ഗർഭകാലം: കുഞ്ഞുമായി ബന്ധം സ്ഥാപിക്കാം

//ഗർഭകാലം: കുഞ്ഞുമായി ബന്ധം സ്ഥാപിക്കാം
//ഗർഭകാലം: കുഞ്ഞുമായി ബന്ധം സ്ഥാപിക്കാം
പാരന്റിംഗ്‌

ഗർഭകാലം: കുഞ്ഞുമായി ബന്ധം സ്ഥാപിക്കാം

Print Now
ക്കളെ സൽസ്വഭാവികളായി വളർത്തുന്നതിന്‌ കുട്ടികളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുക അത്യന്താപേക്ഷികമാണ്‌. മാതാപിതാക്കൾക്ക്‌ ഗർഭകാലത്ത്‌ തന്നെ കുഞ്ഞുമായി വൈകാരിക ബന്ധം സ്ഥാപിച്ചുതുടങ്ങാവുന്നതാണ്‌‌. ഇതിനായി താഴെ പറയുന്നതെല്ലാം നമുക്ക്‌ ചെയ്യാം‌.

1. മസ്സാജ്‌ ചെയ്ത് കൊടുക്കാം:

മാതാവിനും പിതാവിനും, സഹോദരങ്ങൾക്കും മാതാവിന്റെ ഉദരത്തിൽ മൃദുവായി തഴുകി കൊണ്ട്‌ കുഞ്ഞിന്‌ മസ്സാജ്‌ ചെയ്ത്കൊടുക്കാവുന്നതാണ്‌. കുഞ്ഞിന്‌ അനുഭവ വേദ്യമാകുന്ന ഈ സപർശനം അവനുള്ള അംഗീകാരങ്ങളാണ്‌. ഇത്‌ കുഞ്ഞിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും നിങ്ങളുമായുള്ള ബന്ധം ദൃഡപ്പെടുത്തുകയും ചെയ്യും.

2. നല്ല ഭക്ഷണം ശീലിപ്പിക്കുക:

പതിനഞ്ചാം ആഴ്ച്ചയിൽ രസമുകുളുങ്ങൾ രൂപപ്പെടുകയും ഇരുപതാമത്തെ ആഴ്ച്ച മുതൽ ഭക്ഷണത്തിന്റെ രുചിയറിയുകയും ചെയ്യുന്നതിനാൽ, നാം കഴിക്കുന്ന ഭക്ഷണം കുഞ്ഞ്‌ രുചിക്കുന്നുണ്ട്‌ എന്ന ബോധ്യത്തോട്‌ കൂടി നല്ലത് അഥവാ പോഷകസമൃദ്ധമായ ആഹാരങ്ങൾ‌ മാത്രം കഴിക്കുക. ഇത്‌ പിന്നീട്‌ കുഞ്ഞിന്റെ ഭക്ഷണ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മറക്കാതിരിക്കുക.

3. നന്നായി സംസാരിക്കുക:

ഇരുപത്തിരണ്ടാം ആഴ്ച്ച മുതൽ കുഞ്ഞ്‌ അകത്തെ ശബ്ദവും അടുത്ത ആഴ്ച്ചകൾ മുതൽ പുറത്തെ ശബ്ദവും ശ്രവിച്ചു തുടങ്ങുന്നു. അത്കൊണ്ട്‌‌ ദിനേന അൽപസമയം ഖുർആൻ പാരായണങ്ങൾ കേൾപ്പിക്കുക. ഉദരത്തിലിരുന്ന് കേൾക്കുന്ന സംഗീത താളങ്ങളോട്‌‌ വളർന്ന് വരുമ്പോൾ കുഞ്ഞ്‌ അടുപ്പം കാണിക്കുവെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.(61) അങ്ങനെയെങ്കിൽ ഈ സമയത്തെ ഖുർആൻ കേൾക്കൽ കുഞ്ഞിനെ ഖുർആനുമായി അടുപ്പിക്കാൻ കാരണമാകും. ഗർഭകാലത്തും കുഞ്ഞുമായി നിങ്ങൾക്ക്‌ സംസാരിക്കാവുന്നതും, താരാട്ട്‌ പാട്ടുകൾ പാടികൊടുക്കാവുന്നതുമാണ്‌‌. ഭർത്താവുമായി ഒരുമിച്ചും, നിങ്ങളുടെ തന്നെ മുതിർന്ന കുട്ടികളോടൊത്തുമെല്ലാം ഗർഭസ്ഥ ശിശുവുമായി സംസാരിക്കുക. മാതാവ്‌ ഒറ്റയ്ക്കായിരിക്കുമ്പോഴും കുഞ്ഞുമായി സംസാരിക്കാം. അവനോട്‌ വിശേഷങ്ങൾ ചോദിക്കാം, ഇവിടെ ആരെല്ലാം കാത്തിരിക്കുന്നു എന്നെല്ലാം അവനോട്‌ പറയാം. ഇങ്ങനെ സംസാരിക്കുന്നത്‌ നിങ്ങളുടെ ശബ്ദവുമായി കുഞ്ഞിന്‌ വൈകാരിക ബന്ധം സ്ഥാപിക്കാൻ കാരണമാവുകയും ജനന ശേഷം പെട്ടന്ന് അടുക്കാനും, അപരിചിതത്വം മാറാനും സുരക്ഷിത ബോധം സൃഷ്ടിക്കാനുമെല്ലാം ഇത്‌ ഉപകരിക്കുന്നു.

4. കുറച്ചൊക്കെ പഠിപ്പിക്കാം:

ഇരുപതാമത്തെ ആഴ്ച്ച മുതൽ ആരംഭിക്കുന്ന കുഞ്ഞിന്റെ തലച്ചോറിലെ നാഡീകോശങ്ങളുടെ വിവരകൈമാറ്റം (സിനാപ്സ്‌‌ / synapse) ഇരുപത്തെട്ടാമത്‌ ആഴ്ച്ച എത്തുമ്പോൾ കോടികണക്കിന്‌ സിനാപ്സുകളായി രൂപപ്പെടുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുന്ന മുഴുവൻ വിവരങ്ങൾക്കും സിനാപ്സുകൾ രൂപപ്പെടുന്നുണ്ട്‌. സിനാപ്സിന്റെ ബലമനുസരിച്ചാണ്‌ നമ്മൾ ഒരു കാര്യം ഓർത്തിരിക്കുന്നതെന്ന് പറയാം.(62) ഗർഭകാലത്ത്‌‌ കേൾക്കുന്ന ശബ്ദം പിന്നീട്‌ കേൾക്കുമ്പോൾ കുഞ്ഞ്‌ അതിനോട്‌ അടുപ്പം കാണിക്കും‌. അത്കൊണ്ട്‌ കുഞ്ഞിന്‌ ദിനേന ചെറിയ ചില പ്രാർത്ഥനാ ശീലങ്ങൾ ‌പഠിപ്പിക്കാം. ഉദാഹരണത്തിന്‌ എപ്പോഴും കുഞ്ഞിനോട്‌ സലാം പറയാം. ഉറങ്ങുമ്പോഴും ഉണരുമ്പോഴുമുള്ള പ്രാർത്ഥനകൾ കുഞ്ഞിന്‌ കൂടി കേൾക്കാൻ പാകത്തിന്‌ ഉറക്കെ ചൊല്ലാം.

5. കാണാതെയും കളിക്കാം:

മുപ്പത്തൊന്നാം ആഴ്ച്ച എത്തുമ്പോഴേക്കും കുഞ്ഞ്‌ നന്നായി ചായാനും ചരിയാനും തുടങ്ങുന്നു. നമ്മൾ പതുക്കെ അമർത്തുന്ന ഭാഗത്ത്‌ കുഞ്ഞ്‌ ചവിട്ടുന്നത്‌ കാണാം. മറ്റൊരു ഭാഗത്ത്‌ അമർത്തിയാൽ അവിടെയും ചവിട്ടുന്നത്‌ കാണാം.

6. കൺകുളിർക്കെ കാണാം:

ഗർഭകാലത്ത്‌ രണ്ടോ മൂന്നോ അൾട്രാസൗണ്ട്‌ സ്കാനിംഗുകൾ ഉണ്ടാകാം. ഈ സമയത്ത്‌ കുഞ്ഞിനെ സ്ക്രീനിൽ കൺ കുളിർക്കെ കാണുക. ഇങ്ങനെ കാണുന്നതും അത്‌ മനസ്സിൽ സൂക്ഷിക്കുന്നതും‌ കുഞ്ഞുമായുള്ള ബന്ധത്തെ ദൃഡപ്പെടുത്തും.(63)

7. ഡയറി എഴുതാം:

ഒരു ഡയറി എഴുതി തുടങ്ങാം. അവർക്കായി നിങ്ങൾ ഒരുങ്ങിയത്‌ മുതൽ‌ അഞ്ച്‌ വയസ്സ്‌ ആകുന്നത്‌ വരെയുള്ളത് എഴുതാം. ഓരോ ആഴ്ച്ചയിലെയും കുഞ്ഞുമായി ബന്ധപ്പെട്ട നിങ്ങളുടെ ചർച്ചകളും, ആശങ്കകളും, പ്രതീക്ഷകളും, വെല്ലുവിളികളും, പ്രശ്നങ്ങളും, പ്രയാസങ്ങളും, ചെലവഴിച്ച സമ്പത്തും എല്ലാം അതിൽ എഴുതുക. ഒരു വർഷത്തിന്‌ അല്ലെങ്കിൽ ആറ്‌ മാസത്തിന്‌ ഒരു ഡയറി എന്നതോതിൽ പുതിയ ഡയറി എഴുതുക. മക്കൾ വളർന്ന് കൗമാരപ്രായമെത്തുമ്പോൾ അവരുടെ ഒരോ ജൻമദിനത്തിനും ഇത്‌ സമ്മാനമായി നൽകുക. കൗമാരത്തിൽ മാതാപിതാക്കളെക്കാൾ കൂട്ടുകാർക്ക്‌ വിലകൽപിക്കുമ്പോൾ ഈ ഡയറി അവരെ നിങ്ങളുമായി അടുക്കാൻ സഹായിക്കും.

ഭർത്താവിന് എന്തെല്ലാം‌ ചെയ്യാം:

ഗർഭം ധരിക്കുന്നത്‌ ഭാര്യയാണെങ്കിലും ഭർത്താവിന്‌ തന്റേതായ കർത്തവ്യങ്ങൾ ഒരുപാട്‌ നിറവറ്റാനുണ്ട്‌. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ സാമ്പത്തിക ബാധ്യതയാണ്‌‌. ഗർഭകാല പരിചരണത്തിനും, പ്രസവത്തിനും, പ്രസവാനന്തര ശുശ്രൂഷക്കുമായി വേണ്ടി വരുന്ന പണം കണ്ടെത്തണം. അതിനായി ചിലപ്പോൾ കൂടുതൽ ജോലി ചെയ്യേണ്ടതായും വന്നേക്കാം. എന്നിരുന്നാലും താഴെ പറയുന്ന കാര്യങ്ങൾക്ക്‌ കൂടി സമയം കണ്ടെത്തുന്നത്‌ മാതാവിന്റെയും കുഞ്ഞിന്റെയും മാനസിക ആരോഗ്യത്തിന്‌ ശക്തി പകരും.

1. വൈകാരിക സംരക്ഷണം:

സാമ്പത്തിക സംരക്ഷണം പോലെതന്നെ പ്രധാനമാണ്‌ ഭാര്യയ്ക്ക്‌ ഈ സമയത്ത്‌ വൈകാരികമായ സംരക്ഷണവും. ഇതിനായി ഭാര്യയുടെ കൂടെ അൽപം ഫ്രീയായി സമയം ചെലവഴിക്കാം. അവളുമായി പുറത്ത്‌ നടക്കാനിറങ്ങാം. മറ്റുരാജ്യത്ത്‌ ജോലി ചെയ്യുന്നവരാണെങ്കിൽ ഫോണിലോ, വീഡിയോ കോളിലോ സമയം ചെലവിടാം. കുഞ്ഞ്‌ വന്നാൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്‌ ചർച്ച ചെയ്യാം. ക്ഷീണം കൂടുന്ന ദിവസങ്ങളിൽ അവൾക്ക്‌ ഭക്ഷണം വാരികൊടുക്കാം. പ്രവാചകൻ (സ) പറയുന്നു, “നീ അല്ലാഹുവിൻറെ പ്രീതി ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന ഏത് ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നിന്റെ ഭാര്യയുടെ വായിൽ വെച്ചു കൊടുക്കുന്ന ഒരു പിടി (ഭക്ഷണം) ആണെങ്കിൽ പോലും.” (ബുഖാരി). മാതാവിന്‌ ഉണ്ടാകുന്ന സ്ട്രെസ്സ്‌, ടെൻഷൻ എന്നിവ കുഞ്ഞിനെ ബാധിക്കുമെന്നതിനാൽ അത്‌ കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ പ്രതിവിധിയാണ്‌‌ ഭർത്താവ്‌ നൽകുന്ന വൈകാരിക സംരക്ഷണം.

2. മസ്സാജ്‌ ചെയ്യാം:

ഭാര്യക്ക്‌ കാലിനും നടുവിനും ഗർഭകാല വേദനകൾ സാധാരണയായിരിക്കും. അവൾക്ക്‌ മസ്സാജ്‌ ചെയ്ത്‌ കൊടുക്കുന്നത്‌ ശാരീരിക സൗഖ്യത്തിനൊപ്പം മാനസിക സൗഖ്യം കൂടി പ്രധാനം ചെയ്യും. ഉദരത്തിൽ മൃദുലമായി തഴുകുന്നത്‌ കുഞ്ഞിനും ഗുണം നൽകുന്നു. കുഞ്ഞുമായി വൈകാരിക ബന്ധം സ്ഥാപിക്കാനും കാരണമാകുന്നു.

3. വൈദ്യപരിശോധനക്ക്‌ കൂടെ‌ അനുഗമിക്കാം:

ഡോക്ടറെ കാണാനും, ഇടവിട്ടുള്ള പരിശോധനയ്ക്കും മറ്റുള്ളവരെ കൂടെ പറഞ്ഞയക്കാതെ ഭർത്താവ്‌ തന്നെ പോകുന്നത്‌ ഭാര്യയിൽ എന്തെന്നില്ലാത്ത ആശ്വാസം ജനിപ്പിക്കും. നിങ്ങൾ തന്നെ ഡോക്ടറോട്‌ കാര്യങ്ങൾ ചോദിച്ചറിയുന്നത്‌ അവളിൽ ആത്മവിശ്വാസം ജനിപ്പിക്കുകയും പിരിമുറുക്കങ്ങൾ അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.

നമ്മുടെ മക്കൾക്കായി നാം ചെലവഴിക്കുന്ന സമയവും, ഊർജവും, ധനവും എല്ലാം നല്ല സമൂഹത്തെ വാർത്തെടുക്കാനുള്ള നിക്ഷേപമായി മാത്രം കാണുക. നമുക്കും മുമ്പേ വന്നവർ നടത്തിയ നിക്ഷേപത്തിന്റെ ലാഭമാണ്‌ നാം അനുഭവിക്കുന്ന സാമൂഹ്യ സംവിധാനങ്ങളും ജീവിത സാഹചര്യങ്ങളും. നമ്മുടെ നിക്ഷേപത്തിന്റെ ലാഭം വരും തലമുറയ്ക്ക് പതിൻമടങ്ങ്‌‌ ഇരട്ടിയായി കൊയ്യാൻ സാധിക്കട്ടെയെന്ന് നമുക്ക്‌ പ്രാർത്ഥിക്കാം.

കുറിപ്പുകൾ:

61) https://www.webmd.com/baby/features/bonding-with-baby-before-birth#4)

62) Sandra Ackerman, Discovering the Brain, National Academy Press, Washington (1993), pp 97-98

63) Judith Lumley, Through a Glass Darkly: Ultrasound and Prenatal Bonding, Birth Vol 17, Issue 4 (1990)

No comments yet.

Leave a comment

Your email address will not be published.