ഇസ്‌ലാം സ്ത്രീയെ കാണുന്നതെങ്ങനെ?

/ഇസ്‌ലാം സ്ത്രീയെ കാണുന്നതെങ്ങനെ?
/ഇസ്‌ലാം സ്ത്രീയെ കാണുന്നതെങ്ങനെ?

ഇസ്‌ലാം സ്ത്രീയെ കാണുന്നതെങ്ങനെ?

 ഏതൊരു പ്രസ്ഥാനമായിരുന്നാലും അതിന്റെ അടിസ്ഥാന സങ്കല്‍പത്തിന്റെ പ്രതിഫലനമായിരിക്കും നിയമങ്ങളിലും നിര്‍ദേശങ്ങളിലും നമുക്ക് കാണാനാവുക. സ്ത്രീയെ സംബന്ധിച്ച ഇസ്‌ലാമിക നിര്‍ദേശങ്ങളുടെ വേര് സ്ഥിതി ചെയ്യുന്നത് അവള്‍ ആരാണെന്ന പ്രശ്‌നത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരത്തിലാണ്.

പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചതമ്പുരാന്റെ സവിശേഷ സൃഷ്ടിയാണെന്നാണ് ഖുര്‍ആനികാധ്യാപനം.

”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍” (4:1)

ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്;പുരുഷനും സ്ത്രീയും ഒരേ ആത്മാവിന്റെ രണ്ട് അംശങ്ങളാണെന്ന വസ്തുത. ഈ രണ്ട് അംശങ്ങളും കൂടിച്ചേരുമ്പോഴാണ് അതിന് പൂര്‍ണത കൈവരുന്നത്. അഥവാ സ്ത്രീയുടെയും പുരുഷന്റെയും പാരസ്പര്യത്തിലാണ് ജീവിതം പൂര്‍ണമാവുന്നത്. സ്ത്രീ-പുരുഷബന്ധത്തിലെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെല്ലാം ഉറവിടം ഈ പാരസ്പര്യമാണ്. ദമ്പതികള്‍ തമ്മില്‍ നിലനില്‍ക്കുന്ന കരുണയും സ്‌നേഹവുമെല്ലാം ദൈവിക ദൃഷ്ടാന്തങ്ങളാണെന്നാണ് ഖുര്‍ആനിക കാഴ്ചപ്പാട്. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്”(30:21).

ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. സ്ത്രീ-പുരുഷ സമത്വമെന്ന ആശയത്തെ അത് നിരാകരിക്കുകയും ചെയ്യുന്നു. സ്ത്രീ, പുരുഷന് സമമോ പുരുഷന്‍,സ്ത്രീക്ക് സമമോ ആവുക അസാധ്യമാണെന്നാണ് അതിന്റെ വീക്ഷണം. അങ്ങനെ ആക്കുവാന്‍ ശ്രമിക്കുന്നത് പ്രകൃതി വിരുദ്ധമാണ്. സ്ത്രീയെയും പുരുഷനെയും പ്രകൃതി അവര്‍ക്കനുവദിച്ച സ്ഥാനങ്ങളില്‍തന്നെ നിര്‍ത്തുകയാണ് ഖുര്‍ആ ന്‍ ചെയ്യുന്നത്. പ്രകൃതി സ്ത്രീക്കും പുരുഷനും നല്‍കിയ സ്ഥാനങ്ങള്‍ തന്നെയാണ് പ്രകൃതിമതമായ ഇസ്‌ലാമും അവര്‍ക്ക് നല്‍കുന്നത്.

print