വ്യത്യസ്ത ഖിറാഅത്തുകളിലെ ആശയവ്യത്യാസങ്ങൾ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതല്ലേ?

/വ്യത്യസ്ത ഖിറാഅത്തുകളിലെ ആശയവ്യത്യാസങ്ങൾ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതല്ലേ?
/വ്യത്യസ്ത ഖിറാഅത്തുകളിലെ ആശയവ്യത്യാസങ്ങൾ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതല്ലേ?

വ്യത്യസ്ത ഖിറാഅത്തുകളിലെ ആശയവ്യത്യാസങ്ങൾ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതല്ലേ?

ല്ല. പാരായണ വ്യത്യാസത്തിനനുസരിച്ച് ചില ആശയവ്യത്യാസങ്ങളുണ്ടാകാമെങ്കിലും അവ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവയല്ല. ഏറെ പ്രചാരത്തിലുള്ള രണ്ട് ക്വിറാഅത്തുകളിലുള്ള പാരായണ വ്യത്യാസങ്ങള്‍ പരിശോധിച്ചാല്‍ അവ എത്രമാത്രം ക്വുര്‍ആനിന്റെ അഖണ്ഡതയെ ബാധിക്കാത്തതാണെന്ന് മനസ്സിലാവും.

സൂറത്തുല്‍ ബക്വറയിലെ 85-ാമത്തെ വചനത്തിന്റെ ഹഫ്‌സ് ഖിറാഅത്ത് (അല്‍ ക്വുര്‍ആനില്‍ കരീം ബി രിവായത്തി ഹഫ്‌സ്വ് അന്‍ ആസ്വിം, മുജമ്മ ഉല്‍ മലിക് ഫഹദ്, അല്‍ മദീനതുല്‍ മുനവ്വറ, 2002) പ്രകാരം ‘തഅ്മലൂന്‍’’(നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്) എന്നതിനു പകരം വര്‍ശ് ഖിറാഅത്തിലുള്ളത് (അല്‍ ക്വുര്‍ആനില്‍ കരീം ബി രിവായത്തി വര്‍ഷ് അന്‍ നാഫിഅ്, ദാറുല്‍ മഅ്‌രിഫത്, ദിമശ്ഖ്, 2003) യഅ്മലൂന്‍’ (അവര്‍ പ്രവര്‍ത്തിക്കുന്നത്) എന്നാണ്. സൂറത്തുല്‍ ഹിജ്‌റിലെ 8ാം വചനത്തിന്റെ ഹഫ്‌സ് ഖിറാഅത്തില്‍ ‘മാ നുനസ്സിലു (നാം ഇറക്കുന്നതല്ല) എന്നാണെങ്കില്‍ വര്‍ശ് ഖിറാഅത്തില്‍ ‘മാ തുനസ്സിലു’ (നീ ഇറക്കുന്നതല്ല) എന്നാണുള്ളത്. സൂറത്തുല്‍ അമ്പിയാഇലെ നാലാമത്തെ വചനത്തിന്റെ തുടക്കം ഹഫ്‌സ് പ്രകാരം ‘ഖാല’’(അദ്ദേഹം പറഞ്ഞു) എന്നാണെങ്കില്‍ വര്‍ശ് പ്രകാരം ‘ഖുല്‍’’(നീ പറയുക) എന്നാണ്. സൂറത്തുല്‍ അഹ്‌സാബിന്റെ 68-ാം വചനം ഹഫ്‌സ് ക്വിറാഅത്തു പ്രകാരം അവസാനിക്കുന്നത് ‘ലഅ്‌നന്‍ കബീറാ’ (വമ്പിച്ച ശാപം) എന്ന പാരായണത്തോടെയാണെങ്കില്‍ വര്‍ശ് പ്രകാരം അത് ‘ലഅ്‌നന്‍ കഥീറാ’’(വര്‍ധിച്ച ശാപം) എന്നാണ്. സൂറത്തുല്‍ ഫത്ഹിലെ 17ാമത്തെ വചനത്തില്‍‘’യുദ്ഖില്‍ഹു’’(അവന്‍ അവനെ പ്രവേശിപ്പിക്കും) എന്നാണ് ഹഫ്‌സ് ക്വിറാഅത്തിലുള്ളതെങ്കില്‍ അതിന്റെ വര്‍ശ് ഖിറാഅത്ത് ‘നുദ്ഖില്‍ഹു’ (നാം അവനെ പ്രവേശിപ്പിക്കും) എന്നാണ്.

ക്വുര്‍ആനിന്റെ സാരത്തെയോ പദവിന്യാസത്തെയോ യാതൊരു തരത്തിലും ബാധിക്കാത്ത ഇത്തരം പാരായണ വ്യത്യാസങ്ങള്‍ പോലും വളരെ പരിമിതമാണെന്ന വസ്തുത അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ എടുത്തുമാറ്റലുകളോ നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ഇവ്വിഷയകമായ വസ്തുനിഷ്ഠപഠനം നടത്തിയവരെല്ലാം ഉറക്കെ പറഞ്ഞിട്ടുണ്ട്. ഹഫ്‌സ്-വര്‍ശ് പാരായണഭേദങ്ങളെക്കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഡോക്ടര്‍ ആഡ്രയന്‍ ബ്രോക്കറ്റ് പറയുന്നത് ‘ഇത്തരം പാരായണ വ്യത്യാസങ്ങളുടെ എണ്ണം പരിമിതമാണെന്ന വസ്തുത വ്യക്തമാക്കുന്നത് അതിന് ഒരേയൊരു പാഠമേയുള്ളുവെന്ന സത്യമാണ്’ (Adrian Brockett: “The Value of Hafs and Warsh Transmissions for the Textual History of The Qur’an” in Andrew RÆpin (Ed.), Opt. Cit. Page 33.) എന്നാണ്.

അദ്ദേഹം എഴുതുന്നത് കാണുക:‘’ക്വുര്‍ആന്‍ വാചികമായി മാത്രമായിരുന്നു ആദ്യനൂറ്റാണ്ടുകളില്‍ സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ ഹദീഥ് സാഹിത്യങ്ങളിലും ഇസ്‌ലാംപൂര്‍വകവിതകളിലും കാണപ്പെടുന്നതുപോലെ പാഠങ്ങള്‍ (text) തമ്മില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങള്‍ അതില്‍ കാണപ്പെടുമായിരുന്നു. എഴുത്തുരൂപത്തില്‍ മാത്രമാണ് അത് സംപ്രേഷണം ചെയ്യപ്പെട്ടിരുന്നതെങ്കില്‍ മദീനാഭരണഘടനയുടെ ഒറിജിനല്‍ രേഖകളിലുള്ളതുപോലെ പരിഗണനക്കര്‍ഹമായ വ്യത്യാസങ്ങള്‍ രേഖകളിലും ഉണ്ടാകുമായിരുന്നു. എന്നാല്‍ ക്വുര്‍ആനിന്റെ കാര്യം ഇതു രണ്ടുമല്ല. ഒരേ സമയം തന്നെ വാചികമായ സംപ്രേഷണവും സമാന്തരമായി രേഖകളിലൂടെയുള്ള സംപ്രേഷണവും നിലനിന്നതിനാല്‍ അവ പരസ്പരം സംരക്ഷിക്കുകയും എല്ലാ തരത്തിലുമുള്ള കൈകടത്തലുകളില്‍ നിന്നും ക്വുര്‍ആനിനെ മുക്തമാക്കുകയും ചെയ്തു’.  (Ibid, Page 44.)

‘”മുഹമ്മദിനു ശേഷമുള്ള ക്വുര്‍ആനിന്റെ സംപ്രേഷണം മാറ്റങ്ങളൊന്നുമില്ലാത്ത രീതിയില്‍ തികച്ചും അദ്ദേഹം പറഞ്ഞുകൊടുത്ത പോലെത്തന്നെയായിരുന്നു. ഒരേയൊരു പാഠം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. ദുര്‍ബലപ്പെടുത്തപ്പെട്ടതായി ആരോപിക്കപ്പെടുന്ന വചനങ്ങളടക്കം യാതൊന്നും തന്നെ അതില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടിട്ടില്ല; ഒന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമില്ല”.  (Ibid, Page 44.)

അതെ! അവതരിപ്പിക്കപ്പെട്ട രൂപത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. വ്യത്യസ്ത ഖിറാഅത്തുകളിലുള്ള സൂക്ഷമമായ വ്യത്യാസങ്ങള്‍ക്കുപോലും ദൈവികബോധനത്തിന്റെ പിന്‍ബലമുണ്ട്. കഴിഞ്ഞ പതിനാലുനൂറ്റാണ്ടുകളായി മാറ്റമൊന്നുമില്ലാതെ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രന്ഥമാണ് ക്വുര്‍ആന്‍. മാറ്റമൊന്നുമില്ലാതെ അതിനെ സംരക്ഷിക്കുമെന്ന ദൈവിക വാഗ്ദാനം പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിനുള്ള തെളിവാണ് നടേ സമര്‍ഥിച്ച വസ്തുതകള്‍. അല്ലാഹുവിന്റെ വാഗ്ദാനം എത്ര സത്യമാണ്!

”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.”

print