Latest Quran Studies

/Latest Quran Studies
അല്‍ ഫാത്തിഹ (പ്രാരംഭം)

ഫാത്തിഹയെപ്പറ്റി...

ഖുർആനിലെ ഒന്നാമത്തെ സൂറത്താണ് ഫാത്തിഹ. ദൈവികനിർദേശപ്രകാരം പ്രത്യേകമായി തരം തിരിച്ചിട്ടുള്ള ആയത്തുകളുടെ കൂട്ടമാണ് സൂറത്ത്. ഇതിനെ അദ്ധ്യായം എന്ന് പരിഭാഷപ്പെടുത്താം. ഒരേ സൂറത്തിൽ തന്നെ വ്യത്യസ്ത വിഷയങ്ങൾ… തുടർന്നു വായിക്കുക

ഖുർആനിലെ ഒന്നാമത്തെ സൂറത്താണ് ഫാത്തിഹ. ദൈവികനിർദേശപ്രകാരം പ്രത്യേകമായി തരം തിരിച്ചിട്ടുള്ള ആയത്തുകളുടെ കൂട്ടമാണ് സൂറത്ത്. ഇതിനെ അദ്ധ്യായം എന്ന് പരിഭാഷപ്പെടുത്താം. ഒരേ സൂറത്തിൽ തന്നെ വ്യത്യസ്ത വിഷയങ്ങൾ സമ്മിശ്രമായാണ് കാണപ്പെടുന്നത് എന്നതിനാൽ അദ്ധ്യായം എന്ന മലയാളപദത്തിന്റെ കേവലാർത്ഥത്തിൽ അതിനെ എടുക്കരുത് എന്ന് മാത്രം. ദൈവികനിർദേശപ്രകാരം വേർതിരിക്കപ്പെട്ട ഖുർആനിലെ വാചകഖണ്ഡങ്ങളാണ് ആയത്തുകൾ. സൂക്തം എന്നാണ് ആയത്തിന്റെ മലയാളതർജമ. അടയാളം, ദൃഷ്ടാന്തം എന്നിങ്ങനെയാണ് ആയത്ത് എന്ന പദത്തിന്റെ അർഥം.

സൂറത്തുൽ ഫാത്തിഹയിൽ ഏഴ് ആയത്തുകളാണുള്ളത്. ആദ്യമുള്ള 'ബിസ്മില്ലാഹിർ റ്വഹ്‌മാനിർ റ്വഹീം' എന്ന സൂക്തം ഫാത്തിഹയിലെ ആയത്താണോ അല്ലയോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അത് ഫാതിഹയിലെ ഒന്നാമത്തെ ആയത്താണെന്ന് അഭിപ്രായമുള്ളവര്‍ ഫാത്തിഹയിലെ ആറും ഏഴും വചനങ്ങൾ ഒന്നിച്ച് ഏഴാമത്തെ വചനമായി ഗണിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ ഖുര്‍ആനിൽ ആദ്യം വായിക്കപ്പെടുന്നതും 'മുസുഹഫു'കളിൽ ഒന്നാമതായി എഴുതപ്പെടുന്നതുമായ സൂറത്ത് എന്ന നിലയ്ക്ക് 'സൂറത്തുൽ ഫാതിഹ'(പ്രാരംഭ അദ്ധ്യായം)യാണിത്. ഇതേ അർത്ഥത്തിൽ തന്നെ 'ഫാതിഹത്തുൽ കിത്താബ്' (വേദഗ്രന്ഥത്തിന്റെ പ്രാരംഭം) എന്നും ഈ ഒന്നാം അധ്യായത്തെ വിളിക്കാറുണ്ട്. മൗലികമായ ഖുര്‍ആനികപ്രതിപാദ്യങ്ങളുടെയെല്ലാം ഒരു സാരാംശം ഈ സൂറത്തിൽ അടങ്ങിയിരിക്കുന്നതിനാൽ ഈ സൂറത്തിന് ഖുര്‍ആനിന്റെ മൂലം - അഥവാ കേന്ദ്രം - എന്ന അര്‍ത്ഥത്തിൽ 'ഉമ്മുൽ ഖുര്‍ആൻ' എന്നും 'ഉമ്മുൽ കിതാബ്' എന്നും പേരുകളുണ്ട്. പ്രാധാന്യവും ശ്രേഷ്ഠതയും സൂചിപ്പിക്കുന്ന മറ്റ് പല പേരുകളും ഹദീഥുകളിലും മഹാന്മാരായ സ്വഹാബികളുടെ വിവരണങ്ങളിലുമുണ്ട്. അസാസുൽ ഖുര്‍ആൻ (ഖുര്‍ആന്റെ അസ്തിവാരം), സൂറത്തുൽ കാഫിയ (മതിയായത്-ഖുര്‍ആനിക വിജ്ഞാനങ്ങൾ ഗ്രഹിക്കുവാൻ മതിയായ സൂറത്ത്), സൂറത്തുൽ കെൻസ്(നിക്ഷേപം- വിജ്ഞാന മൂല്യങ്ങളുടെ നിക്ഷേപം), സൂറത്തുൽ ഹംദ് (അല്ലാഹുവിനുള്ള സ്തുതി കീര്‍ത്തനങ്ങളുടെ അദ്ധ്യായം, സൂറത്തു ദ്ദുആഅ് (പ്രാര്‍ത്ഥനയുടെ അദ്ധ്യായം), സൂറത്തു സ്വലാത്ത് (നമസ്‌കാരത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത അദ്ധ്യായം), സൂറത്തുൽ 'മുനാജാത് (കൂടിക്കാഴ്ചയുടെ അദ്ധ്യായം) എന്നിവയാണവ.

'ഖുർആനിലെ ഏറ്റവും മഹത്തായ സൂറത്ത്' എന്നും (ബുഖാരി, അഹ് മദ്), 'തൗറാത്തിലോ ഇൻജീലിലോ സബൂറിലോ ഫുർഖാനിലോ ഇതേപോലെയുള്ള ഒരു സൂറത്ത് അവതരിക്കപ്പെട്ടിട്ടില്ല' എന്നുമുള്ള (തിർമിദി , അഹ് മദ്) സൂറത്തുൽ ഫാത്തിഹയെക്കുറിച്ച നബിവചനങ്ങൾ ഈ അധ്യായത്തിന്റെ മഹത്വം വ്യക്തമാക്കുന്നുണ്ട്. 'ആവർത്തിക്കപ്പെടുന്ന ഏഴെണ്ണവും മഹത്തായ ഖുര്‍ആനും നാം നിനക്ക് നല്‍കിയിട്ടുണ്ട്' എന്ന സൂറത്തുൽ ഹിജ്റിലെ (15: 87) 'ആവർത്തിക്കപ്പെടുന്ന ഏഴെണ്ണം' എന്ന പരാമർശം സൂറത്തുൽ ഫാതിഹയെക്കുറിച്ചണെന്ന് നബി(സ) പറഞ്ഞതായി സ്വഹീഹുൽ ബുഖാരിയിലുണ്ട്. നിര്‍ബ്ബന്ധനമസ്‌കാരങ്ങളിലും സുന്നത്ത് നമസ്‌കാരങ്ങളിലുമായി അനേകം തവണ ആവര്‍ത്തിക്കപ്പെടുന്ന ഈ സൂറത്തിനെകുറിച്ചാണ് 'ആവർത്തിക്കപ്പെടുന്ന ഏഴെണ്ണം' എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. 'സൂറത്തുൽ ഫാതിഹ ഓതിയിട്ടില്ലാത്തവന്റെ നമസ്കാരം അപൂര്‍ണ്ണമാണ്' എന്നും 'ഫാതിഹ പാരായണം ചെയ്യാത്തവന് നമസ്കാരമില്ല' എന്നും നബി(സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീഥുകളിലുണ്ട്.

ഫാത്തിഹ നമസ്കാരത്തിന്റെ കാതലാണെന്ന് വ്യക്തമാക്കുന്ന നിരവധി നബിവചനങ്ങളുണ്ട്. നമസ്കാരത്തിൽ അല്ലാഹുവിന്റെ ദാസൻ ഫാത്തിഹ പാരായണം ചെയ്യുമ്പോൾ അതിലെ ഓരോ വചനങ്ങൾക്കും അല്ലാഹു പ്രത്യുത്തരം നൽകുമെന്ന് പഠിപ്പിക്കുന്ന നബിവചനം അതിലൊന്നാണ്. സ്വഹീഹുൽ മുസ്‌ലിമിലും സുനനുന്നസാഈയിലുമുള്ള ഖുദ്സിയായ ഒരു ഹദീഥിന്റെ സാരം ഇങ്ങനെയാണ്: ''അല്ലാഹു പറയുന്നു: നമസ്‌കാരം എനിക്കും ദാസനുമിടയിൽ രണ്ട് പകുതികളായി ഭാഗിക്കപ്പെട്ടിരിക്കുന്നു. പകുതി എനിക്കുള്ളതാണ്; പകുതി അവന്നുള്ളതും. എന്റെ ദാസൻ ആവശ്യപ്പെടുന്നതെന്താണോ അത് അവന് ലഭിക്കും. ദാസൻ 'സ്തുതികളെല്ലാം അല്ലാഹുവിന്നാണ്; ലോകങ്ങളുടെയെല്ലാം നാഥൻ' എന്ന് പറയുമ്പോൾ അല്ലാഹു പറയും - "എന്റെ ദാസൻ എന്നെ സ്തുതിച്ചിരിക്കുന്നു." ദാസൻ "പരമ കാരുണികൻ; കരുണാനിധി" എന്ന് പറഞ്ഞാൽ അല്ലാഹു പറയും: "എന്റെ ദാസൻ എന്നെ പുകഴ്ത്തിയിരിക്കുന്നു. "പ്രതിഫലനാളിന്റെ ഉടമസ്ഥൻ" എന്ന് ദാസൻ പറയുമ്പോൾ അല്ലാഹു പറയും "എന്റെ ദാസൻ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. "നിന്നെ മാത്രമാണ് ഞങ്ങൾ ആരാധിക്കുന്നത്; ഞങ്ങൾ സഹായം ചോദിക്കുന്നതും നിന്നോട് മാത്രമാണ്." എന്ന് പറഞ്ഞാൽ അല്ലാഹു പ്രതിവചിക്കും: " എനിയ്ക്കും ദാസനുമിടയിലുള്ള കാര്യമാണിത്; എന്റെ ദാസൻ ചോദിക്കുന്നതെന്തോ അത് അവന് ലഭിക്കും." "ഞങ്ങളെ നീ നേർമാർഗ്ഗത്തിലൂടെ നയിക്കേണമേ; നീ അനുഗ്രഹിച്ചവരുടെ വഴിയിൽ; നിന്റെ കോപത്തിന് വിധേയമായവരുടെയും പിഴച്ചവരുടെയും മാർഗത്തിലല്ല." എന്ന് ദാസൻ പറയുമ്പോൾ " എന്റെ ദാസനുള്ളതാണിത്; അവൻ ചോദിക്കുന്നത് അവന് ലഭിക്കും"

അല്ലാഹുവുമായി ശരിയായ രീതിയിൽ സംഭാഷണം നടത്തുകയാണ് നമസ്കാരത്തിൽ ഫാത്തിഹ പാരയണം ചെയ്യുന്ന വിശ്വാസി. ഈ സംഭാഷണം ശരിയ്ക്കും ഉൾക്കൊള്ളാൻ കഴിഞ്ഞാൽ പിന്നെ നമസ്കാരത്തിൽ ആരുടെയും മനസ്സ് തെറ്റുകയില്ല. ഫാത്തിഹയിലൂടെ അല്ലാഹുവിനെ യഥാരൂപത്തിൽ അറിയുന്നവന് തൗഹീദിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുവാനും അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കുവാനും കഴിയും. രക്ഷാകർതൃത്വത്തിലുള്ള തൗഹീദ് ഉദ്ഘോഷിച്ചുകൊണ്ടാണ് ഫാത്തിഹയുടെ തുടക്കം. ലോകങ്ങളുടെയെല്ലാം റബ്ബായി അല്ലാഹുവിനെ അറിയുകയാണല്ലോ തൗഹീദുർ റുബൂബിയ്യത്ത്. റബ്ബ്, റഹ്‌മാൻ, റഹീം, മാലിക്ക്, മലിക്ക് എന്നിവ അദ്വിതീയമായ ദൈവനാമങ്ങളാണ്. അവയിലൂടെ അല്ലാഹുവിനെ അറിയുന്നവർ തൗഹീദുൽ അസ്മാഉ വ സ്വിഫാത്താണ് മനസ്സിലാക്കുന്നത്. അല്ലാഹുവിന്റെ മാത്രം ആരാധ്യത പ്രഖ്യാപിക്കുന്നതിലൂടെ തൗഹീദുൽ ഉലൂഹിയ്യത്ത് അംഗീകരിച്ചുകൊണ്ട് അതനുസരിച്ചേ ജീവിക്കൂവെന്ന് തീരുമാനിക്കുന്ന വിശ്വാസി അടുത്ത സൂക്തങ്ങളിൽ അല്ലാഹുവിനോടാവശ്യപ്പെടുന്നത് അങ്ങനെ ജീവിക്കുന്നതിനുള്ള അനുഗ്രഹത്തിനായാണ്. തൗഹീദിന്റെ സമഗ്രമായ പ്രഖ്യാപനമാണ് ഫാത്തിഹ എന്നർത്ഥം. അല്ലാഹുവിന്റെ മുന്നിൽ വെച്ച് തൗഹീദിന്റെ പ്രഖ്യാപനം നടത്തുകയും അവന്റെ പ്രതിവചനങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നവരുടെ മനസ്സ് തെറ്റുന്നതെങ്ങനെ?!!

വിശ്വാസികളുടെ മനസ്സ് തെറ്റിക്കുവാനും അല്ലാഹുവിൽ നിന്ന് അകറ്റുവാനും സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ ശത്രുവാണ് പിശാച്. ഫാത്തിഹാപാരായണത്തിന് മുമ്പ് ചൊല്ലുന്ന 'അഊദു ബില്ലാഹി മിന ശ്ശൈത്വാനി ർറ്വജീം' എന്ന പ്രാര്‍ത്ഥനയുടെ അര്‍ത്ഥം 'ആട്ടിയോടിക്കപ്പെട്ട (ശപിക്കപ്പെട്ട) പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് ശരണം തേടുന്നു' എന്നാണ്. തന്നാൽ കഴിയുന്ന എല്ലാ അടവുകളും മനുഷ്യരെ വഴി പിഴപ്പിക്കാൻ താൻ ഉപയോഗപ്പെടുത്തുമെന്ന് അല്ലാഹുവിന്റെ മുമ്പാകെ പ്രതിജ്ഞയെടുത്തവനാണ് നമ്മുടെ ബാഹ്യേന്ദ്രീയങ്ങള്‍ക്ക് അനുഭവിക്കാനാവാത്ത പിശാചെന്ന സത്യം ഖുര്‍ആൻ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. (7: 16,17; 15: 39; 18: 50; 35: 6; 38: 82). പിശാചിന്റെ ഉപദ്രവത്തിൽ നിന്നുള്ള രക്ഷ അല്ലാഹുവിൽ നിന്ന് തന്നെ നമുക്ക് ലഭിക്കേണ്ടതുണ്ട്. മനുഷ്യര്‍ക്ക് മനുഷ്യവര്‍ഗ്ഗത്തിൽ തന്നെ പലതരം ശത്രുക്കളുമുണ്ട്; പിശാചുക്കളിൽ നിന്നുള്ള ശത്രുക്കളുമുണ്ട്. മനുഷ്യരും പിശാചുക്കളുമടങ്ങുന്ന രണ്ട് തരം ശത്രുക്കളിൽ നിന്നുമുള്ള രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഖുർആനിൽ പല വചനങ്ങളിലായി അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. (7:199,200; 23: 96,97,98; 41: 34,35,36)

''ഖുര്‍ആൻ ഓതുമ്പോൾ ശപിക്കപ്പെട്ട പിശാചിൽ നിന്ന് നീ അല്ലാഹുവിനോട് ശരണം തേടി കൊള്ളുക'' എന്ന ഖുർആൻവചനത്തിന്റെ (16:98) അടിസ്ഥാനത്തിൽ ഖുര്‍ആൻ പാരായണം ആരംഭിക്കുമ്പോൾ 'അഊദു' ചൊല്ലേണ്ടതുണ്ട് എന്നത്രേ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹദീഥുകളുടെ പിന്‍ബലവും ഈ അഭിപ്രായത്തിനുണ്ട്. നിര്‍ബ്ബന്ധമില്ലെങ്കിലും പ്രധാനപ്പെട്ട ഒരു ഐഛിക കര്‍മ്മമാണ് 'അഊദു' ചൊല്ലൽ എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. നമസ്‌കാരത്തിൽ ഇത് പതുക്കെയാണ് ചൊല്ലേണ്ടത്.

പിശാചിന്റെ ദുര്‍മ്മന്ത്രത്തിന് സാധ്യതയുള്ളയിടങ്ങളിലെല്ലാം - ദേഷ്യം പിടിക്കുമ്പോൾ പോലും - 'അഊദു' ചൊല്ലുവാൻ നബി(സ) നിർദേശിച്ചതായി സ്വഹീഹുൽ ബുഖാരിയിലടക്കമുള്ള ഹദീഥ്ഗ്രൻഥങ്ങളിലുണ്ട്.

ചുരുക്കുക

7. صرَاطَ الَّذينَ أَنعَمتَ عَلَيهمْ غَير المَغضوب عَلَيهمْ وَلاَ الضَّالّينَ

7. നീ അനുഗ്രഹിച്ചവരുടെ വഴിയിൽ; നിന്റെ കോപത്തിന് വിധേയമായവരുടെയും പിഴച്ചവരുടെയും മാർഗത്തിലല്ല.

പാരായണം
വിവര്‍ത്തനം
ആസ്വാദനം
പാരായണ നിയമം
ആസ്വാദനം

7. صرَاطَ الَّذينَ أَنعَمتَ عَلَيهمْ غَير المَغضوب عَلَيهمْ وَلاَ الضَّالّينَ