യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ക്വുർആൻ വചനങ്ങളും ഹദീഥുകളും ഭീകരതവളർത്തുന്നു!

/യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ക്വുർആൻ വചനങ്ങളും ഹദീഥുകളും ഭീകരതവളർത്തുന്നു!
/യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ക്വുർആൻ വചനങ്ങളും ഹദീഥുകളും ഭീകരതവളർത്തുന്നു!

യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ക്വുർആൻ വചനങ്ങളും ഹദീഥുകളും ഭീകരതവളർത്തുന്നു!

യുദ്ധം അനിവാര്യമായ സാഹചര്യങ്ങളില്‍ യുദ്ധത്തിന് ഒരുങ്ങേണ്ടത് ഓരോ മുസ്‌ലിമിന്റെയും കര്‍ത്തവ്യമാണെന്ന് വ്യക്തമാക്കുന്ന നിരവധി വാക്യങ്ങൾ ഖുർആനിലും ഹദീഥുകളിലുമുണ്ട്. . യുദ്ധരംഗത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കുകയോ പിന്‍മാറുകയോ ചെയ്ത് ഭീരുത്വം പ്രകടിപ്പിക്കുന്നതിന് പകരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതുവാന്‍ സന്നദ്ധനാവുകയും ആ രംഗത്ത് ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യേണ്ടവനാണ് മുസ്‌ലിം എന്ന് തന്നെയാണ് പ്രസ്തുത വചനങ്ങൾ പഠിപ്പിക്കുന്നത്. . ആദര്‍ശ സംരക്ഷണത്തിനുവേണ്ടിയുള്ള യുദ്ധത്തില്‍ ത്യാഗങ്ങള്‍ സഹിക്കുകയും ആവശ്യമെങ്കില്‍ മരിക്കുവാന്‍ സന്നദ്ധനാവുകയും ചെയ്യുന്നതിന് പ്രചോദിപ്പിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനങ്ങളും നബിനിര്‍ദേശങ്ങളും യുദ്ധങ്ങളും രക്തസാക്ഷ്യവും വഴി ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് വിശ്വാസികളെ തെര്യപ്പെടുത്തിക്കൊണ്ടാണ് ആ രംഗത്ത് മുന്നേറുവാന്‍ ആവേശം നല്‍കുന്നത്. ആദര്ശയുദ്ധത്തിനുള്ള പ്രചോദനമാണ്, കലാപത്തിനുള്ള ആഹ്വാനമല്ല അവയൊന്നും ഉൾക്കൊള്ളുന്നത്.

അനിവാര്യമായ യുദ്ധസാഹചര്യത്തില്‍ വിശ്വാസികളൊന്നും യുദ്ധരംഗത്തേക്കിറങ്ങുവാന്‍ അറച്ചുനില്‍ക്കരുതെന്ന് പഠിപ്പിക്കുകയും യുദ്ധത്തിന് പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള വചനങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വ്യാഖ്യാനിച്ചുകൊണ്ടാണ് ക്വുര്‍ആനും നബിവചനങ്ങളുമെല്ലാം വളര്‍ത്തുന്നത് യുദ്ധക്കൊതി പൂണ്ട സമൂഹത്തെയാണെന്ന് വിമര്‍ശകര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. ശത്രുക്കള്‍ യുദ്ധത്തിനൊരുങ്ങി വരുന്ന സാഹചര്യത്തില്‍ മുസ്‌ലിംകളെയും യുദ്ധ സജ്ജരാക്കുകയെന്ന ദൗത്യമാണ് പ്രസ്തുത വചനങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് അവതരിക്കപ്പെട്ട സന്ദര്‍ങ്ങള്‍ക്കകത്തുനിന്നുകൊണ്ട് പ്രസ്തുത വചനങ്ങെള അപഗ്രഥിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കുന്നതിനായി സര്‍വായുധ സജ്ജരായ ശത്രുക്കള്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ മുസ്‌ലിംകളെ സമരസജ്ജരാക്കുകയും ശത്രുക്കളെ പ്രതിരോധിച്ച് ഇസ്‌ലാമിക സമൂഹത്തെ സംരക്ഷിക്കുവാന്‍ മുസ്‌ലിംകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിന് ‘യുദ്ധക്കൊതി’യെന്ന് വിളിക്കാമെങ്കില്‍ മാത്രമെ ക്വുര്‍ആനും ഹദീഥുകളും വളര്‍ത്തുന്നത് യുദ്ധക്കൊതിപൂണ്ട സമൂഹത്തെയാണെന്ന് പറയാനാവൂ. യുദ്ധക്കൊതിയില്ലാത്തവര്‍ക്ക് ഭൂമിയില്‍ ജീവിക്കാനാവില്ലെന്നുകൂടി അനുബന്ധമായി പറയാന്‍ സന്നദ്ധരാണെങ്കില്‍ മാത്രമെ ഇസ്‌ലാമിക പ്രമാണങ്ങളെ തത്‌വിഷയകമായി പ്രതിക്കൂട്ടില്‍ കയറ്റാനാവൂ എന്നതാണ് വാസ്തവം.

യുദ്ധത്തിനുവേണ്ടി വിളിക്കപ്പെട്ടാല്‍ മുസ്‌ലിംകളെല്ലാം യുദ്ധസജ്ജരാകേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് ക്വുര്‍ആനും ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്. യുദ്ധം അനിവാര്യമായ സാഹചര്യത്തില്‍ മുസ്‌ലിം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ജിഹാദ് സ്വന്തം ജീവന്‍ ബലിയറുപ്പിക്കുവാന്‍ സന്നദ്ധനായി പടക്കളത്തിലിറങ്ങുകയാണ്. ദൈവിക വിധിവിലക്കുകള്‍ക്കനുസൃതമായി സ്വന്തത്തെ പരിവര്‍ത്തിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ജിഹാദ്, ആദര്‍ശ പ്രബോധനത്തിന് നാവും പേനയും കരവും സമ്പത്തും സമയവുമെല്ലാം വിനിയോഗിച്ചുകൊണ്ട് തുടരുകയും അനിവാര്യമായ സാഹചര്യത്തില്‍ ആയുധമെടുത്ത് അടരാടിക്കൊണ്ട് പൂര്‍ണത പ്രാപിക്കുകയും ചെയ്യുന്നു. ത്യാഗ പരിശ്രമം എന്ന് അര്‍ഥംവരുന്ന ജിഹാദ് പൂര്‍ണമായി അന്വര്‍ഥമാക്കുന്നത് സ്വന്തം ജീവന്‍ ത്യജിച്ചുകൊണ്ട് അടര്‍ക്കളത്തിലിറങ്ങി ദൈവമാര്‍ഗത്തിലുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടുമ്പോഴാണ്. ആദര്‍ശ സമരത്തിന്റെ പര്യായമെന്നോണം ‘ജിഹാദ്’ എന്ന് പ്രയോഗിക്കപ്പെടുന്ന സ്ഥിതിയുണ്ടായത് ജീവത്യാഗമാണ് ദൈവമാര്‍ഗത്തിലുള്ള ത്യാഗ പരിശ്രമങ്ങളില്‍ ഏറ്റവും കഠിനതരവും ഏറെ ക്ഷമയും സഹനവുമാവശ്യമുള്ളതുമെന്നതുകൊണ്ടായിരിക്കണം. ഹദീഥ് ഗ്രന്ഥങ്ങളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലുമെല്ലാം ജിഹാദിനെക്കുറിച്ച അധ്യായങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സായുധ പോരാട്ടത്തെക്കുറിച്ചായതും അതുകൊണ്ടുതന്നെയായിരിക്കണം. ‘ജിഹാദുകളില്‍ ഏറ്റവും മെച്ചപ്പെട്ടത് ഏതാണ്?’ എന്ന അനുചരനായ അംറുബ്‌നു അബശിന്റെ ചോദ്യത്തിന് ‘ഒരാളുടെ രക്തം ചിന്തുകയും കുതിരക്ക് പരിക്കുപറ്റുകയും ചെയ്യുന്നത്’ എന്ന പ്രവാചകന്റെ(സ) ഉത്തരത്തില്‍നിന്നും(സുനനു ഇബ്‌നു മാജ, അബ്‌വാബുല്‍ ജിഹാദ്, ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സ്വഹീഹു ഇബ്‌നു മാജ, ഹദീഥ്: 2253) വ്യക്തമാവുന്നതും അനിവാര്യഘട്ടങ്ങളില്‍ ചെയ്യുന്ന സായുധ സമരം തന്നെയാണ് ജിഹാദുകളില്‍ ഉന്നതശീര്‍ഷമായത് എന്നുതന്നെയാണല്ലോ.

യുദ്ധത്തിന് പ്രേരിപ്പിക്കുകയും രക്തസാക്ഷ്യത്തിന്റെ മഹത്ത്വം ഉല്‍ഘോഷിക്കുകയും ചെയ്യുന്ന ക്വുര്‍ആന്‍ വചനങ്ങളും പ്രവാചക മൊഴികളുമൊന്നും യഥാര്‍ഥത്തില്‍ ഭീകരവാദത്തിന് കടന്നുവരാനുള്ള പഴുതുകളൊന്നും നല്‍കുന്നില്ലായെന്ന വസ്തുത തമസ്‌കരിച്ചുകൊണ്ടാണ് ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നാണ് ഭീകരതയുടെ ബീജാവാപം നടക്കുന്നതെന്ന് വിമര്‍ശകര്‍ വാദിക്കുന്നത്. ആദര്‍ശത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ളതാകണം പോരാട്ടങ്ങള്‍ എന്ന് നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് എങ്ങനെയാണ് അന്ധമായ ദേശീയതയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കാനാവുക? ‘വര്‍ഗീയതയെ പ്രതിനിധീകരിക്കുകയും അതിനുവേണ്ടി കോപിഷ്ഠനാവുകയും അതിന്റെ പേരില്‍ മരണം വരിക്കുകയും ചെയ്തവര്‍ ജാഹിലിയ്യാ മരണമാണ് പുല്‍കിയിരിക്കുന്നത്'(സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഇമാറ) എന്നും ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുമ്പോള്‍പോലും വല്ല ഭൗതികലക്ഷ്യവും മനസ്സിലുണ്ടെങ്കില്‍ അയാള്‍ക്ക് യാതൊരു പ്രതിഫലവുമില്ല'(സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്, ഇത് സ്വഹീഹാണ്: ഇമാം അല്‍ബാനി: സുനനു അബൂദാവൂദ്, ഹദീഥ്: 2516) എന്നും പഠിപ്പിച്ച പ്രവാചക വചനങ്ങളുടെ വെളിച്ചത്തില്‍ എങ്ങനെയാണ് തികച്ചും രാഷ്ട്രീയവും വംശീയവും വര്‍ഗീയവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സംഘടിപ്പിക്കപ്പെടുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരിക? ഇസ്‌ലാമിക പ്രമാണങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ വഴിയല്ലാതെ, മുഹമ്മദ് നബി (സ) പഠിപ്പിച്ച മതദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഭീകരവാദത്തിന് വളരാന്‍ പഴുതുകളൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

print