അലിയുടെയും ഉസ്മാനിന്റെയും ക്വുർആനുകൾ!

/അലിയുടെയും ഉസ്മാനിന്റെയും ക്വുർആനുകൾ!
/അലിയുടെയും ഉസ്മാനിന്റെയും ക്വുർആനുകൾ!

അലിയുടെയും ഉസ്മാനിന്റെയും ക്വുർആനുകൾ!

”ഖുര്‍ആന്‍ വചനങ്ങള്‍ ക്രോഡീകരിച്ചത് ദൈവിക നിര്‍ദേശം അനുസരിച്ചല്ലെന്ന് വിവിധ ഖുര്‍ആനുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഖുര്‍ആന്‍ വചനങ്ങള്‍ ചേര്‍ത്തത് മാത്രമല്ല അതിലെ അധ്യായങ്ങള്‍ ചേര്‍ത്തതിലും ക്രമം തെറ്റിയതായി കാണാം. ഖലീഫ ഉസ്മാന്‍ ക്രോഡീകരിച്ച ഖുര്‍ആന്റെ ഘടനയും ഖലീഫ അലിയുടെ ഖുര്‍ ആന്റെ ഘടനയും തമ്മില്‍ അന്തരമുണ്ട്. അലിയുടെ ഖുര്‍ആനില്‍ അല്‍ അലഖ് ഒന്നാമത്തെ അധ്യായമാണെങ്കില്‍ ഉസ്മാന്റെ ഖുര്‍ആനില്‍ 96-ാം അധ്യായമാണ്. 74ല്‍ കാണുന്ന മുദ്ദസ്സിര്‍ രണ്ടാമത്തേതും 50ല്‍ കാണുന്ന ക്വാഫ് മൂന്നാമത്തേതും 73ല്‍ കാണുന്ന മുസമ്മില്‍ നാലാമത്തേതുമാണ്. അതുപോലെ ഉബയ്യിബ്‌നു കഅ്ബിന്റെ ഖുര്‍ആനില്‍ ഉസ്മാന്റെ ഖുര്‍ആനിലെ നാലാം അധ്യായമായ അന്നിസാഅ് മൂന്നാം അധ്യായമാണ്. ഇബ്‌നു മസ്ഊദിന്റെ ഖുര്‍ആനില്‍ ഉസ്മാന്റെ ഖുര്‍ആനിലെ 2-ാം അധ്യായമായ അല്‍ബഖറയാണ് ഒന്നാം അധ്യായം. അതില്‍ രണ്ടാം അധ്യായമായി വരുന്നത് ഉസ്മാന്റെ 4-ാം അധ്യായമായ അന്നിസാഅ് ആണ്. ഇവയില്‍ ആരുടെ ഖുര്‍ആനാണ് യാഥാര്‍ത്ഥ്യം” എന്ന ഒരു യുക്തിവാദിയുടെ വിമർശനത്തിന് എന്താണ് മറുപടി ?

വിശുദ്ധ ഖുര്‍ആനിന്റെ ക്രോഡീകരണം അല്ലാഹു ഏറ്റെടുത്ത ബാധ്യതയാണെന്ന് ഖുര്‍ആനില്‍തന്നെ (75:17) പറഞ്ഞിട്ടുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദിവ്യവചനത്തെക്കാള്‍ വലിയ പ്ര മാണമൊന്നുമില്ല. ‘വിവിധ ഖുര്‍ആനുകള്‍’ എന്ന യുക്തിവാദിയുടെ പ്രയോഗംതന്നെ വലിയ തട്ടിപ്പാണ്. ലോകത്ത് ഒരു ഖുര്‍ആനേയുള്ളൂ. നബി (സ)യുടെ അനുചരന്മാരുടെ കാലം മുതല്‍ ഇന്നുവരെ അനിഷേധ്യമായി അംഗീകരിക്കപ്പെട്ടുവരുന്ന യാഥാര്‍ഥ്യമാണ് മുസ്‌ലിംകള്‍ക്ക് വിഭിന്ന ഖുര്‍ആനുകള്‍ ഇല്ലെന്നത്. ഖലീഫ ഉസ്മാന്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചു എന്ന പരാമര്‍ശം യുക്തിവാദിയുടെ മറ്റൊ രു കള്ളത്തരമാണ്. നബി (സ)യുടെ വിയോഗത്തെ തുടര്‍ന്ന് ഒന്നാം ഖലീഫ അബൂബക്കറിന്റെ നേതൃത്വത്തില്‍ നബി (സ) പഠിപ്പിച്ച ക്രമത്തില്‍ തയ്യാറാക്കിയ ഖുര്‍ആന്‍പ്രതിയുടെ കുറെ തനിപ്പകര്‍പ്പുകളെടുത്ത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് കൊടുത്തയക്കുകയാണ് മുന്നാം ഖലീഫ ഉസ്മാന്‍ (റ) ചെയ്തത്. അദ്ദേഹം സ്വന്തമായി ഖുര്‍ആന്‍ ക്രോഡീകരിച്ചിട്ടില്ല.

നാലാം ഖലീഫ അലി (റ), ഉബയ്യിബ്‌നുകഅ്ബ്, ഇബ്‌നു മസ്ഊദ് (റ) എന്നിവരാരും ഒന്നാം ഖലീഫയുടെ നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധന നടത്തി തയാറാക്കിയതില്‍നിന്ന് വ്യത്യസ്തമായ ഖുര്‍ആന്‍ ക്രോഡീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. നബി (സ)ക്ക് ദിവ്യസന്ദേശങ്ങള്‍ അവതരിക്കാന്‍ തുടങ്ങിയകാലംമുതല്‍തന്നെ സാക്ഷരരായ അനുചരന്മാര്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിസൂക്ഷിച്ചിരുന്നു. ഓരോ സന്ദര്‍ഭത്തിലും അവതരിപ്പിക്കപ്പെടുന്ന വചനങ്ങളും അധ്യായങ്ങളും ഒന്നിന് പുറകെ മറ്റൊന്നായി രേഖപ്പെടുത്തുമ്പോള്‍ അതിന്റെക്രമം അവതരണക്രമംതന്നെയായിരിക്കുക സ്വാഭാവികമാകുന്നു. അധ്യായങ്ങളുടെയും വചനങ്ങളുടെയും ക്രമം അല്ലാഹു നിര്‍ദേശിച്ചതനുസരിച്ച് നബി (സ) അറിയിച്ചുകൊടുക്കുന്നതിന് മുമ്പ് ശിഷ്യന്മാര്‍ എഴുതിവെച്ച പകര്‍പ്പുകളെല്ലാം അവ തരണ ക്രമപ്രകാരമുള്ളതായിരുന്നു. ആ കാര്യമാണ് ചില ഗ്രന്ഥ ങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഖുര്‍ആനിന്റെ ആമുഖമായ ഫാതിഹയെ ആദ്യകാലത്ത് ചിലസഹാബികള്‍ ഒരു അധ്യായമെന്നനിലയില്‍ എണ്ണാത്തതുകൊണ്ടാണ് അവര്‍ അല്‍ബഖറയെ ഒന്നാമ ത്തെ അധ്യായമായി ഗണിച്ചത്. എന്നാല്‍ ഫാതിഹ ഖുര്‍ആനില്‍ പെട്ടതല്ലെന്ന് സത്യവിശ്വാസികളാരും ഒരിക്കലും പറഞ്ഞിട്ടില്ല. 96, 74, 73, 4, 3, 2,1 എന്നീ അധ്യായങ്ങളോ അവയിലെ ഏതെങ്കിലും വചനങ്ങളോ ഖുര്‍ആനില്‍ പെട്ടതല്ലെന്ന് യുക്തിവാദി ചൂണ്ടിക്കാണിച്ച സഹാബികള്‍ ഒരിക്കലും അഭിപ്രായപ്പെട്ടിട്ടേയില്ല. എങ്കിലേ ഇവര്‍ക്കെല്ലാം വ്യത്യസ്തമായ ഖുര്‍ആന്‍ ഉണ്ടായിരുന്നുവെന്ന് പറയുന്ന തിന് ന്യായമുള്ളൂ. അല്ലാഹുവും റസൂലും (സ) നിര്‍ദേശിച്ചപ്രകാരം ക്രോഡീകരിക്കുന്നതിന് മുമ്പ് വിവിധ സഹാബികള്‍ എഴുതിവെച്ചിരുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഖുര്‍ആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യാന്‍ തെളിവാക്കുന്നത് യുക്തിവാദമല്ല; ദുരാരോപണമാകുന്നു.

print