിച്ചാല്‍ ആ ‘വിരോധം’ പൊലിഞ്ഞുപോയതിന്റെ ചിത്രമാണ് ലഭിക്കുകയെന്ന് സാരം. ഇവിടെ വ്യക്തമാകുന്ന രണ്ടു കാര്യങ്ങളുണ്ട്. സത്യമറിഞ്ഞാല്‍ സ്വന്തം മകള്‍ക്കും ഭാര്യക്കും പോലും നീതീകരിക്കാനാവാത്ത, വധശിക്ഷ അര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ അവര്‍ക്കുപോലും അഭിപ്രായവ്യത്യാസം വരാത്തത്ര ഭീകരമായിരുന്നു ഹുയയ്യിന്റെയും കിനാനയുടെയും നെറികേടുകള്‍ എന്നതാണ് ഒന്ന്. നബി (സ) അവര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കിയത് സ്വഫിയ്യ(റ)യെപ്പോലുള്ള ഒരു ഉറ്റബന്ധുവിനു മുന്നില്‍പോലും വിശദീകരണക്ഷമമാകുംവിധം നിഷ്‌കൃഷ്ടമായ നീതിനിഷ്ഠയോടെയായിരുന്നുവെന്നതാണ് രണ്ടാമത്തേത്. സ്വഫിയ്യ(റ)യുടെ മാനുഷികതക്കും പ്രവാചകന്റെ യുദ്ധനടപടികളുടെ മാനവികതക്കുമാണ്, അതുകൊണ്ട് തന്നെ, ഈ ഹദീഥ് സാക്ഷി പറയുന്നത്.
നബി (സ) സ്വഫിയ്യയോട് അവരുടെ ബന്ധുക്കളെ എന്തുകൊണ്ടാണ് ഇസ്‌ലാമിക സേന കൊന്നത് എന്ന് കാര്യകാരണങ്ങള്‍ സഹിതം വിശദീകരിച്ചതോടൊപ്പം സ്വഫിയ്യ(റ)ക്ക് അവരുടെ മരണം മൂലമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തുവെന്നും ഇതേ ഹദീഥ് സൂചിപ്പിക്കുന്നുണ്ട്. ‘യുഅ്തദിറു ഇലയ്യി’ (‘എന്നോട് കാരണങ്ങള്‍ ബോധിപ്പിച്ച് ക്ഷമ ചോദിച്ചു’) എന്നാണ് സ്വഫിയ്യ (റ) ഇതിനെക്കുറിച്ച് പറയുന്നത്. പൂര്‍ണമായും ശരിയായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റവാളികളുടെ ബന്ധുക്കളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനും വ്യക്തിപരമായി അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളില്‍ മാപ്പ് ചോദിക്കാനും മുഹമ്മദ് എന്ന ഭരണാധികാരി കാണിച്ച ഉജ്ജ്വലമായ ഈ കരുതലിനും കരുണക്കും ലോകചരിത്രത്തില്‍ എവിടെയെങ്കിലും സമാന്തരങ്ങളുണ്ടോ? യുദ്ധക്കളത്തില്‍ അധികാരവും ആയുധവുമില്ലാത്ത അടിമസ്ത്രീയായി തനിക്കുമുന്നില്‍ വന്നുനില്‍ക്കുന്ന ശത്രുപ്രമുഖന്റെ മകളോട് സര്‍വാധികാരിയായ ജേതാവായിരിക്കെ വിനയാന്വിതനായി ചെയ്യാത്ത തെറ്റിനു മാപ്പ് ചോദിച്ച മുഹമ്മദ് നബി (സ) ചരിത്രത്തിന്റെ അത്യപൂര്‍വമായ ചാരുതയാകുന്നു! അത്ഭുതമനോഹരമായ ആ നിമിഷത്തിന്റെ സൗന്ദര്യത്തെ മറയ്ക്കാന്‍ ഈ ഹദീഥിനെ എങ്ങനെ വളച്ചൊടിച്ചാലും വിമര്‍ശകര്‍ക്കു കഴിയില്ല തന്നെ. ഹുയയ്യും കിനാനയും അവരുടെ പരിവാരങ്ങളും ബനൂ നദീറുകാര്‍ക്കുമുന്നില്‍ വരച്ചുവെക്കാന്‍ ശ്രമിച്ച ‘ഭീകരനായ’ മുഹമ്മദിന്റെ ചിത്രം തീര്‍ത്തും വ്യാജമാണെന്ന് സ്വഫിയ്യ(റ)ക്ക് അസന്നിഗ്ധമായി ബോധ്യപ്പെടാന്‍ ആ സ്വഭാവനൈര്‍മല്യവുമായുള്ള ആദ്യ മുഖാമുഖങ്ങള്‍ തന്നെ ധാരാളമായിരുന്നു. ബന്ധുക്കളെ നഷ്ടപ്പെട്ടതില്‍ സ്വഫിയ്യ(റ)ക്കുണ്ടായിരുന്ന കുണ്ഠിതത്തെ ചൂണ്ടിക്കാണിക്കുന്ന നബിവിമര്‍ശകര്‍ക്ക്, അത് മാറ്റാന്‍ നബി (സ) നടത്തിയ ഉപരിസൂചിത സംഭാഷണത്തെക്കുറിച്ച് സ്വഫിയ്യ (റ) അനുസ്മരിക്കുന്ന മറ്റൊരു ഹദീഥ് കൂടി വായിച്ചു നോക്കാവുന്നതാണ്. അതിന്റെ ആശയം ഇപ്രകാരമത്രെ: ” മുഹമ്മദ് നബി(സ)യെക്കാള്‍ നല്ല സ്വഭാവമുള്ള ഒരാളെയും ഞാനൊരിക്കലും കണ്ടിട്ടില്ല. ഖയ്ബറില്‍ നിന്ന് എന്നെയുമായി ഒട്ടകപ്പുറത്ത് മടങ്ങുമ്പോള്‍ ഞാന്‍ ഉറക്കം തൂങ്ങി ഒട്ടകക്കട്ടിലില്‍ വീണുകൊണ്ടേയിരുന്നു; അപ്പോഴൊക്കെ പ്രവാചകന്‍ (സ) എന്നെ തലോടുകയും ‘സാരമില്ല’ എന്നു പറയുകയും ചെയ്തു. ‘സ്വഫിയ്യ, നിന്റെ ജനങ്ങളോട് ചെയ്തതില്‍ ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു; അവര്‍ എനിക്കെതിരില്‍ ഇന്നയിന്ന നീക്കങ്ങള്‍ നടത്തിവരായിരുന്നു’ എന്ന് അദ്ദേഹം എന്നോട് പറയുകയുണ്ടായി.”(64) നോക്കൂ; ഖയ്ബറില്‍ നിന്ന് മദീനയിലേക്കുള്ള മടക്കയാത്രയുടെ ഓരോ സന്ദര്‍ഭവും -പിതാവിന്റെയും ഭര്‍ത്താവിന്റെയും വധശിക്ഷക്കുള്ള പ്രവാചകന്റെ വിശദീകരണം അടക്കം – സ്വഫിയ്യ(റ)ക്ക് അനുഭവപ്പെട്ടത് മനുഷ്യത്വത്തിന്റെ ലോകത്തില്‍ വെച്ചേറ്റവും മികച്ച പ്രകടനങ്ങളായിട്ടാണ്. പ്രവാചകന്റെ പെരുമാറ്റ മര്യാദകള്‍ മറ്റുള്ളവര്‍ക്ക് പ്രാപിക്കാനാവാത്തത്ര ഉയരത്തിലാണെന്ന് സ്വഫിയ്യ(റ)യെ ബോധ്യപ്പെടുത്തിയ ഖയ്ബര്‍ യുദ്ധാനന്തര സംഭവങ്ങളെ നബി(സ)യെ ക്രൂരനായി ചിത്രീകരിക്കാനായി ഉപയോഗിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുക മാത്രമാണ് ചെയ്യുന്നത്. പ്രസ്തുത സമയം നബി(സ)യുടെ കൂടെ അനുഭവിച്ച സ്വഫിയ്യ(റ)യുടെ മൊഴി തള്ളി നൂറ്റാണ്ടുകള്‍ക്കിപ്പുറം നബിവിമര്‍ശകര്‍ നടത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകളെ മുഖവിലക്കെടുക്കാന്‍ സല്‍ബുദ്ധിയുള്ളവര്‍ക്കാര്‍ക്കും തന്നെ കഴിയില്ല.
സ്വഫിയ്യ(റ)യുടെ ഹൃദയം വിശ്വാസത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങി കരുത്താര്‍ജിക്കുമ്പോഴും രക്തം കിനിയുന്ന ജീവിതാനുഭവങ്ങളാല്‍ നീറിപ്പുകയുന്നുണ്ടാകാമെന്ന് ആലോചിച്ച് അതിനു ശാശ്വതമായ പരിഹാരം കാണാനുള്ള സമയം കണ്ടെത്തിയ പ്രവാചകന്‍, അതേ കരുതലും കരുണയും തന്റെ ജീവിതാന്ത്യം വരെയും ആ പ്രിയപ്പെട്ടവള്‍ക്കുവേണ്ടി കാത്തുസൂക്ഷിച്ചിരുന്നു. യഹൂദ ഗോത്രങ്ങളില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ സ്വഫിയ്യ(റ)യെ ഉള്‍ക്കൊള്ളുന്നതിന് മദീനയിലെ വിശ്വാസീസമൂഹത്തിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും നബിവിരോധത്തിന്റെ കാഠിന്യം ഘനീഭവിച്ചുനിന്ന ഗോത്രാന്തരീക്ഷത്തെ ധീരമായി കുടഞ്ഞെറിഞ്ഞ സ്വഫിയ്യ(റ)യുടെ മഹത്വത്തെ ആദരിക്കാനും അവിടുന്ന് എപ്പോഴും ശ്രദ്ധിച്ചു. സ്വഫിയ്യ(റ)യുടെ കുറിയ ശരീരപ്രകൃതത്തോടുള്ള ലഘുവായ ഒരു പരിഹാസം ആഇശ(റ)യുടെ സംസാരത്തില്‍ വന്നുപോയെന്ന് തോന്നിയപ്പോള്‍ നബി (സ) പറഞ്ഞു: ”നീയിപ്പോള്‍ പറഞ്ഞ വാചകം കടലില്‍ കലക്കിയാല്‍ അതിലെ വെള്ളം മുഴുവന്‍ മലിനമായിത്തീര്‍ന്നേനെ.”(65) ഒരിക്കല്‍ നബി(സ)യുടെ ഭാര്യമാര്‍ക്കിടയിലുണ്ടായ ചെറിയ എന്തോ അഭിപ്രായവ്യത്യാസത്തിന്റെ സമയത്ത്, സ്വഫിയ്യ(റ)യുടെ യഹൂദ പശ്ചാത്തലം അവരെ ആക്ഷേപിക്കുവാന്‍വേണ്ടി ഹഫ്‌സ (റ) എടുത്തുപറഞ്ഞു. ഇതുകേട്ട് കരഞ്ഞ സ്വഫിയ്യ(റ)യോട് നബി (സ) പറഞ്ഞതിപ്രകാരമാണ്: ”നീ ഒരു പ്രവാചകന്റെ മകളാണ്, നിന്റെ ഒരു പിതൃവ്യന്‍ പ്രവാചകനാണ്, നിന്നെ വിവാഹം കഴിച്ചതും ഒരു പ്രവാചകനാണ്. പിന്നെ ഹഫ്‌സക്ക് എന്തിനെച്ചൊല്ലിയാണ് നിനക്കുമേല്‍ മേനി നടിക്കാനുള്ളത്!”(66) അല്ലാഹുവിന്റെ പ്രവാചകരായ മോശയുടെയും അഹറോന്റെയും രക്തപാരമ്പര്യമാണ് യഹൂദ സമുദായം എന്നിരിക്കെ അതില്‍ പിറന്നു എന്നത് സ്വഫിയ്യ(റ)യെ ആക്ഷേപിക്കുവാനുള്ള കാരണമാകുന്നതെങ്ങനെയെന്ന് ചോദിക്കുന്ന പ്രവാചകനില്‍ മദീനയിലെ യഹൂദഗോത്രങ്ങളിലെ പുരുഷന്‍മാര്‍ ചെയ്യുന്ന തോന്നിവാസങ്ങള്‍ക്ക് അവരിലെ സ്ത്രീകളെയും അവരുടെ വംശത്തിന്റെ ഇന്നലെകളെയും പ്രതിചേര്‍ക്കുന്നതിനെതിരായ ഉദാത്തമായ ജാഗ്രതയുണ്ട്; വംശീതയക്കെതിരായ മാനവികതയുടെ ജാഗ്രതയാണത്!
പ്രണയപുഷ്‌കലമായിരുന്നു നബി(സ)യുടെയും സ്വഫിയ്യ(റ)യുടെയും ദാമ്പത്യം ആദ്യന്തം. അവരുടെ ഗാഢസൗഭാത്രം തന്നെയാണ് സകല വിമര്‍ശനങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ മറുപടി. നല്ല പാചകക്കാരിയായിരുന്ന സ്വഫിയ്യ (റ) തന്റെ പ്രിയപ്പെട്ടവന് മികച്ച ഭക്ഷണ വിഭവങ്ങളൊരുക്കി നല്‍കി സ്‌നേഹമൂട്ടി; ‘സ്വഫിയ്യ(റ)യെപ്പോലെ ആഹാരം തയ്യാറാക്കാന്‍ കഴിയുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല’ എന്ന് ആഇശ (റ) പറയുവോളമുണ്ടായിരുന്നു(67) പ്രേമസുരഭിലമായ ആ രുചിപ്പെരുമ. നബി (സ) റമദാനില്‍ പള്ളിയില്‍ ആരാധനകളില്‍ മുഴുകിയിരിക്കുന്ന ഭക്തിതീവ്രമായ മണിക്കൂറുകളില്‍ (ഇഅ്തികാഫ്) പോലും സ്വഫിയ്യ (റ) അവിടുത്തെ കാണാനെത്തുമായിരുന്നു, നബി (സ) അവരെ സ്വീകരിക്കുകയും സ്‌നേഹസംഭാഷണങ്ങളിലേര്‍പ്പെടുകയും മടങ്ങിപ്പോകുമ്പോള്‍ പള്ളിക്ക് പുറത്തെത്തുംവരെ അവരെ അനുകമ്പാപൂര്‍വം അനുയാത്ര നടത്തുകയും ചെയ്യുമായിരുന്നു.(68) നബി(സ)യുടെ ഹജ്ജില്‍ അവിടുത്തെ അനുഗമിക്കാന്‍ മഹതിക്ക് ഭാഗ്യമുണ്ടായി. ഹജ്ജ് അവസാനിച്ചപ്പോള്‍ സ്വഫിയ്യ(റ)യോടൊത്ത് ശയ്യ പങ്കിടുവാനാണ് നബി (സ) ആഗ്രഹിച്ചത്.(69) ഒടുവില്‍ കടലോളം ആഴമുള്ള സ്‌നേഹവിരുന്നിന്റെ അനര്‍ഘ നിമിഷങ്ങള്‍ക്കറുതിയായി പ്രവാചകന്‍ (സ) ഇഹലോകത്തോട് വിട പറയാനൊരുങ്ങി മരണശയ്യയിലായപ്പോള്‍ സ്വഫിയ്യ(റ)യുടെ ഹൃദയം നുറുങ്ങുകയായിരുന്നു. മനസ്സിന് തണുപ്പും ശരീരത്തിന് ചൂടും ആത്മാവിന് വെളിച്ചവും പകര്‍ന്ന് തന്റെ ജീവിതത്തെ വിമോചിപ്പിക്കുകയും സാർത്ഥകമാക്കുകയും ചെയ്ത പ്രവാചകപ്രിയന്‍ മൃതിയുടെ വേദന തിന്നുന്നത് കണ്ടുനില്‍ക്കാന്‍ സ്‌നേഹനിധിയായ ആ ഭാര്യക്ക് കഴിയുമായിരുന്നില്ല. നബിയോടവര്‍ പറഞ്ഞു: ”നബിയേ, അങ്ങേയ്ക്ക് പകരം ഈ വേദന അനുഭവിക്കാനായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” ഇതുകേട്ട നബി (സ) തന്റെ ചുറ്റും കൂടിനിന്നവരോടായി പറഞ്ഞു -”അല്ലാഹുവാണേ, സ്വഫിയ്യ സത്യമാണ് പറഞ്ഞത്.”(70) അതെ, അകത്തുള്ള പിടച്ചില്‍ തന്നെയാണ് സ്വഫിയ്യ(റ)യുടെ ചുണ്ടിലൂടെ പുറത്തുവരുന്നതെന്ന് അവരുടെ ഉള്ളറിഞ്ഞ നബി(സ)ക്ക് നിശ്ചയമുണ്ടായിരുന്നു. പ്രവാചകന് സ്വന്തം ജീവിതം തന്നെ കൊടുക്കാന്‍ തീവ്രമായി ആഗ്രഹിച്ച സ്വഫിയ്യ (റ) എന്ന പ്രണയിനി ചരിത്രത്തില്‍ പ്രകാശം പൊഴിച്ചുനില്‍ക്കുന്നു, പ്രവാചക മഹാത്മ്യത്തിന് മാറ്റുകൂട്ടുന്നു. അവരുടെ പേരില്‍ നബി(സ)യോട് കലമ്പുന്നവര്‍ പരിഹാസ്യരായിത്തീരുന്നു, സ്വയം അവമതിക്കുന്നു.
കുറിപ്പുകള്‍
63. ഇബ്‌നു ഹിബ്ബാന്‍, സ്വഹീഹ് (11/607).
64. അബൂയഅ്‌ലാ അൽ മൗസ്വിലി, മുസ്‌നദ് (7120).
65. തിര്‍മിദി, ജാമിഅ് (കിതാബു സ്വഫിതില്‍ ക്വിയാമതി വര്‌രിക്വാക്വി വല്‍ വറഇ അന്‍ റസൂലില്ലാഹ്); അബൂദാവൂദ്, സുനന്‍ (കിതാബുല്‍ അദബ് – ബാബു ഫില്‍ ഗീബ).
66. തിര്‍മിദി, ജാമിഅ് (കിതാബുല്‍ മനാക്വിബി അന്‍ റസൂലില്ലാഹ്).
67. നസാഇ, സുനന്‍ (കിതാബു അശ്‌റതിന്നിസാഅ്).
68. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ഇഅ്തികാഫ് – ബാബു ഹല്‍ യദ്‌റഉല്‍ മുഅ്തകിഫു അന്‍ നഫ്‌സിഹി, ബാബു സിയാറത്തില്‍ മര്‍അതി സൗജഹാ ഫീ ഇഅ്തികാഫിഹി).
69. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ഹജ്ജ് – ബാബുസ്സിയാറതി യൗമന്നഹ്ർ).
70. ഇബ്‌നു സഅദ്.
Masha allah
👍Masha Allah
Mashaalla good message
Good Message