ലൈംഗീകദാരിദ്ര്യമുള്ള സ്ത്രീകൾക്ക് ബഹുഭർതൃത്വമായിക്കൂടേ ?

/ലൈംഗീകദാരിദ്ര്യമുള്ള സ്ത്രീകൾക്ക് ബഹുഭർതൃത്വമായിക്കൂടേ ?
/ലൈംഗീകദാരിദ്ര്യമുള്ള സ്ത്രീകൾക്ക് ബഹുഭർതൃത്വമായിക്കൂടേ ?

ലൈംഗീകദാരിദ്ര്യമുള്ള സ്ത്രീകൾക്ക് ബഹുഭർതൃത്വമായിക്കൂടേ ?

പുരുഷന്മാരെപ്പോലെ ലൈംഗികദാരിദ്ര്യം സ്ത്രീകൾക്കും ഉണ്ടായിക്കൂടെയെന്നും അത്തരം അവസരങ്ങളിൽ എന്തുകൊണ്ടാണ് ഇസ്‌ലാം അവർക്കും ഒന്നിലധികം ഇണകളെ സ്വീകരിക്കുവാനുള്ള അവകാശം നൽകാതിരിക്കുന്നത് എന്ന ചോദ്യമുന്നയിച്ച് ഇസ്‌ലാമിനെ പെൺപീഡനത്തിന്റെ പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിക്കുന്നവരുണ്ട്.

ബഹുഭാര്യത്വമനുവദിച്ച ഇസ്‌ലാം എന്തുകൊണ്ടാണ് ബഹുഭര്‍തൃത്വമനുവദിക്കാത്തത് എന്നാണ് അവർ ഉന്നയിക്കുന്ന ചോദ്യം. ബഹുഭാര്യത്വം പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്; ബഹുഭര്‍തൃത്വമാകട്ടെ ഒരു പ്രശ്‌നം മാത്രമാണ്. ഒന്നിനുമുള്ള പരിഹാരമല്ല എന്നാണ് അതിനുള്ള ഉത്തരം. ‘ബഹുഭാര്യത്വം സ്വീകരിക്കുവാന്‍ പുരുഷനെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ക്ക് സമാനമായ സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്കുണ്ടായാല്‍ അവര്‍ക്ക് എന്തു പരിഹാരമാണുള്ളത്?’ എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് ഇസ്‌ലാമിനെതിരെ ഇത്തരക്കാർ സംസാരിക്കുന്നത്. . പ്രസ്തുത പ്രശ്‌നങ്ങള്‍ പരിശോധിച്ചാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പ്രയാസമുണ്ടാവുകയില്ല.

ഒന്ന്: വൈയക്തികമായ പ്രശ്‌നങ്ങള്‍: സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്കുവേണ്ടി ഒന്നിലധികം പുരുഷന്മാരെ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം. ആരോഗ്യവാനായ ഒരു പുരുഷന്‍തന്നെ സ്ത്രീക്ക് തന്റെ ലൈംഗിക ആവശ്യത്തിന് ധാരാളമാണ്. സ്ത്രീയുടെ ആര്‍ത്തവം, പ്രസവം തുടങ്ങിയ അവസ്ഥകളില്‍ ലൈംഗികാസക്തനായ പുരുഷന്‍ പ്രയാസപ്പെടുന്നതുപോലെ സ്ത്രീയുമായി ബന്ധത്തിന് തടസ്സം നില്‍ക്കുന്ന അവസ്ഥകളൊന്നും സാധാരണ നിലയില്‍ പുരുഷനില്ല. അതുകൊണ്ടുതന്നെ സ്ത്രീക്ക് ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഒന്നിലധികം പുരുഷന്മാരെ ഭര്‍ത്താക്കന്മാരാക്കേണ്ട ആവശ്യം വരുന്നില്ല.

പുരുഷന്റെ ലൈംഗികശേഷിയില്ലായ്മ, വന്ധ്യത എന്നിവയാണ് മറ്റു മുഖ്യപ്രശ്‌നങ്ങള്‍. പുരുഷനില്‍ വന്ധ്യതക്കുള്ള കാരണങ്ങള്‍ ബീജരാഹിത്യം, ബീജങ്ങളുടെ ചലനശേഷിയില്ലായ്മ, ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണത്തിലുള്ള കുറവ്, ഉല്‍പാദന ഗ്രന്ഥികളുടെ തകരാറുകള്‍ എന്നിവയാണ്. ഇവയൊന്നും സ്ഥിരമായ വന്ധ്യതക്കുള്ള കാരണമല്ല. എല്ലാം ഫലപ്രദമായ ചികില്‍സകൊണ്ട് മാറ്റാവുന്നതാണ്. പുരുഷന് ലൈംഗിക ശേഷിയില്ലെങ്കില്‍ സ്ത്രീക്ക് അയാളില്‍നിന്ന് വിവാഹമോചനം നേടാവുന്നതാണ്. ലൈംഗികശേഷിയില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിക്കുവാന്‍ ഇസ്‌ലാം സ്ത്രീയെ നിര്‍ബന്ധിക്കുന്നില്ല. അത്തരം അവസ്ഥയില്‍ വിവാഹമോചനം തന്നെയാണ് യുക്തമായ പരിഹാരം; ബഹുഭര്‍തൃത്വമല്ല.

രണ്ട്: സാമൂഹികമായ പ്രശ്‌നങ്ങള്‍: പുരുഷന്മാരുടെ എണ്ണം സ്ത്രീകളു ടേതിനേക്കാള്‍ കൂടുന്ന അവസ്ഥയില്‍ ബഹുഭര്‍തൃത്വമനുവദിച്ചുകൂടേയെന്ന് ചോദിക്കാവുന്നതാണ്. ഇത്തരമൊരവസ്ഥ സാധാരണഗതിയില്‍ സംജാതമാവുകയില്ല എന്നതാണ് അതിനുള്ള ഉത്തരം. സാധാരണ നടക്കുന്ന പ്രസവങ്ങളില്‍ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുവാനുള്ള സാധ്യത തീരെയില്ല. യുദ്ധങ്ങളിലോ മറ്റോ സ്്രതീകള്‍ കൂടുതലായി കൊല്ലപ്പെടുകയും സ്ത്രീകളേക്കാള്‍ അധികം പുരുഷന്മാര്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാവുകയില്ല. അപ്പോള്‍ സ്ത്രീ-പുരുഷ അനുപാതത്തില്‍ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുകയെന്നത് ഇല്ലാത്ത പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരമായി ബഹുഭര്‍തൃത്വം നിര്‍ദേശിക്കുന്നത് വ്യര്‍ഥമാണ്.

ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ ഈ അടുത്ത കാലത്തെ ജനസംഖ്യാ കണക്കെടുപ്പില്‍ പുരുഷന്മാരുടെ എണ്ണമാണ് സ്ത്രീകളേക്കാള്‍ കൂടുതലെന്ന വസ്തുത ഈ വാദത്തിനെതിരില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. അതിനുള്ള കാരണമെന്താണ്? സ്ത്രീ ഭ്രൂണഹത്യ. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി പിറക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെങ്കില്‍  അതിനെ ഗര്‍ഭത്തില്‍വെച്ചുതന്നെ നശിപ്പിക്കുന്ന ക്രൂരമായ ഏര്‍പ്പാടിന്റെ പരിണിത ഫലമാണിത്. പെണ്‍കുഞ്ഞുങ്ങളെ കൊല്ലൂന്ന പ്രാകൃത സമ്പ്രദായത്തിന്റെ പുനരാഗമനഫലം. ഇത് ഖുര്‍ആന്‍ ശക്തിയായി വിമര്‍ശിച്ചിട്ടുള്ളതാണ് (16:59, 6:137, 17:31, 81:9). അതുകൊണ്ടുതന്നെ ഒരു ഇസ്‌ലാമിക സമൂഹത്തില്‍ പെണ്‍ഭ്രൂണഹത്യകളോ ആണ്‍ഭ്രൂണഹത്യകളോ ഉണ്ടാവില്ല. സ്വാഭാവികമായ പ്രസവം നടക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണമാണ് കൂടുതലുണ്ടാവുക. പ്രകൃതിയിലെ സംവിധാനം അങ്ങനെയുള്ളതാണ്.

ഇനി ഒരു രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണെങ്കില്‍തന്നെ അവിടെ ജീവിക്കുന്ന പുരുഷന്മാര്‍ക്ക് അയല്‍നാടുകളില്‍പോയി ഭാര്യമാരെ കണ്ടെത്താവുന്നതാണ്. പുറംനാടുകളില്‍ സഞ്ചരിക്കുവാനും അവിടെ ഇണകളെ കണ്ടെത്തുന്നതിനും സ്ത്രീകളേക്കാള്‍ സാധിക്കുക പുരുഷന്മാര്‍ക്കാണ്. അധികം വരുന്ന സ്ത്രീകളോട് പുറം നാടുകളില്‍നിന്ന് ഭര്‍ത്താക്കന്മാരെ കണ്ടെത്തുവാന്‍ പറയുന്നത് തീരെ പ്രായോഗികമല്ല. പുരുഷന്മാരുടെ സ്ഥിതി അതല്ല. തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് സ്ത്രീകള്‍ കുറവാണെങ്കില്‍ അവര്‍ക്ക് അന്യനാടുകളില്‍നിന്ന്  ഇണകളെ കണ്ടെത്തുക അത്രതന്നെ പ്രയാസകരമാവുകയില്ല. സാധാരണഗതിയില്‍ ഇത്തരമൊരവസ്ഥ ഉണ്ടാവുകയില്ലെങ്കിലും അഥവാ ഉണ്ടായാല്‍ അതിനുള്ള പരിഹാരവുമുണ്ട് എന്നതാണ് വാസ്തവം. ബഹുഭര്‍തൃത്വം  അനിവാര്യമായിത്തീരുന്ന യാതൊരു സാഹചര്യങ്ങളുമില്ലാത്തതിനാലാണ് ഇസ്‌ലാം അത് അനുവദിക്കാത്തത് എന്നര്‍ഥം.

എല്ലാ അര്‍ഥത്തിലും പ്രകൃതിവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ് ബഹുഭര്‍തൃത്വമെന്ന ആശയം. ലൈംഗീക ചോദനകയുടെ നരവംശശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയ മാര്‍ഡോക്കിന്റെ പഠനം വ്യക്തമാക്കിയത് ബഹുഭർതൃത്വം നില നിന്നിരുന്ന സമൂഹങ്ങൾ വളരെ വിരളമായിരുന്നുവെന്നാണ്. 1170 സംസ്‌കാരങ്ങളെ പഠനവിധേയമാക്കിയപ്പോള്‍ അതിലൊരേയൊരു നാഗരികത മാത്രമാണ് ബഹുഭര്‍തൃത്ത്വം അംഗീകരിച്ചതായി കണ്ടത്. അതുതന്നെ പൂര്‍ണമായ അര്‍ഥത്തിലല്ലതാനും. ഇന്ത്യയില്‍ ബഹുഭര്‍തൃത്വം അനുവദിക്കപ്പെട്ടിരുന്നസമൂഹങ്ങള്‍ അതിനെ കയ്യൊഴിച്ചതും അത് പ്രകൃതി വിരുദ്ധമാണെന്ന് അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചതുകൊണ്ട് തന്നെയായിരിക്കണം. ഇസ്‌ലാം ബഹുഭര്‍തൃത്ത്വം അംഗീകരിക്കാതിരിക്കാനുള്ള കാരണവും മറ്റൊന്നല്ല. ഇസ്‌ലാം പ്രകൃതിമതമാണ്; പ്രകൃതിവിരുദ്ധവും മാനവവിരുദ്ധവുമായ ഒരാശയവും ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

print