കുട്ടികളെ വളര്‍ത്തുമ്പോള്‍….

//കുട്ടികളെ വളര്‍ത്തുമ്പോള്‍….
//കുട്ടികളെ വളര്‍ത്തുമ്പോള്‍….
പാരന്റിംഗ്‌

കുട്ടികളെ വളര്‍ത്തുമ്പോള്‍….

Print Now

അല്ലാഹു നമ്മെയേല്‍പ്പിച്ച അമാനത്താണ് നമ്മുടെ കുട്ടികള്‍. ഭാവിയുടെ പൗരന്മാരാണവര്‍. സ്വഭാവങ്ങളും ശീലങ്ങളുമെല്ലാം അമ്മയുടെ മടിത്തട്ടില്‍ നിന്നാണ് അവര്‍ അഭ്യസിക്കുന്നത്; ജീവിതവീക്ഷണവും സാമൂഹ്യബോധവുമെല്ലാം പഠിക്കുന്നത് മാതാപിതാക്കളുടെ പെരുമാ റ്റത്തില്‍നിന്നും സ്വഭാവങ്ങൡനിന്നുമാണ്. മാതാവിന്റെ പരിലാളനകളും പിതാവിന്റെ പെരുമാറ്റങ്ങളും ഗൃഹാന്തരീക്ഷം നല്‍കുന്ന സ്വസ്ഥാസ്വസ്ഥതകളും കളിക്കൂട്ടുകാരും ചുറ്റുപാടും നല്‍കുന്ന പാഠങ്ങളുമാണ് കുട്ടിയുടെ ‘തലവിധി’ നിര്‍ണയിക്കുന്നതെന്നാണ് ശിശുമനഃ ശാസ്ത്രം വ്യക്തമാക്കുന്നത്. രാജാക്കളും രാജ്ഞികളുമാകേണ്ടവരായി ജനിക്കുന്ന കുഞ്ഞുങ്ങളെ തവളകളാക്കിത്തീര്‍ക്കുന്നത് മാതാപിതാ ക്കളാണെന്ന വിനിമയാപഗ്രഥനരംഗത്തെ പ്രഗല്‍ഭനായ എറിക്‌ബേണിന്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. അല്ലാഹു ഏല്‍പിച്ച അമാനത്തായ കുട്ടികളെ യഥാരൂപത്തിലുള്ള പോഷണങ്ങള്‍ – ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയ്ക്കാ വശ്യമായ പോഷണങ്ങള്‍- നല്‍കി വളര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. ഈ കടമ യഥാരൂപ ത്തില്‍ നിര്‍വഹിക്കാ തിരിക്കുന്നത് ഇവിടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയ്ക്കും പാത്രമാകുന്ന പാപമാണെന്ന ബോധം ഓരോ മുസ്‌ലിമിനുമുണ്ടാവേണ്ടതാണ്.

 

കളിച്ചു വളരേണ്ടവരാണ് കുട്ടികള്‍. കേവലമായ ഉല്ലാസം മാത്രമല്ല കളി പ്രദാനം ചെയ്യുന്നത്; പ്രത്യുത അവരുടെ ശാരീരിക വ്യായാമ ത്തിനും മാനസികാര്യോഗത്തിനുമെല്ലാം കളികള്‍ അനിവാര്യമാണ്. ചെറുപ്പത്തില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ച് നടക്കുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ ഒന്നുകില്‍ അന്തര്‍മുഖികളോ അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധരോ ആയിത്തീരുകയാണ് പതിവ്. പാഠപുസ്ത കങ്ങളുടെ കൂമ്പാരങ്ങള്‍ക്കു മുന്നില്‍ കെട്ടിയിട്ടുകൊണ്ട് അല്‍ പം പോലും കളിക്കാനനുവദിക്കാതെ കുട്ടികളെ പ്രയാസപ്പെടുത്തുന്ന രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് നന്മയല്ല വരുത്തന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

 

കുട്ടികളെ കളിക്കുവാന്‍ അനുവദിക്കുക മാത്രമല്ല അവരോടൊപ്പം കളിക്കുവാന്‍ സമയം കണ്ടെത്തുകയും ചെയ്തയാളായിരുന്നു മുഹമ്മദ് നബി(സ). പേരക്കിടാങ്ങളോടൊപ്പം ആനയും പാപ്പാനുമായി കളിക്കുന്ന പ്രവാചകന്റെ ചിത്രം നാം പഠിച്ചുവെച്ച ആത്മീയഗുരുക്കന്മാരി ല്‍നിന്നും എന്തുമാത്രംവ്യത്യസ്തമാണ്!തന്റെശരീരത്തിലിരുന്ന് കളിച്ചുകൊണ്ടിരിക്കുന്ന പേരക്കിടാവിന്റെ കളിക്ക് ഭംഗം വരുത്താതെ നമസ്‌കാരം നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കുന്ന പ്രവാചകന്‍(സ) നമുക്ക് നല്‍കുന്ന പാഠം എന്തു മാത്രം മഹത്തരമാണ്! ശിശുമനഃശാസ്ത്ര രംഗത്ത് എഴുതപ്പെട്ട നൂറുകണക്കിന് പുറങ്ങളുള്ള പുസ്തകങ്ങള്‍ നല്‍കാത്ത അറിവാണ് പ്രവാചകജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങള്‍ പോലും നല്‍കുന്നതെന്നുള്ളതാണ് വാസ്തവം.

 

എല്ലാം കച്ചവടവത്കരിക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ കുട്ടികളുടെ കളികള്‍ പോലും ആയുധങ്ങളായി മാറുന്നുണ്ടെന്ന വസ്തുത, കളികള്‍ക്ക് പ്രോല്‍സാഹനവും അംഗീകാരവും നല്‍കുന്നതോടൊപ്പം തന്നെ, നാം മനസ്സിലാക്കേണ്ടതുണ്ട്. പാശ്ചാത്യ സംസ്‌കാ രമാണ് ഉന്നതവും ഉദാത്തവുമെന്നും പൗരസ്ത്യ (വിശേഷിച്ചും ഇസ്‌ലാമിക) സംസ്‌കാരം പ്രാകൃതവും അപരിഷ്‌കൃതവുമാ ണെന്നുമുള്ള ഹണ്ടിങ്ങ്ടണ്‍ സിദ്ധാന്തത്തെ കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് അവരോ രക്ഷിതാക്കളോ അറിയാതെ കുത്തിവെക്കുന്നവയാണ് ഇന്ന് പുറത്തിറങ്ങുന്ന കളിപ്പാട്ടങ്ങളിലധികവുമെന്ന വസ്തുത നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. കാര്‍ട്ടുണ്‍ സിനിമകളും ടി.വി, കംപ്യൂട്ടര്‍ ഗെയ്മുകളുമാണ് ശരാശരി പട്ടണവാസികളുടെ പ്രധാന കളിസാമഗ്രികള്‍. ഈ ഗെയ്മുകളും കാര്‍ട്ടൂണുകളും സൃഷ്ടിക്കുന്ന മിഥ്യാധാര ണകള്‍ കുട്ടിയുടെ മസ്തിഷ്‌ക വളര്‍ച്ചയ്ക്കല്ല,  പ്രത്യുത തകര്‍ച്ചക്കാണ് നിമിത്തമാവുന്നതെന്നത് ഒരു വശം. അതോടൊപ്പം തന്നെ പാശ്ചാത്യമൂല്യങ്ങളുടെ വിഗ്രഹവത്കരണത്തിലൂടെ ഇത്തരം ഗെയ്മുകള്‍ വളരുന്ന തലമുറയെ മാനസികമായി അടിമകളാ ക്കിത്തീര്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രസിദ്ധ കാര്‍ട്ടൂണ്‍ ഷോകളായ ഹീമാന്‍, പോക്കിമോന്‍, ട്രാന്‍സ്‌ഫോര്‍മേഴ്്സ്, സൂപ്പര്‍ ഹീറോസ്, ഗോബട്‌സ്, വോള്‍ട്രോണ്‍, റെയിന്‍ബോബ്രൈറ്റ്, കെയര്‍ബെയര്‍സ് തുടങ്ങിയവ വിമര്‍ശനാത്മകമായി നിരീക്ഷിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. ചില ഗെയ്മുകളില്‍ ദുഷ്ടന്‍ മുസ്‌ലിം മതമൗലികവാദിയാണ്. ഉസാമബിന്‍ലാദന്റേതു പോലെ തോന്നിക്കുന്ന രൂപം! അയാള്‍ തലപൊക്കുമ്പോഴെല്ലാം കുട്ടി വെടിവെക്കണം. കുട്ടിയെ അവനറിയാതെ സാമ്രാജ്യത്വവത്കരിക്കുകയാണിവിടെ. ഇത് തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും നമുക്ക് കഴിയണം.

 

കുട്ടികളെ കളിക്കുവാന്‍ അനുവദിക്കണമെന്നു പറയുമ്പോള്‍ അവരെ ഇരകളാക്കാന്‍ ‘കച്ചവടമാഫിയ’ക്കു മുന്നിലേക്ക് എറിഞ്ഞു കൊടുക്കണമെന്നല്ല അര്‍ഥം. ശരീരത്തിനും മനസ്സിനും ആത്മാവിനും വളര്‍ച്ചയും വികാസവും നല്‍കുന്ന കളികള്‍ തിരഞ്ഞെടുത്ത് കുട്ടികള്‍ക്ക് നിര്‍ദേശിച്ചു കൊടുക്കുവാന്‍ കഴിയുമ്പോള്‍ മാത്രമെ നമ്മുടെ ബാധ്യത നാം നിര്‍വഹിച്ചുവെന്ന് പറയാന്‍ കഴിയൂ. പ്രബോധകരുടെ സത്വര ശ്രദ്ധപതിയേണ്ട മേഖലയാണിത്. നാളെയുടെ പൗരന്മാരെ നന്മ നിറഞ്ഞവരായി  വളര്‍ത്തുവാന്‍ രക്ഷിതാക്കളെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന കളികളുടെ അപകടം ബോധ്യപ്പെടുത്തിക്കൊടുക്കുവാനും നല്ല കളികള്‍ നിര്‍ദേശിച്ചുകൊടുക്കുവാനും കഴിഞ്ഞാല്‍ അത് നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു സേവനമായിരിക്കും.

1 Comment

  • നിച്ച് ഓഫ് ട്രൂത്ത് ന്റേ ലേഖനം വളരെ പ്രയോജനപ്രദമാണ് പലകാര്യങ്ങളും എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നു അല്ലാഹ് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

    Shahana arafath 20.11.2019

Leave a comment

Your email address will not be published.