സ്ത്രീകൾക്കു സുഗന്ധം നിഷേധിച്ച മതം പെൺവിരുദ്ധമല്ലേ ?

/സ്ത്രീകൾക്കു സുഗന്ധം നിഷേധിച്ച മതം പെൺവിരുദ്ധമല്ലേ ?
/സ്ത്രീകൾക്കു സുഗന്ധം നിഷേധിച്ച മതം പെൺവിരുദ്ധമല്ലേ ?

സ്ത്രീകൾക്കു സുഗന്ധം നിഷേധിച്ച മതം പെൺവിരുദ്ധമല്ലേ ?

സ്ത്രീയും സുഗന്ധദ്രവ്യവും

നിഷേധിക്കാനാവാത്ത വിധം പ്രകടമാണ് ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍. പെണ്ണവകാശങ്ങള്‍ക്കു നേരെ എന്നും കണ്ണടച്ചു നില്‍ക്കാനാണ് ഇസ്‌ലാമിനിഷ്ടം. പെണ്‍ഹിതങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന ഇസ്‌ലാമിക സമീപനങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് സുഗന്ധം ഉപയോഗിക്കുന്നതില്‍ നിന്നും സ്ത്രീയെ വിലക്കിയ അതിന്റെ സമീപനം. സ്ത്രീക്ക് സുഗന്ധം വിരോധിക്കുക മാത്രമല്ല, അതു ഉപയോഗിക്കുന്ന പെണ്ണിനെ വ്യഭിചാരിണിയായി പ്രഖ്യാപിക്കുക കൂടി ചെയ്യുന്നുണ്ട് ഇസ്‌ലാം. സുഗന്ധമുപയോഗിക്കുക എന്ന മനുഷ്യസഹജമായ ഒരു താല്‍പര്യത്തെ പുരുഷന്മാരുടെ കാര്യത്തില്‍ ഏറെ പരിഗണിച്ച ഇസ്‌ലാം, സ്ത്രീയുടെ കാര്യം എത്തുമ്പോള്‍ നിഷേധഭാവം സ്വീകരിക്കുന്നു. മാനവികതയുടെ മതമാണ് ഇസ്‌ലാം എന്ന ജല്‍പ്പനം എത്രമാത്രം സത്യവിരുദ്ധമാണെന്ന് സുഗന്ധത്തിന്റെ കാര്യത്തിലുള്ള ഈ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുണ്ട്.

ഇസ്‌ലാംവിമര്‍ശകര്‍ പ്രത്യേകിച്ച് ഫെമിനിസ്റ്റുകളും യുക്തിവാദികളും സര്‍വ്വസാധാരണയായി ഉദ്ധരിക്കാറുള്ള ഹദീസുകളാണ് സ്ത്രീയെ സുഗന്ധം ഉപയോഗിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കുന്ന നബിവചനങ്ങള്‍. സുഗന്ധം ഉപയോഗിക്കുന്ന കാര്യത്തില്‍ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകളെ വിലക്കുകയും ചെയ്യുന്ന ഹദീസുകള്‍ തീര്‍ത്തും മാനവിക വിരുദ്ധമായ നിലപാടാണെന്നതാണ് വിമര്‍ശകരുടെ ആരോപണം. വാസ്തവത്തില്‍ പ്രസ്തുത വിഷയത്തില്‍ ഇസ്‌ലാമിന്റെ സമീപനമെന്താണ്? വിമര്‍ശകര്‍ ഉന്നയിക്കുന്ന വിധം മാനവിക വിരുദ്ധമായ സമീപനമാണൊ ഇസ്‌ലാം ഇവിടെ സ്വീകരിച്ചിരിക്കുന്നത്? സ്ത്രീയെ സുഗന്ധം ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുക വഴി എന്ത് യുക്തിയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്? ചര്‍ച്ച ചെയ്യപ്പെടേണ്ട ചിന്തകള്‍ തന്നെയാണിത്. അതിനാല്‍ പ്രസ്തുത രംഗത്ത് ഇസ്‌ലാമിക സമീപനവും യുക്തിയും വിശദമായി തന്നെ നമുക്ക് ചര്‍ച്ച ചെയ്യാം.

”ഏതൊരു സ്ത്രീ സുഗന്ധം ഉപയോഗിക്കുകയും എന്നിട്ട് (പുരുഷ) സമൂഹത്തിനരികിലൂടെ അവളുടെ സുഗന്ധം അവര്‍ക്ക് ലഭിക്കാനായി നടന്നു പോവുകയും ചെയ്താല്‍ അവള്‍ വ്യഭിചാരിണിയാണ്. (അവളെ ലൈംഗിക തൃഷ്ണയോടെ നോക്കുന്ന) എല്ലാ കണ്ണുകളും വ്യഭിചരിക്കുന്നതാണ്.” മുസ്‌നദ് അഹ്മദ് (19726), സ്വഹീഹു ഇബ്‌നു ഹിബ്ബാന്‍ (4422), സ്വഹീഹു ഇബ്‌നു ഖുസൈമ (1681), സ്വഹീഹുല്‍ ജാമിഅ് (2701) തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളും അല്ലാത്തവയും പ്രസ്തുത ഹദീസ് വിവിധരൂപങ്ങളില്‍ നിവേദനം ചെയ്തിട്ടുണ്ട്. പ്രസ്തുത ഹദീസ് പരിശോധന വിധേയമാക്കുമ്പോള്‍ ബോധ്യപ്പെടുന്ന വസ്തുതകളെ ഇപ്രകാരം സംഗ്രഹിക്കാം.

1, ഹദീസില്‍ വ്യഭിചാരവുമായി ചേര്‍ത്തു പരാമര്‍ശിച്ചത് സ്ത്രീയെ മാത്രമല്ല അവളെ ലൈംഗിക തൃഷ്ണയോടെ നോക്കുന്ന പുരുഷന്മാരെയും ചേര്‍ത്തുകൊണ്ടാണ്.

2, കേവലം സുഗന്ധം ഉപയോഗിച്ചതിനാലല്ല സ്ത്രീയെ ഹദീസ് വിമര്‍ശിക്കുന്നത് പ്രത്യുത അവളത് ഉപയോഗിച്ചത് പരപുരുഷന്മാരെ വശീകരിക്കാനാണ്.

3, പരപുരുഷന്മാരെ ആകര്‍ഷിക്കുവാനും വശീകരിക്കുവാനും വേണ്ടി ചില സ്ത്രീകള്‍ സുഗന്ധം ഉപയോഗിക്കുന്ന സമ്പ്രദായം ജാഹിലിയ്യാ കാലഘട്ടത്തില്‍ (ഇസ്‌ലാം പൂര്‍വ്വ കാലഘട്ടം) പതിവായിരുന്നു. അതിനെ പറ്റിയാണ് ഹദീസ് പരാമര്‍ശിക്കുന്നത്.

4, പരപുരുഷന്മാരെ ആകര്‍ഷിക്കുകയും വശീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശപൂര്‍വ്വം സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്ന സമ്പ്രദായത്തെ കേവലം സാധാരണ സുഗന്ധം ഉപയോഗിക്കുന്ന രീതിയുമായി താരതമ്യം ചെയ്യുന്നത് അടിസ്ഥാനരഹിതമാണ്.

5, പുരുഷനെ ആകര്‍ഷിക്കുവാനും വശീകരിക്കുവാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്ന ഒന്നാണ് സുഗന്ധ ദ്രവ്യങ്ങള്‍. ഇന്നും പല സുഗന്ധ ദ്രവ്യങ്ങളുടേയും മേന്മയായി അതു പുരുഷന്മാരെ വശീകരിക്കാന്‍ ശേഷിയുള്ളതാണ് എന്ന് പല പെര്‍ഫ്യൂം കമ്പനികളും പരസ്യം ചെയ്യുന്നത് അതുകൊണ്ടാണ്.
www.best-selling-perfume-for-women.com തങ്ങളുടെ 20 പെര്‍ഫ്യൂമുകളെ പരിചയപ്പെടുത്തിയത് 20 best sexy women perfume to seduce a man in 2020 എന്നാണ്.

6, വ്യഭിചാരത്തിന്റെ സകല കവാടങ്ങളും കൊട്ടിയടക്കാന്‍ കര്‍ശനമായ ഉപാധികള്‍ സ്വീകരിക്കുന്ന ഒരു മതത്തിന് വശീകരണോദ്ദേശത്തോടെ സ്ത്രീകള്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിനെ ശക്തമായി വിമര്‍ശിക്കാതിരിക്കുവാന്‍ സാധ്യമല്ല. ഫെമിനിസ്റ്റുകള്‍ക്കും യുക്തിവാദികള്‍ക്കും അതിലെ ധാര്‍മികതയും യുക്തിയും ബോധ്യപ്പെട്ടില്ലെങ്കില്‍ പോലും ഇസ്‌ലാമിന്റെ നിലപാട് കണിശമാണ്. അത്തരം സ്ത്രീകള്‍ വ്യഭിചാരിണികള്‍ മാത്രമാണെന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്; മറിച്ച് അവള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ പരിമളം പോലും നിഷേധിക്കപ്പെടുമെന്നുകൂടി ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

അബൂഹുറൈറ (റ) നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ അത്തരം സ്ത്രീകളെ പറ്റി വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ”രണ്ടു വിഭാഗം ആളുകള്‍ നരകവാസികളാണ്. അവരെ ഞാന്‍ കണ്ടിട്ടില്ല. ഒരു വിഭാഗം; അവരുടെ കയ്യില്‍ പശുവിന്റെ വാലുകള്‍ പോലുള്ള ചമ്മട്ടികള്‍ ഉണ്ട്, അവകൊണ്ട് അവര്‍ ജനങ്ങളെ അടിക്കുന്നു. (രണ്ടാമത്തെ വിഭാഗം) വസ്ത്രം ധരിച്ച; എന്നാല്‍ നഗ്നതയുടുത്ത (മറ്റുള്ളവരെ തങ്ങളിലേക്ക്) ചായ്ക്കുന്ന (മറ്റുള്ളവരിലേക്ക്) ചായുന്ന സ്ത്രീകളാണ്. അവരുടെ തലകള്‍ ഒട്ടകങ്ങളുടെ പൂഞ്ഞപോലെയാകുന്നു. ഇങ്ങനെയുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്റെ പരിമളം പോലും അവര്‍ക്ക് ആസ്വദിക്കുവാന്‍ സാധ്യമല്ല. സ്വര്‍ഗ്ഗത്തിലെ പരിമളം ഇത്രയിത്ര വഴിദൂരം വരെ എത്തുന്നതാണ്”.

കേവലം സുഗന്ധം ഉപയോഗിച്ചു എന്നതുകൊണ്ടല്ല ഹദീസുകള്‍ സ്ത്രീയെ ആക്ഷേപിക്കുന്നത്. മറിച്ച് പുരുഷന്മാരെ വശീകരിക്കുക എന്ന ഉദ്ദേശത്തോടെ അത് ഉപയോഗിക്കുന്നു എന്നതാണ് അവിടെ ആക്ഷേപാര്‍ഹമായ സംഗതി. ഇനി ഒരു സ്ത്രീ അത്തരം ദുരുദ്ദേശങ്ങളൊന്നുമില്ലാതെ സുഗന്ധം ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്?

ഇമാം നസാഈ, ഇമാം തുര്‍മുദി, ഇമാം ബസ്സാര്‍ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ച നിവേദനങ്ങള്‍ പ്രസ്തുത രംഗത്തെ ഇസ്‌ലാമിക നിലപാട് വ്യക്തമാക്കുന്നുണ്ട്.

”പുരുഷന്മാരുടെ സുഗന്ധം എന്നത് നിറം നേരിയതും വാസന കൂടിയതുമാണ്, സ്ത്രീകളുടെ സുഗന്ധം എന്നത് നിറം കൂടിയതും വാസന നേരിയതുമാണ്” (ബസ്സാര്‍: 6886)

”പുരുഷന്മാരുടെ സുഗന്ധത്തില്‍ ഉത്തമമായത് നിറം നേരിയതും സുഗന്ധം പ്രകടമായതുമാണ്, സ്ത്രീകളുടെ സുഗന്ധത്തില്‍ ഉത്തമമായത് നിറം പ്രകടമായതും സുഗന്ധം നേരിയതുമാണ്”. (തിര്‍മ്മിതി: 5/107, ഹദീസ് 2788).

സമാനമായ ഹദീസ് ഇമാം നസാഇയും നിവേദനം ചെയ്യുന്നുണ്ട്. പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ ശൈഖ് നാസ്വിറുദ്ദീനുല്‍ അല്‍ബാനി ഹദീസ് സ്വഹീഹാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും സ്ത്രീകള്‍ക്ക് സുഗന്ധം ഉപയോഗിക്കാമെന്നും കടുത്ത വാസനയുള്ളവ ഒഴിവാക്കുകയാണ് ശരിയായ നടപടിയെന്നും വ്യക്തമാകുന്നു. അല്ലാഹു അഅ്‌ലം.

print