യുദ്ധങ്ങളിൽ കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളോട് നബി(സ) മോശമായി പെരുമാറിയോ ?

/യുദ്ധങ്ങളിൽ കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളോട് നബി(സ) മോശമായി പെരുമാറിയോ ?
/യുദ്ധങ്ങളിൽ കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളോട് നബി(സ) മോശമായി പെരുമാറിയോ ?

യുദ്ധങ്ങളിൽ കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളോട് നബി(സ) മോശമായി പെരുമാറിയോ ?

“കൊള്ളയുദ്ധങ്ങളിൽ കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളെ അവരുടെ ഭർത്താക്കൻമാരുടേയും കുട്ടികളുടേയും പിതാക്കൻമാരുടേയും മുന്നിലിട്ട് ബലാൽസംഗം ചെയ്ത ലിസ്റ്റ്…”

മറുപടി

പെരും നുണകൾ യാതൊരു ലജ്ജയുമില്ലാതെ പടച്ചുവിട്ടിരിക്കുകയാണിവിടെ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. “സ്ത്രീകളോട് പളുങ്കുപാത്രങ്ങൾ പോലെ സൗമ്യതയോടെ ഇടപെടണം”
(സ്വഹീഹുൽ ബുഖാരി: 6209)
എന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ)…

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” എന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ)…
(മുസ്വന്നഫ് അബ്ദുർ റസാഖ്: 10320)

“അല്ലാഹുവാണെ സാക്ഷി, അനാഥ, സ്ത്രീ എന്നീ രണ്ട് ദുർബല വിഭാഗങ്ങളുടെ അവകാശങ്ങളെ (നിറവേറ്റുന്നതിൽ പരാജയപ്പെടുന്നതിലുള്ള പാപത്തെ) സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് ശക്തമായ താക്കീത് നൽകുന്നു.” എന്ന് സമുദായത്തെ താക്കീത് ചെയ്ത മുഹമ്മദ് നബി (സ)…
(മുസ്നദു അഹ്‌മദ്‌: 2/439, റിയാളുസ്സ്വാലിഹീൻ: 146)

തന്റെ ഭാര്യയുടെ അടിമസ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു വ്യക്തിയുടെ കാര്യത്തിൽ വിധി പറയവെ അടിമസ്ത്രീ ബന്ധത്തിന് നിർബന്ധിക്കപ്പെടുകയാണ് ഉണ്ടായതെങ്കിൽ അവൾ സ്വതന്ത്രയാണെന്ന് പ്രഖ്യാപിച്ച മുഹമ്മദ് നബി (സ)… (മുസ്വന്നഫ് അബ്ദുർ റസാഖ്: 13417)

“അടിമ സ്ത്രീകളെ പോലും വേശ്യാവൃത്തിക്ക് നിർബന്ധിക്കരുത്…” (ക്വുർആൻ: 24: 33) എന്ന് ലോകത്തെ പഠിപ്പിച്ച മുഹമ്മദ് നബി (സ)…

ഈ മുഹമ്മദ് നബി (സ), യുദ്ധത്തിൽ ബന്ധികളാക്കപ്പെട്ട സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ, അതും അവരുടെ ഭർത്താക്കന്മാരുടേയും കുട്ടികളുടേയും പിതാക്കൻമാരുടേയും മുന്നിൽ വെച്ച് ദ്രോഹിക്കാൻ അനുയായികളെ അനുവദിച്ചു അല്ലെങ്കിൽ അദ്ദേഹം തന്നെ ദ്രോഹിച്ചു എന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. മനുഷ്യ മനസ്സിൽ ഇന്നേ വരെ വർഗീയ വാദികൾ പാകിയ വിഷ വിത്തുകളിൽ ഏറ്റവും വലിയ വിധ്വേഷ വിത്താണ്.

ഈ വിഷയകമായുള്ള കൂടുതൽ വിവരങ്ങൾക്ക് ആറ് ഭാഗങ്ങളായി സ്നേഹ സംവാദം വെബ്സിനിൽ ഈയുള്ളവൻ തന്നെ എഴുതിയ
“ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ?” എന്ന ലേഖനം വായിക്കുക:

(https://www.snehasamvadam.org/ഇസ്‌ലാം-അടിമസ്ത്രീകളെ-ദ്/)

അടുത്ത ആരോപണം മുഹമ്മദ് നബിക്ക് (സ) മക്കളുണ്ടായിരുന്നില്ല എന്ന കല്ലുവെച്ച നുണയാണ്. “മക്കളുണ്ടായിരുന്നില്ല” എന്ന ഭാഷയല്ല വിമർശകർ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന ലേഖനത്തിൽ പ്രയോഗിച്ചിരിക്കുന്നത് എന്ന് വായനക്കാർ മനസ്സിലാക്കണം. മറിച്ച് വിമർശകരുടെ വിമർശന ഭാഷയിലെ അശ്ലീലത കാരണം അതിന്റെ ശബ്‌ദാന്തര രചനയാണ് ലേഖകൻ ഇവിടെ ചേർത്തിരിക്കുന്നത്. ഏതായാലും, സ്വഹീഹായ നിവേദനങ്ങൾ പ്രകാരം മുഹമ്മദ് നബിക്ക് (സ) ഉണ്ടായിരുന്ന ഏഴു മക്കളുടെ പേരുകൾ അക്കമിട്ട് ഇവിടെ ചേർക്കാം:

ആൺമക്കൾ:
1. അൽകാസിം
2. അബ്ദുല്ല
3. ഇബ്രാഹീം

പെൺമക്കൾ:

1. സൈനബ്
2. റുക്വിയ്യ
3. ഉമ്മുകുൽസൂം
4. ഫാത്വിമ

(സാദുൽ മആദ്: 1/103)

മുഹമ്മദ് നബിയോടുള്ള(സ) വെറുപ്പ് സിരയിലും ശിരസ്സിലുമേന്തി നടക്കുന്നവരോട് അവസാനമായി ഒന്നേ പറയാനുള്ളു. പുരുഷോത്തമനായ ഈ തിരുദൂതൻ ലോകത്തിന് മുമ്പിൽ കൊളുത്തി വെച്ച ആദർശ – ധാർമ്മിക പാഠങ്ങളോടുള്ള വെറുപ്പിന്റെ ജ്വരമാണ്, ചരിത്ര നീതിയൊ വൈജ്ഞാനിക ധർമ്മമൊ തൊട്ടു തീണ്ടിയിട്ടില്ലാത്ത, ഈ അധപതിച്ച നിരൂപണ സംസ്കാരത്തിലേക്ക് നിങ്ങളെ എത്തിച്ചിരിക്കുന്നത്. നിഷ്പക്ഷതയോടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ളവർ മുഹമ്മദ് നബിയെ(സ) കൂടുതൽ പഠിക്കാനും അദ്ദേഹത്തിൽ ആകൃഷ്ടനാകാനും, വിമർശകരുടെ ആദർശ രാഹിത്യം തിരിച്ചറിയാനും മാത്രമെ നിങ്ങളുടെ വിഷം പുരട്ടിയ വിമർശനങ്ങളും അപഹാസങ്ങളും ഉപകരിക്കൂ എന്ന് തിരിച്ചറിയുക… ആ മഹത് വ്യക്തിത്വം പരത്തുന്ന നന്മയുടെ പ്രഭാകിരണങ്ങളുടെ ഊഷ്മളതയിൽ പൊട്ടി പതിക്കുന്ന നീർകുമിളകളുടെ സ്ഥാനമേ മാനവ ചരിത്രത്തിൽ നിങ്ങളെയൊക്കെ കാത്തിരിക്കുന്നുള്ളൂ.

{ إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ }
“(നബിയെ,) തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).”
(സൂറത്തുൽ കൗസർ: 3)

എല്ലാ നീർക്കുമിളകൾക്കും ‘ഊഷ്മളമായ’ “ഭാവി” നേരുന്നു…

print