സ്ത്രീയെ ഭരണമേല്‍പിച്ച ജനത വിജയിക്കില്ലെന്ന് നബി (സ) പറഞ്ഞുവോ !?

/സ്ത്രീയെ ഭരണമേല്‍പിച്ച ജനത വിജയിക്കില്ലെന്ന് നബി (സ) പറഞ്ഞുവോ !?
/സ്ത്രീയെ ഭരണമേല്‍പിച്ച ജനത വിജയിക്കില്ലെന്ന് നബി (സ) പറഞ്ഞുവോ !?

സ്ത്രീയെ ഭരണമേല്‍പിച്ച ജനത വിജയിക്കില്ലെന്ന് നബി (സ) പറഞ്ഞുവോ !?

സ്ത്രീകളെ അധികാരം ഏല്‍പ്പിച്ച ഒരു ജനതയും വിജയിക്കില്ലെന്ന് പഠിപ്പിച്ചത് മുഹമ്മദ് നബിയാണ്. അതുകൊണ്ടുതന്നെ പ്രവാചകാനുചരന്മാര്‍ സ്ത്രീകളുടെ അധികാരം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ജമല്‍ യുദ്ധം നയിച്ച ആഇശ പ്രവാചകപത്‌നിയായിരുന്നിട്ടുപോലും, ഒരു സ്ത്രീ ആയതിനാല്‍ അവരുടെ നേതൃത്വത്തിനോട് പ്രവാചക ശിഷ്യന്‍ അബൂബക്‌റത് മുഖം തിരിച്ചു നിന്നത്,’സ്ത്രീയെ അധികാരം ഏല്‍പ്പിച്ച ജനത വിജയിക്കില്ലെന്ന’ പ്രവാചകോപദേശം മുഖവിലക്കെടുത്തതിനാലായിരുന്നു എന്നത് അദ്ദേഹം തന്നെ പറഞ്ഞതായി ഹദീഥ് ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യക്ഷമായ പെണ്‍വിരുദ്ധതയാണ് പ്രവാചകന്‍ പഠിപ്പിച്ചിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ടല്ലോ ?

ഒരു ഹദീഥ് ഉദ്ദരിക്കുകയും എന്നിട്ട് തങ്ങള്‍ക്ക് എന്താണോ തോന്നുന്നത് അപ്രകാരം അതിനെ വിലയിരുത്തുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്യുക എന്നത് ഇസ്‌ലാംവിദ്വേഷികളുടെ സ്ഥിരം പതിവാണ്. ആ ഹദീഥിനെ പ്രമാണമായി കാണുന്ന മുസ്‌ലിം സമൂഹം അതിനെ എപ്രകാരമാണ് വിലയിരുത്തിയതും സ്വീകരിച്ചതുമെന്നും ഹദീഥിന്റെ ആധികാരികവും പ്രാമാണികവുമായ വ്യഖ്യാനം എങ്ങനെയാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളുടെ ആകത്തുക ഈ വിഷയത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്നുമുള്ള വളരെ പ്രധാനപ്പെട്ട ഘടകങ്ങളെ അവഗണിക്കുക എന്നത് നിരൂപണ രംഗത്തെ സത്യസന്ധതയില്ലായ്മയെയാണ് അടിവരയിടുന്നത്. സ്ത്രീ ഭരണാധികാരിയാവുക അല്ലെങ്കില്‍ അധികാരത്തിന്റെ ഏതെങ്കിലും ഒരു പങ്ക് സ്ത്രീയെ ഏല്‍പ്പിക്കുക എന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണോ? അല്ല എന്നതാണ് വസ്തുത. കാരണം, തന്റെ സമൂഹത്തെ ഏറ്റവും നല്ല നിലയില്‍ നയിച്ച ഒരു സ്ത്രീയുടെ ചരിത്രം വിശുദ്ധ ക്വുര്‍ആന്‍ തന്നെ മുസ്‌ലിം സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്; സൂറത്തു’ന്നംലി’ല്‍ ക്വുര്‍ആന്‍ വിവരിച്ച ‘സബഇ’ലെ രാജ്ഞി ബല്‍ഖീസിന്റെ ചരിത്രം. നല്ല യുക്തിയോടും വിവേകത്തോടും കൂടിയാണ് അവര്‍ ഭരണം നടത്തിയിരുന്നത്. തന്റെ തീരുമാന ശക്തിയും വിവേചനാധികാരവും ഉപയോഗിച്ച് സര്‍വനാശത്തില്‍ എത്തിപ്പെടുമായിരുന്ന ഒരു യുദ്ധത്തില്‍ നിന്നും അവര്‍ സ്വന്തം ജനതയെയും രാഷ്ട്രത്തെയും രക്ഷിച്ച ചരിത്രം വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. നയതന്ത്രപരമായ പക്വതയുള്ള ഒരു ഭരണാധികാരിയായാണ് ബല്‍ഖീസ് രാജ്ഞിയെ ക്വുര്‍ആന്‍ അടയാളപ്പെടുത്തിയത്. തന്റെ അധികാര പരിധിയില്‍ കീഴൊതുങ്ങുവാനുള്ള സര്‍വാധിപതിയായ സുലൈമാന്റെ(അ) ആഹ്വാനദൂത് എത്തിയപ്പോള്‍ അവര്‍ തന്റെ കൂടിയാലോചനാ സദസ്സ് വിളിച്ചുകൂട്ടി. പ്രസ്തുത സംഭവം ക്വുര്‍ആന്‍ ഇപ്രകാരം വിവരിച്ചു:

”അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എനിക്കിതാ മാന്യമായ ഒരെഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു”
”അത് സുലൈമാന്റെ പക്കല്‍ നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍’
”എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരികയും ചെയ്യുക”
”അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദ്ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍”
”അവര്‍ പറഞ്ഞു: ‘നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങയ്ക്കാണല്ലോ, അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചു നോക്കുക”
”അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും, അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യരാക്കുകയും ചെയ്യുന്നതാണ്. അപ്രകാരമാകുന്നു അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്”
”ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങി വരുന്നതെന്ന് നോക്കാന്‍ പോകുകയാണ്.” (ക്വുര്‍ആന്‍ 27: 29-35)

സുലൈമാന്‍ എന്ന സര്‍വാധിപതിക്കെതിരെ ഒരു യുദ്ധമുണ്ടായാല്‍ തന്റെ സമൂഹത്തിന്റെ സര്‍വനാശമായിരിക്കും പരിണിതഫലം എന്നു ദീര്‍ഘദര്‍ശനം ചെയ്ത അവള്‍, തനിക്കു യുദ്ധ പിന്തുണ പ്രഖ്യാപിച്ച പ്രമുഖന്മാരുടെ തീരുമാനത്തെ അവഗണിച്ചുകൊണ്ട് യുദ്ധം ഒവിവാക്കുക എന്ന വിവേക പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുകയും സ്വന്തം രാഷ്ട്രത്തെയും ജനങ്ങളെയും നാശത്തില്‍ നിന്നും രക്ഷിക്കുകയുമാണുണ്ടായത്. അവസാനം അവര്‍ സുലൈമാന്റെ(അ) അരികിലെത്തി സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തതായി ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. (27:44)

ഭരണാധികാരിയായ ഒരു സ്ത്രീയുടെ വിവേകപൂര്‍ണ്ണമായ ഭരണത്തെ എടുത്തു പരാമര്‍ശിച്ച ക്വുര്‍ആന്‍, ഒരിക്കലും സ്ത്രീ ഭരണാധികാരം കൈയ്യാളാന്‍ പാടില്ലെന്ന് പറഞ്ഞില്ല. മാത്രമല്ല ബല്‍ഖീസ് രാജ്ഞിയുടെ സത്യവിശ്വാസപൂര്‍വകാലത്തെ തെറ്റുകളെ പരാമര്‍ശിച്ച ക്വുര്‍ആന്‍ (27: 24) ഭരണാധികാരം അവര്‍ കയ്യാളിയത് ഒരു തെറ്റായി സൂചിപ്പിച്ചുമില്ല.

എങ്കില്‍ പിന്നെ ‘തങ്ങളുടെ ഭരണനേതൃത്വം സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

ഒന്ന്, പ്രവാചക കാലഘട്ടത്തില്‍ നിലനിന്നിരുന്ന വമ്പിച്ച രണ്ട് സാമ്രാജ്യത്വ ശക്തികളായിരുന്നു റോമും പേര്‍ഷ്യയും. സാമ്രാജ്യത്വ വികസനത്തിനായി പരസ്പരം ശക്തമായ പോരാട്ടം ഇരു സാമ്രാജ്യത്വങ്ങളും നടത്തിയിരുന്ന ഘട്ടത്തിലാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റാ മരണപ്പെടുന്നത്. തുടര്‍ന്ന് പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്റെ അധികാരത്തിനുവേണ്ടി രാജകുടുംബങ്ങള്‍ക്കിടയില്‍ ശക്തമായ അധികാര വടംവലി നടക്കുകയുണ്ടായി. രാജകുടുംബങ്ങളിലെ പലരും കൊലചെയ്യപ്പെട്ടു. അവസാനം ചക്രവര്‍ത്തിയുടെ മകളെ സമൂഹം ഭരണനേതൃത്വം ഏല്‍പ്പിച്ചു. ഈ സന്ദര്‍ഭത്തിലാണ് നബി (സ) ‘തങ്ങളുടെ ഭരണനേതൃത്വം സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്നു പറഞ്ഞത്. പ്രവാചകന്‍ (സ) ഇതു പറഞ്ഞ് ഏറെ താമസിയാതെ തന്നെ പേര്‍ഷ്യന്‍ സാമ്രാജ്യം തകരുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഇത് പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ച ഒരു പ്രവചനമാണോ – അഥവാ ഹദീഥ് പശ്ചാത്തലത്തോട് മാത്രം ബന്ധപ്പെട്ടതാണോ – അതല്ല ഹദീഥിലെ ആശയത്തെ സാമാന്യവല്‍ക്കരിക്കാമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.

മുഹമ്മദ് അമാനി മൗലവി എഴുതുന്നു: ”പേര്‍ഷ്യക്കാരുടെ ഭരണം ഒരു രാജ്ഞിയുടെ കൈയ്യിലായിരുന്ന ഘട്ടത്തിലാണ് നബി (സ) ഇതു പറഞ്ഞത്. ഈ ഹദീഥില്‍ സ്ത്രീനേതൃത്വത്തെ ആക്ഷേപിച്ചിരിക്കുന്നത് പേര്‍ഷ്യക്കാരെ മാത്രം ബാധിക്കുന്ന ഒരു സംഗതിയാണോ, അതോ സ്ത്രീനേതൃത്വത്തെ തത്ത്വത്തില്‍ എതിര്‍ത്തിരിക്കുകയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ഏതായാലും പേര്‍ഷ്യക്കാരുടെ കാര്യത്തില്‍ നബി (സ) പറഞ്ഞത് താമസിയാതെ തന്നെ പുലര്‍ന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്” (ഇസ്‌ലാമിക ജീവിതം, പേജ്: 163,164)

ശറഫുദ്ദീന്‍ ത്വീബി പറഞ്ഞു: ”പേര്‍ഷ്യക്കാര്‍ രാഷ്ട്രീയ വിജയം കൈവരിക്കില്ല എന്ന് ഉറപ്പ് നല്‍കിക്കൊണ്ടുള്ള പ്രവചനമാണിത്. അറബികള്‍ക്ക് (അവരുടെ മേല്‍) കൈവരുന്ന വിജയത്തെ സംബന്ധിച്ച സൂചന ഈ പ്രസ്താവനയില്‍ ഉണ്ട്. അപ്പോള്‍ ഈ പ്രസ്താവന മുഅ്ജിസത്ത് (പ്രവാചകത്വത്തിനുള്ള അമാനുഷികമായ തെളിവ്) ആകുന്നു” (ഫൈദുല്‍ കദീര്‍: 5/303)

‘ഹദ്യുല്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു: ”ഈ ഹദീഥിന്റെ ആശയം സാമാന്യവല്‍ക്കരിക്കാമോ അതോ അതിന്റെ പശ്ചാത്തലത്തോട് മാത്രം ബന്ധപ്പെട്ടതാണോ? പേര്‍ഷ്യക്കാര്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന് തിരുമേനി പറഞ്ഞത്, സമുദായത്തില്‍ അവളേക്കാള്‍ ആയിരം മടങ്ങ് പ്രാപ്തരും ശ്രേഷ്ഠരുമായ ആളുകളുണ്ടായിരുന്നിട്ടും ചക്രവര്‍ത്തിയുടെ മകളെ പാരമ്പര്യമായി വാഴിച്ചു എന്ന അര്‍ത്ഥത്തിലാണ്. അത്തരക്കാര്‍ വിജയിക്കുകയില്ല.”

ഈജിപ്റ്റിലെ പണ്ഡിത സഭയുടെ ഫത്‌വ ബോര്‍ഡ് ‘ദാറുല്‍ ഇഫ്താഉല്‍ മിസ്രിയ്യ’ പറയുന്നു: ”കിസ്റാ ചക്രവര്‍ത്തിക്ക് പ്രവാചകന്‍ (സ) കത്തയച്ചപ്പോള്‍ അയാള്‍ അത് പിച്ചിചീന്തുകയാണ് ചെയ്തത്. അയാള്‍ തന്റെ കത്ത് പിച്ചിചീന്തിയതുപോലെ അയാളുടെ അധികാരവും ചിന്നഭിന്നമാക്കപ്പെടാന്‍ പ്രവാചകന്‍ (സ) പ്രാര്‍ത്ഥിച്ചു. അപ്പോള്‍ പ്രവാചകന്റെ പ്രാര്‍ത്ഥനക്കുത്തരമെന്നോണം അല്ലാഹു അയാളുടെ മകനെ അയാള്‍ക്കെതിരെ തിരിച്ചു. മകന്‍ പിതാവിനെ വധിച്ചു. തുടര്‍ന്ന് സഹോദരങ്ങളേയും. അങ്ങനെ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചതുപോലെ ഭരണകൂടം ചിന്നഭിന്നമാക്കപ്പെട്ടു. ഒരു സ്ത്രീയെ ചക്രവര്‍ത്തി ആക്കുന്നതിലേക്ക് കാര്യം ചെന്നെത്തി. അത് ഭരണകൂടത്തിന്റെ ഉന്മൂല നാശത്തിന് കാരണമാവുകയും ചെയ്തു. രാജകുടുംബത്തിലെ പുരുഷന്മാര്‍ അധികാര വടംവലിയില്‍ മുഴുകിയതിനാലും പരസ്പരം കൊന്നൊടുക്കി കൊണ്ടിരുന്നതിനാലും ഒരു സ്ത്രീയെ ചക്രവര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് അവരുടെ ഭരണകൂടത്തിന്റെ ഉന്മൂലനാശത്തിന്റെ അടയാളമാണെന്ന് പ്രവാചകന്‍ (സ) അറിയിച്ചു. ലോകത്ത് ഏത് സ്ത്രീയും വിജയം കൈവരിക്കില്ല എന്നല്ല പ്രവാചന്‍ അറിയിച്ചത്. പ്രത്യേക വ്യക്തികളെ സംബന്ധിച്ച പ്രസ്താവന പൊതുവല്‍ക്കരിക്കാന്‍ പാടില്ല എന്നത് ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വങ്ങളെ സംബന്ധിച്ച വിജ്ഞാന ശാഖയിലെ ഒരു അംഗീകൃത തത്ത്വമാണ്. ഇമാം ശാഫിഈ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു.”പ്രത്യേക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ (പ്രത്യേകവും പൊതുവുമായ ഉദ്ദേശതലങ്ങളില്‍) ഏതും ഉദ്ദേശിക്കപ്പെട്ടതായിരിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുവെങ്കില്‍ അതുകൊണ്ട് തെളിവു പിടിക്കാന്‍ കഴിയില്ല.” ചര്‍ച്ചാ വിഷയകമായ ഹദീഥ് ഒരു വ്യക്തിയുടെ വിഷയത്തില്‍ ആയതുകൊണ്ട് തന്നെ അതിനെ പൊതുവായ തെളിവായി സ്വീകരിക്കല്‍ ശരിയാവുകയില്ല; അത് പൊതുവായ വിധിയാണെന്ന് സൂചിപ്പിക്കുന്ന മറ്റു തെളിവുകള്‍ ഉണ്ടായാല്‍ ഒഴികെ.” (htthp://www.fatawa.com/view/15196)

ഒരു പ്രത്യേക വ്യക്തിയുടെ വിഷയത്തിലൊ പ്രത്യേക അവസ്ഥയിലൊ പ്രമാണങ്ങലില്‍ വന്ന വിധിയെ പൊതുവായി എല്ലാവര്‍ക്കുമുള്ള തെളിവായി സ്വീകരിക്കല്‍ അനുവദനീയമല്ല; അത് പൊതുവായ വിധിയാണെന്ന് സൂചിപ്പിക്കുന്ന മറ്റു തെളിവുകള്‍ ഉണ്ടായാല്‍ ഒഴികെ. ‘വകാഇഉല്‍ അഅ്യാന്‍’ (وقا ئع الأعيان) എന്നാണ് ഇത്തരം കേസുകളുടെ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിലെ സാങ്കേതിക നാമം. ‘വകാഇഉല്‍ അഅ്യാന്‍’ ആയ വിഷയങ്ങളെ വ്യവച്ഛേദിക്കുന്നതില്‍ – ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതോടൊപ്പം തന്നെ, കര്‍മ്മശാസ്ത്രവിധി നിര്‍ധാരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ സര്‍വാംഗീകൃതമായ ഒരു തത്ത്വമാണിത്. (അല്‍ കവാഇദുല്‍ ഹിസ് നി: 3/78, വകാഇഉല്‍ അഅ്‌യാന്‍ ഫില്‍ ഇബാദത്ത്: ദിറാസ ഫിക്ഹിയ്യ: 1/4, കള്വായ അല്‍ അഅ്‌യാന്‍: ദിറാസ ഉസൂലിയ തത്ബീകിയ്യ : 16)

ഈ വിഷയകമായി ജോര്‍ദാനിലെ ഫത്‌വ സമിധി നടത്തിയ പഠനവും ഇവിടെ ഉദ്ധരിക്കുന്നത് പ്രസക്തമായിരിക്കും:
”നബി (സ) അബൂദർറിനോട്, അദ്ദേഹം അധികാരം ചോദിച്ച സന്ദര്‍ഭത്തില്‍ ഇപ്രകാരം പറയുകയുണ്ടായി ‘അബൂദറെ തീര്‍ച്ചയായും താങ്കള്‍ ഒരു ദുര്‍ബല പ്രകൃതിയിലുള്ള മനുഷ്യനാണ്. അധികാരം എന്നു പറയുന്നതാകട്ടെ അമാനത്താണ്. അത് പരലോകത്ത് നിന്ദ്യതയും ഖേദവുമായി പരിണമിക്കുന്നതാണ്; അതിന്റെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചു കൊടുത്തു കൊണ്ട് അതിനെ സ്വീകരിച്ച ആളുകള്‍ ഒഴികെ, ഒരാളുടെ മേല്‍ ആ അധികാരം കിട്ടികഴിഞ്ഞാല്‍ എന്തൊക്കെ ബാധ്യതകളുണ്ടോ അതു നിര്‍വഹിക്കുകയും ചെയ്തവനൊഴികെ’ (മുസ്‌ലിം). ഈ സമുദായത്തില്‍ നിന്ന് സ്ത്രീയാകട്ടെ പുരുഷനാകട്ടെ പ്രവാചകന്‍ (സ) പറഞ്ഞ നിബന്ധനകളും ഘടകങ്ങളും ആരിലാണോ പൂര്‍ത്തിയാക്കപ്പെടുന്നത് എന്നുള്ളതില്‍ വ്യത്യാസമില്ല. കാരണം പ്രവാചകന്‍ (സ) ഇങ്ങനെയും പറഞ്ഞിട്ടുണ്ട്. ‘സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെപിറപ്പുകളാണ്’ (അബൂദാവൂദ്). സ്ത്രീകളുമായും കുടുംബവുമായുമൊക്കെ ബന്ധപ്പെട്ട വ്യവസ്ഥകളുടെയും നിയമങ്ങളുടെയും കാര്യത്തില്‍ സമത്വവും നേരെചൊവ്വെയുള്ള നിലപാടുകളും ഭരണകൂടത്തിനു മുമ്പില്‍ എത്തണമെങ്കില്‍ യുക്തിദീക്ഷിതമായി ചിന്തിക്കുന്ന സ്ത്രീയുടെ അഭിപ്രായത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. ‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്പിച്ച ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്ന ഹദീഥില്‍ അത് ഉള്‍പ്പെടുകയില്ല. കാരണം ഈ ഹദീഥ് അതിന്റെ പ്രത്യേകമായ സാഹചര്യവും അതുപോലെ തന്നെ സന്ദര്‍ഭത്തില്‍ നിന്നും മാത്രമേ മനസ്സിലാക്കാന്‍ പാടുള്ളൂ. പൊതുകാര്യങ്ങളിലായാല്‍ പോലും വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെ വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്നിമാരോട് പ്രവാചകന്‍ കൂടിയാലോചന നടത്താറുണ്ടെന്നത് സ്ഥാപിതമായ കാര്യമാണ്.” (ലജനത്തുല്‍ ഇഫ്ത്വാഅ് അല്‍ ഉര്‍ദുനിയ)

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് സാമാന്യവല്‍ക്കരിക്കേണ്ടതില്ലെന്നും അത് പ്രത്യേകമായ സാഹചര്യവും സന്ദര്‍ഭവും കൊണ്ട് വിശദീകരിക്കപ്പെടേണ്ടതാണെന്ന വീക്ഷണം തന്നെയാണ് യു എ ഇയിലേയും കുവൈത്തിലെയും പണ്ഡിത സഭകളുടെയും നിലപാട് (https:www.aljarida.com/articles/146360661264961300/). യൂറോപ്യന്‍ രാജ്യങ്ങളിലെ ഇസ്‌ലാമിക സംഘടനകളുടെ യൂണിയനു കീഴില്‍ നിലനില്‍ക്കുന്ന ഫത്‌വ ബോര്‍ഡിന്റെയും (അല്‍ മജ്‌ലിസുല്‍ ഔറുബി ലില്‍ ഇഫ്താഇ വല്‍ ബുഹൂസ്) പഠനങ്ങളും സമാനമാണ്. (tthps://bit.ly/3fHBRwD)

രണ്ട്, കൂര്‍മബുദ്ധി, പ്രായപൂര്‍ത്തി, (അടിമയല്ലാത്ത) സ്വതന്ത്ര്യനാവുക, പുരുഷനാവുക, ധീരനും ശൂരനുമാവുക, കല്‍പ്പനാധികാരശേഷി, കാഴ്ച, കേള്‍വി, സംസാരം എന്നിങ്ങനെയുള്ള അവയവങ്ങളുടെ ശേഷി, ജനസമ്മതി, തന്റേയും ഗോത്രത്തിന്റേയും ഔന്നത്യത്തെ സംബന്ധിച്ച ജനങ്ങളുടെ അംഗീകാരം, പ്രജകളുടെ അനുസരണ സമ്മതി, പ്രജകളുടെ പിന്തുണയും വിശ്വാസവും എന്നിങ്ങനെ പൗരാണിക കാലഘട്ടത്തിലെ ജനങ്ങള്‍ ഒരു ഭരണാധികാരിയില്‍ സമ്മേളിക്കേണ്ട നിബന്ധനകളായി കരുതിപ്പോന്നിരുന്ന പല ഗുണവിശേഷങ്ങളുമുണ്ടായിരുന്നു. ജാതി-മത-രാഷ്ട്ര-ഭാഷാ വ്യത്യാസമില്ലാത്ത അന്നത്തെ ജനങ്ങള്‍ ഈ നിബന്ധനകളെ ഭരണസാരഥ്യത്തിന്റേയും നേതൃത്വത്തിന്റെയും നിര്‍ബന്ധ ഘടകങ്ങളായി മനസ്സിലാക്കി പോന്നു. അതുകൊണ്ടുതന്നെ ഈ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന ഭരണാധികാരികള്‍ അനുസരിക്കപ്പെട്ടു. ഭരണത്തിന്റെ വിജയം ഭരണീയരുടെ അനുസരണ മനോഭാവവും സമ്മതിയുമാണല്ലോ. ഈ നിബന്ധനകള്‍ പൂര്‍ത്തിയാക്കപ്പെടാതെ വരുമ്പോള്‍ ഭരണീയരില്‍ നിന്ന് അനുസരണക്കേടുകളും, മാനസീകവും പ്രാവര്‍ത്തികവുമായ വിയോജിപ്പുകളും സംഭവിക്കും. പ്രതികരിക്കാന്‍ തീരെ ശേഷിയില്ലാത്ത പ്രജകളാണെങ്കില്‍ വെറുപ്പോടെ ഭരണാധികാരിയെ അംഗീകരിച്ചതായി നടിക്കുന്നു. ഇത്തരം ഒരു ഭരണ നേതൃത്വത്തിന് അസന്തുഷ്ട സമൂഹത്തില്‍ അല്‍പ്പകാലം മാത്രമേ നിലനില്‍പ്പ് ഉണ്ടാകൂ എന്നത് ആ കാലഘട്ടത്തിലെ ചരിത്ര വസ്തുതയാണ്. ഉടനെ ഭരണനേതൃത്വത്തിനെതിരെ പ്രതിലോമ വിപ്ലവങ്ങളും, അധികാര വടംവലിയും ഉടലെടുക്കുക തന്നെ ചെയ്യും. പേര്‍ഷ്യക്കാര്‍ ഒരു സ്ത്രീയെ പരമാധികാരിയായി അവരോധിച്ചു എന്നറിഞ്ഞപ്പോള്‍ ‘ഒരു സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന് പ്രവാചകന്‍ (സ) പറഞ്ഞത് ഇക്കാരണത്താലാണ് എന്ന് ശാഹ് വലിയുല്ലാഹി ദ്ദഹ്ലവി തന്റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’: 2/131’യില്‍ വ്യക്തമാക്കുന്നുണ്ട്.

അതായത് ഒരു സ്ത്രീ പരമാധികാരം കൈയ്യാളല്‍ ആത്മീയമായ പരാജയമാണെന്നോ, മതപരമായി നിഷിദ്ധമാണെന്നോ ഒന്നും പ്രവാചകന്‍ (സ) ഉദ്ദേശിച്ചിട്ടില്ല. മറിച്ച് ആ കാലഘട്ടത്തിലെ രാഷ്ട്രീയമാണ് പ്രവാചകന്‍ (സ) ചര്‍ച്ച ചെയ്യുന്നത്. പ്രവാചകന്റെ(സ) ഈ രാഷ്ട്രീയ പ്രവചനം പുലരുകയും ചെയ്തു. പേര്‍ഷ്യക്കാരുടെ ഈ വനിതാ ഭരണാധികാരിക്കെതിരെ അവരുടെ ഉള്ളില്‍ നിന്ന് തന്നെ പ്രതിവിപ്ലവങ്ങള്‍ ഉടലെടുക്കുകയും സാമ്രാജ്യം ക്ഷയിക്കുകയും നേതൃത്വം ദുര്‍ബലമാവുകയും ചെയ്തു. മുസ്‌ലിംകള്‍ പിന്നീട് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനു മേല്‍ അധികാരം കൈയ്യാളുകയും ചെയ്തു.

”ഭരണാധികാരികള്‍ കുറൈശികളില്‍ നിന്നാവണം” (മുസ്‌നദ് അഹ്‌മദ്: 3/129) എന്ന് പ്രവാചകന്‍ (സ) പറഞ്ഞതും ഇതേ രാഷ്ട്രീയ കാരണത്താലാണ്. അറബികളെ ഭരിക്കാന്‍ കുറൈശി ഗോത്രത്തിനേ കഴിയൂ എന്നതാണ് അന്നത്തെ അറേബ്യയുടെ രാഷ്ട്രീയം. അത് മതപരമായ ഒരു നിര്‍ബന്ധ ബാധ്യതയായിരുന്നെങ്കില്‍ അക്കാലം തൊട്ട് ഇക്കാലം വരെ ഇസ്‌ലാമിക ലോകത്ത് കുറൈശികളല്ലാത്ത അനേകായിരം ഭരണാധികാരികള്‍ ഉണ്ടാകുമായിരുന്നോ?! അന്ന് അറബികള്‍ക്കിടയില്‍ ഭാഷകൊണ്ടും അംഗശക്തികൊണ്ടും ധനംകൊണ്ടും മതനിഷ്ഠകൊണ്ടും ഭക്തി, ധീരത, സംസ്‌കാരം, പൈതൃകം എന്നിവ കൊണ്ടെല്ലാം പ്രബലര്‍ കുറൈശികള്‍ ആയിരുന്നു. അപ്പോള്‍ അന്നത്തെ അറബികളെ ഭരിക്കാന്‍ മറ്റൊരു ഗോത്രക്കാരെ തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനസമ്മതിയും അനുസരണവും ഭരണനേതൃത്വത്തില്‍ കേന്ദ്രീകരിക്കപ്പെടില്ല. നേതൃത്വത്തെ വെല്ലുവിളിക്കുന്നവര്‍ ഉയര്‍ന്നുവരാനും ഭരണം സ്തംഭിക്കാനുമാണ് സാധ്യത. ഈ രാഷ്ട്രീയമാണ് ഹദീഥിലെ ചര്‍ച്ച.

മൂന്ന്, ഉപര്യുക്ത ഹദീഥ് കേവലം അതിന്റെ പ്രത്യേകമായ പശ്ചാതലത്തില്‍ നിന്നുകൊണ്ടാണ് മനസ്സിലാക്കേണ്ടത് എന്നു നിഷ്‌കര്‍ഷിച്ച പണ്ഡിത വീക്ഷണങ്ങളെയാണ് നാം ഇതുവരെ വിലയിരുത്തിയതെങ്കില്‍ ഇനി നമുക്കു പരിശോധിക്കുവാനുള്ളത്, പ്രസ്തുത ഹദീഥിലെ ആശയത്തെ സാമാന്യവല്‍ക്കരിച്ചുകൊണ്ട് മനസ്സിലാക്കണമെന്നു നിഷ്‌കര്‍ഷിച്ചാല്‍ തന്നെ ഹദീഥ് സ്ത്രീ വിരുദ്ധമാകുന്നില്ല എന്ന വസ്തുതയെയാണ്.
‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് പേര്‍ഷ്യക്കാരുടെ കാര്യത്തില്‍ പറയപ്പെട്ടതാണെങ്കിലും അതിലെ ആശയം സാമാന്യവല്‍ക്കരിച്ചു മനസ്സിലാക്കേണ്ടതുണ്ട് എന്നു നിഷ്‌കര്‍ഷിച്ചാല്‍ തന്നെ ഹദീഥില്‍ നിരുത്സാഹപ്പെടുത്തപ്പെട്ട പെണ്ണധികാരം ‘പരമാധികാര’ത്തിന്റെ വിഷയത്തില്‍ മാത്രമാണ്. അഥവാ ‘സര്‍വ്വാധിപത്യം’ ഒരു പെണ്ണില്‍ അര്‍പ്പിതമാകുന്നതിനെയാണ് ഹദീഥ് പ്രശ്നവല്‍കരിച്ചിരിക്കുന്നതെന്നര്‍ഥം.

ഇമാം ഇബ്‌നു ഹസം പറഞ്ഞു: ‘സ്ത്രീ ന്യായാധിപത്യം ഏറ്റെടുക്കല്‍ അനുവദനീയമാണ്. അതാണ് ഇമാം അബൂഹനീഫയുടേയും അഭിപ്രായം. ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് തന്റെ ഗോത്രത്തില്‍പ്പെട്ട ശിഫാഅ് എന്ന സ്ത്രീയെ മാര്‍ക്കറ്റിലെ (നിയമപാലനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം) ഏല്‍പ്പിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ. ‘തങ്ങളുടെ കാര്യം സ്ത്രീയെ ഏല്‍പ്പിച്ച ഒരു സമൂഹം വിജയിക്കില്ല’ എന്നു പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ടല്ലോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നാം ഇപ്രകാരം മറുപടി നല്‍കും: പ്രവാചകന്‍ (സ) അതുകൊണ്ടുദ്ദേശിച്ചത് ഖിലാഫത്ത് ഏല്‍പ്പിക്കുന്നതിനെ സംബന്ധിച്ചാണ്. കാരണം, ഭര്‍ത്താവിന്റെ ധനം, ഭവനം, സ്വകുടുംബം തുടങ്ങി മറ്റു പല അധികാര അവകാശങ്ങളും പ്രവാചകന്‍ (സ) സ്ത്രീക്കു വക വെച്ചുകൊടുത്തിട്ടുണ്ട് എന്നതാണ് അതിനുള്ള തെളിവ്. സ്ത്രീക്ക് വക്കീലയും (കാര്യസ്ഥത, പ്രതിനിധി) വസ്വിയ്യയും (ഒരാളുടെ മരണാനന്തരം അയാളുടെ കാര്യങ്ങളുടെ കൈകാര്യകര്‍ത്താവായി അയാള്‍ തന്നെ – ജീവിത കാലത്ത് നിശ്ചയിക്കുന്ന പ്രതിനിധി) ആകല്‍ അനുവദനീയമാണെന്ന് മാലികി മദ്ഹബുകാര്‍ അഭിപ്രായപ്പെടുന്നു. പരമാധികാരം അല്ലാത്ത (അതിനു താഴെ വരുന്ന) പല കാര്യങ്ങളുടേയും അധികാരം സ്ത്രീ ഏറ്റെടുക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ തടയുന്നില്ല…” അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പ്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണെങ്കില്‍ നീതിപൂര്‍വ്വം വിധി നടത്തുക” (ക്വുര്‍ആന്‍ 4:58) ക്വുര്‍ആനിലെ ഈ വചനം അഭിമുഖീകരിക്കുന്നത് പുരുഷനേയും സ്ത്രീയേയും സ്വതന്ത്രനേയും അടിമയേയും ഉള്‍കൊള്ളുന്ന നിലക്ക് പൊതുവായിട്ടാണ്. മതം മൊത്തത്തില്‍ സ്ത്രീക്കും പുരുഷനും ഒന്നാണ്; സ്ത്രീയേയും പുരുഷനേയും അവരുടെ (പ്രകൃതി സഹജമായ വ്യത്യാസങ്ങളെ പരിഗണിച്ച്) വ്യത്യാസമുള്ള വിധികള്‍ വല്ലതും പ്രമാണങ്ങളില്‍ വന്നിട്ടുള്ള ചില വിഷയങ്ങളൊഴിച്ച്” (അല്‍ മുഹല്ലാ: 9/429)

ഇമാം ത്വബ്‌രി പറഞ്ഞു: ”സ്ത്രീയെ ഏതു കാര്യത്തിലും, നിരുപാധികം വിധി കര്‍തൃത്വം/ന്യായാധിപത്യം ഏല്‍പ്പിക്കാന്‍ അനുവദനീയമാണ്” (ബിദായത്തുല്‍ മുജ്തഹിദ്: 3/445)

ഇമാം ഹസുനല്‍ ബസ്വരി (ജനനം: ഹിജ്റ 21), മാലികീ മദ്ഹബിലെ ഇമാം ഇബ്നുല്‍ ക്വാസിം (ജനനം: ഹ്ജ്റ 132) എന്നിവരും സ്ത്രീകളെ വിധി കര്‍തൃത്വം/ന്യായാധിപത്യം ഏല്‍പ്പിക്കാന്‍ അനുവദനീയമാണ് എന്ന അഭിപ്രായപ്പെടുന്നു (മവാഹിബുല്‍ ജലീല്‍: ഹത്താബ് അര്‍റുഅ്യാനി: 8:65)

ഇമാം ഇബ്നു ജരീര്‍ (ജനനം: ഹിജ്റ 224) സ്ത്രീകള്‍ക്ക് നിരുപാധികം ന്യായാധിപത്യം നല്‍കപ്പെടുമെന്ന് അഭിപ്രായപ്പെടുന്നു. സ്ത്രീകളുടെ ഫത്‌വകള്‍ (മത വിധികള്‍) ഏതു വിഷയത്തിലും സ്വീകരിക്കപ്പെടുമെന്നതാണ് അവരുടെ ന്യായാധിപത്യവും നിരുപാധികം സ്വീകരിക്കാന്‍ അദ്ദേഹം ന്യായമായി കാണുന്നത് (അല്‍ മുഗ്‌നി 9:39, അദബുല്‍ ക്വാളി: 1:625, റൗളത്തുല്‍ ക്വുള്വാത്ത്: 1:53, ഫത്ഹുല്‍ കദീര്‍: 5:485, ഫത്ഹുല്‍ബാരി: 13/147. ഉദ്ദരണം: അല്‍ മൗസൂഅത്തുല്‍ ഫിക്ഹിയ്യ: 33:294)

”യഹ്‌യബ്നു അബീ സുലൈം പറഞ്ഞു: പ്രവാചകാനുചരയായ (സ്വഹാബി വനിത) സംറാഅ് ബിന്‍ത്ത് നുഹൈക് പരുക്കന്‍ മുഖമക്കനയും പടച്ചട്ടയും ധരിച്ച്, കയ്യില്‍ ചാട്ടവാറേന്തി ജനങ്ങളില്‍ മര്യാദ നടപ്പാക്കിയും നന്മ കല്‍പ്പിച്ചും തിന്മ വിരോധിച്ചും നടക്കുന്നത് ഞാന്‍ കാണുകയുണ്ടായി” (അല്‍ മുഅ്ജമുല്‍ കബീര്‍: ത്വബ്റാനി: 24/311, നമ്പര്‍: 785, നിവേദക പരമ്പരയിലെ എല്ലാവരും വിശ്വസ്തരാണെന്ന് ഇമാം ഹൈഥമി പറയുന്നു (9/264). ശൈഖ് അല്‍ബാനി പരമ്പര നല്ലതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു (24/311:785). (ഉമര്‍ (റ) ശിഫാഅ് ബിന്‍ത് അബ്ദില്ല എന്ന സ്ത്രീയെ അങ്ങാടിയിലെ നിയമപാലന ചുമതല ഏല്‍പ്പിച്ചിരുന്നു എന്ന നിവേദനത്തില്‍ ദുര്‍ബലത കാണുന്നവര്‍ക്ക് സംറാഅ് ബിന്‍ത്ത് നുഹൈകിന്നെ പറ്റിയുള്ള പ്രബലമായ ഈ നിവേദനം സ്വീകരിക്കാവുന്നതാണ്)

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ഒരു ജനത വിജിയിക്കില്ല’ എന്ന ഹദീഥിനെ പ്രത്യേക പശ്ചാത്തലത്തില്‍ ബന്ധിപ്പിക്കരുതെന്നും സാമാന്യര്‍ത്ഥത്തില്‍ തന്നെ അതിനെ മനസ്സിലാക്കിയാലും അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്; സ്ത്രീക്ക് – പൗരാണിക രാഷ്ട്ര വ്യവസ്ഥയില്‍ നില നിന്നിരുന്ന സ്വഭാവത്തിലുള്ള – സര്‍വ്വാധിപത്യം നല്‍കുന്നതിനെപ്പറ്റിയാണ്. അല്ലാതെ അധികാരത്തില്‍ നിന്നും ഒരു പങ്കും സ്ത്രീക്ക് നല്‍കരുതെന്ന നിലപാടല്ല. അതുകൊണ്ട് തന്നെ ആധുനിക ജനാധിപത്യ വ്യവസ്ഥകളുടെ കീഴില്‍ സ്ത്രീയെ മന്ത്രിസ്ഥാനം, അഡ്മിനിസ്ട്രേഷന്‍, ജനപ്രതിനിധി തുടങ്ങിയ അധികാരങ്ങള്‍ ഏല്‍പ്പിക്കുന്നത് ഹദീഥിന്റെ പ്രതലം പറ്റികൊണ്ട് എതിര്‍ക്കപ്പെടേണ്ട കാര്യമല്ല. കാരണം ആധുനിക ജനാധിപത്യ വ്യവസ്ഥകളുടെ കീഴില്‍ സ്ത്രീയെ മന്ത്രിസ്ഥാനം, അഡ്മിനിസ്ട്രേഷന്‍, ജനപ്രതിനിധി തുടങ്ങിയ അധികാരങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ ഭരണഭാരം പൂര്‍ണ്ണമായും സ്ത്രീയുടെ തലയില്‍ ചുമത്തുന്നില്ല. മറിച്ച് കൂട്ടുത്തരവാദിത്വത്തിലെ ഒരു പങ്കു മാത്രമാണ് അവിടെ സ്ത്രീക്ക് വഹിക്കേണ്ടി വരുന്നത്.

ബ്രിട്ടനിലെ താച്ചറുടേയും ഇന്ത്യയിലെ ഇന്ദിരാഗാന്ധിയുടേയും അധിനിവേശ ഫലസ്തീനിലെ ഗോള്‍ഡാമീറിന്റേയും ഭരണരീതി സമൂഹത്തില്‍ ഒരു സ്ത്രീയുടെമാത്രം ഭരണമല്ല. മറിച്ച് ഭരിക്കുന്ന ഗ്രൂപ്പുകളുടേയും വ്യവസ്ഥയുടേയും ഭരണമാണ്. തലപ്പത്ത് സ്ത്രീയാണെന്ന് മാത്രം. ഭരണനിര്‍വ്വഹണം നടത്തുന്നത് കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭകളാണ്. അവിടെ സ്ത്രീ സര്‍വ്വ ഭാരവും ഉത്തരവാദിത്തവും മുഴുവന്‍ പേറേണ്ടിവരുന്ന ഭരണാധികാരിയല്ല. പാര്‍ട്ടിയിലേയോ വ്യവസ്ഥയിലേയോ ഭൂരിപക്ഷത്തിന്റെ പിന്തുണയും ആനുകൂല്യം സഹായവും അവള്‍ക്ക് ലഭ്യമാകുന്നുണ്ട്. വിമര്‍ശനവിധേയമായ ഹദീഥിനെ സാമാന്യ അർത്ഥത്തില്‍ തന്നെ എടുക്കണമെന്ന നിലപാട് സ്വീകരിച്ച പണ്ഡിതന്മാരില്‍ പലരും ഇതിനപ്പുറത്തേക്ക് ഹദീഥിനെ വ്യാഖ്യാനിച്ചിട്ടില്ല. ഈ നിലപാടാകട്ടെ ആധുനിക ജനാധിപത്യ വ്യവസ്ഥകളുടെ നിലപാടുകള്‍ക്ക് വിരുദ്ധവുമല്ല. കാരണം സര്‍വ്വാധിപത്യമെന്നത് ജനാധിപത്യവിരുദ്ധമായ ഒരു നിലപാടാണല്ലൊ. ഒരു ജനാധിപത്യവ്യവസ്ഥയുടെ ഏതു പ്രതലത്തില്‍ നിന്നുകൊണ്ടും, പ്രസ്തുത ഹദീഥിനെ പ്രശ്നവല്‍ക്കരിച്ച് പെണ്‍വിരുദ്ധതയുടെ ആലയില്‍ കൊണ്ടുപോയി കെട്ടാന്‍ സാധ്യമല്ല; വിശിഷ്യ ജനാധിപത്യവാദികള്‍ക്ക്.

‘തങ്ങളുടെ ഭരണനേതൃത്വം ഒരു സ്ത്രീയെ ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന ഹദീഥിന് നല്‍കപ്പെട്ട രണ്ട് രൂപത്തിലുള്ള വിശദീകരണങ്ങളില്‍ ഏതു സ്വീകരിച്ചാലും ശരി (പ്രത്യേക പശ്ചാത്തലത്തില്‍ ബന്ധിതമാണ് ഹദീഥ്; അല്ല അതിനെ സാമാന്യ അര്‍ത്ഥത്തില്‍ എടുക്കണം) സ്ത്രീയുടെ അധികാരത്തിലുള്ള എല്ലാ വിധ പങ്കിനേയും ഹദീഥ് എതിര്‍ക്കുന്നില്ല എന്നത് സ്പഷ്ടമാണ്.

പൗരാണിക രാഷ്ട്ര – രാഷ്ട്രീയ വ്യവസ്ഥയില്‍ നിലനിന്നിരുന്ന – സാധാരണ ഗതിയില്‍ പുരുഷ സമൂഹത്താല്‍ കയ്യാളപ്പെട്ടിരുന്ന – പരമാധികാരത്തിന്റെ സ്വഭാവവും പ്രകൃതിയും ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍, എന്തുകൊണ്ട് സ്ത്രീത്വത്തിന് അത് യോജിക്കില്ലെന്നുള്ള അഭിപ്രായം രൂപീകൃതമായി എന്ന് മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും. അതിനായി അക്കാലഘട്ടത്തിലെ പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യങ്ങളിലെ ‘പരമാധികാരവും’ അതിനു കീഴില്‍ നടമാടിയിരുന്ന രക്താഭിഷിക്തമായ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷവും തന്നെ പരിശോധനക്കെടക്കാം:

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് തന്നെ പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യങ്ങള്‍ക്കിടയിലും പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവര്‍ക്കിടയിലും നടമാടിയിരുന്ന ഭരണ വടം വലികളും അധികാരമുപയോഗിച്ച് നടപ്പാക്കിയിരുന്ന മത ധ്വംസനങ്ങളും അന്നത്തെ ലോക വ്യവസ്ഥയിലെ അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കി തരുന്നുണ്ട്. ലബ്‌നാനിലെ പ്രസിദ്ധ സാഹിത്യകാരനും ചരിത്രകാരനുമായ ജോര്‍ജി സൈദാന്റെ ‘താരീഖുത്തമദ്ദുനുല്‍ ഇസ്‌ലാമി’ (تاريخ التمدن الإسلامي) എന്ന വിശ്രുതമായ ഗ്രന്ഥത്തില്‍ നിന്ന് ചില ചരിത്ര സാക്ഷ്യങ്ങള്‍ ചുവടെ ഉദ്ധരിക്കാം. (ജോര്‍ജി സൈദാന്‍ മുസ്‌ലിമായിരുന്നില്ല, ക്രിസ്ത്യാനിയായിരുന്നു എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.)

പേര്‍ഷ്യയും റോമും തമ്മിലുളള ശത്രുത പൗരാണികമാണ്. ഒരു പക്ഷെ ബി.സി അഞ്ചാം നൂറ്റാണ്ടിനുമപ്പുറം അതിന്റെ വേരുകള്‍ എത്തി നില്‍ക്കുന്നുണ്ടാകാം. ലോകത്തെ അടക്കി ഭരിക്കാനുള്ള ഇരു സാമ്രാജ്യങ്ങളുടെയും അത്യാഗ്രഹമായിരുന്നു ഈ ശത്രുതയുടെ അടിത്തറ. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന ഈ അധികാര വടം വലി ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലഘട്ടത്തിലും തുടര്‍ക്കഥയായിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ആധിപത്യം ഇസ്ര അനൂഷര്‍വാന്‍ ചക്രവര്‍ത്തിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ റോമന്‍ സാമ്രാജ്യത്തെ അല്‍പാല്‍പ്പമായി പിടിച്ചടക്കാന്‍ അദ്ദേഹം സൈന്യ വ്യൂഹത്തെ വിന്യസിച്ചു. സിറിയ പിടിച്ചടക്കുകയും അന്താഖിയ ചുട്ടു നശിപ്പിക്കുകയും ഏഷ്യാ മൈനര്‍ കൊള്ളയടിക്കുകയും ചെയ്തു. അന്നത്തെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു. ക്രിസ്താബ്ദം 541 മുതല്‍ 561 വരെ ഇരുപതു വര്‍ഷം ഇരു രാഷ്ട്രങ്ങളും യുദ്ധത്തില്‍ മുഴുകി.

പര്‍വേസ് ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ തന്റെ സുഹൃത്ത് മോറിസിന്റെ കൊലപാതകത്തിന് പ്രതികാരമെന്ന പേരില്‍ റോമന്‍ സാമ്രാജ്യത്തെ പര്‍വേസ് ചക്രവര്‍ത്തി ആക്രമിക്കുകയുണ്ടായി. ക്രിസ്താബ്ദം 614 ല്‍ സിറിയ പിടിച്ചടക്കി… ജൂതന്മാരുടെ അകമഴിഞ്ഞ സഹായത്താല്‍ ബൈസാന്റിയന്‍ പടയെ പര്‍വേസ് ചക്രവര്‍ത്തി ഒന്നൊന്നായി കീഴടക്കി. ഈജിപ്ത്, അന്താഖിയ, ദമാസ്‌ക്കസ്, ബൈത്തുല്‍ മുഖദസ് തുടങ്ങിയവ പിടിച്ചടക്കി. ജറുസലേമിലെ ബൈത്തുല്‍ മുഖദസ് കൊള്ളയടിക്കാനും ക്രിസ്ത്യന്‍ പള്ളികളും പുണ്യപുരുഷന്മാരുടെ കല്ലറകള്‍ തീയിടാനും അവിടെയുള്ള വിലമതിക്കാനാകാത്ത സ്വത്തുക്കള്‍ പിടിച്ചു പറിക്കാനും തന്റെ സൈന്യത്തിന് പര്‍വേസ് ചക്രവര്‍ത്തി അനുവാദം നല്‍കി. സിറിയ വരെ ഈ കൊലയും കൊള്ളയും തുടര്‍ന്നു. 90000 ക്രിസ്ത്യാനികളെ സൈന്യം കൊന്നൊടുക്കി… ഇതെല്ലാം കണ്ടിട്ടും കാണാത്ത മട്ടില്‍ ഭീരുവായി (അന്നത്തെ) ഹെറാക്ലിയസ് ചക്രവര്‍ത്തി കൊട്ടാരത്തില്‍ തന്നെ ഇരുന്നു; ക്രിസ്താബ്ദം 632 ല്‍ ഏഷ്യാ മൈനറില്‍ വെച്ച് കൊല്ലപ്പെടുന്നത് വരെ… (ഈ വര്‍ഷമാണ് ഇങ്ങു അറേബ്യയില്‍, മുസ്‌ലിംകള്‍ മക്കയില്‍ നിന്ന് പലായനം ചെയ്യുന്നത്) (താരീഖുത്തമദ്ദുനുല്‍ ഇസ്‌ലാമി: ജോര്‍ജി സൈദാന്‍: 1: 43-48)
ക്രിസ്ത്യന്‍ റോമും ജൂതന്മാരും തമ്മിലുള്ള അതിര്‍ത്തി യുദ്ധങ്ങളും കലാപങ്ങളും അക്കാലഘട്ടത്തിന്റെ പ്രധാന ഇതിവൃത്തം ആയിരുന്നു.

പ്രൊഫ. പി. എസ്. വേലായുധന്‍ എഴുതുന്നു: ”കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ചരമം പ്രാപിച്ചപ്പോള്‍ രണ്ടു പുത്രന്മാരും ചക്രവര്‍ത്തിമാരായി. അവരുടെ ചാര്‍ച്ചക്കാരനായ ജൂലിയന്‍ ചക്രവര്‍ത്തിയായി ഏ.ഡി. 360 മുതല്‍ 363 വരെ ഭരിച്ച അദ്ദേഹം ഒരു ക്രൈസ്തവ വിരോധിയായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്ക് പീഢനം സഹിക്കേണ്ടി വന്നു. അദ്ദേഹത്തിനു ശേഷം വന്ന ചക്രവര്‍ത്തിമാരില്‍ ഏറ്റവും പ്രമാണി തിയോഡോഷ്യസ് ഒന്നാമനായിരുന്നു. അദ്ദേഹം എ.ഡി. 378 മുതല്‍ 395 വരെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. തന്റെ സമസ്ത പ്രജകളും ക്രിസ്തുമതം സ്വീകരിക്കണമെന്നുള്ള രാജകീയശാസനം എ.ഡി. 380 ല്‍ അദ്ദേഹം പുറപ്പെടുവിച്ചു. പിന്നീട് ക്രൈസ്തവേതര്‍ക്ക് മതാനുഷ്ഠാനത്തിനുള്ള സര്‍വാവകാശങ്ങളും നിഷേധിച്ചുകൊണ്ടും അവര്‍ക്ക് ഗവണ്‍മെന്റുദ്യോഗങ്ങളില്‍ പ്രവേശനം നിരസിച്ചു കൊണ്ടും ഉത്തരവു പുറപ്പെടുവിച്ചു. അങ്ങനെ അദ്ദേഹം ക്രിസ്തുമതത്തെ രാഷ്ട്ര മതമായി സ്വീകരിച്ചു.” (ലോക ചരിത്രം: ഒന്നാം ഭാഗം: പ്രൊഫ. പി. എസ്. വേലായുധന്‍: പേജ്: 174: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്)

ഹെറാക്ലിയസിന്റെ കാലഘട്ടത്തില്‍ അന്‍താഖിയായില്‍ നടന്നിരുന്ന കൂട്ടക്കുരുതികള്‍ ഭയാനകമായിരുന്നു. ജൂതന്മാര്‍ വിപ്ലവത്തിലൂടെ ക്രിസ്ത്യാനികളെ വധിക്കുകയും ശരീരം കഷ്ണങ്ങള്‍ ആക്കുകയും അതി നിഷ്ഠൂരമായ വൈകൃത-ക്രൂരതകള്‍ ഒരു വശത്ത് നടപ്പാക്കിയപ്പോള്‍ മറുവശത്ത് ഹെറാക്ലിയസ് ചക്രവര്‍ത്തി (ഹെറാക്ലിയസ് എന്നത് റോമന്‍ ചക്രവര്‍ത്തിമാരുടെ സ്ഥാനപേരാണ്) എണ്ണമറ്റ ജൂതന്മാരെ കൊന്നൊടുക്കിക്കൊണ്ടിരുന്നു. നാട്ടില്‍ കാണപ്പെടുന്ന ജൂതന്മാരെയെല്ലാം വധിക്കുക എന്ന ഉത്തരവിറക്കുകയും ചെയ്തു. ഫലസ്തീനിലും പരിസര പ്രദേശങ്ങളിലും ഇത്തരം സംഘട്ടനങ്ങള്‍ പതിവായിരുന്നു… അന്നത്തെ റോമന്‍ ചക്രവര്‍ത്തിയുടെ സഹോദരന്‍ ആയിരുന്ന തിയഡോര്‍ ഫലസ്തീനിലെ ഭരണ കാര്യങ്ങള്‍ക്ക് നിയോഗിതനായപ്പോള്‍ നാട്ടിലെ സര്‍വ്വ ജൂതന്മാരെയും തിരഞ്ഞു പിടിച്ച് വധിക്കാന്‍ തുടങ്ങി. ജൂതന്മാര്‍ ആകട്ടെ തങ്ങളുടെ സഹായികളായ പേര്‍ഷ്യക്കാരില്‍ നിന്നും 80000 ക്രിസ്ത്യന്‍ ബന്ദികളെ വിലയ്ക്ക് വാങ്ങി അറുത്തു കൊന്നു… (താരീഖുത്തമദ്ദുനുല്‍ ഇസ്‌ലാമി: ജോര്‍ജി സൈദാന്‍: 1: 43-48)

ഈ വിധ്വംസനമയമായ രാഷ്ട്രവ്യവസ്ഥകളിലും ക്രൂരമായ രാഷ്ട്രീയവടംവലികളിലും സ്ത്രീയെ തള്ളിയിടുന്നതിനെ ‘സ്ത്രീ സ്വാതന്ത്ര്യ’മെന്നോ ‘സ്ത്രീ വിമോചന’മെന്നോ പറയാന്‍ വിവേകമതികളായ ആര്‍ക്കെങ്കിലും സാധിക്കുമോ ? സ്‌നേഹം, കാരുണ്യം, ആര്‍ദ്രത എന്നീ മനുഷ്യ മൂല്യങ്ങളുടെ പുനരുദ്ധാരകരും വാഹകരുമായി മാനവ ചരിത്രത്തിലുടനീളം നിലകൊണ്ടവരും ഇന്നും നിലകൊള്ളുന്നവരുമാണ് സ്ത്രീകള്‍. ലോകം സുബുദ്ധിയും സമാധാനവും കൈവിട്ട് ഊഷരമായി പരിണമിച്ച സന്ധികളില്‍, മനുഷ്യ മനസ്സുകളിലെ വൈകാരിക മണ്ഡലത്തില്‍ സഹാനുഭൂതിയുടേയും ആര്‍ദ്രതയുടേയും വിത്തുകളായി വര്‍ത്തിച്ച സ്ത്രീത്വത്തിന്റെ മനോഹാരിതയും സ്വത്വസൗന്ദര്യവും തിരിച്ചറിയാത്തവര്‍ക്കേ അവളെ ചോര കൊണ്ട് അലങ്കരിക്കാന്‍ തോന്നൂ.

വിഷയത്തിലേക്ക് തിരിച്ചു വരാം. സ്ത്രീയുടെ അധികാരത്തിലുള്ള എല്ലാ വിധ പങ്കിനേയും ഹദീഥ് എതിര്‍ക്കുന്നില്ല, ഏറിവന്നാല്‍ പൗരാണിക രാഷ്ട്ര വ്യവസ്ഥയിലെ അവളുടെ സര്‍വ്വാധിപത്യത്തെ മാത്രമാണ് അത് ചോദ്യം ചെയ്യുന്നത് എന്ന് സൂചിപ്പിച്ചുവല്ലൊ. അതുകൊണ്ടു തന്നെയാണ് ചരിത്രത്തിന്റെ വ്യത്യസ്ഥ ദിക്കുകളില്‍, ഇസ്‌ലാമിക പ്രവിശ്യകളില്‍, വൈവിധ്യമാര്‍ന്ന ചിന്താധാരകളില്‍ സ്ത്രീ ഭരണങ്ങളുടെ എണ്ണിയാല്‍ തീരാത്തത്ര ചരിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത്. സ്ത്രീക്ക് അധികാരത്തില്‍ നിന്നും ഒരു പങ്കും നല്‍കാന്‍ ഇസ്‌ലാം അനുവദിച്ചിട്ടില്ലായിരുന്നെങ്കില്‍ അത്തരം ചരിത്രങ്ങള്‍ മുസ്‌ലിം നാടുകളില്‍ നിന്നും നമുക്ക് ഒരിക്കലും വായിച്ചെടുക്കാനാവില്ല. ഈജിപ്തിലെ ഫത്‌വ ബോര്‍ഡ്, ദാറുല്‍ ഇഫ്താഉല്‍ മിസ്‌രിയ്യയുടെ ഫത്‌വയില്‍ നിന്നും ആ ചരിത്ര നിമിഷങ്ങളെ പറ്റിയുമുള്ള സ്മൃതികള്‍ നമുക്കു വായിക്കുക. ”വ്യത്യസ്ഥങ്ങളായ കാലഘട്ടത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ സ്ത്രീകള്‍ ഭരിച്ചിട്ടുണ്ട്. അവര്‍ വ്യത്യസ്ഥങ്ങളായ നാമദേയത്തിലാണ് അറിയപ്പെട്ടത്. സുല്‍ത്താന, മലിക, ഹുര്‍റ, ഖാത്തൂന്‍ എന്നിങ്ങനെയുള്ള പേരുകളിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ചരിത്രത്തിന്റെ വ്യത്യസ്ഥ ദിക്കുകളില്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ പല നാടുകളും അമ്പതിലേറെ സ്തീകള്‍ ഭരിച്ചതായി ഇസ്‌ലാമിക ചരിത്രം നമുക്ക് വ്യക്തമാക്കിതരുന്നുണ്ട്. ഇബ്‌നു കസീറിന്റെ ‘അല്‍ബിദായഃ വന്നിഹായഃ’യിലും ഇബ്നുല്‍ ജൗസിയുടെ ‘അല്‍മുന്‍തള്വിം’ എന്നു പറയുന്ന ഗ്രന്ഥത്തിലും സുമല്‍ അല്‍ കഹ്റുമാന എന്നു പറയുന്ന ഒരു സ്ത്രീ ക്വാളിയായി (ജഡ്ജിയായി) പ്രവര്‍ത്തിച്ചതായി ചരിത്രം നമുക്ക് വിവരിച്ചുതരുന്നുണ്ട്. അവരുടെ സദസ്സില്‍ ജഡ്ജിമാരും കര്‍മ്മശാസ്ത്രപണ്ഡിതന്മാരും മഹാന്മാരുമെല്ലാം ഹാജരായിരുന്നു. ഹിജ്റ 317ലാണ് അവര്‍ മരണപ്പെടുന്നത്. ഭരണം നടത്തിയിരുന്ന സ്ത്രീകളില്‍ ചിലര്‍ ക്രിമിനല്‍ കേസുകളില്‍ വിധി പറയുന്നവരായും ഉണ്ടായിരുന്നു. സുല്‍ത്താന തുര്‍ക്കാന്‍ ഖാത്തൂന്‍ ഒരുദാഹരണമാണ്. അവരുടെ അടുക്കല്‍ ക്രിമിനല്‍ കേസുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവര്‍ നീതിപൂര്‍വവും നന്മയോടും കൂടി വിധി നല്‍കുമായിരുന്നു. ജിഹാദിലും യുദ്ധങ്ങളിലുമെല്ലാം സ്ത്രീകള്‍ പങ്കാളികളാകുന്നതിനെ നബി (സ) അംഗീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. സ്ത്രീകള്‍ പ്രവാചകന്റെ ഒപ്പം യുദ്ധം ചെയ്തിട്ടുണ്ട്. ഉമ്മുസുലൈം, ഉമ്മുഹറാം, ബിന്‍ത് മില്‍ഹാന്‍, ഉമ്മുല്‍ ഹാരിസ അല്‍ അന്‍സാരി, റബീഅ ബിന്‍ത് മുഅവ്വദ്ബ്നു അഫ്റാഅ്, ഉമ്മുസിനാന്‍ അല്‍ അസ്‌ലമിയ്യ, ഹംന ബിന്‍ത് ജഹ്ശ്, ഉമ്മു സിയാദ് അല്‍ അശ്ജഈയ്യ പോലെയുള്ള സ്ത്രീകള്‍ അതിനുദാഹരണമാണ്. അതുപോലെതന്നെ ഇസ്‌ലാമിക ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആയിരകണക്കിന് നിപുണകളായ പണ്ഡിതകളും, അതുപോലെതന്നെ ഇസ്‌ലാമികവും അറബിയുമായും ബന്ധപ്പെട്ട വിജ്ഞാനശാസ്ത്രങ്ങളിലുമെല്ലാം കഴിവുറ്റ പ്രതിഭകളും ഉണ്ടായിട്ടുണ്ട് ‘അല്‍ ഇസ്വാബഃ ഫീതമീസിസ്സ്വഹാബ’ എന്ന ഇബ്നു ഹജര്‍ അല്‍ അസ്‌ക്വലാനിയുടെ ഗ്രന്ഥത്തില്‍, അദ്ദേഹം ഇത്തരത്തില്‍ ഉള്ള ആയിരത്തി അഞ്ഞൂറ്റി നാല്‍പത്തിമൂന്ന് സ്ത്രീകളുടെ ചരിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ കൂട്ടത്തില്‍ കര്‍മ്മശാസ്ത്ര പണ്ഡിതകളും, ഹദീഥ് പണ്ഡിതകളും, സാഹിത്യകാരികളും, വിധിയും നിയമനിര്‍മ്മാണവും നീതിപാലനവുമായും ബന്ധപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ച സ്ത്രീകളും, ഇസ്‌ലാമിക ഫിഖ്ഹില്‍ ‘അല്‍ ഹസബ’ എന്നറിയപ്പെട്ടിരുന്ന പ്രത്യേക സ്ഥാനങ്ങള്‍ സ്ത്രീകള്‍ വഹിച്ചതായും ഒരുപാട് നിവേദനങ്ങള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ഹിജ്റ ഒന്നാം നൂറ്റാണ്ടിലായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം. (ഫത്‌വ ബോര്‍ഡ് ദാറുല്‍ ഇഫ്താഉല്‍ മിസ്രിയ്യ, ഈജിപ്ത് (tthps://bit.ly/38GZKjD)

മൂന്നാം നൂറ്റാണ്ടുകാരിയായ സിത്തുല്‍ മുല്‍ക്, അഞ്ചാം നൂറ്റാണ്ടിലെ സ്വന്‍ആഅ് ഭരിച്ച അസ്മാഅ്, നാലാം നൂറ്റാണ്ടില്‍ യമനില്‍ ജനിച്ച അര്‍വ്വ ബിന്‍ത് അഹ്‌മദ്, സ്പെയിനിലെ സൈനബ് നഫ്സാവിയ്യ, സുല്‍ത്താന റദ്വിയ, ഏഴാം നൂറ്റാണ്ടില്‍ ഈജിപ്ത് ഭരിച്ച ശജറുദ്ദുര്‍റ്, സ്പെയിനിലെ ആഇശ ഹുര്‍റ, സിത്തുല്‍ അറബ്, സിത്തുല്‍ അജം, സിത്തുല്‍ വുസറാഅ് അത്തന്നൂഖിയ്യ, ശരീഫ ഫാത്തിമിയ്യ, ഗാലിയ്യ വഹ്ഹാബിയ്യ, ഖാത്തൂന്‍ ഖത്ലഅ് താര്‍കാന്‍, ഖാത്തൂന്‍ ബാദ്ശാഹ്, ഗസാല ശബീബ, സുല്‍ത്താന ഖദീജ, അബിശ് ഖാത്തൂന്‍, ദൗലത്ത് ഖാത്തൂന്‍, തുര്‍ഖാന്‍ ഖാത്തൂന്‍ തുടങ്ങി വ്യത്യസ്ത മദ്ഹഹബ്‌കാരും, വിഭാഗക്കാരുമായ സ്ത്രീകള്‍ ഭരണ- സൈനിക സാരഥ്യം വഹിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. (tthps://www.dtoosr.org/699052)

ഭരണം, വിധി, നിയമനിര്‍മ്മാണം, നീതിപാലനം, സൈനികം, കര്‍മ്മശാസ്ത്രം, ഹദീഫ്, സാഹിത്യം, ഭാഷാശാസ്ത്രം, വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍, വൈദ്യം തുടങ്ങി വിശാലമായ പല മേഖലകളിലും സ്ത്രീ നേതാക്കള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സുലഭമായിരുന്നു. ‘മുഅ്ജമു അഅ്ലാമി നിസാഅ്’ അഥവാ ‘സ്ത്രീ നേതാക്കളെ പറ്റിയുള്ള നിഖണ്ഡു’ എന്ന ഒരു ഗ്രന്ഥം മുഹമ്മദ് തന്നൂഖിയുടേതായി കാണാം. ചരിത്രത്തിന്റെ വ്യത്യസ്ത ദിക്കുകളില്‍, ഇസ്‌ലാമിക രാജ്യങ്ങളില്‍ മേല്‍പറയപ്പെട്ട സ്തുത്യാര്‍ഹമായ മേഖലകളില്‍ വിരാജിച്ച നിപുണകളായ മുസ്‌ലിം സ്ത്രീ രത്നങ്ങളുടെ ജീവചരിത്രശേഖരമാണ് പ്രസ്തുത ഗ്രന്ഥം. പതിനായിരത്തിലതികം സ്ത്രീകളെപറ്റി ആ ഗ്രന്ഥം ലോകത്തോട് സംസാരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒട്ടനവധി ഗ്രന്ഥസമുച്ചയങ്ങള്‍ തന്നെ ഇസ്‌ലാമിക ലോകത്ത് ഇന്നും സുലഭമാണ്.

ഉര്‍വത്തിബ്നു സുബൈര്‍ (റ) പറഞ്ഞു: ”ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, ഹറാം ഹലാലുകള്‍ (അഥവാ കര്‍മ്മശാസ്ത്രം), കവിത, അറബികളുടെ നാട്ടറിവുകള്‍, കുടുംബപരമ്പരകള്‍ എന്ന് തുടങ്ങി ഒരു വിഷയത്തിലും ആഈശയേക്കാള്‍ അറിവുള്ള ഒരാളെയും ജനങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല.” (തദ്കിറത്തുല്‍ ഹുഫ്ഫാദ്, ദഹബി: 1/25)
മസ്റൂക് പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെ സത്യം. മുഹമ്മദ് നബി (സ)യുടെ അനുചരന്മാരില്‍ മഹാപണ്ഡിതരായ തലമുതിര്‍ന്നവര്‍ ആഇശ(റ)യോട് അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് ചോദിച്ച് പഠിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.” (മുസ്വന്നഫ് ഇബ്നു അബീശൈബ: 30387)
അലി (റ) പറഞ്ഞു: ”ആരെയൊക്കെ കൊണ്ടാണ് ഞാന്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് നിനക്കറിയാമോ? ജനങ്ങളില്‍ ഏറ്റവും, ജനങ്ങളാല്‍ അനുസരിക്കപ്പെടുന്ന ആഇശയെകൊണ്ടും, ജനങ്ങളില്‍ ഏറ്റവും ശക്തനായ സുബൈറിനെകൊണ്ടും, ജനങ്ങളില്‍ ഏറ്റവും ബുദ്ധിശാലിയായ ത്വല്‍ഹയെകൊണ്ടും, ജനങ്ങളില്‍ ഏറ്റവുംശുദ്ധനായ യഅ്ലബ്നു ഉമയ്യയെകൊണ്ടുമാണ് ഞാന്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്”. (ഫത്ഹുല്‍ ബാരി: 13/57)

ആഇശ എന്ന സ്ത്രീയുടെ മതപരമായ വിധികര്‍തൃത്വം മുസ്‌ലിം സമൂഹം അംഗീകരിച്ചിരുന്നതിന്റെ ചരിത്ര സാക്ഷ്യങ്ങളാണിത്. ‘ജനങ്ങളില്‍ ഏറ്റവും, ജനങ്ങളാല്‍ അനുസരിക്കപ്പെട്ടിരുന്ന വ്യക്തി’ എന്നാണ് അലി (റ) ആഇശയെപറ്റി പരാമര്‍ശിക്കുന്നത്. ജമല്‍ യുദ്ധത്തില്‍ തനിക്കെതിരായി ആഇശ നേതൃത്വം നല്‍കിയ കാര്യത്തെ അനുസ്മരിക്കുമ്പോള്‍ പോലും, അവരുടെ നേതൃപാടവത്തേയും ജനസമ്മതിയേയും അംഗീകരിച്ചുകൊണ്ടാണ് അലി(റ) സംസാരിക്കുന്നത്. സ്ത്രീ രാഷ്ട്രീയ നേതൃത്വം കൈയ്യാളുന്നത് ഇസ്‌ലാമില്‍ നിഷിദ്ധമായിരുന്നെങ്കില്‍ അദ്ദേഹം പ്രതിയോഗിക്കെതിരെ ആദ്യമായി ഉന്നയിക്കുമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം അതാകുമായിരുന്നില്ലേ?! ഒരു സ്ത്രീ ആയിരുന്നിട്ടും ആഇശയുടെ മതപരമായ വിധികര്‍തൃത്വം അംഗീകരിക്കാന്‍ ഇസ്‌ലാം ജനങ്ങള്‍ക്ക് തടസ്സം നിന്നിട്ടില്ലെങ്കില്‍ ഭൗതിക കാര്യങ്ങളില്‍പെട്ട വിധികര്‍തൃത്വം (ഭരണം) അംഗീകരിക്കാന്‍ അത് തടസ്സമാകുന്നതെങ്ങനെ?!

ജമല്‍ യുദ്ധത്തില്‍ ഒട്ടകത്തിന്റെ സംഘക്കാരുടെ (ആഇശയുടെ) കൂടെ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ഞാനാഗ്രഹിച്ചപ്പോള്‍ പ്രവാചകനില്‍ നിന്ന് കേട്ട ഒരു വചനം എനിക്ക് ഏറെ ഉപകാരപ്പെട്ടു. പേര്‍ഷ്യക്കാര്‍ കിസ്റയുടെ മകളെ അധികാരമേല്‍പിച്ച വിവരം പ്രവാചകന് ലഭിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കുകയില്ല’ (ബുഖാരി) എന്ന അബൂബക്റത്തി(റ)ന്റെ നിലപാടിനെ നാം അപ്പോള്‍ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്.?

അബൂബക്റത് (റ) സ്വഹാബിയാണ് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഗ്രാഹ്യതയില്‍ അബദ്ധം സംഭവിക്കില്ലെന്ന് പറയാനാവില്ല. ‘ഒരു സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കില്ല’ എന്ന ഹദീഥാണ് ജമല്‍ യുദ്ധത്തില്‍ ആഇശയുടെ പക്ഷം ചേരാതിരിക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന അദ്ദേഹത്തിന്റെ വാചകം ധാരണപിശക് മാത്രമാണ്. കാരണം അതേ ഹദീഥ് കേട്ട അനേകം സ്വഹാബിമാര്‍ ആഇശ(റ)യുടെ പക്ഷം ചേര്‍ന്നിരുന്നു എന്നു നാം മനസ്സിലാക്കണം. സ്വര്‍ഗ്ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട സുബൈര്‍ (റ), ത്വല്‍ഹ (റ) തുടങ്ങിയവരും അബ്ദുല്ലാബിബ്നു ആമിര്‍ (റ), യഅ്ലബ്നു മനിയ്യ (റ), മുഹമ്മദിബ്നു ത്വല്‍ഹ (റ) തുടങ്ങിയ സ്വഹാബികളും ആഇശയുടെ നേതൃത്വം അംഗീകരിച്ചവരായിരുന്നു. അവരാരും തന്നെ, അബൂബക്റത്ത് (റ) ഹദീഥിനെ ഗ്രഹിച്ചതുപോലെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അവരും ആഇശയില്‍ നിന്നും വിട്ടുനില്‍ക്കുമായിരുന്നു. അതുകൊണ്ടാണ് അബൂബക്റത്തിന് സംഭവിച്ച ധാരണപിശക് മാത്രമാണിതെന്ന് പറഞ്ഞത്.

മാത്രമല്ല തന്റെ ഭാര്യമാരില്‍ ഒരാള്‍ ഭാവിയില്‍ ഈ യുദ്ധത്തിനു (ജമല്‍) നേതൃത്വം നല്‍കുമെന്ന് പ്രവാചകന്‍ (സ) തന്നെ അറിയിച്ചിരുന്ന കാര്യമായിരുന്നു. പ്രസ്തുത നിവേദനം നാം കാണുക. ”രാത്രിയില്‍ ബനൂ ആമിറുകാരുടെ നദീജല സ്രോതസ്സിനടുത്തെത്തിയപ്പോള്‍ നായ്ക്കള്‍ കുരക്കുന്നതായി ആഇശ (റ) കേട്ടു. ഇതേതാണ് ഈ ജലസ്രോതസ്സെന്ന് അവര്‍ ചോദിച്ചു. ഹൗഅബ് ജലതടമാണെന്ന് പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: മടങ്ങുവാനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹുവിന്റെ തിരുദൂതന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഹൗഅബിലെ നായ്ക്കള്‍ നിങ്ങളില്‍ (ഭാര്യമാരില്‍) ഒരാളുടെ മേല്‍ കുരക്കുന്നതിനെപറ്റി എങ്ങനെയുണ്ടെന്ന് തോന്നുന്നു. അപ്പോള്‍ സുബൈര്‍ (റ) പറഞ്ഞു: മടങ്ങുകയോ നിങ്ങള്‍ നിമിത്തം അല്ലാഹു ജനങ്ങള്‍ക്കിടയില്‍ രഞ്ചിപ്പുണ്ടാക്കിയാലോ? (അത്തരം ഒരവസരം നഷ്ടപ്പെടുത്തരുതെന്നര്‍ത്ഥം) (മുസ്‌നദ് അഹ്‌മദ്: 24654, ഇബ്‌നുഅബീശൈബ: 7/536, സില്‍സിലത്തു സ്വഹീഹ: 474, ഇബ്‌നു ഹിബ്ബാന്‍: 6732, ഹാകിം: 4613)

തന്റെ ഭാര്യമാരില്‍ ഒരാള്‍ തനിക്കുശേഷം അത്തരം ഒരു യുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രവചിച്ച നബി (സ), ആ ഘട്ടത്തില്‍ ഹൗഅബിലെ നായ്ക്കള്‍ ആര്‍ക്കുമേലായിരിക്കുമോ കുരക്കുന്നത് അവരായിരിക്കും അതെന്ന് അടയാളവും പറഞ്ഞു കൊടുത്തു. ഭാവിയില്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ഒരു വലിയ കുഴപ്പത്തിന്റെ മുന്നോടിയായുള്ള സൂചനയായി അത് തന്റെ ഭാര്യമാരെ പഠിപ്പിച്ച പ്രവാചകന്‍, ആ ഘട്ടത്തില്‍ പോലും സ്ത്രീ നേതൃത്വത്തെ പഴിച്ചില്ലെന്നത് നാം പ്രത്യേകം മനസ്സിലാക്കുക. അഥവാ തെറ്റായ ഒരു പടപ്പുറപ്പാടായി ജമല്‍ യുദ്ധത്തെപറ്റി പ്രവാചകന്‍ (സ) പരാമര്‍ശിച്ചത്; അതിനു നേതൃത്വം നല്‍കുന്നത് സ്ത്രീയായതുകൊണ്ടല്ല. മറിച്ച് അത് മുസ്‌ലിംകള്‍ക്കിടയില്‍ വലിയ കുഴപ്പങ്ങള്‍ക്ക് നിമിത്തമാകും എന്നതുകൊണ്ടായിരുന്നു. സ്ത്രീ നേതൃത്വം ഇസ്‌ലാം വെച്ചുപൊറുപ്പിക്കാത്ത ഒന്നായിരുന്നെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ അത് പ്രത്യേകം പരാമര്‍ശിക്കുമായിരുന്നു. അപ്പോള്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ജമല്‍ യുദ്ധത്തെയും അതിന് ഒരു സ്ത്രീയായിരിക്കും നേതൃത്വം നല്‍കുകയെന്നും അത് തന്റെ ഭാര്യമാരില്‍ ഒരാളായിരിക്കും എന്നുമെല്ലാം മനസ്സിലാക്കിയ പ്രവാചകന്‍ അതിനെപറ്റി തന്റെ ഭാര്യമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുമ്പോള്‍ സ്ത്രീ നേതൃത്വത്തെ പ്രശ്നവല്‍കരിക്കാതെ മുസ്‌ലിം സമൂഹത്തിനിടയില്‍ സംഭവിക്കുന്ന ഭിന്നതയേയും കുഴപ്പത്തേയും പറ്റി മാത്രം പ്രശ്നവല്‍കരിച്ചു സംസാരിച്ചു എന്നതില്‍ നിന്നു തന്നെ അബൂബക്റത്തിന്റെ (റ) നിലപാട് ധാരണപിശകില്‍നിന്ന് രൂപപ്പെട്ട ഒന്നാണെന്ന് വ്യക്തം. ചുരുക്കത്തില്‍, ‘സ്ത്രീയെ തങ്ങളുടെ ഭരണനേതൃത്വം ഏല്‍പ്പിച്ച ഒരു ജനത വിജയിക്കുകയില്ല’ എന്ന ഹദീഥ് സ്ത്രീയുടെ അധികാരത്തിലുള്ള എല്ലാ വിധ പങ്കിനേയും എതിര്‍ക്കുന്നില്ല; ഏറിവന്നാല്‍, പൗരാണിക രാഷ്ട്ര വ്യവസ്ഥയിലെ അവളുടെ സര്‍വ്വാധിപത്യത്തെ മാത്രമാണ് അത് ചോദ്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത ഹദീഥും പൊക്കിപ്പിടിച്ച് പൊഴിക്കുന്ന മുതലകണ്ണീരുകൊണ്ടൊന്നും കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ് ഒന്ന് മാറ്റിപിടിക്കുന്നതാണ് ഇസ്‌ലാംവിമര്‍ശകര്‍ക്ക് നല്ലത്. ഉഡായിപ്പുകള്‍കൊണ്ടൊന്നും വൈജ്ഞാനിക രംഗത്ത് മേല്‍വിലാസമുണ്ടാക്കാനാവില്ലെന്ന് ഇവരൊക്കെ ഇനി എന്നാണാവോ തിരിച്ചറിയുക.

print