സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിച്ചു!

/സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിച്ചു!
/സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിച്ചു!

സ്ത്രീകളെ കൃഷിസ്ഥലത്തോട് ഉപമിച്ചു!

‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‘ (2:223) എന്ന ഖുര്‍ആന്‍ സൂക്തമാണ് ഇവിടെ വിമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഭാര്യയെ കൃഷിയിടത്തോടുപമിക്കുന്ന ഖുര്‍ആന്‍ അവളെ വെറുമൊരു ഉല്‍പാദനോപകരണം മാത്രമാക്കിയെന്നാണ് ആക്ഷേപം.

ഖുര്‍ആനില്‍ ഒരുപാട് ഉപമാലങ്കാരങ്ങളുണ്ട്. സ്ത്രീയെ കൃഷിയിടത്തോടും വസ്ത്രത്തോടും ഉപമിക്കുന്നത് അവയില്‍ ചിലതുമാത്രം. ഉപമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ മനോഗതംപോലെ അവയെ വ്യാഖ്യാനിക്കാന്‍ കഴിയും. പ്രസ്തുത വ്യാഖ്യാനങ്ങള്‍ വ്യാഖ്യാതാവിന്റെ മനസ്സിന്റെ നിമ്‌നോന്നതികളെയാണ് പ്രതിഫലിപ്പിക്കുക. കൃഷിസ്ഥലത്തോട് ഭാര്യയെ ഉപമിച്ചതിനാല്‍ കൃഷിയിടം ചവിട്ടിമെതിക്കുന്നതുപോലെ അവളെ ചവിട്ടിമെതിക്കാമെന്നും അത് വില്‍ക്കുന്നതുപോലെ സ്ത്രീയെ ഏതു സമയത്തും വില്‍പന നടത്താമെന്നും അതിനെ ഉഴുതുമറിക്കുന്നതുപോലെ അവളെ ഉഴുതുമറിക്കാമെന്നുമാണ് ഖുര്‍ആന്‍ പറയുന്നതെന്ന് ഒരാള്‍ക്ക് വാദിക്കാം. ഭാര്യയെ വസ്ത്രത്തോടുപമിച്ചതില്‍നിന്ന് അവളെ വസ്ത്രം മാറുന്നതുപോലെ മാറ്റുവാനാണ് ഖുര്‍ആന്‍ കല്‍പിക്കുന്നതെന്ന് വ്യാഖ്യാനിക്കാനും സാധിക്കും. പക്ഷേ, ഈ വ്യാഖ്യാനങ്ങളെല്ലാം വ്യാഖ്യാതാക്കളുടെ മനോഗതിയെയും മുന്‍ധാരണകളെയുമല്ലാതെ മറ്റൊന്നിനെയും പ്രതിഫലിപ്പിക്കുന്നില്ല എന്നല്ലോ മനഃശാസ്ത്ര മതം.

ഏതൊരു ഗ്രന്ഥത്തിലെയും ഉപമാലങ്കാരങ്ങളെ വ്യാഖ്യാനിക്കുവാന്‍ ആ ഗ്രന്ഥത്തിന്റെ ഇതിവൃത്തത്തെയും അത് പ്രഖ്യാപിക്കുന്ന ആദര്‍ശത്തെയും അത് മുന്നോട്ടുവെക്കുന്ന സാമൂഹികസംവിധാനത്തെയും കുറിച്ച അടിസ്ഥാന വസ്തുതകള്‍ അറിയേണ്ടതുണ്ട്. ‘സ്ത്രീകള്‍ക്ക് ബാധ്യതയുള്ളപോലെ അവകാശങ്ങളുമുണ്ട്‘(2:228) എന്ന ഖുര്‍ആന്‍ സൂക്തം സ്ത്രീപുരുഷബന്ധത്തെക്കുറിച്ച അതിന്റെ വീക്ഷണത്തെ സംബന്ധിച്ച അടിസ്ഥാനപരമായ അറിവ് നല്‍കുന്നുണ്ട്. ‘ഭൂമിയിലെ വിഭവങ്ങളില്‍ ഉത്തമമാണ് സദ്‌വൃത്തയായ സ്ത്രീ‘(മുസ്‌ലിം) എന്ന പ്രവാചക വചനം ഇതിന് അനുബന്ധമായി സ്ഥിതി ചെയ്യുന്നു. ഈ അടിത്തറയില്‍നിന്നുകൊണ്ട് സ്ത്രീയെക്കുറിച്ച ഉപമകള്‍ മനസ്സിലാക്കിയാലേ പ്രസ്തുത ഉപമകളുടെ സൗന്ദര്യം ആസ്വദിക്കാനാവൂ.

സ്ത്രീയെ വസ്ത്രത്തോടുപമിച്ച ഖുര്‍ആന്‍ എന്താണ് അര്‍ഥമാക്കുന്നത്? ശരീരവുമായി ഒട്ടിച്ചേര്‍ന്നുനില്‍ക്കുന്ന ഭൗതികമായി ഏറ്റവും അടുത്ത വസ്തുവാണ് വസ്ത്രം. അത് അന്യന്‍ കാണാതിരിക്കേണ്ട ശരീരഭാഗങ്ങളെ മറച്ചുവെക്കുന്നു. കാലാവസ്ഥയുടെ അസുഖകരമായ അവസ്ഥകളില്‍നിന്ന് ശരീരത്തെ സംരക്ഷിക്കുന്നത് വസ്ത്രമാണ്. മനുഷ്യന്റെ അന്തസ്സിന്റെ പ്രകടനവും വസ്ത്രത്തില്‍ കുടികൊള്ളുന്നു. സൗന്ദര്യവും ആനന്ദവും വര്‍ധിപ്പിക്കുന്നതിനും വസ്ത്രം ഉപയോഗിക്കുന്നു. സര്‍വോപരി ഒരാളുടെ സംസ്‌കാരത്തിന്റെ പ്രകടനമാണ് വസ്ത്രം. ഖുര്‍ആന്‍ സ്ത്രീയെ പുരുഷന്റെ വസ്ത്രമായി മാത്രമല്ല പറഞ്ഞിട്ടുള്ളതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ‘അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാണ്, നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാണ്‘ (2:187) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഖുര്‍ആനിന്റെ ഉപമ എത്ര സുന്ദരം! കൃത്യം. പരസ്പരം വസ്ത്രമാകാതിരിക്കുന്നതല്ലേ ഇന്നത്തെ കുടുംബപ്രശ്‌നങ്ങളുടെ പ്രധാനപ്പെട്ട കാരണം?

സ്ത്രീയെ കൃഷിയിടത്തോടും പുരുഷനെ കൃഷിക്കാരനോടും ഉപമിച്ച ഖുര്‍ആന്‍ എന്താണ് അര്‍ഥമാക്കിയിരിക്കുന്നത്? കൃഷിയിടവും കൃഷിക്കാരനും തമ്മിലുള്ള ബന്ധമറിയാന്‍ കൃഷിക്കാരനോടുതന്നെ ചോദിക്കണം. കൃഷിയിടത്തിനുവേണ്ടി മരിക്കാന്‍ സന്നദ്ധനാണവന്‍. മണ്ണെന്ന് കേള്‍ക്കുമ്പോള്‍ അയാള്‍ വികാരതരളിതനാവും. കൃഷിഭൂമിയുടെ നിയമത്തെക്കുറിച്ച് അറിയുന്നവനാണവന്‍. സ്വന്തം കൃഷിയിടത്തില്‍ അന്യനെ വിത്തിടാന്‍ അയാള്‍ അനുവദിക്കുകയില്ല. അപരന്റെ കൃഷി സ്ഥലത്ത് വിത്തിറക്കാന്‍ അയാളൊട്ട് മുതിരുകയുമില്ല. കൃഷിഭൂമി പാഴാക്കരുത്്. തരിശിടരുത്. വളമിടണം. ജലസേചനം ചെയ്യണം. മണ്ണിന്റെ ഗുണം കൂട്ടണം. മണ്ണൊലിപ്പ് തടയണം.‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാണ്‘ (2:223) എന്ന ഖുര്‍ആനികാധ്യാപനം ശ്രവിക്കുന്ന കര്‍ഷകന് പെണ്ണിനെ കേവലം ഒരു ഉല്‍പാദനയന്ത്രമായി കാണാന്‍ കഴിയില്ല. കൃഷിയിടവും കര്‍ഷകനും തമ്മിലുള്ള ബന്ധത്തിന്റെ ആന്തരികമായ ആഴമറിയാത്തവര്‍ക്ക് ഈ ഉപമ ആസ്വദിക്കാന്‍ കഴിയില്ല. എന്നാല്‍ കൃഷിക്കാരന്റെ സ്ഥിതി അതല്ല. അവന്‍ പ്രസ്തുത ഉപമയുടെ അര്‍ഥം മനസ്സിലാക്കുന്നു. സൗന്ദര്യമുള്‍ക്കൊള്ളുന്നു. ഖുര്‍ആന്‍ സംസാരിക്കുന്നത് പച്ചയായ മനുഷ്യരോടാണ്; സാങ്കല്‍പിക ലോകത്ത് ബുദ്ധി വ്യായാമം ചെയ്യുന്ന‘ജീവി‘കളോടല്ലെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

സ്ത്രീയെ കൃഷിയിടത്തോടുപമിച്ച ഖുര്‍ആനിക സൂക്തത്തിന്റെ അവതരണ പശ്ചാത്തലംകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് ചില പ്രത്യേക രീതികളിലായിരുന്നാല്‍ അത് പാപമാണെന്നും ജനിക്കുന്ന കുഞ്ഞിന്റെ കണ്ണിനു തകരാറുണ്ടാവുമെന്നുമുള്ള അന്ധവിശ്വാസങ്ങള്‍ മദീനയിലെ യഹൂദര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ച് അനുചരന്മാര്‍ പ്രവാചകനോട് (ﷺ) ചോദിച്ചു: അപ്പോഴാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടതെന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ‘നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്ന വിധം നിങ്ങളുടെ കൃഷിസ്ഥലത്തു ചെല്ലുക‘ എന്ന സൂക്തത്തിന്റെ വിവക്ഷ ഈ പശ്ചാത്തലം വെച്ചുകൊണ്ട് മനസ്സിലാക്കുന്നത് തെറ്റിദ്ധാരണ നീങ്ങാന്‍ സഹായകമാവും. കൃഷിയിടത്തിലേക്ക് പല മാര്‍ഗങ്ങളുപയോഗിച്ച് കടന്നുചെല്ലുന്ന കൃഷിക്കാരനെപ്പോലെ ലൈംഗികബന്ധത്തില്‍ വ്യത്യസ്ത മാര്‍ഗങ്ങളുപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് ഖുര്‍ആന്‍ ഇവിടെ പഠിപ്പിക്കുന്നത്. കൃഷി സ്ഥലത്തുതന്നെയാണ് വിത്തുവിതക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നുമാത്രം. ഗുദമൈഥുനമൊഴിച്ചുള്ള മാര്ഗങ്ങളിലൂടെയെല്ലാം ലൈംഗീകാസ്വാദനം നേടാമെന്ന് പഠിപ്പിക്കുന്ന ഈ വചനം പെണ് വിരുദ്ധമാണെന്ന് പറയുന്നവർക്ക് ലൈംഗികതയെക്കുറിച്ചും അതിന്റെ മഴവിൽ വർണങ്ങളിലുള്ള ആസ്വാദനരീതികളെക്കുറിച്ചും യാതൊന്നുമറിയില്ലേയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. .

print