യഹ്‌യ നബിക്കു മുമ്പ് ആർക്കും ആ പേരുണ്ടായിരുന്നില്ലേ?

/യഹ്‌യ നബിക്കു മുമ്പ് ആർക്കും ആ പേരുണ്ടായിരുന്നില്ലേ?
/യഹ്‌യ നബിക്കു മുമ്പ് ആർക്കും ആ പേരുണ്ടായിരുന്നില്ലേ?

യഹ്‌യ നബിക്കു മുമ്പ് ആർക്കും ആ പേരുണ്ടായിരുന്നില്ലേ?

 

ഖുര്‍ആനിലെ പത്തൊന്‍പതാം അധ്യായമായ സൂറത്തുമറിയം തുടങ്ങുന്നതുതന്നെ സകരിയ്യാ (അ)  യുടെ വൃത്താന്തവുമായിക്കൊണ്ടാണ്. വാര്‍ധക്യകാലത്ത് വന്ധ്യയായ ഭാര്യയോടൊപ്പം ജീവിക്കുന്ന സകരിയ്യാ (അ) യുടെ ഒരു അനന്തരാവകാശിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും പ്രസ്തുത പ്രാര്‍ത്ഥനക്കുള്ള ഉത്തരമായി ഒരു ആണ്‍കുഞ്ഞുണ്ടായ കഥയുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സകരിയ്യായുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമെന്നോണം സര്‍വ്വശക്തന്‍ അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനം ഏഴാം വചനത്തില്‍ പറയുന്നുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്:

”ഹേ സക്കരിയാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല” (വി.ഖു.19:7)

ഈ വചനത്തില്‍ ”മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല”യെന്ന് യഹ്‌യാ (അ) യെക്കുറിച്ച് പറഞ്ഞത് ചരിത്രപരമായി അബദ്ധമാണെന്നാണ് ആരോപണം. ‘യോഹന്നാന്‍ സ്‌നാപക’ന് അറബിയില്‍ പറയുന്ന പേരാണ് യഹ്‌യായെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ ചില ഖുര്‍ആന്‍ പരിഭാഷാ ഗ്രന്ഥങ്ങളില്‍ യഹ്‌യായെന്നതിന് പകരമായി ജോണ്‍ (John) എന്നെഴുതുകയും മറ്റുചിലവയില്‍ യഹ്‌യായെന്നെഴുതി ജോണ്‍ എന്ന് ബ്രാക്കറ്റില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ യോഹന്നാന്‍ സ്‌നാപകനുമുമ്പ് യോഹന്നാന്‍ എന്നപേരുള്ളവരായി ആരുംതന്നെ ജീവിച്ചിരുന്നില്ല എന്നാണ് ഈ സൂക്തത്തില്‍ പറഞ്ഞതെന്ന് വരുന്നു. പഴയ നിയമത്തില്‍തന്നെ ഇരുപത്തിയേഴ് പ്രാവശ്യം യോഹന്നാന്‍ എന്ന നാമം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. പഴയ നിയമത്തിലെ യോഹന്നന്‍മാരൊന്നും തന്നെ അത്ര പ്രസിദ്ധരല്ലാത്തതിനാല്‍ മുഹമ്മദി(സ)ന് അവരെക്കുറിച്ച് അറിയുമായിരുന്നില്ല. അതുകൊണ്ട് വന്നുഭവിച്ച അബദ്ധമാണിത്’: ഖുര്‍ആന്‍ വിമര്‍ശകരുടെ വാദം പോകുന്നത് ഇങ്ങനെയാണ്.

ഈ വിമര്‍ശനം പ്രധാനമായും ഒരു പദത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ‘യഹ്‌യാ’യെന്നതാണ് ആ പദം. യോഹന്നാന്‍ സ്‌നാപകനെക്കുറിക്കാന്‍ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ട പദമാണത്.  പദോല്‍പത്തിയെക്കുറിച്ച് സൂക്ഷ്മമായി ഗവേഷണം നടത്താത്ത വ്യാഖ്യാതാക്കള്‍ യഹ്‌യായെന്ന പദത്തിന് പകരമായും തത്തുല്യമായും യോഹന്നാന്‍ എന്ന് പ്രയോഗിച്ചിട്ടുണ്ടെന്നത് നേരാണ്. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് ”മുമ്പ് നാം ആരെയും അവന്റെ പേര് (യഹ്‌യാ) ഉള്ളവരാക്കിയിട്ടില്ല”യെന്നാണ്. ഖുര്‍ആനില്‍ മുമ്പ് ആര്‍ക്കുമുണ്ടായിരുന്നില്ലെന്ന് പറയുന്നത് ‘യഹ്‌യാ’യെന്ന നാമമാണ്; യോഹന്നാന്‍ എന്ന പേരല്ല. യഹ്‌യ=യോഹന്നാന്‍ എന്ന് കരുതിയ വ്യാഖ്യാതാക്കളാണ് ഖുര്‍ആനില്‍ പറഞ്ഞത് യോഹന്നാന്‍ എന്നാണെന്ന് വരുത്തിത്തീര്‍ത്തത്. ബൈബിള്‍ പഴയ നിയമത്തില്‍ പലതവണ യോഹന്നാന്‍ എന്ന പേര് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നത് നേരാണ്. ”യഹ്‌യാ”യെന്നല്ല അവിടെയൊന്നും പ്രയോഗിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അറബി ബൈബിളില്‍നിന്നുള്ള ഏതാനും ഉദ്ധരണികള്‍ കാണുക:

                         ثَمانِيَةٌ وَعِشرُونَ رَجُلاً. 12 وَمِن بَنِي عَزْجَدَ يُوحَنانُ بْنُ هِقّاطانَ وَمَعَهُ مِئَةٌ وَعَشْرَةُ رِجالٍ.

                                                                                   (എസ്രാ 8:12)

                                              جاءَ رَجُلٌ مُرسَلاً مِنَ اللهِ اسْمُهُ يُوحَنّا.

                                                                                 (യോഹന്നാന്‍ 1:6)

”യഹ്‌യാ”യെന്ന അറബി പദത്തിന് തത്തുല്യമായ ഹിബ്രു പദമാണോ ‘യോഹന്നാന്‍’ എന്നാണ് നാം ആദ്യമായി പരിശോധിക്കേണ്ടത്. ഇവ്വിഷയകമായ പ്രാഥമിക പരിശോധനയ്ക്ക് നാം അറബി ബൈബിള്‍ പരിശോധിച്ചാല്‍ മതിയാവും. 1 രാജാക്കന്മാര്‍ 25:23, 1 ദിനവൃത്താന്തരം 3:15, 1 ദിനവൃത്താന്തം 3:24, എസ്രാ 8:12 തുടങ്ങിയ പഴയ നിയമ ഉദ്ധരണികളില്‍ യോഹന്നാനെക്കുറിച്ച് പറയുന്നുണ്ട്. ഇവിടെയെല്ലാം അറബി ബൈബിളില്‍ യൂഹന്നായെന്നാണ് പറഞ്ഞിരിക്കുന്നത് ”യോഹന്നാന്‍ സുവിശേഷം” എന്ന തലക്കെട്ട് അറബി ബൈബിളില്‍ ‘ബിശാറത്തു യൂഹന്നാ'(بشارت يوحنا) യെന്നാണ്. അറബി പുതിയ നിയമത്തില്‍ യോഹന്നാന്‍ സ്‌നാപകനെയും യേശു ശിഷ്യനായ യോഹന്നാനെയുമെല്ലാം ‘യൂഹന്നാ’യെന്നുതന്നെയാണ് വിളിച്ചിരിക്കുന്നത്; എവിടെയും ‘യഹ്‌യാ’യെന്ന് കാണുന്നില്ല. ‘യോഹന്നാന്‍’ എന്ന ഹിബ്രു ശബ്ദത്തിന് തത്തുല്യമായ അറബി പദമായിരുന്നു ‘യഹ്‌യാ’യെങ്കില്‍ അറബി ബൈബിളില്‍ യോഹന്നാന്‍ എന്ന പദത്തിന് പകരമായി യഹ്‌യായെന്ന് പ്രയോഗിക്കുമായിരുന്നുവെന്ന് തീര്‍ച്ചയാണ്.

സത്യത്തില്‍, യഹ്‌യാ, യോഹന്നാന്‍ എന്നിവ തികച്ചും വ്യത്യസ്തങ്ങളായ രണ്ട് നാമങ്ങളാണ്. യോഹന്നാന്‍ എന്ന ഹിബ്രു പദത്തിനര്‍ത്ഥം ‘യഹോവ കാരുണ്യം ചെയ്തിരിക്കുന്നു” (Jehovah has graced) എന്നാണ്. രണ്ട് പദങ്ങള്‍ ചേര്‍ന്നുണ്ടായ ഒരു നാമമാണ് യോഹന്നാന്‍. യൂ+ഹന്നാന്‍. യഹോവയുടെ ചുരുക്കമായാണ് ‘യൂ’യെന്ന് പ്രയോഗിച്ചിരിക്കുന്നത്. ‘ഹന്നാന്‍ എന്ന ഹിബ്രു പദം ‘ഹനാന്‍’ എന്ന അരമായിക് മൂലത്തില്‍ നിന്നുണ്ടായതാണ്. ‘അനുകമ്പ’യെന്നാണ് അര്‍ത്ഥം.’യഹോവ അനുകമ്പയുള്ളവനായിരിക്കുന്നു”എന്നോ ”യഹോവയുടെ അനുകമ്പ”എന്നോ ആണ് യോഹന്നാന്‍ എന്ന പദത്തിന്റെ മൂലാര്‍ത്ഥം. എന്നാല്‍ ‘യഹ്‌യാ’യെന്ന അറബിപദമുണ്ടായിരിക്കുന്നത് ‘ഹയാ’ എന്ന മൂലത്തില്‍നിന്നാണ്. ഈ പദത്തിന് രണ്ട് അര്‍ത്ഥമുണ്ട്. ഒന്ന് ‘അല്‍ഹയാത്തി’ല്‍നിന്ന് നിര്‍ധരിക്കപ്പെട്ട ത്. ‘ജീവന്‍’ എന്നര്‍ത്ഥം. മറ്റൊന്ന്  ‘അല്‍-ഹയാഇ’ല്‍ നിന്നുള്ളത്. ‘നാണം’ എന്ന് സാരം ‘യഹ്‌യാ’യുടെ ഉല്‍പത്തി ഇവ രണ്ടില്‍ ഏതില്‍നിന്നായിരുന്നാലും യോഹന്നാന്‍ എന്ന ഹിബ്രു പദവുമായി യാതൊരു ബന്ധവും ഇതിനില്ലെന്ന് വ്യക്തമാണ്. രണ്ടിന്റെയും മൂലങ്ങള്‍ വ്യത്യസ്തങ്ങളാണ്; അര്‍ത്ഥങ്ങള്‍ തമ്മില്‍ യാതൊരു വിധ സാമ്യവുമില്ലതാനും.

യേശുവിന് തൊട്ടുമുമ്പ് വന്ന സകരിയ്യായുടെ പുത്രനെയാണ് ഖുര്‍ആന്‍ ‘യഹ്‌യാ’യെന്ന് വിളിക്കുന്നത്. സകരിയ്യയുടെയും എലിസബത്തിന്റെയും പുത്രനാണ് ബൈബിളിലെ യോഹന്നാന്‍ സ്‌നാപകന്‍. എന്നാല്‍ ‘യഹ്‌യാ’യെന്ന പദവും ‘യോഹന്നാന്‍’ എന്ന പദവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. രണ്ടും രണ്ട് മൂലങ്ങളില്‍നിന്നുണ്ടായവ; രണ്ട് അര്‍ത്ഥങ്ങളുള്‍ക്കൊള്ളുന്നവ. ഇതെങ്ങനെ സംഭവിച്ചു? ഒരാളുടെ തന്നെ രണ്ട് നാമങ്ങളാണോ യഹ്‌യായും യോഹന്നാനും? അതല്ല വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ മുഹമ്മദ് നബി (സ)ക്ക് പറ്റിയ ഒരു കൈപ്പിഴയാണോ ഇത്?

ഈ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ ഉത്തരം ലഭിക്കണമെങ്കില്‍ ഖുര്‍ആനും ബൈബിളുമല്ലാത്ത മറ്റുവല്ല രേഖകളും സ്‌നാപക യോഹന്നാനെക്കുറിച്ച് പറയുന്നതായി നിലനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെ വല്ല രേഖകളുമുണ്ടെങ്കില്‍ അവ ഇക്കാര്യത്തില്‍ നല്‍കുന്ന അറിവ് ഏറെ പ്രധാനപ്പെട്ടതാണ്. യോഹന്നാനോ യഹ്‌യയോ എന്താണ് യഥാര്‍ത്ഥ നാമമെന്ന് കണ്ടുപിടിക്കുന്നതിനുവേണ്ടി മാത്രമല്ല പ്രസ്തുത രേഖകള്‍ പ്രയോജനപ്രദമാവുക. അതുവഴി ഏത് ഗ്രന്ഥമാണ് കൃത്യവും സൂക്ഷ്മവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാക്കുവാനും ഏതിനാണ് അപ്രമാദിത്വമുള്ളതെന്ന് വ്യക്തമായി അറിയുവാനും കഴിയും.

യോഹന്നാന്‍ സ്‌നാപകനെക്കുറിച്ച്, അദ്ദേഹം ഒരു വിശുദ്ധ പുരുഷനായിരുന്നുവെന്ന് വിശ്വസിക്കുന്ന ക്രൈസ്തവരും മുസ്‌ലിംകളുമല്ലാത്ത മറ്റേതെങ്കിലും വിഭാഗങ്ങളുണ്ടോയെന്ന അന്വേഷണം പ്രസക്തമാണ്. അങ്ങനെയൊന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഖുര്‍ആനും ബൈബിളുമല്ലാത്ത ഒരു സ്രോതസ്സായി അവരുടെ ഗ്രന്ഥങ്ങളോ രേഖകളോ സ്വീകരിക്കുവാന്‍ പറ്റുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ, അങ്ങനെയെന്തെങ്കിലുമുണ്ടോ?

യോഹന്നാന്‍ സ്‌നാപകനെ പിന്തുടരുന്നവരാണ് തങ്ങളെന്നും അദ്ദേഹം അന്തിമ പ്രവാചകനായിരുന്നുവെന്നും അവകാശപ്പെടുന്ന ഒരു വിഭാഗം ഇറാഖിലും ഇറാനിലും ഇന്നുമുണ്ട്. പോര്‍ച്ചുഗീസ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവരെ വിളിച്ചത് ‘യോഹന്നാന്‍ സ്‌നാപകന്റെ ക്രിസ്ത്യാനികള്‍’ (Christians of John the Baptist) എന്നായിരുന്നു. ഏകദൈവാരാധകരായ ഇവരുടെ പ്രധാനപ്പെട്ട ഒരു ആചാരമാണ് ജ്ഞാനസ്‌നാനം (Baptism).തങ്ങളുടെ മതത്തെയും വര്‍ഗത്തെയും കുറിക്കുവാന്‍വേണ്ടി മന്‍ഡായി (Mandai) എന്നും മതവിശ്വാസികളെ സൂചിപ്പിക്കുവാന്‍ മാന്‍ഡിയന്മാര്‍ (Mandaens) എന്നുമാണ് അവര്‍ ഉപയോഗിക്കുന്നത്. ഇസ്‌ലാമിനോട് സമാനമായ ഒട്ടനവധി വിശ്വാസാചാരങ്ങള്‍ മാന്‍ഡിയന്‍മാര്‍ക്കുണ്ട്. ജ്ഞാനസ്‌നാനം, പ്രാര്‍ത്ഥനകള്‍, ഉപവാസം, ദാനം തുടങ്ങിയവയാണ് ഇവരുടെ അടിസ്ഥാനാചാരങ്ങള്‍. അരമായ ഭാഷയോട് സാദൃശ്യമുള്ളതും സെമിറ്റിക് മൂലത്തില്‍നിന്ന് നിര്‍ധരിക്കപ്പെട്ടതുമായ മാന്‍ഡിയാക് ഭാഷ (Mandiac language)യിലാണ് ഇവരുടെ മതഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത്. ഗിന്‍സാ റാബ, ദ്രാഷ ഇദ് യഹ്‌യ, ആദാം ബോഗ്‌റ, ദി കിലെസ്ത, നിയാനി എന്നിവയാണ് ഇവരുടെ മതഗ്രന്ഥങ്ങള്‍.

 ബാഗ്ദാദിലെ കൗണ്‍സില്‍ ഓഫ് ജനറല്‍ അഫയേഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാന്‍ഡിയന്‍ റിസര്‍ച്ച് സെന്ററില്‍നിന്ന് ഈ മതവിഭാഗത്തെക്കുറിച്ച കൂടുതല്‍ അറിവ് ലഭിക്കും www. mandaean.com-au, www.mandaean.org   എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ഈ മതവിഭാഗത്തിന്റെ വിശ്വാസാചാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനാവും.

മാന്‍ഡിയന്‍മാര്‍ തങ്ങളുടെ പ്രവാചകനും ഗുരുവുമായി സ്വീകരിച്ചിരിക്കുന്നത് യോഹന്നാന്‍ സ്‌നാപകനെയാണെന്ന് പറഞ്ഞുവല്ലോ. അവര്‍ അദ്ദേഹത്തെ വിളിക്കുന്നത് യഹ്‌യാ യൂഹന്നായെന്നാണ്. സ്‌നാപക യോഹന്നാന്‍േറതായി അവര്‍ വിശ്വസിക്കുന്ന ഉപദേശങ്ങളുടെയും അധ്യാപനങ്ങളുടെയും സമാഹാരമാണ് ‘ദ്രാഷാ ഇദ് യഹ്‌യ’യെന്ന ഗ്രന്ഥം. ‘യഹ്‌യായുടെ പുസ്തകം’ എന്നര്‍ത്ഥം. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥമായ ഗിന്‍സ റാബയിലെ നാനൂറ്റി പത്താം അധ്യായം തന്നെ’ യഹ്‌യായുടെ പ്രാര്‍ത്ഥനകള്‍’ എന്ന തലക്കെട്ടോടുകൂടിയതാണ്. ഇവയില്‍നിന്നെല്ലാംതന്നെ മാന്‍ഡിയന്‍മാര്‍ യോഹന്നാന്‍ സ്‌നാപകനെ വിളിക്കുന്നത് യഹ്‌യാ യൂഹന്നായെന്നായിരുന്നുവെന്ന് വ്യക്തമാകുന്നു. ഖുര്‍ആനില്‍ പറഞ്ഞതുപോലെ യോഹന്നാന്‍ സ്‌നാപകന് യഹ്‌യായെന്ന പേര് കൂടിയുണ്ടായിരുന്നുവെന്ന് ഇതില്‍നിന്ന് കൃത്യമായി മനസ്സിലാകുന്നുണ്ട്.

മാന്‍ഡായിക്കുകാരുടെ ഗ്രന്ഥങ്ങളില്‍നിന്നും ലേഖനങ്ങളില്‍നിന്നുമെല്ലാം യോഹന്നാന്‍ സ്‌നാപകന്റെ നാമം  യഹ്‌യാ യൂഹന്നായെന്നായിരുന്നുവെന്ന് മനസ്സിലാകുന്നുണ്ടെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഖുര്‍ആനിലൊരിടത്തും അദ്ദേഹത്തെ യഹ്‌യാ യൂഹന്നായെന്ന് വിളിച്ചിട്ടില്ല. എന്തുണ്ടൊണിത്?

ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ എന്തുകൊണ്ടാണ് ഈ ഇരട്ട നാമം ഉപയോഗിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കണം. മാന്‍ഡിയന്‍മാരെയും അവരുടെ വിശ്വാസസംഹിതകളെയും ആചാര രീതികളെയുംകുറിച്ച് വിശദമായി പഠിച്ചയാളാണ് ഇ.എസ്. ഡ്രോവര്‍. അവരുടെ ‘ദി മാന്‍ഡിയന്‍സ് ഓഫ് ഇറാഖ് ആന്റ് ഇറാന്‍’, ‘ദി കാനോനിക്കല്‍ പ്രെയര്‍ ബുക്ക് ഓഫ് ദി മാന്‍ഡിയന്‍സ്’ എന്നീ പുസ്തകങ്ങള്‍ ഇവ്വിഷയകമായ ആധികാരിക രേഖകളായി പരിഗണിക്കപ്പെടുന്നവയാണ്. അവരും ആര്‍. മാക്കൂച്ചും കൂടിച്ചേര്‍ന്ന് എഴുതിയ ഗ്രന്ഥമാണ് എ മാന്‍ഡായിക് ഡിക്ഷ്ണറി. (E.S. Drowoer: & R. Marcuch: A MANDAIC DICTIONARY 1963 OXFORD)  മാന്‍ഡിയന്മാരുടെ സാങ്കേതിക ശബ്ദങ്ങളും അവര്‍ അവയുപയോഗിച്ചിരുന്ന രീതിയുമെല്ലാം ഈ ശബ്ദകോശത്തിലുണ്ട്. പ്രസ്തുത ഡിക്ഷ്ണറിയുടെ 185-ാം പുറത്തില്‍ യഹ്‌യാ (iahia) യുടെയും 190-ാം പുറത്തില്‍ യോഹന്നാ (iuhana) യുടെയും സാരം നല്‍കിയിട്ടുണ്ട്. അവ നോക്കുക:

ഇവയില്‍നിന്നും മറ്റ് മാന്‍ഡിയന്‍ സാഹിത്യങ്ങളില്‍നിന്നുമായി അവരുടെ പേരുകളെക്കുറിച്ച് നമുക്ക് മനസ്സിലാകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. എല്ലാ മാന്‍ഡിയന്മാര്‍ക്കും പൊതുവെ രണ്ട് പേരുകളുണ്ടായിരിക്കും. ഒന്നാമത്തെ പേര് മല്‍വാഷാ നാമമെന്നും (malwasha name) രണ്ടാമത്തെ പേര് ലഖബ് (lagab) എന്നുമാണ് അറിയപ്പെടുക. എന്തിനാണ് ഈ രണ്ട് പേരുകള്‍? ഇവ എന്താണ് അര്‍ത്ഥമാക്കുന്നത്?

ഇ.എസ്. ഡ്രോവര്‍ എഴുതുന്നു: ”രണ്ടാമത്തെ പേര് പൊതുവെ ഒരു മുഹമ്മദന്‍ നാമമായിരിക്കും. ഇതാണ് എല്ലാ സാധാരണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടാറുള്ളത്. ആദ്യത്തെ പേര് (malwasha) ആണ് അയാളുടെ യഥാര്‍ത്ഥ ആത്മീയ നാമം. മതപരവും മാന്ത്രികവുമായ സന്ദര്‍ഭങ്ങളിലെല്ലാം ഈ പേരാണ് ഉപയോഗിക്കുക” (E.S. Drower: The Mandaeans of  Iraq and Iran (1962-Lieden) Page 81)

യോഹന്നാന്‍ സ്‌നാപകന്റെ മാല്‍വാഷാ നാമമാണ് യഹ്‌യ.യോഹന്നാന്‍ എന്നത് അദ്ദേഹത്തിന്റെ ലഖബും. ജനങ്ങള്‍ പൊതുവെ അദ്ദേഹത്തെ വിളിച്ചിരുന്നത് യോഹന്നാന്‍ എന്നായിരിക്കണം. കാരണം മാന്‍ഡിയന്‍മാര്‍ എല്ലാ സാധാരണ ആവശ്യങ്ങള്‍ക്കും പൊതുവായി ലഖബാണ് വിളിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആത്മീയ നാമം യഹ്‌യായെന്നായിരുന്നു. മതപരമായ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി ഈ നാമമാണ് ഏറെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. യഹ്‌യായുടെ പുസ്തകത്തിലെ മിക്ക അധ്യായങ്ങളും ആരംഭിക്കുന്നതുതന്നെ ”യഹ്‌യാ രാത്രികളില്‍ പ്രഖ്യാപിക്കുന്നു; യോഹന്നാ രാത്രിയുടെ സന്ധ്യകളിലും” എന്ന് പറഞ്ഞുകൊണ്ടാണ്. ചുരുക്കത്തില്‍ യോഹന്നാന്‍ സ്‌നാപകന്റെ യഥാര്‍ത്ഥ ആത്മീയ നാമം ‘യഹ്‌യാ’യെന്നായിരുന്നു; ജനങ്ങള്‍ ആ സമൂഹത്തില്‍ നിലനിന്നിരുന്ന സമ്പ്രദായപ്രകാരം അദ്ദേഹത്തിന്റെ ലഖബ് ആയ ‘യോഹന്നാ’ എന്ന പേരിലാണ് പൊതുവായി അദ്ദേഹത്തെ വിളിച്ചിരുന്നത് എന്ന് മാത്രമേയുള്ളൂ.

ഖുര്‍ആനില്‍ ‘യഹ്‌യാ’യെന്ന് മാത്രമെ പ്രവാചക നാമമായി ഉപയോഗിക്കപ്പെട്ടിട്ടുള്ളൂവെന്ന് പറഞ്ഞുവല്ലോ. അതാണ്, അത് മാത്രമാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം എന്നുള്ളതുകൊണ്ടാണിത്. ദൈവിക കല്‍പന പ്രകാരം മാതാപിതാക്കള്‍ അദ്ദേഹത്തിന് നല്‍കിയ പേരായാണ് ഖുര്‍ആന്‍ ‘യഹ്‌യാ’യെന്ന നാമത്തെ പരിചയപ്പെടുത്തുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആത്മീയ നാമം എന്ന് മാന്‍ഡിയന്‍ സാഹിത്യങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാകുന്നതോടെ ഖുര്‍ആനിന്റെ ദൈവികത ഒരിക്കല്‍കൂടി വ്യക്തമാവുകയാണ് ചെയ്യുന്നത്; ഒപ്പം, ബൈബിളില്‍നിന്ന് പകര്‍ത്തിയെഴുതിയതാണ് ഖുര്‍ആന്‍ എന്ന വാദത്തിന്റെ മൂലത്തില്‍തന്നെ ഈ വസ്തുതകള്‍ കഠാരകുത്തിക്കയറ്റുന്നു. ബൈബിളിലെവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത യോഹന്നാന്‍ സ്‌നാപകന്റെ യഥാര്‍ത്ഥ നാമമായ ‘യഹ്‌യാ’ ഖുര്‍ആനില്‍ വന്നത് യാദൃച്ഛികമാകാനിടയില്ലെന്ന് ഏതൊരു സാധാരണക്കാരന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സകരിയ്യാ (അ) യുടെ വാര്‍ധക്യകാലത്ത് വന്ധ്യയായ ഭാര്യയില്‍ പുത്രനെ പ്രദാനം ചെയ്യുകയും പുത്രന് ‘യഹ്‌യാ’ യെന്ന് പേരിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത തമ്പുരാനില്‍നിന്ന് അവതീര്‍ണമായ ഗ്രന്ഥമായതിനാലാണ് ഖുര്‍ആനില്‍ ഇക്കാര്യത്തിലും കൃത്യവും സൂക്ഷ്മവുമായ പരാമര്‍ശങ്ങളുണ്ടായത് എന്ന് മാത്രമേ ചിന്തിക്കുവാന്‍ കഴിയുകയുള്ളൂ.

ബൈബിളില്‍ സ്‌നാപകനെ കുറിക്കുവാന്‍ യോഹന്നാന്‍ എന്ന് മാത്രമെ പ്രയോഗിക്കപ്പെട്ടിട്ടുള്ളൂവെന്നതും സ്വാഭാവികമാണ്. അദ്ദേഹത്തിന് ശേഷം പതിറ്റാണ്ടുകള്‍ ഏറെക്കഴിഞ്ഞ് രചിക്കപ്പെട്ട സുവിശേഷങ്ങളിലാണ് യോഹന്നാന്‍ സ്‌നാപകനെക്കുറിച്ച പരാമര്‍ശങ്ങളുള്ളത്. നടേ സൂചിപ്പിച്ചതുപോലെ തന്റെ കാലത്ത് അദ്ദേഹം ജനങ്ങളാല്‍ പൊതുവായി വിളിക്കപ്പെട്ടത് യോഹന്നായെന്നായിരിക്കണം. അതുകൊണ്ടുതന്നെ വാമൊഴിയായി പ്രചരിച്ച അദ്ദേഹത്തിന്റെ ജീവിതകഥനങ്ങളിലും ഉപദേശങ്ങളിലും യോഹന്നായെന്ന പേരായിരിക്കണം പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് രചിക്കപ്പെട്ട സുവിശേഷങ്ങളുടെ കര്‍ത്താക്കള്‍ യോഹന്നായെന്നാണ് അദ്ദേഹത്തിന്റെ നാമമെന്ന് കരുതിയത് സ്വാഭാവികം മാത്രം. എന്നാല്‍ ബൈബിള്‍ പുസ്തകങ്ങളുടെ കര്‍ത്താക്കള്‍ക്ക് തങ്ങളുടെ ഗ്രന്ഥരചനയില്‍ ദൈവനിവേശനമുണ്ടായിരുന്നുവെന്ന ക്രൈസ്തവ വിശ്വാസത്തിന് കോട്ടം തട്ടിക്കുന്ന പല തെളിവുകളിലൊന്നാണ് ഇതുമെന്ന വസ്തുത വിസ്മരിച്ചുകൂടാ. അങ്ങനെയൊരു ദൈവിക ഇടപെടലിന്റെ സ്വാധീനത്താല്‍ രചിക്കപ്പെട്ടതായിരുന്നു സുവിശേഷങ്ങളെങ്കില്‍ തീര്‍ച്ചയായും സ്‌നാപകന്റെ യഥാര്‍ത്ഥമായ ആത്മീയ നാമമായിരുന്നു അവയില്‍ പ്രതിപാദിക്കേണ്ടിയിരുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന യോഹന്നാന്‍ എന്ന പേര് മാത്രമെ സുവിശേഷങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ. തങ്ങള്‍ക്ക് വാമൊഴിയായി പകര്‍ന്നുകിട്ടിയതിനേക്കാള്‍ അധികമായ യാതൊരു അറിവും സുവിശേഷ കര്‍ത്താക്കള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന വസ്തുതയാണല്ലോ ഇത് വെളിപ്പെടുത്തുന്നത്.

യഹ്‌യായുടെ ലഖബ് ആയ ‘യോഹന്നാ’യെക്കുറിച്ച് എന്തെങ്കിലും അറിവ് ഖുര്‍ആന്‍ നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുമ്പോള്‍ അതിന്റെ ദൈവികത ഒന്നുകൂടി നമുക്ക് ബോധ്യപ്പെടുകയും സര്‍വ്വശക്തനായ സ്രഷ്ടാവിന് മുമ്പില്‍ നമ്രശിരസ്‌കരാവുന്നതിലേക്ക് നാം നയിക്കപ്പെടുകയും ചെയ്യുന്നു. ‘യൂ’, ‘ഹന്നാന്‍’ എന്നീ രണ്ട് വാക്കുകളുടെ സമ്മേളനത്തില്‍നിന്നാണ് യൂഹന്നായെന്ന പദമുണ്ടായിട്ടുള്ളതെന്നും ‘ഹന്നാന്‍’ എന്ന ഹിബ്രു പദം ‘ഹനാന്‍’ എന്ന അരമായ മൂലത്തില്‍നിന്നുണ്ടായതാണെന്നും ‘അനുകമ്പ’യെന്നാണ് ഈ പദത്തിന് അര്‍ത്ഥമെന്നും നേരത്തെ സൂചിപ്പിച്ചത് ഓര്‍ക്കുക. ‘ഹനാന്‍’ എന്ന അറബി പദവും ഇതേ അര്‍ത്ഥമുള്‍ക്കൊള്ളുന്നതാണ്. അറബി-ഹിബ്രു-അരാമിക് തുടങ്ങിയ ഭാഷകളെല്ലാം ഒരേ സെമിറ്റിക് മൂലത്തില്‍നിന്നുണ്ടായവയാണല്ലോ.

ഖുര്‍ആനില്‍ ഒരു തവണമാത്രമെ ‘ഹനാന്‍’ എന്ന പദം ഉപയോഗിച്ചിട്ടുള്ളൂ; സൂറത്തുമര്‍യമിലെ പതിമൂന്നാം (19:13) സൂക്തത്തില്‍. ആ സൂക്തത്തിന്റെ മലയാളം ലിപ്യന്തരണം ഇങ്ങനെയാണ്:

വ ഹനാനന്‍ മിന്‍ ലദുന്നാ വ സകാത്തന്‍ വ കാന തഖിയ്യാ ”ഈ വചനത്തിന്റെ മലയാള പരിഭാഷ ”നമ്മുടെ പക്കല്‍നിന്നുള്ള അനുകമ്പയും പരിശുദ്ധിയും നല്‍കി; അദ്ദേഹം (യഹ്‌യാ) ധര്‍മ്മനിഷ്ഠയുള്ളവനായിരുന്നു” (19:13)വെന്നാണ്.

ഈ വചനത്തില്‍ യഹ്‌യായെക്കുറിച്ച് ‘നമ്മുടെ പക്കല്‍നിന്നുള്ള അനുകമ്പ’ (ഹനാനന്‍ മിന്‍ ലദുന്ന)യെന്ന് പ്രയോഗിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്. യഹ്‌യാ ‘ദൈവത്തില്‍നിന്നുള്ള അനുകമ്പ’യാണെന്നര്‍ത്ഥം. യൂഹന്നയെന്ന പദത്തിനര്‍ത്ഥം ‘ദൈവത്തില്‍നിന്നുള്ള അനുകമ്പ’യെന്നാണെന്ന് മുമ്പ് സൂചിപ്പിച്ചത് ഓര്‍ക്കുക. ‘യോഹന്ന’യിലെ അതേ ഹനാന്‍ തന്നെയാണ് ഖുര്‍ആന്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. യൂഹന്നയിലെ യൂ ഒഴിവാക്കി അതിന്റെ മൂലരൂപത്തിന് തത്തുല്യമായ ‘ഹനാന്‍’ എന്ന് പ്രയോഗിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ‘യൂ’ ഒഴിവാക്കിയിരിക്കുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ‘യഹോവ’യുടെ ചുരുക്കമായാണ് ‘യൂ’യെന്ന് ഉപയോഗിച്ചിരിക്കുന്നതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അറബിയില്‍ ഏകദൈവത്തെക്കുറിക്കുവാന്‍ യഹോവയെന്ന് ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ യഹോവയുടെ ചുരുക്കപ്പേരായ ‘യൂ’യെന്ന് ഖുര്‍ആനില്‍ പ്രയോഗിക്കുന്നത് സംഗതമല്ലല്ലോ. യൂഹന്നായെന്നത് യഹ്‌യായുടെ യഥാര്‍ത്ഥ നാമമല്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനതില്‍ ജനം വിളിച്ചിരുന്ന പേരായിരുന്നുവെന്നും അത് അദ്ദേഹത്തിന്റെ സവിശേഷത മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ഓര്‍ക്കുക. അതുകൊണ്ടുതന്നെ ‘ദൈവത്തില്‍നിന്നുള്ള അനുകമ്പ’യെന്ന അര്‍ത്ഥത്തിലുള്ള യൂഹന്നായെന്ന് അതേപോലെ അറബിയില്‍ പ്രയോഗിച്ചിരുന്നുവെങ്കില്‍ ആ പദം അര്‍ത്ഥരഹിതമാകുമായിരുന്നു. യൂഹന്നായെന്നത് അദ്ദേഹത്തിന്റെ പേരല്ലല്ലോ. എന്നാല്‍ ‘യൂ’ ഒഴിവാക്കിക്കൊണ്ട് ‘ദൈവത്തില്‍നിന്നുള്ള ഹനാന്‍’ എന്ന് കൃത്യമായി ഖുര്‍ആന്‍ പ്രയോഗിച്ചത് കാണുമ്പോള്‍ അതിന്റെ സൂക്ഷ്മതയും കൃത്യതയും നമുക്ക് വ്യക്തമായി മനസ്സിലാവുകയും തെറ്റുപറ്റാത്ത സ്രഷ്ടാവില്‍ നിന്നുള്ളതാണ് ഖുര്‍ആനെന്ന് സുതരാം ബോധ്യപ്പെടുകയും ചെയ്യുന്നു. ഖുര്‍ആനില്‍ ഒരേയൊരു സ്ഥലത്ത് മാത്രമെ ഹനാന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളൂവെന്നും അത് യഹ്‌യായെക്കുറിച്ചാണെന്നതുംകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ ആര്‍ക്കാണ് അതിന്റെ ദൈവികത ബോധ്യപ്പെടാതിരിക്കുക?

ഇനി നാം ചോദ്യത്തിലേക്ക് തിരിച്ചുപോവുക. ഖുര്‍ആനിലെ സൂറത്തുമര്‍യം ഏഴാം വചനത്തില്‍ (19:7) പറയുന്നതെന്താണ്?

”ഹേ സക്കരിയാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടി യെപറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല” (വി.ഖു.19:7)

ഈ വചനം രണ്ടുതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.:

ഒന്ന്) ഇവിടെ ”ലം നജ്അല്‍ ലഹു മിന്‍ ഖബ്‌ലു സമിയ്യാ”യെന്ന വചനഭാഗത്തെയാണ് ”മുമ്പ് ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല”യെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ‘സമിയ്യന്‍’ എന്ന പദത്തെയാണ് പേരുള്ളവന്‍ എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നത്. ഇതിന് ”മിഥ്‌ലന്‍” എന്നും ”ശബീഹന്‍” എന്നുമെല്ലാം അര്‍ത്ഥമുണ്ട്. അദ്ദേഹത്തെ പോലെയുള്ളവന്‍ എന്നര്‍ത്ഥം. അപ്പോള്‍ ഈ വചനഭാഗത്തിന് ”മുമ്പ് ആരെയും അദ്ദേഹത്തെപ്പോലെയുള്ളവനാക്കിയിട്ടില്ല”എന്ന അര്‍ത്ഥംവരും. വൃദ്ധനായ പിതാവിന് വന്ധ്യയായ ഭാര്യയിലുണ്ടായ കുഞ്ഞാണ് യഹ്‌യ. ഇങ്ങനെയൊരു സംഭവം അദ്ദേഹത്തിന് മുമ്പുണ്ടായിട്ടില്ല. ഈ അര്‍ത്ഥത്തില്‍ യഹ്‌യായെപ്പോലെ ഒരാള്‍ അദ്ദേഹത്തിന് മുമ്പുണ്ടായിട്ടില്ലെന്നാണ് ഈ വചനത്തിന് ചില പണ്ഡിതന്മാര്‍ നല്‍കിയ വ്യാഖ്യാനം.

രണ്ട്) ഈ വചനഭാഗത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം പരിഗണിച്ചുകൊണ്ട് ‘യഹ്‌യാ’യെന്ന പേര് സ്‌നാപകനുമുമ്പ് മറ്റാര്‍ക്കുമുണ്ടായിട്ടില്ലെന്നാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ വ്യാഖ്യാനം.

രണ്ട് വ്യാഖ്യാനങ്ങള്‍ പ്രകാരം പരിശോധിച്ചാലും ഈ ഖുര്‍ആന്‍ സൂക്തത്തില്‍ യാതൊരു വിധ അബദ്ധവുമില്ലെന്നതാണ് വാസ്തവം. യഹ്‌യാ(അ)ക്കുമുമ്പ് വൃദ്ധനായ പിതാവിന് വന്ധ്യയായ മാതാവിലുണ്ടായ ഒരു കുഞ്ഞിന്റെ കഥ ബൈബിളോ ഖുര്‍ആനോ പരാമര്‍ശിക്കുന്നില്ല. രണ്ടാമത്തെ വ്യാഖ്യാനത്തില്‍ കടിച്ചുതൂങ്ങി ഖുര്‍ആനില്‍ അബദ്ധം ആരോപിക്കുവാന്‍ വേണ്ടി ശ്രമിക്കുന്നവരുടെ വിമര്‍ശനങ്ങള്‍ ഖുര്‍ആനിന്റെ പ്രോജ്ജ്വല പ്രകാശത്തിന് മുമ്പില്‍ കരിഞ്ഞുവീഴുന്നതാണ് നാം കണ്ടത്. യഹ്‌യായെന്ന ഒരു നാമം സ്‌നാപകനുമുമ്പ് ആര്‍ക്കെങ്കിലും നല്‍കപ്പെട്ടതായി സൂചിപ്പിക്കുന്ന രേഖകളൊന്നും തന്നെയില്ല. യഹ്‌യാ=യോഹന്നാന്‍ എന്ന സമവാക്യം ഖുര്‍ആനിന്‍േറതല്ല. അതുകൊണ്ടുതന്നെ അത് വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ തകരും. എന്നാല്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളാകട്ടെ ഓരോ വിമര്‍ശനങ്ങളുന്നയിക്കപ്പെടുമ്പോഴും പൂര്‍വ്വാധികം പ്രോജ്ജ്വലമായി വിളങ്ങുകമാത്രേമയുള്ളൂ.

print

1 Comment

  • surah maryam

    Anonymous 03.05.2020