വ്യഭിചാരത്തിന് എന്തിനാണ് ശിക്ഷ?

/വ്യഭിചാരത്തിന് എന്തിനാണ് ശിക്ഷ?
/വ്യഭിചാരത്തിന് എന്തിനാണ് ശിക്ഷ?

വ്യഭിചാരത്തിന് എന്തിനാണ് ശിക്ഷ?

ലൈംഗികത ഒരു ദൈവിക ദാനമാണ്. ജീവികളില്‍ അതിന്റെ പരമമായ ലക്ഷ്യം പ്രത്യുല്‍പാദനമാണ്. മനുഷ്യരിലാകട്ടെ,പ്രത്യുല്‍പാദനമെന്ന ലക്ഷ്യത്തോടൊപ്പംതന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും സാമൂഹിക ജീവിതത്തിലെ സമാധാനവുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവിക മാര്‍ഗദര്‍ശനപ്രകാരമല്ലാതെയുള്ള ലൈംഗികതയുടെ ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയെയും സാമൂഹിക ഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗിക രോഗങ്ങള്‍ക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര ലൈംഗികബന്ധങ്ങള്‍ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തില്‍നിന്ന് പഠിച്ചവരാണല്ലോ ആധുനിക സംസ്‌കാരത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവര്‍.

രണ്ടു വ്യക്തികള്‍ ലൈംഗികമായി ബന്ധപ്പെടണമെങ്കില്‍ വിവാഹം എന്ന കരാറിലൂടെയാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതല്ലാതെയുള്ള ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്. അതു സമൂഹത്തില്‍ നിലനില്‍േക്കണ്ട മൂല്യങ്ങളെയെല്ലാം തകര്‍ക്കും. വൈവാഹിക ജീവിതത്തില്‍ സംശയത്തിന്റെ വിത്തുകള്‍ വിതയ്ക്കും. പ്രസ്തുത സംശയങ്ങള്‍ മനസ്സുകള്‍ തമ്മില്‍ വിടവുകളുണ്ടാക്കും. അതു കുടുംബബന്ധത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ മാനസികാരോഗ്യത്തെ പോലും അതു ബാധിക്കും.

പാശ്ചാത്യ മൂല്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇവ്വിഷയകമായ സ്ഥിതി വിവരക്കണക്കുകള്‍ ധാര്‍മികബോധമുള്ള ആരെയും ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഒാരോ മാസവും മുന്നൂറ് പേരെങ്കിലും ഡി.എന്‍.എ വിരലടയാള പരിശോധന നടത്തി തങ്ങളുടെ ഭാര്യക്ക് പിറന്ന കുഞ്ഞ് തങ്ങളുടേതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ വേണ്ടി എത്തുന്നുണ്ടത്രേ! (മാതൃഭൂമി ആഴ്ചപ്പതിപ്പ് 31.1.99) ഇതു കാണിക്കുന്നതെന്താണ്? പരസ്പരം വിശ്വാസമില്ലാത്ത ഇണകളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്ന്. എന്താണിതിന് കാരണം? ഉത്തരം‘മാതൃഭൂമി‘തന്നെ പറയുന്നുണ്ട്. ‘സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും വിവാഹബാഹ്യബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്‘.

സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നുവെന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിന്റെ സ്ഥിതിയാണിത്. പാശ്ചാത്യ സമൂഹങ്ങളിലെ സ്ഥിതിയാകട്ടെ ഇതിലും കഷ്ടമാണ്. ഗര്‍ഭിണികളാകുന്ന കൊച്ചുകുഞ്ഞുങ്ങളാണ് അവിടത്തെ ഏറ്റവും വലിയ സാമൂഹികപ്രശ്‌നം. ജാര സന്തതികളാണ് ഗവണ്‍മെന്റിനെ അലട്ടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം. ഇതൊന്നും ഒരു വാര്‍ത്തയേ അല്ലെന്ന സ്ഥിതിയാണവിടെ. പക്ഷേ, ഇത്തരം സദാചാരലംഘനങ്ങള്‍ വഴി കുടുംബമെന്ന സ്ഥാപനം അവിടെ തകര്‍ന്നു തരിപ്പണമായിട്ടുണ്ടെന്നും അതു വമ്പിച്ച സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പാശ്ചാത്യലോകത്തിന്റെ സമ്പൂര്‍ണ നാശത്തിലാണ് കലാശിക്കുകയെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്‌സാമൂഹിക ശാസ്ത്രജ്ഞന്മാര്‍.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമൂഹം ഇത്തരത്തിലുള്ളതല്ല. ശാന്തമായ കുടുംബാന്തരീക്ഷവും സമാധാന പൂര്‍ണമായ ദാമ്പത്യവും നിലനില്‍ക്കുന്ന സമൂഹത്തെ സൃഷ്ടിക്കുവാനാണ് ഇസ്‌ലാം പരിശ്രമിക്കുന്നത്.

അതിന് വിവാഹത്തിന് പുറത്തുള്ള സകല ലൈംഗികബന്ധങ്ങളും നിരോധിക്കപ്പെടണമെന്നാണ് ഇസ്‌ലാം കരുതുന്നത്. അതുകൊണ്ട് അത്തരം ലൈംഗിക ബന്ധങ്ങള്‍ ഇല്ലാതെയാക്കുവാനാവശ്യമായ ശിക്ഷകളാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ലൈംഗികത അതിശക്തമായ ഒരു വികാരമാണെന്നിരിക്കെ അതില്‍നിന്ന് മനുഷ്യരെ തടഞ്ഞുനിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. ഖുര്‍ആനിലെ ശിക്ഷകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.

print