ഇമാം അബൂഹനീഫയും നാസ്‌തികരും തമ്മിലൊരു സംവാദം

//ഇമാം അബൂഹനീഫയും നാസ്‌തികരും തമ്മിലൊരു സംവാദം
//ഇമാം അബൂഹനീഫയും നാസ്‌തികരും തമ്മിലൊരു സംവാദം
ചരിത്രം

ഇമാം അബൂഹനീഫയും നാസ്‌തികരും തമ്മിലൊരു സംവാദം

ഹാപണ്ഡിതൻ ഇമാം അബൂഹനീഫ(റ)യുടെ ചരിത്രത്തിലൊരു സംഭവം കാണാം. ‘അല്ലാഹു ഉണ്ടോ ഇല്ലേ’ എന്ന വിഷയത്തിൽ ഒരു സംവാദം നടത്തണമെന്ന ആവശ്യവുമായി കുറച്ചു നിരീശ്വരവാദികൾ ഇമാമിനെ സമീപിച്ചു. അദ്ദേഹം സംവാദത്തിനു സമ്മതിക്കുകയും സംവാദത്തിന്റെ സ്ഥലവും സമയവും നിശ്ചയിക്കുകയും ചെയ്‌തു. അങ്ങനെ സംവാദത്തിന്റെ ദിവസമായി. തീരുമാനിക്കപ്പെട്ട സമയമായിട്ടും ഇമാം അബൂഹനീഫ(റ)യെ കാണാനില്ല. ജനങ്ങൾ അദ്ദേഹത്തെ കാത്തിരുന്നു. പരാജയഭീതി മൂലം ഇമാം സംവാദത്തിൽനിന്ന് പിന്മാറിയതായി കുപ്രചരണങ്ങളുണ്ടായി. വൈകിയാണെങ്കിലും ഇമാം അബൂഹനീഫ (റ) സംവാദ സ്ഥലത്ത് സന്നിഹിതനാവുക തന്നെ ചെയ്‌തു. വൈകിയെത്താനുള്ള കാരണത്തെക്കുറിച്ച നാസ്തികരുടെ ചോദ്യത്തിന് ഇമാമിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാൻ വരുന്ന വഴിയിൽ ഒരു നദിയുണ്ട്. ആ നദി കടന്നു വേണം എനിക്കിങ്ങോട്ട് വന്നെത്താൻ. അവിടെ ഒരു തോണിപോലുമില്ല. എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുറെ സമയം അവിടെ നിന്നു. പെട്ടെന്ന് കുറച്ച് മരത്തടികൾ ഒഴുകി വന്ന് ചേർന്ന് നിന്നു. എവിടെനിന്നോ ഒരു കയർ വന്ന് ആ മരത്തടികൾ വരിഞ്ഞു കെട്ടി. അങ്ങനെ ആ മരത്തടികൾ ചേർന്ന് ഒരു വഞ്ചി രൂപപ്പെട്ടു. ഞാനാ വഞ്ചിയിൽ കയറി. ഒന്ന് തുഴയുക പോലും ചെയ്യാതെ ആ വഞ്ചി പുഴയുടെ ഒഴുക്കിനെതിരെ നീന്തി എന്നെ അക്കരെയെത്തിച്ചു. അങ്ങനെ ഞാനിവിടെ വന്നെത്തുകയാണ് ചെയ്‌തത്‌.’ ഇത് കേട്ട് നാസ്തികർ ബഹളം വച്ചു. ‘ഒരു തോണി തനിയെ രൂപപ്പെടുകയോ? ആരും തുഴയാതെ ആ തോണി ഒഴുക്കിനെതിരെ നീന്തുകയോ? ഈ കഥയൊക്കെ ഞങ്ങൾ വിശ്വസിക്കുമെന്ന് കരുതിയോ?’ ഇമാം അബൂഹനീഫ(റ)യുടെ പ്രതികരണം ഏവരുടെയും ചിന്തയെ ഉദ്ദീപിപ്പിക്കുവാൻ പര്യാപ്‌തമായിരുന്നു. ‘ഒരു തോണിപോലും വെറുതെയുണ്ടാവില്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ, ഭൂമിയും ജീവജാലങ്ങളും ആകാശലോകങ്ങളുമെല്ലാം വെറുതെയുണ്ടാവുമോ?!’

സംവാദം അതോടെ അവസാനിക്കുകയും ഇമാം അബൂഹനീഫ (റ) പ്രസ്‌തുത സംവാദത്തിൽ വിജയിക്കുകയും ചെയ്‌തു. ഇത് പന്ത്രണ്ട് നൂറ്റാണ്ടുകൾക്കപ്പുറത്തെ ചരിത്രം. ഇന്നും ഈ ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു മൊട്ടുസൂചിപോലും തനിയെ ഉണ്ടാവില്ലെങ്കിൽ, നമ്മുടെ ഭൂമിയും മറ്റു ഗ്രഹങ്ങളും, പതിമൂന്ന് ലക്ഷം ഭൂമികളെ ഉൾക്കൊള്ളാൻ മാത്രം വലിയ സൂര്യനും, സൂര്യനുൾപ്പെടെ കോടാനുകോടി നക്ഷത്രങ്ങളുള്ള ആകാശഗംഗയെന്ന നമ്മുടെ ഗാലക്സിയും, അങ്ങനെയുള്ള കോടാനുകോടി ഗാലക്സികളുമെല്ലാം തനിയെ രൂപപ്പെടുകയും ആസൂത്രിതമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന വാദം എത്രമാത്രം യുക്തിഹീനമാണ്! ഖുർആൻ ചോദിക്കുന്നു: “അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?” (52:35)

ഏകദൈവവിശ്വാസം ഓരോ മനുഷ്യനിലും അന്തർലീനമായിരിക്കുന്നുവെന്നതാണ് വസ്‌തുത. വല്ല മഹാവിപത്തും അനുഭവപ്പെടുമ്പോള്‍, അല്ലെങ്കില്‍ അതിഭീകരമായ മരണസത്വം മുമ്പില്‍ വന്നു നില്‍ക്കുമ്പോള്‍ മനുഷ്യന്റെ പ്രാർത്ഥനയുടെ കരം ഏകദൈവത്തിന്റെ നേര്‍ക്കാണ് നീളുന്നത്. മറ്റൊരു അഭയസങ്കേതവും അവന്‍ കാണുന്നില്ല. മുഴുത്ത ബഹുദൈവവാദികള്‍ പോലും അത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ആരാധ്യന്മാരെ വിസ്മരിച്ച് ഏകദൈവത്തെ വിളിച്ചുപ്രാര്‍ഥിക്കുന്നു. കടുത്ത നിരീശ്വരവാദികള്‍തന്നെയും ദൈവസന്നിധിയിലേക്ക് തങ്ങളുടെ പ്രാർത്ഥനാഹസ്തം നീട്ടുന്നു. ഇതും സത്യത്തെ തെളിയിക്കുന്ന ഒരു ദിവ്യാടയാളമത്രെ. കാരണം, ദൈവവിശ്വാസവും ഏകദൈവവാദവും ഓരോ മനുഷ്യനിലും ഒളിഞ്ഞുകിടക്കുന്നുണ്ടെന്നാണ് ഇതു കുറിക്കുന്നത്. ബോധശൂന്യതയുടെയും അജ്ഞതയുടെയും തിരശ്ശീലകള്‍ ആ അന്തര്‍ബോധത്തിനുമേല്‍ വീണിട്ടുണ്ടെങ്കിലും ഒരു സന്ദിഗ്ധഘട്ടത്തില്‍ അതു ബഹിസ്ഫുരിക്കാതിരിക്കുന്നില്ല. അബൂജഹ്‌ലിന്റെ പുത്രന്‍ ഇക്‌രിമ(റ)യുടെ സ്ഥിതി നോക്കുക: അദ്ദേഹം ഈ ദിവ്യാടയാളം ദര്‍ശിക്കാനിടയായി. അതോടെ സത്യവിശ്വാസത്തിനുള്ള ഉതവിയും ലഭിച്ചു. പരിശുദ്ധ മക്ക തിരുനബിക്കു ﷺ കീഴടങ്ങിയപ്പോള്‍ അദ്ദേഹം ജിദ്ദയിലേക്കോടുകയും, അവിടെനിന്ന് അബിസീനിയയിലേക്ക് പോവുകയായിരുന്ന കപ്പലില്‍ യാത്രയാവുകയും ചെയ്തു. വഴിയില്‍വെച്ചു കപ്പല്‍ വമ്പിച്ചൊരു കോളിളക്കത്തില്‍പെട്ടു മുങ്ങിപ്പോവുമെന്ന് ഭയമായി. ആദ്യമാദ്യം ഇക്‌രിമ (റ) ദേവീദേവന്മാരെ വിളിച്ചുനോക്കി, പക്ഷേ, കടല്‍ക്ഷോഭം ശക്തിപ്പെട്ടതേയുള്ളു. അപ്പോള്‍ യാത്രക്കാര്‍ പറഞ്ഞു: ”ഈ ഘട്ടത്തില്‍ അല്ലാഹുവിനെയല്ലാതെ മറ്റാരെയും നമുക്ക് വിളിക്കാനാവില്ല.” തല്‍സമയം ഇക്‌രിമ കണ്ണുതുറന്നു. അദ്ദേഹത്തിന്റെ ഹൃദയം മന്ത്രിച്ചു: ”ഇവിടെ അല്ലാഹുവല്ലാതെ മറ്റൊരു സഹായി ഇല്ല എന്നതാണ് വാസ്തവമെങ്കില്‍ പിന്നെ മറ്റെവിടെയാണുള്ളത്? എന്തിനാണ് മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നത്? ഇരുപതു വര്‍ഷമായി നമ്മോട് അല്ലാഹുവിന്റെ ദാസനായ മുഹമ്മദും ﷺ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതുതന്നെയല്ലേ? എന്നിട്ട് നാം അനാവശ്യമായി അദ്ദേഹത്തോട് മത്സരിച്ചുകൊണ്ടിരുന്നു”-ഇക്‌രിമയെ സംബന്ധിച്ചിടത്തോളം വിധിനിര്‍ണായകമായ ഒരു നിമിഷമായിരുന്നു അത്. അദ്ദേഹം ഏകനായ അല്ലാഹുവോട് തത്സമയം ശപഥം ചെയ്തു. ”അല്ലാഹുവേ! ഈ വിപത്തില്‍നിന്നു നീ എന്നെ രക്ഷപ്പെടുത്തുകയാണെങ്കില്‍ ഞാന്‍ നേരെ മുഹമ്മദിന്റെ ﷺ അടുത്തുചെന്ന് എന്റെ കരം അദ്ദേഹത്തിന്റെ കരത്തില്‍ അര്‍പ്പിക്കും.” അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തി. അങ്ങനെ പ്രതിജ്ഞ പൂര്‍ത്തീകരിക്കുകയും ചെയ്തു. അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചുവെന്നു മാത്രമല്ല ആജീവനാന്തം അതിനുവേണ്ടി ത്യാഗപരിശ്രമങ്ങളര്‍പ്പിക്കുകയും ചെയ്തു (https://thafheem.net/thafheem/M). “അല്‍പം ചിന്തിച്ചിട്ടു പറയുവിന്‍, നിങ്ങളില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വല്ല വിപത്തും ഭവിക്കുകയോ അന്ത്യനാള്‍ വന്നെത്തുകയോ ചെയ്യുകയാണെങ്കില്‍, ആ സന്ദര്‍ഭത്തില്‍ അല്ലാഹുവല്ലാത്ത മറ്റാരോടെങ്കിലും നിങ്ങള്‍ പ്രാർത്ഥിക്കുമോ? പറയുവിന്‍-നിങ്ങള്‍ സത്യവാന്മാരെങ്കില്‍. അന്നേരം നിങ്ങള്‍ അല്ലാഹുവിനെ മാത്രമേ വിളിക്കൂ. അപ്പോള്‍ അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളില്‍നിന്ന് ആ വിപത്തിനെ നീക്കിക്കളയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദിവ്യത്വത്തില്‍ പങ്കാളികളെന്ന് നിങ്ങള്‍ വാദിക്കുന്നവരെയെല്ലാം നിങ്ങള്‍തന്നെ മറക്കുന്നു.”(ഖുർആൻ 6:40-41)

ഈ മഹാ പ്രപഞ്ചവും അതിലെ ഓരോ ചലനങ്ങളും ഏകനായ സ്രഷ്ടാവിന്റെ അസ്തിത്വത്തെ കുറിക്കുന്നു. മനുഷ്യശരീരത്തിലെ തന്നെ ഓരോ അവയവവും സ്രഷ്ടാവിന്റെ ഔന്നത്യം വ്യക്തമാക്കുന്നു. “നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവന്‍കലേക്ക്‌ തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും.”(ഖുർആൻ 2:28)

print

No comments yet.

Leave a comment

Your email address will not be published.