ഹദീഥുകളുടെ ആശയവിമർശനത്തിന് പണ്ഡിതന്മാർ സന്നദ്ധമാവാത്തത് എന്തു കൊണ്ടാണ്?

/ഹദീഥുകളുടെ ആശയവിമർശനത്തിന് പണ്ഡിതന്മാർ സന്നദ്ധമാവാത്തത് എന്തു കൊണ്ടാണ്?
/ഹദീഥുകളുടെ ആശയവിമർശനത്തിന് പണ്ഡിതന്മാർ സന്നദ്ധമാവാത്തത് എന്തു കൊണ്ടാണ്?

ഹദീഥുകളുടെ ആശയവിമർശനത്തിന് പണ്ഡിതന്മാർ സന്നദ്ധമാവാത്തത് എന്തു കൊണ്ടാണ്?

തെറ്റായ ഒരു ആരോപണമാണിത്. തങ്ങളുടെ ദൗത്യത്തിന് മത്‌ന് വിമര്‍ശനം കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയവരായിരുന്നു ഹദീഥ് നിദാനശാസ്ത്രജ്ഞര്‍ എന്നതിനാല്‍ തങ്ങളുടെ പ്രധാനപ്പെട്ട മേഖലയായി അവര്‍ കണ്ടത് സനദിന്റെ അപഗ്രഥനമായിരുന്നുവെന്നത് ശരി യാണ്. എന്നാല്‍ നബി(സ)യില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പു നല്‍കുന്ന രിതിയിലുള്ള മത്‌നുകളുള്ള ഹദീഥുകള്‍ അവര്‍ അസ്വീകാര്യമായി വിലയിരുത്തിയിരുന്നുവെന്ന വസ്തുത നിഷേധിക്കാനാവാത്തതാണ്. തങ്ങളുടെ ദൗത്യത്തില്‍ മത്‌ന് വിമര്‍ശനത്തിന് ചെറിയൊരു ധര്‍മം മാത്രമെ നിര്‍വഹിക്കാനാവൂയെന്നതിനാല്‍ ഇസ്‌നാദുകള്‍ പരിശോധിക്കുവാനും അതിന്റെ സത്യതയും നൈരന്തര്യവും ഉറപ്പുവരുത്തു വാനും അവരുപയോഗിച്ച സമയവും ഊര്‍ജവുമായി താരതമ്യം ചെയ്യുമ്പോള്‍ മത്‌ന് വിമര്‍ശനത്തിന് വളരെ കുറച്ച് സമയവും ഊര്‍ജവും മാത്രമെ അവര്‍ ചെലവഴിച്ചിരുന്നുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ ഹദീഥ് നിദാന ശാസ്ത്രജ്ഞന്‍മാര്‍ മത്‌ന് വിമര്‍ശനത്തെ അവഗണിച്ചു വെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. ദുര്‍ബല ഹദീഥുകളുടെ കൂട്ടത്തിലുള്ള ശാദ്ദ്, മുദ്‌റജ് എന്നീ ഇനങ്ങളും വ്യാജ ഹദീഥുകളെ നിരീ ക്ഷിക്കാനുള്ള അടയാളങ്ങളായി പണ്ഡിതന്മാര്‍ വിശദീകരിച്ച കാര്യങ്ങളും മത്‌നിനെ അടിസ്ഥാനമാക്കിയുള്ള നിരൂപണത്തിന്റെ ഭാഗമാണ്

മത്‌ന് വിമര്‍ശനത്തില്‍ ഉസൂലുല്‍ ഹദീഥിന്റെ പണ്ഡിതന്‍മാര്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ താഴെ പറയുന്നവയാണ്.

  1. സാഹിത്യത്തിലും വാചകശുദ്ധിയിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന നബി(സ)യില്‍ നിന്നുള്ളതാണെന്ന് ഉറപ്പു നല്‍കുന്ന വാചക ഘടനയിലുള്ളതും നിലവാരം കുറഞ്ഞ പദപ്രയോഗങ്ങള്‍ ഉള്‍ക്കാള്ളാത്തതുമാവുക.
  2. വ്യാഖ്യാനിക്കാന്‍ പറ്റാത്തവിധം പ്രാഥമിക ബുദ്ധിക്കോ തെളിയിക്കപ്പെട്ട വസ്തുതകള്‍ക്കോ അംഗീകരിക്കപ്പെട്ട സ്വഭാവ മൂല്യങ്ങള്‍ ക്കോ എതിരായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളാത്തതാവുക.
  3. ക്വുര്‍ആനോ സ്വീകരിക്കപ്പെട്ട ഹദീഥോ പണ്ഡിതന്‍മാരുടെ ഏകകണ്ഠമായ അഭിപ്രായമായ ഇജ്മാഓ ഉള്ള കാര്യത്തിനെതിരായി വ്യഖ്യാനിച്ച് യോജിപ്പിക്കാന്‍ കഴിയാത്ത പരാമര്‍ശങ്ങളില്ലാത്തതാവുക.
  4. നബി(സ)യുടെ കാലത്തെ അറിയപ്പെട്ട ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക.
  5. തര്‍ക്കമുള്ള കാര്യങ്ങളില്‍ നിവേദകന്റെ പക്ഷത്തെ ന്യായീകരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് മുക്തമാവുക.
  6. ജനക്കൂട്ടത്തില്‍ വെച്ചു പരസ്യമായി നടന്ന ഒരു കാര്യമാണെങ്കില്‍ ധാരാളം പേര്‍ നിവേദനം ചെയ്യാന്‍ സാധ്യതയുണ്ടായിട്ടും ഒരാള്‍ മാത്രം നിവേദനം ചെയ്തത് അല്ലാതിരിക്കുക.
  7. തുച്ഛമായ കര്‍മങ്ങള്‍ക്ക് അതിരു കവിഞ്ഞ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോ ഭയങ്കരമായ ശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക.
  8. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ നീചമായ കാര്യങ്ങള്‍ക്ക് പ്രേരണയോ പ്രോല്‍സാഹനമോ നല്‍ കുന്ന പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക.

നബി(സ)യില്‍ നിന്നുള്ളതല്ലെന്ന് ഉറപ്പിക്കാനാവുന്ന മത്‌ന് ഉള്‍ക്കൊള്ളുന്ന ഹദീഥുകള്‍ അസ്വീകാര്യമായവയാണെന്ന് വിധിക്കുകയും അതി നെതിരെ ബോധവല്‍ക്കരിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്. ‘നൂഹ് നബി(അ)യുടെ കപ്പല്‍ കഅ്ബയെ ഏഴു തവണ പ്രദക്ഷിണം ചെയ്യുകയും മഖാമു ഇബ്‌റാഹീമില്‍ നമസ്‌കരിക്കുകയും ചെയ്തു’, ‘സുന്ദരമായ മുഖത്തേക്ക് നോക്കുന്നത് കണ്ണിന് കാഴ്ച തെളിയിക്കും’, ‘ഉനജ്ബ്‌നു ഉനുബ് എന്ന ഒരാളുടെ നീളം മൂവായിരം മുഴമായിരുന്നു; നൂഹ് നബിയുടെ കാലത്തെ പ്രളയം അയാളുടെ ഞെരിയാണിവ രെയേ എത്തിയിരുന്നുള്ളൂ’, ‘പൂവന്‍ കോഴി എന്റെ സുഹൃത്താണ്; എന്റെ സുഹൃത്തിന്റെ സുഹൃത്ത് ജിബ്‌രീലാണ്’ തുടങ്ങിയ പരാമ ര്‍ശങ്ങളുള്ള ഹദീഥുകള്‍ പ്രാഥമിക ബുദ്ധിക്കും അംഗീകരിക്കപ്പെട്ട സ്വഭാവമൂല്യങ്ങള്‍ക്കുമെതിരാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കി യിട്ടുണ്ട്. ‘വ്യഭിചാരത്തില്‍ ജനിച്ച സന്താനം ഏഴു മക്കള്‍വരേക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’ എന്ന ഹദീഥ് ഒരാളുടെ കുറ്റം മറ്റൊ രാള്‍ വഹിക്കുകയില്ലെന്ന ക്വുര്‍ആനിന്റെ സ്പഷ്ടമായ ആശയത്തിനെതിരാണെന്നും ‘സത്യവുമായി പൊരുത്തപ്പെടുന്ന ഒരു വചനം എന്നെപ്പറ്റി പറയപ്പെട്ടാല്‍, ഞാന്‍ അത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളത് പിന്‍പറ്റുക’യെന്ന ഹദീഥ് നബി(സ)യെപ്പറ്റി കളവു പറയരുതെന്ന് വിലക്കുന്ന സുപ്രസിദ്ധമായ ഹദീഥിന് വിരുദ്ധമാണെന്നും ‘സന്താനത്തിന് മുഹമ്മദ് എന്നു പേരിട്ടാല്‍ അവനും അവന്റെ സന്താനവും സ്വര്‍ഗത്തിലായിരിക്കും’ എന്ന ഹദീഥ് നാമമല്ല കര്‍മമാണ് സ്വര്‍ഗപ്രാപ്തിക്ക് നിദാനമെന്ന സ്ഥിരപ്പെട്ട ഇസ്‌ലാമിക തത്ത്വ ത്തിന് എതിരാണെന്നും ഖൈബറിലെ യഹൂദന്‍മാരില്‍നിന്ന് നികുതിവാങ്ങി, അതിന് സാക്ഷി നിന്നത് സഅദ്ബ്‌നു മുആദും (റ) കരാര്‍ എഴുതിയത് മുആവിയയേുമായിരുന്നുവെന്ന ഹദീഥ്, കപ്പം വാങ്ങുന്ന സമ്പ്രദായം അന്ന് നിലവിലുണ്ടായിരുന്നില്ല, ഖൈബറിന് മുന്‍പ് ഖന്‍ദഖ് യുദ്ധം കഴിഞ്ഞ ഉടനെ മരണപ്പെട്ടയാളാണ് സഅദ്, മുആവിയ ഇസ്‌ലാം സ്വീകരിച്ചത് ഖൈബറിന് മാസങ്ങള്‍ക്ക് ശേഷം നടന്ന മക്കാവിജയത്തിനു ശേഷമാണ് എന്നീ കാരണങ്ങളാല്‍ മാത്രമായിത്തന്നെ അസ്വീകാര്യമായി ഗണിക്കാവുന്നതാണെന്നും നബി(സ)യെ കുളി മുറിയില്‍ വെച്ച് കണ്ടതായി അനസ്‌ (റ) നിവേദനം ചെയ്ത ഹദീഥ് അക്കാലത്ത് ഹിജാസില്‍ കുളിമുറിയുണ്ടാക്കുന്ന സമ്പ്രദായമില്ലെന്ന കാരണത്താല്‍ തന്നെ തള്ളിക്കളയാവുന്നതാണെന്നും ഹദീഥ് നിദാനശാസ്ത്രജ്ഞന്മാര്‍ എടുത്തു പറഞ്ഞിട്ടുണ്ട്.   (ഡോക്ടര്‍ മുസ്തഫ സ്‌സ ബാഇയുടെ സുന്നത്തും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കപ്പെട്ടവയാണീ ഹദീഥുകള്‍.)

എന്നാല്‍ ഇവയൊന്നും തന്നെ മത്‌ന് വിമര്‍ശനം വഴി മാത്രം മാറ്റിനിര്‍ത്തപ്പെട്ടവയല്ല. പ്രത്യുത, അവയുടെ ഇസ്‌നാദുകള്‍ കൂടി പരിശോധിച്ച ശേഷം അവ ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ട ശേഷം മാത്രം തള്ളപ്പെട്ട ഹദീഥുകളാണ്. ഇസ്‌നാദുകള്‍ പ്രബലമായ ഹദീഥുകളെയൊന്നും മത്‌ന് വിമര്‍ശനം വഴി പണ്ഡിതന്‍മാര്‍ക്ക് തള്ളിക്കളയേണ്ടിവന്നിരുന്നില്ല എന്ന് പറയുന്നതാവും ശരി; നിഷ്‌കൃഷ്ടമായ ഇസ്‌നാദ് പരിശോധന യുടെ അരിപ്പയിലൂടെ നബി(സ)യില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ മാത്രമേ പുറത്ത്‌വന്നിരുന്നുള്ളു. അവയുടെ മത്‌നിന് കുഴ പ്പങ്ങളെന്തെങ്കിലുമുള്ളതായി പണ്ഡിതന്‍മാര്‍ക്ക് തോന്നിയിരുന്നില്ല. സ്വഹീഹായ സനദോടുകൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകളുടെ മത്‌നുകളിലേതിലെങ്കിലും നടേ പറഞ്ഞ തകരാറുകള്‍ കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നിരുന്നില്ല എന്നര്‍ഥം.

print