ലോകക്ലാസിക്കുകളിൽ, ക്വുർആനിന്‌ മാത്രമെന്ത് സവിശേഷത?

/ലോകക്ലാസിക്കുകളിൽ, ക്വുർആനിന്‌ മാത്രമെന്ത് സവിശേഷത?
/ലോകക്ലാസിക്കുകളിൽ, ക്വുർആനിന്‌ മാത്രമെന്ത് സവിശേഷത?

ലോകക്ലാസിക്കുകളിൽ, ക്വുർആനിന്‌ മാത്രമെന്ത് സവിശേഷത?

ഇംഗ്ലീഷില്‍ ഷെയ്ക്‌സ്പിയറുടെ നാടകങ്ങൾ, ജര്‍മന്‍ ഭാഷയില്‍ ഗോയ്‌ഥേയുടെയും ഷില്ലറുടെയും രചനകൾ, പേര്‍സ്യനില്‍ ഹാഫിളിന്റെയും റൂമിയുടെയും കവിതകൾ, സംസ്‌കൃതത്തില്‍ ഋഗ്വേദം. ഇങ്ങനെ ഓരോ ഭാഷയിലും ഉന്നതമായ സാഹിത്യ സൃഷ്ടികളുണ്ടായിട്ടുണ്ട്. ഇതേ പോലെയുള്ള ഒരു സാഹിത്യകൃതിയായി കണ്ടാൽ പോരെ ക്വുർആനിനെയും. ഖുർആനിന് മാത്രമെന്താണ് സവിശേഷത?

ഇംഗ്ലീഷില്‍ ഷെയ്ക്‌സ്പിയറെ വെല്ലുന്ന ഒരു നാടകകൃത്തില്ല. ജര്‍മന്‍ ഭാഷയിലാണെങ്കില്‍ ഗോയ്‌ഥേയും ഷില്ലറും അവരുടെ നാടകരചനയില്‍ അത്യുന്നതന്മാരാണ്. പേര്‍സ്യനില്‍ ഹാഫിളും റൂമിയും അദ്വിതീയരാണ്. സംസ്‌കൃതത്തില്‍ ഋഗ്വേദം അതുല്യമായ രചനയാണ്. ഓരോ ഭാഷയിലും ഉന്നതമായ സാഹിത്യ സൃഷ്ടികളുണ്ടായിട്ടുണ്ട്. ഇതുപോലെ അറബിയിലും മനോഹരമായ രചനകളുണ്ടായിട്ടുണ്ട്. ഈ രചനകളില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഖുര്‍ആനിന്റെ രൂപവും ശൈലിയും ഉള്ളടക്കവുമെല്ലാം. ഷേക്‌സ്പിയറുടെ നാടങ്ങളും ഗോയ്‌ഥേയുടെയും ഹോമറുടെയും കൃതികളുമെല്ലാം കഥനങ്ങളും ആസ്വാദനത്തിനു വേണ്ടിയുള്ളയതുമാണ്. അവ മാനുഷിക വികാരത്തെ മാത്രം സംതൃപ്തമാക്കാനുതകുന്നതാണ്.

ഖുര്‍ആനിക വചനങ്ങള്‍ ആസ്വാദനം നല്‍കുന്നതോടൊപ്പം പരിവര്‍ത്തനങ്ങളുണ്ടാക്കുകയും ചെയ്യുന്നു. സന്തോഷത്തോടൊപ്പം ശാന്തിയും നല്‍കുന്നു. കഥനങ്ങളോടൊപ്പം പാഠങ്ങളും പഠിപ്പിക്കുന്നു. മനുഷ്യരെ ഒന്നും പുറത്തുനിന്ന് അടിച്ചേല്‍പിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. അവന് അകത്തുനിന്നുതന്നെ കര്‍മങ്ങള്‍ക്കുള്ള പ്രചോദനമുണ്ടാക്കുകയാണ്. ബുദ്ധിക്ക് സംതൃപ്തിയും വികാരങ്ങള്‍ക്ക് പൂര്‍ത്തീകരണവും നല്‍കിക്കൊണ്ട് ആളുകളെ പ്രവര്‍ത്തന നിരതമാക്കുകയാണ് അവ ചെയ്യുന്നത്. മദ്യം നിരോധിച്ചുകൊണ്ടുള്ള സൂക്ത(5:90,91)ങ്ങള്‍ ഉദാഹരണം. പ്രസ്തുത സൂക്തങ്ങളിലെ കല്‍പന സ്വയമേവ നിറവേറ്റുകയാണ് അത് കേട്ടവര്‍ ചെയ്തത്. മദീനാ തെരുവിലൂടെ മദ്യച്ചാലുകള്‍ ഒഴുകിയതിന് കാരണമതായിരുന്നു. മനുഷ്യവിരചിതമായ ഒരു സാഹിത്യ സൃഷ്ടിക്കും സാധിക്കാത്ത ഒരു കാര്യമാണിത്. ഒരാളുടെയല്ല, ഒരായിരം പേരുടെയുമല്ല; ലക്ഷങ്ങളുടെ ഹൃദയങ്ങള്‍ക്കകത്തേക്ക് തുളച്ചുകയറി ഒരേ രൂപത്തിലുള്ള കര്‍മങ്ങള്‍ ചെയ്യുന്നവരായി മാറ്റിയെടുക്കുകയെന്നത് മനുഷ്യകഴിവിന്നതീതമാണ്. മനുഷ്യമനസ്സിന്റെ സ്പന്ദതാളങ്ങളെയും ലയത്തെയും കുറിച്ച് വ്യക്തമായി അറിയാവുന്ന പടച്ചതമ്പുരാനു മാത്രമേ അത്തരമൊരു രചന സാധ്യമാകൂ.

ഏതു ഭാഷയിലെയും സാഹിത്യകൃതികളെടുത്ത് പരിശോധിക്കുക. അവയുടെ സാഹിത്യമൂല്യത്തെക്കുറിച്ച് നാം സംസാരിക്കുന്നത് അത് എഴുതപ്പെട്ട കാലത്തെ ഭാഷയുടെയും അറിവിന്റെയും ഭൂമികയില്‍നിന്നുകൊണ്ടാണ്. അവയിലൊന്നിന്റെയും ഭാഷകള്‍ ഇപ്പോള്‍ ജീവല്‍ ഭാഷകളേയല്ല. ഷേക്‌സ്പിയറുടെ ഇംഗ്ലീഷും ഋഗ്വേദത്തിന്റെ സംസ്‌കൃതവുമൊന്നും ഇന്ന് ജീവിച്ചിരിക്കുന്ന ഭാഷകളല്ല. ഈ ഭാഷകളെല്ലാം ഒട്ടനവധി പരിണാമ പ്രക്രിയകള്‍ക്ക് വിധേയമായി. ഖുര്‍ആനിന്റെ ഭാഷയും സൗന്ദര്യവും ഇവയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട് പതിനാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും ഖുര്‍ആനിക അറബിതന്നെയാണ് ഇന്നും അറബികള്‍ക്ക് ആധാരഭാഷ (standard language)യായി നിലനില്‍ക്കുന്നത്. ദൈവിക നിയമങ്ങളെപോലെത്തന്നെ ദൈവിക ഗ്രന്ഥത്തിന്റെ ഭാഷക്കും ഗണ്യമായ മൗലികമാറ്റങ്ങളൊന്നും കൂടാതെ പതിനാലു നൂറ്റാണ്ടുകാലം നിലനില്‍ക്കുവാന്‍ കഴിഞ്ഞുവെന്നതുതന്നെ ഒരു ദൈവിക ദൃഷ്ടാന്തമാണ്. ഭാഷാ പരിണാമത്തെയും കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകള്‍ക്കിടയില്‍ മറ്റു ഭാഷകള്‍ക്കുണ്ടായ മാറ്റങ്ങളെയും കുറിച്ച് പഠിച്ചവര്‍ക്കേ ഖുര്‍ആനിന്റെ മാത്രമായ ഈ സവിശേഷത വ്യക്തമായി മനസ്സിലാവൂ.

സത്യത്തില്‍, മറ്റു സാഹിത്യ കൃതികള്‍ ഖുര്‍ആനുമായി താരതമ്യം ചെയ്യാനേ അര്‍ഹമല്ലാത്തവയാണ്. അവയെല്ലാം ഓരോ പ്രത്യേക സാഹചര്യങ്ങളുടെ സൃഷ്ടി; ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട സംഭവങ്ങളുമായി മാത്രം ബന്ധപ്പെട്ടവ; ജനങ്ങളെ ആസ്വദിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രം രചിക്കപ്പെട്ടവ. ഖുര്‍ആനാകട്ടെ ജനങ്ങളെ അഭ്യസിപ്പിക്കുവാനുള്ളതാണ്. അത്തരമൊരു ഗ്രന്ഥം ആസ്വാദനം നല്‍കുകയെന്നത് വളരെ വിരളമാണ്. ഖുര്‍ആനിക സൂക്തങ്ങള്‍ ഒരേസമയംതന്നെ അത് അവതരിപ്പിക്കപ്പെട്ടകാലത്തെ സാഹചര്യങ്ങളോടും മറ്റു കാലങ്ങളിലെ തത്തുല്യമായ സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നവയാണ്. ബാഹ്യമായി ആസ്വദിപ്പിക്കുക ഖുര്‍ആനിന്റെ ലക്ഷ്യമേയല്ല. എന്നാല്‍ ഖുര്‍ആനിക വചനങ്ങള്‍ മനസ്സിന് സംതൃപ്തിയും കുളിര്‍മയും നല്‍കുകയും അതിന്റെ മനോഹാരിതയില്‍ മനസ്സ് പകച്ചുനിന്നുപോവുകയും ചെയ്യുന്നു.

മറ്റു ഗ്രന്ഥങ്ങളില്‍നിന്നെല്ലാം ഖുര്‍ആനിനെ വ്യതിരിക്തമാക്കുന്ന അതിന്റെ സുപ്രധാനമായ പ്രത്യേകത അത് മുന്നോട്ട് വെക്കുന്ന വെല്ലുവിളിയാണ്. മറ്റുകൃതികളുടെയൊന്നും രചയിതാക്കള്‍ക്ക് തങ്ങളുടെ ഗ്രന്ഥത്തിനു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാനായി വെല്ലുവിളിക്കുവാനുള്ള ധൈര്യമുണ്ടായിട്ടില്ല; ധൈര്യമുണ്ടാവുകയുമില്ല. മറ്റൊരാളുടെ കഴിവ് എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കാണ് സാധിക്കുക? അതിന് ഒരാള്‍ക്കും സാധിക്കുയില്ലെന്നതുകൊണ്ടുതന്നെ അത്തരമൊരു വെല്ലുവിളി നടത്താന്‍ സര്‍വശക്തനായ സ്രഷ്ടാവിനല്ലാതെ ഒരാള്‍ക്കും കഴിയുകയില്ല. ലോകോത്തര സാഹിത്യകൃതികളൊന്നുംതന്നെ അത്തരമൊരു വെല്ലുവിളി നടത്തുന്നുമില്ല.

ചുരുക്കത്തില്‍, ഖുര്‍ആനുമായി താരതമ്യത്തിനുപോലും മറ്റു സാഹിത്യഗ്രന്ഥങ്ങളൊന്നും അര്‍ഹമല്ലെന്നതാണ് വാസ്തവം.

print