ലൂത്ത് നബി(അ)യുടെ ജനതയുടെ പ്രതികരണങ്ങളിലുള്ള വൈരുധ്യം?

/ലൂത്ത് നബി(അ)യുടെ ജനതയുടെ പ്രതികരണങ്ങളിലുള്ള വൈരുധ്യം?
/ലൂത്ത് നബി(അ)യുടെ ജനതയുടെ പ്രതികരണങ്ങളിലുള്ള വൈരുധ്യം?

ലൂത്ത് നബി(അ)യുടെ ജനതയുടെ പ്രതികരണങ്ങളിലുള്ള വൈരുധ്യം?

ലൂത്ത് നബി തന്റെ ജനതയോട് പ്രകൃതിവിരുദ്ധ രതിയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ അവരുടെ പ്രതികരണം എന്തായിരുന്നുവെന്ന് വിവരിക്കുന്നേടത്ത് ഖുർആനിൽ രണ്ട് വചനങ്ങളിൽ വ്യത്യസ്ത പരാമർശം കാണുന്നു: ഇവരെ നിങ്ങളുടെ നാട്ടിൽ നിന്നും പുറത്താക്കുക. ഇവർ പരിശുദ്ധി പ്രാപിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. (7:82). നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നു പറഞ്ഞതു മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി (29:29). അദ്ദേഹത്തിന്റെ ജനത ഒരു മറുപടി മാത്രമേ പറഞ്ഞിട്ടുള്ളൂവെങ്കിൽ ഈ രണ്ടു വചനങ്ങളിൽ ഒന്ന് ശരിയാകാൻ സാധ്യതയില്ലല്ലോ?

തന്റെ സമുദായത്തില്‍ വ്യാപകമായിരുന്ന സ്വവര്‍ഗരതിയെന്ന മഹാപാപത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചിരുന്ന പ്രവാചകനായിരുന്നു ലൂത്ത് നബി(അ). അദ്ദേഹം തന്റെ ജനതയോട് ഒരു പ്രാവശ്യം മാത്രമായിരിക്കുകയില്ല സംസാരിച്ചിരിക്കുക. പലതവണ, പലരോടും അദ്ദേഹം പ്രകൃതിവിരുദ്ധ രതിക്കെതിരെ സംസാരിച്ചിട്ടുണ്ടാകും. അപ്പോള്‍ അവരുടെ മറുപടി വ്യത്യസ്തമായിരിക്കും. ഇവിടെ സൂചിപ്പിക്കപ്പെട്ട സൂക്തങ്ങളില്‍ വ്യത്യസ്തങ്ങളായ രണ്ടു സന്ദര്‍ഭങ്ങളാണ് പ്രതിപാദിപ്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ പ്രതികരണം വ്യത്യസ്തമായിരിക്കുക സ്വാഭാവികമാണ്.

7:80 മുതല്‍ 7:82 വരെയുള്ള സൂക്തങ്ങളുടെ സാരം പരിശോധിക്കുക:

”ലൂത്വിനെയും (നാം അയച്ചു) അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്കു മുമ്പ് ഒരാളും ചെയ്തിട്ടില്ലാത്ത നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്നുപറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്ന്പുറത്താക്കുക. ഇവര്‍ പരിശുദ്ധിപ്രാപിക്കുന്ന ആളുകളാകുന്നു എന്നുപറഞ്ഞതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി”.’

പ്രകൃതി വിരുദ്ധ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തന്റെ ജനതയോട് ലൂത്ത് (അ) ഒരു തവണ നടത്തിയ ഉല്‍ബോധനവും അതിന് അവരുടെ പ്രതികരണവുമാണ് മുകളിലെ സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ് 29:28, 29 സൂക്തങ്ങളിലുള്ളതെന്ന് അവയുടെ സാരം പരിശോധിച്ചാല്‍ ബോധ്യമാവും. ”ലൂത്തിനെയും (ദൂതനായി അയച്ചു) തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു)തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കുമുമ്പ് ലോകരില്‍ ഒരാളും അത് ചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്‍മാരുടെ അടുത്ത് ചെല്ലുകയും(പ്രകൃതിപരമായ) മാര്‍ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്റെ ജനതനല്‍കിയ മറുപടി നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്നു മാത്രമായിരുന്നു.” (29:28,29)

ലൂത്ത് നബി (അ) രണ്ട് തവണ തന്റെ ജനതയോട് നടത്തിയ ഉല്‍ബോധനങ്ങളാണ് സൂറത്തുല്‍ അഅ്‌റാഫിലും സൂറത്തു അന്‍കബൂത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. പ്രസ്തുത ഉല്‍ബോധനങ്ങളിലെ വാചകങ്ങള്‍ വ്യത്യസ്തമായതുപോലെ ജനതയുടെ മറുപടിയും വ്യത്യസ്തമായിരുന്നു. എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി എന്ന് പറഞ്ഞതില്‍ നിന്ന് ലൂത്ത് നബി (അ) സംസാരിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ ജനത ഒരേയൊരു വാചകം മാത്രമാണ് മറുപടിയായി ആവര്‍ത്തിച്ച് പറഞ്ഞത് എന്ന് അര്‍ഥമാക്കുന്നില്ല. പ്രകൃതി വിരുദ്ധ രതിയുടെ അധാര്‍മികതയെക്കുറിച്ച് അവരെ ഉണര്‍ത്തിക്കൊണ്ട് അദ്ദേഹം ഉന്നയിച്ച ചോദ്യത്തിന് ശരിയായ മറുപടി പറയാനോ ചിന്തിച്ച് തങ്ങളുടെ നിലപാട് നന്നാക്കി തീര്‍ക്കുവാനോ അവര്‍ സന്നദ്ധരായില്ല. അദ്ദേഹം അവരോട് സംസാരിച്ചപ്പോഴെല്ലാം ധിക്കാരത്തോട് കൂടിയുള്ള പ്രതികരണം മാത്രമാണ് അവരില്‍ നിന്നുണ്ടായത്. ഇക്കാര്യമാണ് ഈ വിഷയം പ്രതിപാദിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളിലെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ഈ സൂക്തങ്ങള്‍ തമ്മില്‍ യാതൊരു വിധ വൈരുധ്യവുമില്ല. യഥാര്‍ഥ മറുപടിയുടെ അഭാവം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ”പറഞ്ഞത് മാത്രമായിരുന്നു അവരുടെമറുപടി” എന്ന് പറഞ്ഞിരിക്കുന്നത്.

print