മുഹമ്മദ് നബിയുടെ (സ) സ്രോതസ്സ് സിറിയൻ യാത്രകളോ ?

/മുഹമ്മദ് നബിയുടെ (സ) സ്രോതസ്സ് സിറിയൻ യാത്രകളോ ?
/മുഹമ്മദ് നബിയുടെ (സ) സ്രോതസ്സ് സിറിയൻ യാത്രകളോ ?

മുഹമ്മദ് നബിയുടെ (സ) സ്രോതസ്സ് സിറിയൻ യാത്രകളോ ?

വിശുദ്ധ ക്വുര്‍ആന്‍ പ്രപഞ്ചനാഥന്‍ പ്രവാചകന് അവതരിപ്പിച്ചുകൊടുത്തതാണെന്ന് അതിന്റെ ഉള്ളടക്കം തെളിയിക്കുന്നുവെന്ന മുസ്‌ലിംകളുടെ വാദം അടിസ്ഥാനരഹിതമാണ്. മുഹമ്മദ് നബി (സ) തനിക്ക് പരിചയമുണ്ടായിരുന്ന ജൂതക്രൈസ്തവരില്‍ നിന്ന് നേടിയെടുത്ത മതവിജ്ഞാനീയങ്ങള്‍ ക്വുര്‍ആന്‍ വചനങ്ങളാക്കി പുനരാവിഷ്‌കരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്. പ്രവാചകപൂര്‍വ കാലഘട്ടത്തില്‍ ബൈസന്റൈന്‍ സിറിയന്‍ പ്രവിശ്യകളിലൂടെ അദ്ദേഹം നടത്തിയ യാത്രകളില്‍ കണ്ടുമുട്ടിയ ക്രൈസ്തവ പണ്ഡിതന്‍മാരുടെ ശിഷ്യത്വമാണ് പ്രവാചകനെ ക്വുര്‍ആനിന്റെ ‘രചന’ക്ക് പ്രാപ്തനാക്കിയതെന്ന് മനസ്സിലാക്കുവാന്‍ കഴിയും. ഓറിയന്റലിസ്റ്റുകളും മിഷനറിമാരും മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെ നിഷേധിക്കുവാന്‍ വേണ്ടി ഉന്നയിക്കുന്ന ഈ വാദങ്ങള്‍ സത്യസന്ധമാണോ?

ല്ല. ഓറിയന്റലിസ്റ്റുകള്‍ കൊണ്ടുനടക്കുന്ന ‘സിറിയന്‍ കഥകള്‍’ക്കൊന്നും -അവയുടെ ചരിത്രപരത വേറെ പരിശോധിക്കപ്പെടേണ്ടതാണ്- മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തെയോ ക്വുര്‍ആന്റെ ദൈവികതയെയോ ഒരു നിലക്കും ചോദ്യം ചെയ്യാനുളള കെല്‍പില്ലെന്നതാണ് വാസ്തവം. ക്വുര്‍ആനിലെ വചനങ്ങള്‍ പ്രപഞ്ചനാഥന്റേതു മാത്രമാണെന്ന് അവയുടെ ഉള്ളടക്കവും ശൈലിയും സുതരാം വ്യക്തമാക്കുന്നുണ്ട്. ആയിരം സിറിയന്‍ യാത്രകളും പതിനായിരം ക്രൈസ്തവപണ്ഡിതന്‍മാരുടെ ശിഷ്യത്വവുമുണ്ടായാലും ക്വുര്‍ആനിനെപ്പോലൊരു രചന നിര്‍വഹിക്കുവാന്‍ ഒരാള്‍ക്കും സാധ്യമല്ലെന്നതാണ് വാസ്തവം.

ബൈബിള്‍ വിജ്ഞാനീയങ്ങളിലുള്ള അവഗാഹമാണല്ലോ, ക്രൈസ്തവ സമ്പര്‍ക്കങ്ങള്‍ മുഖേന നേടിയെടുക്കുവാന്‍ കഴിയുമെന്ന് വിമര്‍ശകര്‍ കരുതുന്ന ക്വുര്‍ആന്‍ രചനക്കാവശ്യമായ ‘ആയുധം’. ബൈബിളില്‍ പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും മാനവചരിത്രത്തെയും സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുള്ള ‘വിവരങ്ങള്‍’ പ്രമാദമുക്തമാണെന്ന് ഓറിയന്റലിസ്റ്റുകള്‍ക്ക് വാദമുണ്ടോ? അബദ്ധങ്ങള്‍കൊണ്ട് ‘സമൃദ്ധ’മായ പ്രസ്തുത ‘വിവര’ങ്ങളായിരുന്നു ക്വുര്‍ആനിന്റെ അവവലംബമെങ്കില്‍ ബൈബിളിനെപ്പോലെത്തന്നെ ക്വുര്‍ആനും തെറ്റുകളുടെ ഒരു ഘോഷയാത്രയായിത്തീരുമായിരുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ ഒരൊറ്റ അബദ്ധംപോലും വരുത്താതെയാണ് സെമിറ്റിക് പ്രവാചകന്‍മാരെക്കുറിച്ചും വേദഗ്രന്ഥങ്ങളെക്കുറിച്ചും ഇസ്രയേല്‍ വംശത്തിന്റെ നാള്‍വഴിയെക്കുറിച്ചുമെല്ലാം പരിശുദ്ധ ക്വുര്‍ആന്‍ സംസാരിക്കുന്നത്. ജൂത-ക്രൈസ്തവ പുരോഹിതന്‍മാരും ബൈബിളെഴുത്തുകാരും ചരിത്രാഖ്യാനത്തില്‍ വരുത്തിയ സ്ഖലിതങ്ങളൊന്നുപോലും പരിശുദ്ധ ക്വുര്‍ആനില്‍ കടന്നുവരുന്നില്ലെന്ന യാഥാര്‍ത്ഥ്യം തന്നെ, ക്വുര്‍ആനിക ഉളളടക്കത്തിന് ക്രൈസ്തവസ്രോതസ്സുകളെ സങ്കല്‍പിക്കുന്നത് എന്തുമാത്രം വലിയ അസംബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ക്രൈസ്തവമോ ക്രൈസ്തവേതരമോ ആയ ഒരു വൈജ്ഞാനിക പാരമ്പര്യത്തിനും പരിശുദ്ധ ക്വുര്‍ആനിന്റെ ഉള്ളടക്കത്തിനുള്ള വിശദീകരണമായിത്തീരാന്‍ കഴിയില്ല. കാരണം മനുഷ്യകര്‍തൃത്വമുള്ള പരാമൃഷ്ട വിജ്ഞാനശേഖരങ്ങളിലെല്ലാം തന്നെ മനുഷ്യസഹജമായ അബദ്ധങ്ങളുടെ നിറസാന്നിദ്ധ്യമുണ്ട്; കാലഘട്ടത്തിന്റെയും പ്രദേശത്തിന്റെയും ബുദ്ധിശക്തിയുടെയും ഓര്‍മശേഷിയുടെയും സത്യസന്ധതയുടെയും പരിമിതകള്‍ക്കൊണ്ടുവന്ന സ്വാഭാവികമായ അബദ്ധങ്ങള്‍. എന്നാല്‍ വിശുദ്ധ ക്വുര്‍ആനില്‍ സെമിറ്റിക് പാരമ്പര്യത്തെക്കുറിച്ച് എന്നല്ല, ആറായിരത്തില്‍പരം വചനങ്ങളിലായി പരന്നുകിടക്കുന്ന പരശ്ശതം വിഷയങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒരു ചെറിയ സ്ഖലിതം പോലും പേറുന്നില്ലെന്ന സത്യം ക്വുര്‍ആന്‍ മനുഷ്യരചനയല്ലെന്നും മനുഷ്യരുടെയൊന്നും സഹകരണം അത്തരമൊരു ഗ്രന്ഥത്തിന്റെ രചനക്ക് ഉപകാരപ്പെടുകയില്ലെന്നും അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായ അല്ലാഹുവിനു മാത്രമേ പരിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കുവാന്‍ കഴിയൂ എന്നാണ് അതിലെ വചനങ്ങളുടെയെല്ലാം കണിശമായ കൃത്യത നമ്മെ ബോധ്യപ്പെടുത്തുന്നത്.

ക്വുര്‍ആന്‍ ദൈവികമല്ലെന്ന് വാദിക്കുന്നവരെ ക്വുര്‍ആനില്‍ മനുഷ്യസഹജമായ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് തങ്ങളുടെ വാദം തെളിയിക്കുവാന്‍ ക്വുര്‍ആന്‍ തന്നെ വെല്ലുവിളിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്: ”അവര്‍ ക്വുര്‍ആനിനെക്കുറിച്ചാലോചിക്കുന്നില്ലേ; അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവര്‍ക്കതില്‍ ധാരാളം അബദ്ധങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമായിരുന്നല്ലോ!” (ക്വുര്‍ആന്‍ 4 : 82).

ഒന്നര സഹസ്രാബ്ദത്തോളമായി ലോകത്ത് അജയ്യമായി നിലനില്‍ക്കുന്ന ഈ വെല്ലുവിളിയെ ഫലപ്രദമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ‘സിറിയയില്‍ പോയി’ മനസ്സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇതുപോലെത്തന്നെയാണ് ക്വുര്‍ആനിന്റെ അനാദൃശമായ പ്രതിപാദന സൗകുമാര്യവും. അറേബ്യയിലോ സിറിയയിലോ റോമിലോ പേര്‍ഷ്യയിലോ യമനിലോ ഭാരതത്തിലോ ഗ്രീസിലോ എല്ലമായി അന്ന് ജീവിച്ചിരുന്ന സാഹിത്യസാമ്രാട്ടുകള്‍ക്കൊന്നും വികൃതാനുകരണങ്ങള്‍ക്കുപോലും ശ്രമിച്ചുനോക്കാന്‍ കഴിയാതിരുന്ന, ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് വലിയൊരു സമൂഹത്തെ അപ്പാടെ അനുയായികളായി നേടിയെടുത്ത തികച്ചും മൗലികമായ പരിശുദ്ധ ക്വുര്‍ആനിന്റെ ശൈലി സിറിയയില്‍ നിന്ന് മുഹമ്മദ് നബി(സ)ക്ക് ‘വീണുകിട്ടി’യതാണെന്നു പറയാന്‍ അന്ധതയുടെ മൂര്‍ധന്യതയിലുള്ളവര്‍ക്കു മാത്രമേ കഴിയൂ! മഹാപണ്ഡിതന്‍മാരും സാഹിത്യകാരന്‍മാരും മതപുരോഹിതന്‍മാരും പകച്ചുനിന്നുപോയ ക്വുര്‍ആന്‍ വചനങ്ങള്‍ ദിവ്യമെന്ന് സത്യസന്ധര്‍ക്കൊക്കെയും ബോധ്യമാകുംവിധം നിരക്ഷരനായ ഒരു മനുഷ്യന്റെ നാവില്‍നിന്ന് വശ്യമനോഹരമായി നിര്‍ഗളിച്ചതിന് ഏതെങ്കിലും ‘യാത്രകള്‍’ വിശദീകരണമാകുമെന്ന് കരുതുന്നവര്‍ സഹതാപം പോലുമര്‍ഹിക്കുന്നില്ലെന്നതാണ് വാസ്തവം.

യാത്രകള്‍ പലതവണ ചെയ്തവരും മഹാപണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ചവരും അനേകമായിരമുണ്ടായിട്ടുണ്ടല്ലോ ലോകത്ത്. അവര്‍ക്കാര്‍ക്കും ക്വുര്‍ആനിനെപ്പോലൊരു രചന സാധ്യമാകാത്തതെന്തുകൊണ്ടാണെന്ന് വിമര്‍ശകര്‍ വിശദീകരിക്കുമോ? ക്വുര്‍ആനിലൂടെ പ്രപഞ്ചനാഥന്‍ തന്നെ സംസാരിക്കട്ടെ: ”നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനിനെ)പറ്റി ന്റത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്). നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.” (ക്വുര്‍ആന്‍ 2 : 23-24)

പരിശുദ്ധ ക്വുര്‍ആനിന് ക്രൈസ്തവസ്രോതസ്സുകള്‍ ആരോപിക്കുവാനുള്ള അടിസ്ഥാനന്യായമായി ഈ ദിശയില്‍ സംസാരിച്ചിട്ടുള്ള വിമര്‍ശകരെല്ലാം ചൂണ്ടിക്കാണിച്ചിട്ടുള്ളത് ബൈബിള്‍ ചരിത്രത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ പരിശുദ്ധ ക്വുര്‍ആനിലും കടന്നുവരുന്നുവെന്നതാണ്. ദിവ്യവെളിപാടുകളെയും പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും കുറിച്ച് സാമാന്യധാരണയെങ്കിലുമുള്ള മുഴുവനാളുകള്‍ക്കും ഈ പ്രതിരോധം അങ്ങേയറ്റം ദുര്‍ബലവും പരിഹാസ്യവുമാണെന്ന് വളരെയെളുപ്പത്തില്‍ മനസ്സിലാകും. ആദം മുതല്‍ യേശു വരെയുള്ള പൂര്‍വപ്രവാചകന്‍മാരുടെ പിന്‍ഗാമിയായി, അവരെയെല്ലാം നിയോഗിച്ച പടച്ചതമ്പുരാനില്‍ നിന്നുള്ള ദിവ്യവെളിപാടുകള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ രൂപത്തില്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് മുഹമ്മദ് നബി (സ) എന്ന അന്തിമ പ്രവാചകന്‍ ലോകത്ത് നിയുക്തനായത്. ഒരേ ദൈവത്തില്‍ നിന്ന് വ്യത്യസ്ത പ്രവാചകന്‍മാര്‍ക്ക് ലഭിച്ച ഉപദേശങ്ങളില്‍ സമാനതകള്‍ കാണുന്നതില്‍ എന്താണത്ഭുതം? അന്തിമ പ്രവാചകന് ലഭിച്ച വേദഗ്രന്ഥത്തില്‍ പൂര്‍വപ്രവാചകന്‍മാരെയും പൂര്‍വവേദങ്ങളെയും കുറിച്ച വിവരണങ്ങള്‍ കടന്നുവരുന്നതില്‍ വിചിത്രമായി എന്തുണ്ടെന്നാണ് മിഷനറിമാര്‍ കരുതുന്നത്? ബൈബിള്‍ പ്രവാചകന്‍മാരെക്കുറിച്ച് പൂര്‍ണമായ മൗനം പാലിച്ചുകൊണ്ടോ അവരെ നിഷേധിച്ചുകൊണ്ടോ ആണ് ക്വുര്‍ആന്‍ അവതരിച്ചിരുന്നത് എങ്കിലല്ലേ മിഷനറിമാര്‍ ക്വുര്‍ആനിന്റെ ദൈവികതയെ സംശയിക്കേണ്ടത്?

ബൈബിള്‍ പ്രവാചകന്‍മാരെ സംബന്ധിച്ച സത്യസന്ധമായ വിവരണങ്ങള്‍ നല്‍കുകയും അവരെ സംബന്ധിച്ച് ക്രൈസ്തവസമൂഹത്തില്‍ പ്രചരിച്ചിരുന്ന വ്യാജവാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തുകൊണ്ട് പൂര്‍വപ്രവാചകന്‍മാരെ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് ദൈവികമായ വിരാമം കുറിക്കുകയാണ് പരിശുദ്ധ ക്വുര്‍ആന്‍ അതിന്റെ പ്രവാചകകഥനങ്ങളിലൂടെ ചെയ്യുന്നത്. പ്രസ്തുതകഥനങ്ങളില്‍ അബദ്ധങ്ങളുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടു മാത്രമേ ക്വുര്‍ആനിന്റെ ദൈവികതയെ നിരാകരിക്കുവാന്‍ കഴിയൂ. അവയുടെ സാന്നിദ്ധ്യം, ക്വുര്‍ആനിന്റെ ദൈവികതയെ അരക്കിട്ടുറപ്പിക്കുക മാത്രമാണ് ചെയ്യുക എന്നതത്രെ യാഥാര്‍ത്ഥ്യം. പൂര്‍വ വേദങ്ങളുമായുള്ള ബന്ധം വിശദീകരിക്കവെ പരിശുദ്ധ ക്വുര്‍ആന്‍ തന്നെ അത് ഈ രംഗത്ത് നിര്‍വഹിക്കുന്ന ദൗത്യത്തെ കൃത്യമായി നിര്‍വചിക്കുന്നുണ്ട്: ”(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോഴവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്.” (5 : 48)

യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകന്‍ തനിക്കുമുമ്പുവന്ന പ്രവാചകന്‍മാരുടെ കഥ പറയുകയും അവരെ ഉദ്ധരിക്കുകയും അവരെ സംബന്ധിച്ച തെറ്റിദ്ധാരണകളെ തിരുത്തുകയുമെല്ലാം ചെയ്യുന്നത് തികച്ചും സ്വാഭാവികമാണെന്നും അദ്ദേഹത്തിന് ലഭിക്കുന്ന ദിവ്യവെളിപാടുകളുടെ പ്രധാനപ്പെട്ടൊരു ഭാഗം ഇത്തരം കാര്യങ്ങളായിരിക്കുമെന്നും ബൈബിള്‍ പണ്ഡിതന്‍മാര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അത്തരം ഒരു നൈരന്തര്യത്തിന്റെ വിശദമായ വിവരണമാണ് ബൈബിളിന്റെ മുഖ്യപ്രമേയങ്ങളിലൊന്നുതന്നെ. ഇസ്രയേല്‍ തറവാട്ടിലേക്ക് കടന്നുവന്ന ഓരോ പ്രവാചകനും തനിക്കുമുമ്പുള്ള പ്രവാചകന്‍മാരെയും പുസ്തകങ്ങളെയും പരാമര്‍ശിച്ചത് അവരൊന്നും പ്രവാചകന്‍മാരല്ലെന്നും പൂര്‍വിക പ്രവാചകന്‍മാരുടെ പ്രബോധനങ്ങള്‍ പഠിച്ചുമനസ്സിലാക്കി വ്യാജ പ്രവാചകത്വം അവകാശപ്പെട്ടവരാണെന്നുമുള്ളതിന്റെ തെളിവാണെന്ന് വിവേകമുള്ള ആരെങ്കിലും പറയുമോ? യേശുവിന്റെ സംസാരങ്ങള്‍ ദിവ്യപ്രചോദിതമല്ലെന്നും പഴയനിയമ പാഠത്തില്‍ നിന്ന് അദ്ദേഹം സ്വന്തമായി രൂപീകരിച്ചതാണെന്നും വാദിക്കുന്നവരോട് മിഷനറിമാരുടെ നിലപാടെന്തായിരിക്കും? ആ വാദത്തില്‍ നിന്ന് ഒരു നിലക്കും ഭിന്നമല്ല പരിശുദ്ധ ക്വുര്‍ആനിലെ സെമിറ്റിക് പ്രവാചകചരിത്രത്തെ മാത്രം ആധാരമാക്കിക്കൊണ്ടുള്ള മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വനിഷേധമെന്നു മനസ്സിലാക്കുവാന്‍ സെമിനാരി വിദ്യാഭ്യാസത്തിന്റെ പോലും ആവശ്യമില്ലെന്നതല്ലേ സത്യം?

ബൈബിള്‍ പ്രവാചകന്‍മാരില്‍ മിക്കവരും ജീവിച്ചത് പ്രവാചകന്‍മാര്‍ നിരന്തരമായി കടന്നുവന്ന ഇസ്രാഈല്യര്‍ക്കു മധ്യത്തിലാണ്. മുമ്പുകടന്നുവന്ന പ്രവാചകന്‍മാരുടെ ഉപദേശങ്ങളും പുസ്തകങ്ങളും അവരെ സംബന്ധിച്ച പാരമ്പര്യങ്ങളുമെല്ലാം സമൂഹത്തിലെ ഏതാണ്ടെല്ലാവര്‍ക്കും ചിരപരിചിതമായിരുന്ന സാഹചര്യങ്ങളിലേക്കാണ് ഓരോ പുതിയ ബൈബിള്‍ പ്രവാചകനും കടന്നുവരുന്നത്. ‘വിവരങ്ങള്‍ കട്ടതാണെന്ന്’ ആരോപിക്കേണ്ടവര്‍ക്ക് ആവശ്യമായ എല്ലാ ‘പശ്ചാത്തല സൗകര്യ’ങ്ങളും അവരുടെ ജിവിതങ്ങള്‍ നല്‍കുന്നുണ്ടെന്ന് ചുരുക്കം. എന്നാല്‍ മുഹമ്മദ് നബി(സ)യുടെ ജീവിതപരിസരം ഇതില്‍നിന്നും തീര്‍ത്തുംവിഭിന്നമാണ്. ഇശ്മയേലിനുശേഷം പ്രവാചകന്‍മാരുടെ നിയോഗമൊന്നുമുണ്ടായിട്ടില്ലാത്ത, വേദഗ്രന്ഥങ്ങളൊന്നും കയ്യിലില്ലാതിരുന്ന, തികഞ്ഞ വിഗ്രഹാരാധകരും അധാര്‍മികരുമായി ജീവിച്ച മക്കന്‍ അറബികള്‍ക്കിടയില്‍ ജനിച്ചുജീവിച്ച മുഹമ്മദ് നബി(സ)യാണ് പൂര്‍വപ്രവാചകന്‍മാരെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍, അതും ബൈബിള്‍ വരുത്തിയ അബദ്ധങ്ങളില്‍ നിന്നുപോലും മുക്തമായി തന്റെ പ്രബോധിത സമൂഹത്തിനുമുന്നില്‍ വെക്കുന്നത്.

പ്രവാചകന്‍ സമ്പൂര്‍ണ നിരക്ഷരനായിരുന്നുവെന്നും മതപരമോ ഭൗതികമോ ആയിട്ടുള്ള യാതൊരു വിദ്യാഭ്യാസവും അദ്ദേഹം നേടിയിട്ടില്ലെന്നുമുള്ള വസ്തുതകള്‍ നാം ഇതിനോട് ചേര്‍ത്തുവായിക്കണം. പ്രവാചകന്റെ കിറുകൃത്യമായ പൂര്‍വപ്രവാചകാപഥനങ്ങള്‍ ദിവ്യവെളിപാടുകളുടെ വെളിച്ചത്തിലുള്ളതായിരിക്കുവാന്‍ മാത്രമേ തരമുള്ളുവെന്ന് ഈ സാഹചര്യത്തെളിവുകള്‍ മുഴുവന്‍ വ്യക്തമാക്കുന്നുണ്ട്. പ്രപഞ്ചനാഥനില്‍ നിന്നുള്ള വെളിപാടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ പ്രവാചകന്‍ (സ) തികഞ്ഞ അജ്ഞനായിത്തന്നെ തുടരുമായിരുന്നുവെന്ന് ക്വുര്‍ആന്‍ തന്നെ എടുത്തുപറയുവാനുള്ള കാരണങ്ങള്‍ ഇതെല്ലമായിരിക്കാം. ക്വുര്‍ആന്‍ പറയുന്നത് കാണുക : ”അലിഫ്-ലാം-റാ. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ. നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു. നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു.” (12 : 1-3)

ക്വുര്‍ആനിലെ പൂര്‍വപ്രവാചക വിവരണങ്ങള്‍ ഏതു ദൈവിക ഗ്രന്ഥത്തിന്റെയും സ്വാഭാവികത മാത്രമാണെന്നും സെമിറ്റിക് സാമൂഹിക പശ്ചാത്തലത്തിലല്ലാതെ വളര്‍ന്നുവന്ന മുഹമ്മദ് നബി(സ)ക്ക് പൂര്‍വപ്രവാചകന്‍മാരെ സംബന്ധിച്ച കൃത്യമായ അറിവുകള്‍ പ്രപഞ്ചനാഥനില്‍ നിന്നാണ് ലഭിച്ചതെന്നും സെമിറ്റിക് സമ്പര്‍ക്കങ്ങള്‍ കൊണ്ടുപോലും സ്വരൂപിക്കാനാവാത്തവിധം അന്യൂനമായ സെമിറ്റിക് പ്രവാചക കഥനമാണ് പരിശുദ്ധ ക്വുര്‍ആന്‍ നടത്തുന്നതെന്നും നാം മനസ്സിലാക്കി. ഇനി ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും ‘സിറിയന്‍ സിദ്ധാന്ത’ത്തിലേക്കുവരാം. ഒരു സിറിയന്‍ കഥക്കും വഴങ്ങാത്തവിധം സുഭദ്രമാണ് ക്വുര്‍ആനിലെ ചരിത്രാഖ്യാനത്തിന്റെ കെട്ടുറപ്പും കൃത്യതയുമെന്നതുകൊണ്ടുതന്നെ, ഒരു വൈജ്ഞാനികാന്വേഷണം എന്ന നിലക്കുമാത്രമാണ് അവയെക്കുറിച്ചുള്ള അപഗ്രഥനം പ്രസക്തമാകുന്നത്. മുഹമ്മദ് നബി (സ) ജീവിച്ച മക്കയില്‍ ക്രൈസ്തവ സമൂഹത്തിന്റെയോ ജൂത സമൂഹത്തിന്റെയോ സാന്നിദ്ധ്യമുണ്ടായിട്ടില്ലെന്ന കാര്യം ചരിത്രകാരന്‍മാര്‍ക്കിടയില്‍ സുവിദിതമാണ്. ഹിജാസിന്റെ തെക്ക് യമനിലും വടക്ക് ശാമിലും (ഇന്നത്തെ സിറിയന്‍, ഫലസ്ത്വീന്‍ പ്രവിശ്യകള്‍) ചെങ്കടലിനക്കരെ ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തില്‍ എത്യോപ്യയിലുമാണ് പ്രവാചകകാലഘട്ടത്തില്‍ പ്രധാനമായും ക്രൈസ്തവരുടെ സാമൂഹികസാന്നിദ്ധ്യമുണ്ടായിരുന്നത്. ഇതില്‍ സിറയയില്‍ നിന്നുള്ള ചില ക്രൈസ്തവ പണ്ഡിതന്‍മാര്‍ പ്രവാചകന് ബൈബിള്‍ കഥകളില്‍ ‘ട്യൂഷന്‍’ നല്‍കിയതായാണ് ഓറിയന്റലിസ്റ്റുകളും മിഷനറിമാരും വാദിക്കുന്നത്. ചരിത്രപരമായ ഒരു രേഖയുമില്ലാത്ത തികഞ്ഞ ഒരു അപസര്‍പ്പകകഥയാണ് ഇതെന്ന വസ്തുത അവര്‍ സമര്‍ത്ഥമായി മറച്ചുവെക്കുകയും ചെയ്യും!

ഹിജാസില്‍ വന്ന് മതപ്രബോധനത്തിനായി തമ്പടിച്ച ചില ക്രൈസ്തവ പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ച് പ്രവാചകന്‍ കാലം കഴിച്ചതായുള്ള കള്ളക്കഥകളെഴുതിവെച്ച മധ്യകാല ക്രൈസ്തവപുരോഹിതന്‍മാര്‍ മുതല്‍ പ്രവാചകന്‍ നുബുവ്വത്തിന് മുമ്പ് ബൈസന്റൈന്‍ റോമിന്റെ സിറിയന്‍ പ്രവിശ്യകളില്‍ കാലങ്ങളോളം ആത്മീയാന്വേഷണത്തിനായി അലഞ്ഞുതിരിഞ്ഞതായും മധ്യധാരണാഴിയുടെ തീരം വരെ ചെന്നെത്തിയതായും ചിലപ്പോഴൊക്ക മധ്യധാരണാഴിയില്‍ കപ്പല്‍ യാത്ര വരെ നടത്തിയതായുമുള്ള വന്യമായ ഭാവനകളെ ‘ചരിത്ര’മായി പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ച കൊളോണിയല്‍കാല ഓറിയന്റലിസ്റ്റുകള്‍ വരെ ഈ അപസര്‍പ്പക കഥാകാരന്‍മാരുടെ നീണ്ടനിരയിലുണ്ട്! മുഹമ്മദ് നബി (സ) കള്ള പ്രവാചകനാണെന്ന തങ്ങളുടെ വാദത്തെ പരിശുദ്ധ ക്വുര്‍ആനിന്റെ ചരിത്രാഖ്യാനത്തിന്റെ കൃത്യത കടപുഴക്കുന്നതായി ബോധ്യപ്പെട്ട ഓറിയന്റലിസ്റ്റ്-മിഷനറി കൂട്ടുകെട്ട്, പ്രസ്തുത കൃത്യതക്ക് വിശദീകരണം നല്‍കുവാന്‍ വേണ്ടി നടത്തിയ മസ്തിഷ്‌ക വ്യായാമങ്ങളുടെ സന്തതികളായിപ്പിറന്ന പെരുംകള്ളങ്ങള്‍ മാത്രമാണ് പ്രവാചകജീവിതത്തിലെ ഈ വ്യാജ സിറിയന്‍ അധ്യായങ്ങള്‍ മുഴുവനുമെന്നതാണ് വസ്തുത.

മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ തങ്ങളുടെ വകയായി എഴുതിച്ചേര്‍ത്ത ഈ സംഭവങ്ങള്‍ക്ക് ആധാരമായ ചരിത്രരേഖകളേതൊക്കെയാണെന്ന് വ്യക്തമാക്കുവാന്‍ ഓറിയന്റലിസ്റ്റുകളൊന്നും സന്നദ്ധമായിട്ടില്ല. അക്കാദമിക, വൈജ്ഞാനികാന്വേഷണത്തിന്റെ കിരീടം അഭിമാനപൂര്‍വം തലയിലണിയുന്നവര്‍ ചരിത്രപരത ലവലേശവുമില്ലാത്ത കല്‍പിത കഥകളില്‍ അഭിരമിക്കുന്നുണ്ടെങ്കില്‍, ക്വുര്‍ആനിന്റെ ദൈവികത നിഷേധിക്കുവാന്‍ അവരെന്തു കടുംകയ്യും ചെയ്യും എന്ന് മനസ്സിലാക്കാനേ നമുക്ക് കഴിയൂ. സത്യസന്ധമായ മാര്‍ഗങ്ങളിലൂടെ ക്വുര്‍ആനിന്റെ ശോഭ കെടുത്താനാകില്ലെന്ന് തിരിച്ചറിഞ്ഞവര്‍ കല്ലുവെച്ച നുണകള്‍ ബോധപൂര്‍വം പറഞ്ഞ് അതിനെ തമസ്‌കരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ക്വുര്‍ആനിന്റെ അജയ്യതക്കും ഔജല്യത്തിനുമാണ് അടിവരയിടപ്പെടുന്നത് എന്നതാണ് സത്യം. ഒരാളെക്കുറിച്ച്, അദ്ദേഹത്തെ തോല്‍പിക്കുവാന്‍ വേണ്ടി, ഭാവനയില്‍ വരുന്ന എന്ത് കള്ളക്കഥയും പടച്ചുണ്ടാക്കുന്നതിന്റെ പേരാണ് ചരിത്രമെഴുത്തെന്ന് കരുതുന്നവരുടെ വ്യവഹാരങ്ങള്‍ അക്കാദമിക പഠനങ്ങളുടെ ഗതി നിശ്ചയിക്കുന്ന വൈചിത്ര്യത്തിനുമുന്നില്‍ പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതുമാത്രമാണ് നമുക്കും പറയാനുള്ളത്. ”അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ,തന്റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. അവനാണ് സന്മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.” (ക്വുര്‍ആന്‍ 9 : 32-33)

മുഹമ്മദ് നബി(സ)ക്ക് തന്റെ ജീവിതത്തില്‍ രണ്ട് സിറിയന്‍ യാത്രകള്‍ നടത്തിയതായി മാത്രമാണ് നിവേദനങ്ങളുള്ളത്. അതിലൊന്ന്, ഒന്‍പത് വയസ്സിലും പന്ത്രണ്ട് വയസ്സിനുമിടക്കെപ്പോഴോ അബൂത്വാലിബിന്റെ കൂടെ ഒരു കച്ചവടയാത്രയില്‍ മുഹമ്മദ് (സ) സിറിയയിലെ ബുസ്വ്‌റ വരെ പോയി എന്നു പറയുന്ന നിവേദനങ്ങളാണ്. ഇബ്‌നു ഇസ്ഹാഖ് അദ്ദേഹത്തിന്റെ സീറത്തു റസൂലില്ലയില്‍ ഈ കഥ പറയുന്നുണ്ട്. എന്നാല്‍ യാതൊരു നിവേദകപരമ്പരയും ഉദ്ധരിക്കാതെയാണ് അദ്ദേഹം കഥ എടുത്തുചേര്‍ത്തിട്ടുള്ളത് എന്നതിനാല്‍ തന്നെ നിവേദനങ്ങളുടെ നിദാനശാസ്ത്രമനുസരിച്ച് അദ്ദേഹത്തിന്റെ വര്‍ത്തമാനത്തെ ആധികാരികമായി പരിഗണിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ല. ഇമാം തുര്‍മുദി തന്റെ ജാമിഇലും ഇമാം ഹാകിം തന്റെ മുസ്തദ്‌റകിലും ഉദ്ധരിച്ചിട്ടുള്ള ഹദീഥുകളാണ് ഈ കഥക്കാധാരമായി പിന്നെയുള്ളത്. രണ്ട് ഹദീഥുകളുടെയും നിവേദകപരമ്പരകള്‍ അനേകം ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതും അവ കാരണമായിത്തന്നെ പണ്ഡിതന്‍മാരാല്‍ സംശയാസ്പദമായി പരിഗണിക്കപ്പെട്ടിട്ടുള്ളവയുമാണ്. എന്നാല്‍ തുര്‍മുദി രേഖപ്പെടുത്തിയ ഹദീഥ് ചില പണ്ഡിതന്‍മാരെങ്കിലും ഹസന്‍ ആയോ സ്വഹീഹ് ആയോ എണ്ണിയിട്ടുണ്ടെന്ന കാര്യം ശരിയാണ്. ഹദീഥില്‍ പറയുന്ന സിറിയന്‍ യാത്രക്ക് സാക്ഷിയായിട്ടില്ലാത്ത അബൂമൂസല്‍ അശ്അരി (റ) എവിടെ നിന്നാണ് തനിക്കീ വിവരം കിട്ടിയത് എന്നുപറയാതെ പരാമൃഷ്ട കഥ പറയുന്നതാണ് ഹദീഥിലുള്ളത്. ഹദീഥിന്റെ നിവേദകപരമ്പരയെ വിമര്‍ശിച്ച പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞാല്‍ പോലും, അബൂമൂസല്‍ അശ്അരി ഇവ്വിഷയകമായി കേട്ടകാര്യം എന്നുമാത്രമേ ഹദീഥിലെ കഥയെക്കുറിച്ച് പരമാവധി പറയാന്‍ പറ്റൂവെന്നര്‍ത്ഥം. അത്തരമൊരു ‘കേള്‍വി’ മാത്രമായതുകൊണ്ടുതന്നെ, ഒരുപാടു പൊരുത്തക്കേടുകളും അസംഭവ്യതകളും ഹദീഥിലെ കഥാകഥനത്തിലുള്ളതായി നിരൂപകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സംശയാസ്പദമായ കേള്‍വി മാത്രമാണ് പ്രവാചകനെക്കുറിച്ച് പറയപ്പെടുന്ന ഒന്നാം സിറിയന്‍ യാത്രയെക്കുറിച്ച് ആകെക്കൂടി ചരിത്രത്തിലുള്ളത്.

ഇനി, എന്താണ് അബൂമൂസല്‍ അശ്അരി കേട്ടിട്ടുള്ളതെന്നുകൂടി നാം പരിശോധിക്കുക. അബൂത്വാലിബും സംഘവും സാധാരണയായി മക്കയില്‍ നിന്നുള്ള കച്ചവടസംഘങ്ങള്‍ കടന്നുപോകാറുള്ള ഒരു ക്രൈസ്തവമഠത്തിനുമുന്നിലെത്തിയപ്പോള്‍ അസാധാരണമാംവിധം അവിടുത്തെ മുഖ്യപുരോഹിതന്‍ പുറത്തേക്കിറങ്ങിവന്നുവെന്നും ബാലനായ മുഹമ്മദ് നബി(സ)യില്‍ ഭാവി പ്രവാചകന്റെ അടയാളങ്ങള്‍ ദര്‍ശിച്ചുവെന്നും അബൂത്വാലിബിനോട് ഈ കുട്ടിയെ റോമിലേക്ക് കൂട്ടുന്നത് അപകടമായിരിക്കുമെന്ന് പറയുകയും തിരിച്ചയക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും മുഹമ്മദ് നബി (സ) കച്ചവടസംഘത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് അബൂത്വാലിബ് കൂടെ പറഞ്ഞയച്ച രണ്ട് പേരോടൊപ്പം അവിടെനിന്ന് മക്കയിലേക്ക് മടങ്ങിയെന്നും മാത്രമാണ് ഹദീഥിലുള്ളത്. തിരെ ചെറിയ പ്രായത്തില്‍ വളരെ കുറഞ്ഞൊരു സമയം ഒരു പുരോഹിതനെ കണ്ടുവെന്ന് മാത്രമാണ് ഹദീഥ് -അതില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍- ആകെക്കൂടി നല്‍കുന്ന വിവരം. പ്രവാചകന് ക്രൈസ്തവപുരോഹിതന്‍മാര്‍ മതാധ്യാപനങ്ങള്‍ നല്‍കി എന്ന് ഹദീഥില്‍ എവിടെയാണുള്ളത്? സമൂഹത്തില്‍ ജീവിച്ച ഒരു വ്യക്തി എന്ന നിലക്ക് പ്രവാചകന്‍ പലരെയും കാണാനിടവന്ന നിലയില്‍ ഒരു ക്രൈസ്തവപുരോഹിതനെയും കണ്ടുമുട്ടി എന്ന, പ്രവാചകജീവിതത്തെ സംബന്ധിച്ച് ഒരു നിലക്കും പ്രസക്തമല്ലാത്ത ഒരറിവു മാത്രമാണ് ഹദീഥ് പങ്കുവെക്കുന്നതെന്ന് ചരുക്കും.

അതോടൊപ്പം, ഒരു ക്രൈസ്തവപുരോഹിതന്‍ ബൈബളില്‍ നിന്ന് ലഭിച്ച സൂചനകളുടെ വെളിച്ചത്തില്‍ മുഹമ്മദിനെ (സ) ചെറു്രപായത്തില്‍ തന്നെ ഭാവിപ്രവാചകനായി തിരിച്ചറിഞ്ഞു എന്ന അറിവുകൂടി ഹദീഥ് അവശേഷിപ്പിക്കുന്നു. വാസ്തവത്തില്‍, പ്രവാചകജീവിതവുമായി ബന്ധപ്പെട്ട് പരാമൃഷ്ട ഹദീഥിലുള്ള ഏറ്റവും പ്രസക്തമായ അറിവ് അതാണ്. മുഹമ്മദ് നബി (സ) ക്രൈസ്തവ പുരോഹിതനെ ഗുരുവായി സ്വീകരിച്ചുവെന്നല്ല, പ്രത്യുത മുഹമ്മദ് നബി(സ)യെ ലോകഗുരുവായി പുരോഹിതന്‍ അംഗീകരിച്ചുവെന്നാണ് ഹദീഥിലുള്ളത്. പ്രവാചകബാല്യത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന സിറിയന്‍ യാത്രയെ സംബന്ധിച്ച എല്ലാ നിവേദനങ്ങളും ഇക്കാര്യം ഐകകണ്‌ഠേന പറയുന്നുണ്ട്. ആ നിവേദനങ്ങള്‍ സ്വീകാര്യമാണെന്നണ് ഓറിയന്റലിസ്റ്റുകളുടെ പക്ഷമെങ്കില്‍, അവര്‍ പറയാനുദ്ദേശിക്കുന്നതിന് നേര്‍വിപരീതമായ കഥയാണ് അവ ഉല്‍പാദിപ്പിക്കുക എന്നുചുരുക്കം. സിറിയയില്‍വെച്ച് കണ്ടുമുട്ടിയ ക്രൈസ്തവ പാതിരിയുടെ പാത പിന്തുടര്‍ന്ന് പ്രവാചകനെ അംഗീകരിക്കുവാന്‍ മിഷനറിമാര്‍ സന്മനസ്സ് കാണിക്കുമോ? ബൈബിളില്‍ നബിയെക്കുറിച്ച പ്രവചനങ്ങളുണ്ടെന്ന വസ്തുതയെ അവര്‍ ഉള്‍ക്കൊള്ളുമോ ?

ഖദീജ(റ)യുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ് അവരുടെ മയ്‌സറ എന്ന ഭൃത്യന്റെ കൂടെ ഖദീജയുടെ കച്ചവടവസ്തുക്കളുമായി മുഹമ്മദ് നബി (സ) ശാമിലേക്ക് ഒരു യാത്രപോയതാണ് ചരിത്രഗ്രന്ഥങ്ങളിലുള്ള രണ്ടാമത്തെ സംഭവം. ഈ സംഭവം കുറേക്കൂടി പ്രശസ്തവും ചരിത്രകാരന്‍മാര്‍ അംഗീകരിക്കുന്നതുമാണ്; വിശദാംശങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും. എന്നാല്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും തള്ളിക്കളഞ്ഞ് മുഴുവന്‍ ചരിത്രകാരന്‍മാരുടെയും നിവേദനങ്ങളെ ആധികാരികമായി നാം സ്വീകരിച്ചാലും ആ യാത്രയില്‍ ഇവ്വിഷയകമായുണ്ടായത് ഒരു ക്രൈസ്തവപുരോഹിതനും ഒരു ജൂതവ്യാപാരിയും ഭാവി പ്രവാചകന്റെ അടയാളങ്ങള്‍ നബി(സ)യില്‍ ദര്‍ശിച്ചുവെന്നതു മാത്രമാണ്. ഒന്നാം സിറിയന്‍ യാത്രയെക്കുറിച്ചു പറഞ്ഞതുപോലെ, രണ്ടാം സിറിയന്‍ യാത്രയിലും ഓറിയന്റലിസ്റ്റുകള്‍ക്കാവശ്യമുള്ള യാതൊന്നും ഉണ്ടായതായി നിവേദനങ്ങള്‍ വ്യക്തമാക്കുന്നില്ലെന്ന് ചുരുക്കം. ചരിത്രത്തില്‍ നിന്ന് എത്ര വിദൂരമായാണ് ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും നബിവിദ്വേഷത്തില്‍ നിന്നുല്‍ഭൂതമാകുന്ന കാല്‍പനിക ഭാവനകള്‍ മേഞ്ഞു നടക്കുന്നതെന്നാലോചിച്ചുനോക്കൂ!

മുഹമ്മദ് നബി(സ)ക്ക് ബൈബിള്‍ പ്രവാചകന്‍മാരെക്കുറിച്ച് സിറിയന്‍ യാത്രകളില്‍ നിന്നുലഭിച്ച അറിവുകളാണ് ക്വുര്‍ആനിലുള്ളതെന്ന വിമര്‍ശക വിശദീകരണത്തിന്റെ പരിഹാസ്യത മനസ്സിലാക്കാന്‍ ക്വുര്‍ആനിലും ഹദീഥുകളിലും ചരിത്രപുസ്തകങ്ങളിലും സവിസ്തരം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള, പ്രവാചകനും (സ) മക്കയിലെ ബഹുദൈവാരാധാകരും തമ്മില്‍ നടന്നിട്ടുള്ള സംവാദങ്ങളുടെ വിശദാംശങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി എന്നതാണ് വാസ്തവം. രണ്ട് സിറിയന്‍ യാത്രകളില്‍ നിന്ന് സമാഹരിച്ചതാണ് ക്വുര്‍ആനിലെ പല വിവരങ്ങളുമെന്ന ആരോപണം, ക്വുര്‍ആനിനെതിരെ നൂറുകണക്കിന് വിമര്‍ശനങ്ങളുന്നയിച്ചിട്ടും ഒരു മക്കന്‍ ബഹുദൈവാരാധകനും ഒരിക്കല്‍പോലും ഉന്നയിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം, ‘സിറിയന്‍ സമ്പര്‍ക്കം’ പ്രവാചകന്റെ വിയോഗത്തിനുശേഷം ആരുടെെയാക്കെയോ ഭാവനയില്‍ ഉരുത്തിരിഞ്ഞ ‘ഫിക്ഷന്‍’ മാത്രമാണെന്ന് സുതരാം വ്യക്തമാക്കുന്നില്ലേ? കളവുകള്‍ കൊണ്ട് എത്രകാലം ലോകെത്ത വഞ്ചിക്കാമെന്നാണ് ‘ഭാവനാസമ്പന്നരായ’ ഓറിയന്റലിസ്റ്റ് ‘കാല്‍പനികര്‍’ കണക്കുകൂട്ടുന്നത്?

print