ശറാഫ് ബിൻത് ഖലീഫയെ നബി (സ) വിവാഹം ചെയ്‌തുവൊ ?

/ശറാഫ് ബിൻത് ഖലീഫയെ നബി (സ) വിവാഹം ചെയ്‌തുവൊ ?
/ശറാഫ് ബിൻത് ഖലീഫയെ നബി (സ) വിവാഹം ചെയ്‌തുവൊ ?

ശറാഫ് ബിൻത് ഖലീഫയെ നബി (സ) വിവാഹം ചെയ്‌തുവൊ ?

വിമർശനം:

“പരിപൂർണ്ണതയിലെത്താത്ത മറ്റു ഡിവോഴ്സുകൾ”

ശറാഫ് ബിൻത് കലീഫ … മേൽ പറഞ്ഞ ഖവ്‌ല മരിച്ചതിന് ശേഷം അവരുടെ കുടുംബം മുഹമ്മദുമായി ബന്ധം പുനസ്ഥാപിച്ച് തടി രക്ഷിക്കാൻ വേണ്ടി അയച്ചു കൊടുത്ത സ്ത്രീ… ഇവരെ ഡിവോഴ്സ് ചെയ്ത് നബി ആ ഗോത്രവും ആയുള്ള കരാർ ഇല്ലാതാക്കി.. (തബാരി v9, P 138; ഇബ്നു സാദ് v 8, P 116 -117)

(മുഹമ്മദിന്റെ പെണ്ണുങ്ങൾ: നാസ്‌തിക സോഷ്യൽ മീഡിയ തെറിമാല)

മറുപടി:

നാസ്‌തിക സോഷ്യൽ മീഡിയ തെറിമാലകളിൽ ഒന്നായ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന കുറിപ്പിൽ നിന്നുള്ള ചില വരികളെയാണ് നാം തുടർച്ചയായി നിരൂപണം ചെയ്‌തു കൊണ്ടിരിക്കുന്ന്. മുമ്പ് സൂചിപ്പിച്ചതു പോലെ, സ്ത്രീവിമോചകനായ നബിയെ (സ), സ്ത്രീ പീഢകനും ലമ്പടനുമായി പ്രചരിപ്പിക്കാൻ വേണ്ടി കല്ലുവച്ച നുണകളും, അർദ്ധ സത്യങ്ങളും, ദുർവ്യാഖ്യാനങ്ങളും, വൈരുദ്ധ്യങ്ങളും കൂട്ടി കുഴച്ചുണ്ടാക്കിയ വിധ്വേഷ കഷായമാണ് ലേഖനം.

വിമർശനത്തിലേക്ക് വരാം…

ശറാഫ് ബിൻത് ഖലീഫയെ ദൈവദൂതൻ വിവാഹം ചെയ്തു എന്ന് സൂചിപ്പിക്കുന്ന നിവേദനം
ഇപ്രകാരമാണ്:

أَخْبَرَنَا هِشَامُ بْنُ مُحَمَّدِ بْنِ السَّائِبِ ، قَالَ : حَدَّثَنَا الشَّرْقِيُّ بْنُ الْقَطَّامِيُّ قَالَ : لَمَّا هَلَكَتْ خَوْلَةُ بِنْتُ الْهُذَيْلِ تَزَوَّجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَرَافَ بِنْتَ خَلِيفَةَ أُخْتَ دِحْيَةَ وَلَمْ يَدْخُلْ بِهَا

ഹിശാമിബ്നു മുഹമ്മദ് ഇബ്നുസ്സാഇബ് അറിയിച്ചു: നമ്മോട് ശർക്വിയ്യിബ്നു കത്വാമി പറയുകയുണ്ടായി: ഖൗല ബിൻത് ഹുദൈൽ മരണപ്പെട്ടപ്പോൾ ദൈവദൂതൻ (സ) ശറാഫ് ബിൻത് ഖലീഫയെ – ദിഹ്‌യയുടെ സഹോദരി – വിവാഹം ചെയ്തു. അവരോടൊപ്പം താമസിച്ചില്ല (അതിനു മുമ്പ് വിവാഹ മോചനം നടന്നു)

1. സനദിലെ ഹിശാമിബ്നു മുഹമ്മദ് അൽ കൽബി നുണയനും ദുർബലനുമാണെന്ന, ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ മുമ്പത്തെ ലേഖനത്തിൽ ചേർത്തിട്ടുണ്ട്.

2. മറ്റൊരു നിവേദകനായ ‘ശർകിയ്യിബ്നു ക്വത്വാമി’ യും ദുർബലനാണ്. ഇതും മുമ്പത്തെ ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

3. ശർകിയ് പ്രവാചകാലഘട്ടക്കാരനല്ല; താൻ ആരിൽ നിന്നാണ് ഈ കഥ കേട്ടതെന്ന് വ്യക്തമാക്കിയിട്ടുമില്ല. അഥവാ പരമ്പര കണ്ണി മുറിഞ്ഞതാണ്.

ഈ മൂന്ന് കാരണങ്ങളാൽ തന്നെ ഇത്തരമൊരു വിവാഹം പ്രവാചക ജീവിതത്തിൽ നടന്നിട്ടില്ലെന്നും, ചില തൽപര കക്ഷികൾ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജകഥ മാത്രമാണിതെന്നും സുതരാം വ്യക്തമാണ്.

ബനൂ കൽബ് ഗോത്രക്കാരനായ ഹിശാമിബ്നു മുഹമ്മദ് അൽ കൽബി എന്ന റാവി തന്റെ ഗോത്രത്തിലെ ഒരുപാട് സ്ത്രീകളുമായി നബി(സ)ക്ക് വിവാഹ ബന്ധമുണ്ടായിരുന്നു എന്ന് ഗോത്ര മഹിമ പ്രചരിപ്പിക്കാൻ ചമച്ചുണ്ടാക്കിയതാവാം ഈ കഥകൾ മുഴുവൻ. എന്നിട്ട് ആരും ഈ വിവാഹങ്ങൾ അറിയാതിരുന്നതെന്തെ? എന്ന് നബി ചരിത്രത്തെയും നബി കുടുംബത്തെയും സംബന്ധിച്ച് വിവരമുള്ളവർ ചോദിക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ, പെട്ടെന്ന് തന്നെ വിവാഹ മോചനങ്ങളും നടന്നു എന്നും കഥയിൽ റ്റ്വിസ്റ്റുണ്ടാക്കി പ്രചരിപ്പിച്ചു എന്ന് കരുതാനെ വഴിയുള്ളു.

സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച ഗോത്രമാണ് കൽബ് ഗോത്രം. ആദ്യ കാലഘട്ടത്തിൽ തന്നെ ആവേശത്തോടെ ഇസ്‌ലാം ആശ്ലേഷിച്ച വ്യക്തിയായിരുന്നു – ശറാഫിന്റെ സഹോദരനായ – ദിഹ്‌യ ഇബ്നു ഖലീഫ. (സിയറു അഅ്ലാമിന്നുബലാഅ്: 2: 551)

പിന്നെ എവിടെ നിന്നാണ് “മുഹമ്മദുമായി ബന്ധം പുനസ്ഥാപിച്ച് തടി രക്ഷിക്കാൻ വേണ്ടി അയച്ചു കൊടുത്ത സ്ത്രീ… ” “ഇവരെ ഡിവോഴ്സ് ചെയ്ത് നബി ആ ഗോത്രവും ആയുള്ള കരാർ ഇല്ലാതാക്കി..” എന്ന് തുടങ്ങിയ നാസ്‌തികർ വകയായുള്ള വാചകങ്ങൾ നിവേദനത്തിൽ തിരുകി കയറ്റപ്പെട്ടത് ? വാചകം കേട്ടാൽ തോന്നുക മുഹമ്മദ് നബി (സ) ആ ഗോത്രത്തെ സായുധശക്തിയാൽ കീഴ്‌പ്പെടുത്തി സ്ത്രീകളെ അയച്ചു കൊടുക്കാൻ വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ട് എന്ന്. ഇങ്ങനെ ചരിത്ര വസ്തുതകൾക്ക് നിരക്കാത്ത കുപ്രചരണങ്ങൾ നിവേദനങ്ങൾക്കിയിൽ തിരുകി കയറ്റി വളരെ സാധാരണമായ ഒരു വിവാഹത്തെ, ഭയത്തിന്റെ നിഴൽപ്പാടിൽ നടന്ന ‘പെണ്ണയച്ച് കൊടുക്കൽ’ ആക്കി മാറ്റാനുള്ള കുൽസിത ശ്രമമാണിത്. യുദ്ധമൊ കലാപമൊ ഒന്നും നിലനിൽക്കാത്ത, നബിയുടെ(സ) ഏറ്റവും പഴയ ആദർശ സ്നേഹികളും സുഹൃത്തുക്കളും നബിക്ക് കൊണ്ടുവന്ന വിവാഹാലോചന, എന്തിൽ നിന്ന് തടി രക്ഷിക്കാനാണ് എന്ന് തെളിവ് സഹിതം വ്യക്തമാക്കണം. വ്യംഗ്യമായ വാചകങ്ങളിലൂടെ ഇല്ലാക്കഥ നിർമ്മിക്കുന്ന സ്ഥിരം പരിപാടി തന്നെയാണ്, നടക്കാത്ത കല്യാണത്തിൽ നാസ്‌തികർ വക ഒരു ഇല്ലാത്ത കരാറും ‘പെണ്ണയച്ചു കൊടുക്കലും’.

അവസാനമായി സൂചിപ്പിക്കട്ടെ, ശറാഫ് ബിൻത് ഖലീഫയെ നബി (സ) വിവാഹം ചെയ്തിട്ടില്ല എന്ന നിവേദനവും ‘ത്വബകാത്തി’ ൽ ഉണ്ട്
(ത്വബകാത്തു ഇബ്നു സഅ്ദ്: 8: 161)
എങ്കിലും നാസ്‌തികർ അത് കാണില്ല. കാരണം, ‘ത്വബകാത്ത്’ കണ്ടിട്ടുള്ള, വായിച്ചിട്ടുള്ള ഒരു നാസ്‌തികനുമില്ലെന്ന് ഏവർക്കുമറിയാമല്ലൊ. എല്ലാത്തിന്റെയും സ്രോതസ്സുകൾ ഇസ്‌ലാമോഫോബിക്ക് വെബ്സൈറ്റുകൾ മാത്രമാണല്ലൊ.

print