സൂറത്തു തൗബയിൽ നിന്നും അഹ്സാബിൽ നിന്നും വചനങ്ങൾ നഷ്‌ടമായോ ?

/സൂറത്തു തൗബയിൽ നിന്നും അഹ്സാബിൽ നിന്നും വചനങ്ങൾ നഷ്‌ടമായോ ?
/സൂറത്തു തൗബയിൽ നിന്നും അഹ്സാബിൽ നിന്നും വചനങ്ങൾ നഷ്‌ടമായോ ?

സൂറത്തു തൗബയിൽ നിന്നും അഹ്സാബിൽ നിന്നും വചനങ്ങൾ നഷ്‌ടമായോ ?

സൂറത്തു തൗബയിലും സൂറത്തുൽ അഹ്സാബിലുമുള്ള ഏതാനും വചനങ്ങൾ അബൂബക്കറി(റ)ന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആനിൽ ആദ്യം ഉണ്ടായിരുന്നില്ലെന്നും മദീനയിലുള്ള ഒരാളിൽ നിന്ന് മാത്രമാണ് അവ ലഭിച്ചതെന്നും അങ്ങനെ ലഭിച്ചതിനു ശേഷം അവ ഖുർആനിൽ കൂട്ടിച്ചേർക്കുകയാണുണ്ടായതെന്നും വ്യക്തമാക്കുന്ന രേഖകളുണ്ടല്ലോ. ഇവ ഖുർആൻ വചനങ്ങളെല്ലാം നിരവധി പേരിലൂടെ സംപ്രേഷണം ചെയ്താണ് (മുതവാത്തിറായാണ്) നമ്മിലേക്കെത്തിയിട്ടുള്ളതെന്ന അവകാശവാദത്തെയും പ്രവാചകവിയോഗം കഴിഞ്ഞ കാലത്ത് ഖുർആൻ പൂർണമായി അറിയാവുന്ന നിരവധി പേർ ഉണ്ടായിരുന്നുവെന്ന വാദത്തെയും ചോദ്യം ചെയ്യുന്നവയല്ലേ?

അബൂബക്കറി(റ)ന്റെ കാലത്ത് നടന്ന ഖുർആൻ ക്രോഡീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥുകളുടെ വെളിച്ചത്തിലാണ് ഈ വിമർശനം ഉന്നയിക്കപ്പെടുന്നത്. സ്വഹീഹുൽ ബുഖാരിയിലെ ഇവ്വിഷയകമായ ഹദീഥുകൾ പരിശോധിക്കുക:

സൈദു ബ്നു ഥാബിത് (റ) പറയുന്നു: …….. ഞാന്‍ അന്വേഷണം ആരംഭിച്ചു. പനയോലകള്‍, മിനുസമായ പരന്ന കല്ലുകള്‍, മനഃപ്പാഠമായുള്ളവരുടെ ഹൃദയങ്ങള്‍ എന്നിവയില്‍ നിന്നും അതിനെ ഒരുമിച്ചു കൂട്ടി. സൂറഃ തൗബയിലെ അവസാനത്തെ രണ്ടു ആയത്തുകള്‍ ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി (റ) യിൽ നിന്നു ലഭിക്കുന്നത് വരെ എന്റെ അന്വേഷണം തുടർന്നു. അദ്ദേഹത്തിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും എനിക്കത് ലഭിച്ചില്ല. സൂറത്തുതൗബയിലെ “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം. എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം (നബിയേ,) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍”(9: 128-129 ) എന്ന രണ്ട് ആയത്തുകളായിരുന്നു അവ. ആ ഏട് മരണം വരെ അബൂബക്കറിന്റെ (റ) കൈവശമായിരുന്നു. ശേഷം ജീവിതകാലം ഉമറിന്റെ (റ) കരങ്ങളിലും. ശേഷം പുത്രി ഹഫ്‌സ(റ)യുടെ കരങ്ങളിലുമായിരുന്നു. (സ്വഹീഹുൽ ബുഖാരി, കിതാബുൽ അഹ്‌കാം, ബാബു യൂസ്തഹബ്ബു് ലിൽ കാത്തിബി അൻ യക്കൂന അമീനൻ ആഖിലൻ; ജാമിഉത്തിർമിദി, കിതാബു ത്തഫ്സീർ)

സൈദ് ബിൻ ഥാബിത്ത് (റ) പറഞ്ഞു: “ഞങ്ങൾ ഖുർആൻ പകർത്തിയെഴുതിയപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ (സ) പാരായണം ചെയ്യുന്നതായി ഞാൻ കേട്ട സൂറത്തുൽ അഹ്സാബിലെ ഒരു വചനം എവിടെ നിന്നും കിട്ടിയില്ല. ഞങ്ങൾ അന്വേഷിച്ചു; അബൂ ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി (റ)യുടെ അടുത്ത് നിന്നാണ് അവസാനം അത് ഞങ്ങൾക്ക് ലഭിച്ചത്.” സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല”(33: 23) എന്ന വചനമായിരുന്നു അത്.”
(സ്വഹീഹുൽ ബുഖാരി, കിതാബ് ഫദാഇലിൽ ഖുർആൻ, ബാബു ജംഇൽ ഖുർആൻ)

ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി(റ)യുടെ പക്കൽ നിന്ന് മാത്രമേ സൂറത്തു തൗബയിലെ അവസാനത്തെ രണ്ട് ആയത്തുകളും സൂറത്തുൽ അഹ്സാബിലെ ഇരുപത്തി മൂന്നാമത്തെ ആയത്തും ലഭിച്ചുള്ളൂവെന്ന് പറയുമ്പോൾ അവ അറിയാവുന്നയാളായി മദീനയിൽ അദ്ദേഹം മാത്രമേയുണ്ടായിരുന്നുള്ളൂ എന്നാണ് അർത്ഥമാക്കുന്നത് എന്ന മുൻധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വിമർശനം ഉന്നയിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ഈ മുൻധാരണയെ ഈ വിഷയം പ്രതിപാദിക്കുന്ന ഹദീഥുകൾ തന്നെ തിരുത്തുന്നുണ്ട്. “ഖുർആൻ പകർത്തിയെഴുതിയപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ (സ) പാരായണം ചെയ്യുന്നതായി ഞാൻ കേട്ട സൂറത്തുൽ അഹ്സാബിലെ ഒരു വചനം എവിടെ നിന്നും കിട്ടിയില്ല.” എന്ന സൈദ് ബിൻ ഥാബിത്തിന്റെ(റ) പ്രസ്താവന ശ്രദ്ധിക്കുക. ഇതിന്നർത്ഥമെന്താണ്? സൈദ് ബിൻ ഥാബിത്തടക്കം പല സ്വഹാബിമാരും പ്രവാചകനിൽ നിന്ന് ഈ വചനം കേട്ടിട്ടുണ്ട്; ഖുർആൻ മനഃപാഠമുള്ള സൈദിന് ഈ വചനം അറിയുകയും ചെയ്യാം. പക്ഷെ, പ്രവാചകന്റെ(സ) കാലത്ത് എഴുതപ്പെട്ട രേഖകളിലൊന്നും സൈദി(റ)നും കൂട്ടുകാർക്കും ഈ വചനം കണ്ടെത്താൻ കഴിഞ്ഞില്ല. അത് അവസാനം ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി (റ)യുടെ പക്കൽ നിന്നാണ് കിട്ടിയത്. മനഃപാഠത്തെ മാത്രം ആശ്രയിക്കാതെ രേഖകളിൽ കൂടിയുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കണം ഖുർആൻ വചനങ്ങനല്ലാം രേഖീകരിക്കേണ്ടത് എന്ന ഭരണാധികാരിയായ അബൂബക്കറിന്റെ നിർദേശം നിഷ്‌കൃഷ്ടമായി അനുസരിക്കുന്ന പ്രവാചകാനുയായിയുടെ ചിത്രം മാത്രമാണ് ഈ ഹദീഥുകളിൽ നാം കാണുന്നത്.

ഇക്കാര്യം ബുഖാരിയുടെ വ്യാഖ്യാതാവായ ഇബ്നു ഹജറുൽ അസ്ഖലാനി (റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

“ഖുർആനല്ലാത്ത മറ്റൊന്നുംതന്നെ അതോടൊപ്പം എഴുതി വെക്കരുതെന്ന് പ്രവാചക(സ)ന്റെ കല്പനയുണ്ടായിരുന്നു. പ്രവാചകകാലത്ത് എഴുതിയതല്ലാതെ ഖുർആനായി യാതൊന്നും തന്നെ എഴുതേണ്ടതില്ലെന്ന അബൂബക്കറി(റ)ന്റെ നിർദേശവുമുണ്ടായിരുന്നു. സൈദ് ബ്നു ഥാബിത്തും(റ) അദ്ദേഹത്തോടോപ്പമുള്ളവരും സൂറത്തുൽ ബറാഅയിലെ അവസാനത്തെ വചനങ്ങൾ അറിയാവുന്നവരായിരുന്നുവെങ്കിലും പ്രവാചകകാലത്ത് തന്നെ എഴുതപ്പെട്ട രേഖകളിലേതിലെങ്കിലും അവ കണ്ടെത്തുന്നത് വരെ അവർ അവ ഖുർആനിൽ എഴുതിച്ചേർക്കാതിരുന്നത് അതുകൊണ്ടായിരുന്നു…….

ഉമർ (റ) പറഞ്ഞു: പ്രവാചകനിൽ നിന്ന് ഖുർആനുമായി ബന്ധപ്പെട്ട എന്തെങ്കിലും ലഭിച്ചിട്ടുളളവരെല്ലാം അവ കൊണ്ട് വരട്ടെ. ഈത്തപ്പനയോലകളിലും തോൽച്ചുരുളുകളിലും പലകകളിലുമായിരുന്നു അവർ അത് എഴുതിയിരുന്നത്. രണ്ട് പേർ സാക്ഷ്യപ്പെടുത്താതെ അവരിൽ നിന്ന് യാതൊന്നും സ്വീകരിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു ആയത്തുൾക്കൊള്ളുന്ന ഒരു രേഖ ലഭിച്ചാൽ അത് തനിക്ക് മനഃപാഠമുള്ളതാണെങ്കിലും ആരുടെയെങ്കിലും സാക്ഷ്യമില്ലാതെ സ്വീകരിക്കുവാൻ സൈദ് (റ) വൈമനസ്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ നന്നായി ശ്രദ്ധിക്കുവാൻ അവർ പ്രത്യേകം ഔൽസുക്യം കാണിച്ചിരുന്നു. ഉമറി(റ)നോടും സൈദിനോടു(റ)മായി “നിങ്ങൾ പള്ളിയുടെ വാതിൽക്കൽ ഇരിക്കുകയും ആരെങ്കിലും ഖുർആനുമായി ബന്ധപ്പെട്ട വല്ലതുമായി വന്നാൽ രണ്ട് സാക്ഷികളുണ്ടെങ്കിൽ നിങ്ങൾ അത് രേഖപ്പെടുത്തുകയും ചെയ്യുക” എന്ന് അബൂബക്കർ (റ) പറഞ്ഞതായി ഹിശാമു ബ്നു അർവ (റ) തന്റെ പിതാവിൽ(റ) നിന്ന് നിവേദനം ചെയ്തതായി അബൂദാവൂദിലുണ്ട്. പരമ്പര മുറിഞ്ഞതാണെങ്കിലും ഇതിന്റെ നിവേദകന്മാരെല്ലാം വിശ്വാസയോഗ്യരാണ്. രണ്ട് സാക്ഷികളെന്നാൽ ഒന്നുകിൽ മനഃപാഠവും രേഖയുമാണ്; അല്ലെങ്കിൽ രേഖയിലുള്ളത് പ്രവാചകസമക്ഷത്തിങ്കൽ വെച്ച് തന്നെ എഴുതിയതാണെന്നതിന് രണ്ട് പേർ സാക്ഷ്യം വഹിക്കലാണ്; അതുമല്ലെങ്കിൽ അത് ഖുർആനിൽ അവതരിപ്പിക്കപ്പെട്ടത് തന്നെയാണെന്നതിനുള്ള രണ്ട് പേരുടെ നിഷ്‌കൃഷ്ടമായ സാക്ഷ്യമാണ്. പ്രവാചകന്റെ(സ) കാലത്ത് എഴുതപെട്ടതാണെന്ന് ഉറപ്പില്ലാത്ത യാതൊന്നും തന്നെ കേവലം മനഃപാഠത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ നയം.” (ഇബ്നു ഹജറുൽ അസ്ഖലാനി; ഫത്ഹുൽ ബാരി, കിതാബു ഫദാഇലിൽ ഖുർആൻ, ബാബു ജംഇൽ ഖുർആൻ, 4603 ആം നമ്പർ ഹദീഥിന്റെ വ്യാഖ്യാനം)

സൂറത്തുൽ ബറാഅയിലെ അവസാനത്തെ വചനങ്ങളും അഹ്സാബിലെ ഇരുപത്തിമൂന്നാം വചനവും സൈദ്‌ ബ്നു ഥാബിത്തിനും(റ) സ്വഹാബിമാർക്കും മനഃപാഠമുണ്ടായിരുന്നെങ്കിലും അതിന്റെ മാത്രം അടിസ്ഥാനത്തിൽ അവ തങ്ങളുണ്ടാക്കുന്ന ഖുർആൻരേഖയിൽ എഴുതിച്ചേർക്കുവാൻ അവർ ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾക്കറിയാവുന്ന ആയത്തുകൾ ഉൾക്കൊള്ളുന്ന രേഖയന്വേഷിച്ച് അവർ പ്രായാസപ്പെട്ടത്. ഖുസൈമ ബിൻ ഥാബിത് അൽ അന്‍സാരി(റ)യുടെ പക്കൽ നിന്ന് പ്രസ്തുത രേഖകൾ ലഭിച്ചതിന്റെ സന്തോഷമാണ് സൈദ് ബ്നു ഥാബിത്തിന്റെ ബുഖാരിയിലുള്ള നിവേദനത്തിൽ തെളിഞ്ഞു കാണുന്നത്. തങ്ങൾക്കറിയാവുന്ന പ്രസ്തുത ആയത്തുകളെ സാക്ഷ്യപ്പെടുത്തുന്ന രേഖ ലഭിച്ചതോടെ അവർ അവ തങ്ങൾ നിർമ്മിക്കുന്ന സുഹ്‌ഫിൽ എഴുതിച്ചേർക്കുകയും ചെയ്തു.

സൂറത്തുൽ ബറാഅയിലെ അവസാനത്തെ വചനങ്ങളുടെ കാര്യത്തിൽ പ്രവാചകനിൽ നിന്ന് കേൾക്കുകയും മനഃപാഠമാക്കുകയും ചെയ്തുവെന്നതിന് ഉമറും(റ) അബ്ദുല്ലാഹിബ്നു ഉമറും(റ) തന്നെ സാക്ഷി നിന്നതായി ഇമാം ഇബ്നു കഥീർ തന്റെ തഫ്സീറിൽ 9: 129ന്റെ വ്യാഖ്യാനസന്ദർഭത്തിൽ സ്വീകാര്യമായ പരമ്പരയോടെ നിവേദനം ചെയ്യുന്നുണ്ട്.

സൂറത്തുൽ അഹ്സാബിലെ ഇരുപത്തിമൂന്നാം വചനത്തിന്റെ കാര്യത്തിലാണെങ്കിൽ സൈദു ബ്നു ഥാബിത്തും ഖുസൈമ ബിൻ ഥാബിത്തും തന്നെയായിരുന്നു പ്രവാചകനിൽ(സ) നിന്ന് നേരിട്ട് കേട്ടതായി സാക്ഷ്യം വഹിച്ച രണ്ട് സ്വഹാബിമാരെന്ന് ഇമാം ഖുർത്തുബി തന്റെ തഫ്സീർ അൽ ജാമിഅ ലി അഹ്‌കാമൽ ഖുർആനിൽ 9: 129ന്റെ വ്യാഖ്യാനസന്ദർഭത്തിലും നിവേദനം ചെയ്യുന്നുണ്ട്.

ഇനി ഖുസൈമ ബിൻ ഥാബിത്ത്(റ) മാത്രമാണ് പ്രവാചകനിൽ(സ) നിന്ന് കേട്ടതായി സാക്ഷ്യം വഹിക്കുന്നതെങ്കിൽ പോലും അദ്ദേഹത്തിന്റേത് രണ്ട് പേരുടെ സാക്ഷ്യത്തിന് തുല്യമാണെന്ന് പ്രവാചകൻ (സ) തന്നെ പറഞ്ഞിട്ടുള്ളതിനാൽ അത് മതിയാകുന്നതാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുമുണ്ട്. ഒരു ഗ്രാമീണ അറബിയുമായുള്ള ഇടപാടിനിടയിൽ തന്റെ സത്യസന്ധതയെ പരിഗണിച്ചുകൊണ്ട് തനിക്ക് സാക്ഷ്യം നിന്ന ഖുസൈമ ബിൻ ഥാബിത്തി(റ)നോട് താങ്കളുടെ സാക്ഷ്യത്തിന് രണ്ട് പേരുടെ സാക്ഷ്യത്തിന്റെ മൂല്യമുണ്ടെന്ന് പ്രവാചകൻ (സ) പറഞ്ഞതായി ഉമാറാ ബ്നു ഖുസൈമ(റ)യുടെ അമ്മാവനിൽ(റ) നിന്ന് സ്വഹീഹായ പരമ്പരയോടെ ഇമാം അബൂദാവൂദ് (റ) നിവേദനം ചെയ്യുന്നുണ്ട്. (ശൈഖ് അൽബാനിയുടെ സുനനു അബൂദാവൂദ്, ഹദീഥ് 3607). ഖുസൈമയുടെ പക്കൽ നിന്ന് മാത്രമായി സൂറത്തുൽ അഹ്സാബിലെ വചനങ്ങൾ കിട്ടിയതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥിലും സൈദ് ബ്നു ഥാബിത്ത്‌ (റ) അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ‘അല്ലാഹുവിന്റെ ദൂതൻ രണ്ടുപേരുടെ സാക്ഷ്യത്തിന് തുല്യമെന്ന് പറഞ്ഞിട്ടുള്ള ഖുസാമ ബിൻ ഥാബിത്ത്‌” എന്നാണ്. (സ്വഹീഹുൽ ബുഖാരി, കിത്താബുൽ ജിഹാദ്). ഖുസാമായെക്കൂടാതെ മറ്റാരും തന്നെ സാക്ഷികളായി ഉണ്ടായിരുന്നില്ലെങ്കിൽ പോലും ഈ വചനങ്ങൾ ഖുർആനിലുള്ളതാണെന്ന് തീരുമാനിക്കപ്പെടുമായിരുന്നുവെന്നാണ് ഇതിനർത്ഥം. എന്നാൽ സൂറത്തുൽ ബറാഅയിലും അഹ്സാബിലുമുള്ള ഖുസാമയുടെ പക്കൽ നിന്ന് ലഭിച്ച ആയത്തുകളുടെ കാര്യത്തിൽ അദ്ദേഹത്തെക്കൂടാതെ മറ്റുള്ളവരും സാക്ഷികളായി ഉണ്ടായിരുന്നുവെന്ന സത്യം നേരത്തെ ഉദ്ധരിച്ച ഹദീഥുകളിൽ നിന്ന് വ്യക്തമാണ്.

ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട ഈ ഹദീഥുകൾ ഖുർആനിലെ ഏതെങ്കിലും ആയത്തുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയോ നിരവധി പേരിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടതാണ് ഖുർആനിലെ ഓരോ ആയത്തുകളുമെന്ന അവകാശവാദത്തെ നിഷേധിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, മനഃപാഠത്തോടൊപ്പം പ്രവാചകസന്നിധിയിൽ വെച്ച് എഴുതപ്പെട്ട രേഖകളെക്കൂടി പരിഗണിച്ചുകൊണ്ട് വളരെ സൂക്ഷമമായും തെറ്റുകളൊന്നും കടന്നുവരാൻ യാതൊരു സാധ്യതയുമില്ലാത്ത രൂപത്തിലുമാണ് അബൂബക്കറിന്റെ കാലത്തെ ഖുർആൻ ക്രോഡീകരണം നടന്നത് എന്ന സത്യമാണ് ഇവ വെളിപ്പെടുത്തുന്നത്. ഖുർആൻ വചനങ്ങളുടെ സമാഹരണത്തിലും ക്രോഡീകരണത്തിലും പ്രവാചകശിഷ്യന്മാർ കാണിച്ച സൂക്ഷ്മതയും കൃത്യതയും ആരുടെയും ആദരവ് പിടിച്ച് പറ്റുന്നതാണെന്ന യാഥാർഥ്യത്തിന് ഈ ഹദീഥുകൾ അടിവരയിടുകയും ചെയ്യുന്നു.

print