സൂര്യനെയും ചന്ദ്രനെയും ആകാശത്തിലെ വെളിച്ചങ്ങളായിക്കാണുന്ന ഖുർആൻ അശാസ്ത്രീയമല്ലേ ?

/സൂര്യനെയും ചന്ദ്രനെയും ആകാശത്തിലെ വെളിച്ചങ്ങളായിക്കാണുന്ന ഖുർആൻ അശാസ്ത്രീയമല്ലേ ?
/സൂര്യനെയും ചന്ദ്രനെയും ആകാശത്തിലെ വെളിച്ചങ്ങളായിക്കാണുന്ന ഖുർആൻ അശാസ്ത്രീയമല്ലേ ?

സൂര്യനെയും ചന്ദ്രനെയും ആകാശത്തിലെ വെളിച്ചങ്ങളായിക്കാണുന്ന ഖുർആൻ അശാസ്ത്രീയമല്ലേ ?

സൂര്യനെയും ചന്ദ്രനെയും കുറിച്ച് നിരവധി പരാമർശങ്ങൾ ഖുര്ആനിലുണ്ട്. അവയിലെല്ലാം ഖുർആൻ സൂക്ഷ്മത പുലർത്തുന്നുണ്ട്. ബൈബിളിലെ ആകാശഗോളങ്ങളെക്കുറിച്ച പരാമർശങ്ങളിൽ അബദ്ധങ്ങളുണ്ടെന്ന് ചില ഗവേഷകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്ങനെയായിരിക്കും ഖുർആനിലും എന്ന കരുതുന്ന ചില യുക്തിവാദികളാണ് ഈ വിമർശനം ഉന്നയിക്കാറുള്ളത്.

”ദൈവം മഹാദീപങ്ങള്‍ സൃഷ്ടിച്ചു; പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്” (ഉല്‍പത്തി 1:6) എന്ന ബൈബിള്‍ വചനം സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ബൈബിള്‍ രചയിതാക്കള്‍ക്കിടയിലുണ്ടായിരുന്ന അബദ്ധധാരണകളുടെ സ്വാധീനമുള്‍ക്കൊള്ളുന്നതായി മനസ്സിലാക്കാനാവുമെന്ന് ബൈബിള്‍ ഗവേഷകരില്‍ ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ‘മഹാദീപ’മെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ഗഡോള്‍ മ’ഓര്‍'(gadowl ma’owr) എന്ന ഹിബ്രു ശബ്ദത്തെയാണ്. വിളക്കിനാണ് മ’ഓര്‍ എന്ന് പറയുകയെന്ന് ബൈബിളിന്റെ ആധികാരിക ശബ്ദകോശമായ സ്‌ട്രോങ്ങ് ലക്‌സിക്കണ്‍ വ്യക്തമാക്കുന്നു. (Strongs Lexicon H -3974) പ്രകാശവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ സൂര്യനെയും ചന്ദ്രനെയും കുറിക്കുവാന്‍ ഒരേപദം ഉപയോഗിച്ചിരിക്കുന്നത് സൂക്ഷ്മമായ അര്‍ഥത്തിലുള്ള ഒരു അബദ്ധമാണെന്നാണ് വാദം. സൂര്യചന്ദ്രന്മാര്‍ ആകാശത്ത് നിര്‍വഹിക്കുന്ന ദൗത്യം രണ്ടാണെന്നിരിക്കെ, രണ്ടിനെയും ദീപമായി ഉപമിച്ചിരിക്കുന്നത് ശരിയല്ലെന്നും പ്രകാശം പുറപ്പെടുവിക്കുന്ന സൂര്യന്‍ ദീപമാണെങ്കില്‍ അത് പ്രതിഫലിപ്പിക്കുന്ന ചന്ദ്രന്‍ പ്രകാശപ്രതിബിംബം മാത്രമാണെന്നും രണ്ടും പ്രകാശം പുറപ്പെടുവിക്കുന്ന ആകാശഗോളങ്ങളാണെന്ന അബദ്ധധാരണയില്‍ നിന്നാണ് ഈ ഉപമാപ്രയോഗമുണ്ടായിരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഈ പ്രയോഗം സ്ഖലിതമാണെന്നുമുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് ബൈബിള്‍ പരാമര്‍ശങ്ങളെയും അതിന്റെ രചനാചരിത്രത്തെയും കുറിച്ച് പഠിച്ചാല്‍ നമുക്ക് മനസ്സിലാവുക.

ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഖുർആനിലെ പരാമർശങ്ങൾ. സൂര്യചന്ദ്രന്‍മാരെക്കുറിച്ച ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക.

”ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.” (71:16)

”സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു.” (10:5)

”ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും (സൂര്യന്‍) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.” (25:61)

ഈ വചനങ്ങളില്‍ സൂര്യനെ വിളിച്ചിരിക്കുന്നത് സിറാജ്, ദ്വിയാഅ് എന്നിങ്ങനെയാണ്. സിറാജ് എന്നാല്‍ ‘വിളക്ക്’ എന്നാണര്‍ഥം; ദ്വിയാഅ് എന്നാല്‍ ‘ തിളങ്ങുന്ന ശോഭ’യെന്നും. ചന്ദ്രനെ വിളിച്ചരിക്കുന്നതാകട്ടെ നൂര്‍ എന്നോ മുനീര്‍ എന്നോ ആണ്. നൂര്‍ എന്നാല്‍ ‘പ്രകാശം’ എന്നാണര്‍ഥം; മുനീര്‍ എന്നാല്‍ ‘വെളിച്ചം നല്‍കുന്നത്’ എന്നും. സിറാജ് പ്രകാശത്തിന്റെ സ്രോതസ്സാണ്. നൂര്‍ അത് നിര്‍മിക്കുന്ന പ്രകാശവും. സൂര്യനാണ് പ്രകാശത്തിന്റെ സ്രോതസ്സ് എന്നും ചന്ദ്രനില്‍ നിന്ന് ലഭിക്കുന്നത് സൂര്യനില്‍ നിര്‍മിക്കപ്പെടുന്ന പ്രകാശമാണെന്നും സ്വയം പ്രകാശിക്കാത്ത ചന്ദ്രനില്‍ സൂര്യപ്രകാശം പ്രതിചലിക്കുന്നതുകൊണ്ടാണ് അതില്‍നിന്ന് നമുക്ക് വെളിച്ചം ലഭിക്കുന്നത് എന്നും ഇന്നു നമുക്കറിയാം. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന കാലത്ത് മനുഷ്യര്‍ക്ക് ഇല്ലാതിരുന്ന അറിവാണിത്. എത്ര കൃത്യമാണ് ഖുര്‍ആനിക പരാമര്‍ശങ്ങള്‍!

‘സിറാജ്’ എന്ന അറബി പദത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം ‘വിളക്ക്’ എന്നാണ്. രാത്രിയിലാണ് മനുഷ്യര്‍ക്ക് വിളക്ക് ആവശ്യമായി വരാറുള്ളത്. നല്ല നിലാവുള്ള രാത്രിയില്‍ ചന്ദ്രന്‍ നമുക്ക് വിളക്കിന് പകരമാവാറുണ്ട്. അതുകൊണ്ടുതന്നെ സാധാരണഗതിയില്‍ ചന്ദ്രനെയാണ് വിളക്കിനോട് ഉപമിക്കുവാന്‍ ഏറ്റവും അനുയോജ്യം. മനുഷ്യരുടെ ഉപമാലങ്കാരങ്ങളില്‍ അങ്ങനെയാണ് കാണപ്പെടുക. ഖുര്‍ആന്‍ ഇവിടെ കൃത്യത പുലര്‍ത്തുന്നു. സൂര്യനാണ് യഥാര്‍ഥത്തില്‍ വിളക്ക്; പ്രകാശത്തിന്റെ സ്രോതസ്സ്. ചന്ദ്രനില്‍ നാം കാണുന്നത് പ്രതിഫലിക്കപ്പെട്ട പ്രകാശം മാത്രമാണ്. ഖുര്‍ആന്‍ സൂര്യനെ സിറാജായും ചന്ദ്രനെ നൂറായും പരിചയപ്പെടുത്തുന്നു. പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതായിരുന്നുവെങ്കില്‍ ഇത്ര കൃത്യമായ പരാമര്‍ശങ്ങള്‍ കാണുവാന്‍ നമുക്ക് കഴിയുകയില്ലായിരുന്നു. സര്‍വ്വേശ്വരനായ തമ്പുരാന്റെ വചനങ്ങളാണ് ഖുര്‍ആന്‍ എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഈ കൃത്യത.

print