പരന്നതാണോ ക്വുർആനിലെ ഭൂമി?

/പരന്നതാണോ ക്വുർആനിലെ ഭൂമി?
/പരന്നതാണോ ക്വുർആനിലെ ഭൂമി?

പരന്നതാണോ ക്വുർആനിലെ ഭൂമി?

ക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങുന്ന ആകാശഗോളങ്ങളെല്ലാം പൊതുവെ ഗോളാകൃതിയുള്ളവയാണ്. അത് കൊണ്ട് തന്നെ പ്രപഞ്ചത്തിലെ ദൈവാനുഗ്രഹങ്ങളെക്കുറിച്ച പരാമര്ശങ്ങൾക്കിടയിൽ ഭൂമിയുടെ ഗോളാകൃതി വലിയൊരു ചർച്ചാവിഷയമല്ല. ഈ ആകാശഗോളങ്ങളില്‍ നിന്ന് ഭൂമിക്കുള്ള സവിശേഷത അതില്‍ ജീവന്‍ നിലനില്‍ക്കുന്നുവെന്നതാണ്. ജീവന്‍ നിലനില്‍ക്കുവാന്‍ പാകത്തില്‍ ഭൂമിയെ സംവിധാനിച്ചതിനെക്കുറിച്ചാണ് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ക്വുര്‍ആന്‍ ഊന്നുന്നത്.

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ നിങ്ങൾ ആരാധിക്കുക ). ഇതെല്ലാം അറിയുന്ന നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കുകയും അരുത്.” (2:22)

പ്രപഞ്ചത്തിലുള്ള എന്തിനെക്കുറിച്ചും നാം പറയുമ്പോള്‍ ആപേക്ഷികമായാണ്, കേവലമായല്ല പരാമര്‍ശിക്കേണ്ടത് എന്നാണ് ആധുനികഭൗതികം പഠിപ്പിക്കുന്നത്. സൗരയൂഥത്തിലെ ഭൂമിക്കുപുറത്തുള്ള ഏതെങ്കിലും ഒരു കേന്ദ്രത്തിന് അപേക്ഷികമായി ഭൂമി ഉരുണ്ടതാണെന്നു പറയാം. നമ്മുടെ ഗ്യാലക്‌സിക്കു പുറത്തുള്ള ഒരു നിരീക്ഷകന് ആപേക്ഷികമായി ഭൂമിയുടെ ആകൃതിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിന്റെ സ്വയംഭ്രമണവും പരിക്രമണവും ഗാലക്തികകേന്ദ്രത്തെ ചുറ്റിയുള്ള സൂര്യനോടൊപ്പമുള്ള ചലനവുമെല്ലാം പരിഗണിക്കേണ്ടിവരും. ഭൂമിക്കുപുറത്തെ നിരീക്ഷകന് ആപേക്ഷികമായി ഭൂമി ഗോളാകൃതിയിലായിരിക്കുന്നതുപോലെ ഭൂമിയില്‍ ജീവിക്കുന്ന നിരീക്ഷകന് ആപേക്ഷികമായി ഭൂമി പരന്നാണുള്ളത്. പരന്ന ഭൂമിയെ പരിഗണിച്ചുകൊണ്ടാണ് ഭൂമിയിലെ നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം നാം ആസൂത്രണം ചെയ്യുന്നത്. പരന്നഭൂമിയെ പരിഗണിച്ചുകൊണ്ട് ക്രിസ്തുവിന് മൂന്നുനൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രീക്ക് ഗണിതജ്ഞനായ യൂക്ലിഡ് നിര്‍ധരിച്ചെടുത്ത തത്വങ്ങളില്‍ തന്നെ രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആധുനിക ജ്യാമിതി നിലനില്‍ക്കുന്നതും അതുപ്രകാരം ഭൂമിയിലെ നമ്മുടെ നിര്‍മാണങ്ങളെല്ലാം നാം ആസൂത്രണം ചെയ്യുന്നതും മനുഷ്യര്‍ക്ക് ആപേക്ഷികമായി ഭൂമി പരന്നതായതുകൊണ്ടാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഭൂമിയെ അല്ലാഹു പരത്തിയതായി ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.

”ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” (88:20)

”ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.” (50:7)

”അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു തൊട്ടിലാക്കുകയും നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്താന്‍ വേണ്ടി നിങ്ങള്‍ക്കവിടെ പാതകളുണ്ടാക്കിത്തരികയും ചെയ്തവന്‍.” (43:10)

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)

”ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!” (51:48)

”അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു.” (71:19)

”ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?).” (78:6,7)

മനുഷ്യന് ആപേക്ഷികമായി, അവനും മറ്റുജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ തക്കരൂപത്തില്‍ ഭൂമിയെ വിശാലമാക്കുകയും വികസിപ്പിക്കുകയും വിതാനിക്കുകയും പരത്തുകയും ചെയ്തതിനെക്കുറിച്ചു പറയുമ്പോള്‍ തന്നെ ഭൂമിക്കു പുറത്തെ നിരീക്ഷകന് ആപേക്ഷികമായുള്ള ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയും ക്വുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്.

”ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.” (39:5)

രാത്രിയും പകലും പരസ്പരം ചുറ്റുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ‘യുകവ്വിറു’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു ഗോളത്തിന്‍മേല്‍ ചുറ്റുന്നതിനെപ്പറ്റിയാണ് ഇങ്ങനെ പരാമര്‍ശിക്കുക.
ഉദയസ്ഥാനങ്ങളെയും അസ്തമയസ്ഥാനങ്ങളെയും കുറിച്ചു പരാമര്‍ശിക്കുമ്പോഴും ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് ക്വുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്.

” ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍”. (37:5)

”രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.” (55:17)

ഒന്നിലധികം ഉദയസ്ഥാനങ്ങളും അസ്തമയസ്ഥാനങ്ങളുമുണ്ടാവുക ഭൂമി ഗോളമായിരിക്കുമ്പോള്‍ മാത്രമാണല്ലോ?

ആകാശഗോളങ്ങളും ഭൂമിയുമെല്ലാം ഗോളാകൃതിയിലുള്ളവയാണെന്ന് ആദ്യകാല മുസ്‌ലിംകള്‍ മനസ്സിലാക്കിയിരുന്നതായി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ തന്റെ ഫതാവയില്‍ പരാമര്‍ശിക്കുന്നുണ്ട് (6/586-587). ഇമാം അഹ്മദിന്റ (റ) ശിഷ്യനായിരുന്ന അബുല്‍ഹുസൈന്‍ അഹ്മദ്ബ്‌നു ജഅ്ഫര്‍ ബ്‌നു മുനാദീ(റ)യും ഇമാം അബൂ മുഹമ്മദ്ബ്‌നു ഹസമും (റ) അബൂ ഫറാജ്ബ്‌നുല്‍ ജൗസി(റ)യുമെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. പ്രവാചകശിഷ്യനായിരുന്ന ഇബ്‌നു അബ്ബാസില്‍ (റ) നിന്നുള്ള ചില പരാമര്‍ശങ്ങളും ഭൂമിയും മറ്റും ഉരുïതാണെന്നാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

ഭൂമി ഒരു ഗോളമാണെന്ന് ആദ്യകാല മുസ്‌ലിം പണ്ഡിതന്‍മാര്‍ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അവര്‍ ഗോളീയത്രികോണമിതി(Spherical trigonometry)രൂപീകരിക്കുകയും ചെയ്തതായും അതുപയോഗിച്ചാണ് ലോകത്തിലെ വ്യത്യസ്ത കോണുകളില്‍നിന്ന് മക്കയിലെ ഖിബ്‌ലയിലേക്കുള്ള ദിശ നിര്‍ണയിച്ചതെന്നും ചരിത്രകാരനായ ഡേവിഡ് എ. കിംഗ് തന്റെ അസ്‌ട്രോണമി ഇന്‍ദി സര്‍വീസ് ഓഫ് ഇസ്‌ലാം(Astronomy in the Service of Islam) എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. ഭൂഗോളത്തിന്റെ ചുറ്റളവ് കണ്ടു പിടിക്കാനായി ഒരുപറ്റം മുസ്‌ലിം ഗോളശാസ്ത്രജ്ഞരെയും ഭൂമിശാസ്ത്രജ്ഞരെയും ഖലീഫ മഅ്മൂന്‍ ഉത്തരവാദിത്തപ്പെടുത്തിയതായും സിറിയയിലെ തദ്മൂറും റാഖ്ബയും തമ്മിലുള്ള ദൂരം അളന്ന് അവതമ്മില്‍ ഒരു ഡിഗ്രി അക്ഷാംശവ്യത്യാസമുണ്ടെന്ന് മനസ്സിലാക്കുകയും ഭൂമിയുടെ ചുറ്റളവ് 24000 മൈലുകളാണെന്ന് കണക്കാക്കുകയും ചെയ്തതായും മറ്റൊരുകൂട്ടം മുസ്‌ലിം ശാസ്ത്രജ്ഞരുടെ കണക്കുകള്‍പ്രകാരം ഭൂമിയുടെ ചുറ്റളവ് 40,284 കിലോമീറ്ററാണെന്നും ആധുനികയന്ത്രങ്ങളുപയോഗിച്ച് നാം ഇന്നുകണക്കാക്കുന്ന 40,068 കിലോമീറ്ററുമായി വളരെ അടുത്തുനില്‍ക്കുന്നതാണ് അവരുടെ കണക്കാക്കലെന്നത് അത്ഭുതകരമാണെന്നും ശാസ്ത്രചരിത്രകാരനായ അഡ്വേര്‍ഡ് എസ്.കെന്നഡി തന്റെ മാത്തമാറ്റിക്കല്‍ ജിയോഗ്രഫി എന്ന ഗ്രന്ഥത്തില്‍ (പുറം 185-201) നിരീക്ഷിക്കുന്നുണ്ട്.

 

ഭൂമിയെ പരത്തിയതായുള്ള ക്വുര്‍ആന്‍ പരാമര്‍ശത്തില്‍നിന്ന് അതൊരു ഗോളമല്ലെന്ന് ആദ്യകാല മുസ്‌ലിംകളൊന്നും മനസ്സിലാക്കിയിരുന്നില്ലെന്നുസാരം.

 

മനുഷ്യന് ജീവിക്കുവാൻ തക്ക രൂപത്തിൽ ഭൂമിയിൽ അല്ലാഹു ഏർപ്പെടുത്തിയ സംവിധാനങ്ങളെക്കുറിച്ച് പറയുമ്പോൾ അതിനെ വിരിപ്പും തൊട്ടിലുമാക്കിയാതായും പരത്തിയതായും വിതാനിച്ചതായുമെല്ലാം ക്വുർആൻ പറയുന്നുണ്ട്. ജീവന്‍ നിലനില്‍ക്കുവാനായി പ്രത്യേകം പടക്കപ്പെട്ട ഭൂമിയിലെ സംവിധാനങ്ങളെക്കുറിച്ചാണ് ഈ സൂക്തങ്ങൾ പരാമര്ശിക്കുന്നതെന്ന് അവ മനസ്സിരുത്തി വായിച്ചാൽ ആർക്കും ബോധ്യപ്പെടും. ചലനാത്മകമായ ഈ പ്രപഞ്ചത്തിൽ എത്രയെത്ര ചലനങ്ങള്‍ക്കാണ് ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്! ഭൂമിയുടെ സ്വയംഭ്രമണം. സുര്യനു ചുറ്റുമുള്ള പരിക്രമണം. ഗ്യാലക്‌സിക്കുചുറ്റും സൂര്യനോടൊപ്പം നടത്തുന്ന ചലനം. പ്രപഞ്ചകേന്ദ്രത്തെ ആസ്പദമാക്കി ഗ്യാലക്‌സി നടത്തുന്ന ഭ്രമണത്തോടൊപ്പമുള്ള ചലനം. പ്രപഞ്ചവികാസത്തിനനുപൂരകമായി നടത്തുന്ന ചലനം. ഇങ്ങനെ ചുരുങ്ങിയത് അഞ്ചുവിധം ചലനങ്ങള്‍ക്കെങ്കിലും ഭൂമി ഒരേസമയം വിധേയമാണ്.

ഇങ്ങനെ ചലനാത്മകമായ ഭൂമിയില്‍ തങ്ങള്‍ നിശ്ചലരും സുരക്ഷിതരുമാണെന്ന ബോധമുള്‍ക്കൊണ്ടുകൊണ്ടു ജീവിക്കുകയാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍. അവരെ സംബന്ധിച്ചിടത്തോളം ഭൂമി ഒരു മെത്ത തന്നെയാണ്. ഊഷരമായ മരുഭൂമിക്കുനടുവില്‍ ഉയര്‍പ്പെട്ട സകലവിധ സംവിധാനങ്ങളോടും കൂടിയ ഒരു ഗൃഹം പോലെയാണ് അവരെ സംബന്ധിച്ചിടത്തോളം കത്തുന്ന പ്രപഞ്ചത്തിന് നടുവിലുള്ള ഭൂമി. അതിശീഘ്രമായ ചലനങ്ങള്‍ തങ്ങളുടെ ജീവിതത്തിനാവശ്യമായ പ്രതിഭാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാല്‍ ജീവികള്‍ക്ക് ഭൂമിയൊരു തൊട്ടിലാണ്. നമുക്ക് ജീവിക്കാനനുകൂലമായ കാലാവസ്ഥയുള്‍ക്കൊള്ളുന്ന മറ്റൊരു ആകാശഗോളവും ഇതേവരെ കണ്ടെ ത്തിയിട്ടില്ല. ജീവജാലങ്ങള്‍ക്കു വസിക്കാന്‍ പറ്റിയ ഒരേയൊരു വീട് തന്നെയാണ് ഭൂമി. അള്‍ട്രാ വയലറ്റ് രശ്മികളേല്‍ക്കാതെ, ഉല്‍ക്കാ നിപാതങ്ങളേല്‍ക്കാതെ, ഓക്‌സിജന്‍ യഥേഷ്ടം ശ്വസിച്ചും വെള്ളം യഥേഷ്ടം കുടിച്ചും ഭക്ഷണപാനീയങ്ങളുയോഗിച്ചും വിശ്രമിക്കാന്‍ കഴിയുന്ന പ്രപഞ്ചത്തിലെ ഏക മെത്തയാണിത്. ഈ സംവിധാനങ്ങള്‍ക്കുപിന്നില്‍ സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സംവിധായകന്റെ കരവിരുതുകളല്ലാതെ മറ്റെന്താണ് ചിന്തിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുന്നത്? ഇതു സൂചിപ്പിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ നോക്കുക:

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തന്ന (നാഥന്‍)” (2:22)

”അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍.” (13:3)

”ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.” (15:19)

”നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)

”അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.” (27:61)

”അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്.” (67:15)

”അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കുകയും ചെയ്തിരിക്കുന്നു. അതിലെ വിസ്താരമുള്ള പാതകളില്‍ നിങ്ങള്‍ പ്രവേശിക്കുവാന്‍ വേണ്ടി.” (71:19,20)

”ഭൂമിയാകട്ടെ, നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത്ര നല്ലവന്‍!” (51:48)

print