വികലാംഗരെ സൃഷ്‌ടിച്ച ദൈവം ക്രൂരനല്ലേ ?

/വികലാംഗരെ സൃഷ്‌ടിച്ച ദൈവം ക്രൂരനല്ലേ ?
/വികലാംഗരെ സൃഷ്‌ടിച്ച ദൈവം ക്രൂരനല്ലേ ?

വികലാംഗരെ സൃഷ്‌ടിച്ച ദൈവം ക്രൂരനല്ലേ ?

അംഗവൈകല്യമുള്ളവരെയും ബുദ്ധിമാന്ദ്യമുള്ളവരെയുമെല്ലാം സൃഷ്ടിച്ചതാരാണ്? ദൈവം മനഃപൂർവമാണ് അവരെ സൃഷ്ടിച്ചതെങ്കിൽ അത് ക്രൂരതയല്ലേ? അവരോട് മാത്രമായി ഇത്ര വലിയ ക്രൂരത ദൈവം കാണിക്കുന്നതെന്തുകൊണ്ട്?

അൻവർ പുനലൂർ

പ്രപഞ്ചത്തിലെ എല്ലാറ്റിനെയും സൃഷ്ടിച്ചവൻ അല്ലാഹുവാണ്. “പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവന്‍ ഏകനും സര്‍വ്വാധിപതിയുമാകുന്നു” (ക്വുർആൻ 13: 16)

അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം കുറ്റമറ്റതാണ് എന്നുകൂടി പഠിപ്പിക്കുന്നുണ്ട് ക്വുർആൻ. “എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്”(27:88) എന്നും “താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍” (32:7) എന്നും പറയുമ്പോൾ ക്വുർആൻ ഈ പാഠമാണ് നൽകുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളിലൊന്നും ആത്യന്തികമായി വൈകല്യങ്ങളൊന്നുമുണ്ടാവില്ല എന്ന് തന്നെയാണ് ഇതിനർത്ഥം. നമ്മുടെ കാഴ്ചയിൽ വൈകല്യങ്ങളായി തോന്നുന്നവ പോലും അല്ലാഹുവിന്റെ ദൃഷ്ടിയിൽ വലിയ അനുഗ്രഹങ്ങളായിരിക്കുമെന്നാണ് ഇതിൽ നിന്ന് നാം ഉൾക്കൊള്ളേണ്ടത്.

അല്ലാഹു ‘റഹ്‌മാൻ’ അഥവാ പരമകാരുണികനാണ് എന്നാണ് ക്വുർആൻ പഠിപ്പിക്കുന്നത്. തീവ്രമായ കാരുണ്യം എല്ലായ്‌പ്പോഴും എല്ലാ സൃഷ്ടികളിലേക്കും ചൊരിഞ്ഞുകൊണ്ടിരിക്കുന്നവൻ എന്നാണ് ‘റഹ്‌മാൻ’ എന്ന ദൈവനാമം അർത്ഥമാക്കുന്നത്. സ്വന്തം അസ്തിത്വത്തിൽ തന്നെ കാരുണ്യത്തെ ഒരു ബാധ്യതയായി രേഖപ്പെടുത്തിയവനായാണ് ക്വുർആൻ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. (6: 12) അല്ലാഹുവിൽ നിന്നുണ്ടാവുന്നതെല്ലാം കാരുണ്യമാണ് എന്നർത്ഥം. നന്മയായും തിന്മയായും നമുക്ക് തോന്നുന്ന കാര്യങ്ങളിലെല്ലാം അല്ലാഹുവിന്റെ കാരുണ്യം അന്തർലീനമായിരിക്കും എന്ന പാഠമാണ് ‘എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും’ (ക്വുർആൻ 7: 156) എന്ന ദൈവവചനം വ്യക്തമാക്കുന്നത്.

യൂസുഫ്‍ നബിയുടെ(അ) ചരിത്രം വിവരിച്ചുകൊണ്ട് ക്വുർആൻ നമ്മെ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന് ദുരിതങ്ങളായി നാം മനസ്സിലാക്കുന്ന സംഭവങ്ങൾക്കെല്ലാം പിന്നിൽ കാരുണ്യത്തിന്റെ വലിയ ദൈവപദ്ധതികളുണ്ടാവുമെന്നാണ്. കിണറ്റിൽ എറിയപ്പെട്ട യൂസുഫ് എന്ന ബാലന്റെ ദുരിതത്തെ കുറിച്ച് വേവലാതിപ്പെടുമ്പോൾ തന്നെ ആ ദുരിതമാണ് അദ്ദേഹത്തെ ഈജിപ്തിന്റെ ഭക്ഷ്യമന്ത്രിയുടെ പദവിയിലെത്തിച്ച സംഭവപരമ്പരയുടെ തുടക്കമെന്നുകൂടി നാം മനസ്സിലാക്കണം. ജീവിതത്തിൽ വന്നുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളുമെല്ലാം ഈ ജീവിതത്തിൽ തന്നെ നന്മയായിത്തീർന്ന നിരവധി കാര്യങ്ങൾ നമുക്ക് ഓരോരുത്തർക്കും പറയാനുണ്ടാവും.

അംഗവൈകല്യത്തെയും ബുദ്ധിമാന്ദ്യത്തെയുമെല്ലാം തങ്ങൾക്ക് വലിയ സാധ്യതകളായിത്തീർന്ന നിരവധി പേർ ചരിത്രത്തിലും വർത്തമാനത്തിലുമുണ്ട്. അന്ധയും ബധിരയും മൂകയുമായി ജനിച്ച ഹെലൻ കെല്ലർ നല്ലൊരു ഉദാഹരണമാണ് . തന്റെ വൈകല്യങ്ങളെ പഴിച്ച് ജീവിതം പാഴാക്കാതെ അവയെ അവസരങ്ങളായി കണ്ട് പ്രവർത്തിച്ചതിനാൽ അവർക്ക് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരാൻ കഴിഞ്ഞു. ഇന്നോളം ജീവിച്ചിരുന്നവരിൽ ഏറ്റവുമധികം മസ്തിഷ്കശേഷിയുള്ള മനുഷ്യനായി വാഴ്ത്തപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റീൻ മൂന്നു വയസ്സ് വരെ പഠനവൈകല്യങ്ങൾ പ്രകടിപ്പിച്ചിരുന്ന ഒരാളായിരുന്നുവെന്ന വസ്തുത നാം മനസ്സിലാക്കണം. രണ്ട് എമ്മി അവാർഡുകളും ആറ് ഗോൾഡൻ ഗ്ലോബ് അവാർഡുകളും രണ്ട് സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് അവാർഡുകളും അഞ്ച് ഗ്രാമി അവാർഡുകളും നേടിയ ഹോളിവുഡിലെ പ്രശസ്ത താരം റോബിൻ വില്യംസ് ചെറുപ്പത്തിൽ AHDH എന്ന മാനസികവൈകല്യമുള്ളയാളായിരുന്നുവെന്ന് കൂടി നാം അറിയണം. വൈകല്യങ്ങളെ വൈകല്യങ്ങളായി കാണാതെ അവസരങ്ങളായി കണ്ടാൽ വലിയ സാധ്യതകളിലേക്ക് അവ വഴി തുറന്നേക്കുമെന്നാണ് ഇവരുടെയെല്ലാം ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

ഈ പ്രപഞ്ചത്തിലേക്കുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രകാശനം ഒരാൾക്ക് ദുരിതമായും ദുരന്തമായുമെല്ലാം അനുഭവപ്പെടാവുന്നതാണ്. അയാൾക്ക് വന്നു ഭവിക്കുന്ന പ്രയാസങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിന്റെ കാരുണ്യം എന്താണെന്ന് ചിലപ്പോൾ ഇവിടെ വെച്ച് നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണപ്രകാശനം നടക്കുന്ന മരണാനന്തരജീവിതത്തിലേ കഴിയൂ. സ്വന്തം അസ്തിത്വത്തിന്റെ ബാധ്യതയായി നിശ്ചയിക്കപ്പെട്ട കാരുണ്യത്തിന്റെ 99 ശതമാനവും പ്രകടിപ്പിക്കപ്പെടുന്നത് അവിടെ വെച്ചാണ്. അംഗവൈകല്യത്തിന്റെയും ബുദ്ധിമാന്ദ്യത്തിന്റെയുമെല്ലാം പിന്നിലുണ്ടായിരുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെന്തൊക്കെയാണെന്ന് അവിടെ വെച്ച് എല്ലാവർക്കും മനസ്സിലാവും. അവർക്കും മറ്റു സൃഷ്ടികൾക്കുമെല്ലാം വലിയ നന്മയായിരുന്നു അവർ അനുഭവിച്ച ദുരിതങ്ങൾ എന്ന് മനസ്സിലാവുക മാത്രമല്ല, തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾക്കുള്ള പ്രതിഫലം കൂടി അവിടെനിന്ന് അവർക്ക് ലഭിക്കും. മരണാനന്തരജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വിശാലമായ ക്യാൻവാസിന് മാത്രമേ മനുഷ്യർ ഇവിടെ അനുഭവിക്കുന്ന പ്രയാസങ്ങളെയെല്ലാം തൃപ്തികരമായി വിശദീകരിക്കാനാവൂ.

ഇഹലോകജീവിതം ഒരു പരീക്ഷണം മാത്രമാണെന്ന് മനസ്സിലാക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം തനിക്കുണ്ടാവുന്ന ദുരിതങ്ങളെല്ലാം മരണാനന്തരജീവിതത്തിൽ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണമായ പ്രകാശനത്തിന് അർഹനാകുന്നതിനു വേണ്ടിയുള്ള അവസരങ്ങളാണ്. ബുദ്ധിവൈകല്യമായാലും അംഗവൈകല്യമായാലും അവയെ പഴിക്കാതെ അവയിലെ അനുഗ്രഹങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുകയും അവയുടെ സാധ്യതകൾ ഉപയോഗിക്കുകയുമാണ് അവർ ചെയ്യുക. ദുരിതങ്ങൾ അനുഭവിക്കുന്നവർ മറ്റുള്ളവക്ക് തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള നിമിത്തങ്ങളുമായിത്തീരുന്നു. വൈകല്യങ്ങളനുഭവിക്കുന്നവർക്ക് മരണാനന്തരം ലഭിക്കാനിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ച അറിവ് അവർക്ക് സമാധാനം നൽകുകയും ചെയ്യുന്നു. നൽകിയും നൽകാതെയും ഒരാൾ പരീക്ഷിക്കപ്പെടുമ്പോൾ അവയെല്ലാം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി ക്ഷമിക്കുവാനും അതിന്ന് അവനിൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കാനും കഴിയുക വിശ്വാസിക്ക് മാത്രമാണ്. പരീക്ഷണങ്ങളുടെ കൊടുമുടിയിൽ പോലും ക്ഷമിച്ചുകൊണ്ട് അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിശ്വാസികൾല്ലാതെ ആർക്കാണ് കഴിയുക? അത്തരക്കാർക്ക് മതം നൽകുന്ന പ്രതീക്ഷ അപാരമാണ്. ക്വുർആൻ പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുക ‘ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലുള്ളവരും അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്’‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.” (2:156)

print