ഹിന്ദുക്കള്‍ ഇബ്‌റാഹീം നബിയുടെ പിൻഗാമികളോ?

/ഹിന്ദുക്കള്‍ ഇബ്‌റാഹീം നബിയുടെ പിൻഗാമികളോ?
/ഹിന്ദുക്കള്‍ ഇബ്‌റാഹീം നബിയുടെ പിൻഗാമികളോ?

ഹിന്ദുക്കള്‍ ഇബ്‌റാഹീം നബിയുടെ പിൻഗാമികളോ?

ഹിന്ദുക്കള്‍ ഇബ്‌റാഹീം നബിയുടെ സമൂഹത്തിന്റെ പിന്‍ഗാമികളാണെന്നതിന് പല തെളിവുകളും ചില ചരിത്രകാരന്മാരും പണ്ഡിതന്മാരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ബ്രാഹ്മണര്‍ എന്ന പദമുണ്ടായത് ഇബ്‌റാഹീം എന്ന പദത്തില്‍ നിന്നാണ്, കഅ്ബയുടെ ഘടനയിലും പ്രാചീന ഹിന്ദു ദേവാലയങ്ങളുടെ ഘടനയിലുമുള്ള സാമ്യത, ഇബ്‌റാഹീം നബിയുടെ പിതാവിന്റെ തൊഴില്‍ വിഗ്രഹ നിര്‍മാണവും പരിപാലനവുമായിരുന്നു; ബ്രാഹ്മണരും പാരമ്പര്യമായി അതേ തൊഴില്‍ ചെയ്യുന്നു, ഇബ്‌റാഹീം നബിയെ തീക്കുണ്ഠത്തിലിട്ടു; അമ്പലങ്ങളിലും തീക്കുണ്ഠമുണ്ടാക്കി അതില്‍ ചാടുന്ന ആചാരമുണ്ട്, കഅ്ബയിലെയും ക്ഷേത്രങ്ങളിലെയും പ്രദക്ഷിണങ്ങളിലെ സാമ്യത, ബ്രാഹ്മണരുടെ പൂണൂല്‍ ധാരണവും ഹജ്ജ് ചെയ്യുന്ന മുസ്‌ലിംകളുടെ ഇഹ്‌റാം കെട്ടലും തുടങ്ങിയ പലതുമാണ് അതിനുള്ള തെളിവുകൾ . ഈ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഹിന്ദുക്കളുമായുള്ള സൗഹൃദം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കില്ലേ?

! ഹിന്ദുക്കള്‍ ഇബ്‌റാഹീം നബി(അ)യുടെ സമൂഹത്തിന്റെ പിന്‍ഗാമികളാണെന്ന് പിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായി സാധൂകരിക്കുവാന്‍ തക്ക തെളിവുകളുടെ അഭാവംകൊണ്ട് പ്രസ്തുത നിരീക്ഷണങ്ങളെ നരവംശ ഗവേഷകരാരും തന്നെ ഗൗരവതരമായി എടുത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശബ്ദ സാദൃശ്യത്തിന്റെ മാത്രം വെളിച്ചത്തില്‍ ബ്രാഹ്മണ ശബ്ദം ഇബ്‌റാഹീം എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണെന്ന് പറയാന്‍ കഴിയില്ല. ബ്രാഹ്മണ ശബ്ദത്തില്‍നിന്നാണ് ബ്രാഹ്മണന്‍ ഉണ്ടായിരിക്കുന്നത്. ബ്രഹ്മാവ് സ്രഷ്ടാവാണ്. ബ്രഹ്മാവിന്റെ മുഖത്തില്‍നിന്നുണ്ടായവന്‍ ബ്രാഹ്മണന്‍. സ്രഷ്ടാവിന്റെ ഭൂമിയിലെ പ്രതിനിധിയാണവന്‍. ഇങ്ങനെയാണ് ബ്രാഹ്മണ ശബ്ദത്തിന്റെ വിശദീകരണം പോകുന്നത്. ഇബ്‌റാഹീം നബി(അ)യുടെ പിതാവിന്റെ തൊഴില്‍ വിഗ്രഹ നിര്‍മാണമായിരുന്നുവെന്നത് നേര്. അതിന്നെതിരെ പോരാടിയ ആളാണ് ഇബ്‌റാഹീം നബി(അ). പ്രദക്ഷിണം, ദേവാലയ ഘടന തുടങ്ങിയ കാര്യങ്ങളില്‍ ഒരുവിധം എല്ലാ മതസമൂഹങ്ങളിലും ഒരുതരം ഏകീഭാവം കാണാനാവും. മതങ്ങളെല്ലാം പരിണമിച്ചത് ദൈവികമതത്തില്‍നിന്നായതുകൊണ്ടാണിത്. ഇബ്‌റാഹീം നബി(അ)യെ എറിഞ്ഞ തീക്കുണഠം നശീകരണത്തിന്റേതാണ്. അമ്പലങ്ങളിലെ തീക്കുണ്ഠം ആരാധനയുടേതാണ്. തീക്കുണ്ഠത്തില്‍ ചാടുന്ന സമ്പ്രദായമല്ല; തീക്കനലിലൂടെ നടക്കുന്ന സമ്പ്രദായമാണ് ചില ഹിന്ദു സമൂഹങ്ങളിലുള്ളത്. പാര്‍സി മതത്തിന്റെ അഗ്‌നിപൂജാ സമ്പ്രദായത്തില്‍നിന്ന് കടം കൊണ്ടതാണ് ഇത്തരം ആചാരങ്ങളെന്നാണ് പ്രാമാണികരായ നരവംശ ശാസ്ത്രജ്ഞന്മാരില്‍ പലരുടെയും പക്ഷം.അസത്യങ്ങളുടെയോ അര്‍ധ സത്യങ്ങളുടെയോ അകമ്പടിയോടുകൂടിയല്ല സത്യമതപ്രബോധനം നിര്‍വഹിക്കേണ്ടത്. സത്യമെന്ന് നൂറുശതമാനം ബോധ്യമുള്ളള കാര്യങ്ങളാണ് പ്രബോധകന്മാര്‍ അവതരിപ്പിക്കേണ്ടത്. മറ്റു മതക്കാരുമായി സാഹോദര്യമുണ്ടാക്കുന്നതിന് നമുക്ക് ഉറപ്പില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുക വഴി കഴിയുമെന്ന് ഈ ലേഖകന്‍ വിശ്വസിക്കുന്നില്ല. ഇസ്‌ലാം പഠിപ്പിച്ച രീതിയില്‍ സത്യമത പ്രബോധനം നിര്‍വഹിക്കുകയും ഒപ്പംതന്നെ ഇസ്‌ലാമികമായ സ്വഭാവ മര്യാദകള്‍ പാലിച്ചൂകൊണ്ട് മറ്റുള്ളവരുമായി സൗഹൃദവും സ്‌നേഹബന്ധവും സ്ഥാപിക്കുവാന്‍ കഴിയുമെന്നാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.

print