ആർത്തവരക്തത്തിൽ നിന്നാണ് കുഞ്ഞുണ്ടാവുന്നത് എന്നല്ലേ ഖുർആനും ഹദീഥുകളും പറയുന്നത്?

/ആർത്തവരക്തത്തിൽ നിന്നാണ് കുഞ്ഞുണ്ടാവുന്നത് എന്നല്ലേ ഖുർആനും ഹദീഥുകളും പറയുന്നത്?
/ആർത്തവരക്തത്തിൽ നിന്നാണ് കുഞ്ഞുണ്ടാവുന്നത് എന്നല്ലേ ഖുർആനും ഹദീഥുകളും പറയുന്നത്?

ആർത്തവരക്തത്തിൽ നിന്നാണ് കുഞ്ഞുണ്ടാവുന്നത് എന്നല്ലേ ഖുർആനും ഹദീഥുകളും പറയുന്നത്?

ല്ല. ആർത്തവരക്തത്തിന് കുഞ്ഞിന്റെ രൂപീകരണത്തിൽ എന്തെങ്കിലും പങ്കുള്ളതായി ഖുർആൻ പഠിപ്പിക്കുന്നില്ല. ആര്‍ത്തവരക്തത്തെക്കുറിച്ച് ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നത് രണ്ടു തവണയാണ്.

അവ ഇങ്ങനെയാണ്:

”ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാതപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.”(ക്വുര്‍ആന്‍ 2:222)

”നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ, അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന് അവന്റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കികൊടുക്കുന്നതാണ്.”(ക്വുര്‍ആന്‍ 65:4)

ആര്‍ത്തവത്തെക്കുറിച്ച സംശയത്തിന് മറുപടി പറയുമ്പോള്‍ സൂറത്തുല്‍ ബക്വറയിലെ സൂക്തത്തില്‍ അതൊരു മാലിന്യമാണെന്നും അത് പുറപ്പെടുന്ന സന്ദര്‍ഭത്തില്‍ സ്ത്രീകളുമായി ശാരീരികബന്ധം പാടില്ലെന്നും മാത്രമാണ് പറയുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഇവിടെ കുഞ്ഞിന്റെ രൂപീകരണവുമായി അതിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന യാതൊരു പരാമര്‍ശവുമില്ല. സൂറത്തുത്ത്വലാക്വിലെ വചനമാകട്ടെ, ആര്‍ത്തവവിരാമക്കാരുടെയും ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടെയും ഇദ്ദ കാലത്തെക്കുറിച്ചുള്ളതാണ്. അവിടെയും ഗര്‍ഭധാരണത്തെയോ കുഞ്ഞിന്റെ രൂപീകരണത്തെയോ കുറിക്കുന്ന യാതൊന്നും തന്നെ പറഞ്ഞിട്ടില്ല.
ആര്‍ത്തവകാലത്തെയും ആര്‍ത്തവരക്തത്തെയും കുറിച്ച നിരവധി പരാമര്‍ശങ്ങള്‍ ഹദീഥുകളിലുണ്ട്. സ്വഹീഹുല്‍ ബുഖാരിയിലെ ആറാമത്തെ അധ്യായവും സ്വഹീഹു മുസ്്‌ലിമിലെ മൂന്നാം അധ്യായവും ‘കിതാബുല്‍ ഹൈദ്വ്’ അഥവാ ആര്‍ത്തവത്തെക്കുറിച്ച അധ്യായങ്ങളാണ്. ബുഖാരി 37 ഹദീഥുകളും മുസ്്‌ലിം 158 ഹദീഥുകളും ഈ അധ്യായത്തില്‍ നല്‍കിയിട്ടുണ്ട്. ഇവയില്‍ മിക്കതും കര്‍മശാസ്ത്ര സംബന്ധിയായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സുനനുന്നസാഇയിലെ മൂന്നാം അധ്യായമായ ‘കിതാബുല്‍ ഹൈദ്വു വല്‍ ഇസ്തിഹാദ്വ’, സുനനു അബൂദാവൂദിലെ ഒന്നാം അധ്യായമായ ‘കിതാബുത്ത്വഹാറ’, ജാമിഉത്തിര്‍മിദിയിലെ ഒന്നാം അധ്യായമായ ‘കിതാബുത്ത്വഹാറത്തു അന്‍ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം’, സുനനു ഇബ്‌നുമാജയിലെ ഒന്നാം അധ്യായമായ ‘കിതാബുത്ത്വഹാറത്തു വസുനനുഹാ’, മുവത്വാ മാലിക്കിലെ രണ്ടാം അധ്യായമായ ‘കിതാബുത്ത്വഹാറ’ എന്നിവയില്‍ ഉദ്ധരിച്ചിരിക്കുന്ന ആര്‍ത്തവ സംബന്ധിയായ ഹദീഥുകളിലും പ്രധാനമായി പരാമര്‍ശിച്ചിരിക്കുന്നത് കര്‍മപരമായ കാര്യങ്ങളെക്കുറിച്ചാണ്. ആര്‍ത്തവരക്തത്തെക്കുറിച്ചുള്ള നൂറിലധികം വരുന്ന ഹദീഥുകള്‍ക്കിടയിലെവിടെയും അതിന് കുഞ്ഞിന്റെ രൂപീകരണത്തില്‍ എന്തെങ്കിലും വിധത്തിലുള്ള പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു പരാമര്‍ശം പോലുമില്ല.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ