ഹൃദയം കൊണ്ടാണോ ചിന്തിക്കുന്നത് ?

/ഹൃദയം കൊണ്ടാണോ ചിന്തിക്കുന്നത് ?
/ഹൃദയം കൊണ്ടാണോ ചിന്തിക്കുന്നത് ?

ഹൃദയം കൊണ്ടാണോ ചിന്തിക്കുന്നത് ?

‘ഹൃദയം കൊണ്ട് ചിന്തിക്കുന്നില്ലേ’ എന്ന് പല തവണ ചോദിക്കുന്ന ക്വുർആൻ വ്യക്തമായ അശാസ്ത്രീയതയല്ലേ പറയുന്നത്? യഥാർത്ഥത്തിൽ ചിന്തയും ഹൃദയവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മസ്തിഷ്‌കം മാത്രമാണ് ചിന്തയുടെ കേന്ദ്രമെന്നും പഠിപ്പിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നിൽ ഈ ക്വുർആനിക പരാമർശങ്ങളെ എങ്ങനെ ന്യായീകരിക്കുവാൻ കഴിയും?

അബ്ദുൽ ലത്തീഫ് അഹ്മദ്

 

ഹൃദയത്തെക്കുറിച്ച് ക്വുർആൻ 110 തവണയെങ്കിലും പറയുന്നുണ്ട്. ചിന്തിക്കുവാനുള്ള കഴിവിനെ ഹൃദയവുമായി ബന്ധപ്പെടുത്തിയാണ് ക്വുർആൻ എല്ലായ്പ്പോഴും പരാമർശിക്കുന്നത്. ഏതാനും വചനങ്ങൾ നോക്കുക:

“ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌” (22: 46)

“നീ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അത്‌ അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ്‌ വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട്‌ തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌.” (6: 25)

“അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച്‌ നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്‌ സത്യവിശ്വാസികള്‍.” (8: 2)

സ്വഹീഹായ നിരവധി ഹദീഥുകളിലും ചിന്തയെയും സന്മാർഗ – ദുർമാർഗങ്ങളുടെ സ്വീകരണത്തെയുമെല്ലാം ഹൃദയവുമായി ബന്ധപ്പെടുത്തി പരാമർശിച്ചത് കാണാൻ കഴിയും.

ശരീരത്തിന്റെ മൊത്തത്തിലുള്ള നിയന്ത്രണം നിർവഹിക്കുന്നത് മസ്തിഷ്കമാണെന്ന് ശരീരശാസ്ത്രം പഠിച്ചിട്ടുള്ളവർക്കറിയാം. കേന്ദ്രനാഡി വ്യവസ്ഥയാണ് ശരീരത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്നതെങ്കിലും ഹൃദയത്തിന് അതിന്റേതായ ഒരു നിയന്ത്രണവ്യവസ്ഥയുണ്ട്. ഹൃദയനാഡീവ്യവസ്ഥയെന്നാണ് (cardiac nervous system) അതിനെ ശാസ്ത്രജ്ഞർ വിളിക്കാറുള്ളത്. സ്വന്തമായ നാഡികളും(neurons) നാഡീപ്രസാരകരും (neurotransmitters) പ്രോട്ടീനുകളും മറ്റു അനുബന്ധകോശങ്ങളുമുള്ള സ്വതന്ത്രമായ നാഡീവ്യവസ്ഥയാണിത്. ഈ നാഡീവ്യവസ്ഥക്ക് ഹൃദയമസ്തിഷ്‌കം (heart brain) എന്ന പേര് നൽകിയത് 1991ൽ പ്രസിദ്ധ കനേഡിയൻ നാഡീശാസ്ത്രജ്ഞനായ ഡോ: ആൻഡ്രു ആർമറാണ്. ഹൃദയവും തലച്ചോറും തമ്മിലുള്ള ബന്ധത്തെയും ഹൃദയത്തിന്റെ സ്വയംഭരണത്തെയും കുറിച്ച ഒരു പഠനശാഖ തന്നെ ഇന്നുണ്ട്. ഹൃദയനാഡീശാസ്ത്രം (neurocardiology) എന്നാണ് അതിന് പേര്. ഇവിഷയകമായ പഠനങ്ങളെ സമാഹരിച്ച് കൊണ്ട് ഡോ: ആൻഡ്രു ആർമറും ജെഫ്‌റി എൽ ആർഡറും കൂടി 1994 ൽ രചിച്ച പുസ്തകത്തിന്റെയും തലക്കെട്ട് ‘ഹൃദയനാഡീശാസ്ത്രം’ എന്ന് തന്നെയാണ്.

ഹൃദയം ചുരുങ്ങിയത് നാല് രൂപത്തിലെങ്കിലും മസ്തിഷ്കവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് ഹൃദയനാഡീശാസ്ത്രം പറയുന്നത്. നാഡീആവേഗങ്ങളിലൂടെയുള്ള (nerve impulses) നാഡീയവും ഹോർമോണുകളിലൂടെയും നാഡീപ്രസാരകരിലൂടെയുമുള്ള ജൈവരസതന്ത്രപരവും സമ്മർദ്ദതരംഗങ്ങളിലൂടെയുള്ള (pressure waves) ജൈവഭൗതികവും വിദ്യുത്കാന്തികക്ഷേത്രത്തിന്റെ (electromagnetic field) വ്യവഹാരങ്ങളിലൂടെയുള്ള ഉർജ്ജപരവുമായ ആശയക്കൈമാറ്റങ്ങൾ. ഈ ആശയക്കൈമാറ്റങ്ങളിലൂടെയാണ് ഹൃദയത്തിന് സ്വയംഭരണം സാധിക്കുന്നത്. ഈ സ്വയംഭരണത്തിൽ രക്തം പമ്പു ചെയ്യുകയെന്ന ഒരേയൊരു ധർമ്മം മാത്രമാണോ നിർവഹിക്കപ്പെടുന്നത്? ഈ ചോദ്യത്തിന് ഖണ്ഡിതമായ ഒരു ഉത്തരം നൽകാൻ ഇന്ന് നാഡീശാസ്ത്രം വളർന്നിട്ടില്ലെങ്കിലും ‘അല്ല’ എന്ന് പറയുന്നവരാണ് ആ രംഗത്തെ ഗവേഷകരിൽ പലരുമെന്നുള്ളതാണ് വസ്തുത.

പ്രസിദ്ധ ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ ഡേവിഡ് മാലോണിന്റെ ‘ഹൃദയങ്ങളുടെയും മനസ്സുകളുടെയും’ (Of Hearts and Minds) എന്ന ശാസ്ത്രഡോക്യൂമെന്ററിയിൽ ഇന്റർവ്യൂ ചെയ്ത പ്രഗത്ഭരായ പല നാഡീശാസ്ത്രവിദഗ്ധരും ഹൃദയശാസ്ത്രജ്ഞന്മാരും കരുതുന്നത് കേവലം രക്തം പമ്പു ചെയ്യുകയെന്ന ദൗത്യം മാത്രമല്ല ഹൃദയം നിർവഹിക്കുന്നത് എന്ന് തന്നെയാണ്. ഹൃദയത്തിൽ നിന്നുള്ള സിഗ്നലുകൾക്കനുസരിച്ചാണ് മസ്‌തിഷ്‌കത്തിനകത്തെ അമിഗ്ദാല ഭയം ഉത്പാദിപ്പിക്കുന്നതെന്ന കണ്ടെത്തൽ വികാരങ്ങളുടെ രൂപീകരണത്തിൽ ഹൃദയത്തിന് പങ്കുണ്ടെന്നു തന്നെയാണ് വ്യക്തമാക്കുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറായ ഡേവിഡ് പാറ്റേഴ്സണിന്റെ പഠനങ്ങൾ കാണിക്കുന്നത് വികാരങ്ങൾ സൃഷ്ടിക്കുന്നത് മസ്തിഷ്‌കം മാത്രമായിട്ടല്ല, ഹൃദയത്തിനു കൂടി അതിൽ പങ്കുണ്ടെന്നാണ്. ചുരുക്കത്തിൽ രക്തം പാമ്പു ചെയ്യുകയെന്ന ധർമ്മം മാത്രം നിർവഹിക്കുന്ന ഒരു ശാരീരികാവയവം മാത്രമാണ് ഹൃദയമെന്ന സങ്കൽപ്പമല്ല ഇന്ന് ശാസ്ത്രലോകത്തുള്ളത്. ചിന്തയുടെയും വികാരങ്ങളുടെയും നിർമാണത്തിൽ ഹൃദയം എങ്ങനെയൊക്കെയോ പങ്കു വഹിക്കുന്നുണ്ട്. എങ്ങനെയൊക്കെയാണെന്ന് പറയാൻ മാത്രം ഇന്ന് ശാസ്ത്രം വളർന്നിട്ടില്ലെന്ന് മാത്രമേയുള്ളൂ.

ഹൃദയനാഡീശാസ്ത്രം കൂടുതൽ വളരുമ്പോൾ, ക്വുർആനും ഹദീഥുകളും അർത്ഥശങ്കക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നത് പോലെ ഹൃദയം തന്നെയാണ് ചിന്തയുടെയും സത്യാസത്യവിവേചനത്തിന്റെയും കേന്ദ്രമെന്ന വസ്തുത ശാസ്ത്രലോകവും അംഗീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

print