സ്ത്രീയെ നായയോടും കഴുതയോടും പ്രവാചകന്‍ ഉപമിച്ചുവോ !?

/സ്ത്രീയെ നായയോടും കഴുതയോടും പ്രവാചകന്‍ ഉപമിച്ചുവോ !?
/സ്ത്രീയെ നായയോടും കഴുതയോടും പ്രവാചകന്‍ ഉപമിച്ചുവോ !?

സ്ത്രീയെ നായയോടും കഴുതയോടും പ്രവാചകന്‍ ഉപമിച്ചുവോ !?

ഇസ്‌ലാം സ്ത്രീകളെ ആദരിച്ച മതമാണെന്നത് മുസ്‌ലീംകളുടെ കേവലം അവകാശവാദം മാത്രമാണ്. കാരണം പ്രവാചകന്‍ തന്നെ പല ഘട്ടങ്ങളിലും സ്ത്രീകളെ വളരെ മോശമായ രൂപത്തില്‍ ആക്ഷേപിച്ചു സംസാരിച്ചത് ഹദീസ് ഗ്രന്ഥങ്ങളില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സ്ത്രീയും നായയും കഴുതയും നമസ്‌ക്കാരത്തെ മുറിച്ചുകളയുമെന്ന നബി പാഠം തന്നെ തികഞ്ഞ സ്ത്രീവിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന പരാമര്‍ശമാണ്. നായയോടും കഴുതയോടും പെണ്ണിനെ ഉപമിക്കുക വഴി തികഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് പ്രവാചകന്‍ നടത്തിയിരിക്കുന്നത്. പിന്നെ എങ്ങനെയാണ് ഇസ്‌ലാം സ്ത്രീകളെ ആദരിച്ച മതമാണെന്ന് മുസ്‌ലീംകള്‍ക്ക് വാദിക്കാനാവുന്നത് ?

മറുപടി:

അധമവിചാരികള്‍ക്ക് സത്യം എപ്പോഴും അപ്രാപ്യമായിരിക്കുമെന്ന നിരീക്ഷണം എത്രയോ വസ്തുതാപരമാണെന്ന് ഈ വിമര്‍ശനം വിളിച്ചറിയിക്കുന്നുണ്ട്. ഒറ്റ വായനയില്‍ തന്നെ സാമാന്യബുദ്ധിക്കു ഗ്രാഹ്യമായ ഒരു ആശയത്തെ എത്രമാത്രം സാഹസപ്പെട്ടാണ് ഇസ്‌ലാംവിരോധികളിവിടെ വികൃതവല്‍ക്കരിച്ചിരിക്കുന്നത്. വിമര്‍ശകരുടെ “വക്രീകര ശാസ്ത്ര സാഹസം” എത്രമാത്രം ബാലിശമാണെന്ന് മനസ്സിലാക്കാനായി നമുക്കൊരു സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പത്രിക ഉദാഹരണമായെടുക്കാം. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറത്തിറക്കിയ പ്രസ്തുത മാര്‍ഗനിര്‍ദ്ദേശ പത്രികയില്‍ പരാമര്‍ശിച്ച പ്രത്യേക സംരക്ഷണം നല്‍കേണ്ടവരുടെ പട്ടികയില്‍ ഇപ്രകാരം കാണാം: “കുട്ടികള്‍, അംഗപരിമിതര്‍, മാനസിക രോഗികള്‍, സ്ത്രീകള്‍…” ഈ പത്രിക ചൂണ്ടികാട്ടി ഇസ്‌ലാംവിരോധികളാരെങ്കിലും പറഞ്ഞേക്കുമോ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്ത്രീകളെയും മാനസിക രോഗികളെയും ഒരേ തരത്തിലാണ് കാണുന്നത്. അതുകൊണ്ടാണ് അവരെ ഒരേ പട്ടികയില്‍ തന്നെ ചേര്‍ത്തതെന്ന്!.
വാസ്തവത്തില്‍ ഇസ്‌ലാംവിരോധികളുടെ ഹദീസ് വിമര്‍ശനവും ഈ വിഢിത്തത്തിനപ്പുറം ഒന്നുമല്ലെന്ന് വിമര്‍ശന വിധേയമായ ഹദീസിന്റെ യാഥാര്‍ഥ്യം കൃത്യമായി പരിശോധിച്ചാല്‍ തന്നെ ബോദ്ധ്യമാകുന്നതാണ്. അതിനാല്‍ നമുക്ക് ഇസ്‌ലാംവൈരികള്‍ വിമര്‍ശനവിധേയമാക്കിയ ഹദീസും അതിന്റെ താല്‍പര്യവും മനസ്സിലാക്കാം.

“അബൂഹുറയ്‌റ (റ) പറയുന്നു: റസൂല്‍ (സ്വ) പറഞ്ഞു: സ്ത്രീയും കഴുതയും നായയും നമസ്‌ക്കാരം മുറിക്കും. ഒട്ടകക്കട്ടിലിന്റെ പിന്നിലെ വടിപോലുള്ള ഒന്ന് (ഉണ്ടായാല്‍) അത് തടുക്കാവുന്നതാണ്.” (മുസ്‌ലിം 790, അഹ്‌മദ്, ഇബ്‌നു അബീശൈബ, ഇബ്‌നു ഹിബ്ബാന്‍)
ഈ ഹദീസ് വായിച്ചപ്പോള്‍ സ്ത്രീയെ മൃഗങ്ങളോട് ഉപമിച്ചതായി ഇസ്‌ലാംവിരോധികള്‍ക്കു തോന്നി എന്നതല്ലാതെ മറ്റൊരു പ്രശ്നവുമിവിടെയില്ല. ഇസ്‌ലാംവിരോധികള്‍ക്കു തോന്നുന്ന അധമവിചാരങ്ങളും വികാരങ്ങളും കൊണ്ടുതള്ളാനുള്ള പുറമ്പോക്കല്ല ഇസ്‌ലാമെന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ. ഈ ഹദീസിനെ പറ്റി പരാമര്‍ശിക്കവെ ഇമാം ക്വുര്‍ത്തുബിയുടെ(റ) വാചകങ്ങള്‍ “അല്‍ മുഫ്ഹിം ലിമാ അശ്കല മിന്‍ തല്‍ഖീസ്വി സ്വഹീഹ് മുസ്‌ലിമി”ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
“കാരണം തീര്‍ച്ചയായും സ്ത്രീ (സാന്നിദ്ധ്യം പുരുഷമനസ്സുകളില്‍) പ്രലോഭനമുണ്ടാക്കും, കഴുതയാകട്ടെ ഒച്ചയുണ്ടാക്കുകയും നായ ഭയം സൃഷ്ടിക്കുകയും ചെയ്യും. അപ്പോള്‍ (നമസ്‌ക്കരിക്കുന്ന) ചിന്താശേഷിയുള്ള വ്യക്തിയില്‍ (അവയുടെ സാന്നിദ്ധ്യം) ആശയക്കുഴപ്പം സൃഷ്ടിക്കുകയും അവന്റെ നമസ്‌ക്കാരം മുറിഞ്ഞു പോകുമാറ് കുഴപ്പമുണ്ടാക്കുകയും ചെയ്യും. അപ്പോള്‍ നമസ്‌ക്കാരത്തെ (ഏകാഗ്രത) മുറിച്ചു കളയുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നതുകൊണ്ടാണ് (അവയെ) നമസ്‌ക്കാരം മുറിച്ചുകളയുന്ന കാര്യങ്ങളിലുള്‍പ്പെടുത്തിയത്.” (അല്‍ മുഫ്ഹിം ലിമാ അശ്കല മിന്‍ തല്‍ഖീസ്വി സ്വഹീഹ് മുസ്‌ലിം: 2/ 109)

“നമസ്ക്കാരത്തെ മുറിക്കും” എന്നാൽ നമസ്ക്കാരത്തിലെ ഏകാഗ്രത, പൂർണ്ണത മുറിക്കുകയും കുറക്കുകയും ചെയ്യുമെന്നാണ് വിവക്ഷയെന്ന് ഒട്ടുമിക്ക പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്.

وقال مالك وأبو حنيفة والشافعي رضي الله عنهم وجمهور من السلف والخلف: لا تبطل الصلاة بمرور شيء من هؤلاء ولا من غيرهم، وتأول هؤلاء هذا الحديث على أن المراد بالقطع نقص الصلاة لشغل القلب بهذه الأشياء وليس المراد إبطالها

“ഇമാം മാലിക്, അബൂ ഹനീഫ, ശാഫിഈ തുടങ്ങി പൂർവ്വീകരും ശേഷക്കാരുമായ ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്: ഈ വിഭാഗക്കാരുൾപ്പെടെ ഒന്നും തന്നെ നമസ്ക്കാരത്തെ നിഷ്ഫലമാക്കും എന്ന അർത്ഥത്തിൽ ‘മുറിക്കും’ എന്നല്ല. നമസ്ക്കാരത്തെ മുറിക്കും എന്നാൽ, ഇത്തരം കാര്യങ്ങളിൽ മനസ്സ് വ്യാപൃതമാവുക വഴി ഏകാഗ്രത മുറിയുകയും നമസ്ക്കാരത്തിൽ ന്യൂനത സംഭവിക്കും എന്നുമാണ്.”
(തുഹ്ഫതുൽ അഹ്‌വദി: 1:371)

നമസ്കാരത്തെ മുറിക്കും എന്നാൽ നമസ്ക്കാരത്തിന്റെ ഭയ ഭക്തിക്ക് ഭംഗം വരുത്തും എന്നാണ്. അല്ലാതെ നമസ്ക്കാരത്തിൽ നിന്ന് പുറത്താവുമെന്നല്ല.
(ഫത്ഹുൽ ബാരി: 2:273)

ഇമാം അഹ്‌മദ് പറഞ്ഞു: നമസ്ക്കരിക്കുന്നതിനിടയിൽ തന്റെ തൊട്ട് മുമ്പിൽ ഒരു നായയൊ ഒരു സ്ത്രീയൊ നിൽക്കുമ്പോൾ മനസ്സിൽ നമസ്കാരമല്ലാത്ത മറ്റു ചിന്തകൾ കടന്നുവന്നേക്കാം….
(ഫത്ഹുൽ ബാരി: 2:273)

സുവ്യക്തമാണ് കാര്യങ്ങള്‍, വിമര്‍ശന വിധേയമായ ഹദീസ് ഒരിക്കലും സ്ത്രീയെ മൃഗങ്ങളോട് ഉപമിക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ഒരു പുരുഷന്റെ നമസ്‌ക്കാരത്തില്‍ ഭംഗമുണ്ടാക്കുന്ന കാര്യങ്ങളെ പറ്റി പറയുമ്പോള്‍ ആ കൂട്ടത്തില്‍ സ്ത്രീയേയും പരാമര്‍ശിച്ചെന്ന് മാത്രം. നമസ്‌ക്കരിക്കുന്ന മനുഷ്യനില്‍, നായ ഭയം ജനിപ്പിച്ചും കഴുത ഒച്ചവെച്ചും നമസ്‌ക്കാരത്തിലെ ശ്രദ്ധമുറിച്ചു കളയാന്‍ സാധ്യതയുള്ളതു പോലെ സ്ത്രീ സാന്നിദ്ധ്യം പുരുഷ ഹൃദയങ്ങളില്‍ പ്രലോഭനങ്ങള്‍ സൃഷ്ടിക്കാനും തന്നിമിത്തം നമസ്‌ക്കാരത്തിലെ ശ്രദ്ധ മുറിയുവാനും ഇടയാക്കുമെന്ന് പഠിപ്പിക്കുക മാത്രമേ ഹദീസ് ചെയ്യുന്നുള്ളൂ. നായ, കഴുത, സ്ത്രീ എന്നിവയുടെ സാന്നിദ്ധ്യം നിരുപാധികം നമസ്‌കാരം മുറിച്ചു കളയുമെന്ന് ഹദീസ് പഠിപ്പിക്കുന്നില്ല.

അപ്പോള്‍ അസ്തിത്വത്തിലെ നീചത്വം കൊണ്ടാണ് ഇവയെല്ലാം നമസ്‌കാരം മുറിച്ചുകളയുന്നതെന്ന് ഹദീസ് ഒരിക്കലും പഠിപ്പിക്കുന്നില്ല മറിച്ച് അവരുടെ സാന്നിദ്ധ്യം സൃഷ്ടിച്ചേക്കാവുന്ന ശ്രദ്ധതെറ്റിക്കലാണ് ഹദീസിന്റെ പ്രതിപാദനം. അങ്ങനെ വരുമ്പോള്‍ വാസ്തവത്തില്‍ ഇവിടെ സ്ത്രീ നിന്ദിക്കപ്പെടുകയാണോ ചെയ്യുന്നത്?! പരോക്ഷമായ സ്തുതിയാണ് ഹദീസിൽ നിന്ന് സ്ത്രീത്വത്തിന് ലഭിക്കുന്നത്. നമസ്‌കാര സമയത്തു പോലും പുരുഷ ഹൃദയങ്ങളെ ആകര്‍ഷിക്കുവാനും സ്വാധീനിക്കുവാനും പ്രലോഭിപ്പിക്കുവാനും സ്ത്രീ സൗന്ദര്യത്തിനു സാധിക്കുമെന്ന് പറയുന്നത് സ്ത്രീകളെ അവമതിക്കലാണെന്ന് തെറ്റുദ്ധരിക്കാന്‍ മാത്രം സാധുക്കളല്ല ഇസ്‌ലാംവിരോധികളെന്ന് ആര്‍ക്കും പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ?.
ഇത്രയേ ഉള്ളൂ, ഇസ്‌ലാംവിരോധികള്‍ ഹദീസിനുമേല്‍ അടയിരുന്നു വിരിയിച്ച അധമവിചാരങ്ങളുടെ അവസ്ഥ. ഹദീസുകളല്ല; ഇസ്‌ലാംവിരോധികളുടെ അന്തഃരംഗമാണ് ഇരുട്ട് പരത്തുന്നതെന്നര്‍ഥം. ഹദീസുകളെടുത്തുവെച്ച് തങ്ങളുടെ വികൃതമായ താല്‍പര്യങ്ങള്‍ക്കനുസൃതമായി അതിനെ വ്യാഖ്യാനിക്കുകയും എന്നിട്ട് അത് പ്രവാചകനും ഇസ്‌ലാമിനും മേല്‍ ആരോപിച്ച് പുളകം കൊള്ളുകയും ചെയ്യുക എന്നത് ഇസ്‌ലാംവിരോധികളുടെ സ്ഥിരം പതിവാണ്. വൈജ്ഞാനിക സത്യസന്ധതയില്ലാത്തവര്‍ക്ക് എന്തുമാകാമല്ലോ. പക്ഷെ ഇത്തരം അൽപജ്ഞാനികളുടെ “ശര്‍ഹ്” കേട്ടപ്പോഴേക്കും ചിന്താശേഷിയില്‍ എട്ടുകാലിവല കെട്ടിയ “മഹാ പിള്ള”മാരുടെ കാര്യമാണ് കഷ്ടം.!
നബി(സ)യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ ഇസ്‌ലാമിക പണ്ഡിത ലോകം എപ്രകാരമാണ് ഗ്രഹിച്ചതും ഉള്‍കൊണ്ടതുമെന്ന അന്വേഷണത്തില്‍ നിന്നു വേണം സത്യസന്ധമായ ഹദീസ് വിമര്‍ശനം തുടങ്ങേണ്ടതെന്ന വൈജ്ഞാനിക മര്യാദ പോലും ഇസ്‌ലാംവിരോധികള്‍ക്കില്ലെന്ന വസ്തുതക്ക് ഒന്നു കൂടി അടിവരയിടുകയാണിവിടെ. എന്തിനാണ് തങ്ങള്‍ ഹദീസുകളെ വിമര്‍ശിക്കുന്നതെന്ന ബോധം പോലും ഇസ്‌ലാംവിമര്‍ശകര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ഹദീസ് വായിച്ചപ്പോള്‍ ഇസ്‌ലാംവിരോധികള്‍ക്കു തോന്നിയ അധമവിചാരത്തെ അടിസ്ഥാനപ്പെടുത്തിയല്ല ഹദീസുകള്‍ മനസ്സിലാക്കപ്പെടേണ്ടത്; മറിച്ച് ഇസ്‌ലാമിക പണ്ഡിത ലോകം അതിനെ എപ്രകാരമാണ് ഗ്രഹിച്ചതും വ്യാഖ്യാനിച്ചതും ഉള്‍കൊണ്ടതുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം. കാരണം അതാണല്ലോ നബിപാഠങ്ങള്‍ ഏതു തരം സ്വാധീനമാണ് സമൂഹത്തിലുണ്ടാക്കിയത് എന്ന് തിരിച്ചറിയാനുള്ള പ്രത്യക്ഷ മാര്‍ഗം. തെറ്റായ യാതൊരു സ്വാധീനവും സമൂഹത്തില്‍ സൃഷ്ടിച്ചതായി അവകാശപ്പെടാന്‍ സാധ്യമല്ലാത്ത ഒരു ഹദീസ്, ഇസ്‌ലാംവിരോധവായനകള്‍ക്കു തോന്നിയ അധമവിചാരങ്ങളെ അടിസ്ഥാനപ്പെടുത്തി വിമര്‍ശന വിധേയമാക്കുക എന്നത് വൈജ്ഞാനിക സത്യസന്ധതക്ക് ഒരിക്കലും ചേര്‍ന്ന സമീപനമല്ല.

ഹദീസുകള്‍ പെണ്ണിനെ നായയോടും കഴുതയോടും ഉപമിച്ചു എന്ന ഇസ്‌ലാംവിരോധികളുടെ വിമര്‍ശനം പാടേ നുള്ളി കളഞ്ഞത് പ്രവാചക പത്‌നിയായ ആഇശ (റ) തന്നെയാണ്. അതും പ്രവാചകനുമായുള്ള തന്റെ സ്വന്തം അനുഭവത്തെ മുന്‍ നിര്‍ത്തികൊണ്ട്. പ്രസ്തുത സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്നു തന്നെ നമുക്കു വായിക്കാം.

“ആഇശ(റ)യുടെ അടുക്കല്‍വച്ച്, നമസ്‌ക്കാരത്തെ മുറിക്കുന്നവയാണ് നായ, കഴുത, സ്ത്രീ എന്നിവയെന്ന് പറയപ്പെടുകയുണ്ടായി. അന്നേരം അവര്‍ ചോദിച്ചു: കഴുതകളോടും നായ്ക്കളോടുമാണോ നിങ്ങള്‍ ഞങ്ങളെ സാദൃശ്യപ്പെടുത്തിയിരിക്കുന്നത്? അല്ലാഹുവാണ്, നബി(സ്വ)ക്കും ക്വിബ്‌ലക്കുമിടയിലെ കട്ടിലില്‍ ഞാന്‍ കിടക്കവെ, അവിടുന്ന് നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്നേരം എനിക്ക് (വിസര്‍ജനത്തിന്) ആവശ്യം ഉണ്ടാകും. അപ്പോള്‍ എഴുന്നേറ്റിരുന്ന് നബിക്ക് പ്രയാസം വരുത്താന്‍ ഞാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ കട്ടിലിന്റെ കാലുകളുടെ ഭാഗത്തുകൂടെ ഞാന്‍ ഊര്‍ന്നിറങ്ങും.” (ബുഖാരി 484, മുസ്‌ലിം)

നമസ്‌കരിക്കുന്നവനില്‍ പ്രലോഭനമുണര്‍ത്തി അതിനു ഭംഗം വരുത്താവുന്ന ഒരു കാര്യമായി സ്ത്രീയെ പരാമര്‍ശിച്ചു എന്നതല്ലാതെ, പ്രവാചകന്‍ ഒരിക്കലും സ്ത്രീയെ നായയോടും കഴുതയോടും ഉപമിച്ചിട്ടില്ല. അഥവാ, അസ്തിത്വത്തിലെ നീചത്വം കൊണ്ടാണ് സ്ത്രീ സാന്നിധ്യംമൂലം നമസ്‌കാരം മുറിഞ്ഞുപോകുന്നതെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടില്ലെന്നർത്ഥം. മറിച്ച് അവരുടെ സാന്നിദ്ധ്യം സൃഷ്ടിച്ചേക്കാവുന്ന ശ്രദ്ധതെറ്റിക്കലാണ് പ്രവാചകൻ (സ) ഉദ്ദേശിച്ചത്. അതു വ്യക്തമാക്കി കൊടുക്കാനാണ്, തന്റെ സാന്നിധ്യം തൊട്ടുമുമ്പിൽ ഉണ്ടായിരിക്കെയാണ് പ്രവാചകൻ (സ) പലപ്പോഴും നമസ്ക്കാരം നിർവ്വഹിച്ചിരുന്നതെന്നു ആഇശ (റ) വ്യക്തമാക്കിയതും.

സ്ത്രീ സാന്നിദ്ധ്യം നിരുപാധികം നമസ്‌കാരം മുറിക്കുന്ന കാര്യമായിരുന്നെങ്കില്‍, നബിയുടെ മുമ്പില്‍ സ്ത്രീയായ ആഇശ (റ) പല തവണ നിവര്‍ന്നു കിടന്നിട്ടും ഒരിക്കല്‍ പോലും അതിന്റെ പേരില്‍ തന്റെ നമസ്‌കാരം മുറിച്ചെന്നു പറഞ്ഞ് നബി(സ്വ) അവരെ ആക്ഷേപിച്ചിട്ടില്ല. മാത്രമല്ല നബിയുടെ മുമ്പില്‍ അവരെങ്ങനെ കിടന്നുവോ അതേ രൂപത്തില്‍ തന്നെ അവരെ തുടരാന്‍ അനുവദിച്ചുകൊണ്ടു തന്നെ തന്റെ നമസ്‌കാരം പൂര്‍ത്തീകരിക്കുകയാണ് നബി (സ്വ) ചെയ്തതെന്ന ആഇശയുടെ അനുഭവ സാക്ഷ്യം ഇസ്‌ലാംവിരോധികളുടെ വിമര്‍ശനത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് വ്യക്തമാക്കുന്നതാണ്. എങ്കില്‍ പിന്നെ അനാവശ്യമായ ഇത്തരം ഉണക്ക വേവലാതികള്‍ മാറ്റിവെച്ച് കാര്യപ്പെട്ട വല്ല ഏര്‍പ്പാടിനും സമയം കണ്ടെത്തുന്നതല്ലേ ഇസ്‌ലാംവിരോധികള്‍ക്കു നല്ലത്. പക്ഷെ, അങ്ങനെയൊക്കെ നേരെ ചൊവ്വായ അര്‍ഥതലങ്ങളൊന്നും ആരും ഹദീസുകള്‍ക്കു മനസ്സിലാക്കികൂടാ എന്നത് ഇസ്‌ലാംവിരോധികളുടെ നിതാന്ത നികൃഷ്ഠ നിര്‍ബന്ധബുദ്ധിയാണ്. അതില്‍ സംഖി, കൃസംഖി, എമു, ഫെമിനി, യുക്തിവാദി… തുടങ്ങിയ ഒരു ജനുസ്സിലും പെട്ട ഇസ്‌ലാംവിരോധികളാരും വ്യത്യസ്തരല്ല എന്നതാണ് വസ്തുത.

print