പ്രവാചകൻ (സ) ഒരു ദിവസം എല്ലാ ഭാര്യമാരോടൊപ്പവും ലൈംഗിക ബന്ധം സ്ഥാപിച്ചുവെന്നോ ?!

/പ്രവാചകൻ (സ) ഒരു ദിവസം എല്ലാ ഭാര്യമാരോടൊപ്പവും ലൈംഗിക ബന്ധം സ്ഥാപിച്ചുവെന്നോ ?!
/പ്രവാചകൻ (സ) ഒരു ദിവസം എല്ലാ ഭാര്യമാരോടൊപ്പവും ലൈംഗിക ബന്ധം സ്ഥാപിച്ചുവെന്നോ ?!

പ്രവാചകൻ (സ) ഒരു ദിവസം എല്ലാ ഭാര്യമാരോടൊപ്പവും ലൈംഗിക ബന്ധം സ്ഥാപിച്ചുവെന്നോ ?!

വിമർശനം:

ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരോടൊപ്പവും ലൈംഗിക ബന്ധം സ്ഥാപിച്ചുവെന്നത് മുഹമ്മദ് നബി ഒരു സ്ത്രീലമ്പടനായിരുന്നു എന്നതിന് തെളിവല്ലെ ?

മറുപടി:

മുഹമ്മദ് നബിക്കെതിരെ(സ) ഈ വ്യാജ ആരോപണം അഴിച്ചു വിടാൻ വിമർശകർ അവലംബിക്കുന്ന ഹദീസ് ആദ്യം നമുക്കൊന്ന് വായിക്കാം:

അനസ് (റ) പറഞ്ഞു: പ്രവാചകൻ (സ), പകലിൽ നിന്നും രാത്രിയിൽ നിന്നും ഒരൊറ്റ ചുറ്റലിൽ തന്റെ ഭാര്യമാരെയെല്ലാം സന്ദർശിക്കാറുയുണ്ടായിരുന്നു. അവർ പതിനൊന്നു പേരുണ്ടായിരുന്നു. ഞാൻ (കത്താദ) അനസിനോട് ചോദിച്ചു: അദ്ദേഹത്തിന് (പ്രവാചകന്) അത് സാധിക്കുമായിരുന്നോ ? അപ്പോൾ അനസ് (റ) പറഞ്ഞു: അദ്ദേഹത്തിന് മുപ്പതു പേരുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ടായിരുന്നു.
(സ്വഹീഹുൽ ബുഖാരി: 268)

പ്രവാചകൻ (സ) ഒരു സ്ത്രീലമ്പടനുമായിരുന്നു എന്ന് ആക്ഷേപിക്കാനായി വിമർശകർ വികലമായ അർത്ഥം നൽകി വിവാദവൽക്കരിക്കാറുള്ള ഒരു ഹദീസാണ് ഇത്. ഒരു ദിവസം തന്നെ പതിനൊന്ന് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത് അദ്ദേഹത്തിന്റെ അമിതാസക്തിയും സ്‌ത്രീലോലുപത്വവുമാണ് തെളിയിക്കുന്നത് എന്ന് അസഭ്യഭാഷയിൽ അവതരിപ്പിക്കുകയാണ് നബിവിമർശകർ ചെയ്യാറുള്ളത്. വാസ്ഥവത്തിൽ, ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സംഭവത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയാൽ നബി വിമർശകർ സൃഷ്ടിച്ചെടുക്കുന്ന അശ്ലീല വ്യാഖ്യാനത്തിനൊന്നും യാതൊരു അടിത്തറയുമില്ലെന്ന് ആർക്കും വ്യക്തമാകുന്നതാണ്.

1. പ്രവാചകന്റെ(സ) പത്നിമാർക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നു. കേവല ശരീരങ്ങൾ തമ്മിലുള്ള ബന്ധം മാത്രമായിരുന്നില്ല അവർ തമ്മിലുള്ള ദാമ്പത്യം. അദ്ദേഹത്തോടൊപ്പമുള്ള സഹവാസവും സമ്പർക്കവും ആത്മീയമായ നേട്ടത്തിന് പുറമെ അവർക്ക് മാനസികവും ഭൗതീകവുമായ ആസ്വാദനവും സമാധാനവും അവലംബവുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനായി അവർ ഓരോരുത്തരും അതിയായി ആഗ്രഹിച്ചിരുന്നു. അവരുടെ ആഗ്രഹം കണക്കിലെടുത്തു കൊണ്ടും ഭാര്യമാർക്കിടയിൽ നീതി പാലിക്കുക എന്ന ആദർശനിഷ്ട പ്രയോഗവൽകരിച്ചു കൊണ്ടും ഓരോ ഭാര്യക്കും ഓരോ ദിവസം പ്രവാചകൻ (സ) വീതിച്ചിരുന്നു എന്നും ചില യാത്രകളിൽ കൂടെ കൂട്ടേണ്ടതാരെയാണെന്ന് തിരഞ്ഞെടുക്കാനായി അവർ നറുക്കിട്ടിരുന്നു എന്നും പ്രവാചക പത്നിമാർ തന്നെ പ്രസ്ഥാവിച്ചിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരി: 2593)

ഓരോരുത്തർക്കായും വീതം വെച്ച ദിവങ്ങൾക്കു പുറമെ ചില ദിവസങ്ങളും ഉണ്ടാകാറുണ്ട്. ദീർഘയാത്രകൾ, ആരാധനാ- തീർത്ഥാടന കർമ്മങ്ങൾ തുടങ്ങി പലതിനുമായും ഒഴിച്ചു വെക്കപ്പെട്ട ഇത്തരം ദിവസങ്ങൾ പ്രത്യേകിച്ച് ഒരു ഭാര്യക്കും അവകാശപ്പെട്ടതല്ലാത്തവയാണ്. ഇത്തരം അവസരങ്ങളിൽ ഭാര്യമാരുമായി പിരിയുകയോ അവരിലേക്ക് തിരിച്ചു വരുകയോ ഒക്കെ ചെയ്യുന്ന സന്ദർഭത്തിൽ എല്ലാവരുമായി പ്രവാചകൻ (സ) അൽപ്പനേരം സമ്പർക്കം പുലർത്തുകയും സഹവസിക്കുകയും ചെയ്യുമായിരുന്നു. ഇതാണ്, “പ്രവാചകൻ (സ) ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരേയും ചുറ്റിസഞ്ചരിക്കുമായിരുന്നു” എന്ന ഹദീസുകളുടെ ഉള്ളടക്കത്തിന്റെ വിവക്ഷ. ഒരു സ്ത്രീലോലുപതയും അമിതാസക്തിയുമില്ലാത്ത സ്വാഭാവിക സന്ദർശനം!! പ്രവാചകന്റെ(സ) ‘ഒറ്റ ദിവസത്തെ കൂട്ട സന്ദർശനത്തിന്റെ’ ലക്ഷ്യമെന്തായിരുന്നെന്ന് അദ്ദേഹത്തിന്റെ പത്നിമാർ തന്നെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. പ്രവാചകന്റെ (സ) ഭാര്യമാരുടെ അടുത്തേക്കുള്ള അദ്ദേഹത്തിന്റെ ഈ സന്ദർശനത്തിന്റെ അർത്ഥവും ലക്ഷ്യവും എന്താണെന്ന് ഏറ്റവും നന്നായി അറിയുക പ്രവാചകന്റെ ഭാര്യമാർക്ക് തന്നെയാണല്ലൊ; അല്ലാതെ അനസിനെ(റ) പോലെയുള്ള പ്രവാചകന്റെ ഏതെങ്കിലും ശിഷ്യർക്കല്ല.

عائشة رضي الله عنها، قالت: ( كان رسولُ اللهِ صلَّى الله عليه وسلم لا يُفضِّلُ بعضنا على بعضٍ في القَسمِ ، من مُكثه عِندنا ، وكان قلَّ يومٌ إلا وهو يَطُوفُ علينا جميعاً ، فيدنو مِنْ كُلِّ امرأة ، مِن غير مَسِيسٍ ، حتى يَبْلُغَ إلى التي هو يَوْمُها فيبيتُ عندها ) .

പ്രവാചക പത്നി ആഇശ (റ) പറയുകയുണ്ടായി: “ഞങ്ങളുടെ അടുക്കൽ താമസിക്കുന്നതിനായി വിഭജിച്ച ദിവസങ്ങളിൽ ഒരു ഭാര്യക്ക് മറ്റൊരാളേക്കാൾ പ്രമാഖ്യം അല്ലാഹുവിന്റെ ദൂതൻ (സ) കാണിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാവരുടേയും അടുക്കൽ അദ്ദേഹം ചുറ്റിസഞ്ചരിക്കാത്ത ദിവസങ്ങൾ കുറവായിരുന്നു.’ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ’ അദ്ദേഹം എല്ലാ ഭാര്യമാരുടെ അടുത്തേക്കും ചെല്ലുമായിരുന്നു. അവസാനം,(അടുത്ത് താമസിക്കുന്നതിനായി ഭാര്യമാർക്കിടയിൽ വിഭജിച്ച ദിവസങ്ങളിൽ) ഏതു ഭാര്യയുടെ ദിവസമാണോ ആ ഭാര്യയുടെ അടുക്കൽ രാപ്പാർക്കും.”
(മുസ്നദ് അഹ്മദ്: 24765, സുനനു അബൂദാവൂദ്: 2135, സ്വഹീഹു അബൂദാവൂദ്:
അൽബാനി: 1852)

فيدنو مِنْ كُلِّ امرأة ، مِن غير مَسِيسٍ
“ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ അദ്ദേഹം എല്ലാ ഭാര്യമാരുടെ അടുത്തേക്കും ചെല്ലുമായിരുന്നു…” എന്ന് ഹദീസിൽ ആഇശ (റ) വളരെ വ്യക്തമായി, പ്രത്യേകം എടുത്തു പറയുന്നുണ്ട് എന്ന് കണ്ടുവല്ലൊ.

പ്രവാചകൻ (സ) ഒറ്റ ദിവസം തന്നെ എല്ലാ ഭാര്യമാരേയും ‘സന്ദർശിക്കാറുണ്ടായിരുന്നു’, എല്ലാ ഭാര്യമാരുടേയും അടുത്ത് ‘ചുറ്റിസഞ്ചരിക്കാറുണ്ടായിരുന്നു’ (يَدُورُ – يَطُوفُ) എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ കൊണ്ടുള്ള ഉദ്ദേശം സമ്പർക്കത്തിലൂടെയും സഹവാസത്തിലൂടെയും “അവരുമായി ബന്ധം പുതുക്കുകയാണ്” (ﻳُﺮَاﺩَ ﺑِﻪِ ﺗَﺠْﺪِﻳﺪُ اﻟْﻌَﻬْﺪِ ﺑِﻬِﻦَّ). അഥവാ, ദീർഘയാത്രകൾക്ക് മുമ്പോ ശേഷമോ “എല്ലാവരുമായി സമയം ചെലവഴിക്കുക” എന്ന സ്വാഭാവികമായ സന്ദർശനമാണ് ഉദ്ദേശ്യമെന്ന് പൗരാണികരും ആധുനികരുമായ പല പണ്ഡിതന്മാരും ആഇശയുടെ (റ) ഹദീസുമായി ബന്ധിപ്പിച്ചു കൊണ്ട് വ്യാഖ്യാനിച്ചിട്ടുണ്ട്.

ذَكَرْتُهُ لِعَائِشَةَ فَقَالَتْ : يَرْحَمُ اللَّهُ أَبَا عَبْدِ الرَّحْمَنِ كُنْتُ أُطَيِّبُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَطُوفُ عَلَى نِسَائِهِ ، ثُمَّ يُصْبِحُ مُحْرِمًا يَنْضَخُ طِيبًا

ആഇശ (റ) പറഞ്ഞു: …ഞാൻ അല്ലാഹുവിന്റെ ദൂതന് (അദ്ദേഹത്തിന്റെ ശരീരത്തിൽ) സുഗന്ധം തേച്ച് കൊടുക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം തന്റെ എല്ലാ ഭാര്യമാരേയും അടുത്ത് ‘ചുറ്റി സന്ദർശിക്കും’ (فَيَطُوفُ عَلَى نِسَائِهِ). പിന്നീട് രാവിലെ – (ഞാൻ തേച്ചു കൊടുത്ത) സുഗന്ധം, വമിക്കുന്ന നിലയിൽ അദ്ദേഹം ഇഹ്റാമിൽ പ്രവേശിക്കും.
(സ്വഹീഹുൽ ബുഖാരി:267, സ്വഹീഹു മുസ്‌ലിം: 1192)

ആഇശ (റ) ഈ പ്രസ്ഥാവിച്ച, ഒരു ദിവസം കൊണ്ട് എല്ലാ ഭാര്യമാരെയുമുള്ള സന്ദർശനത്തിൽ അവരുമായുള്ള ലൈംഗിക ബന്ധം ഉൾപ്പെട്ടിരുന്നെങ്കിൽ ദിവസത്തിന്റെ അന്ത്യത്തിൽ അദ്ദേഹത്തിന് കുളി നിർബന്ധമാകുമായിരുന്നു. കുളിച്ചിരുന്നെങ്കിൽ പിറ്റേന്ന് ഇഹ്റാമിൽ പ്രവേശിച്ചപ്പോൾ ശരീരത്തിൽ തേച്ച സുഗന്ധം അവശേഷിക്കില്ലായിരുന്നു. അത് പിറ്റേന്നും വമിക്കുന്നുണ്ടായിരുന്നു എന്ന ആഇശയുടെ പ്രസ്ഥാവനയിൽ നിന്നും പ്രസ്ഥുത സന്ദർശനം ലൈംഗിക ബന്ധത്തിന് വേണ്ടിയായിരുന്നില്ല, അവരുമായുള്ള സമ്പർക്കത്തിനും സഹവാസത്തിനും വേണ്ടി മാത്രമായിരുന്നു എന്ന് ഇസ്മാഈലി (ജനനം ഹിജ്റ 277) തന്റെ ‘സ്വഹീഹി’ൽ രേഖപ്പെടുത്തി.
ഇസ്മാഈലിയിൽ നിന്നും ഈ വ്യാഖ്യാനം ഇബ്നു ഹജറും (ഫത്ഹുൽ ബാരി: 1:377), ബദറുദ്ദീൻ അൽഐനിയും (ഉംദത്തുൽ ക്വാരി: 3:213, 214) ഇബ്നു റജബും (ഫത്ഹുൽ ബാരി: 1:297) കസ്ത്വല്ലാനിയും (ഇർശാദുസ്സാരി: 1:325), ശൻക്വീതിയും (കൗസറുദ്ദുറാറി അൽ മആനി:5:418) എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

2. പക്ഷെ അനസിന്റെ ഹദീസിൽ “അദ്ദേഹത്തിന് മുപ്പത് ആളുകളുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട്…” എന്നടങ്ങുന്ന പരാമർശത്തിൽ ഒറ്റ ദിവസം കൊണ്ട് എല്ലാ ഭാര്യമാരുമായുള്ള ‘ചുറ്റി സന്ദർശനത്തിൽ’ ലൈംഗിക ബന്ധവും ഉള്ളടങ്ങുന്നതായ സൂചനയുണ്ട് എന്നതാണ് വിവാദങ്ങൾക്ക് നിദാനം.

സ്വഭാവം, ബുദ്ധി, ഭക്തി, ശരീരം തുടങ്ങി വ്യക്തിത്വത്തിന്റെ സർവ്വഭാവങ്ങളിലും സമ്പൂർണ്ണത നൽകപ്പെട്ടവരാണ് ദൈവദൂതന്മാർ. പുറമെ മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്ഥമായി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന മുഅ്ജിസത്തിൽ (അമാനുഷിക ദൃഷ്ടാന്തങ്ങൾ) ഉൾകൊള്ളുന്നതാണ് അവരുടെ അസാധാരണമായ കായിക ശക്തിയും ശാരീരിക ശേഷിയും.

സ്വാഭാവികമായും മുഹമ്മദ് നബിക്കും(സ) അസാധാരണ ആരോഗ്യവും, അപാരമായ കായികശേഷിയും നൽകപ്പെട്ടിട്ടുണ്ടായിരുന്നു. സൂറത്തുൽ ബക്വറ, സൂറത്തു ആലു ഇംറാൻ, സൂറത്തുന്നിസാഅ് തുടങ്ങിയ ക്വുർആനിലെ നീളൻ അധ്യായങ്ങൾ പാരായണം ചെയ്ത് രാത്രി ഭൂരിഭാഗവും നിന്ന് നമസ്കരിക്കുമായിരുന്നു പ്രവാചകൻ (സ).
(സ്വഹീഹു മുസ്‌ലിം: 772)

ഇടമുറിയാതെ രണ്ടു ദിവസം ചേർത്ത് വ്രതം അനുഷ്ടിക്കുന്ന രീതിയായ ‘വിസ്വാൽ’ പ്രവാചകൻ (സ) അനുഷ്ടിച്ചിരുന്നു. നിങ്ങൾക്ക് അതിന് ശാരീരികമായി സാധിക്കില്ലെന്നും ഇത് തനിക്ക് മാത്രം നിശ്ചയിക്കപ്പെട്ട വ്രതത്തിന്റെ രീതിയാണെന്നും അദ്ദേഹം തന്റെ അനുചരന്മാരോട് ഉപദേശിക്കുകയും ചെയ്തിരുന്നു.(സ്വഹീഹുൽ ബുഖാരി:7299)

ഖന്ദക്ക് യുദ്ധ സന്ദർഭത്തിൽ പ്രവാചകാനുചരന്മാർ തങ്ങളുടെ മഴു കൊണ്ട്, സംഘം ചേർന്ന് തകർക്കാൻ ശ്രമിച്ചിട്ടും തകരാതിരുന്ന ഒരു ഭീമൻ പാറ പ്രവാചകൻ (സ) തന്റെ മഴു കൊണ്ട് വെട്ടി തകർക്കുകയുണ്ടായി. (സുനനുൽ കുബ്റാ: നസാഈ: 8858, മുസ്നദു റൂയാനി: 410)

പ്രവാചകന്(സ) അസാധാരണ കായിക ശക്തി ഉണ്ടായിരുന്നു എന്നത് ശരിയാണെന്ന് ചുരുക്കം. അദ്ദേഹം ഇടക്ക്, ഒറ്റ ദിവസം അദ്ദേഹത്തിന്റെ എല്ലാ ഭാര്യമാരേയും സന്ദർശിക്കാറുണ്ടായിരുന്നു എന്നതും വാസ്തവം.

പക്ഷെ ഈ രണ്ടു കാര്യങ്ങൾക്കു തമ്മിലുള്ള ബന്ധിപ്പിക്കുന്ന ഘടകം ലൈംഗിക വേഴ്ച്ചയാകണമെന്ന് യാതൊരു നിർബന്ധവുമില്ല. കാരണം, ഒമ്പതു ഭാര്യമാരേയും ഒരു ദിവസം തന്നെ സന്ദർശിക്കുകയാണെങ്കിൽ അവരുമായി ഹൃദ്യമായി സല്ലപിക്കുകയും, അവരുടെ സുഖ ദുഖങ്ങളിൽ പങ്കാളിയാവുകയും, എന്നിട്ട് വഴക്കോ- അസ്വാരസ്യങ്ങളോ ഉണ്ടാകാത്ത നിലയിൽ- അവരുടെയെല്ലാം ഭർതൃ സങ്കൽപങ്ങളെ തൃപ്തിപ്പെടുത്തി വിടപറയുകയും എല്ലാം വേണമല്ലൊ. ലൈംഗിക ബന്ധമില്ലാതെ തന്നെ ഇത് അങ്ങേയറ്റം ശ്രമകരമായ യത്നം തന്നെയാണ്. ഒരു സാധാരണ മനുഷ്യന് കഴിയാൻ സാധ്യതയില്ലാത്ത അനൽപമായ ക്ഷമയും, സഹാനുഭൂതിയും, നീതി ബോധവും, ത്യാഗവും, സ്നേഹവുമെല്ലാം അനിവാര്യമായ ഒരു മഹാ ഉദ്യമമാണത്. മതം, രാഷ്ട്രീയം, സാമൂഹിക സേവനം, യുദ്ധം, ആരാധന, പ്രബോധനം തുടങ്ങി കൃത്യാന്തര ബാഹുല്യത്തിനിടയിലും ഒമ്പതു ഭാര്യമാരും മക്കളും മരുമക്കളം, പേരക്കുട്ടികളുമെല്ലാമടങ്ങുന്ന കുടുംബ-ദാമ്പത്യ ജീവിതത്തിലും പ്രവാചകനെ പോലെ മാതൃകയും തുല്യനീതിയും ആദർശനിഷ്ടയും പുലർത്താൻ അശക്തരായ അനുചരന്മാർ പ്രവാചകന്റെ ഈ ബഹുമുഖ മാതൃകയെ ആശ്ചര്യത്തോടെ ആവിഷ്‌കരിച്ചതാണ് “അദ്ദേഹത്തിന് മുപ്പത് ആളുകളുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട്…” എന്ന വാചകം. ഒരാൾക്ക്, ഒരു ആയുഷ്ക്കാലം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു അദ്ദേഹത്തിലർപ്പിതമായതും അദ്ദേഹം പൂർണതയോടെ നിറവേറ്റിയതുമായ -കുടുംബ ജീവിതമുൾപ്പെടെയുള്ള- ദൗത്യങ്ങൾ എന്നേ അനസിന്റെ ആ വാചകം കൊണ്ട് മനസ്സിലാക്കേണ്ടതുള്ളു. അല്ലാതെ മുപ്പത് പുരുഷന്മാരുടെ ലൈംഗിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്ന എന്ന് ആ വാചകത്തെ ദുർവ്യാഖ്യാനിക്കുന്നത് ന്യായമില്ല. പ്രവാചകന്റെ(സ) ഈ ‘കൂട്ട സന്ദർശനത്തിന്റെ’ അർത്ഥവും ലക്ഷ്യവും സ്വാഭാവികമായ സഹവാസവും സമ്പർക്കവും മാത്രമായിരുന്നെന്ന് അദ്ദേഹത്തിന്റെ സന്ദർശനത്താൽ അനുഗ്രഹിക്കപ്പെട്ട ഭാര്യമാർ വ്യക്തമാക്കിയിരിക്കെ അനസിന്റെ(റ) വാചകം ദുർവ്യാഖ്യാനിച്ചുള്ള അശ്ലീല ആരോപണങ്ങളുടെ പ്രസക്തിയെന്താണ്?!

“അദ്ദേഹത്തിന് മുപ്പത് ആളുകളുടെ കരുത്ത് നൽകപ്പെട്ടിട്ടുണ്ട്…” എന്ന വാചകത്തിന്റെ ഉദ്ദേശ്യം ലൈംഗിക ബന്ധത്തിനുള്ള കരുത്താണ് എന്ന വ്യാഖ്യാനം വാദത്തിന് അംഗീകരിച്ചാൽ തന്നെ അത് ആ സന്ദർശനത്തെ സംബന്ധിച്ച പ്രവാചക ശിഷ്യൻ അനസിന്റെ(റ) ഒരു തെറ്റിദ്ധാരണയാണെന്നേ സ്ഥാപിക്കപ്പെടുന്നുള്ളു. കാരണം, പ്രവാചകന്റെ(സ) ഈ ‘കൂട്ട സന്ദർശനത്തിന്റെ’ അർത്ഥവും ലക്ഷ്യവും, സ്വാഭാവികമായ സഹവാസവും സമ്പർക്കവും മാത്രമായിരുന്നെന്ന് അദ്ദേഹത്തിന്റെ സന്ദർശനത്താൽ അനുഗ്രഹിക്കപ്പെട്ട ഭാര്യമാർ വ്യക്തമാക്കിയിരിക്കെ അനസിന്റെ(റ) ധാരണ യഥാർത്ഥ്യമാകാൻ വല്ല നിർവ്വാഹവുമുണ്ടോ?! അനസാണോ(റ) ആ സന്ദർശനത്തെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുക ? അതോ പ്രവാചകപത്നിമാരോ ?!കൂടാതെ, അനസിന്റെ(റ) ആ വാചകത്തിൽ നിന്നും എല്ലാ ഭാര്യമാരുമായി അദ്ദേഹം ലൈംഗികവേഴ്ച്ചയിൽ ഏർപ്പെട്ടു എന്നും സ്ഥാപിതമാകുന്നില്ല. കൂടി വന്നാൽ ഒന്നിലേറെ പേരുമായി ബന്ധപ്പെട്ടു എന്നേ ഈ വ്യാഖ്യാനം ശരിവച്ചാലും സ്ഥാപിതമാകുന്നുള്ളു.

“ആർക്കെങ്കിലും രണ്ട് ഭാര്യമാർ ഉണ്ടായിട്ട് അവരിൽ ഒരാളിലേക്ക് (പക്ഷപാതപരമായി) അയാൾ താൽപര്യം കാണിച്ചാൽ അന്ത്യനാളിൽ തന്റെ ശരീരത്തിന്റെ ഒരു ഭാഗം ചെരിഞ്ഞതായി/ സ്വാധീനമറ്റതായിട്ടാണ് അയാൾ വരിക” (മുസ്നദു അഹ്മദ്: 2:295, സുനനു അബൂദാവൂദ്: 2:601) എന്ന് ഉണർത്തി, ഭാര്യമാർക്കിടയിൽ നീതിയോടെ വർത്തിക്കണമെന്ന് സ്വന്തം അനുചരൻമാരെ അനുശാസിക്കുക മാത്രമല്ല പ്രവാചകൻ (സ) ചെയ്തത്. ഉപദേശത്തിന് പുറമെ, മരണം വരെയുള്ള സ്വന്തം ദാമ്പത്യജീവിതത്തിലൂടെ അതിന് മാതൃക ലോകത്തിന് സമ്മാനിക്കുക കൂടി ചെയ്തു അദ്ദേഹം. വിവാദ വിധേയമായ ഹദീസ് പ്രവാചകന്റെ നീതിയേയും സമത്വത്തെയുമാണ് ജ്വലിപ്പിക്കുന്നത്.

print